പ്ലസ് ടു: മലബാറിന് ഇത്തവണയും'സപ്ലി'

പ്ലസ് വണ്ണിന്റെ മൂന്നാം അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ മലബാര്‍ മേഖലയിലെ ആറ് ജില്ലകളില്‍ ആവശ്യമുള്ളത് 43,410 സീറ്റ്. ഏറ്റവും സീറ്റു ക്ഷാമം മലപ്പുറം ജില്ലയിലാണ്. ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചത് 67,832 വിദ്യാര്‍ഥികളാണ്. ഇതില്‍ 46,049 പേരും മലബാര്‍ ജില്ലക്കാരാണ്. സീറ്റ് ലഭിക്കാത്ത അപേക്ഷകരുടെ 67.88 ശതമാനവും മലബാറില്‍നിന്നുള്ളവരാണ് എന്നാണ് ഈ കണക്ക് കാണിക്കുന്നത്. സീറ്റ് ലഭിക്കാത്ത ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറത്താണ്; 19,710 പേര്‍. ഇത്, ആകെ സീറ്റ് ലഭിക്കാത്തവരുടെ 29 ശതമാനം വരും.

2000 മുതലാണ് മലബാറില്‍ പ്ലസ് ടു സീറ്റ് ക്ഷാമം തുടങ്ങുന്നത്. ഓരോ വര്‍ഷം ചെല്ലുംതോറും അത് രൂക്ഷമായി വന്നു. അതിനുശേഷം വന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാറുകളൊന്നും ഈ വിഷയം കണ്ടില്ലെന്നു നടിച്ചു. മലബാറിനോടുള്ള അവഗണനയുടെ രണ്ടു പതിറ്റാണ്ടിന്റെ ചരിത്രമെടുത്താല്‍, ഈ കാലയളവില്‍ സംസ്ഥാനം ഭരിച്ച ഇരുമുന്നണികള്‍ക്കും, ഈ അനീതിയില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

മുന്‍ വര്‍ഷങ്ങളിലേതുപോലെ, മൂന്ന് അലോട്ടുമെന്റുകളും കഴിഞ്ഞ്, സപ്ലിമെന്ററി അലോട്ടുമെന്റിലേക്ക് നീളുന്ന ഈ പ്രശ്‌നത്തിന് ഇത്തവണയും സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്, പ്രതിഷേധങ്ങള്‍ തണുപ്പിക്കാനുള്ള കണ്‍കെട്ട് വിദ്യയാണ്. അതിന്റെ ഇരകളാകട്ടെ, വിദ്യാഭ്യാസപരമായി പിന്നാക്കമാക്കപ്പെട്ട ഒരു മേഖലയില്‍നിന്ന്, വെല്ലുവിളികള്‍ അതിജീവിച്ച് മുന്നോട്ടുവരുന്ന ഒരു തലമുറയാണ്.

Comments