കേരളത്തിലെ ഗവേഷക വിദ്യാർഥികൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് അനന്തമായി വൈകിവരുന്ന ഇ-ഗ്രാന്റ്‌സ്. ഹോസ്റ്റൽ ചെലവിനും ഭക്ഷണത്തിനുമെല്ലാം വിദ്യാർഥികൾക്ക് മറ്റ് ജോലികൾ ചെയ്തുപോലും ജീവിക്കേണ്ട സാഹചര്യമുണ്ട്. ഗ്രാന്റ് മുടങ്ങുന്നത് പലരുടെയും പഠനം തന്നെ മുടങ്ങാനും കാരണമാകുന്നു.
കേന്ദ്ര ഫണ്ട് വൈകുന്നതിനാലാണ് ഇ- ഗ്രാന്റ് വൈകുന്നത് എന്നാണ് സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിശദീകരണം. വൈകിവരുന്ന കേന്ദ്ര ഫണ്ട് എന്ന സാങ്കേതികതയിൽ ഗവേഷകരെ കുരുക്കിയിടാൻ തുടങ്ങിയിട്ട് കാലംകുറേയായിട്ടുമുണ്ട്.
ഇ- ഗ്രാന്റുമായി ബന്ധപ്പെട്ട് പുതിയൊരു പ്രശ്നം ചൂണ്ടിക്കാണിക്കുകയാണ് വിദ്യാർഥികൾ. ഇ-ഗ്രാന്റ് സൈറ്റിലെ സാങ്കേതിക തകരാറുമൂലം അപേക്ഷ പുതുക്കാൻ കഴിയുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. ‘സൈറ്റ് മെയിന്റനൻസ്’ എന്നാണ് ഡിപ്പാർട്ട്‌മെന്റ് പറയുന്നത്. ആറ് മാസമായി പല വിദ്യാർഥികൾക്കും അപേക്ഷ പുതുക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് പലർക്കും ഈ വർഷത്തെ ഫെലോഷിപ്പ് നഷ്ടമാകാനും സാധ്യതയുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഡിപ്പാർട്ട്‌മെന്റിലേക്ക് വിളിക്കുമ്പോൾ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും ഫോണിലൂടെ നിരന്തരം ഓഫീസുമായി ബന്ധപ്പെട്ടെങ്കിൽ മാത്രമെ അപേക്ഷകൾക്ക് മറുപടിയെങ്കിലും ലഭിക്കുന്നുള്ളൂ എന്നും പറയുകയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷക വിദ്യാർഥിയായ ആതിര. എ :
“ഇ-ഗ്രാന്റ് സൈറ്റ് ഓരോ വർഷത്തിലും പുതുക്കണം, എന്നാൽ, ആറു മാസമായി റിന്യൂ ചെയ്യാനാകുന്നില്ല. സൈറ്റ് മെയിന്റനൻസ് എന്നാണ് വിശദീകരണം. ഗവേഷണത്തിന് ചേരുന്ന സമയത്തു മാത്രമാണ് നേരിട്ട് അപേക്ഷ നൽകുന്നത്. പിന്നീട് കോളേജ് വഴിയാണ് റിന്യു ചെയ്യുന്നത്. സൈറ്റിന്റെ പ്രശ്‌നം കാരണം 12 അരിയർ എനിക്ക് കിട്ടാനുണ്ട്. ഇനി ഫെലോഷിപ്പ് എല്ലാം കൊടുത്തശേഷമേ സൈറ്റ് ഓപ്പണാക്കുവെന്നാണ് പറഞ്ഞുകേൾക്കുന്നത്. ഓഫീസിൽ വിളിച്ചപ്പോൾ പറഞ്ഞത് സെപ്തംബർ അവസാനത്തെ ആഴ്ചയിൽ സൈറ്റ് ഓപ്പൺ ചെയ്യുമെന്നാണ്. പക്ഷെ ഇതുവരെ നടന്നിട്ടില്ല. ഈ പ്രശ്‌നം കാരണം പലർക്കും ഫലോഷിപ്പ് ഈ വർഷത്തെ കിട്ടാൻ സാധ്യതയില്ല. വർഷത്തിലൊരിക്കലൊക്കെയാണ് ബില്ല് പാസാകുന്നത്, സൈറ്റിന്റെ അടക്കമുള്ള കാര്യങ്ങളിൽ പ്രശ്‌നമുണ്ടാകുന്നതുകൊണ്ട് പലർക്കും പാസാകുന്ന ബില്ലുകളിൽ ഉൾപ്പെടാൻ പോലും സാധിക്കാറില്ല. അങ്ങനെ വരുമ്പോൾ അവർക്ക് ആ വർഷത്തെ ഫെലോഷിപ്പ് നഷ്ടമാകും’’- ആതിര പറയുന്നു.
‘‘ഇ-ഗ്രാന്റ് സെക്ഷനിൽ മാത്രമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. ഇ-ഗ്രാന്റ്സിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്കുളള ഒരു ലാൻഡ് ലൈനും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അവിടുത്തെ സൂപ്രണ്ടാണെങ്കിൽ എന്റെയൊന്നും നമ്പർ കണ്ടാൽ ഫോൺ പോലും എടുക്കില്ല. പല കുട്ടികളുടെയും നമ്പർ അദ്ദേഹം ബ്ലോക്ക് ചെയ്തുവെച്ചിരിക്കുകയാണ്. ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇങ്ങനെയൊരു പ്രശ്നം നടക്കുന്നുണ്ടെന്ന് പോലും അറിയില്ലെന്ന് തോന്നുന്നു. വിദ്യാർഥി പ്രസ്ഥാനങ്ങൾ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നില്ല. സെപ്തംബറിൽ ഞങ്ങൾ പ്രതിപക്ഷ നേതാവിനെ കാണാൻ പോയിരുന്നു. ഞങ്ങൾ കൊടുത്ത അപേക്ഷ വാങ്ങിയിട്ട് വിളിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ, തുടർനടപടിയുണ്ടായില്ല. ഫണ്ടില്ല എന്ന ഒരൊറ്റ ന്യായമാണ് എല്ലാവരും പറയുന്നത്’’- ആതിര പറഞ്ഞു.
‘‘കെ. രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ അനുവദിച്ച ഫണ്ട് പോലും ഇതുവരെ കിട്ടിയിട്ടില്ല. 190 പേരുള്ള ഒരു ഗ്രൂപ്പിൽ 50 പേരായിരിക്കും അപേക്ഷ നൽകിയിട്ടുണ്ടാവുക. മൂന്ന് സ്ഥലങ്ങളിലെ നടപടിക്കുശേഷമാണ് ബില്ലാകുന്നത്. ജില്ലാ ഓഫീസിൽ തന്നെ ആദ്യം ക്ലർക്കും പിന്നെ സൂപ്രണ്ടും അതിനുശേഷം എ.ബി.ഡി.ഒ എന്ന ഉദ്യോഗസ്ഥനും നോക്കിയിട്ടാണ് ഡയറക്ടറുടെ അടുത്തെത്തുക. ഇതുമൂലം വലിയ കാലതാമസമുണ്ടാകുന്നുണ്ട്. ഞാൻ മെയ് മാസത്തിൽ കൊടുത്ത ക്ലെയിം അപ്രൂവായത് ആഗസ്റ്റ് പകുതിയോടെയാണ്. അപ്പോഴേക്കും ഒന്നൊന്നര മാസം കഴിഞ്ഞിരുന്നു. ഡയറക്ടറേറ്റിൽ എത്തിയാലും കുറേക്കാലം കഴിഞ്ഞാണ് ബില്ലാക്കുന്നത്. ബില്ലായതിനുശേഷവും ഒരുപാട് കാത്തിരിക്കണം. യഥാർഥത്തിൽ വർഷത്തിലൊരിക്കൽ മാത്രമെ ഞങ്ങൾക്ക് ഫെലോഷിപ്പ് കിട്ടുന്നുള്ളു. അങ്ങനെ വരുമ്പോൾ ഈ 12 മാസവും ഞങ്ങൾ എങ്ങനെയാണ് കഴിച്ചുകൂട്ടുന്നത് എന്ന് ചിന്തിക്കാമല്ലോ? വേറെ വരുമാനമൊന്നും ഇല്ലാത്തകൊണ്ട് വളരെ ബുദ്ധിമുട്ടാണ്. ആൺകുട്ടികളിൽ പലതും ഗവേഷണത്തിനോടൊപ്പം മറ്റ് ജോലിയൊക്കെ ചെയ്യുന്നുണ്ട്. പെൺകുട്ടികളിൽ പലർക്കും അതൊന്നും സാധിക്കാറില്ല’’.
‘‘ഗവേഷണം ചെയ്യുന്നവരിൽ പലരും 27, 28 വയസായവരാണ്. ഒരു കോൺഫറൻസ് പോലും അറ്റൻഡ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് പലരും. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിൽനിന്നുള്ളവരായതുകൊണ്ട് പ്രശ്നം ഇരട്ടിയാകും. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ഒരു ഗവേഷകൻ ആത്മഹത്യാശ്രമം വരെ നടത്തിയശേഷമാണ് ഫെലോഷിപ്പ് തുക ലഭിച്ചത്. കേന്ദ്രത്തിൽ നിന്ന് ഫണ്ട് വരുന്നില്ല, വിദ്യാർഥികൾ അപേക്ഷ കൃത്യസമയത്ത് കൊടുക്കുന്നില്ല എന്നൊക്കെയാണ് അധികൃതർ പറയുന്ന ന്യായങ്ങൾ. പക്ഷെ കൃത്യ സമയത്ത് അപേക്ഷ കൊടുത്താലും പ്രോസസ് ചെയ്യാൻ സമയമെടുക്കും.’’
‘‘നിരുത്തരവാദിത്തത്തോടെയാണ് ജില്ലാ ഓഫീസുകളിലെ ഉദ്യോഗസ്ഥർ പെരുമാറുന്നത്. ജില്ലാ ഓഫീസിൽ ക്ലെയിം വന്ന് രണ്ട് ദിവസം കഴിഞ്ഞാൽ, ഫെലോഷിപ്പ് അപ്രൂവ് ചെയ്യണമെന്ന് നിയമമുണ്ട്. പക്ഷെ അവർ അപേക്ഷ പലപ്പോഴും അംഗീകരിക്കുന്നത് ഒന്നൊന്നര മാസം കഴിഞ്ഞിട്ടാണ്. പലതവണ ഓഫീസുകളിലേക്ക് ഫോൺ ചെയ്തതിനുശേഷമാണ് എന്റെ അപേക്ഷ അംഗീകരിച്ചത്. വിളിക്കുമ്പോഴൊക്കെ ഉദ്യോഗസ്ഥർ വന്നിട്ടില്ല എന്നൊക്കെയുള്ള ന്യായീകരണങ്ങളായിരിക്കും. എനിക്കൊപ്പം അപേക്ഷ കൊടുത്ത സുഹൃത്തിന് ഇതുവരെ ഗ്രാന്റ് പാസായിട്ടില്ല. കെ. രാധാകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്ത്, എന്റെ സുഹൃത്ത് അദ്ദേഹത്തെ നേരിട്ട് വിളിച്ച് ഗ്രാന്റ് വൈകുന്ന കാര്യം പറയുകയും തുടർന്ന് അയാളുടെ ഗ്രാന്റ് ശരിയാവുകയും ചെയ്തിരുന്നു’’.
ഡിപ്പാർട്ട്‌മെന്റ് പറയുന്ന നിർദേശങ്ങളെല്ലാം പാലിച്ച് അപേക്ഷ സമർപ്പിച്ചാലും സൈറ്റിന്റെ സാങ്കേതിക പ്രശ്‌നം കാരണം പണം ലഭിക്കുന്നില്ലെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ ഗവേഷക വിദ്യാർഥി ദേവിക. പി. പറയുന്നു:
“എന്റെ അപേക്ഷയിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ല. പക്ഷെ 2023-ലെ പുതുക്കിയ ഫെലോഷിപ്പ് തുക കിട്ടിയിട്ടില്ല എന്നുമാത്രമല്ല സൈറ്റിൽ അപ് ലോഡ് ചെയ്യാൻ പോലും സാധിച്ചിട്ടില്ല. തുക കിട്ടാൻ നിരവധി തവണ ഫോൺ വിളിക്കുകയും പ്രത്യേക അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. ഒന്നൊന്നര മാസം മുമ്പാണ് ക്ലെയിം അപ്രൂവ്ഡ് എന്ന് കാണിക്കുന്നത്. എന്നിട്ടും ഇതുവരെ തുക അക്കൗണ്ടിൽ എത്തിയിട്ടില്ല. ഞാൻ അഞ്ചാം വർഷ ഗവേഷക വിദ്യാർഥിയാണ്. എന്റെ സുഹൃത്തിന് ഫെലോഷിപ്പ് ക്രെഡിറ്റാവുകയും എനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയുണ്ടായി. അങ്ങനെ വന്നപ്പോഴാണ് ഞാൻ ഓഫീസിൽ വിളിച്ച് ചോദിച്ചത്. സൈറ്റ് ഓപ്പണാവുകയാണെങ്കിൽ മാത്രമെ എന്റെ കാര്യം ശരിയാകൂ എന്നായിരുന്നു മറുപടി. അല്ലെങ്കിൽ ഞാൻ നാല് വർഷം ഗവേഷണം പൂർത്തിയാക്കിയ ആളായതുകൊണ്ട് അപ്ലോഡ് ചെയ്യാൻ പറ്റിയെന്ന് വരില്ലെന്നാണ്. അതിനുശേഷം ഞാനൊരു റിട്ടേൺ അപേക്ഷ അയച്ചു. അതിനുശേഷമാണ് ക്ലെയിം അപ്രൂവ്ഡ് എന്ന് സൈറ്റിൽ കണ്ടത്. അതുപോലെ തന്നെ എം.ഫില്ലും പി.എച്ച്.ഡിയും ഒരുമിച്ചെടുത്താണ് ഇവർ അഞ്ചു വർഷം എന്നത് കണക്കാക്കുന്നത്. പി.എച്ച്.ഡിയിൽ നാല് വർഷമാണ് ഫെലോഷിപ്പ്. ആ ഒരു കണക്കിൽ നോക്കുമ്പോൾ പി.എച്ച്.ഡി സെക്കന്റ് ഇയർ മുതൽ എസ്.ആർ.എഫിന്റെ തുകയാണ് നമുക്ക് ക്രെഡിറ്റാകുന്നത്. പക്ഷെ ഇത് ഞങ്ങൾക്കറിയില്ലായിരുന്നു. നാലാം വർഷമാണ് ഞങ്ങൾ ഇക്കാര്യങ്ങളൊക്കെ അറിയുന്നത്. അതുകൊണ്ട് തന്നെ സെക്കന്റ് ഇയറിലെ തുക കിട്ടണമെന്ന് പറഞ്ഞ് ഞങ്ങൾ കുറച്ച് ഗവേഷകർ കൂടിച്ചേർന്ന് ഒരു അപേക്ഷ നൽകിയിരുന്നു. അതിന്റെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.”- ദേവിക പറഞ്ഞു.
ഹയർ സെക്കണ്ടറി, യു.ജി പി.ജി തലങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും ഇ-ഗ്രാന്റ് രജിസ്റ്റർ ചെയ്യാൻ ഒരൊറ്റ സൈറ്റ് മാത്രമാണുള്ളത്. പി.ജി, യു.ജി അഡ്മിഷൻ നടക്കുന്ന സമയമായതിനാലാണ് സൈറ്റ് മെയിന്റനൻസ് എന്നുപറഞ്ഞ് സൈറ്റ് ഓപ്പണാക്കാത്തത് എന്നാണ് ഗവേഷക വദ്യാർഥികൾ പറയുന്നത്.
മറ്റ് അഡ്മിഷനുകൾ പൂർത്തിയാകാതെ ഇനി സൈറ്റ് ഓപ്പൺ ചെയ്യില്ലെന്നും അത് തങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണെന്നും കേരള സർവകലാശാലയിലെ മൂന്നാം വർഷ ഗവേഷക വിദ്യാർഥിയായ ഹരിത സത്യ പറയുന്നു:
“ജനുവരിയിലും ജൂണിലും രണ്ട് സെക്ഷനായിട്ടാണ് പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യുന്നത്. ജനുവരിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ ജോയനിംഗ് തിയ്യതി വരുന്നത് ജൂണിലാണ്. ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ ജോയനിംഗ് ഡേറ്റ് മാർച്ചിലൊക്കെയായിരിക്കും. എന്നാൽ ജൂണിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ചില പ്രശ്‌നങ്ങൾ കൂടിയുണ്ട്. സൈറ്റ് റിന്യൂ ചെയ്യാനുള്ള സമയം ജൂണിലാണ്. ഒരു വർഷത്തേക്കാണണ് സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നത്.
ഹയർ സെക്കണ്ടറിക്കും യൂു.ജിക്കും പി.ജിക്കും വേണ്ടി ഒറ്റ സൈറ്റാണുള്ളത്. അവരുടെ അഡ്മിഷൻ കഴിയാതെ ഇവർ പിഎച്ച്.ഡിക്കാർക്ക് സൈറ്റ് തുറന്നുകൊടുക്കില്ല. ഞങ്ങൾ ജൂൺ മുതലുള്ള അപേക്ഷകൾ കൊടുക്കാൻ ബാക്കിയുണ്ട്. ഇനി നവംബർ, ഡിസംബർ മാസങ്ങളിലായിരിക്കും സൈറ്റ് ഓപ്പണാക്കുന്നത്. അപ്പോഴേ ബാക്കി അഡ്മിഷനുകൾ പൂർത്തിയാവുകയുള്ളൂ. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള അപേക്ഷ എനിക്കിതുവരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല. നവംബറിൽ സൈറ്റ് ഓപ്പണാവുമ്പോൾ ഇത്രയും മാസത്തെ ഒരുമിച്ച് കൊടുക്കേണ്ടിവരും. അതൊരു 2,3 ലക്ഷം രൂപക്കടുത്ത് വരും. അപ്പോൾ ഇവർ പറയും ഇത്രയും രൂപ ഒരുമിച്ച് തരാൻ ഫണ്ടില്ലെന്ന്. പിന്നീട് ഈ പൈസ ഒരുമിച്ച് കിട്ടിയാൽ പോലും പഠനാവശ്യത്തിന് ഉപയോഗിക്കാൻ ഒന്നും ബാക്കിയുണ്ടാവില്ല, കടം വീട്ടാൻ മാത്രമെ ഉണ്ടാവുകയുള്ളൂ. ഞാൻ സയൻസ് വിഷയത്തിൽ ഗവേഷണം ചെയ്യുന്നതുകൊണ്ട് ചെലവ് വളരെ കൂടുതലാണ്. കെമിക്കലുകൾ അടക്കം വാങ്ങേണ്ടി വരും. പണമില്ലാത്തതുകൊണ്ട് ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല’’.
ഗ്രാന്റുകൾ മുടങ്ങിയതോടെ പ്രതിസന്ധിയിലായ വിദ്യാർഥികൾ നിരന്തരം പല ഉദ്യോഗസ്ഥരെയും ഫോണിലൂടെ ബന്ധപ്പെടുവാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, യാതോരു പ്രതികരണവും ഉണ്ടാവുന്നില്ലെന്നു മാത്രമല്ല, നിരന്തരം ഫോണിൽ വിളിക്കുന്ന വിദ്യാർഥികളോട് എസ്.സി സൂപ്രണ്ട് വളരെ മോശമായാണ് പെരുമാറുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ആരോപണത്തിന് വിദശീകരണം തേടി എസ്.സി സൂപ്രണ്ടന്റിനെ ട്രൂകോപ്പി തിങ്ക് ഫോണിൽ വിളിച്ചിരുന്നുവെങ്കിലും സൈറ്റിന്റെ സാങ്കേതിക പ്രശ്‌നത്തെ കുറിച്ചോ കുട്ടികളോട് മോശമായി പെരുമാറുന്നതിനെ കുറിച്ചോ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.