കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറി, ജാതി വിവേചനം തുടങ്ങിയ പരാതികളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമീഷൻ സമർപ്പിച്ച റിപ്പോർട്ട് സൂക്ഷ്മമായി വായിച്ചാൽ; കമീഷൻ എങ്ങനെയാണ് അവരുടെ വാക്കുകളും വാക്യങ്ങളും അധികാരിവർഗത്തിന്റെ ഇംഗിതത്തിനനുസരിച്ച് തുന്നിക്കൂട്ടിയുണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാം. പരാതികൾ, സ്ത്രീകൾ ഉന്നയിച്ചതാണ് എന്നതിനാലും ജാതി വിവേചന സ്വഭാവമുള്ളതുകൊണ്ടും സ്ത്രീകൾ, പട്ടികജാതി- വർഗക്കാർ എന്നിവരുൾപ്പെട്ട ഒരു സംവിധാനമായിരുന്നു അന്വേഷണത്തിന് ഉണ്ടാകേണ്ടിയിരുന്നത്. മറിച്ച്, കെ. ജയകുമാറും എൻ.കെ. ജയകുമാറും മാത്രം അടങ്ങുന്നതായിരുന്നു ഈ കമീഷൻ. സ്ത്രീകളുടെയും പട്ടികജാതി വിദ്യാർഥികളുടെയും പരാതികളുടെ സ്വത്വപരിസരം മനസ്സിലാക്കാനോ അവരുടെ വാക്കുകൾക്കപ്പുറത്തുള്ള സാമൂഹികവും വൈകാരികവുമായ അർഥവും വേദനയും മനസ്സിലാക്കാനോ കഴിയാത്തതുകൊണ്ടാണ് റിപ്പോർട്ട്, ഡയറക്ടറായിരുന്ന ശങ്കർ മോഹനെയും ചെയർമാനായിരുന്ന അടൂർ ഗോപാലകൃഷ്ണനെയും പിറകിലൂടെ മൂക്കുപിടിച്ച് ന്യായീകരിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യുന്നത്.
സവർണർക്കെതിരെ പട്ടികജാതിക്കാരും മറ്റ് പിന്നാക്ക വിഭാഗക്കാരുമായ, ആണും പെണ്ണുമടങ്ങുന്ന പരാതിക്കാർ, അവർ അനുഭവിച്ച വിവേചനത്തെക്കുറിച്ചും അപമാനത്തെക്കുറിച്ചും പറയുമ്പോൾ സവർണരായ ആണുങ്ങൾ മാത്രം കേൾക്കുന്ന ഒരു സമിതി രൂപീകരിക്കുകയും അവർ ഈ പരാതികൾ വിലയിരുത്തുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത് എന്താണ്? പ്രതിസ്ഥാനത്തുള്ളവരുടെ ആത്മനിഷ്ഠാപരമായതും ആണധികാര രൂപത്തിലുള്ളതുമായ മനോഭാവം വിമർശിക്കപ്പെടാതെ പോകും. ഈ സാമാന്യ ധാരണ ഇത്തരമൊരു കമീഷന് രൂപം നൽകിയ സർക്കാർ വകുപ്പുകൾക്ക് ഉണ്ടാകേണ്ടതായിരുന്നു. അതിന്റെ പോരായ്മയും പരിമിതിയും റിപ്പോർട്ടിൽ അന്തർലീനമാണ്.
നിയമബോധമുള്ളവരും നീതി പ്രദാനം ചെയ്യേണ്ട മാർഗങ്ങളെക്കുറിച്ച്അറിയുന്നവരും നിയമ- നീതിശാസ്ത്രം പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന വിദഗ്ധരും ഉൾപ്പെടാത്ത കമീഷൻ എന്തുതരം നീതിബോധത്തിലാണ് ഒരു റിപ്പോർട്ട് എഴുതുക എന്നതിന്റെ ഉത്തമ പാഠമാണ് ഈ റിപ്പോർട്ട്. ചരിത്രശാസ്ത്രത്തിൽ ഈ റിപ്പോർട്ട് ഒരു സാമൂഹിക പാഠമായി നിലനിൽക്കും. സമൂഹശാസ്ത്രം കേരളത്തിലെ വിദ്യാസമ്പന്നരുടെ ജാതി മനോഭാവം വെളിവാക്കും. ഒരുപക്ഷെ, ഭാവിയിൽ മലയാളികളുടെ ഇന്നിന്റെ വ്യാജമായ പുരോഗമന നിലപാട് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.
ഒട്ടും ജനാധിപത്യബോധമില്ലാത്ത ഉദ്യോഗസ്ഥവൃന്ദം പട്ടികജാതി വിദ്യാർഥികൾ സ്ഥാപനത്തിൽ ചേരാൻ വരുമ്പോൾ തന്നെ മുൻവിധികളിലെത്തും. സംവരണത്തിന്റെ മാത്രം ബലത്തിൽ വരുന്ന കുട്ടികളാണിവരെന്ന് മുദ്ര കുത്തുമ്പോൾ ഈ പാഠ്യപദ്ധതി പഠിക്കാൻ ഒട്ടും താൽപര്യവും അടിസ്ഥാനശേഷിയുമില്ലാത്ത മറ്റു സവർണ കുട്ടികളുടെ സീറ്റുകൾ, ഇവരിലൂടെ ഇല്ലാതാകുന്നു എന്ന വിധി നേരത്തെ കൽപ്പിക്കുന്നു. അതുകൊണ്ടാണ് പ്രശേവനം ലഭിക്കുമ്പോൾ തന്നെ ഇത്ര ഫീസ് വേണമെന്നും ഹോസ്റ്റൽ സൗകര്യം കുറവാണെന്നും പറഞ്ഞ് ഈ വിദ്യാർഥികളെ നിരുൽസാഹപ്പെടുത്തുന്നത്. ഇത് വെറുമൊരു നിരുൽസാഹപ്പെടുത്തലല്ല. സംവരണത്തിൽ പ്രവേശനം ലഭിക്കുന്ന പട്ടിക വിഭാഗ വിദ്യാർഥികൾക്ക് ഇതൊരു പേടിപ്പിക്കുന്ന പുറത്താക്കലോ ഹിംസാത്മകമായ ആട്ടിപ്പുറത്താക്കലോ ആയാണ്അനുഭവപ്പെടുക. അതിനെ തരണം ചെയ്ത് പഠനമുറിയിൽ ചെന്നിരുന്നാലും ഈ പെരുമാറ്റം തെളിഞ്ഞും ഒളിഞ്ഞും മറ്റു കുട്ടികളിൽനിന്ന് നേരിടും. താൻ പഠിക്കാൻ മിടുക്കനും മിടുക്കിയുമാണെന്ന് അവരെ കൂടി ബോധ്യപ്പെടുത്തിയാൽ മാത്രമേ പഠനമുറിയിലെ ജാതിമുറിവുകൾ ഉണങ്ങിത്തുടങ്ങുകയുള്ളൂ.
സംവരണ അട്ടിമറി, കട്ട് ഓഫ് മാർക്കിലെ ജാതി, അധികാരികൾ വിദ്യാർഥികളോട് സംവദിക്കാത്ത വിഷയം, അധികാര ബോഡികളിൽ വിദ്യാർഥി പ്രാതിനിധ്യമില്ലായ്മ, ജീവനക്കാരികൾ ഡയറക്ടറുടെ വീട്ടുജോലി ചെയ്യാൻ നിയോഗിക്കപ്പെട്ടത് തുടങ്ങിയ പരാതികൾ റിപ്പോർട്ട് ശരിവക്കുമ്പോൾ പോലും ഇതൊക്കെ തെളിയിക്കപ്പെടാത്ത ആരോപണങ്ങളായി വിവരിക്കുന്ന ഭാഷാരീതിയും രൂപകങ്ങളുമാണ് റിപ്പോർട്ടിലുള്ളത്. ഇതിലൂടെ, ‘മലയാളിയുടെ മാതൃഭൂമി’യിൽ തെളിഞ്ഞുവരുന്ന ജാതിയെയും അതിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അവതരിപ്പിക്കുന്ന സാമൂഹ്യ കാപട്യത്തെയും റിപ്പോർട്ട് വെളിവാക്കുന്നു.
റിപ്പോർട്ടിലെ പ്രധാന നിരീക്ഷണങ്ങളിലെ ഒരു വാചകം: ‘ഒരു ദേശീയ സ്ഥാപനം എന്ന അവബോധവും അഭിമാനവും സ്ഥാപനത്തിലെ അധ്യാപകരും ജീവനക്കാരും ഒരേ തോതിൽ പങ്കുവെക്കുന്നില്ല'. അഭിമാനം എന്നതുകൊണ്ട് റിപ്പോർട്ട് എഴുതിയവർ എന്താണ് ഉദ്ദേശിച്ചിട്ടുണ്ടാകുക? ഒരു സ്ഥാപനം വലുപ്പച്ചെറുപ്പമില്ലാതെ ഏവരെയും പഠിപ്പിക്കുകയും അതിന്റെ പങ്കുവക്കലിലൂടെ അറിവ് തിരിച്ചറിവായി മാറുകയും ചെയ്യുന്ന പ്രക്രിയയിലൂടെ ഉണ്ടായിവരേണ്ടതാണ് ഈ അഭിമാനം. അഭിമാനത്തിന്റെയും അവബോധത്തിന്റെയും തോത് അഥവാ അളവ് തിട്ടപ്പെടുത്തുന്നതാണ് അടുത്ത രൂപകം. അതായത്, അടൂർ ഗോപാലകൃഷ്ണനെയും ശങ്കർ മോഹനെയും അവരെ അനുകൂലിച്ചിരുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ചില വിദ്യാർഥികളുടെയും അഭിമാനം, പരാതി ഉന്നയിച്ചവരുടെയും ‘അണിഞ്ഞൊരുങ്ങി സമരം ചെയ്തവരുടെയും’ അഭിമാനബോധത്തിന് ചേർന്നില്ല. അഭിമാന ബോധത്തിന്റെ ഈ തോതിലെ അന്തരമുണ്ടല്ലോ, അതിനെ കൂടിയാണ് ജാതി, ജാത്യാഭിമാനം എന്നൊക്കെ പറയുന്നത്. അഭിമാനവും അവബോധവും സ്ഥാപനത്തിന്റെ ഉള്ളിൽനിന്ന് രൂപപ്പെട്ടുവരേണ്ടതാണ്. അത് പുറത്തുനിന്ന് സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്നതാണ് പ്രശ്‌നം.
പുറത്തുള്ള കക്കൂസ് കഴുകൽ പല നിർബന്ധങ്ങൾക്കു വഴങ്ങിയാണ് ചെയ്യുന്നത്. അകത്ത് അത് ചെയ്യാൻ അനുവദിക്കാത്ത മനസ്സുണ്ടല്ലോ, അതിനെയാണ് മാനവികത, ജനാധിപത്യബോധം, തിരിച്ചറിവ് എന്നൊക്കെ പറയുന്നത്.
സങ്കുചിത താൽപര്യങ്ങളുടെ കാര്യമാണ് റിപ്പോർട്ട് പിന്നീട് പറയുന്നത്. പലരെയും സങ്കുചിത താൽപര്യങ്ങളാണത്രേ നയിക്കുന്നത്. ആരാണ് ഈ ‘പലരും?'. ഇതിൽ ആരൊക്കെ ഉൾപ്പെടും? പരാതി കൊടുത്തവരും സമരം ചെയ്തവരുമാണോ സങ്കുചിതർ? അഥവാ, അഭിമാനബോധമില്ലാത്തവർ? ഇത്തരത്തിലുള്ള ആഖ്യാനം നൽകാൻ കഴിയുംവിധമാണ് റിപ്പോർട്ടിലെ പല ഭാഗങ്ങളും വാക്കുകളിലാക്കിയിരിക്കുന്നത്.
ജാതിയുടെയും സ്ത്രീവിരുദ്ധയുടെയും മനോഭാവം ഇതിൽ രണ്ടിലും കാണാം. സ്ത്രീകൾ ‘താഴ്ന്ന' നിലയുള്ളവരാണ് എന്ന ബോധം കൊണ്ടാണ്, അവരെ, വീട്ടിലെ കക്കൂസ് കഴുകിക്കാൻ വിളിക്കുന്നത്. അവിടെയുള്ള ഒരു സവർണ സ്ത്രീയാണ് ഇവരെക്കൊണ്ട് ഈ ജോലി ചെയ്യിക്കുന്നത്. ഇതിൽ സമാനവിരുദ്ധത കാണുന്നത് ജാതിനിലയിലാണ്. ജാതി അവബോധമാണ് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നത് എന്ന ബോധമുണ്ടെങ്കിലേ അഭിമാനം ആധുനികമായ ബോധമായി പ്രവർത്തിക്കുകയയുള്ളൂ.
മറ്റൊരു വാചകം നോക്കൂ: ‘‘ജാതീയ വിവചേനം നടത്തുന്നു എന്ന ആരോപണം ഉന്നയിക്കാൻ പ്രേരകമായ സന്ദർഭങ്ങൾ ഒഴിവാക്കാൻ ഡയറക്ടർക്ക് കഴിഞ്ഞില്ല.'' അങ്ങനെയുള്ള സന്ദർഭങ്ങളും ചെയ്തികളും ഉണ്ടായി എന്നുവേണമെങ്കിൽ ഈ വാചകത്തെ വായിക്കാം. എന്നാൽ, ഈ സന്ദർഭം ശങ്കർമോഹൻ മാത്രമായി ഉണ്ടാക്കിയതല്ലെന്നും അഭിമാനബോധത്തിലെ തോതുകൾ വ്യത്യസ്തമായതുകൊണ്ട് എല്ലാവരും കൂടി ഉണ്ടാക്കിയതാണെന്നും പറയാം.
പട്ടികജാതി- പട്ടികവർഗ വിദ്യാർഥികൾക്ക് രണ്ട് വർഷങ്ങളിലെ ഇ- ഗ്രാൻറ് കുടിശ്ശിക വാങ്ങിയെടുക്കുന്നതിൽ ശുഷകാന്തി കാണിച്ചില്ല എന്നതാണ് അടുത്ത കണ്ടെത്തൽ. ഈ ശുഷ്‌കാന്തിയില്ലായ്മയെ കൂടിയാണ് ജാതി എന്നു പറയുന്നത്. അധികാരിവർഗത്തിന്റെ ഇത്തരം അനേകം ഇല്ലായ്മകളെ കൊണ്ടാണ് ദലിതരും മറ്റ് പിന്നാക്കക്കാരും സമൂഹത്തിൽനിന്ന് പുറത്താകുന്നത്. ഇ- ഗ്രാൻറ് എന്നുകേൾക്കുമ്പോൾ ഹാലിളകുന്ന മനുഷ്യരെ എനിക്കറിയാം. ഇ- ഗ്രാൻറ് ലഭിച്ച വിദ്യാർഥികളെക്കൊണ്ട് ബിരിയാണി വാങ്ങിപ്പിച്ച് ‘ചെലവ് ആഘോഷിച്ച' മനുഷ്യരും കൂടി അടങ്ങുന്നതാണ് ആധുനിക സ്ഥാപനങ്ങൾ.
മിടുക്കരായ പട്ടികജാതി- വർഗ കുട്ടികളെ സംവരണ സീറ്റിൽ മാത്രം ഉൾപ്പെടുത്തി അത്രയും മാർക്കോ മികവോ ഇല്ലാത്ത സവർണ കുട്ടികൾക്ക് മെരിറ്റ് സീറ്റിൽ പ്രവേശനം കൊടുക്കുന്ന അഭിനവ അമ്പലവാസി പണ്ഡിതന്മാരുള്ള മേഖല കൂടിയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം.
ജനാധിപത്യ സ്വഭാവമുള്ള ചർച്ചകളിലൂടെയല്ല തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് റിപ്പോർട്ട് അംഗീകരിക്കുന്നു. എന്നാൽ, അതൊരു പ്രശ്‌നമായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല. മറിച്ച് പറയുന്നത് കേൾക്കൂ: ‘‘അതാണ് പ്രശ്‌നങ്ങളെ സങ്കീർണമാക്കിയതെന്ന്'' പരാതിക്കാർ ആരോപിക്കുന്നു. ജനാധിപത്യത്തിലൂടെയല്ല സംവദിക്കുന്നത് എങ്കിൽ ഇന്ത്യയിൽ സാധ്യമാകുന്ന മറ്റു രീതികൾ ഏതൊക്കെയാണ്? ഏകപക്ഷീയ രീതിയാണ്. അതായത്; നമ്പൂതിരി ഞായം, നായർ ഞായം, അതിലൂന്നിയ മനോഭാവം എന്നിങ്ങനെ. ഇതിനെയാണ് ജാതി എന്നു പറയുന്നത്. ജാതി മനോഭാവത്തിന്റെ ഒരു പ്രത്യേകത, അത് വിവേചിച്ചു മാത്രമേ ചിന്തിക്കൂ എന്നതാണ്. ഉൾപ്പെടുത്തിയും പുറത്താക്കിയും മനുഷ്യരെ തരംതിരിച്ച് അപമാനം കൈമാറ്റം ചെയ്യുന്ന രീതിയാണിത്.
ശങ്കർ മോഹൻ നയിച്ച സ്ഥാപനം മികവുകൾ കൊണ്ടുവന്നു എന്ന് പറയാനായി റിപ്പോർട്ട് വെമ്പൽ കൊള്ളുന്നതുകാണാം. അദ്ദേഹം സമർപ്പിച്ച ഒരു ‘മികവ് റിപ്പോർട്ട്' ശങ്കർ മോഹന്റെ നേട്ടങ്ങളായി എണ്ണിപ്പറയുന്നു. മൂന്നു കോടി രൂപ കൊണ്ടുമാത്രം തിയേറ്റർ, ഗസ്റ്റ് മാളിക, കൂടിയിരിപ്പ് മുറികൾ എന്നിവ പണിതെടുക്കാൻ കഴിഞ്ഞ മികവിനെ റിപ്പോർട്ട് പുകഴ്ത്തുന്നുണ്ട്. പരാതിയുടെ കാതലായ പ്രശ്‌നം ജാതിവിവേചനവും സംവരണ അട്ടിമറിയുമാണ്. പ്രശ്‌നത്തിന്റെ കേന്ദ്ര ബിന്ദുവിൽനിന്ന് വ്യതിചലിക്കാനുള്ള എല്ലാ സന്ദർഭങ്ങളെയും റിപ്പോർട്ട് പൊലിപ്പിച്ച് മുന്നോട്ടുപോകുന്നുണ്ട്. ഡിപ്ലോമ സർട്ടിഫിക്കറ്റ് കിട്ടാത്തത്, മൂന്നുവർഷത്തെ കോഴ്‌സ് രണ്ടു വർഷമാക്കിയതിലെ അപാകത എന്നിവയാണ് ഈ കാര്യങ്ങൾ. ആരാണ് മൂന്നുവർഷത്തെ സിനിമാ നിർമാണ പഠനം രണ്ടുവർഷമാക്കിയത്? പരാതി ഉന്നയിച്ച വിദ്യാർഥികളാണോ?
ഫിലിം ഫെസ്റ്റിവലിനെത്തിയ വിദ്യാർഥികൾക്ക് ബുക്ക് ചെയ്തിരുന്ന മുറികൾ അവർ അറിയാതെ റദ്ദാക്കുന്നു. ‘എന്നോട് സഹകരിച്ചില്ലെങ്കിൽ ഞാൻ നിസ്സഹകരിക്കും’ എന്ന് ഒരു സ്ഥാപനത്തിന്റെ തലവന് തോന്നുന്നുവെങ്കിൽ, തലയിൽ കിടക്കുന്ന ജാതിയാണ് അതിനുകാരണം. അതുകൊണ്ടാണ് സ്ത്രീവിരുദ്ധതയും ജാതിബോധവും അബോധമായാണ് വർത്തിക്കുന്നത് എന്ന് പറയാറ്. ‘Caste is Unconsious'.
തനിക്കിഷ്ടപ്പെട്ട അധ്യാപകരെ ഉയർന്ന തസ്തികയിൽ പ്രതിഷ്ഠിച്ചും അല്ലാത്തവരെ തഴഞ്ഞും എടുത്തിട്ടുള്ള തീരുമാനങ്ങളിൽനിന്നുകൂടിയാണ്, ഒരു അധ്യാപകൻ വിദ്യാർഥിയുടെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. ‘നീ ഇപ്പോഴല്ലേ നേതാവായത്, ഞാൻ നേരത്തേ ഇതൊക്കെ കഴിഞ്ഞുവന്നതാണ്, നമുക്ക് ഫിലം വ്യവസായത്തിൽ കാണാം' എന്നു പറയുന്നതിൽ വെളിവാകുന്ന ഒരു മേൽക്കോയ്മാ ബോധമുണ്ടല്ലോ, അതിനെ കൂടിയാണ് ജാതിബോധം എന്നു വിളിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, ഈ റിപ്പോർട്ട് അടൂരിനും ശങ്കർ മോഹനും സർക്കാറിനും എതിരെ മാസങ്ങളോളം നീണ്ട സമരം ആളിക്കത്തിച്ച തീജ്വാലയെ വെള്ളം തെളിച്ച് കെടുത്തുന്ന ഒരേർപ്പാടാണ്. റിപ്പോർട്ട് തന്നെയും ഒരു ജാതിക്കുറിപ്പാണ്. അതല്ല എങ്കിൽ, നീതിയുറപ്പിക്കാൻ ഭരണഘടന അനുശാസിച്ചിരിക്കുന്ന വകുപ്പുകളുയർത്തിപ്പിടിച്ച് പട്ടികജാതി അതിക്രമ നിരോധന നിയമം വച്ചും സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയുള്ള നിയമം വച്ചും മുൻ ചെയർമാനും ഡയറക്ടർക്കും എതിരെ പോലീസ് കേസ് ഫയൽ ചെയ്യണം. ‘പുരോഗമന മലയാള’ത്തിന് അതിന് ധൈര്യമുണ്ടോ? അല്ലെങ്കിൽ ഈ റിപ്പോർട്ട്, അയ്യൻകാളിയെ തടയാൻ തിരുവിതാംകൂറിൽ മുന്നിൽ വന്ന നായർ പ്രമാണിമാരുടെ മനോഭാവമെന്ന നിലയിലാകും ചരിത്രത്തിൽ അടയാളപ്പെടുക.