ഡിപ്ലോമക്കാർക്ക്​ ജോലിയുണ്ട്​, പോളി ടെക്​നിക്കുകളെ എൻജിനീയറിങ് കോ​ളേജുകളാക്കേണ്ടതില്ല

അനുദിനം മാറിവരുന്ന തൊഴിൽ മേഖലകളും, വ്യവസായ സങ്കൽപ്പങ്ങളും പോളിടെക്‌നിക്കുകൾക്കും വെല്ലുവിളി ഉയർത്തുന്നു എന്നത് ഒരു പരിധിവരെ യാഥാർഥ്യമാണ്. ഇത്തരം ഭീഷണി നേരിടാനുള്ള മാർഗം കരിക്കുലത്തിലും പഠനരീതിയിലും മാറ്റം കൊണ്ടുവരികയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അന്താരാഷ്ട്രതലത്തിനനുസരിച്ച് വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. മറിച്ച്​, പോളിടെക്‌നിക് വിദ്യാഭ്യാസം നിർത്തി എൻജിനീയറിങ് കോളേജുകൾ ആക്കുക എന്നതല്ല.

കുറച്ചുദിവസം മുമ്പ് മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ പങ്കുവെച്ച "കേരളത്തിൽ പോളിടെക്‌നിക്കുകൾക്ക് ഭാവി ഉണ്ടോ? എന്ന വിശദമായ പോസ്റ്റ് വായിച്ചു. ദീർഘകാലം ഈ രംഗത്ത് പ്രവർത്തിച്ച അധ്യാപകൻ എന്ന നിലയിൽ കുറച്ചു കാര്യങ്ങൾ പറയേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നുകയും ചെയ്തു. അദ്ദേഹം സൂചിപ്പിച്ച, "ഡിപ്ലോമ കഴിഞ്ഞവർക്ക് മാത്രമായി ഒരു തൊഴിൽ മേഖല ഇപ്പോൾ കേരളത്തിലോ ഇന്ത്യയിലോ ഇല്ല എന്നതാണ് ഒരു പ്രശ്‌നം' എന്ന പ്രസ്താവന, ഏതെങ്കിലും പഠനത്തിന്റെയോ കണക്കുകളുടെയോ അടിസ്ഥാനത്തിലാണ് എന്ന് വിശ്വസിക്കാൻ പ്രയാസമാണ് എന്നുമാത്രമല്ല കണക്കുകൾ തിരിച്ചുമാണ്.

എൻജിനീയറിങ് മേഖലയിലെ തൊഴിൽതട്ടുകളെ നാലോ അഞ്ചോ ആയി വിഭജിക്കാം. എൻജിനീയറിങ്ങിൽ പിഎച്ച്ഡിയൊക്കെ എടുത്തവർക്കായി ഗവേഷണം, ഉയർന്ന തലത്തിലുള്ള അധ്യാപനം, പോളിസി മേക്കിങ്, നൂതന സാങ്കേതിക വിദ്യകളുടെ കണ്ടെത്തൽ എന്നീ മേഖലകൾ അനുയോജ്യമാണ്. എം.ടെക് അല്ലെങ്കിൽ എം.ഇ. യോഗ്യതയുള്ളവർക്ക്​ അധ്യാപനം, ഡിസൈൻ തുടങ്ങി ടെക്‌നോക്രാറ്റുതലത്തിലുള്ള അവസരങ്ങൾ നിരവധി. നാലുവർഷ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക്​ അധ്യാപനത്തിന്റെ തുടക്ക ലെവൽ, വ്യവസായ സ്ഥാപനങ്ങളിൽ എക്‌സിക്യൂട്ടീവ്, മാനേജ്‌മെൻറ്​, നിർവഹണം, തുടങ്ങിയ തൊഴിലുകൾ ലഭ്യമാണ്. തൊട്ടു താഴെയുള്ള അവശ്യ സാങ്കേതിക വിജ്ഞാനവും നൈപുണികളും വേണ്ടതായ ടെക്‌നീഷ്യന്മാർ, സൂപ്പർവൈസർമാർ, ഓപ്പറേറ്റർമാർ, ജൂനിയർ എൻജിനീയർമാർ, ടെക്‌നിക്കൽ അസിസ്റ്റൻറ്​, പ്രോഗ്രാമർ എന്നീ മേഖലകളിലേക്കാണ് മൂന്നുവർഷ ഡിപ്ലോമ പഠിച്ചിറങ്ങുന്ന പോളിടെക്‌നിക്കുകാർ പ്രവേശിക്കുന്നത്. ഐ.ടി.ഐകളിലൂടെ പഠിച്ചിറങ്ങുന്ന പ്രായോഗിക നൈപുണികൾ കൂടുതലുള്ളവർ വ്യവസായ സ്ഥാപനങ്ങളിൽ ട്രേഡ്‌സ്​മാൻ, അസിസ്റ്റൻറ്​ ടെക്‌നീഷ്യന്മാർ, മെയിന്റനൻസ് ടെക്‌നീഷ്യന്മാർ, ഓപ്പറേറ്റർമാർ തുടങ്ങിയ തട്ടുകളിൽ ജോലി ചെയ്യുന്നു.

ശാസ്ത്രസാങ്കേതികവിദ്യയുടെ പുരോഗതി തൊഴിൽതട്ടുകളിൽ മാറ്റം സൃഷ്ടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്; പ്രത്യേകിച്ച് ഐ.ടി / ഐ.ടി അധിഷ്ഠിത വ്യവസായങ്ങളിൽ. എന്നാൽ ഇൻഫ്രാസ്ട്രക്ചർ, ഇലക്​ട്രോണിക്​സ്​, ഓട്ടോമൊബൈൽ, പെട്രോകെമിക്കൽ /കെമിക്കൽ, സിമൻറ്​, സ്റ്റീൽ തുടങ്ങി ഒട്ടനവധി വ്യവസായ മേഖലകളിൽ ഇന്നും നൈപുണ്യമുള്ള ടെക്‌നീഷ്യന്മാർക്കാണ് കൂടുതൽ തൊഴിലവസരം. പോളിടെക്‌നിക്കുകളിൽ നടക്കുന്ന കാമ്പസ് പ്ലേസ്‌മെൻറ്​ നിരക്കുകൾ ഇത് സാധൂകരിക്കുകയും ചെയ്യുന്നു.

എസ്.എസ്.എൽ.സിക്കുശേഷമുള്ള കരിയർ പ്ലാനിങ്ങിൽ സാങ്കേതികവിദ്യയിൽ അഭിരുചിയുള്ള, എന്നാൽ മൂന്നോ നാലോ വർഷത്തെ വിദ്യാഭ്യാസത്തിനുശേഷം ഒരു തൊഴിലാഗ്രഹിക്കുന്ന വിദ്യാർഥിയെ സംബന്ധിച്ച്​ പോളിടെക്‌നിക്കുകൾ യോജിച്ച ഒരു തെരഞ്ഞെടുപ്പ് ആകുന്നു. (കുടുംബത്തിന്റെ സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് കുറഞ്ഞ പഠനദൈർഘ്യത്തിനുശേഷം ഒരു തൊഴിൽ എന്നത് ഇന്നും, ഒരു വലിയ വിഭാഗത്തിന്റെ ആവശ്യവുമാണ്). എന്നാൽ പ്ലസ് ടുവും അതിനുശേഷം നാലിൽ കൂടുതൽ വർഷത്തെ പഠനവും ഒക്കെ സാധ്യമാകുന്ന സാഹചര്യങ്ങളുള്ളവരെ സംബന്ധിച്ച് എൻജിനീയറിങ്ങും, പോസ്റ്റ് ഗ്രാജുവേഷനും ഒക്കെ മികച്ച അവസരങ്ങൾ നൽകും എന്നതിൽ തർക്കമില്ല.

രണ്ടാമത്തെ കാര്യം, ലാറ്ററൽ എൻട്രിയിലൂടെ ഡിപ്ലോമക്കാർക്ക് എൻജിനീയറിങ് തുടർപഠന (മൂന്നുവർഷംകൊണ്ട് ബി.ടെക് ) സാധ്യതയുമുണ്ട്.

ഇനി, മുരളി തുമ്മാരുകുടി സൂചിപ്പിച്ച പോളിടെക്‌നിക്കുകൾ എൻജിനീയറിങ് കോളേജുകളാക്കുന്ന നിർദ്ദേശത്തെ സംബന്ധിച്ച്: ഇതുവരെയുള്ള പോളിടെക്‌നിക് കോളേജുകളുടെ വർദ്ധന പരിശോധിക്കുന്നത് നന്നായിരിക്കും. 1950 കളിൽ മൂന്ന് പോളിടെക്‌നിക്കുകൾ മാത്രമായിരുന്നു. ഇന്ന് സർക്കാർ- എയ്ഡഡ് മേഖലയിൽ 51 , സർക്കാർ നിയന്ത്രിത സ്വാശ്രയ മേഖലയിൽ 13, സ്വകാര്യ സ്വാശ്രയ മേഖലയിൽ 40, എന്നിങ്ങനെ, പോളിടെക്‌നിക് കോളേജുകൾ നിലനിൽക്കുന്നു. 1994 മുതലാണ് സ്വാശ്രയമേഖലയിൽ പോളിടെക്‌നിക് കോളേജുകൾ സ്ഥാപിതമാകുന്നത് എങ്കിലും 2010- നു ശേഷമാണ് വലിയ വർദ്ധനവുണ്ടായത്. 2017- നുശേഷം എൻജിനീയറിങ് കോളേജുകളിൽ പഠനത്തിന് കുട്ടികളില്ലാത്തതിനാൽ 12 കോളേജുകൾ ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങിയതും വാസ്തവമാണ്.

എൻജിനീയറിങ് കോളേജുകളുടെ വർദ്ധനവ് എടുത്താൽ, 1991 വരെ കേരളത്തിൽ 9 സർക്കാർ എൻജിനീയറിങ് കോളേജുകളാണുണ്ടായിരുന്നത്. 1995 -ൽ എണ്ണം പതിനാറായി, 2003 -ൽ 33 ആയി, 2011 ൽ 142. 2021 -ൽ 12 സർക്കാർ/എയ്ഡഡ് കോളേജുകൾ, 132 പ്രൈവറ്റ് സ്വാശ്രയ കോളേജുകൾ, 25 സർക്കാർ നിയന്ത്രിത കോളേജുകൾ അടക്കം 169 എൻജിനീയറിങ് കോളേജുകളുണ്ട് . അതായത് പോളിടെക്‌നിക്കുകളെക്കാൾ വർദ്ധനവ് എൻജിനീയറിങ് കോളേജുകളിൽ 1995 നു ശേഷമുണ്ടായിട്ടുണ്ട്. 2017 - 18 നുശേഷം 40- 50 ശതമാനം വരെ എൻജിനീയറിങ് സീറ്റ്​ കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നു എന്നതും ഇതോടു ചേർത്ത് വായിക്കാം.

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം 25,470 സീറ്റാണ് 2017 -18 ൽ ഒഴിഞ്ഞുകിടന്നത്. അതിനാൽ, പുതിയ എൻജിനീയറിങ് കോളേജുകൾ അനുവദിക്കേണ്ടതില്ല എന്നും എൻജിനീയറിങ്​ കോഴ്​സുകളുടെ ഗുണനിലവാരം വർധിപ്പിക്കണമെന്നും പ്രസ്തുത റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കേരളത്തിലെ എഞ്ചിനിയറിങ്ങ് കോളേജുകളിലെ സീറ്റൊഴിവ് എന്ന പ്രതിഭാസത്തിന് നിരവധി കാരണങ്ങൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത്​:

സംസ്ഥാന- അഖിലേന്ത്യാ തലത്തിലുള്ള മെഡിക്കൽ /അനുബന്ധ കോഴ്‌സുകൾ തുടങ്ങി പല പ്രവേശനങ്ങളും എഞ്ചിനിയറിങ് പ്രവേശന പ്രക്രിയക്കുശേഷം നടക്കുന്നു എന്നതാണ് ഒരു പ്രശ്‌നം. ഇതിനാൽ ആദ്യം എഞ്ചിനിയറിങ്ങിന് പ്രവേശനം നേടുന്ന ഉയർന്ന റാങ്കുകാർ പോലും മറ്റ് കോഴ്‌സുകളിൽ ചേക്കേറുമ്പോൾ, ഒഴിവ്​ നികത്താനാവാത്ത സാഹചര്യം.

എഞ്ചിനിയറിങ്ങിനോട് അഭിനിവേശമോ, അഭിരുചിയോ ഇല്ലാത്ത വിദ്യാർഥികൾക്ക്, കോഴ്‌സ് ദുഷ്‌കരമായി അനുഭവപ്പെടുകയും, പാതിവഴി നിറുത്തുകയും ചെയ്യുന്ന അവസ്ഥ. അശാസ്ത്രീയമായ ബ്രാഞ്ച് തെരഞ്ഞെടുപ്പുകളും ഇതിന് ആക്കം കൂട്ടുന്നു.

കേരളത്തിന് പുറത്തുള്ള പഠനം കുറച്ചു കൂടി കാഠിന്യം കുറഞ്ഞതാണെന്നും, ഉയർന്ന മാർക്ക് വാങ്ങൽ എളുപ്പമാണ് എന്നുമുള്ള ധാരണ.

കോളേജുകളിൽ, വ്യവസായ / ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിന്റെ അഭാവം. ഇത് പ്ലേസ്‌മെന്റുകളേ നേരിട്ട് ബാധിക്കുന്നു.

ഈ സാഹചര്യത്തിന് പരിഹാരം എളുപ്പമാണ്. വിവിധ പ്രവേശന പ്രക്രിയകളെ വിദ്യാർഥികളുടെ മുൻഗണന മനസ്സിലാക്കി, ബന്ധിപ്പിക്കുകയും, ശാസ്ത്രീയമായി സമയക്രമം ചിട്ടപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരമപ്രധാനം. അവസാനത്തെ കുട്ടിക്ക് പോലും, ആഗ്രഹിക്കുന്ന കോഴ്‌സുകളിൽ പ്രവേശനത്തിന് ഇത് സാധ്യതയൊരുക്കും. മറ്റൊരു പ്രധാന കാര്യം, വിദ്യാർഥികളുടെ യഥാർഥ അഭിരുചി കണ്ടെത്തി അതിനനുസൃതമായ മേഖലകളിലേക്ക് തിരിച്ചുവിടുക എന്നതാണ്. സമഗ്രമായ ഒരു കരിയർ പദ്ധതി ഇതിനാവശ്യവുമാണ്. ഇതു പാതിവഴിയിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കും.

വിവിധ സംസ്ഥാനങ്ങളിലെയും, സ്വയംഭരണ / സ്വകാര്യ സർവ്വകലാശാലകളിലെയും, കരിക്കുലവും, സിലബസുകളും തമ്മിലുള്ള വ്യത്യാസങ്ങൾ ശാസ്ത്രീയ സമീപനങ്ങളിലൂടെ കുറയ്ക്കുക എന്നത്, കുട്ടികളുടെ പാലായനം ഒരു പരിധി വരെ തടയുവാൻ സഹായിക്കും. കേരളത്തിലെ എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ സിലബസ് കുട്ടികളിൽ അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നു. ഇത് കൃത്യമായി അവലോകനം ചെയ്യുകയും, പഠനം നടത്തി, ആവശ്യമായ മാറ്റം വരുത്തുകയും ചെയ്താൽ വിദ്യാർഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് കുറയ്ക്കാനും, അതുവഴി അവരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുവാനും കഴിയും. വ്യവസായ / ഗവേഷണ സ്ഥാപനങ്ങളുമായുള്ള, കോളേജുകളുടെ സഹകരണം വർധിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യുക വഴി, വിജയകരമായി പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് എല്ലാവർക്കും, നല്ല പ്ലേസ്‌മെന്റിനുള്ള സാധ്യത വർദ്ധിക്കും.

അനുദിനം മാറിവരുന്ന തൊഴിൽ മേഖലകളും, വ്യവസായ സങ്കൽപ്പങ്ങളും ഏതൊരു വിദ്യാഭ്യാസരീതിയും പോലെ പോളിടെക്‌നിക്കുകൾക്കും വെല്ലുവിളി ഉയർത്തുന്നു എന്നത് ഒരു പരിധിവരെ യാഥാർഥ്യമാണ്. ഇത്തരം ഭീഷണികൾ നേരിടാനുള്ള മാർഗം വ്യാവസായിക മാറ്റങ്ങൾക്കനുസരിച്ച് കരിക്കുലത്തിലും പഠനരീതിയിലും ഓരോ വർഷവും മാറ്റം കൊണ്ടുവരികയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അന്താരാഷ്ട്രതലത്തിനനുസരിച്ച് വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്, മറിച്ച് പോളിടെക്‌നിക് വിദ്യാഭ്യാസം നിർത്തി എൻജിനീയറിങ് കോളേജുകൾ ആക്കുക എന്നതല്ല.

ഇൻഡസ്ട്രി 4.0 സങ്കല്പത്തിലെ എല്ലാ ഡൊമൈനുകളിലും ഒരു പോളിടെക്‌നിക്കാരന് റോളുണ്ട്. ലോകമെമ്പാടും, പ്രത്യേകിച്ച് നമ്മുടെ രാജ്യത്തുമുള്ള സ്‌കിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പോളിടെക്‌നിക്കുകൾക്ക് വലിയ പ്രത്യാശയാണ് നൽകുന്നത്. ദേശീയ വിദ്യാഭ്യാസ നയവും ഇപ്പോൾ പ്രഖ്യാപിതമായ നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കും നൈപുണ്യ വികസനത്തിനായി നൽകുന്ന ഡിപ്ലോമ വിദ്യാഭ്യാസത്തിന് മുകൾതട്ടുകളിലേക്കുള്ള വികാസം ആയാസരഹിതമായി വിഭാവനം ചെയ്യുന്നുമുണ്ട്.

ആഗോളതലത്തിൽ നിലവിലുള്ള വാഷിങ്ടൺ- ഡബ്‌ളിൻ കരാറുകൾ, പുത്തൻ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന ലെവലുകളും, ക്രെഡിറ്റുകളും, മറ്റു രാജ്യങ്ങളിൽ സ്വീകരിക്കപ്പെടാനും, ഉന്നത വിദ്യാഭ്യാസം സാധ്യമാകാനും ഭാവിയിൽ വിദ്യാർഥികളെ സഹായിക്കും എന്നതും ടെക്‌നീഷ്യൻ വിദ്യാഭ്യാസത്തിനു പ്രതീക്ഷയേകുന്നു.

കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിൽ കുറച്ചു വർഷങ്ങളായി നടക്കുന്ന ഭൗതിക സാഹചര്യങ്ങളിലെ വലിയ മുന്നേറ്റം - ആധുനിക ലാബ് സൗകര്യങ്ങൾ, ഡിജിറ്റൽ ലൈബ്രറികൾ, സിഎൻസി മെഷീനറികൾ, റോബോട്ടിക്‌സ് സൗകര്യങ്ങൾ, ത്രീഡി പ്രിന്റിംഗ് ഉൾപ്പെടെയുള്ള ഫാബ് ലാബുകൾ എന്നിവയെ കാണാതിരിക്കുവാൻ കഴിയില്ല. ‘അസാപു’മായി സഹകരിച്ചുള്ള ഇൻഡസ്ട്രി ഓൺ കാമ്പസ്, കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചുള്ള ഐ.ഇ.ഡി.സി എന്നിവ കുട്ടികളുടെ സംരംഭകത്വ വികസനത്തെ നല്ല രീതിയിൽ സഹായിക്കുന്നുമുണ്ട്. രണ്ടു കോളേജുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചു എന്നതും കൂടുതൽ സ്ഥാപനങ്ങൾ അക്രഡിറ്റേഷനായുള്ള പരിശ്രമത്തിലാണ് എന്നതും ശുഭോദർക്കമായ കാര്യമാണ്. പോരായ്മകൾ ഇല്ല എന്നല്ല, പക്ഷേ പോളിടെക്‌നിക് കോളേജുകൾ ഇന്നും നാളെയും പ്രസക്തമായ ഒരു പാഠ്യപദ്ധതിയായി നിലനിൽക്കുമെന്നുതന്നെയാണ് വാസ്തവം.

വാല്: അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്ടിൽ 511, കർണാടകത്തിൽ 298, ആന്ധ്രപ്രദേശിൽ 332 വീതമാണ്​ പോളിടെക്‌നിക്കുകളുടെ എണ്ണം.


Summary: അനുദിനം മാറിവരുന്ന തൊഴിൽ മേഖലകളും, വ്യവസായ സങ്കൽപ്പങ്ങളും പോളിടെക്‌നിക്കുകൾക്കും വെല്ലുവിളി ഉയർത്തുന്നു എന്നത് ഒരു പരിധിവരെ യാഥാർഥ്യമാണ്. ഇത്തരം ഭീഷണി നേരിടാനുള്ള മാർഗം കരിക്കുലത്തിലും പഠനരീതിയിലും മാറ്റം കൊണ്ടുവരികയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അന്താരാഷ്ട്രതലത്തിനനുസരിച്ച് വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. മറിച്ച്​, പോളിടെക്‌നിക് വിദ്യാഭ്യാസം നിർത്തി എൻജിനീയറിങ് കോളേജുകൾ ആക്കുക എന്നതല്ല.


Comments