ഒരു റീൽ. പശ്ചാത്തലത്തിൽ ജനപ്രിയമായൊരു പാട്ട്. ചിലപ്പോൾ പ്രശസ്തമായ സിനിമയിലെ സംഭാഷണം. ഫ്രെയിമിന്റെ നടുവിൽ അധ്യാപകനോ അധ്യാപികയോ. പിന്നിലോ മുന്നിലോ വിദ്യാർത്ഥികൾ ചിരിക്കുന്നു, കൈയടിക്കുന്നു, താളത്തിൽ ചലിക്കുന്നു. ആയിരക്കണക്കിന് കാഴ്ചകൾ. താഴെ നിറയെ അഭിപ്രായങ്ങൾ.
“ഇങ്ങനെയൊരു ടീച്ചർ എനിക്കുണ്ടായിരുന്നെങ്കിൽ...”
“സാറിന്റെ ക്ലാസ് കിട്ടാത്തതിൽ സങ്കടമുണ്ട്’’.
“ടീച്ചറിന്റെ ക്ലാസിൽ പഠിക്കാൻ കഴിയുന്ന വിദ്യാർത്ഥികൾ എത്ര ഭാഗ്യവാന്മാർ!”
കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ സാമൂഹ്യമാധ്യമങ്ങളിൽ പരിചിതമായ ദൃശ്യമാണിത്. എന്നാൽ ഈ ദൃശ്യം കാണുമ്പോൾ അപൂർവമായി മാത്രം ഉയരുന്ന മറ്റൊരു ചോദ്യവുമുണ്ട്:
ഈ ഫ്രെയിമിൽ പഠനം എവിടെയാണ്?
കമൻ്റ് ബോക്സിൽ ഇത്തരമൊരു ചോദ്യം ആരെങ്കിലും എഴുതിയാൽ അതിന് അനുകൂലമായ മറുപടികൾ മാത്രം ലഭിക്കണമെന്നില്ല. റീലിനെ ചോദ്യം ചെയ്യുന്നതായി പോലും ചിലർ അതിനെ വായിച്ചേക്കാം.
റീലുകൾ തയ്യാറാക്കുന്ന അധ്യാപകരെ കുറ്റപ്പെടുത്താനല്ല ഈ ചോദ്യം. അവരിൽ പലരും ഊർജസ്വലരും സർഗാത്മകരുമായ അധ്യാപകരാണ്. പുതിയ സാങ്കേതികവിദ്യകളെ പഠനത്തിനായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നവരുമാണ്. പ്രശ്നം വ്യക്തികളുടേതല്ല. ഒരു മാധ്യമത്തിന്റെ സ്വഭാവം ക്ലാസ്മുറിയിലെ ബോധനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പരിശോധിക്കേണ്ടത്.
അതുകൊണ്ട് ഈ ലേഖനം ക്ലാസ് മുറിയിൽ രൂപപ്പെടുന്ന റീലുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെടാനല്ല. റീലുകളുടെ അക്കാദമിക സാധ്യതകളെ ക്ലാസ്മുറി എങ്ങനെ തിരിച്ചുപിടിക്കണമെന്നതാണ് ഇവിടെ അന്വേഷിക്കുന്നത്.

ക്യാമറയുടെ ദിശയും
അറിവിന്റെ സ്ഥാനവും
ക്യാമറ ആരുടെ നേരെ തിരിയുന്നു എന്നത് വെറും സാങ്കേതിക തീരുമാനമല്ല. ക്ലാസ്മുറിയിൽ അറിവ് എവിടെയാണ് രൂപപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു സൂചന കൂടിയാണ് ക്യാമറയുടെ സ്ഥാനം.
ടീച്ചർ മാത്രം ഫ്രെയിമിന്റെ കേന്ദ്രമാകുമ്പോൾ ആ ദൃശ്യം തന്നെ ഒരു സന്ദേശം നൽകുന്നു: അറിവിന്റെ ഉറവിടം ടീച്ചറാണ്; വിദ്യാർത്ഥി അത് സ്വീകരിക്കുന്ന ആളാണ്.
കേരളത്തിലെ നിലവിലെ പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസകാഴ്ചപ്പാട് ഇതിൽനിന്ന് വ്യത്യസ്തമാണ്. വിദ്യാർത്ഥികൾ കേൾക്കുന്നവർ മാത്രമല്ല. അവർ ചോദിക്കുന്നു. നിരീക്ഷിക്കുന്നു. അന്വേഷിക്കുന്നു. പരീക്ഷിക്കുന്നു. ചില നിഗമനങ്ങളിലെത്തുന്നു. വീണ്ടും പരിശോധിക്കുന്നു. തെറ്റുകൾ കണ്ടെത്തുന്നു. തിരുത്തുന്നു. പുതിയ അന്വേഷണത്തിലേക്ക് കടക്കുന്നു. അങ്ങനെയാണ് വിദ്യാർത്ഥികൾ ആശയങ്ങൾ രൂപപ്പെടുത്തുകയും അറിവ് നിർമ്മിക്കുകയും ചെയ്യുന്നത്. ഇത്തരം പഠനത്തിന് അനുയോജ്യമായ സാഹചര്യം ഒരുക്കുകയാണ് അധ്യാപകന്റെ പ്രധാന ചുമതല. ടീച്ചർ അറിവ് നൽകുന്ന ഒരേയൊരു കേന്ദ്രമല്ല. പഠനത്തെ വഴിനടത്തുന്ന ആളും വിദ്യാർത്ഥിയുടെ അന്വേഷണത്തിന് പിന്തുണ നൽകുന്ന ആളുമാണ്.
ഇവിടെയാണ് വൈരുദ്ധ്യം.
വിദ്യാർഥികേന്ദ്രീകൃത വിദ്യാഭ്യാസത്തെക്കുറിച്ച് നാം പാഠ്യപദ്ധതി രേഖകളിൽ എഴുതുന്നു. എന്നാൽ പൊതുസമൂഹവുമായി പങ്കിടുന്ന പല ക്ലാസ്മുറി ദൃശ്യങ്ങളിലും അധ്യാപകരാണ് കേന്ദ്രം. ചിലപ്പോൾ ടീച്ചർ തന്നെയാണ് താരം. വിദ്യാർത്ഥികൾ പശ്ചാത്തലത്തിലേക്ക് മാറുന്നു.
രക്ഷിതാക്കളും പൊതുസമൂഹവും പാഠ്യപദ്ധതി രേഖകൾ എല്ലാം വായിക്കണമെന്നില്ല. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവരുടെ ധാരണ രൂപപ്പെടുത്തുന്നതിൽ അവർ കാണുന്ന ക്ലാസ്മുറി ദൃശ്യങ്ങൾക്കും പങ്കുണ്ട്. അതുകൊണ്ട് ക്ലാസ്മുറിയുടെ ദൃശ്യഭാഷയ്ക്കും വിദ്യാഭ്യാസപരമായ പ്രാധാന്യമുണ്ട്.
ഈ ദൃശ്യവൈരുദ്ധ്യം സാമൂഹ്യമാധ്യമങ്ങളിൽ മാത്രം കാണുന്നതല്ല. നമ്മുടെ സിനിമകളിലും ഇതിന്റെ മറ്റൊരു രൂപം കാണാം. പല സിനിമകളിലും ഇന്നും ക്ലാസ്മുറി അവതരിപ്പിക്കുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള മാതൃകയിലാണ്. അധ്യാപകൻ മുന്നിൽ നിന്ന് സംസാരിക്കുന്നു; വിദ്യാർത്ഥികൾ നിരയായി ഇരുന്നു കേൾക്കുന്നു. ഇന്നത്തെ ക്ലാസ്മുറിയിലുണ്ടായ മാറ്റങ്ങൾ പലപ്പോഴും ആ ദൃശ്യങ്ങളിൽ കാണുന്നില്ല. പൊതുസമൂഹത്തിന്റെ മനസ്സിലുള്ള ക്ലാസ്മുറി സങ്കൽപ്പത്തെ ദൃശ്യങ്ങൾ എത്ര ശക്തമായി സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. അതുകൊണ്ടുതന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ നാം പ്രചരിപ്പിക്കുന്ന ക്ലാസ്മുറി ദൃശ്യങ്ങളെ നിസ്സാരമായി കാണാനാവില്ല.
ഇപ്പറഞ്ഞതിന്റെ അർഥം അധ്യാപകർ ക്യാമറയുടെ ഫ്രെയിമിൽ വരരുത് എന്നല്ല. വിദ്യാർത്ഥിയെ ചിന്തിപ്പിക്കുന്ന ഒരു ചോദ്യം, അന്വേഷണത്തിന് നൽകുന്ന സൂചന, വിദ്യാർത്ഥികളുടെ ആശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടപെടൽ ഇവയെല്ലാം പഠനത്തിന്റെ ഭാഗമാണ്. പ്രശ്നം അധ്യാപകരുടെ സാന്നിധ്യമല്ല; പഠനത്തെ മറികടന്ന് അധ്യാപകരുടെ പ്രകടനം തന്നെ ദൃശ്യത്തിന്റെ ലക്ഷ്യമായി മാറുന്നതാണ്.

റീലിന്റെ വേഗവും
പഠനത്തിന്റെ വേഗവും
റീലിന് അതിന്റേതായൊരു സ്വഭാവമുണ്ട്. അത് ചെറുതാണ്. അതിന് വേഗമുണ്ട്. താളമുണ്ട്. ആവർത്തനമുണ്ട്. ഉടൻ പിടികിട്ടുന്ന ഒരു സന്ദേശം വേണം. പെട്ടെന്നൊരു സമാപനം വേണം. കാഴ്ചക്കാരന്റെ ശ്രദ്ധ പിടിച്ചുനിർത്തുന്ന ദൃശ്യവും വേണം. പഠനം എല്ലായ്പ്പോഴും അങ്ങനെയല്ല.
ഒരു വിദ്യാർത്ഥി ഒരു ഗണിതപ്രശ്നത്തെക്കുറിച്ച് രണ്ടോ മൂന്നോ മിനിറ്റ് മിണ്ടാതെ ചിന്തിച്ചേക്കാം. ഒരു ശാസ്ത്രപരീക്ഷണത്തിന്റെ ആദ്യശ്രമം പരാജയപ്പെട്ടേക്കാം. ഒരു കഥയുടെയോ കവിതയുടെയോ അർഥത്തെക്കുറിച്ച് രണ്ട് വിദ്യാർത്ഥികൾ തമ്മിൽ വിയോജിച്ചേക്കാം. ഒരു ചെടിയിൽ സംഭവിക്കുന്ന മാറ്റം മനസ്സിലാക്കാൻ ഒന്നോ രണ്ടോ ആഴ്ച നിരീക്ഷിക്കേണ്ടിവന്നേക്കാം.
ഇത്തരം പഠനാനുഭവങ്ങൾക്ക് മിനുറ്റുകൾക്കുള്ളിൽ മനോഹരമായൊരു കാഴ്ച നൽകാനാവില്ല. അതേസമയം ഒരേ സ്വരത്തിൽ പറയുന്ന നിർവചനങ്ങൾ, കൂട്ടമായുള്ള പ്രതികരണങ്ങൾ, പെട്ടെന്ന് ഓർക്കാവുന്ന സൂത്രങ്ങൾ, തമാശ നിറഞ്ഞ അവതരണങ്ങൾ, കൈയടിയോടെ അവസാനിക്കുന്ന പ്രകടനങ്ങൾ എന്നിവ ക്ലാസ്മുറിയിൽനിന്ന് റീലിലേക്ക് പരിവർത്തനം ചെയ്യാൻ വളരെ എളുപ്പമാണ്
എല്ലാ റീലുകളും മോശം ബോധനം സൃഷ്ടിക്കുന്നു എന്നല്ല ഇവിടെ വാദിക്കുന്നത്. എളുപ്പത്തിൽ ദൃശ്യമാക്കാവുന്ന പ്രവർത്തനങ്ങൾക്ക് അർഹിക്കുന്നതിലധികം പ്രാധാന്യം ലഭിക്കാൻ റീലിന്റെ രൂപം ഇടയാക്കാം. അതാണ് ശ്രദ്ധിക്കേണ്ടത്
വിദ്യാർത്ഥിയുടെ സംശയം, തെറ്റ്, തിരുത്തൽ, നീണ്ട ചിന്ത, ആശയരൂപീകരണം, അന്വേഷണത്തിലെ വഴിത്തിരിവുകൾ എന്നിവ പഠനത്തിലെ പ്രധാന ഘടകങ്ങളാണ്. ക്യാമറയ്ക്ക് അവ എല്ലായ്പ്പോഴും ആകർഷക ദൃശ്യങ്ങളാകണമെന്നില്ല.
റീലിൽ എളുപ്പം ദൃശ്യമാകുന്നത് പലപ്പോഴും പഠനത്തിന്റെ ഏറ്റവും ആഴമുള്ള ഭാഗമല്ല.
ഓരോ വിഷയത്തിനും
അതിന്റേതായ വഴി
എല്ലാ വിഷയവും ഒരേ രീതിയിൽ പഠിപ്പിക്കാനാവില്ല. ഗണിതത്തിലെ ആശയം പ്രശ്നപരിഹാരത്തിലൂടെയും ന്യായീകരണത്തിലൂടെയും യുക്തിചിന്തയിലൂടെയും വളരുന്നു. ശാസ്ത്രത്തിൽ നിരീക്ഷണവും പരീക്ഷണവും അനുമാനവും പ്രധാനമാണ്. ഭാഷയിൽ വായനയും അർഥനിർമ്മിതിയും സ്വതന്ത്രമായ ആവിഷ്കാരവും വേണം. സാമൂഹ്യശാസ്ത്രത്തിൽ തെളിവുകൾ പരിശോധിക്കാനും ഒരേ സംഭവത്തെ പല കാഴ്ചപ്പാടുകളിൽനിന്ന് കാണാനും വിദ്യാർത്ഥിയ്ക്ക് കഴിയണം. കായികപഠനത്തിൽ ശരീരചലനവും പരിശീലനവും സംഘപ്രവർത്തനവും ആരോഗ്യകരമായ ശീലങ്ങളുടെ രൂപീകരണവും പ്രധാനമാണ്. കലയിൽ അനുഭവത്തിനും പരീക്ഷണത്തിനും സ്വതന്ത്രമായ ആവിഷ്കാരത്തിനുമാണ് പ്രാധാന്യം.
ഈ വ്യത്യാസം പ്രത്യേകം ഓർക്കേണ്ടതുണ്ട്.
ഒരേ സാമൂഹ്യമാധ്യമ രൂപം എല്ലാ വിഷയങ്ങളിലേക്കും കടന്നുവരുമ്പോൾ വിഷയങ്ങളുടെ തനതായ പഠനരീതികൾ മങ്ങിപ്പോകാം. വിഷയം ആവശ്യപ്പെടുന്ന പഠനരീതി വീഡിയോയുടെ രൂപം തീരുമാനിക്കേണ്ടിടത്ത്, വീഡിയോയ്ക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ അധ്യാപനത്തെ തീരുമാനിക്കാൻ തുടങ്ങുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്.

ജലചക്രം: വാക്കോ ആശയമോ?
‘ജലചക്രം’ എന്ന ആശയം (“സൂര്യന്റെ ചൂട് → ആവിയാകൽ → മേഘരൂപീകരണം → മഴ → ഉപരിതലജലവും ഭൂഗർഭജലവും → സമുദ്രം → വീണ്ടും ആവിയാകൽ”). വിദ്യാർത്ഥികളെ ഒരു ഈണത്തിൽ പാടിപ്പഠിപ്പിക്കുന്ന റീൽ ആകർഷകമായിരിക്കാം. ഓർമയ്ക്കായി പാട്ട് സഹായിക്കുകയും ചെയ്യും.
പക്ഷേ പാട്ട് പാടാൻ കഴിയുന്നതുകൊണ്ടുമാത്രം വിദ്യാർത്ഥി ജലത്തിൻ്റെ ചാക്രികസഞ്ചാരം മനസ്സിലാക്കി എന്നു പറയാനാവില്ല.ഒരു പാത്രത്തിലെ വെള്ളം ദിവസങ്ങളോളം നിരീക്ഷിക്കുക, വെയിലിലും തണലിലും സംഭവിക്കുന്ന മാറ്റം താരതമ്യം ചെയ്യുക, നാട്ടിലെ മഴക്കണക്ക് രേഖപ്പെടുത്തുക, കിണറിലെ ജലനിരപ്പിലെ വ്യത്യാസം പരിശോധിക്കുക തുടങ്ങിയ അനുഭവങ്ങളാണ് ആശയത്തിന് ആഴം നൽകുന്നത്. പാട്ട് പഠനത്തിന്റെ ഭാഗമാകാം. പഠനം മുഴുവനാകരുത്.
കാഴ്ചകളുടെ എണ്ണവും ലൈക്കുകളും അഭിപ്രായങ്ങളും ഒരു വീഡിയോ എത്രമാത്രം ശ്രദ്ധ നേടിയെന്നതിന്റെ സൂചനകൾ മാത്രമാണ്. വിദ്യാർത്ഥി എത്രമാത്രം പഠിച്ചുവെന്ന് അവ പറയില്ല.അതുകൊണ്ട് ഓരോ ടീച്ചറും സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട്.
ഈ പ്രവർത്തനം എന്റെ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളതുകൊണ്ടാണോ ഞാൻ തിരഞ്ഞെടുക്കുന്നത്? അതോ സാമൂഹ്യമാധ്യമത്തിൽ ശ്രദ്ധ നേടാൻ അനുയോജ്യമായതുകൊണ്ടാണോ?
ഹ്രസ്വവീഡിയോകളെക്കുറിച്ചുള്ള പഠനങ്ങൾ
ചെറിയ വീഡിയോകളെക്കുറിച്ചുള്ള പഠന സാധ്യതയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഒരു നിഗമനത്തിലല്ല എത്തുന്നത്. 2024-ൽ ചൈനയിലെ 1,052 പ്രാഥമിക വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനത്തിൽ ഹ്രസ്വവീഡിയോ ഉപയോഗത്തിന്റെ തോത് കൂടുന്നതും കുറഞ്ഞ അക്കാദമിക നേട്ടവും തമ്മിൽ ബന്ധം കണ്ടെത്തി. വിദ്യാർത്ഥികളുടെ ശ്രദ്ധ ഈ ബന്ധത്തിൽ ഒരു ഘടകമായും കണ്ടെത്തി. ഇതിൽനിന്ന് ഹ്രസ്വവീഡിയോ ഉപയോഗം തന്നെയാണ് പഠനനിലവാരം കുറയ്ക്കുന്നതെന്ന് കാരണഫലമായി നിഗമനം ചെയ്യാനാവില്ല. എന്നാൽ അമിതമായ ഹ്രസ്വവീഡിയോ ഉപയോഗം, ശ്രദ്ധ, പഠനനേട്ടം എന്നിവ തമ്മിലുള്ള ബന്ധത്തെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു.
വിദ്യാർത്ഥികളെ വീഡിയോ കാണുന്ന ആളായി മാത്രം കാണാതെ അത് നിർമ്മിക്കുന്ന ആളാക്കുമ്പോൾ ചിത്രം മാറുന്നു.
ഒരു വീഡിയോ നിർമ്മിക്കാൻ വിദ്യാർത്ഥി വിഷയം മനസ്സിലാക്കണം. വിവരങ്ങൾ തിരഞ്ഞെടുക്കണം. എഴുതണം. ചർച്ച ചെയ്യണം. ചിത്രീകരിക്കണം. വീണ്ടും നോക്കണം. തിരുത്തണം. സ്കൂൾതലത്തിലെ വിദ്യാർഥി-നിർമ്മിത വീഡിയോകളെക്കുറിച്ചുള്ള പഠനങ്ങൾ ഡിജിറ്റൽ സാക്ഷരത, വിമർശനാത്മക ചിന്ത, സഹകരണം, ആശയഗ്രാഹ്യം എന്നിവ വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കാമെന്ന് സൂചിപ്പിക്കുന്നു.
അതിനാൽ പ്രധാന ചോദ്യം:
വിദ്യാർത്ഥി കാഴ്ചക്കാരാണോ, അറിവ് നിർമ്മിക്കുന്നവരാണോ എന്നതാണ്.

വെണ്ണയുടെ പാഠം
കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു ക്ലാസ്മുറിയിൽ ശ്രദ്ധ നേടിയ ഒരു അനുഭവം ഓർക്കാം. ഒരു പാഠത്തിൽ ‘വെണ്ണ’ എന്ന വാക്ക് വന്നു. ചില വിദ്യാർത്ഥികൾക്ക് വെണ്ണ എന്താണെന്ന് വ്യക്തമായിരുന്നില്ല. അവർ അത് ചോദിച്ചപ്പോൾ സരസ്വതി ടീച്ചർ എന്ന അധ്യാപിക ക്ലാസിൽ തൈര് കടഞ്ഞ് വെണ്ണ ഉണ്ടാക്കി കാണിച്ചു. ബോധനപരമായി അർഥമുള്ള പ്രവർത്തനമാണിത്. പാഠപുസ്തകത്തിൽ ‘വെണ്ണ’ എന്ന വാക്ക് ഉണ്ടായിരുന്നതല്ല അതിന്റെ യഥാർത്ഥ കാരണം. മുന്നിലിരുന്ന വിദ്യാർത്ഥികളുടെ സംശയമായിരുന്നു. ആ പ്രവർത്തനം വൈറലായശേഷം അതിന്റെ പുറംരൂപം മറ്റു ക്ലാസുകളിൽ പകർത്തപ്പെടുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. വെണ്ണ വീട്ടിൽ പതിവായി കാണുന്ന വിദ്യാർത്ഥിയ്ക്ക് അതേ പ്രവർത്തനം പുതിയ കണ്ടെത്തലല്ല. ആ വിദ്യാർത്ഥിയുടെ സംശയം മറ്റൊന്നായിരിക്കാം. അത് തിരിച്ചറിയുകയാണ് അധ്യാപകരുടെ ജോലി.
ഒരു ക്ലാസിലെ നല്ല പ്രവർത്തനത്തിന്റെ പുറംരൂപം മാത്രം മറ്റൊരു ക്ലാസിലേക്ക് മാറ്റുന്നു. അതിന് പിന്നിലെ പഠനാവശ്യം ഉപേക്ഷിക്കുകയും ചെയ്യുന്നത് സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയുള്ള അനുകരണമാണ് . ലളിതമായി പറഞ്ഞാൽ സാഹചര്യം നോക്കാതെ പുറംരൂപം പകർത്തൽ. ഇത്തരം യാന്ത്രിക അനുകരണ റീലുകൾ നമുക്കു ചുറ്റും ഏറെയാണ്
ടീച്ചർക്ക് ബോധനത്തിന് അടിസ്ഥാനമാവേണ്ടത് സ്വന്തം ക്ലാസ് മുറിയിലെ വിദ്യാർത്ഥികളാവണം. വിദ്യാർത്ഥികൾ മാറുമ്പോൾ പ്രവർത്തനത്തിലും സ്വാഭാവിക മാറ്റം ഉണ്ടാവണം. വിദ്യാർത്ഥി പഠിതാവാണ്; സാമൂഹ്യമാധ്യമ ഉള്ളടക്കമല്ല
എന്നാൽ, ക്ലാസ്മുറിയിലെ റീലുകളെ വിലയിരുത്തേണ്ടത് പഠനത്തിന്റെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ മാത്രമല്ല. വിദ്യാർത്ഥിയുടെ അവകാശങ്ങളുടെയും സ്വകാര്യതയുടെയും അടിസ്ഥാനത്തിലും അവയെ പരിശോധിക്കണം.
ചില ദൃശ്യങ്ങളിൽ വിദ്യാർത്ഥി അധ്യാപകരുടെ പിന്നിൽ കൈയടിക്കുന്ന ആളായി മാത്രം പ്രത്യക്ഷപ്പെടുന്നു. ചിലതിൽ വിദ്യാർത്ഥി ദൃശ്യപശ്ചാത്തലമാണ്. മറ്റു ചിലതിൽ കരച്ചിലും പരാജയവും കുടുംബപശ്ചാത്തലവും ഭിന്നശേഷിയും വൈകാരികത കൂട്ടാനുള്ള ദൃശ്യമായി മാറുന്നു. അവിടെയാണ് അതിരു കടക്കുന്നത്.
വിദ്യാർത്ഥി ഒരു പഠിതാവാണ്; മറ്റൊരാളുടെ സാമൂഹ്യമാധ്യമ ഉള്ളടക്കമല്ല.
വിദ്യാർത്ഥിയുടെ ചിത്രം എന്തിനാണ് എടുക്കുന്നത്, എവിടെയാണ് പ്രസിദ്ധീകരിക്കുന്നത്, ആരാണ് കാണുന്നത് തുടങ്ങിയ കാര്യങ്ങൾ രക്ഷിതാവ് അറിയണം. രക്ഷിതാവിന്റെ സമ്മതം ലഭിച്ചു എന്നതുകൊണ്ടുമാത്രം എല്ലാ ദൃശ്യങ്ങളും പ്രസിദ്ധീകരിക്കാൻ യോജിച്ചതാകുന്നില്ല. വിദ്യാർത്ഥിയെ അപമാനിക്കാനോ ഭാവിയിൽ തിരിച്ചറിയപ്പെടുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കാനോ സാധ്യതയുള്ള ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കാനുള്ള ഉത്തരവാദിത്തവും മുതിർന്നവർക്കുണ്ട്.
വിദ്യാർത്ഥിയുട പ്രായത്തിന് യോജിച്ച രീതിയിൽ അവരുടെ അഭിപ്രായവും തേടണം.“നിന്റെ ചിത്രത്തിന്മേൽ നിനക്കും അവകാശമുണ്ട്. വേണ്ടെന്ന് പറയാൻ നിനക്കാവും” എന്ന പാഠം വിദ്യാർത്ഥി അനുഭവിച്ചറിയണം.അതാണ് ഡിജിറ്റൽ പൗരത്വത്തിന്റെ അടിത്തറ.

ക്ലാസ്മുറിയിൽ ക്യാമറ വേണ്ടെന്നാണോ?
അല്ല. ക്ലാസ്മുറിയിലെ ക്യാമറയ്ക്ക് വിദ്യാഭ്യാസഗവേഷണത്തിൽ ശക്തമായ മറ്റൊരു പാരമ്പര്യമുണ്ട്. പാഠം ആസൂത്രണം ചെയ്യാനും വിദ്യാർത്ഥിയുടെ പ്രതികരണങ്ങൾ നിരീക്ഷിക്കാനും അധ്യാപനത്തെ പിന്നീട് വിശകലനം ചെയ്യാനും പല രാജ്യങ്ങളിലും ക്ലാസ്മുറി ദൃശ്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവിടെയെല്ലാം ക്യാമറയുടെ ലക്ഷ്യം പ്രകടനം പിടിച്ചെടുക്കുക എന്നതല്ല; പഠനം മനസ്സിലാക്കുക. കേരളത്തിലും അതിനുള്ള അവസരങ്ങളുണ്ട്. ‘ലിറ്റിൽ കൈറ്റ്സ്’ പോലുള്ള സംവിധാനങ്ങളും സ്കൂളുകളിലെ ഡിജിറ്റൽ സൗകര്യങ്ങളും വിദ്യാർത്ഥികളെ ദൃശ്യമാധ്യമങ്ങളുടെ നിർമ്മാതാക്കളാക്കാൻ ഉപയോഗിക്കാം. എസ്. ഐ. ഇ. ടി പോലുള്ള സ്ഥാപനങ്ങൾ ഈ രംഗത്ത് ഗവേഷണ ബുദ്ധിയോടെ ഇടപെടുകയും വേണം.
വിദ്യാർത്ഥി വീഡിയോ നിർമ്മിക്കുമ്പോൾ സ്ക്രിപ്റ്റ് എഴുതുന്നു. വിവരങ്ങൾ തിരഞ്ഞെടുക്കുന്നു. ചോദ്യങ്ങൾ തയ്യാറാക്കുന്നു. മറ്റുള്ളവരെ ശ്രദ്ധിച്ച് കേൾക്കുന്നു. ദൃശ്യങ്ങൾ ക്രമീകരിക്കുന്നു. തിരുത്തുന്നു. സംഘമായി തീരുമാനമെടുക്കുന്നു.ഇവിടെ ക്യാമറ വിദ്യാർത്ഥി ചിത്രീകരിക്കുന്ന ഉപകരണമല്ല, പഠിക്കാൻ ലഭിക്കുന്ന മറ്റൊരു ഉപകരണമാണ്.
ക്യാമറ ഉയർത്തുന്നതിനുമുമ്പ്, ഓരോ ക്ലാസ്മുറി ദൃശ്യവും പകർത്തുന്നതിനുമുമ്പ് നമ്മൾ അധ്യാപകർ ചില ചോദ്യങ്ങൾ ചോദിക്കണം.
ഈ വീഡിയോ ആരുടെ പഠനത്തെ സഹായിക്കുന്നു?
അധ്യാപകന്റെ പ്രകടനമാണോ കേന്ദ്രം, വിദ്യാർത്ഥിയുടെ പഠനമാണോ?
വിദ്യാർത്ഥിയ്ക്കും രക്ഷിതാവിനും ഇതിനെക്കുറിച്ച് അറിവുണ്ടോ?
ഈ ദൃശ്യം എന്തിനാണ് പ്രസിദ്ധീകരിക്കുന്നത്?
വിദ്യാർത്ഥി കാഴ്ച നേടാനുള്ള വസ്തുവാകുന്നുണ്ടോ?
വിദ്യാർത്ഥി എന്താണ് ചിന്തിച്ചത്, അന്വേഷിച്ചത്, കണ്ടെത്തിയത് എന്ന് ഈ ദൃശ്യത്തിൽനിന്ന് മനസ്സിലാകുന്നുണ്ടോ?
മറ്റൊരിടത്ത് വൈറലായ പ്രവർത്തനം നമ്മുടെ വിദ്യാർത്ഥികളുടെ ആവശ്യം പരിശോധിക്കാതെ പകർത്തുകയാണോ?
ഈ ചോദ്യങ്ങളാണ് ക്യാമറയെ ഒരു പഠനോപകരണമാക്കി മാറ്റുന്നതിൽ അധ്യാപകർക്ക് വഴികാട്ടിയാകേണ്ടത്.

ക്യാമറ തിരിക്കേണ്ടത് എവിടേക്ക്?
റീലുകൾ അവസാനിപ്പിക്കണമെന്നല്ല ഇവിടെ പറയുന്നത്. വിദ്യാർത്ഥികൾ വീഡിയോ നിർമ്മിക്കട്ടെ. സ്കൂളുകൾ അവരുടെ നല്ല പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവയ്ക്കട്ടെ. അധ്യാപകർ പുതുമകൾ അവതരിപ്പിക്കട്ടെ. സാങ്കേതികവിദ്യ ക്ലാസ്മുറിയിൽ സജീവമായി ഉപയോഗിക്കട്ടെ. പക്ഷേ ഓരോ ക്യാമറ ഉയരുമ്പോഴും കൃത്യമായ ലക്ഷ്യമുണ്ടാവണം. ഇവിടെ ദൃശ്യമാകേണ്ടത് അധ്യാപരുടെ പ്രകടനമല്ല, വിദ്യാർത്ഥിയുടെ പഠനമാണ്.
വിദ്യാർഥികേന്ദ്രീകൃത വിദ്യാഭ്യാസം പാഠ്യപദ്ധതി രേഖകളിൽ മാത്രം നിലനിൽക്കാനുള്ളതല്ലല്ലോ. അധ്യാപകർ ചോദിക്കുന്ന ചോദ്യത്തിലും വിദ്യാർത്ഥിയ്ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിലും ക്ലാസ്മുറിയിലെ പ്രവർത്തനത്തിലും അതിന്റെ തെളിവുകൾ ഉണ്ടാവണം. ക്യാമറയുടെ ഫ്രെയിമിലും അതേ വിദ്യാഭ്യാസദർശനം പ്രതിഫലിക്കണം.
അതുകൊണ്ട് ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യമാണ്: ക്യാമറ തിരിക്കുക; പ്രകടനത്തിൽനിന്ന് പഠനപ്രക്രിയയിലേക്ക്. അതിലുപരി, ക്യാമറ വിദ്യാർത്ഥിയുടെ കൈയിലും എത്തട്ടെ.
നമ്മുടെ പൊതുവിദ്യാഭ്യാസം മുന്നോട്ടുവയ്ക്കുന്ന വിദ്യാർഥികേന്ദ്രീകൃത വിദ്യാഭ്യാസദർശനത്തോട് അതിന്റെ ദൃശ്യഭാഷയും ചേർന്നുനിൽക്കട്ടെ.
