മെെത്രേയൻ

വീടിനകത്തല്ല, സ്​കൂളി​ലെത്തുന്ന കുഞ്ഞുങ്ങളിലാണ്​ പരിഹാരമുള്ളത്​

വീടിനകം പെട്ടെന്ന് മാറ്റാനുള്ള ഒരു മെക്കാനിസം ലോകത്ത് വികസിപ്പിക്കാൻ കഴിയില്ല. കാരണം ഓൾറെഡി ഫോം ചെയ്ത മനുഷ്യരാണതിനകത്തുള്ളത്. വീടിനകത്തുനിന്ന് സ്‌കൂളിലെത്തുന്ന കുഞ്ഞുങ്ങൾ വഴിയാണ് യഥാർത്ഥത്തിൽ സൊല്യൂഷൻസ് ഉള്ളത്

മനില സി. മോഹൻ: ലിംഗ നീതിയെപ്പറ്റി, തുല്യനീതിയെപ്പറ്റി, കുടുംബത്തിനകത്തെ സ്ത്രീ ജീവിതങ്ങളെപ്പറ്റിയൊക്കെ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. സ്ത്രീധനം, അതിന്റെ പേരിലുള്ള ആത്മഹത്യ, ഉപദ്രവങ്ങൾ, കൊലകൾ ഒക്കെ നടക്കുന്നു. സർക്കാർ പ്രതികരണങ്ങൾ ഉണ്ടാകുന്നു. പക്ഷേ വീടുകൾക്കകത്തു നിന്നല്ലാതെ ഒരു സാമൂഹിക മാറ്റം മുകളിൽനിന്ന് താഴേയ്ക്ക് സാധ്യമാവുമോ? അടിസ്ഥാന പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യേണ്ടതില്ലേ?

മൈത്രേയൻ: ഇപ്പോൾ നമ്മൾ നിൽക്കുന്ന അവസ്ഥ, തെരഞ്ഞെടുക്കപ്പെട്ട അഞ്ചുവർഷത്തെ ഗവൺമെൻറിനെയൊക്കെ മുൻനിർത്തിയുള്ള അവസ്ഥയിൽ നോക്കിയാൽ ‘മേയ്​ക്ക്​ ഷിഫ്റ്റ് അറേഞ്ച്‌മെൻറ്​' എന്ന നിലയ്ക്കുള്ള കാര്യങ്ങളേ ചെയ്യാൻ കഴിയൂ. ഈ വിഷയം ഒരു ഗവൺമെൻറുതലത്തിൽ നിന്നുകൊണ്ടുമാത്രം ചെയ്യാവുന്നതല്ല. ഗവൺമെൻറ്​ എന്നുപറയുമ്പോൾ അഞ്ച് വർഷത്തേയ്ക്കുള്ള ഗവൺമെൻറ്​ എന്നാണർത്ഥം. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം 70 വർഷമായെങ്കിലും അത്തരത്തിലുള്ള വിദ്യാഭ്യാസം കൊടുക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതൊരു യാഥാർഥ്യമാണ്. ചോദ്യത്തിൽത്തന്നെ നിങ്ങൾ പറയുന്നുണ്ട്, വീടിനകം മാറാതെ എങ്ങനെ എന്ന്. വീടിനകം പെട്ടെന്ന് മാറ്റാനുള്ള ഒരു മെക്കാനിസം ലോകത്ത് വികസിപ്പിക്കാൻ കഴിയില്ല. കാരണം ഓൾ റെഡി ഫോം ചെയ്ത മനുഷ്യരാണതിനകത്തുള്ളത്. നമ്മുടെ അമ്മയച്ഛന്മാർ. അവരെല്ലാം രൂപപ്പെട്ടു കഴിഞ്ഞവരാണ്. എന്നു വെച്ചാൽ കതിരായി കഴിഞ്ഞവർ. വീടിനകത്തുനിന്ന് സ്‌കൂളിലെത്തുന്ന കുഞ്ഞുങ്ങൾ വഴിയാണ് യഥാർത്ഥത്തിൽ ഇതിൽ സൊല്യൂഷൻസ് ഉള്ളത്. ആ സൊല്യൂഷൻസ് നമുക്ക് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിന് കാരണം ബ്രിട്ടീഷുകാർ ഇരുന്ന കാലത്താണ് സ്‌കൂളുകൾ ആരംഭിച്ചത് എന്നതാണ്. രാജാക്കന്മാർ ഇരുന്ന കാലത്ത് തന്നെയാണ് ആണ് സ്‌കൂളുകൾ ആരംഭിച്ചത്. ബ്രിട്ടീഷുകാരുണ്ടാക്കിയ സ്‌കൂളുകളുടെ മോഡലാണ് രാജാക്കന്മാർ ഉപയോഗിച്ചത്.

ജോലി കിട്ടുക എന്നല്ലാതെ പ്രജാ ബോധത്തിൽ നിന്ന് പൗരബോധമുണ്ടാവുന്ന ക്വാളിറ്റേറ്റീവ് ആയ ഒരു വിദ്യാഭ്യാസം കൊടുക്കാൻ ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല.

ഒരു രാജ്യത്തിനകത്തെ ജനതയെ മറ്റൊരു ജനത കോളനിവൽക്കരണം ചെയ്ത്, ആ കോളനിവൽക്കരണത്തിന് സഹായകരമായ ജോലിക്കാരെ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ആശയസംഹിത മാത്രമായി ചുരുക്കപ്പെട്ട ചെയ്യപ്പെട്ട ഒരു ദിവസമാണ്, മെക്കാനിസം ആണ്, നമ്മുടെ രാജ്യങ്ങളിലുണ്ടായ സ്‌കൂളുകൾ എല്ലാം. ഇവിടെ ഭരിക്കുന്നവരുടെ കയ്യാളാവുക എന്ന യുക്തിക്കനുസൃതമായിട്ടാണ് മുഴുവൻ സ്‌കൂളുകളും കോളേജുകളും ഉണ്ടായത്. ഏഴാം ക്ലാസും പത്താം ക്ലാസും കഴിഞ്ഞാൽ ജോലി കിട്ടുമെന്ന യുക്തിക്കുപുറത്ത് വേറൊരു യുക്തിയുമില്ല. ജോലി കിട്ടുക എന്നല്ലാതെ പ്രജാ ബോധത്തിൽ നിന്ന് പൗരബോധമുണ്ടാവുന്ന ക്വാളിറ്റേറ്റീവ് ആയ ഒരു വിദ്യാഭ്യാസം കൊടുക്കാൻ ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല. അതുകാരണം വീടുകളിൽ ജനിച്ചു വളരുന്നവർ, അവർ സ്വാഭാവികമായി ജാതിയിലോ മതത്തിലോ പ്രജാബോധമുള്ളവരായി മാറും. അതാണ് സംഭവിച്ചത്.

സ്‌കൂളുകളിൽ നിന്ന് സിവിൽ റൈറ്റ്‌സിന്റെ യുക്തികളുള്ള പൗരബോധ മൂല്യങ്ങൾ കുട്ടികൾക്ക് ലഭ്യമാവണം. അങ്ങനെ ചെയ്യുന്നതു വഴിയേ വീട് നവീകരിക്കപ്പെടുകയുള്ളൂ. / Photo: Wikimedia Commons

സമുദായ സ്‌കൂളുകളാണ് വീണ്ടും ആരംഭിച്ചത്. രാജാവിന്റെ സ്‌കൂളുകൾ ഗവൺമെൻറ്​ സ്‌കൂളുകളായി മാറി. പക്ഷേ ബാക്കി സ്‌കൂളുകളെല്ലാം ജാതിസംഘടനകളുടെ എക്സ്റ്റൻഷൻസ് ആയിട്ടാണ് വന്നത്. ഈ രണ്ട് തരത്തിലും നിലനിൽക്കുന്ന സ്‌കൂളുകൾ എന്നുപറയുന്നത് ജോലിക്കാരെ ഉണ്ടാക്കുക, സമുദായ ഉദ്ധാരണത്തിന് കാരണമാവുക എന്ന യുക്തിയ്ക്കപ്പുറത്തേക്ക് പോയിട്ടില്ല. അങ്ങനെ പ്രജാബോധത്തിൽ നിന്ന് പൗരബോധത്തിലേക്ക് ഒരിക്കലും ഒരുക്കിയെടുക്കാൻ കഴിയാതെ പരീക്ഷയെഴുതുന്നവരേയും ജോലിക്കാരെയും സൃഷ്ടിക്കുന്ന പണിയാണ് അധ്യാപകർ ചെയ്തിട്ടുള്ളത്. സാർ എന്ന് വിളിപ്പിച്ചു. സാർ പറയുന്നതിനപ്പുറം ഒരക്ഷരം എഴുതിയാൽ മാർക്ക് കുറയ്ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും പരീക്ഷയുമാണ് ഉള്ളത്. വേറൊന്നും പഠിച്ചൂടാ, ആലോചിച്ചൂടാ. ഞങ്ങൾ പറയുന്നത് ഹൃദിസ്ഥമാക്കണമെന്ന്. എങ്ങനെയാണോ പണ്ട് വാമൊഴിയായി പഠിപ്പിച്ചിരുന്നത്, ആ യുക്തിയ്ക്ക് പുറത്തേയ്ക്ക് വിദ്യാഭ്യാസത്തെ കൊണ്ടുപോകാൻ കഴിഞ്ഞിട്ടേയില്ല. അതുകൊണ്ടാണ് എല്ലാവരും ഡോക്ടറും എഞ്ചിനീയറും ആകാൻ തിരക്കുകൂട്ടിയത്.

ജാതി ഘടനയ്ക്കകത്ത് മേൽത്തട്ടിലെത്തുന്നതിനാണ്, അല്ലാതെ മേലും കീഴുമില്ലാത്ത സമൂഹം രൂപപ്പെടുന്നതിനുള്ള യുക്തിയിലല്ല, സമരങ്ങൾ മുഴുവൻ ഉണ്ടായത്. ഡോ. പൽപുവിന്റെതായാലും നാരായണ ഗുരുവിന്റെതായാലും മേൽത്തട്ടിലെത്തുന്നതിനാണ്, അല്ലെങ്കിൽ ബ്രാഹ്‌മണരാവുന്നതിനാണ്.

20- 25 വർഷം പഠിപ്പിച്ചു കഴിഞ്ഞാൽ നമ്മൾ തൊഴിലില്ലാത്ത ആൾക്കൂട്ടത്തെയാണ് ജനിപ്പിക്കുന്നത്. അല്ലാതെ അവർക്ക് തന്നത്താൻ എന്തെങ്കിലും ചെയ്യുന്നതിന് പ്രാപ്തമാക്കാനുള്ള യുക്തിയില്ല. ജോലിക്കാർക്കുവേണ്ടിയാണ് ഈ സ്‌കൂളുകളുണ്ടായത്, കോളനിവത്കരണത്തിലൂടെ രൂപപ്പെട്ടതാണ്​, അങ്ങനെയാണ്​ ജാതിയ്ക്കും ജാതി സംഘടനകൾക്കും അകത്തു കൂടെ സമൂഹത്തിന്റെ മേൽത്തട്ടിലേക്ക് യാത്ര ചെയ്യുന്നവരുണ്ടായത്. അല്ലാതെ പൗരബോധമുണ്ടാവുന്നവർ എന്നല്ല. സമരങ്ങൾ മുഴുവൻ നോക്കിക്കോള്ളൂ. ജാതി ഘടനയ്ക്കകത്ത് മേൽത്തട്ടിലെത്തുന്നതിനാണ്, അല്ലാതെ മേലും കീഴുമില്ലാത്ത സമൂഹം രൂപപ്പെടുന്നതിനുള്ള യുക്തിയിലല്ല, സമരങ്ങൾ മുഴുവൻ ഉണ്ടായത്. ഡോ. പൽപുവിന്റെതായാലും നാരായണ ഗുരുവിന്റെതായാലും മേൽത്തട്ടിലെത്തുന്നതിനാണ്, അല്ലെങ്കിൽ ബ്രാഹ്‌മണരാവുന്നതിനാണ്. അധികാര ശ്രേണികളിൽ എത്തിപ്പെടുന്നതിനുള്ള യുക്തികൾക്കപ്പുറത്തേയ്ക്ക് അത് എത്തിയിട്ടേയില്ല.

പൗരബോധം ഉണ്ടാവുന്ന വിദ്യാഭ്യാസം ലഭിക്കാതെ, കഴിഞ്ഞ 70 വർഷം കഴിഞ്ഞു പോയതുകൊണ്ടാണ് മോദിയെപ്പോലുള്ള ആൾക്കാരെ തെരഞ്ഞെടുക്കുന്ന ആളുകൾ ഉണ്ടാവുന്നത്. അതുകൊണ്ടാണ് മോദി ക്ഷേത്രം വെയ്ക്കാൻ പോകുന്നത്. ഗോത്രവർഗക്കാരെ രാജാവിന്റെ പ്രജകളാക്കി മാറ്റിയ പണിയാണ് മതത്തിനകത്തു കൂടിയും ആ തരത്തിലുള്ള വിദ്യാഭ്യാസത്തിനകത്തു കൂടിയും സംഭവിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഭരണഘടന എന്നുപറയുന്ന ഒരു ഗംഭീര സംഭവമാണ് നമുക്ക് കിട്ടിയത്. വികസിത സമൂഹത്തിനകത്ത് പഠിക്കപ്പെട്ടതായ ആളുകൾ, അംബേദ്കറും നെഹ്‌റുവുമുൾപ്പെടെയുള്ള ആൾക്കാർ അതുപോലുള്ള വിദ്യാഭ്യാസം നേടിയതുകൊണ്ടാണ് ജനാധിപത്യ സംസ്‌കാരത്തിന്റെ ബോധമുള്ള ഒരു ഭരണഘടന നമുക്ക് കിട്ടിയത്. പക്ഷേ ഇവിടെ ഒരിക്കലും അത്തരം സ്‌കൂൾ ആരംഭിച്ചിട്ടില്ല. ഗാന്ധിയുൾപ്പെടെ ഇംഗ്ലണ്ടിൽ പഠിച്ചതുകൊണ്ടാണ് ജനാധിപത്യ ബോധമുണ്ടാവുന്നത്. പക്ഷേ ഇംഗ്ലീഷുകാർ ഇവിടെ തുടങ്ങിയ സ്‌കൂൾ അതല്ല. ഇംഗ്ലണ്ടിലുണ്ടായ ജനാധിപത്യ ബോധമുള്ളവർ ആരംഭിച്ചിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോലും ഉണ്ടായത്, ഇന്ത്യക്കാരാരംഭിച്ചതല്ല, ഹ്യൂമും ആനി ബെസന്റും ഒക്കെ ചേർന്ന് ആരംഭിച്ചതാണ്. ജനാധിപത്യ സംസ്‌കാരമുള്ള ഇംഗ്ലണ്ടിലുള്ളവർ, ബ്രിട്ടീഷുകാർ ഇന്ത്യയിലുള്ളവരോട് മോശമായി പെരുമാറുന്നു എന്നുകണ്ട്, അവരാരംഭിച്ച ജനാധിപത്യ പൗരബോധമാണ് ഈ സമരമായി മാറിയത്. ഇവിടെ പഠിച്ച ആർക്കും ആ പൗരബോധം ഉണ്ടായിട്ടില്ല. അവർ ഗാന്ധിയെയും നെഹ്‌റുവിനെയും ആരാധിക്കുന്നവരായിട്ടാണ് മാറിയത്.

കേരളത്തിന്റെ സാഹചര്യത്തിൽ നോക്കിയാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രത്തോളം മാറേണ്ടതുണ്ട്? കരിക്കുലം, സിലബസ്, ഭാഷ, രീതികൾ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ സമഗ്ര മാറ്റം ആവശ്യമുണ്ട്. പ്രത്യേകിച്ച് ജെൻഡർ സെൻസിറ്റിവിറ്റിയെക്കുറിച്ചുള്ള അവബോധമൊക്കെ സ്‌കൂളുകളിൽ സാധ്യമാക്കുന്നതെങ്ങനെയാണ്?

കേരളത്തിനകത്തുനിന്ന് മാത്രം ഈ വിഷയം ചർച്ച ചെയ്യാനാവില്ല. കേരളത്തിന്റെ ഫാക്ടറികളാണ് നമ്മുടെ സ്‌കൂളുകൾ. ഇവിടെ നിന്ന് മനുഷ്യവിഭവമാണ് കയറ്റി അയയ്ക്കപ്പെട്ടത്. അവരയയ്ക്കുന്ന കാശു കൊണ്ടാണ് കേരളം നിലനിൽക്കുന്നത്. അതു കൊണ്ട് താരതമ്യേന ജനാധിപത്യം ഉണ്ടെന്ന് തെറ്റിദ്ധരിക്കുന്ന സ്ഥലമാണ്. നമ്മൾ തൊഴിലാളികളെയേ ഉണ്ടാക്കിയിട്ടുള്ളൂ. അതുകൊണ്ടാണ് ഇത്രയധികം തൊഴിലാളികളായ സ്ത്രീകൾ, പഠിച്ചിട്ടും പൗരബോധമുള്ളവരായി മാറിയിട്ടില്ലാത്തത്. ഇതിനെ അഡ്രസ്സ് ചെയ്യാൻ ഒന്നും ചെയ്തിട്ടില്ല. ഇപ്പോഴും പിണറായി വിജയന്റെ സ്‌കൂൾ- കോളേജ് നവീകരണം എന്നുപറയുന്നത് കതിരിന് വളം വെയ്ക്കുന്ന പരിപാടികളാണ്. ക്ലാസ് റൂമിനകത്ത് ക്യാമറ വെച്ച് ഇന്റർനെറ്റിലൂടെ ഈ ക്ലാസ് വീട്ടിലെത്തിച്ചാലൊന്നും ഓൺലൈൻ വിദ്യാഭ്യാസം ആകത്തില്ല. ഓൺലൈൻ വിദ്യാഭ്യാസം ആകണമെങ്കിൽ ബി.ബി.സി ഡോക്യുമെന്ററികൾ പോലുള്ളവ പഠിപ്പിക്കാൻ തുടങ്ങണം. ഓഗ്​മെൻറഡ്​ റിയാലിറ്റിയിലും വെർച്വൽ റിയാലിറ്റിയിലുമുള്ള ക്ലാസ് റൂം സിലബസുണ്ടാവണം. നമുക്ക് ഒന്നും രണ്ടും നാലും അഞ്ചും ക്ലാസുകളല്ല വേണ്ടത്. മൂന്നാമത്തെ വയസ്സിൽ ഇവിടത്തെ അംഗനവാടിയിൽ കിട്ടുന്ന കുട്ടികളാണ്. നൂറു ശതമാനം പേരും ക്ലാസ് റൂമിൽ വരുന്നതാണ് കേരളമെന്ന സ്റ്റേറ്റ്. അവരെ തൊഴിലാളികളാക്കുന്ന പണി തന്നെ ചെയ്യിച്ചു കൊണ്ടിരിക്കുന്നതുകൊണ്ടാണ് വിദ്യാഭ്യാസം മാറാത്തത്. അതിനു പകരം മൂന്നാം വയസ്സു തൊട്ട് പന്ത്രണ്ട് - പതിമൂന്ന് വയസ്സുവരെ ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളും പരിചയപ്പെടുത്തുന്ന എക്‌സ്‌പോഷർ എഡ്യുക്കേഷൻ- (ഇതിന് വേറെ നല്ല വാക്കുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂടാ) പരിചയപ്പെടുത്തൽ വിദ്യാഭ്യാസം- ഉണ്ടാവണം. ഈ കുഞ്ഞുങ്ങൾക്ക് സ്വാഭാവികമായി കിട്ടിയിട്ടുള്ള ജനിതകമായ വശങ്ങൾ ഏതാണെന്ന്, താത്പര്യങ്ങൾ ഏതാണെന്ന് കണ്ടെത്തുന്നതിനാണ് ശ്രമിക്കേണ്ടത്.

മെെത്രേയൻ

അധ്യാപകരെയല്ല, ഗൈഡ്‌സിനെയാണ് വേണ്ടത്. മോണിറ്റർ ചെയ്യുകയും ഗൈഡ് ചെയ്യുകയും ചെയ്യുന്നവർ. ഇപ്പോഴുള്ള സ്‌കൂളുകളെല്ലാം ആൾക്കാർക്ക് താമസിക്കാൻ കൊടുക്കാം. സോഷ്യലൈസേഷനാണ് ആകെ സ്‌കൂളിൽ ആവശ്യമുള്ളത്. കാടെന്ന് പറഞ്ഞാൽ കാട്ടിൽ പോകാനാണവരെ സഹായിക്കേണ്ടത്. കടലെന്ന് പറഞ്ഞാൽ കടല് കാണാൻ. അത് ശരീരം കൊണ്ടു തന്നെ പോകണമെന്നില്ല. വെർച്വൽ റിയാലിറ്റിയിൽ മതി. ഡീസെൻട്രലൈസ് ചെയ്ത ക്ലാസ് റൂമുകൾ ഉണ്ടാക്കണം. അവിടെ ലോകത്തിലുള്ള മുഴുവൻ അറിവും കുട്ടികൾക്ക് ലഭിക്കുന്ന സംവിധാനമുണ്ടാവണം. അവർക്ക് കണ്ടും കേട്ടും മനസ്സിലാവണം. ഈ കുട്ടികളെ പഠിക്കാനാണ് നമ്മൾ അധ്യാപകരെ പരിശീലിപ്പിക്കേണ്ടത്. കുട്ടിയ്ക്ക് എന്താണ് ആഗ്രഹം എന്ന്. അത് തിരിച്ചറിയുന്നതിനൊപ്പം പൗരബോധ നിർമാണം ആരംഭിക്കണം. രണ്ട് രീതിയിൽ ആരംഭിക്കണം. ഒരു രാജ്യത്തിനകത്തെ ഉത്തരവാദപ്പെട്ട പൗരനാകുന്നതിനോടൊപ്പം ലോകം ഒരു യൂണിറ്റാണെന്ന് ഭൗമ ബോധമുള്ള മനുഷ്യരെ ഉണ്ടാക്കുന്ന വിദ്യാഭ്യാസമാണവർക്ക് കൊടുക്കേണ്ടത്. അങ്ങനെ മാത്രമേ രാജ്യസ്‌നേഹമുണ്ടാകാവൂ. അന്യരെ വെറുക്കുന്ന രാജ്യസ്‌നേഹം രൂപപ്പെടുത്തിക്കൂടാ. തെക്കൻ കേരളവും വടക്കൻ കേരളവും മധ്യകേരളവും ചേർന്ന് കേരളം ഒരു യൂണിറ്റായിട്ടിരിക്കുന്നതു പോലെ, കേരളവും തമിഴ്‌നാടും കർണാടകയും ഒരു ഇന്ത്യയായിട്ടിരിക്കുന്നതുപോലെ യൂണിറ്റുകൾ എന്ന നിലവാരത്തിൽ മാത്രം രാജ്യങ്ങളെ മനസ്സിലാക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരെ രൂപപ്പെടുത്തുന്നതിനു വേണ്ടി, സിവിൽ റൈറ്റ്‌സിന്റെ യുക്തികളുള്ള പൗരബോധ നിർമാണം അവിടെ നടക്കണം.

ഇപ്പഴും പ്രേമിക്കുന്ന പിള്ളാരുടെ ഒപ്പമാണ് ഭരണഘടന നിൽക്കുന്നത്. കോടതിയിൽ ചെന്നാൽ അവരെ ഒരുമിച്ച് വിടും. പക്ഷേ പ്രശ്‌നമാണെന്നാണ് അവരും വിചാരിക്കുന്നത്, വീട്ടിലുള്ളവരും വിചാരിക്കുന്നത്.

ഈ രണ്ട് തരം വിദ്യാഭ്യാസം ഉണ്ടാക്കിക്കൊണ്ട് സ്‌കൂളിൽ നിന്ന് വീട്ടിലേക്കയക്കുന്ന കുട്ടികൾ ഉണ്ടാവണം. അങ്ങനെ ചെയ്യുന്നതു വഴിയേ വീട് നവീകരിക്കപ്പെടുകയുള്ളൂ. അല്ലാതെ വീട്ടിലേക്ക് നമുക്ക് പ്രവേശിക്കാൻ കഴിയില്ല. അതുവഴി ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന അതേ യുക്തിയോടെ സ്വന്തം ഇണകളെ തെരഞ്ഞെടുക്കുന്ന പൗരരെ നിർമിക്കാൻ പറ്റും. ആണും പെണ്ണുമായി മാറ്റി നിർത്തുന്ന ഇന്നത്തെ ക്ലാസ് റൂമുകൾ ഇനി ഉണ്ടായിക്കൂടാ. അവരവിടെ പരിചയപ്പെടുകയും ഒന്നിച്ച് വളരുകയും ഒന്നിച്ച് രാജ്യത്തെപ്പറ്റിയും ലോകത്തെപ്പറ്റിയും അറിയുകയും ചെയ്യുന്ന മനുഷ്യരായി മാറണം. ഇതൊരു 25 വർഷത്തെ, രണ്ട് തലമുറ പണിയാണ്. ഇപ്പഴും പ്രേമിക്കുന്ന പിള്ളാരുടെ ഒപ്പമാണ് ഭരണഘടന നിൽക്കുന്നത്. കോടതിയിൽ ചെന്നാൽ അവരെ ഒരുമിച്ച് വിടും. പക്ഷേ പ്രശ്‌നമാണെന്നാണ് അവരും വിചാരിക്കുന്നത്, വീട്ടിലുള്ളവരും വിചാരിക്കുന്നത്. ഈ ട്രാൻസ്ഫർമേഷൻ വരുത്താൻ നമുക്ക് കഴിയണമെങ്കിൽ സെൽഫ് ഡിസ്‌കവറി ഉണ്ടാവുന്നതും പരിചയപ്പെടുത്തലുണ്ടാവുന്നതും ഐഡൻറിറ്റി ഉണ്ടാവുന്നതുമായ സ്‌കൂൾ സിസ്റ്റം ഉണ്ടായേ പറ്റൂ.

ജോലി കൊടുക്കുന്ന, പരീക്ഷകൾ പാസാവുന്ന രീതി പാടില്ല. പരീക്ഷകൾ ഉണ്ടാവാനേ പാടില്ല. എല്ലാവരും ആവശ്യമുള്ളവരാണ് ജനാധിപത്യത്തിനകത്ത്. അല്ലാതെ വല്ലവർക്കും ഉപയോഗിക്കാനുള്ളവരല്ല നമ്മൾ. സ്‌കൂളുകളിൽ ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. വട്ടത്തിലിരിക്കുന്നവരുണ്ടാവും. ഫ്രണ്ട് ബെഞ്ച്, ബാക്ക്‌ബെഞ്ച് എന്നു പറയുന്ന യുക്തികളൊന്നും ഇല്ല പിന്നെ. എല്ലാവർക്കും അവരവർക്ക് പറ്റുന്ന വിദ്യാഭ്യാസം അപ്പോഴാണ് കൊടുക്കാനാവുക. ഈ വിദ്യാഭ്യാസമില്ലാതെ വേറെ എന്ത് ചെയ്തിട്ടും കാര്യമില്ല. ▮


മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

മൈത്രേയൻ

സാമൂഹികശാസ്​ത്രം, ശാസ്​ത്രം, തത്വചിന്ത തുടങ്ങിയ മേഖലകളിൽ സ്വതന്ത്ര ചിന്തയുടെ അടിസ്​ഥാനത്തിൽ സവിശേഷ ഇടപെടലുകൾ നടത്തുന്നു, എഴുത്തുകാരനും പ്രഭാഷകനും. മനുഷ്യരറിയാൻ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments