കേരളത്തിലെ എത്ര യൂണിവേഴ്‌സിറ്റികളിൽ ദിശാബോധത്തോടെ ഗവേഷണ കാലയളവ് പൂർത്തിയാക്കുന്ന എത്ര ഗവേഷണ വിദ്യാർത്ഥികളുണ്ടാകും?
ഇതിന് മറുപടിയായി നിശ്ശബ്ദത പുലർത്താൻ മാത്രമേ ഉന്നതവിദ്യാഭ്യാസവകുപ്പിനടക്കം സാധിക്കുകയുള്ളൂ. മാറാല പിടിച്ചു കിടക്കുന്ന റിസർച്ച് തീസീസുകൾ അട്ടിയിട്ടതുപോലെ യൂണിവേഴ്സിറ്റി വരാന്തകൾ മുതൽ സെക്ഷൻ ഓഫീസുകൾ വരെയുള്ള സ്ഥലങ്ങളിൽ അനാഥപ്രേതങ്ങളെ പോലെ കാണാൻ സാധിക്കും.
എവിടെനിന്ന് തുടങ്ങണം?
ഇതൊരു വളരെ പ്രധാനപ്പെട്ട ചോദ്യമാണ്, എവിടുന്നാണ് നാം തുടങ്ങേണ്ടത്? എന്താണ് റൂട്ട് കോസ് അനാലിസിസ്?
കേരളത്തിൽ, ആർട്സ് ആൻറ് കോമേഴ്‌സ് വിഷയങ്ങളിൽ എം ഫില്ലും, നെറ്റും, ജെ ആർ എഫും നേടിയിറങ്ങുന്നവർ, ശാസ്ത്ര വിഷയങ്ങളേക്കാൾ കൂടുതലാണ്. നിലവിലെ, വ്യവസ്ഥിതിയനുസരിച്ച് നിർദിഷ്ട യോഗ്യതയുണ്ടെകിൽ ബിരുദാനന്തരത്തിനുശേഷം ഗവേഷണത്തിന് ചേരാം. എന്നാൽ, ഗവേഷണത്തെക്കുറിച്ച് ഒരു ബ്രിഡ്‌ജ് കോഴ്സ് പോലും ചെയ്യാത്ത വിദ്യാർത്ഥിയുടെ യഥാർഥ പ്രശ്നം പൂർണാർത്ഥത്തിൽ അവിടെ നിന്ന് തുടങ്ങുന്നു.
വേണം ഒരു റിസർച്ച് ടോപിക്ക്
ഒരു റിസർച്ച് ടോപിക്ക് എന്നതാണ് പ്രാഥമിക ആവശ്യം. സിനോപ്സിസ് തയ്യാറാക്കുന്നതിന് ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പലതും ആർട്ടിക്കുലേറ്റ് ചെയ്യുന്നു, പല പ്രബന്ധങ്ങളുടെയും ആത്മാവ് അന്വേഷിച്ചുള്ള യാത്രയല്ല, മറിച്ച് അതിൻ്റെ പുറംമോടിയിൽ ചില മിനുക്കുപണികളൊക്കെ ചെയ്ത് അതിനെ പോളിഷ് ചെയ്തെടുക്കുകയാണ്. താത്കാലികമായി ഉണ്ടാകുന്ന സുഖങ്ങളുടെ, മൂർച്ചയുള്ള അനന്തരഫലത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ഡോക്ടറൽ കമ്മറ്റി
സിനോപ്സിസുമായി ചെല്ലുന്ന ഡോക്ടറൽ കമ്മറ്റികളിൽ, നിങ്ങൾക്ക് വർക്കുമായി മുന്നോട്ട് പോകാൻ സൂപ്പർവൈസിങ് ടീച്ചർ ഉണ്ടോ എന്ന പ്രാഥമിക പരിശോധനയാണ് നടത്തുന്നത്. പിന്നെ, ഇതിന് സമാനമായ മറ്റൊരു ടോപ്പിക് നിലവിൽ യൂണിവേഴ്സിറ്റിയിൽ ചെയ്യുന്നുണ്ടോ എന്ന പരിശോധനയ്ക്കപ്പുറം, മറ്റ് സംവാദങ്ങളോ, പ്രത്യേകിച്ച് ടോപ്പിക്കിനെപ്പറ്റിയുള്ള എക്സ്പെർട്ട് അഡ്വൈസകളോ ഭൂരിഭാഗസ്ഥലങ്ങളിലും നൽകപ്പെടുന്നില്ല.
ഗവേഷണവുമായി ബന്ധപ്പെട്ട ചില സാങ്കേതിക കാര്യങ്ങളാണ് ഇനി ചേർക്കുന്നത്.
ഗവേഷണം തുടങ്ങുന്ന വിദ്യാർത്ഥി നേരിടാൻ പോകുന്ന ചില പ്രധാന വെല്ലുവിളികൾ, ടോപ്പിക്ക് സെലക്ഷൻ മുതൽ തുടങ്ങുകയാണ്. താൻ ചെയ്യാൻ പോകുന്ന ഈ വിഷയത്തിൻ്റെ പ്രൈമറി ആൻറ് സെക്കൻഡറി ഡാറ്റ എവിടുന്നാണ് ലഭിക്കാൻ പോകുന്നത്? അത് കൃത്യമായി ലഭിക്കുമോ? ലഭിച്ചില്ലെങ്കിൽ എന്തുചെയ്യും? ഗവേഷണം തുടരാൻ സാധിക്കുമോ? കൂടാതെ സെറ്റ് ചെയ്ത Objectives എല്ലാം ടോപ്പിക്കിൻ്റെ ടൈറ്റിലുമായി ചേർന്നുപോകുന്നതാണോ? ഈ ഒബ്ജക്റ്റീവ്സ് Variables എല്ലാം കൃത്യമായി ഐഡൻറിഫൈ ചെയ്യാൻ സാധിക്കുമോ? കൃത്യമായി Population and Sample ലഭിക്കുമോ? എന്നിങ്ങനെ പ്രശ്നങ്ങൾ നീളുന്നു.
എന്നാൽ, ഇതെല്ലാം മനസ്സിലാക്കുന്നത് വളരെ വൈകിയാകും, കൂടുതലായും 'പ്രോഗ്രസ് റിപ്പോർട്ട് പ്രസന്റേഷൻ' സമയത്തെ ചോദ്യങ്ങളിലൂടെയുള്ള നങ്കൂരമിടലാവും ഇവ, ആദ്യവർഷാവസാനമാകും പ്രസന്റേഷൻ. എന്നാൽ, ഒരു വർഷത്തെ ഈ കാലയളവിൽ ചിലപ്പോൾ തങ്ങളുടെ ടോപ്പിക്ക് വരെ വീണ്ടും മാറ്റേണ്ട ദുർസ്ഥിതി വരുന്ന വിദ്യാർത്ഥികളും നിരവധിയുണ്ട്, ഈ കൂട്ടത്തിൽ.
അവർക്കുമുൻപിൽ, ഇനി മുന്നോട്ട് എന്നത് വലിയൊരു ചോദ്യചിഹ്നം തന്നെയാണ്.
വീണ്ടും ചിന്തിക്കുക, തുടങ്ങേണ്ട രീതി...
ശാസ്ത്രീയമായി തന്നെയാണ് നാം തുടങ്ങേണ്ടത് എന്നത് അനിവാര്യമായി മാറിയിരിക്കുന്നു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച്, അവസാനവർഷം വിദ്യാർത്ഥികൾക്ക് ഗവേഷണപരിചയം എന്ന നിലയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിൽ പാഠ്യപദ്ധതി പുനഃക്രമീകരിച്ചത് ഏറെ ആശാവഹം തന്നെയാണ്. എന്നാൽ, ഇത് പ്രാവർത്തികമാകുന്നതിനുമുൻപ്, നിലവിൽ ഗവേഷണത്തിനെത്തുന്ന വിദ്യാർത്ഥികൾ, സിനോപ്സിസ് തയാറെടുപ്പുകളിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ടതും, അനുയോജ്യമായതും, നിശ്ചിത കാലയളവിൽ ചെയ്തുതീർക്കാൻ പറ്റുന്നതുമായ വിഷയങ്ങളെ സമീപിക്കുകയും, അതിനൊപ്പം ആ വിഷയത്തെക്കുറിച്ച് ഒരു പൈലറ്റ് സ്റ്റഡി നടത്തുന്നതും ഉചിതമായിരിക്കും.
നിങ്ങളുടെ ഗവേഷണ പ്രബന്ധം, ഒരു ഇരുട്ട് മുറിയിൽ മാറാല പിടിച്ച് കിടക്കണോ അതോ സമൂഹത്തിലേക്കിറങ്ങിചെല്ലണോ എന്ന് നിങ്ങൾ ഓരോരുത്തരുമാണ് തീരുമാനമെടുക്കേണ്ടത്.