‘ഞങ്ങളുടെ പേരുള്ള എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ പിൻവലിക്കണം’- യോഗേന്ദ്ര യാദവ്, സുഹാസ് പാൽഷികർ

തങ്ങളുടെ പേരുകളെ മറയാക്കി രാഷ്ട്രീയ പക്ഷപാതിത്വം നിറഞ്ഞതും അക്കാദമികമായി നീതീകരിക്കാനാകാത്തതും ബോധനശാസ്ത്രപരമായി നിലനിൽക്കാത്തതുമായ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്ക് നൽകുന്നത് അംഗീകരിക്കാനാകില്ല എന്ന് യോഗേന്ദ്ര യാദവും സുഹാസ് പാൽഷികറും എൻ.സി.ഇ.ആർ.ടി ചെയർമാനയച്ച കത്തിൽ പറയുന്നു.

National Desk

എൻ.സി.ഇ.ആർ.ടിയുടെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളുടെ ചീഫ് അഡ്വൈസർ സ്ഥാനത്ത് തങ്ങളുടെ പേരുകൾ തുടരുന്നത് നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പൊളിറ്റിക്കൽ സയന്റിസ്റ്റായ യോഗേന്ദ്ര യാദവും അക്കാദമിഷ്യനും സാമൂഹിക ശാസ്ത്രജ്ഞനുമായ സുഹാസ് പാൽഷികറും. ഈ സ്ഥാനത്തുനിന്ന് തങ്ങളുടെ പേരുകൾ അടിയന്തരമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2023 ജൂൺ എട്ടിന് ഇരുവരും എൻ.സി.ഇ.ആർ.ടി ചെയർമാന് കത്തയച്ചിരുന്നു. എന്നിട്ടും, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ ഇരുവരുടെയും പേരുകൾ 'ചീഫ് അഡ്വൈസർ' എന്ന വിശേഷണത്തോടെ ഇപ്പോഴുമുണ്ട്.

ഒരു വർഷം മുമ്പ് തങ്ങൾ നൽകിയ നിർദേശം നിരസിച്ച് ഇപ്പോഴും പേരുകൾ നിലനിർത്തിയിരിക്കുന്നതിൽ ചെയർമാനയച്ച കത്തിൽ ഇരുവരും കടുത്ത ആശങ്ക അറിയിച്ചു. പേരുകളുള്ള പുസ്തകം പിൻവലിച്ച് ആറ് പാഠപുസ്തകങ്ങളുടെയും പുതിയ എഡിഷനുകൾ അച്ചടിച്ച് വിതരണം ചെയ്യണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും എൻ.സി.ഇ.ആർ.ടി ചെയർമാനയച്ച കത്തിൽ ഇരുവരും വ്യക്തമാക്കി.

എൻ.സി.ഇ.ആർ.ടിയുടെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളുടെ ചീഫ് അഡ്വൈസർ സ്ഥാനത്തുള്ള തങ്ങളുടെ പേരുകൾ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി യോഗേന്ദ്ര യാദവും സുഹാസ് പാൽഷികറും എൻ.സി.ഇ.ആർ.ടി ചെയർമാന് അയച്ച കത്ത്.
എൻ.സി.ഇ.ആർ.ടിയുടെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളുടെ ചീഫ് അഡ്വൈസർ സ്ഥാനത്തുള്ള തങ്ങളുടെ പേരുകൾ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി യോഗേന്ദ്ര യാദവും സുഹാസ് പാൽഷികറും എൻ.സി.ഇ.ആർ.ടി ചെയർമാന് അയച്ച കത്ത്.

പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ ചരിത്രവിരുദ്ധവും വർഗീയവുമായ തിരുത്തലുകൾ വരുത്തുന്നതിൽ പ്രതിഷേധിച്ചാണ് യോഗേന്ദ്ര യാദവും സുഹാസ് പാൽഷികറും പുസ്തകങ്ങളുടെ 'ചീഫ് അഡ്വൈസർ' സ്ഥാനമൊഴിയാണ് തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ വർഷം അയച്ച കത്തിന്മേൽ ഒരു നടപടിയുമുണ്ടായില്ല.

തങ്ങളുടെ പേരുകളെ മറയാക്കി രാഷ്ട്രീയ പക്ഷപാതിത്വം നിറഞ്ഞതും അക്കാദമിക്കലി നീതീകരിക്കാനാകാത്തതും ബോധനശാസ്ത്രപരമായി നിലനിൽക്കാത്തതുമായ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്ക് നൽകുന്നത് അംഗീകരിക്കാനാകില്ല എന്ന് ഇരുവരും കത്തിൽ പറയുന്നു.
‘‘മുമ്പുണ്ടായിരുന്ന പാഠപുസ്തകങ്ങൾ അനുയോജ്യമാണെന്ന് കണ്ടെത്തി അവയിൽ തിരുത്തൽ വരുത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് എൻ.സി.ഇ.ആർ.ടി കരുതുന്നുണ്ടാകാം. എന്നാൽ, ഞങ്ങളുടെ അഭ്യർഥന നിരസിച്ച്, 'ചീഫ് അഡ്വൈസർ' എന്ന സ്ഥാനത്ത് ഞങ്ങളുടെ പേരുകൾ നിലനിർത്തിക്കൊണ്ടും അതേസമയം ഞങ്ങളുമായി കൂടിയാലോചിക്കാതെയും പാഠപുസ്തകങ്ങളിൽ തിരുത്തൽ വരുത്തുന്നതിന് ധാർമികമോ നിയമപരമോ ആയ അവകാശമില്ല’’- യോഗേന്ദ്ര യാദവും സുഹാസ് പാൽഷികറും കത്തിൽ പറയുന്നു.

ന്യൂനപക്ഷ പ്രീണനം എന്ന മട്ടിൽ കഴിഞ്ഞ തെരഞ്ഞെടുപ്പു കാമ്പയിനിൽ മോദിയും ബി.ജെ.പിയും കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും എതിരെ ഉയർത്തിക്കാട്ടിയ വർഗീയ പരാമർശങ്ങളുടെ ഛായയുള്ള വിശദീകരണങ്ങളാണ് പുതിയ പാഠപുസ്തകങ്ങളിൽ ചേർത്തിരിക്കുന്നത്.

​​12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ ബാബരി മസ്ജിദുമായും മറ്റും ബന്ധപ്പെട്ട് പുതിയ തിരുത്തലുകൾ വരുത്തിയ സാഹചര്യത്തിലാണ് ​ഇരുവരും ചെയർമാന് വീണ്ടും കത്തയച്ചത്.

അതിനിടെ, പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ എൻ.സി.ഇ.ആർ.ടി ചില പുതിയ തിരുത്തലുകൾ കൂടി വരുത്തി. 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലുണ്ടായിരുന്ന ചൈനയുമായുള്ള അതിർത്തിത്തർക്കം പരാമർശിക്കുന്ന ഭാഗത്താണ് പുതിയ തിരുത്തൽ.
രണ്ടാം അധ്യായത്തിൽ, ലോക രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നിടത്ത്, 'രണ്ടു രാഷ്ട്രങ്ങളും തമ്മിൽ അതിർത്തിതർക്കത്തിന്റെ പേരിലുണ്ടായ സൈനിക സംഘർഷം ഈ പ്രതീക്ഷകൾ ഇല്ലാതാക്കി' എന്ന പരാമർശം, 'ഇന്ത്യൻ അതിർത്തിയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം ഈ പ്രതീക്ഷ ഇല്ലാതാക്കി' എന്നായാണ് തിരുത്തിയത്. 'ആസാദ് പാക്കിസ്ഥാൻ' എന്ന പരാമർശം തിരുത്തി 'പാക്കിസ്ഥാൻ ഒക്യുപൈഡ് ജമ്മു കാശ്മീർ' എന്നാക്കി.
'ഈ പ്രദേശം നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു. പാക്കിസ്ഥാൻ ആസാദ് പാക്കിസ്ഥാൻ എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്' എന്നായിരുന്നു മുമ്പുണ്ടായിരുന്നത്.
'അതേസമയം, ഇത് പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ ഭൂപ്രദേശമാണ്, അതിനെ പാക്കിസ്ഥാൻ ഒക്യുപൈഡ് ജമ്മു കാശ്മീർ എന്നു വിളിക്കുന്നു’ എന്നാക്കിയിട്ടുണ്ട്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചും പുതുതായി ചേർത്തിട്ടുണ്ട്.
മുമ്പുണ്ടായിരുന്ന ഭാഗം: ‘ഭൂരിഭാഗം സംസ്ഥാനങ്ങൾക്കും തുല്യ അധികാരമാണുണ്ടായിരുന്നതെങ്കിലും ജമ്മു കാശ്മീരിനെയും വടക്കുകിഴക്കുള്ള ചില സംസ്ഥാനങ്ങളെയും പോലുള്ളവയ്ക്ക് പ്രത്യേക പ്രൊവിഷനുകളുണ്ടായിരുന്നു'.
മാറ്റിയത്: 'മിക്കവാറും സംസ്ഥാനങ്ങൾക്ക് തുല്യ അധികാരമാണുള്ളതെങ്കിലും ജമ്മു കാശ്മീരിനെയും വടക്കുകിഴക്കുള്ള ചില സംസ്ഥാനങ്ങളെയും പോലുള്ളവയ്ക്ക് പ്രത്യേക പ്രൊവിഷനുകളുണ്ടായിരുന്നു. അതേസമയം, ജമ്മു കാശ്മീരിന് പ്രത്യേക പ്രൊവിഷനുകൾ നൽകുന്ന ആർട്ടിക്കിൾ 370 2019 ആഗസ്റ്റിൽ റദ്ദാക്കി'.

‘‘ഞങ്ങളുടെ പേരുകൾ നിലനിർത്തിക്കൊണ്ടും അതേസമയം ഞങ്ങളുമായി കൂടിയാലോചിക്കാതെയും പാഠപുസ്തകങ്ങളിൽ തിരുത്തൽ വരുത്തുന്നതിന് ധാർമികമോ നിയമപരമോ ആയ അവകാശം എൻ.സി.ഇ.ആർ.ടിക്ക് ഇല്ല’’.
‘‘ഞങ്ങളുടെ പേരുകൾ നിലനിർത്തിക്കൊണ്ടും അതേസമയം ഞങ്ങളുമായി കൂടിയാലോചിക്കാതെയും പാഠപുസ്തകങ്ങളിൽ തിരുത്തൽ വരുത്തുന്നതിന് ധാർമികമോ നിയമപരമോ ആയ അവകാശം എൻ.സി.ഇ.ആർ.ടിക്ക് ഇല്ല’’.

ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാറിന്റെ ഏറ്റവും പുതിയ നിലപാടുമായി ബന്ധപ്പെട്ടാണ് ഈ തിരുത്തലുകളെന്നാണ് എൻ.സി.ഇ.ആർ.ടി വിശദീകരണം.

കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ എൻ.സി.ഇ.ആർ.ടിയുടെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ, ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നടത്തിയ തിരുത്തലുകൾ അക്കാദമീഷ്യന്മാരുടെയും ചരിത്രപണ്ഡിതരുടെയും നിശിത വിമർശങ്ങൾക്കിടയാക്കിയിരുന്നു.
ബാബരി മസ്ജിദ് എന്ന പേരുതന്നെ ഒഴിവാക്കി ‘മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി’ എന്നാണ് പുതിയ വിശേഷണം. അയോധ്യയെ കുറിച്ച് നാലു പേജിലുണ്ടായിരുന്ന ഭാഗം രണ്ടു പേജാക്കി ചുരുക്കി. ബാബരി മസ്ദജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങൾ കുറച്ച് പകരം രാമജന്മഭൂമി പ്രക്ഷോഭത്തിന് കൂടുതൽ പ്രാധാന്യം നൽകി.
1986- മുതൽ ബാബരി മസ്ജിദ് പൊളിക്കുന്നതുവരെയുള്ള വർഗീയ ചേരിതിരിവിലേക്കുനയിച്ച സംഭവങ്ങളുടെ ക്രമാനുഗതമായ വളർച്ചയും അതിലെ രാഷ്ട്രീയ ഇടപെടലുകളും, പ്രത്യേകിച്ച് ബി.ജെ.പി രഥയാത്രയടക്കമുള്ളവ, വ്യക്തമാക്കുന്ന പാഠഭാഗങ്ങളെല്ലാം ഒഴിവാക്കി. സോമനാഥിൽനിന്ന് അയോധ്യയിലേക്കുള്ള ബി.ജെ.പി രഥയാത്ര, പള്ളി പൊളിക്കുന്നതിൽ കർസേവകരുടെ പങ്ക്, ഡിസംബർആറിനുശേഷം നടന്ന വർഗീയ കലാപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, അയോധ്യ സംഭവങ്ങളിൽ ബി.ജെ.പി പ്രകടിപ്പിച്ച ഖേദം, ബി.ജെ.പി ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം തുടങ്ങിയവ മാറ്റിയ ഭാഗങ്ങളിൽ ഉൾപ്പെടും.

തൊണ്ണൂറുകൾക്കുശേഷം ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ബഹുമുഖ ദിശകളുള്ള സഖ്യകക്ഷി രാഷ്ട്രീയത്തെയും ബഹുസ്വരമായ രാഷ്ട്രീയ ഐഡിയോളജികളുടെ കൂടിച്ചേരലുകളെയും കുറിച്ചുള്ള ഭാഗങ്ങളും പുതിയ പുസ്തകത്തിൽ ഒഴിവാക്കിയിട്ടുണ്ട്.

ബാബരി മസ്ജിദ് 16ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായിരുന്ന ബാബറുടെ ജനറൽ മിർ ബാഖി നിർമിച്ചതാണ് എന്നാണ് മുൻ പാഠപുസ്തകത്തിലുണ്ടായിരുന്നത്. ഇത് ഇങ്ങനെയാണ് മാറ്റിയത്: ''ശ്രീരാമന്റെ ജനനസ്ഥലത്ത് 1528-ൽ പണിത മൂന്നു മിനാരങ്ങളോടുകൂടിയ നിർമിതി'. ഇതോടൊപ്പം, ഹിന്ദു വിശ്വാസപ്രകാരമുള്ള സിംബലുകളും പുതുതായി ചേർത്തു.

പഴയ പാഠപുസ്തകത്തിൽ ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗുകളുണ്ടായിരുന്നു. 1992 ഡിസംബർ ഏഴിൽ ഒരു പത്രത്തിൽ വന്ന 'ബാബരി മസ്ജിദ് തകർത്തു, കേന്ദ്രം കല്യാൺസിങ് സർക്കാറിനെ പുറത്താക്കി' എന്ന വാർത്തയുടെയും 1992 ഡിസംബർ 13ന് മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ 'Ayodhya BJP's worst miscalculation' എന്ന പ്രസ്താവനയുടെയും കട്ടിംഗുകളുണ്ടായിരുന്നു. ഇതെല്ലാം ഒഴിവാക്കി.

‘മൂന്ന് മിനാരങ്ങളോടു കൂടിയ നിർമ്മിതി’ എന്നാണ് ബാബരി മസ്ജിദിന് എൻ.സി.ഇ.ആർ.ടി നൽകുന്ന പുതിയ വിശേഷണം.
‘മൂന്ന് മിനാരങ്ങളോടു കൂടിയ നിർമ്മിതി’ എന്നാണ് ബാബരി മസ്ജിദിന് എൻ.സി.ഇ.ആർ.ടി നൽകുന്ന പുതിയ വിശേഷണം.

1994 ഒക്‌ടോബർ 24ന് നിയമത്തിന്റെ അന്തഃസ്സത്ത ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടതിന് മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ്ങിനെ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനെന്ന് വിധിച്ച സുപ്രീംകോടതി പരാമർശങ്ങൾ പഴയ പാഠപുസ്തകത്തിലുണ്ടായിരുന്നതും ഒഴിവാക്കി. പകരം, അയോധ്യ വിഷയം തീർപ്പാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ, 'രമ്യമായ പരിഹാര'ത്തിനായുള്ള ശ്രമങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്.

സമീപകാല ചരിത്രസംഭവങ്ങളെ പക്ഷപാതപരമായി അട്ടിമറിക്കുന്ന വസ്തുതാപരമായ ഇത്തരം തിരുത്തലുകൾ മാത്രമല്ല, വിദ്യാർഥികളുടെ സ്വതന്ത്രമായ അഭിപ്രായരൂപീകരണത്തെയും വിശകലനശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതും പ്രതിലോമകരമായ രാഷ്ട്രീയത്തിലേക്കു നയിക്കുന്നതുമായ നിരവധി മാറ്റങ്ങളും എൻ.സി.ഇ.ആർ.ടി ബോധപൂർവം വരുത്തിയിട്ടുണ്ട്. ഇവയെല്ലാം, നരേന്ദ്രമോദി സർക്കാറും ബി.ജെ.പിയും ആർ.എസ്.എസും പിന്തുടരുന്ന സമീപനങ്ങളുടെ തനിയാവർത്തനങ്ങൾകൂടിയാണ് എന്നതാണ് അപകടകരം. പ്രത്യേകിച്ച്, ന്യൂനപക്ഷ പ്രീണനം എന്ന മട്ടിൽ കഴിഞ്ഞ തെരഞ്ഞെടുപ്പു കാമ്പയിനിൽ മോദിയും ബി.ജെ.പിയും കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും എതിരെ ഉയർത്തിക്കാട്ടിയ വർഗീയ പരാമർശങ്ങളുടെ ഛായയുള്ള വിശദീകരണങ്ങളാണ് പുതിയ പാഠപുസ്തകങ്ങളിൽ ചേർത്തിരിക്കുന്നത്.

‘‘എല്ലാ പൗരർക്കും തുല്യത എന്ന തത്വം മാനിക്കാതെ, വോട്ടുബാങ്ക് രാഷ്ട്രീയം ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നു’’ എന്നാണ് പുതിയ പുസ്തകത്തിലുള്ളത്. ഇലക്ഷൻ കാമ്പയിനിൽ ബി.ജെ.പിയും മോദിയും ഉയർത്തിയ അ​തേ വാദം.

വോട്ടുബാങ്ക് രാഷ്ട്രീയത്തെയും സെക്യുലറിസത്തെയും കുറിച്ചുള്ള വിശദീകരണങ്ങളാണ് ഇതിൽ പ്രധാനം. എല്ലാ പൗരർക്കും തുല്യത എന്ന തത്വം അവഗണിച്ച് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷ പ്രീണനം നടത്തുകയാണ് എന്നാണ് 11ാം ക്ലാസ് പുസ്തകത്തിലെ 'ക്രിട്ടിസിസം ഓഫ് ഇന്ത്യൻ സെക്യുലറിസം' എന്ന ഭാഗത്തുള്ള പുതിയ കൂട്ടിച്ചേർക്കൽ. 'ന്യൂനപക്ഷ പ്രീണനം' എന്ന വാക്ക് മുമ്പത്തെ പുസ്തകത്തിലുണ്ടായിരുന്നില്ല.
‘‘വോട്ടുബാങ്കു രാഷ്ട്രീയം എന്നത് 'ന്യൂനപക്ഷ പ്രീണന’വുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എല്ലാ പൗരർക്കും തുല്യത എന്ന തത്വം മാനിക്കാതെ അത് ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നു’’ എന്നാണ് പുതിയ പുസ്തകത്തിലുള്ളത്. ഇലക്ഷൻ കാമ്പയിനിൽ ബി.ജെ.പിയും മോദിയും ഉയർത്തിയ അ​തേ വാദം.

ആഴത്തിൽ ചിന്തിച്ചാൽ പോലും, വോട്ടുബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങൾക്ക് ഗുണം ചെയ്യുന്നു എന്ന് കണ്ടെത്താനുള്ള തെളിവ് കിട്ടില്ല എന്നായിരുന്നു മുമ്പത്തെ പാഠപുസ്തകത്തിലെ സൂചന.

തൊണ്ണൂറുകൾക്കുശേഷം ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ബഹുമുഖ ദിശകളുള്ള സഖ്യകക്ഷി രാഷ്ട്രീയത്തെയും ബഹുസ്വരമായ രാഷ്ട്രീയ ഐഡിയോളജികളുടെ കൂടിച്ചേരലുകളെയും കുറിച്ചുള്ള ഭാഗങ്ങളും പുതിയ പുസ്തകത്തിൽ ഒഴിവാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഇത്തരം വിശദീകരണങ്ങൾ പ്രസക്തമല്ല എന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം.

മൂന്നാം മോദി സർക്കാർ വന്നതോടെ, ചരിത്രപരമായ തിരുത്തലുകളിൽനിന്ന്, വിശകലനാത്മകമായ തിരുത്തലുകളിലേക്കുകൂടി എ​ൻ.സി.ഇ.ആർ.ടി പ്രവേശിച്ചിരിക്കുകയാണ്.
മൂന്നാം മോദി സർക്കാർ വന്നതോടെ, ചരിത്രപരമായ തിരുത്തലുകളിൽനിന്ന്, വിശകലനാത്മകമായ തിരുത്തലുകളിലേക്കുകൂടി എ​ൻ.സി.ഇ.ആർ.ടി പ്രവേശിച്ചിരിക്കുകയാണ്.

2014 മുതൽ നാലാം വട്ടമാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഇത്തരത്തിൽ തിരുത്തൽ വരുത്തുന്നത്. കോവിഡുകാലത്ത് പഠനഭാരം കുറയ്ക്കുക എന്നതായിരുന്നു തിരുത്തലിന് പറഞ്ഞിരുന്ന ന്യായം. നേരത്തെ പുസ്തകങ്ങളിൽ മാറ്റം വരുത്തുന്ന വിവരം എൻസിആർടി പ്രസിദ്ധീകരിച്ചപ്പോൾ സംഭവം വിവാദമായിരുന്നു. മൂന്നാം മോദി സർക്കാർ നിലവിൽവന്നതോടെ, ചരിത്രപരമായ തിരുത്തലുകളിൽനിന്ന്, വിശകലനാത്മകമായ തിരുത്തലുകളിലേക്കുകൂടി എ​ൻ.സി.ഇ.ആർ.ടി പ്രവേശിച്ചിരിക്കുകയാണ്.

പുതിയ തിരുത്തലുകൾ കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. എൻ.സി.ഇ.ആർ.ടി 2014 മുതൽ ആർ.എസ്.എസിന്റെ അനുബന്ധ സംഘടനയായാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം മതേതര ആശയങ്ങളെ വിമർശിക്കുന്നത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ചരിത്രവിരുദ്ധമായ തിരുത്തലുകളെ ന്യായീകരിക്കുകയാണ് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി. കലാപങ്ങളെക്കുറിച്ച് സ്‌കൂൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് ആശങ്കാജനകമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഗുജറാത്തിലെ വംശഹത്യയെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ചാണ് ഡറക്ടറുടെ വിശദീകരണം: ‘നമ്മൾ പൊസീറ്റിവ് പൗരരെ വാർത്തെടുക്കാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ അക്രമവും വിഷാദം നിറഞ്ഞ മനുഷ്യരെയുമല്ല. സമൂഹത്തിൽ വിദ്വേഷം പരത്തുന്ന, അതിന്റെ ഇരകളെ സൃഷ്ടിക്കുന്ന വിധത്തിൽ വിദ്യാർഥികളെ പഠിപ്പിക്കേണ്ടതുണ്ടോ? അതാണോ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം?’, മാധ്യമങ്ങൾക്കുനൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിക്കുന്നു.

Comments