കേരളത്തിലെ പഴയ പ്രീഡിഗ്രിക്കാലം ഗൃഹാതുരമായ ഓർമ്മയാണിപ്പോഴും. വിശാലമായ കാമ്പസും പൂമരച്ചോടും അവിടെ തളിരിടുന്ന പ്രണയബന്ധങ്ങളും സമരഭരിതമായ നാളുകളുമൊക്കെയാണ് അന്നത്തെ അനുഭവങ്ങളെ വേറിട്ടതാക്കിയിരുന്നത്.
പഴയ പ്രീഡിഗ്രി കാലം പോയി മറഞ്ഞ് ഏതാണ്ട് കാൽനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. അവിടെനിന്നും നിരവധി ചരിത്രസന്ധികളിലൂടെ കടന്നുവന്ന് ഇപ്പോഴത്തെ ജെൻ സിക്കാരുടെ പ്ലസ് ടു കാലത്തേക്ക് എത്തുമ്പോൾ നമ്മുടെ സ്‌കൂളുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ സ്വഭാവപരിണാമം മാത്രം മുൻനിർത്തി കൂലങ്കഷമായ ചർച്ച അനിവാര്യമാണെന്ന് കരുതുന്നു. നമ്മുടെ സ്‌കൂളുകളിൽ നല്ല മിടുക്കരായ വിദ്യാർത്ഥികളുണ്ട്. ശാസ്‌ത്രോത്സവങ്ങളിലും കലോത്സവങ്ങളിലും കായികമത്സരങ്ങളിലും തിളങ്ങുന്ന പ്രതിഭകൾ. മത്സര പരീക്ഷകൾക്കു റാങ്കോടുകൂടി വിജയിക്കുന്നവർ, പഠിക്കാൻ കഴിവില്ലെങ്കിലും മറ്റു മേഖലകളിൽ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്നവർ. എൻ സി സി, എസ് പി സി, എൻ എസ് എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നീ സേനകളിൽ അംഗങ്ങളായ വിദ്യാർഥികൾ.
സ്‌കൂളിൽ ഒരു പൊതുപരിപാടി ഉണ്ടായാൽ അതിനെല്ലാം നേതൃത്വം കൊടുത്ത്, ചടങ്ങ് അവസാനിക്കുന്നതുവരെ കർമ്മനിരതരായി പണിയെടുക്കുന്ന വളണ്ടിയർമാർ. സ്‌കൂൾ കായികമേളയിൽ പങ്കെടുത്ത് ക്ഷീണിച്ച് അവശരായി തളർന്നു കിടക്കുന്ന വിദ്യാർഥികൾക്ക് ഗ്ലൂക്കോസ് പൊടിയും നാരങ്ങാവെള്ളവും എത്തിച്ചു കൊടുക്കുന്ന യൂണിഫോമിട്ട എസ് പി സി വിദ്യാർത്ഥികൾ. സഹജീവികളോട് ആർദ്രതയും കരുണയും കാണിക്കേണ്ടതെങ്ങനെയെന്ന് സ്‌കൂളിൽ നിന്ന് തന്നെ പഠിച്ചെടുക്കുന്ന നമ്മുടെ കൗമാരം. എന്നാൽ അതിനൊക്കെ അപവാദമായി ഒരു കൂട്ടർ സ്‌കൂളിൽ വിലസുന്നത് നമുക്ക് കാണാം. അവരുടെ താല്പര്യ മേഖലകളിൽ മറ്റെന്തൊക്കെയാണ്.

ഇവരൊക്കെ നമ്മുടെ കുട്ടികളാണെങ്കിലും ഗ്യാങ്ങിസത്തിന്റെയും ആൾക്കൂട്ട ബലത്തിന്റെയും ശക്തിയിൽ അഭിരമിക്കുന്നവരാണ് ഇവർ. പ്രത്യേകിച്ച് ഉദ്ദേശ്യലക്ഷ്യങ്ങളോ മറ്റൊന്നുമില്ലാതെ സ്‌കൂളിന് പുറത്തും ബസ്റ്റോപ്പുകളിലുമൊക്കെ സംഘർഷവും കലഹവും സൃഷ്ടിക്കുക എന്നതാണ് പ്രധാന പരിപാടി. കലഹപ്രിയരായ ഏതാനും വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നമ്മുടെ സ്‌കൂളുകളിൽ പതിവ് സംഘർഷങ്ങൾ അരങ്ങേറുന്നത്. ബസ് സ്റ്റോപ്പുകളിലും വിദ്യാർത്ഥികൾ കൂട്ടം കൂടി നിൽക്കുന്ന മറ്റു ഇടങ്ങളിലും വിദ്യാലയത്തിന് സമീപത്തെ ഇടവഴികളിലും റോഡുകളിലും ഒക്കെ ഒരു ആചാരമെന്ന നിലക്ക് കശപിശ,ഉന്തും തള്ളും, അടിപിടി എന്നിവ അരങ്ങേറുന്ന കാഴ്ചയാണ് കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ പരിണിതഫലങ്ങളാണ് വലിയ ഏറ്റുമുട്ടലിലേക്കും സംഘർഷങ്ങളിലേക്കും നയിക്കുന്നത്.
വിദ്യാർത്ഥികൾ തമ്മിലുള്ള ഈ കലഹങ്ങളൊക്കെ എന്തിനുവേണ്ടിയാണെന്ന് ചോദിച്ചാൽ പണ്ടൊരു സിനിമയിൽ സലിംകുമാർ രണ്ടു കയ്യും മലർത്തി ആ എന്നു പറയുന്നതു പോലെയാണ്. പ്രത്യേകിച്ച് ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഒന്നുമില്ലാത്ത അടിപിടി ആരംഭിക്കുന്നത് സോഷ്യൽ മീഡിയ വഴി തന്നെയാണ്. അവിടെ നിന്നു തുടങ്ങുന്ന പോർവിളികൾ അവസാനിക്കുന്നത് പുറത്തെ സംഘർഷങ്ങളായിട്ടാണ്.
ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു. അതിനുശേഷം രണ്ടാഴ്ച പിന്നിട്ട കാലത്ത് പല സ്‌കൂളുകളിലും ഇത്തരം അടിപിടികൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ കാഴ്ചകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂട്ടയടിയിൽ ചിതറി ഓടുന്ന വിദ്യാർത്ഥികൾ ഒരു ചെറു പ്രദേശത്തെ ആകെ സംഘർഷഭരിതമാക്കുകയാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികളായതിനാൽ ഇവരെ നിയന്ത്രിക്കുന്നതിൽ പല പരിമിതികളും വന്നുചേരുന്നതാണ് പ്രധാന പ്രശ്‌നം. പുറമേയുള്ള ആളുകൾക്ക് കണ്ടുനിൽക്കാനേ കഴിയൂ. ലഹരി മാഫിയയും മറ്റു സംഘങ്ങളും നമ്മുടെ കുട്ടികളെ വിഴുങ്ങാൻ കാത്തിരിക്കുന്ന സമയത്ത് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം പിശകുകൾ കൂടുതൽ അപകടങ്ങളിലേക്കേ കൊണ്ടുചെന്നെത്തിക്കൂ. കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് താമരശ്ശേരിയിൽ ഷഹബാസ് എന്ന വിദ്യാർത്ഥിയെ സഹപാഠികൾ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം സർക്കാരും പൊതുസമൂഹവും കാണിച്ച ജാഗ്രത ഈ സാഹചര്യത്തിൽ എടുത്തു പറയേണ്ടതാണ്. ലഹരി മാഫിയയെ തളക്കുന്നതിന് വേണ്ടി നിരന്തര റെയ്ഡും അന്വേഷണങ്ങളുമൊക്കെ കൊണ്ടുപിടിച്ചുനടന്നിരുന്നു. കുറെയൊക്കെ ബോധവൽക്കരണം ഇക്കാര്യത്തിൽ നടത്താനുമായി.
ഈ അധ്യയനവർഷാരംഭം ആദ്യത്തെ രണ്ടാഴ്ച വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകളുമുണ്ടായി. രക്ഷിതാക്കളും ഇത്തരം ബോധവൽക്കരണ ക്ലാസുകളിൽ യഥാസമയം പങ്കെടുത്തു. കൂടെയുണ്ട് കരുത്തേകാൻ എന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം തയ്യാറാക്കിയ സമഗ്ര വിദ്യാർത്ഥി രക്ഷാകർതൃ അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായ ക്ലാസുകൾ സ്‌കൂളുകളിൽ നടന്നു. കുട്ടികളുടെ മാനസിക സുസ്ഥിതി സമൂഹത്തിന് മുതൽക്കൂട്ട്, കൗമാര പെരുമാറ്റങ്ങളിലെ അപകടസാധ്യതകളും സംരക്ഷണ ഘടകങ്ങളും, വാഹന ഉപയോഗം അറിയേണ്ടതും പാലിക്കേണ്ടതും, വ്യക്തിശുചിത്വവും പരിസര ശുചിത്വവും, ജീവിതമാണെന്റെ ലഹരി, നിയമം എന്ന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ക്ലാസുകൾ നടന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ രണ്ട് ടോപ്പിക്കുകൾ എങ്ങനെ നല്ല സുഹൃത്തുക്കളെ നേടാം, ജീവിതത്തിലെ അഞ്ചു പ്രധാനപ്പെട്ട പേരുകൾ, പ്രണയബന്ധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും എന്നിവയാണ്.

ചില പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ കൊണ്ട് ചെയ്യിച്ച് ക്ലാസുകൾ എടുക്കുന്നതായിരുന്നു രീതി. ഈ മോഡ്യൂളിലെ 28ാം പേജിൽ റാഗിങ്ങിനെ കുറിച്ചുള്ള കൃത്യമായ നിർവചനം നൽകിയിട്ടുണ്ട്. 'ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയോട് ക്രമവിരുദ്ധമായി പെരുമാറുന്നതുമൂലം ആ വിദ്യാർത്ഥിക്ക് ശാരീരികവും മാനസികവുമായ പീഡനം ഉണ്ടാവുകയോ ഉണ്ടാകാൻ സാധ്യത ഉണ്ടാവുകയോ അല്ലെങ്കിൽ അല്ലെങ്കിൽ ആശങ്കയോ ഭയപ്പാടോ അപമാനമോ ബുദ്ധിമുട്ടോ ഉണ്ടാകുന്നതായ ഏത് പ്രവർത്തിയും റാഗിംഗായി പരിഗണിക്കപ്പെടുന്നു.'
ഒരാൾ സ്വയമേവ സമാധാനമായി ചെയ്യാൻ തയ്യാറാകാത്ത എന്തെങ്കിലും പ്രവർത്തി ചെയ്യുന്നതിനോ നിർവഹിക്കുന്നതിനോ ആവശ്യപ്പെടുന്നതും നിർബന്ധിക്കുന്നതും റാഗിങ്ങിന്റെ പരിധിയിൽ ഉൾപ്പെടുന്നു. റാഗിംഗ് നടത്തുകയോ റാഗിങ്ങിൽ ഉൾപ്പെടുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്താലും റാഗിങ്ങിന് സമാനമായ ശിക്ഷയും 10000 രൂപ വരെ പിഴയും ഉണ്ടാകും. കേരള റാഗിംഗ് നിരോധന നിയമം 1998 മുഖാന്തരം തടവിനും പിഴയ്ക്കും വിധിക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിടൽ വരെ ശിക്ഷകളായി വന്നേക്കാം. റാഗിംഗ് നിസ്സാരമായ ഒന്നല്ല.അത് മനുഷ്യാവകാശ ലംഘനം കൂടിയായിട്ടാണ് നിയമം കാണുന്നത്.
വിദ്യാർത്ഥികളുടെ സങ്കുചിതമായ സ്വത്വബോധത്തെ മറികടക്കാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ സംഘടിപ്പിക്കണമെന്നാണ് പ്രതിവിധിയായി മൊഡ്യൂളിൽ സംഗ്രഹിക്കുന്നത്. ആരോഗ്യപൂർണമായ സൗഹൃദങ്ങൾ സൃഷ്ടിക്കേണ്ടതിന്റെയും സഹാനുഭൂതി വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതിന്റെയും പ്രാധാന്യവും എടുത്തുപറയുന്നുണ്ട്.
കൗമാര മനഃശ്ശാസ്ത്രവുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികൾക്കുള്ള ബോധവത്കരണ ക്ലാസിന്റെ രൂപരേഖ തയ്യാറാക്കിയിരുന്നത്. കൗമാരക്കാർക്കിടയിലെ അഹംകേന്ദ്രീകൃത ചിന്ത ( ഈഗോ സെന്ററിസം) യെപ്പറ്റിയും സൂചനയുണ്ട്. വിദ്യാർത്ഥികൾക്ക് സ്വന്തം കാഴ്ചപ്പാടുകളിലും ആവശ്യങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനോ പരിഗണിക്കാനോ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയെയാണ് ചൂണ്ടിക്കാട്ടിയത്. എല്ലാം സ്വന്തം കാഴ്ചപ്പാടിലൂടെ മാത്രം നോക്കിക്കാണുന്ന സ്വഭാവം കുട്ടികൾക്കിടയിൽ എംപതിയില്ലാതാക്കാൻ കാരണമാകുന്നുണ്ട്. അതിനെക്കുറിച്ച് കൃത്യമായ അവബോധം നൽകുകയാണ് ലക്ഷ്യം.
കുട്ടിയുടെ വളർച്ചയുടെ നിർണ്ണായക ഘട്ടത്തിലാണ് ഈഗോ സെന്ററിസം പ്രത്യക്ഷപ്പെടുക.

സമീപകാലത്ത് ഏറെ ചർച്ചാവിഷയമായ കൗമാരക്കാർക്കിടയിലെ വർദ്ധിച്ചുവരുന്ന അക്രമവാസന മൊഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ, കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, സാമൂഹിക ചുറ്റുപാട് എന്നിവ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. കൗമാരക്കാർ അക്രമ സ്വഭാവം കാണിക്കാനുള്ള കാരണങ്ങളിൽ ഇതൊക്കെപ്പെടുമെന്നും പറയുന്നത് ഈ സാഹചര്യങ്ങളൊക്കെ മുൻനിർത്തിയാണ്.
വിദ്യാർത്ഥികളുടെ സ്ട്രെസ് കുറക്കാനും അവരുടെ മാനസികോല്ലാസം മെച്ചപ്പെടുത്തുന്നതിനുമായി ഈ വർഷം സ്‌കൂളുകളിൽ ഒരു ലഘുവ്യായാമ പദ്ധതി നടപ്പാക്കിയ സർക്കാരിനെ ചില മതസംഘടനകൾ എതിർത്തത് വലിയ കോളിളക്കം ഉണ്ടാക്കി. ഏതുവിധത്തിലുള്ള പരിഷ്‌കാരങ്ങളെയും പിറകോട്ടുവലിക്കുക എന്നതാണ് അത്തരക്കാരുടെ അജണ്ട. മതപണ്ഡിതന്മാരുടെ ആജ്ഞയിൽ സർക്കാർ പക്ഷേ വഴങ്ങിയിട്ടില്ല. മുൻപ് ലിംഗനീതി സംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്ന ഘട്ടത്തിലും ഇത്തരക്കാർ ഉറഞ്ഞുതുള്ളിയിരുന്നു.
എന്തൊക്കെയാണെങ്കിലും കഴിഞ്ഞ അധ്യയനവർഷത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈ അധ്യയന വർഷം. സർക്കാർ തന്നെ മുൻകൈ എടുത്ത് ഇത്തരം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത് ശ്ലാഘനീയമാണ്. അധ്യയന വർഷാരംഭത്തിൽത്തന്നെ ക്ലാസ്സ് പി ടി എകൾ മിക്ക സ്‌കൂളുകളും സജീവമായിരുന്നു. മക്കളെ സ്‌കൂളിൽ ചേർത്തതിനു ശേഷം തീരെ തിരിഞ്ഞുനോക്കാത്ത രക്ഷിതാക്കൾ പോലും പലയിടത്തും പി ടി എ യോഗത്തിനെത്തി. മക്കളെക്കുറിച്ച് ആധിയുള്ള രക്ഷിതാക്കൾ തങ്ങളുടെ മക്കളെക്കുറിച്ച് അധ്യാപകരോട് വിശദമായിത്തന്നെ അന്വേഷിച്ചു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ജനകീയതയാണ്. ഏറ്റവും ദരിദ്രരായ കുട്ടികൾക്ക്‌പോലും തീർത്തും സൗജന്യമായി ജനാധിപത്യ മതനിരപേക്ഷത മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസമാണ് അത് മുന്നോട്ടുവെക്കുന്നത്. ഒരു പൊതുവിദ്യാലയത്തിൽ പഠിക്കുന്ന കുട്ടി സ്വാഭാവികമായും ആർജ്ജിച്ചെടുക്കുന്ന സോഷ്യൽ ഇന്റലിജന്റ്സുണ്ട്. സ്‌കൂളിലേക്ക് നടന്നും ബസ്സിൽ തൂങ്ങിപ്പിടിച്ചുമുള്ള യാത്ര, ഉച്ചഭക്ഷണത്തിന് കാത്തുനിൽക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം, സമൂഹത്തിലെ എല്ലാ വിഭാഗക്കാരോടൊത്തുള്ള നിരന്തര സഹവാസം തുടങ്ങി നമ്മൾ സമൂഹത്തിൽ നിന്ന് പഠിക്കാനുദ്ദേശിക്കുന്ന വിവിധതരം പ്രതിസന്ധികൾ. അതെല്ലാം പ്രദാനം ചെയ്യുന്ന ഒരിടമാണ് പൊതുവിദ്യാലയം. ആധുനികകാലത്ത് വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്നതൊക്കെയും ഒരളവോളം നൽകാൻ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് വ്യത്യസ്തമായി പൊതുവിദ്യാലയങ്ങൾക്കാവുന്നുണ്ട്. സമൂഹത്തിനോടിണങ്ങിച്ചേരുന്ന ഒരു മാജിക്ക് അവിടെയുണ്ട്.
സർക്കാർ സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ട ഒരു കാലമാണിത്. ക്ലാസ് മുറികളും ആധുനിക പഠന സങ്കേതങ്ങളും നല്ല ടോയ്‌ലറ്റ് സൗകര്യങ്ങളും സ്‌കൂളുകളിലുണ്ട്. എന്നാൽ കണ്ടുവരുന്ന പ്രവണത പൊതുപരീക്ഷകൾ അവസാനിക്കുന്ന ദിവസം തന്നെ ചില കുട്ടികൾ അക്രമവാസന പ്രകടിപ്പിച്ച് നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ്. സ്‌കൂൾ അവസാനിക്കുന്ന ദിവസം ഇതിന്റെ ഭാഗമായി ക്ലാസ്സ് മുറികളിലെ വൈറ്റ് ബോർഡ് അടക്കമുള്ള പഠനോപകരണങ്ങൾ, ബാത്‌റൂമിലെ ക്ലോസറ്റ്, വാഷ് ബേസിൻ എന്നിവ കുത്തിപ്പൊട്ടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന സ്വഭാവവും ചില കുട്ടികളിലെങ്കിലും കാണുന്നു. ഇതിന് തടയിടാൻ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കെതിരെ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് അറിയിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ഇറക്കി ഒരു നിയന്ത്രണം ഏർപ്പെടുത്തുകയാണ് പതിവ്.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിവസത്തെ സമീപത്തെ നാട്ടുകാർക്കും കടക്കാർക്കും വിദ്യാർത്ഥികളുടെ വീട്ടുകാർക്കും ഇപ്പോൾ ഒരു പോലെ പേടിയുളവാക്കുന്നതാണ്. വിദ്യാർത്ഥികളെ തിരിച്ചുകൊണ്ടുപോകാൻ രക്ഷിതാക്കൾ നിർബന്ധമായും എത്തണമെന്ന് സർക്കുലർ ഉണ്ടെങ്കിലും പല രക്ഷിതാക്കളും അതിനു മുതിരാറില്ല. മറ്റുള്ളവരുടെ ദേഹത്തേക്ക് കളർപൊടികൾ എറിഞ്ഞും കളർ വെള്ളം തെളിച്ചും അരോചകവും ആഭാസകരവുമായ ആഘോഷ പ്രകടനങ്ങളാണ് വിദ്യാർഥികൾ നടത്താറുള്ളത്. സ്‌കൂൾ വിടുന്ന വൈകുന്നേരങ്ങളിലാകട്ടെ ബസ് സ്‌റ്റോപ്പുകളിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളോട് തട്ടിക്കയറുകയും തുടർന്ന് ഏറ്റുമുട്ടലും മർദ്ദനവും. ക്ലാസ് സമയത്ത് സ്‌കൂൾ കോമ്പൗണ്ടിൽ ഇത്തരത്തിലുള്ള പരിപാടികൾ നടത്തിയാൽ സി സി ടി വി ക്യാമറയുടെ നിരീക്ഷണത്തിൽ വരുമെന്ന് അറിയാവുന്നതുകൊണ്ട് കൂട്ടയടിയുടെ വേദികൾ പലപ്പോഴും സ്‌കൂളിനു വെളിയിലാവുകയാണ് പതിവ്. പുറത്ത് കൂട്ടയടിയുണ്ടായാൽ പ്രതികളായ വിദ്യാർത്ഥികളെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്. കണ്ടാലറിയാവുന്ന കുറച്ച് വിദ്യാർത്ഥികളെ പ്രതികളാക്കിയാൽത്തന്നെ അവർക്ക് ഈ സംഘട്ടനത്തിൽ പങ്കുണ്ടെന്ന് എങ്ങനെ ഉറപ്പു വരുത്താൻ കഴിയും. ഇനി അഥവാ സംഭവത്തിലുൾപ്പെടാത്തവർ പ്രതികളാക്കപ്പെട്ടാൽ സ്ഥാപനമേലധികാരികളെ സംബന്ധിച്ചിടത്തോളം അതൊരു പുലിവാലാണ്. കോഴിക്കോട് സഹപാഠിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ കൊണ്ടുപോയ വേളയിൽ ഉണ്ടായ പ്രതിഷേധം നമുക്കറിയാം. ഏതെങ്കിലും റാഗിംഗ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ താത്കാലികമായി സസ്‌പെൻഡ് ചെയ്താൽപ്പോലും പ്രധാനാധ്യാപകർക്ക് സമ്മർദ്ദമാണ്. പുറമെ നിന്ന് രാഷ്ട്രീയ സമ്മർദ്ദവും കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മർദ്ദവും. ഇതിനെയൊക്കെ അതിജീവിച്ചുവേണം പ്രധാനാധ്യാപകർക്ക് തീരുമാനമെടുക്കാൻ. കുട്ടികൾക്കെതിരായുള്ള നടപടി ഒടുവിൽ തിരിഞ്ഞുകുത്തുന്ന അവസ്ഥയുണ്ടാകരുതെന്ന ശ്രദ്ധയോടെ മാത്രമേ ഇവർക്ക് പ്രവൃത്തിക്കാനാവൂ.
കഴിഞ്ഞ ദിവസം കോട്ടക്കലിനു സമീപത്തെ രണ്ടു സ്‌കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായത് കഴിഞ്ഞ വർഷം അവിടെ പഠിച്ചിറങ്ങിയ വിദ്യാർത്ഥിയാണ്. ഈ വർഷം പ്ലസ് ടു വിദ്യാർത്ഥികളെയാണ് സ്‌കൂൾ വിട്ടതിനു ശേഷം തല്ലിയത്. ഉപജില്ലാ കായികമേള, കലോത്സവം എന്നീ പരിപാടികൾ നടക്കുമ്പോൾ വിദ്യാർത്ഥികൾ തല്ലിനുള്ള അവസരമായി ഇതിനെ കാണുന്നു. സ്വന്തം അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിയന്ത്രണമില്ലാത്ത ഒരിടത്തേക്ക് എത്തുന്നതിന്റെ ആവേശത്തിൽ മുന്നോടിയായി നടന്ന ഇൻസ്റ്റഗ്രാം പോർവിളികൾക്ക് പരിസമാപ്തി കുറിച്ച് തല്ലുമാല അരങ്ങേറുന്നു.

പഠനയാത്ര, ഓണാഘോഷം, സെന്റോഫ് എന്നിവ പലപ്പോഴും അതിരുവിട്ട ആഘോഷങ്ങളിലേക്ക് പോകാറുണ്ട്. പഠനയാത്രയുടെ ചുമതലയുള്ള അധ്യാപകന് യാത്ര കഴിഞ്ഞെത്തുന്നതുവരെ ആധിയാണ്. അനുഗമിക്കുന്ന അധ്യാപകർക്കാവട്ടെ വലിയൊരു വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന പ്രതീതിയുമായിരിക്കും. ഓണാഘോഷത്തിന് സ്‌കൂളിലെ പരിപാടികളെല്ലാം അവസാനിച്ചാൽ അനുമതിയില്ലാതെ തുറന്ന വാഹനത്തിൽ ആഘോഷവുമായി ചില സ്‌കൂളുകളെങ്കിലും വിദ്യാർത്ഥികൾ കറങ്ങാൻ പോകാറുണ്ട് .ലൈസൻസുള്ള ഒരുത്തൻ വണ്ടിയിൽ ഉണ്ടാകും. ഇത്തരം ആഡംബരവാഹനങ്ങൾ വാടകക്ക് നൽകുന്നവരെ വലയിൽ വീഴ്ത്തി വിദ്യാർത്ഥികളുടെ ആഘോഷ പ്രകടനങ്ങൾ സ്‌കൂളിനുചുറ്റും അരങ്ങു തകർക്കും.
നമ്മുടെ കുട്ടികൾ എന്തിനാണിങ്ങനെ കാരണങ്ങളില്ലാതെ കലഹിക്കുന്നത്. മുമ്പുണ്ടായിരുന്ന സംഘട്ടനങ്ങളുടെയോ സംഘർഷങ്ങളുടെയോ സ്വഭാവമല്ല ഇപ്പോൾ. അരാഷ്ട്രീയതയുടെയും വ്യത്യസ്ത ഗ്യാങ്ങുകളുടെ എന്തിനെന്നറിയാത്ത കലഹങ്ങളുടെയും പ്രതികാരങ്ങളുടെയും നാളുകൾ അവസാനിപ്പിച്ച് പൂർണമായും സൗഹൃദത്തിന്റെ അന്തരീക്ഷം പിറവിയെടുക്കട്ടെ നമ്മുടെ സ്‌കൂളുകളിൽ.
