സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തുടങ്ങുന്നതല്ല കാവിവൽക്കരണം; മലയാളി വിദ്യാർഥിയുടെ തിക്താനുഭവങ്ങൾ

‘‘ജെ.എൻ.യുവിൽ പിഎച്ച്.ഡിക്ക് ഞാൻ സമർപ്പിച്ച പ്രപ്പോസൽ ഹിന്ദു ആചാരങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഇന്റർവ്യൂ സമയത്ത് ഒരു അധ്യാപകൻ എന്നെ നല്ല രീതിയിൽ ‘ചോദ്യം ചെയ്യുകയും’ വഴക്ക് പറയുകയും ചെയ്തു. മാത്രമല്ല, വളരെ തുച്ഛമായ മാർക്കാണ് തന്നത്. അന്ന് സംവരണ അട്ടിമറി വരെ അവിടെ നടന്നുവെന്ന് കേട്ടിരുന്നു. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവ്യൂവിൽ ഹിന്ദി അറിയില്ല എന്നുപറഞ്ഞതിനും അപമാനം നേരിടേണ്ടിവന്നിട്ടുണ്ട്.’’- കൊൽക്കത്ത സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥി ശരത് എസ്. എഴുതുന്നു.

ലിയ കരിയർ സാധ്യതകൾ സ്വപ്നം കണ്ട്, വലിയ തുകയുടെ ബാങ്ക് വായ്പയുമെടുത്ത് ആവേശത്തിൽ പഠനത്തിന് നിരവധി പേർ വിദേശത്തേക്ക് പോകുന്ന ഒരു കാലത്ത്, സ്വന്തം നാട്ടിൽ പഠിക്കുന്ന വിദ്യാർഥികളുടെ പ്രശ്നങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. ഈ നാട്ടിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളിൽ ഭാഗമാക്കപ്പെടുന്ന അവരുടെ വിദ്യാഭ്യാസം ഒരു പരിഗണനാവിഷയമായിത്തീരേണ്ടതുണ്ട്.

കൊൽക്കത്ത സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റും ഭരണസമിതി ചെയർമാനുമായി നടനും ബി.ജെ.പി മുൻ രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ നിയമിച്ചതുമായി ബന്ധപ്പെട്ട്, വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണത്തെക്കുറിച്ച് ചർച്ച ഉയർന്നുവന്നിരുന്നുവല്ലോ. കാവിവത്ക്കരണം സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തുടങ്ങുന്നതല്ല. ജെ.എൻ.യു ഉൾപ്പടെയുള്ള കാമ്പസുകളിൽ വിദ്യാർഥികൾ നേരിടുന്ന ഒരു വലിയ പ്രശ്‌നം തന്നെയാണിത്.

സുരേഷ് ഗോപി

ഇതിന്റെ തിക്തഫലം ഒരു വിദ്യാർഥി എന്ന നിലയിൽ ഞാൻ പലപ്പോഴായി അനുഭവിച്ചിട്ടുണ്ട്. പ്രധാനമായി സെൻട്രൽ യൂണിവേഴ്‌സിറ്റികളിലാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. തമിഴ്‌നാട്ടിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന സമയത്ത് കേന്ദ്രസർക്കാരിനെതിരായി ക്ലാസിൽ സംസാരിച്ചതിന് മാർക്ക് കുറച്ച അനുഭവമുണ്ടായിട്ടുണ്ട്. മാത്രമല്ല, സംഘ്പരിവാർ അനുകൂലിയായ ആ അദ്ധ്യാപകൻ പരീക്ഷക്കുപോലും എന്നെ ടാർഗെറ്റ് ചെയ്തു. തീർച്ചയായും അയാളുടെ രാഷ്ട്രീയ സ്വാധീനം ആ നിയമനത്തെ സ്വജനപക്ഷപാതത്തിന്റെ അടിസ്ഥാനത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം മാത്രമല്ല, മറ്റ് പലരും ഇത്തരമൊരു രാഷ്ട്രീയാഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരാണ്. അത് തെളിവുകൾ വെച്ച് പരിശോധിച്ചാൽ തിരിച്ചറിയാൻ സാധിക്കും. പക്ഷേ ഇതിനൊന്നും സുതാര്യത ഇല്ല എന്നതാണ് സത്യം. പക്ഷേ ഇതിന്റെ പ്രത്യാഘാതം എന്താണ്? പ്രതികരിക്കാനാകാത്ത ഒരു കൂട്ടം വിദ്യാർഥികൾ ഉരുത്തിരിഞ്ഞുവരും. അഥവാ പ്രതികരിക്കുന്നവരെ നോട്ടമിട്ട് പീഡിപ്പിക്കുക എന്നതും ഇവരുടെ തന്ത്രമാണ്. ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രവേശനമില്ല എന്നു പറഞ്ഞ് ഉത്തരവിറക്കിയ തമിഴ്‌നാട് സെൻട്രൽ യൂണിവേഴ്‌സിറ്റി, സംഘപരിവാർ സംഘടനകൾക്കും എ.ബി.വി.പിക്കും യോഗം ചേരാൻ ഡിപ്പാർട്ടുമെന്റിനുള്ളിൽ അവസരം ഒരുക്കുമായിരുന്നു.

കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് ഇതിന്റെ മറ്റൊരു അവസ്ഥയായിരുന്നു. അതിന് സംഘപരിവാർ സ്‌പോൺസർഷിപ്പ് ഇല്ലായിരുന്നുവെന്നുമാത്രം. പക്ഷേ ഇതിന്റെയെല്ലാം വലിയൊരു ദുരനുഭവ വിഹിതം ദലിത് വിദ്യാർഥികൾ പേറുന്നുണ്ട് എന്നത് സത്യമാണ്. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അതിന് വലിയൊരു ഉദാഹരണമായിരുന്നു. ഈയിടെ പുറത്തുവന്ന ഐ.ഐ.ടികളിലെ ദലിത് ഡ്രോപ്പൗട്ട് വിഷയവും ഇതിനോട് ചേർത്ത് വായിക്കാം. കേവലം സാമ്പത്തിക- സാമൂഹിക പ്രശ്‌നങ്ങൾക്കപ്പുറം മറ്റു പലതരം പ്രശ്‌നങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത്, ഉയർന്ന പോസ്റ്റുകളിൽ സംഘപരിവാർ ആഭിമുഖ്യമുള്ളവരെ കുത്തിനിറയ്ക്കുന്നതാണ്. ഇതിനുപുറകിൽ ജാതീയവിവേചനത്തിന്റെ ഒരു തലം കൂടിയുണ്ട്. ഇത്തരം നിയമനങ്ങളിൽ എത്ര എസ്.സി- എസ്.ടി ആളുകളുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. ബ്രാഹ്‌മണ്യം പേറുന്ന അപ്പർ കാസ്റ്റ് സംഘഅനുകൂലികളുടെ കൂടെയാണിവർ എന്നത് പ്രസക്തമായ ഒന്നാണ്. അതുകൊണ്ടുതന്നെയാണ്, ഇവരുടെ നേതൃത്വത്തിൽ കീഴിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത്. എന്നെപ്പോലെയുള്ള വിദ്യാർഥികളിൽനിന്ന് ഒരിളവുമില്ലാതെ ഭീമമായ തുക ഫീസിനത്തിൽ വാങ്ങുകയും അവകാശപ്പെട്ട സ്‌കോളർഷിപ്പ് പോലെയുള്ള കാര്യങ്ങൾ കൃത്യമായി തരാതെയും ഇരിക്കുന്നു. നിലവിലുള്ള സ്‌കോളർഷിപ്പുകൾ പോലും വെട്ടിക്കുറക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണവും കാവിവൽക്കരണവും പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾക്കൊപ്പം ഇവ കൂടി ചർച്ചാവിഷയമാകണം.

ഒരു ജെ.എൻ.യു അനുഭവം

ജെ.എൻ.യുവിൽ പി.എച്ച്.ഡി ഇന്റർവ്യൂവിന് ചെന്നപ്പോഴുണ്ടായ ഒരു തിക്താനുഭവം പറയാം. ഞാൻ സമർപ്പിച്ച പ്രപ്പോസൽ ഹിന്ദു ആചാരങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഇന്റർവ്യൂ സമയത്ത് ഒരു അധ്യാപകൻ എന്നെ നല്ല രീതിയിൽ ‘ചോദ്യം ചെയ്യുകയും’ വഴക്ക് പറയുകയും ചെയ്തു. മാത്രമല്ല, വളരെ തുച്ഛമായ മാർക്കാണ് തന്നത്. അന്ന് സംവരണ അട്ടിമറി വരെ അവിടെ നടന്നുവെന്ന് കേട്ടിരുന്നു. ഇതെല്ലാം, ഇത്തരം നിയമനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. മാത്രമല്ല, പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവ്യൂവിൽ ഹിന്ദി അറിയില്ല എന്നു പറഞ്ഞതിനും അപമാനം നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിലൂടെ ഇവരുടെ ദ്രാവിഡ വിരുദ്ധതയാണ് പുറത്തുവരുന്നത്.

ജാതിവിവേചനത്തിനെതിരെ കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന വിദ്യാർഥി സമരത്തിൽ നിന്ന്

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ടിൽ

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പൊതുവെ വലിയ പ്രശ്‌നങ്ങളില്ലാത്ത, കാവിവൽക്കരണത്തിന്റെ ദുഷിപ്പുകളില്ലാത്ത ഒരിടമാണ്. രാഷ്ട്രീയ- ജനാധിപത്യ ബോധ്യങ്ങളും മനുഷ്യാവകാശവും ഉൾക്കൊള്ളുന്ന ഒരു വിദ്യാർഥി- അധ്യാപക സമൂഹവും ഇവിടെയുണ്ട്. ജീവിതത്തിന്റെ കാര്യത്തിലും കലാപരമായും ഒരു പരിധി വരെ സ്വാതന്ത്രവുമുണ്ട്. സുരേഷ് ഗോപിയുടെ നിയമനത്തിലൂടെ ഇത്തരമൊരു സാഹചര്യത്തിന് ഭംഗം വരുമോ എന്നതാണ് ഇവിടുത്തെ വിദ്യാർഥികളുടെ ആശങ്ക. കാരണം, ജനാധിപത്യം അടക്കമുള്ള മൂല്യങ്ങൾക്ക് ഭീഷണിയായ ഒരു പാർട്ടിയുടെ പ്രതിനിധിയായാണ് അദ്ദേഹം എത്തുന്നത്. അപ്പോൾ, വിദ്യാർഥികൾ എന്തൊക്കെ നേരിടേണ്ടിവരുമെന്നത് വലിയൊരു വിഷയമാണ്.

അംബേദ്കറൈറ്റ്, ഇടതുപക്ഷ, ദ്രാവിഡ രാഷ്ട്രീയം ഉൾക്കൊണ്ട് മുന്നോട്ടുപോകുന്ന ഒരു വിദ്യാർഥി സമൂഹം ഇവിടെയുണ്ട്. സാമൂഹികനീതിയിൽ ഉറച്ചു വിശ്വസിക്കുന്ന ഞങ്ങളെപ്പോലെയുള്ള വിദ്യാർഥികൾ തീർത്തും വലതുപക്ഷ രാഷ്ട്രീയത്തിന്റേതായ ഒരു മേധാവിയോട് എങ്ങനെ പിടിച്ചുനിൽക്കും എന്നത് ഒരു വിഷയമാണ്.

ശരത് എസ്.

മറ്റൊരു പ്രധാന കാര്യം കലാസൃഷ്ടികളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി സംബന്ധിച്ചിട്ടുള്ളതാണ്. ചില അദ്ധ്യാപകർക്കുപോലും ഇതിനെപ്പറ്റി തർക്കമുണ്ട്. ഞങ്ങളുടെ ന്യൂസ് പ്രൊഡക്ഷൻ അസൈൻമെന്റിൽ പോലും കേന്ദ്രസർക്കാർ വിരുദ്ധമായ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കില്ല. മിനിസ്ട്രി കണ്ടാൽ എന്താവും എന്നതാണ് അവരുടെ പേടി. ഇത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോൾ, വിദ്യാർഥികളുടെ ക്രിയാത്മക സ്വാതന്ത്രത്തിന് പിടിവീഴുമോ എന്നതും വലിയൊരു ചർച്ചാവിഷയമാണ്.

Comments