വാദം പൊതുവിദ്യാഭ്യാസ സംരക്ഷണം, മക്കൾ അൺ എയ്​ഡഡിൽ

ഇടതുപക്ഷ രാഷ്ട്രീയാപചയത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായി, മന്ത്രിമാരും നേതാക്കളും മക്കളെ അണ്‍ എയ്​ഡഡ് വിദ്യാലയങ്ങളില്‍ ചേര്‍ക്കുന്നതിനെ ന്യായീകരിക്കാന്‍ പടച്ചുവിടുന്ന വ്യാജയുക്തികളുടെ നിജസ്ഥിതി എന്താണ്​?.

സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ പ്രവർത്തകരെ ആഹ്ലാദഭരിതരാക്കിയതും ലജ്ജിപ്പിച്ചതുമായ നിരവധി വാർത്തകൾ, ചിത്രങ്ങൾ, ട്രോളുകൾ, വിമർശനങ്ങൾ, അഭിവാദ്യങ്ങൾ എന്നിവ മാധ്യമങ്ങളില്‍ വരികയുണ്ടായി. സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ പൊതുവിദ്യാഭ്യാസത്തെ നയിക്കുന്ന മന്ത്രിമാരും നേതാക്കളും അവരുടെ മക്കളെയും കൊച്ചുമക്കളെയും പതിനായിരക്കണക്കിനു രൂപ ഫീസു കൊടുത്ത്​ പഠിക്കേണ്ടുന്ന സ്വകാര്യ- അണ്‍ എയിഡഡ്​- ഇന്റർനാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കുന്നതിനെ ചൊല്ലിയുള്ളതായിരുന്നു ഈ വര്‍ഷമുണ്ടായ മുഖ്യമായ വിമർശനങ്ങള്‍.

പൊതുവിദ്യാഭ്യാസരംഗത്തുള്ളവരുടെ ഉത്സാഹത്തെ ആദ്യദിനം തന്നെ കെടുത്തുന്ന വാർത്തകളായി അവ. തൊട്ടുപിറകെ അവരെ ആഹ്ലാദിപ്പിച്ചുകൊണ്ട്, ഇടതുപക്ഷത്തുതന്നെയുള്ള എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവര്‍ ‘പൊതുവിദ്യാഭ്യാസത്തിൽ പഠിപ്പിക്കുക എന്നത് ഇന്നൊരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്’ എന്ന് തുറന്നുപ്രഖ്യാപിച്ച്​ തൊട്ടടുത്തുള്ള പൊതുവിദ്യാലയത്തിലേക്ക് അവരുടെ കുഞ്ഞുങ്ങളുടെ കൈയും പിടിച്ച് വരുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വന്നു.

പ്രവേശനോത്സവ ദിവസം മകനൊപ്പം സ്കൂളിലെത്തിയ അനുഭവം പങ്കുവെക്കുന്ന വി. ശിവദാസൻ എം.പി
പ്രവേശനോത്സവ ദിവസം മകനൊപ്പം സ്കൂളിലെത്തിയ അനുഭവം പങ്കുവെക്കുന്ന വി. ശിവദാസൻ എം.പി

വ്യക്തിപരമായ കാര്യം വരുമ്പോള്‍ പൊതുവിദ്യാഭ്യാസമൊഴിവാക്കി കേള്‍വികേട്ട സ്വകാര്യ അണ്‍ എയിഡഡ് ഇന്റർനാഷണൽ സ്കൂളുകളെ അഭയം പ്രാപിക്കുന്ന നേതാക്കളുടെ ചെയ്തികളെ പരിഹസിച്ചും ആ നിലപാടിലെ ഇരട്ടത്താപ്പിനെ അങ്ങേയറ്റം വിമർശിച്ചും സാമൂഹികനിരീക്ഷകരും വിദ്യാഭ്യാസ പ്രവർത്തകരുമെല്ലാം എഴുതിയതിനെ ചെറിയ രീതിയിലെങ്കിലും ഇടതുപക്ഷപ്രവര്‍ത്തകര്‍ക്ക് ചെറുക്കാനായത് രാജ്യസഭാ എം.പിയായ വി. ശിവദാസനും കല്യാശ്ശേരി എം.എല്‍.എ എം. വിജിനും അടക്കം യുവജന നേതാക്കള്‍ പൊതുവിദ്യാഭ്യാസ ധാരയിലും കേരളത്തിന്റെ കരിക്കുലത്തിലും വിശ്വാസമര്‍പ്പിച്ചതാണ്.

നിശിതമായ സാമൂഹിക ഓഡിറ്റിംഗിന്റെ പരിധിയില്‍ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍കൂടി വരും എന്ന് മുന്‍പില്ലാത്തവിധം ആ വിമര്‍ശനങ്ങളും പൂച്ചെണ്ടുകളും ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

പൊതുവിദ്യാഭ്യാസത്തിനുവേണ്ടി പ്രവർത്തിക്കുകയും എന്നാൽ മക്കളെ കേന്ദ്രീയവിദ്യാലയങ്ങളിലും സ്വകാര്യ സി.ബി.എസ്. ഇ സ്കൂളുകളിലും അയക്കുകയും ചെയ്യുന്നയാളുകൾ ഇന്നലെവരെ ആത്മാഭിമാനത്തോടെ ആ കാര്യം പൊതുമണ്ഡലത്തിൽ പറയുവാൻ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പല സന്ദര്‍ഭങ്ങളില്‍ ആ യാഥാര്‍ത്ഥ്യം മറനീക്കി പുറത്തുവരുന്നുണ്ട്. ഉന്നതസ്ഥാനങ്ങളിലുള്ള ആളുകള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസരംഗത്തെതന്നെ ഇടതുപക്ഷ അധ്യാപക സംഘടനകള്‍ക്കും മറ്റു സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയധാര്‍മ്മികതയെ സംബന്ധിച്ച ചില അസ്വസ്ഥതകളും വിമ്മിട്ടങ്ങളും ഉണ്ടാക്കുമെന്നറിഞ്ഞ്​ ചില ബുദ്ധികേന്ദ്രങ്ങള്‍ അവയ്ക്കുള്ള ന്യായീകരണവും ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹാജരാക്കി. പൊതുവിദ്യാഭ്യാസത്തിനും മാതൃഭാഷയ്ക്കും വേണ്ടിനിലകൊള്ളുന്നവരെ പരിഹസിക്കുന്നതോടൊപ്പം അവര്‍ ചില സുപ്രധാന യുക്തികളും അതിനായി ഹാജരാക്കി. അവയെ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം:

  • ഒന്ന്: തന്റെ കുട്ടിക്ക് എന്തുതരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കേണ്ടത് എന്നത്​ രക്ഷകർത്താവിന്റെ തികച്ചും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അവർ പൊതുവിദ്യാഭ്യാസരംഗത്തോ സർക്കാർ മേഖലയിലോ ശമ്പളം പറ്റി ജീവിക്കുന്ന ആളാണെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകനാണെങ്കിലും.

  • രണ്ട്: കേരളത്തിലെ പൊതുവിദ്യാലയങ്ങൾ അത്ര പൊതുവല്ല. അവയിൽ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടുന്നു. അവിടെ യാതൊരു യോഗ്യതാമാനദണ്ഡങ്ങളുമില്ലാതെ വന്‍തുക കോഴകൊടുത്തു മാത്രമാണ് അധ്യാപകനിയമനം നടക്കുന്നത്. അങ്ങനെയുള്ള മാനേജ്മെൻറ് സ്കൂളുകളില്‍ കുട്ടികളെ ചേർക്കുന്നതും അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർക്കുന്നതും തമ്മില്‍ വലിയ അന്തരമൊന്നുമില്ല.

  • മൂന്ന്: മറ്റൊരു മേഖലയിലും സർക്കാർ സംവിധാനങ്ങളെ സ്വീകരിക്കാത്ത ആളുകൾ പൊതുവിദ്യാഭ്യാസത്തിന് മാത്രം വാശിപിടിക്കുന്നതിൽ കഴമ്പില്ല. കെ.എസ്.ആർ ടി.സി ബസിൽ മാത്രം യാത്ര ചെയ്യുകയും ബി. എസ്.എൻ.എൽ മാത്രം ഉപയോഗിക്കുകയും സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടുകയും ചെയ്യുന്ന ആളുകൾക്ക് മാത്രമേ പൊതു വിദ്യാലയ സംരക്ഷകരാകാനും പൊതുവിദ്യാലയത്തിനുവേണ്ടി വാദിക്കാനും യോഗ്യതയുള്ളൂ. മറ്റെല്ലാം വെറും വ്യാജപ്രകടനങ്ങളാണ്.

എളുപ്പം ആർക്കും ചേർന്നുനിൽക്കാൻ കഴിയുന്നത്രയും യുക്തിസഹമെന്നു തോന്നുന്ന ഈ വാദങ്ങളിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്നന്വേഷിക്കുകമാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

യഥാർത്ഥത്തിൽ ഈ വാദങ്ങൾ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ ചില വിപത്തുകളെ മറച്ചുവെക്കാന്‍ പടയ്​ക്കുന്ന നിർമ്മിതികൾ മാത്രമാണ്. ഇവിടെ കൃത്യമായി നിലനില്‍ക്കുന്നതും നാം ബോധപൂര്‍വ്വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതുമായ അതിഭീകരമായ സാമൂഹികാസമത്വത്തിന്റെ ആശയസംഹിതകളെ വെള്ളപൂശുകയാണ് തങ്ങള്‍ എന്നത് ഈ ന്യായീകരണത്തിനിടയില്‍ അവര്‍ മറന്നുപോകുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാന അടരുകളെത്തന്നെ ഛിന്നഭിന്നമാക്കിയും അതിനുവേണ്ടി വാദിക്കുന്ന ആളുകളുടെ കൂട്ടത്തെ ചിതറിച്ചും പൊതുവിദ്യാലയ സംരക്ഷണശ്രമങ്ങളെ റദ്ദ് ചെയ്യാന്‍ ഈ വ്യാജയുക്തിയിലൂടെ കഴിയുമെന്ന് ഇവര്‍ വിചാരിക്കുന്നു. പൊതുവില്‍ മണ്ടത്തരമാണതെങ്കിലും അവരുന്നയിക്കുന്ന വാദങ്ങളെ സൂക്ഷ്മമായി ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

രക്ഷകർത്താവിന്റെ സ്വാതന്ത്ര്യമാണ് കുട്ടിയെ എവിടെ ചേർക്കണം എന്നത്​ പരിശോധിച്ചുനോക്കാം. ഒറ്റക്കേള്‍വിയില്‍ അത് ശരിയാണല്ലോ! അത് ഭരണഘടനാപരമായ മൗലികമായ അവരുടെ അവകാശം കൂടിയാണ്. അയാൾ / അവൾ സർക്കാർ ജീവനക്കാരായാലും പൊതുവിദ്യാഭ്യാസ പ്രവർത്തകരായാലും. ഇത് അല്പംകൂടി സൂക്ഷ്മമാക്കി കുട്ടിയുടെ ഇഷ്ടമാണ് എന്ന നിലയിലും വാദിക്കുന്ന ആളുകളുണ്ട്. ‘‘ഞാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ കുട്ടിയെ ചേര്‍ത്തത് അവന്റെ / അവളുടെ ഇഷ്ടം മാത്രം നോക്കിയാണ് കേട്ടോ. കുട്ടികളുടെ സ്വാതന്ത്ര്യത്തെ നമ്മള്‍ മാനിക്കണമല്ലോ’’ എന്ന മട്ടില്‍.

എടനാട് വെസ്റ്റ് എല്‍പി സ്‌കൂളില്‍ മകനെ ചേര്‍ക്കാനെത്തിയ എം.വിജിന്‍ എം.എല്‍.എ.
എടനാട് വെസ്റ്റ് എല്‍പി സ്‌കൂളില്‍ മകനെ ചേര്‍ക്കാനെത്തിയ എം.വിജിന്‍ എം.എല്‍.എ.

യഥാർത്ഥത്തിൽ നമ്മുടെ ഇഷ്ടം, സ്വാതന്ത്ര്യം എന്നിവ പോലും പുതിയ കാലത്ത് ആരാല്‍ എങ്ങനെ നിശ്ചയിക്കപ്പെടുന്നതാണ് എന്നതിനെ സംബന്ധിച്ച ആശയവ്യക്തതയില്ലാത്ത ആളുകളൊന്നുമല്ല ഇതുയര്‍ത്തുന്നത്. ആഗോളമുതലാളിത്തമാണ് ഇന്ന് നമ്മുടെ ഇഷ്ടങ്ങളെ രൂപകല്‍പ്പനചെയ്യുന്നത് എന്ന് നമ്മെ പഠിപ്പിച്ചതവരല്ലേ? നമ്മുടെ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ, അഭിലാഷങ്ങളെ മാത്രമല്ല നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിധിയെപ്പോലും ഇന്ന് മുതലാളിത്തം സൂക്ഷ്മമായി സംവിധാനം ചെയ്തിരിക്കുന്നു. ഒരു ഷോപ്പിംഗ് മാളിലെ ഏറ്റവും മനോഹരവും വിലകൂടിയതുമായ പാക്കറ്റില്‍ വരുന്ന ഒരുല്‍പ്പന്നം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നപോലെ. ഈ ആഗോളതാല്പര്യത്തിന് കുഴലൂതുന്നവർക്ക് അവരുടെ മക്കളെ എവിടെയും ചേർക്കാം. അവർക്കതിൽ ലജ്ജ തോന്നേണ്ടകാര്യമില്ല. എന്നാല്‍ ഈ ആഗോള കച്ചവടതാത്പര്യത്തിനുപിന്നിലുള്ള രാഷ്ട്രീയം തിരിച്ചറിഞ്ഞവര്‍ക്ക് ആ സ്വാതന്ത്ര്യത്തെ എളുപ്പം ആഞ്ഞുപുൽകാനാവില്ല. ആ സ്വാതന്ത്ര്യം അരാഷ്ട്രീയമാണ്, സമൂഹവിരുദ്ധമാണ് എന്നാണ് നമ്മള്‍ ഇന്നലെവരെ പറഞ്ഞിരുന്നത്. സാമൂഹികമായ ഉത്കണ്ഠകള്‍ ഒട്ടും കയറാത്ത ശീതീകരിച്ച മുറികള്‍ മാളുകളുടെയും ഇത്തരം ഇന്റര്‍നാഷണല്‍ സ്കൂളുകളുടെയും സവിശേഷതയാണ്. അവിടെ കേരളം ഉണ്ടാക്കിയ കരിക്കുലമില്ല, കുട്ടിയിലും അവരുടെ അന്വേഷണങ്ങളിലും കേന്ദ്രീകരിച്ച ഒരു പഠനരീതിയില്ല. കേരളത്തിന്റെ സാമൂഹിക ജീവിതവുമില്ല.

ഇടതുപക്ഷ ഭരണമുള്ളപ്പോള്‍ അവസാനം നടത്തിയ പാഠ്യപദ്ധതി പരിഷ്കരണം കേരളം അഭിമുഖീകരിക്കുന്ന എട്ടു പ്രശ്നമേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു. അവയോരുന്നും ഒരുകൂട്ടം പ്രശ്നങ്ങളുടെ ക്ലസ്റ്ററുകളായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന ഹ്രസ്വകാലത്തും ദീര്‍ഘകാലത്തും പരിഹരിക്കേണ്ടുന്ന ആയിരക്കണക്കിന് പ്രശ്നങ്ങള്‍ ആ കരിക്കുലം നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ പട്ടികപ്പെടുത്തപ്പെട്ടിരുന്നു. അവയെയാണ് പലവിധ പരിഗണനകളാല്‍ എട്ടു മേഖലയില്‍ ചുരുക്കിയത്. ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ പാഠങ്ങളും പഠനപ്രവര്‍ത്തനങ്ങളും ചിട്ടപ്പെടുത്തിയിരുന്നത്. (അതിന്റെ ഫലപ്രാപ്തി മറ്റൊരു വിഷയമായതിനാല്‍ അങ്ങോട്ടുപോകുന്നില്ല) അതിനുള്ള ന്യായം കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ പരിഹരിക്കേണ്ടുന്ന തലമുറ ഈ കുഞ്ഞുങ്ങളാണ് എന്നതാണ്. അവരതറിഞ്ഞുകൊണ്ടാണ് വളരേണ്ടത്, വിദ്യാഭ്യാസം നേടേണ്ടത് എന്നാണ്. അതൊരു രാഷ്ട്രീയനിലപാടാണ്, എന്തൊക്കെ വിമര്‍ശിക്കാമെങ്കിലും.

ഏതു പബ്ലിക് സ്കൂളിലാണ് കേരളത്തിന്റെ കൃഷിയും പരിസ്ഥിതിയും സംസ്കാരവും ചരിത്രവും പഠിക്കപ്പെടുന്നത്? കുട്ടികള്‍ അവയന്വേഷിക്കുന്നത്? കണ്ടെത്തിയ വിവരങ്ങള്‍ പരസ്പരം പങ്കുവെക്കുന്നത്? പൊതുവിദ്യാഭ്യാസത്തില്‍ നിന്നും മാതൃഭാഷയില്‍ നിന്നും മാറ്റിനിര്‍ത്തുമ്പോള്‍ കേരളത്തിന്റെ ഈ മേഖലകളില്‍ നിന്നുകൂടിയാണ് നിങ്ങള്‍ കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്തുന്നത്. അവരെ നിങ്ങള്‍ ആഗോളവിപണിക്കായാണ് ഇപ്പോഴേ മാര്‍ക്കറ്റുചെയ്തിരിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങള്‍ അവര്‍ക്കുറപ്പാണ്.

പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ.എൽ.പി.സ്‌ക്കൂളിലേക്ക് മകളെ ചേർക്കാന്‍ എത്തിയ എം.ബി. രാജേഷ്, 2017 ലെ ചിത്രം / Photo : MB Rajesh, FB
പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ.എൽ.പി.സ്‌ക്കൂളിലേക്ക് മകളെ ചേർക്കാന്‍ എത്തിയ എം.ബി. രാജേഷ്, 2017 ലെ ചിത്രം / Photo : MB Rajesh, FB

ഏതു സ്കൂൾ തെരഞ്ഞെടുക്കണം എന്നതിനെ സംബന്ധിച്ച ആലോചനകൾ ഒരു രാഷ്ട്രീയ വിഷയമാണ്. ഒരു രാഷ്ട്രീയ ഉള്ളടക്കമാണ് അതിലുള്ളത് എന്നത് തിരിച്ചറിയപ്പെടുന്നില്ല. അതുകൊണ്ടാണ് ഇടതുപക്ഷത്തുനിന്നുതന്നെ പൊതുവിദ്യാഭ്യാസത്തിനൊപ്പം നിൽക്കുന്നവര്‍ക്ക് അതൊരു രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് ചിലരെ ഓര്‍മ്മിപ്പിക്കേണ്ടിവരുന്നത്. താന്‍ എം.പി യായിരിക്കുന്ന കാലത്ത് തനിക്കുള്ള ക്വാട്ടാ സീറ്റു പോലും സ്വീകരിക്കാതെ കേന്ദ്രീയവിദ്യാലയമുപേക്ഷിച്ച് പൊതുവിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ത്ത എം.ബി. രാജേഷിന്റെ പഴയ കുറിപ്പും ഈ ചര്‍ച്ചകള്‍ക്കിടയില്‍ പൊങ്ങിവരികയുണ്ടായി. അങ്ങനെ മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിച്ചതുകൊണ്ടാവണം ഈ ലേഖകന്‍ ഉന്നയിച്ച ഫോക്കസ് ഏരിയ വിഷയം മാധ്യമങ്ങളിൽ ചർച്ചയായപ്പോൾ എം.ബി. രാജേഷിന്റെ പങ്കാളി കൂടിയായ നിനിത കണിച്ചേരി എന്ന അധ്യാപിക സി. ബി.എസ്.ഇയുടെ റിസൾട്ടില്‍ അവർ അതിദ്രുതം വരുത്തിക്കൊണ്ടിരിക്കുന്ന ഫുള്‍ എ പ്ലസ് പ്രവണതയെ തുറന്നുകാട്ടി ലേഖനമെഴുതാന്‍ ആര്‍ജ്ജവം കാട്ടിയത്. അവരുടെ കുട്ടികൾ പൊതു വിദ്യാലയത്തിൽ പഠിക്കുന്നത് കൊണ്ടാണ് സി.ബി. എസ്.ഇയെ തുറന്നുകാട്ടാൻ അവർക്ക് ഉള്ളുപൊള്ളുന്നത്. അതവരുടെ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ കൂടി പ്രതിഫലനമാണ്.

സി.ബി.എസ്.ഇ സ്ട്രീമും പൊതുവിദ്യാഭ്യാസവും നേർക്കുനേർ ഏറ്റുമുട്ടേണ്ടി വരുമ്പോൾ നിങ്ങൾ ഏതുപക്ഷത്താണ് ഉണ്ടാവുക എന്നതിന്റെ മുൻപേ കൂട്ടിയുള്ള വെളിപ്പെടുത്തലാണ് നിങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും നിങ്ങൾ ഏതു വിദ്യാലയത്തിലാണ് ചേർക്കുന്നത് എന്നത്. പി.എസ്. സി അംഗമായിരിക്കെ മാതൃഭാഷക്കുവേണ്ടി വാദിക്കുമ്പോള്‍ അവിടെയുള്ള മറ്റംഗങ്ങള്‍ ആ വാദത്തെ എതിര്‍ത്തിരുന്നത് അവരുടെ മക്കളെല്ലാം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചതുകൊണ്ടായിരുന്നു എന്ന് അശോകന്‍ ചെരുവില്‍ എഴുതിയത് നമ്മള്‍ മറന്നുകൂടാത്തതാണ്. അതുകൊണ്ട് രക്ഷിതാക്കളുടെയും കുട്ടികളുടെയും സ്വാതന്ത്ര്യമാണ് തങ്ങളുടെ കുട്ടികളെ ഏത് വിദ്യാലയത്തിൽ ചേർക്കണം എന്നത് ഇടതുപക്ഷത്തെ ചിലരുടെ നിലപാടിനെ ന്യായീകരിക്കാന്‍ പറയുന്നത് അങ്ങേയറ്റം അശ്ലീലമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

തിരുവനന്തപുരം മലയൻകീഴ് ഗവ. വോക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. ശിവൻകുട്ടിയും / Photo : Pinarayi Vijayan, FB
തിരുവനന്തപുരം മലയൻകീഴ് ഗവ. വോക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. ശിവൻകുട്ടിയും / Photo : Pinarayi Vijayan, FB

രണ്ടാമത്തെ വാദം, പൊതുവിദ്യാലയങ്ങളിൽ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടുന്നു; അവിടെ മത്സരപരീക്ഷ എഴുതിയോ യോഗ്യതകൾ തെളിയിച്ചോ അല്ല അധ്യാപകരെ തിരഞ്ഞെടുക്കുന്നത്; കോഴ മാത്രമാണ് അധ്യാപക നിയമനത്തിന്റെ മാനദണ്ഡം, അവിടെ സംവരണം പാലിക്കപ്പെടുന്നില്ല എന്നിവയാല്‍ അവ പൊതുവിദ്യാലയങ്ങളല്ല എന്ന നിലയിലുള്ള പ്രചാരണമാണ്. ഇത് കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെ തമസ്കരിക്കുന്നതിനുള്ള എളുപ്പവഴിയാണ്. കേരളത്തിലെ ഉയർന്ന വിദ്യാഭ്യാസം എങ്ങനെയാണ് കേരളത്തിന്റെ ഇന്നു കാണുന്ന എല്ലാ വികസനങ്ങൾക്കും അടിത്തറയായത് എന്നത് നിരവധി പഠനങ്ങളാൽ തെളിയിക്കപ്പെട്ട ഒന്നാണ്. നമ്മുടെ സമ്പത്തികനിലയുടെ ഏറ്റവും അടിസ്ഥാന സ്രോതസായ വിദേശപണം വലിയ നിലയിൽ നേടിയെടുക്കുന്നതിന് സഹായകമായത് കേരളത്തില്‍ നേരത്തെതന്നെ ശക്തമായ പൊതുവിദ്യാഭ്യാസ സമ്പ്രദായമാണ്. പ്രഖ്യാതമായ കേരളാ മോഡലിന്റെ ഇന്ധനം അതാണ്‌. കേരളത്തിൽ പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടത് എങ്ങനെയാണ്? സർക്കാർ ഉടമസ്ഥതയിലാണോ കേരളത്തിന്റെ രൂപീകരണം മുതൽ ഇവിടെ വിദ്യാലയങ്ങൾ നടത്തപ്പെട്ടിരുന്നത്? സംഘടനകൾ, പ്രസ്ഥാനങ്ങൾ, വ്യക്തികൾ, സ്വാതന്ത്ര്യ സമരപോരാളികൾ, സാമൂഹികപ്രതിബദ്ധതയുള്ള കുടുംബങ്ങൾ ഇവരെല്ലാമാണ് ഈ നാട്ടില്‍ ഇന്നുകാണുന്ന വിദ്യാലയങ്ങളില്‍ ഒട്ടുമിക്കതും സ്ഥലവും കെട്ടിടവും കണ്ടെത്തി ആരംഭിച്ചിരുന്നത്. അതത് ദേശത്ത് വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ സർവ്വവിധ പിന്തുണയും നൽകിയിരുന്നു. ‘‘ഇനി നമുക്ക് വിദ്യാലയങ്ങളാണ് ആരംഭിക്കേണ്ടത്’’ എന്ന നാരായണഗുരുവിന്റെ കേരളത്തെ മാറ്റിതീർത്ത ആഹ്വാനവും ഓര്‍ക്കാം. അങ്ങനെ സ്ഥാപിക്കപ്പെട്ട കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളില്‍ എങ്ങനെയാണ് അധ്യാപകരെ നിയമിച്ചിരുന്നതെന്നും അവർക്ക് എങ്ങനെയാണ് വേതനം നൽകിയിരുന്നതെന്നും അതെങ്ങിനെ പിന്നീട് ഇന്നുകാണുന്ന രീതിയിൽ മാറിവന്നു എന്നുള്ളതും കേരളവിദ്യാഭ്യാസത്തിന്റെ മാത്രമല്ല കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെകൂടി ഭാഗമാണ്. സർക്കാർ ഖജനാവിൽ നിന്നും എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ ഇ. എം.എസ് മന്ത്രിസഭയുടെ കാലത്ത് തീരുമാനമെടുക്കുന്നതോടുകൂടിയാണ് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നവീനമായ ഒരുഘട്ടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഏറ്റവും മികച്ച അധ്യാപകരെ തങ്ങളുടെ സ്കൂളിലേക്ക് കണ്ടെത്തുക എന്നുള്ളതായിരുന്നു അക്കാലത്തെ സ്കൂൾ മാനേജ്മെന്റിന്റെ പ്രഥമപരിഗണന. ആ സ്കൂളുകൾ ദേശത്തെ മുഴുവൻ കുഞ്ഞുങ്ങളെയും വിദ്യാലയങ്ങളിലേക്ക് പലപ്രകാരത്തിൽ എത്തിക്കുകയും അവർക്ക് വിദ്യനൽകുകയും ചെയ്തു. ആ വിദ്യയിലൂടെമാത്രം അവർക്ക് എഴുന്നേറ്റുനിൽക്കാൻ ശേഷിയുണ്ടാവുകയും സാമൂഹികജീർണ്ണതകളോട് ഏറ്റുമുട്ടാൻ തന്റേടമുണ്ടാവുകയും ചെയ്തു. സർക്കാർ വിദ്യാലയങ്ങളെക്കാൾ ചിലപ്പോൾ ഈ പ്രക്രിയയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടാണ്ടാവുക കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങൾ ആയിരിക്കണം.

എന്നാൽ, പിൽക്കാലത്ത് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നുണ്ട്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം മാനേജ്മെൻറിന്​ കോഴ വാങ്ങിക്കാനുള്ള അവസരമായി മാറി. നാട്ടിലും മറുനാട്ടിലും പൊട്ടിമുളച്ച അധ്യാപക പരിശീലനകേന്ദ്രങ്ങളിൽ നിന്നുമുള്ള സർട്ടിഫിക്കറ്റുകളും വ്യാജസർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾ സ്കൂൾ മാനേജ്മെന്റുകളുടെ മുന്നിൽ വരിനിൽക്കാൻ ആരംഭിക്കുന്നതോടുകൂടി എയ്ഡഡ് സ്കൂളുകള്‍ കേരളത്തിലെ ഏറ്റവും വലിയ അഴിമതിയുടെ മറുപേരായി മാറി. കേരളത്തിൽ എണ്‍പതുകള്‍ മുതൽക്കെങ്കിലും ഈ പ്രവണത തിടംവെക്കുന്നുണ്ട്.

മാറിമാറിവരുന്ന കേരളത്തിലെ സർക്കാറുകൾ മത ജാതി പ്രീണനം വെച്ചും അതുവഴിയുള്ള കൃത്യമായ വോട്ടുബാങ്ക് രാഷ്ട്രീയത്തെ മുന്നിൽ കണ്ടും സ്കൂളുകൾ അനുവദിക്കുകയും ഭീമാകാരമായി വളർന്നുകൊണ്ടിരിക്കുന്ന അവിടുത്തെ കോഴയെ കാണാതിരിക്കുകയും ചെയ്തു. 90- ഓടെ കേരളത്തിൽ കോളേജുകളിൽ നിന്ന്​ പ്രീഡിഗ്രി ഡി-ലിങ്ക് ചെയ്തു സ്കൂളുകളോടുചേർത്ത് ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിക്കുന്നതോടെ ഈ കോഴ അതിന്റെ ഏറ്റവും ഭീകര രൂപം പ്രാപിക്കുന്നു. ഒരു സ്കൂളിന് പ്ലസ് ടു കൂടി ലഭിക്കുന്നതോടെ അവിടെ പത്തും ഇരുപതും അധ്യാപകനിയമനങ്ങള്‍ ഒറ്റയടിക്ക് നടക്കും എന്നതുകൊണ്ട് പ്ലസ്‌ ടു അനുവദിക്കുക എന്നത് പലതരത്തിലുള്ള കോഴയുടെയും അഴിമതിയുടെയും ഈജിയന്‍ തൊഴുത്തായി. പി.ജെ. ജോസഫ് വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോഴാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലസ് ടു കോഴ്സുകള്‍ അനുവദിക്കപ്പെട്ടത്.

എയ്ഡഡ് സ്കൂൾ അധ്യാപകനിയമനം പി.എസ്.സി ക്ക് വിടുക എന്ന മുദ്രാവാക്യത്തിന് കേരളത്തിൽ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അധ്യാപകസംഘടനകളും പൊതുസമൂഹവും ഈ കാര്യം പേരിനെങ്കിലും ഇക്കാലത്തെല്ലാം ആവശ്യപ്പെട്ടിരുന്നു. ഇവിടുത്തെ സർക്കാറുകള്‍ക്കെല്ലാം പക്ഷേ അതിൽ തൊടുമ്പോള്‍ കൈവിറക്കും. സ്വന്തം അക്കൌണ്ടില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന ജില്ലാ സഹകരണബാങ്കുകളിലെ നിയമനം പി.എസ്.സി ക്ക് വിടാനും പ്രാഥമിക സഹകരണ ബാങ്കിലെ നിയമനം സഹകരണ പരീക്ഷാബോര്‍ഡിനെ ഏല്‍പ്പിക്കാനുമുള്ള ധൈര്യം കോഴവാങ്ങി മാനേജര്‍ നിയമിക്കുകയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളംനല്‍കുകയും ചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകനിയമനം പി.എസ്.സിക്ക് വിടാന്‍ മതിയാകില്ല. അതൊന്നും ചെയ്യാത്ത സർക്കാറുകളുടെ കുഴലൂത്തുകാരാണ് ഇന്ന് അവിടെ കോഴയാണ് എന്ന് വിലപിച്ച്​ തങ്ങളുടെ ഭാഗം സംരക്ഷിച്ചെടുക്കുന്നത്.

ആത്യന്തികമായി നിങ്ങൾ പൊതുവിദ്യാലയത്തിനൊപ്പം നിൽക്കുകയും അവിടുത്തെ നിയമനങ്ങൾ ഏറ്റവും യോഗ്യതയുള്ള തരത്തിലാകാനുള്ള ഇടപെടലുകൾ നിരന്തരം രാഷ്ട്രീയമായും സാംസ്കാരികമായും നടത്തിക്കൊണ്ടിരിക്കുകയുമാണ് വേണ്ടത്. അപ്പോൾ നിങ്ങൾക്ക് ഭരണക്കാരോട് കലഹിക്കേണ്ടിവരും; എതിർക്കേണ്ടി വരും. അതിനുപകരം അത് നമ്മുടെയൊന്നും ഉത്തരവാദിത്തമല്ല എന്ന നിലയിൽ അതിൽനിന്നും മാറിനിന്ന് തങ്ങളുടെ സ്വകാര്യമായ താൽപര്യങ്ങൾ സംരക്ഷിക്കുന്ന, ‘വെടക്കാക്കി തനിക്കാക്കുന്ന’ പരിപാടി മാത്രമാണ് ഇവരുടെ ഇപ്പോഴത്തെ ഈ എയ്ഡഡ് സ്കൂള്‍ വിമര്‍ശനം എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

പൊതുവിദ്യാഭ്യാസത്തിനൊപ്പം നിൽക്കുന്ന ആളുകളെ ഛിന്നഭിന്നമാക്കുന്നതിനുള്ള മറ്റൊരു വ്യാജയുക്തിയാണ് മൂന്നാമത്തേത്. മറ്റെല്ലാ സേവനങ്ങളും നിങ്ങൾ സർക്കാരിന്റേതാണോ സ്വീകരിക്കുന്നത്? അല്ലല്ലോ, അതുകൊണ്ട് നിങ്ങൾക്ക് വിദ്യാഭ്യാസകാര്യത്തിൽ മാത്രം പൊതുവിനുവേണ്ടി വാദിക്കാൻ യോഗ്യതയില്ല. പൊതുവിദ്യാഭ്യാസം എന്നത് നിങ്ങൾ ഒരു മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്നതിന്റെയോ നിങ്ങളുടെ വാഹനത്തില്‍ പെട്രോളടിക്കുന്നതിന്റെയോ ലാഘവത്വത്തിൽ കാണേണ്ടുന്ന ഒന്നല്ല എന്ന് ആര്‍ക്കാണറിയാത്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു സര്‍ക്കാരിന്റെ ഏറ്റവും മുഖ്യമായ പദ്ധതികളില്‍ ഒന്നാകുന്നത് എന്തുകൊണ്ടാണ് എന്നെങ്കിലും ആലോചിക്കേണ്ടേ. അത് സ്കൂള്‍ അധ്യാപകരുടെ പോസ്റ്റ്‌നിലനിര്‍ത്താനുള്ള ഒരു തട്ടിപ്പുപരിപാടിയാണോ? അങ്ങിനെയല്ലേ ഇവിടുത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം അന്തര്‍ദേശീയ നിലവാരത്തിലേക്ക് അടുത്തത്.

പൊതുവിദ്യാഭ്യാസം എന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിലെ ‘പൊതു’ എന്ന വാക്കാണ്. ആ ‘പൊതു’ ഇവിടുത്തെ എല്ലാമനുഷ്യരെയും ഉൾക്കൊള്ളുന്ന ഒന്നാണ്. സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരടക്കം വന്നുചേരുന്ന ഇടമായി ക്ലാസ് മുറിയെ അത് സങ്കൽപ്പിക്കുന്നു. അതില്ലാത്തിടത്ത് എന്താണ് നടക്കുന്നത് എന്നതുകൂടി നമ്മൾ തിരിച്ചറിയണം. ഈ യുക്തിവെച്ച് പൊതുവിദ്യാലയത്തിൽ നിന്നും കുട്ടികളെ സ്വകാര്യവിദ്യാലയത്തിലേക്ക് അഭിമാനത്തോടുകൂടി കൈപിടിച്ചു നടത്താൻ നിങ്ങൾ ഒരാളെ മാനസികമായി പിന്തുണയ്ക്കുമ്പോൾ ആ കുഞ്ഞിനെ കുറേക്കാലം പിന്തുടരാൻകൂടി നിങ്ങൾ ബാധ്യസ്ഥരാണ്. അവൻ/ അവള്‍ അവിടെ രാവിലെ മുതൽ വൈകുന്നേരം വരെ കേൾക്കുന്ന പാഠങ്ങള്‍ എന്താണ്? ആരാണ് അവരുടെ സഹപാഠികൾ? എങ്ങനെയാണ് അവരെ മണ്ണിൽനിന്നും വേരില്‍ നിന്നും പറിച്ചുമാറ്റുന്നത്? എങ്ങനെയാണ് വികലമായ വിശ്വാസങ്ങളും ലക്ഷ്യങ്ങളും അവരില്‍ കുത്തിനിറക്കുന്നത്? അവരുടെ മറ്റെല്ലാ സിദ്ധികളെയും വാസനങ്ങളെയും മുരടിപ്പിച്ചുകളയുന്നതും അവരിൽ കരിയിറിസം മാത്രം വിദഗ്ധമായി പാകി മുളപ്പിക്കുന്നതും എങ്ങനെയാണ്? അവരിൽ അരാഷ്ട്രീയത കുത്തിനിറക്കുന്നതെപ്രകാരമാണ്? ഇതൊക്കെ നിങ്ങൾ കൺകുളിർക്കെ കാണേണ്ടതുണ്ട്. ഒരു കുഞ്ഞിനെ താന്‍ ജീവിക്കുന്ന സമൂഹവുമായി ബന്ധിപ്പിക്കാന്‍ അവിടെ ശക്തമായ പി.ടി.എ കളുണ്ടോ? പൊതുസമൂഹത്തിന്​ ആ വിദ്യാർത്ഥിയുടെ വളര്‍ച്ചയില്‍ ഇടപെടാന്‍ സാധിക്കുമോ? വിദ്യാർഥികൾ ഏതെങ്കിലും ഘട്ടത്തിൽ പൊതുസമൂഹത്തിന്റെ ചലനങ്ങളെ തിരിച്ചറിയുന്നുണ്ടോ? അവരുടെ പാഠ്യപദ്ധതി അതാവശ്യപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ പൊതുവിദ്യാലയങ്ങളിൽനിന്ന് സ്വകാര്യവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അടർത്തിമാറ്റുന്നതില്‍ അല്ലെങ്കില്‍ പൊതുവിദ്യാഭ്യാസം ഒഴിവാക്കി കുഞ്ഞിനെ സ്വകാര്യത്തില്‍ ചേര്‍ക്കാനാഗ്രഹിക്കുന്ന ഒരു രക്ഷിതാവിനുള്ള സൈദ്ധാന്തികമായ പിൻബലം നല്‍കുന്നതില്‍ തെറ്റില്ല. പൊതു- സ്വകാര്യ വിദ്യാലയങ്ങള്‍ ഏറ്റുമുട്ടി പരസ്പരം വളരട്ടെ എന്ന മുതലാളിത്ത സിദ്ധാന്തത്തിന്റെ നടുക്കഷണം നിങ്ങൾക്ക് രുചിയോടെ ഭക്ഷിക്കാം.

പഠനം എന്നത് ഒരു സുപ്രഭാതത്തില്‍ ഏതോ ഒരു സ്കൂളില്‍ /ക്ലാസ് മുറിയില്‍ എത്തിയ എല്ലാ കുട്ടികളും ഒരു കൂട്ടയോട്ടത്തില്‍ എന്നപോലെ ഒരു ബെല്ലോടുകൂടി ആരംഭിക്കുന്ന ഒന്നല്ല. അത് വലിയ സാമൂഹിക സാംസ്കാരിക പിൻബലത്തിന്റെ ഉപോൽപ്പന്നം മാത്രമാണ്. ഈ സാമൂഹിക സാംസ്കാരിക പിൻബലമാണ് ഒരാളെ പഠനത്തിൽ മുന്നിലോ പിന്നിലോ പലപ്പോഴും എത്തിക്കുന്നത്. സമൂഹത്തിന്റെ ഏറ്റവും ദുർബലവിഭാഗത്തിൽപ്പെട്ട, ഒരു സാംസ്കാരിക മൂലധനവും ഇല്ലാത്ത ഒരു കുഞ്ഞ് പഠനത്തില്‍ ഉയരെ എത്തണമെങ്കില്‍ അവന്‍ / അവള്‍ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ ഉന്നതിയിൽ നിൽക്കുന്ന ഒരു കുഞ്ഞിനേക്കാളും എത്രയോ ഇരട്ടി കഷ്ടപ്പെടണം എന്നത് നിസ്തര്‍ക്കമാണ്. നിലവിലെ സ്ഥിതിയെന്തെന്നാല്‍, ഈ സാമൂഹിക സാംസ്കാരിക സാമ്പത്തിക പിൻബലമുള്ള ആളുകളെല്ലാം പൊതുവിദ്യാലയങ്ങളിൽ നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്. അവർക്കായി വലിയ കോർപ്പറേറ്റ് കമ്പനികൾ അവരുടെ ആഗോള സ്റ്റാന്‍ഡേര്‍ഡ് ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമങ്ങളിലടക്കം സ്ഥാപിക്കാനൊരുങ്ങുന്നു. അപ്പോൾ നിങ്ങൾ ചിലപ്പോൾ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ വാദഗതികൾ റദ്ദാക്കുന്നത് കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ നിലനിൽപ്പിന്റെ അടിസ്ഥാനമായ പൊതുവിദ്യാലയങ്ങളെയാണ്. അതിന്റെ സാമൂഹിക ബന്ധങ്ങളെയാണ്. ആഴത്തിലും പരപ്പിലും അത് കേരളീയ പ്രകൃതിയോടും സംസ്കാരത്തിലേക്കും ഇറക്കിയ വേരുകളെയാണ്. അങ്ങിനെ വേരില്ലാത്ത ഒരു ജനതയെ സൃഷ്ടിക്കാനാകുന്നു നിങ്ങൾ ഇപ്പോൾ വളരെ ചെറിയ ലക്ഷ്യങ്ങൾക്ക് വേണ്ടി സ്വരുക്കൂട്ടിയെടുക്കുന്ന ഈ വാദങ്ങളും യുക്തികളും എന്നുമാത്രം ഓർമ്മിപ്പിക്കട്ടെ.

Comments