അധ്യാപകരുടെ ശമ്പളം മുതൽ അടിസ്ഥാന സൗകര്യം വരെ; എന്ന് തീരും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി?

അധ്യാപകരുടെ യോഗ്യതയ്ക്കും നിലവാരത്തിനുമപ്പുറം നിർബന്ധിത പണപ്പിരിവ് നിയമന യോഗ്യതയാകുമ്പോൾ നിലവാരമുള്ള അധ്യാപകരെ അർഹിക്കുന്ന വിദ്യാർത്ഥികളുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടാതെ പോവുന്നതിന് പിന്നിലെന്ത്? ഡോ. പി. സചിന്ത് പ്രഭ വിലയിരുത്തുന്നു…

പിഎച്ച്ഡി ഗവേഷണ പ്രബന്ധം എഴുതിക്കൊണ്ടിരിക്കെയാണ് വളരെ യാദൃച്ഛികമായി ഒരു സുഹൃത്തിന്റെ വാട്ട്സാപ്പ് സ്റ്റാറ്റസ് ശ്രദ്ധയിൽ പെടുന്നത്. നാട്ടിലെ ഒരു പ്രമുഖ അൺ എയ്ഡഡ് കോളേജിലേക്ക് അധ്യാപക തസ്തികയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. NAAC അംഗീകാരമുണ്ടെന്നടക്കം പല ആകർഷക ഘടകങ്ങളും അവർ നൽകിയിരിക്കുന്നു. സർവോപരി വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരം. ഇതുമായി ബന്ധപ്പെട്ട് ഒന്ന് അന്വേഷിച്ച് കളയാമെന്നു കരുതി അദ്ദേഹത്തെ ബന്ധപ്പെട്ടു. പാക്കേജ് എങ്ങനെയായിരിക്കും എന്നന്വേഷിച്ചു. അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന വിധമുള്ള പാക്കേജാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പ്രതിമാസം 15000 രൂപയിൽ കൂടുതൽ ഏതു വിധേനയും പ്രതീക്ഷിക്കേണ്ടതില്ല.

എനിക്ക് പിഎച്ച്ഡി ഉള്ളതാണ്. ഐഐടിയാണ്' ഞാൻ ആത്മരതിയിൽ അഭിരമിക്കാനൊരുങ്ങവെ അതിനെ നിരുപാധികം മാറ്റിമറിച്ച് കൊണ്ടുള്ള മറുപടി മറുതലയ്ക്കൽ നിന്ന് വന്നു. 'എന്നാലൊരു ആയിരമോ രണ്ടായിരമോ കൂട്ടി കിട്ടിയാലായി. ഈ ശമ്പളത്തിന് തന്നെ നിൽക്കാൻ ഒരുപാടാളുകളുണ്ട്..!' ഉന്നത ബിരുദമുള്ള, ദേശീയ തലത്തിലുള്ള ക്വാളിഫയിങ് പരീക്ഷകളടക്കം പാസ്സായ, നാട്ടിൽ തൊഴിൽ ചെയ്യാൻ തല്പരരായ ആളുകൾക്ക് പോലും മിനിമം വേതനം ഉറപ്പുവരുത്താനാവാത്തതെന്താണ് എന്ന ചിന്തയിൽ നിന്നാണ് ഈ കുറിപ്പിന്റെ ഉത്ഭവം.

ഗവേഷണ തല്പരത മുൻനിർത്തി ബി.എസ്.സി/ബി.എ ഹോണേഴ്സ് കോഴ്സുകളടക്കം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാഗമാകാൻ പോകുന്ന ഇന്നത്തെ സാഹചര്യത്തിൽ, അധ്യാപകരുടെ നിലവാരം ഉറപ്പു വരുത്തുക എന്നത് അത്യന്താപേക്ഷിതമാണ്. ബാച്ചിലേർസ്, മാസ്റ്റേഴ്സ്സ് അധ്യയനത്തിലെ ഇത്തരം വിഷയങ്ങൾക്ക് പുറമെ ഗവേഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.

അൺ എയ്ഡഡ് വ്യാകുലതകൾ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അൺ എയ്ഡഡ് കോളേജുകൾക്ക് നിർണായക സ്ഥാനമുണ്ട്. നിലവിൽ നടപ്പിലാക്കാൻ പോകുന്ന ഹോണേഴ്‌സ് കോഴ്സുകളടക്കം അൺ-എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരുന്നുണ്ടെന്നിരിക്കെ അവിടുത്തെ വിദ്യാഭ്യാസ നിലവാരം ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വിദ്യാർത്ഥികളിൽ നിന്നും ഭാരിച്ച ഫീസ് ഈടാക്കുന്നുവെങ്കിലും ബഹുഭൂരിപക്ഷം ഇടങ്ങളിലും അധ്യാപകർക്ക് മിനിമം വേതനം പോലും ഉറപ്പു വരുത്താൻ മാനേജുമെന്റുകൾ തയാറാകുന്നില്ല എന്നതാണ് സ്ഥിതി. ഇതിന്റെ മൂലകാരണങ്ങൾ ചികയുമ്പോൾ മനസ്സിലായ വസ്തുതകളിലൊന്ന് സെൽഫ് ഫൈനാൻസിങ് കോളേജുകളിലെ അധ്യാപകർ നിലവിലുള്ള തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല എന്നതാണ്. അതിനാൽ തന്നെ മിനിമം ശമ്പളം ഉറപ്പു വരുത്താനുള്ള ബാധ്യത മാനേജുമെന്റുകളിൽ നിക്ഷിപ്തമാകുന്നുമില്ല.

തൽസ്ഥിതിയിൽ ജീവിത സാഹചര്യങ്ങൾ കൊണ്ട് നാട്ടിൽ നിൽക്കുന്നത് അത്യന്താപേക്ഷിതമായവർ, മാസ്റ്റേഴ്‌സ് ഡിഗ്രി കഴിഞ്ഞ ഉടനെ ഒരിടത്താവളം തേടുന്നവർ - ഈ രണ്ടു കൂട്ടരൊഴികെ ഇത്രയും ചെറിയ വേതനത്തിൽ അൺ എയ്ഡഡ് കോളേജുകളിൽ തുടരാൻ ആരുമുണ്ടാകുന്നില്ല. ഇവരിൽ തന്നെ ഭൂരിഭാഗത്തിനും ഇത്രയും ചുരുങ്ങിയ വേതനത്തിൽ ജോലി ചെയ്യുന്നതിന്റെ അതൃപ്തിയും അമർഷവുമുണ്ട്. അതിനാൽ നിലവാമുള്ള അധ്യാപനം എന്നതിൽ നിന്ന് മാറി കേവലം വിലപേശലിലേക്കു കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. 'ഈ ശമ്പളത്തിൽ നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ ഒഴിഞ്ഞു പോകാം, നൂറാളുകൾ വേറെയുണ്ടെന്ന' മാനേജ്മെന്റ് മാടമ്പി സ്വരത്തിൽ ഇല്ലാതാകുന്നത് നമ്മുടെ വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട നിലവാരമുള്ള വിദ്യാഭ്യാസമാണ്.

ശമ്പള വിഷയം മാറ്റി നിർത്തിയാലും ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷതത്വം കൂടി ഉറപ്പു വരുത്താൻ സാധിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നമായി നിലനിൽക്കുന്നത്. അൺഎയ്ഡഡ് മേഖലയിലെ അധ്യാപകർക്കും അനധ്യാപകർക്കും മിക്കയിടങ്ങളിലും സേവന വേതന അവകാശങ്ങൾ പലതും ലഭിക്കുന്നില്ലെന്നത് പകൽ പോലെ വ്യക്തമാണ്. 2014-15 കാലഘട്ടത്തിൽ തൃശൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലുണ്ടായ കൂട്ട പിരിച്ചുവിടലിനെതിരെ നടന്ന സമരങ്ങൾ തൊട്ട് മലബാറിലെ കോളേജുകളിൽ അടുത്തകാലത്തായി നടന്ന ഗ്രാറ്റിവിറ്റി സമരങ്ങൾ വരെ ഇത്തരം പ്രശ്‌നങ്ങൾക്ക് ഉദാഹരണങ്ങളാണ്.

2021 ഫെബ്രുവരിയിൽ ഇതുമായി ബന്ധപ്പെട്ട ഒരു ഓർഡിനൻസ് കേരള നിയമസഭ പുറത്തിറക്കിയെങ്കിലും മിക്ക യൂണിവേഴ്‌സിറ്റികളും ഇത് പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ തുടങ്ങിയിട്ടില്ല. ഇത്തരം അവകാശ നിഷേധങ്ങൾക്കെതിരെ 'സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ' അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ സമഗ്രമായ സമര പരിപാടികൾ നടന്നു വരുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ കാര്യങ്ങൾ നടപ്പിലായി വരാത്തത് വലിയ വിലങ്ങു തടിയാണ്. ഇത് കൂടാതെ യൂണിവേഴ്‌സിറ്റികളിൽ സുപ്രധാന ബോർഡുകളിൽ ഇവരിൽ നിന്നും പ്രാതിനിധ്യമില്ലാത്തതും ഒരു പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇതിനാൽ തന്നെ നിലവിലെ സാഹചര്യം നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ പ്രൈവറ്റ് വിദ്യാഭ്യാസ മേഖലയുമായി തുലനം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. NAAC അഫിലിയേഷനിലും റാങ്കിങ്ങിലും ഗവേഷണത്തിലുമെല്ലാം അവർ കൈവരിക്കുന്ന നേട്ടങ്ങളിൽ കൃത്യമായ പങ്ക് അധ്യാപക നിയമനത്തിലെ കണിശതയ്ക്കുണ്ട്. ഒന്നുകിൽ UGC നിഷ്‌കർഷിച്ചിരിക്കുന്ന തരത്തിൽ, അല്ലെങ്കിൽ യോഗ്യതയനുസരിച്ചാണ് മിക്കവാറും സ്ഥാപനങ്ങളിലെ നിയമനവും ശമ്പളവും മറ്റാനുകൂല്യങ്ങളും തീരുമാനിക്കപ്പെടുന്നത്. ഇത്തരമൊരു അവസ്ഥയിൽ മികച്ച ജീവിത സാഹചര്യം തേടുന്നവർ മറു തലയ്ക്കലേക്കു കുടിയേറുന്നതിൽ അത്ഭുതം തെല്ലുമില്ല.

എയ്ഡഡ് മേഖലയിലെ ലേലം വിളി

'ഒരധ്യാപകനാകാനുള്ള യോഗ്യത എന്താണെന്ന് തനിക്കറിയുമോ..?' 'വാദ്ധ്യാർ' എന്ന മലയാളം സിനിമയിൽ എയ്ഡഡ് സ്കൂൾ ഹെഡ്മിസ്ട്രസ് ആയ രേവതിയുടെ കഥാപാത്രം ജയസൂര്യയുടെ കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യമാണിത്. 'അറിയാം..ഒരു B.Ed. ഉം പത്തു ലക്ഷം രൂപയും..' എന്ന അദ്ദേഹത്തിന്റെ സർക്കാസ്റ്റിക്ക് മറുപടിയിൽ എയ്ഡഡ് മേഖലയിലെ ലേലം വിളിക്കഥകളുടെ പച്ചയായ പരിച്ഛേദമുണ്ട്.

കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ ചരിത്രം പൊതുവിൽ പരിശോധിച്ചു കഴിഞ്ഞാൽ ആദ്യ കാലങ്ങളിൽ മാനേജുമെന്റുകൾ അധ്യാപകരോട് തികച്ചും നിഷേധാത്മക സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഗവൺമെൻറ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ താരതമ്യേന കുറവായിരുന്ന ഘട്ടത്തിൽ നിശ്ചിത ശമ്പളം പോലും നൽകാൻ പല മാനേജ്മെന്റുകളും തയാറായിരുന്നില്ല. നിരവധി സമരപരിപാടികളുടെ ഭാഗമായാണ് 'ഗ്രാന്റ് ഇൻ എയ്ഡ്' എന്ന സംവിധാനം നിലവിൽ വരുന്നത്. സർക്കാരിൽ നിന്നും ലഭിക്കുന്ന ഗ്രാന്റ് ഉപയോഗപ്പെടുത്തി അധ്യാപകർക്ക് വേതനം നല്കുന്നതായിരുന്നു ആ രീതി. അപ്പോഴും യാതൊരു തരത്തിലുള്ള സേവന വേതന അവകാശങ്ങളുമില്ലാത്ത നിലയിലായിരുന്നു പ്രവർത്തനങ്ങൾ നടന്നു പോയത്.

നിലവിൽ എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനം 1971 സെപ്റ്റംബറിലെ ഡയറക്റ്റ് പേയ്മെന്റ് എഗ്രിമെന്റിന്റെ ഭാഗമായാണ് നടക്കുന്നത്. അതായത് നിയമനം മാനേജ്മെന്റ് വഴി, സർവകലാശാല സംവിധാനങ്ങൾ അതിന്റെ അംഗീകാരം കൊടുക്കുന്നു, സർക്കാർ DD ഓഫീസ് വഴി ശമ്പളം നൽകുന്നു - ഇതാണ് പ്രക്രിയ. ആദ്യകാലങ്ങളിൽ ഗവൺമെന്റ് കോളേജുകളേക്കാൾ ശമ്പളം കുറവായിരുന്നെങ്കിലും പിന്നീടുള്ള സമര പരിപാടികളുടെ ഭാഗമായി 'ഇക്വിറ്റി ഇൻ പേയ്മെന്റ്' നിലവിൽ വരികയും തുടർന്ന് എയ്ഡഡ് അധ്യാപകർ UGCയുടെ ശമ്പള പരിഷ്‌കരണത്തിൻെറയടക്കം ഭാഗമായി മാറുകയും ചെയ്തു.

അതിനാൽ തന്നെ, നിലവിൽ അധ്യാപന നിയമനവുമായി ബന്ധപ്പെട്ട പ്രശ്ങ്ങളും, നിയമനങ്ങളിൽ മാനേജ്മെന്റുകൾ നിശ്ചിത തുക നിർബന്ധിത സംഭാവനയായി പിരിച്ചെടുക്കുന്നു മുതലായ വിഷയങ്ങളും അത്യന്തം ഗൗരവതരമാണ്. യോഗ്യതയ്ക്കും നിലവാരത്തിനും മേൽ നിർബന്ധിത പണപ്പിരിവ് അധ്യാപന നിയമന യോഗ്യതയാകുമ്പോഴും, ആകെത്തുകയിൽ ബാധിക്കുന്നത് നിലവാരമുള്ള അധ്യാപകരെ അർഹിക്കുന്ന വിദ്യാർത്ഥികളുടെ അവകാശത്തെ തന്നെയാണ്. ഇതിനു പരിഹാരമായി അധ്യാപക സംഘടനകളടക്കം മുന്നോട്ട് വച്ച നിർദേശം PSC പോലെ 'കോളേജ് സർവീസ് റിക്രൂട്ട്മെൻറ് ബോർഡ്' എന്ന സമാന്തര സംവിധാനം ഉണ്ടാകണമെന്നും യോഗ്യതാ പരീക്ഷകൾ കടന്നെത്തുന്നവരായിരിക്കണം അധ്യാപകരായി നിയമിക്കപ്പെടേണ്ടത് എന്നുമാണ്.

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി അദ്ധ്യക്ഷനായ ശ്യാം ബി. മേനോൻ. / Photo : Screengrab from CECED AUD YouTube Channel
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി അദ്ധ്യക്ഷനായ ശ്യാം ബി. മേനോൻ. / Photo : Screengrab from CECED AUD YouTube Channel

കേരത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നിയോഗിക്കപ്പെട്ട ശ്യാം ബി മേനോൻ കമ്മീഷൻ റിപ്പോർട്ടിലടക്കം ഇത്തരത്തിലൊരു സംവിധാനം വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇതുവഴി എയ്ഡഡ് അധ്യാപക നിയമനത്തിൽ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനും സാധിക്കും. നിലവിൽ അത്തരമൊരു സംവരണം എയ്ഡഡ് അധ്യാപക നിയമനത്തിലില്ല.

കെ.രാധാകൃഷ്ണൻ ദേവസ്വം വകുപ്പ് മന്ത്രിയായ കാലയളവിൽ ദേവസ്വത്തിന് കീഴിലുള്ള കോളേജുകളിൽ ഇത്തരം പിന്നോക്ക സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ മുൻകൈ എടുത്തിരുന്നു. എന്നാൽ അത് മറ്റ് മാനേജ്‌മെന്റുകൾ പിന്തുടരാൻ തയ്യാറായിട്ടില്ല. NET/ PhD യോഗ്യതകൾ ലഭിച്ച് വരുന്നവരെ യോഗ്യതയ്ക്കും സാമൂഹിക പ്രാതിനിധ്യത്തിനും അടിസ്ഥാനത്തിൽ സോർട്ട് ചെയ്യാൻ കഴിയുന്ന ഫാക്കൽറ്റി റിക്രൂട്ട്‌മെന്റ് ബോർഡ് ഉണ്ടാകണം എന്ന കമ്മീഷൻ നിർദേശം പൊതുവിൽ അംഗീകരിക്കപ്പെട്ടതാണ്. പക്ഷെ മാനേജ്‌മെന്റുകളുടെ പിടിവാശി കാരണം ഇത്തരത്തിലൊരു സംവിധാനം നിലവിൽ കൊണ്ട് വരാൻ സാധിച്ചിട്ടില്ല.

ഇതിനു കാരണമായി മാനേജ്മെന്റുകൾ ചൂണ്ടിക്കാണിക്കുന്നത് സർക്കാർ ഗ്രാന്റുകളുടെ അപര്യാപ്തതയാണ്. ഗവണ്മെന്റ് കോളേജുകൾക്കും യൂണിവേഴ്‌സിറ്റികൾക്കുമുള്ളതു പോലെ അടിസ്ഥാന-ഭൗതിക സൗകര്യ വികസനത്തിനും കോളേജിന്റെ ദൈനംദിന നടത്തിപ്പിനും മറ്റുമുള്ള സർക്കാർ ഗ്രാന്റുകൾ വേണ്ട വിധത്തിൽ ലഭിക്കുന്നില്ലെന്നും, അത്തരം ചിലവുകൾക്കായാണ് ഇത്തരം അനൗദ്യോഗിക പണപ്പിരിവ് നടത്തുന്നതെന്നുമാണ് അവരുടെ ന്യായം. ഇങ്ങനെ നടന്നില്ലെങ്കിൽ കോളേജുകൾ എയ്ഡഡിൽ നിന്ന് അൺഎയ്ഡഡ് സ്റ്റാറ്റസിലേക്ക് മാറ്റാനുള്ള താത്പര്യം മാനേജ്മെന്റുകൾ കാണിക്കുകയും വിദ്യാർത്ഥികൾ കൂടുതൽ ഫീസ് കൊടുത്തു പഠിക്കേണ്ടുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുമെന്നതാണ് മറ്റൊരു യാഥാർഥ്യം.

ഹോണേഴ്സ് ബിരുദ കാലം

നിലവിലുള്ള സിസ്റ്റം മാറി FYUGP (ഫോർ ഇയർ അണ്ടർ ഗ്രാജ്യൂവേറ്റ് പ്രോഗ്രാം) വരുമ്പോൾ പ്രതീക്ഷകളും ആശങ്കകളും ഒരുപോലെയാണ്. നമ്മുടെ കുട്ടികൾ ഗവേഷണാടിസ്ഥാനത്തിൽ വിഷയങ്ങളെ സമീപിക്കുന്നുവെന്നത്, കേവലം തിയറിയിൽ ചുറ്റിക്കറങ്ങാതെ അതിന്റെ പ്രായോഗികതയിലേക്ക് ഉന്നത വിദ്യാഭ്യാസം ചുവടുമാറുന്നുവെന്നത് പ്രതീക്ഷാവഹമായ വസ്തുതയാണ്. എന്നാൽ ഇത്തരം ചുവടുമാറ്റത്തിന് നാം അടിസ്ഥാനപരമായി സജ്ജമാണോ എന്ന ചോദ്യവുമുണ്ട്. മുന്നേ ചൂണ്ടിക്കാണിച്ചത് പോലെ അൺഎയ്ഡഡ് മേഖലയിലേക്കടക്കമാണ് ഈ മാറ്റം ഇടിച്ചിറങ്ങുന്നത്. ഗവേഷണ തല്പരത മുൻനിർത്തി സിലബസ് പുനഃക്രമീകരിക്കുമ്പോൾ അതിനെ അതിന്റെ പ്രായോഗിക തലത്തിൽ വിദ്യാർഥികളിലേക്കെത്തിക്കാൻ പ്രാപ്തരായ അധ്യാപകരുണ്ടോ എന്നത് ഒരു ചോദ്യമാണ്.

UGC യോഗ്യതാ മാനദണ്ഡമോ പോലും പാലിക്കാതെ നിയമിക്കുന്ന അധ്യാപകരിൽ നിന്നെങ്ങനെയാണ് ഗവേഷണാടിസ്ഥാനത്തിലുള്ള സിലബസ് മുൻനിർത്തിയുള്ള അധ്യാപനം പ്രതീക്ഷിക്കാനാകുക? മറ്റൊരു വിഷയം അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണ്. വിഭാവനം ചെയ്ത രീതിയിൽ കോഴ്‌സ് നടപ്പിലാക്കണമെങ്കിൽ ശാസ്ത്ര വിഷയങ്ങളിൽ പ്രത്യേകിച്ചും, ലബോറട്ടറി സംവിധാനങ്ങളൂം അടിസ്ഥാന ഉപകരണങ്ങളുടെ ലഭ്യതയും താഴെത്തട്ടു മുതൽ ഉറപ്പു വരുത്തേണ്ടതുണ്ട്.

മറ്റൊന്ന് കോഴ്സിനെ പറ്റിയുള്ള സമഗ്രമായ ബോധവൽക്കരണം താഴെത്തട്ടു മുതൽ നടത്തേണ്ടതുണ്ടെന്നതാണ്. മൂന്നുവർഷം കഴിയുമ്പോൾ ഡിഗ്രി ലഭിക്കണം. നാലുവർഷമാകുമ്പോൾ ഡിഗ്രി ഓണേഴ്സ് ആയി അത് മാറണം. നന്നായി പഠിക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് എന്ന നിലയിൽ നേരിട്ട് പി.എച്ച്.ഡി ചെയ്യാനാവണം. ഒരുവർഷം കൊണ്ട് പി.ജി എന്ന കേവല ബാഹ്യവാദങ്ങളിൽ നിന്നും മാറി പുതിയ ക്രെഡിറ്റ് സിസ്റ്റം എന്താണെന്നും ആവശ്യമായ ക്രെഡിറ്റ് നേടാനാകാത്തവർക്കു വരുന്ന പ്രതിസന്ധികൾ എന്തൊക്കെയാവുമെന്നും കൃത്യമായി പഠിക്കണം. മിനിമം ക്രെഡിറ്റില്ലാതെ പാസായാൽ പി.ജിക്കുള്ള സാധ്യത എന്താണെന്നും മൂന്നു വർഷത്തിന് ശേഷം കോഴ്‌സ് നിർത്തിയാലുള്ള ന്യൂനതകളും സാധ്യതകളും എന്താണെന്നും പോലെയുള്ള കാര്യങ്ങളെക്കുറിച്ച് അവബോധം വിദ്യാർഥികളിൽ സൃഷ്ടിക്കേണ്ടതുണ്ട്.

ഗവേഷണം കേരളത്തിൽ

ഗവേഷണ മേഖലയിൽ കേരളത്തിലെ സ്ഥിതിഗതികൾ കോവിഡാനന്തരം മെച്ചപ്പെട്ടുവെന്നു പറയാതെ വയ്യ. രണ്ടാം എൽ ഡി എഫ് ഗവണ്മെന്റിന്റെ നേതൃത്വത്തിൽ ഗവേഷണ മേഖലയെ ലക്ഷ്യമാക്കി വന്ന പദ്ധതികൾ പലതും ക്രിയാത്മകമായിരുന്നു. ശാസ്ത്ര ഗവേഷണ മേഖലയിൽ യൂണിവേഴ്‌സിറ്റി സെന്ററുകളിൽ ഇൻസ്ട്രുമെന്റേഷൻ സൗകര്യങ്ങൾ ഉറപ്പു വരുത്താനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമെല്ലാം സക്രിയമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. 2018-ൽ പ്രവേശന ഘട്ടത്തിൽ റിസർച്ച് ഗ്രൂപ്പിനു സ്വന്തമായി ലബോറട്ടറി സ്‌പേസ് പോലുമില്ലാത്തയിടത്തു നിന്നും കാലക്രമേണ ലാബ് സൗകര്യവും പതിയെയെങ്കിലും മറ്റു ഇൻസ്ട്രുമെന്റുകളുടെ ലഭ്യതയുമുണ്ടായതിനെ കുറിച്ചുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിലെ സുഹൃത്തുക്കളുടെ അനുഭവങ്ങൾ ഇതിനു ദൃഷ്ടാന്തമാണ്. നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് അടക്കമുള്ള പദ്ധതികൾ ഗവേഷണ ബിരുദധാരികൾ കേരളം വിട്ട് ചേക്കേറാതിരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തതാണ്.

പക്ഷെ ഇത് താഴെത്തട്ടിലേക്കെത്തിക്കാൻ സാധിക്കാത്തത് ഇപ്പോഴും ഒരു പ്രതിസന്ധിയായി തുടരുന്നു. കോളേജുകൾ കേന്ദ്രീകരിച്ചുള്ള റിസർച്ച് സെന്ററുകളിലേക്ക് ഇത്തരം അടിസ്ഥാന സൗകര്യ വികസനം വളരേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റി സെന്ററുകളിൽ തന്നെ ഇത്തരം പദ്ധതികൾക്ക് തുടക്കമായിട്ടേയുള്ളൂ എന്നതിനാൽ താഴെത്തട്ടിലേക്കെത്തുക എന്നത് കാലതാമസമുള്ള പ്രക്രിയയാണ്. എന്ത് കൊണ്ടാണ് കേരളത്തിൽ ഗവേഷകർ (പ്രത്യേകിച്ചും ശാസ്ത്ര സാങ്കേതിക രംഗത്തുള്ളവർ) തുടരാത്തത് എന്നുള്ളതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഏറ്റവും മികച്ച സൗകര്യങ്ങളുണ്ടെന്നവകാശപ്പെടുന്ന ഗവേഷണ സ്ഥാപനങ്ങൾ പോലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളെയോ വിദേശത്തുള്ള സർവകലാശാലകളെയോ തട്ടിച്ചു നോക്കുമ്പോൾ റാങ്കിങ്ങിലും അടിസ്ഥാന സൗകര്യങ്ങളിലും വളരെ പിറകിലാണ് എന്നതാണ്.

നമ്മൾ വിഭാവനം ചെയ്ത ഗവേഷണ പദ്ധതി നടപ്പിലാക്കാൻ ഇവിടെ സൗകര്യമില്ല എന്ന തിരിച്ചറിവോ (ചിലപ്പോഴെങ്കിലും മുൻവിധിയോ) അവർക്ക് കേരളത്തിൽ തുടരുന്നതിന് വിലങ്ങുതടിയാകുന്നു. സാമ്പത്തിക ഭദ്രതക്കുറവും മറ്റൊരു ഘടകമാണ്. സംസ്ഥാന ഗവണ്മെന്റിനു കീഴിലുള്ള PhD/പോസ്റ്റ് ഡോക്ടറൽ പദ്ധതി പ്രകാരമുള്ള ഫെലോഷിപ്പുകൾ താരതമ്യേന കുറവാണെന്നതും ഒരു യാഥാർഥ്യമാണ്. വർക്ക് ചെയ്യുന്ന ലാബുകളിൽ കൃത്യമായ ഫണ്ടിങ്ങും ഉപകരണങ്ങളും ഇല്ലെങ്കിൽ ഈ ലഭിക്കുന്ന തുച്ഛമായ തുകയിൽ നിന്ന് അനാലിസിസിനും മറ്റുമായി പണം ചിലവാക്കേണ്ടിയും വരുന്നു. ഇത്തരം സാഹചര്യത്തിലാണ് ഗവേഷണ തല്പരരായ വിദ്യാർത്ഥികൾ കേരളവും, ഇന്ത്യ തന്നെയും ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. മാനവവിഭവ ശേഷി സംരക്ഷണം ലക്ഷ്യമാക്കുന്ന ഒരു സമൂഹം എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ സ്ഥിതിക്കും മാറ്റം വരേണ്ടതുണ്ട്.

പരിഹാരങ്ങൾ, പ്രതീക്ഷകൾ…

വിമർശനങ്ങൾ ഉന്നയിക്കുകയെന്നത് അത്യാന്താപേക്ഷിതമായിരിക്കെ തന്നെ സകല കാര്യങ്ങളിലും ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതോ സിസ്റ്റത്തെ ഇകഴ്ത്തുന്നതോ ഒരു ക്രിയാത്മക പരിഹാരമാവുന്നില്ല. മേൽ പറഞ്ഞവയിൽ അധ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസം അവകാശമായി അംഗീകരിക്കപ്പെട്ട ഒരു രാജ്യത്ത്, ദേശീയ വിദ്യാഭ്യാസ നയം പൂർണ അർഥത്തിൽ നടപ്പിലാവണമെങ്കിൽ യോഗ്യതയുള്ള അധ്യാപകർ ഉണ്ടായേ തീരൂ. സ്വകാര്യ മേഖലയിൽ അടിസ്ഥാന വേതനവും യോഗ്യതയും ഉറപ്പു വരുത്തുന്നതിനൊപ്പം എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കാൻ സർക്കാർ മുൻകൈ എടുക്കുകയും നിർബന്ധിത പണപ്പിരിവ് കർശനമായി നിർത്തലാക്കുകയും ചെയ്യുകയെന്നത് മാത്രമേ അതിനു പരിഹാരമായി ചൂണ്ടിക്കാട്ടാനുമുള്ളൂ.

കേവല ബിരുദത്തിൽ നിന്നും ഹോണേഴ്‌സ് ബിരുദത്തിലേക്കുള്ള വിപ്ലവാത്മകമായ ചുവടുമാറ്റത്തിന്റെ ഓരോ ഘട്ടത്തിലും ശക്തമായ സോഷ്യൽ ഓഡിറ്റിങ് ഉണ്ടാകണം. കോളേജുകളുടെ സമയക്രമത്തിലും ഇലക്റ്റീവുകൾ ഓഫർ ചെയ്യാനുള്ള തീരുമാനത്തിലും കാലോചിതമായ പരിഷ്‌കരണം വരേണ്ടതുണ്ട്. പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസ വിദഗ്ദരുടെയും ഇടപെടലുകൾ ഉണ്ടായാലേ ഉദ്ദേശിച്ച അർത്ഥത്തിൽ ഈ മാറ്റം ഇവിടെ നടപ്പിലാവൂ. ഗവേഷണ മേഖലയിൽ വിദ്യാർത്ഥികൾക്കായി നവീനമായ പദ്ധതികൾ ഗവണ്മെന്റ് വിഭാവനം ചെയ്യേണ്ടതുണ്ട്. PMRF പോലെയുള്ള ഫെല്ലോഷിപ്പ് സ്‌കീമുകൾ PhD തലത്തിലും നിലവിലുള്ള നവകേരള PDFന്റെ സമഗ്രമായ പരിഷ്‌ക്കരണം നടത്തിയുള്ള വേർഷൻ പോസ്റ്റ് ഡോക്ടറൽ മേഖലയിലും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്യേണ്ടതുണ്ട്.

പ്രഖ്യാപിച്ച ഫണ്ടുകൾ കാല താമസമില്ലാതെ വിദ്യാർഥികളിൽ എത്തിക്കാനും ഗവണ്മെന്റ് മുൻകൈ എടുക്കേണ്ടതുണ്ട്. നിലവിൽ യൂണിവേഴ്സിറ്റികളിൽ നടപ്പിലാക്കിത്തുടങ്ങിയ അടിസ്ഥാന വികസന പരിപാടികൾ താഴെത്തട്ടിലേക്കു കൂടെ വ്യാപിപ്പിക്കാൻ സാധിച്ചാൽ സമഗ്രമായൊരു ഭാവി ഗവേഷണ രംഗത്തും കേരളത്തിന് സ്വപ്നം കാണാവുന്നതാണ്.


Summary: Detail analysis of Problems and solutions of current Kerala higher education system. Dr Sachind Prabha analyses Four year ug program and other issues.


ഡോ. പി. സചിന്ത് പ്രഭ

ഡോ. പി. സചിന്ത് പ്രഭ മദ്രാസ് ഐഐടിയിലെ രസതന്ത്ര വിഭാഗത്തിൽ നിന്ന് PhD പൂർത്തിയാക്കി. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയാണ്.

Comments