Graphics: Muhammad Jadeer

മുറിച്ചുമാറ്റാൻ ഇവിടെയൊരു
പുസ്തകം ബാക്കിയുണ്ടല്ലോ?

2014-ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സോഷ്യൽ സയൻസ് സ്‌കൂൾ പാഠപുസ്തകങ്ങളിലെ ഏറ്റവും വലിയ മുറിച്ചു നീക്കലുകളാണ് ഇപ്പോൾ നടക്കുന്നത്. അടിയന്തരാവസ്​ഥ, ഗുജറാത്ത്​ വംശഹത്യ, സിഖ്​ വിരുദ്ധ കലാപം, ജനകീയ പ്രസ്​ഥാനങ്ങളുടെ മുന്നേറ്റം, കർഷക പ്രക്ഷോഭം തുടങ്ങിയവ വിശദീകരിക്കുന്ന പാഠഭാഗങ്ങളാണ്​ വെട്ടിമാറ്റിയത്​.

പാഠപുസ്തകങ്ങളിൽനിന്ന് ഉള്ളടക്കം മുറിച്ചു മാറ്റുന്ന പ്രക്രിയയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിക്കുന്നത് റാഷണലൈസേഷൻ അഥവാ യുക്തിസഹമാക്കൽ എന്നാണ്. എന്നാൽ അതിനെ യുക്തിരഹിതമായ പ്രവൃത്തിയായാണ് അക്കാദമിക ലോകം വിലയിരുത്തുന്നത്. കാരണം, പാഠ്യപദ്ധതിയ്ക്കും അതിലൂടെ രൂപപ്പെടുന്ന പുസ്തകത്തിനും പിന്നിൽ ഒരു യുക്തിയുണ്ട്. ഉള്ളടക്കത്തിന്റെ തുടർച്ചയും, വികാസവും, ആശയമേഖലകൾ തമ്മിലുളള പരസ്പരബന്ധവും, ഒരു രാജ്യം പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുമെല്ലാം സിലബസിന്റെ യുക്തിപരതയുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ പുസ്തകങ്ങൾക്കുമേൽ ഭരണകൂടത്തിന്റെ സെൻസർ കത്രികകൾ വീഴുകയും ഉള്ളടക്കമാകെ ചിതറുകയും ചെയ്യുന്ന പ്രക്രിയയെ റാഷണലൈസേഷൻ എന്നു വിളിക്കുന്നത് ക്രൂരഫലിതമായിരിക്കും. തുടർച്ചയായ വെട്ടിമാറ്റലുകൾക്കു പകരം പുസ്തകമാകെ പിൻവലിക്കുകയായിരുന്നെങ്കിൽ അതായിരുന്നേനെ എൻ.സി.ഇ.ആർ.ടി യുടെ ഭാഗത്തുനിന്നുള്ള ഏറ്റവും യുക്തിസഹമായ തീരുമാനം.

എൻ.സി.ഇ.ആർ.ടി ഭയക്കുന്നതാരെ?

സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അക്കാദമിക കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെൻറ്​ രൂപീകരിച്ച സ്വയംഭരണസ്ഥാപനമാണ് എൻ.സി.ഇ.ആർ.ടി. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഏതാനും ദേശീയസ്ഥാപനങ്ങളെ സംയോജിപ്പിച്ചാണ് 1961-ൽ എൻ.സി.ഇ.ആർ ടി നിലവിൽവന്നത്. തത്വത്തിൽ ഒരു സ്വയംഭരണസ്ഥാപനമാണെങ്കിലും രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന്​ മുക്തമല്ല എന്നതാണ് ഈ അക്കാദമിക സ്ഥാപനത്തിന്റെ വലിയ പരിമിതി.

ഇന്ത്യയിലെ പ്രാമാണികരായ ചരിത്രകാരാണ് അറുപതുകൾ മുതൽ സ്‌കൂൾ പാഠപുസ്തകങ്ങൾ എഴുതിയിരുന്നത്. അവർ എഴുതുന്ന പുസ്തകങ്ങൾ ഒന്നോ രണ്ടോ ചരിത്രകാരുടെ സമിതി പരിശോധിച്ച ശേഷം മാത്രമാണ് വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നത്.

1960-കളുടെ തുടക്കത്തിൽ, ദേശീയോദ്ഗ്രഥനവും ഇന്ത്യയിലെ വിവിധ സമൂഹങ്ങളെ ഏകീകരിക്കലും ഗവൺമെൻറിന്റെ പ്രധാന ആവശ്യകതയായി മാറി. രാജ്യത്തിന്റെ സാംസ്‌കാരിക- വൈകാരിക സമന്വയത്തിനുള്ള ഒരു പ്രധാന ഉപാധിയായി വിദ്യാഭ്യാസം മാറുന്നത് ഇക്കാലത്താണ്. ചരിത്രത്തിന്റെ പാഠപുസ്തകങ്ങൾ കെട്ടുകഥകൾ പറയുന്നതല്ലെന്നും ഭൂതകാലത്തിന്റെ മതേതരവും യുക്തിസഹവുമായ വിശദീകരണങ്ങളാകണമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി എം.സി.ചഗ്ലയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ താരാ ചന്ദ്, നീലകണ്ഠ ശാസ്ത്രി, മുഹമ്മദ് ഹബീബ്, ബിഷേശ്വർ പ്രസാദ്, ബി.പി. സക്‌സേന, പി.സി. ഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ ചരിത്രവിദ്യാഭ്യാസസമിതി രൂപീകരിച്ചു. റൊമീല ഥാപ്പറിന്റെ പുരാതന ഇന്ത്യ 1966-ൽ ആറാം ക്ലാസിലും മധ്യകാല ഇന്ത്യ 1967 ൽ ഏഴാം ക്ലാസിലും പ്രസിദ്ധീകരിച്ചു. രാം ശരൺ ശർമ്മയുടെ പ്രാചീന ഇന്ത്യ, സതീഷ് ചന്ദ്രയുടെ മധ്യകാല ഇന്ത്യ, ബിപൻ ചന്ദ്രയുടെ മോഡേൺ ഇന്ത്യ, അർജുൻ ദേവിന്റെ ഇന്ത്യയും ലോകവും എന്നീ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ പ്രാമാണികരായ ചരിത്രകാരാണ് അറുപതുകൾ മുതൽ സ്‌കൂൾ പാഠപുസ്തകങ്ങൾ എഴുതിയിരുന്നത്. അവർ എഴുതുന്ന പുസ്തകങ്ങൾ ഒന്നോ രണ്ടോ ചരിത്രകാരുടെ സമിതി പരിശോധിച്ച ശേഷം മാത്രമാണ് വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നത്.

റൊമീല ഥാപ്പർ

ഏതാണ്ട് ഇതേകാലം മുതൽതന്നെ, എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ തീവ്ര വലതുപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളും നേരിട്ടിട്ടുണ്ട്. 1969-ൽ, ഒരു പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി പുരാതന ഇന്ത്യയെക്കുറിച്ചുള്ള റൊമീല ഥാപ്പറുടെ പാഠപുസ്തകത്തിൽ ‘ആര്യന്മാർ' ഇന്ത്യയിലെ തദ്ദേശീയരാണെന്ന് വ്യക്തമായി പ്രസ്താവിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഈ ആവശ്യം എഡിറ്റോറിയൽ ബോർഡും രചയിതാവ് എന്ന നിലയിൽ ഥാപ്പറും നിരസിച്ചു. പുരാതന കാലത്ത് ഹിന്ദുക്കൾ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്നതിനെക്കുറിച്ചുള്ള പരാമർശം ‘ഹിന്ദു ദേശീയതയുടെ' മതവികാരങ്ങൾക്ക് വിരുദ്ധമാണെന്ന് ഹിന്ദു മഹാസഭയും ആര്യസമാജും വിമർശനമുയർത്തുകയുണ്ടായി.

ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും ക്ലാസ് റൂമുകളെ നയിക്കാത്ത പുസ്തകങ്ങൾ ഭരണകൂടങ്ങൾക്ക് സാധ്യതയും സൗകര്യവുമാണ്.

1977 മുതൽ 1980 വരെയുള്ള ജനതാപാർട്ടി ഗവൺമെന്റിന്റെ കീഴിലാണ് ആദ്യമായി സംഘപരിവാർ ആശയങ്ങൾ പ്രത്യക്ഷമായി പുസ്തകങ്ങളിലേക്കു വന്നുതുടങ്ങിയത്.
മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടി ഗവൺമെൻറ്​ മൂന്നുമാസം പിന്നിട്ടപ്പോൾ, എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളെ ലക്ഷ്യമിട്ട് മുൻ ജനസംഘം നേതാവും ജനതാപാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ നാനാജി ദേശ്​മുഖ്​ പ്രധാനമന്ത്രിക്ക് ഒരു മെമ്മോറാണ്ടം കൈമാറി. ഥാപ്പറിന്റെ മധ്യകാല ഇന്ത്യ, ബിപൻ ചന്ദ്രയുടെ മോഡേൺ ഇന്ത്യ, ത്രിപാഠിയുടെ ഫ്രീഡം സ്ട്രഗിൾ, എന്നീ പുസ്തകങ്ങൾ പിൻവലിക്കണമെന്നതായിരുന്നു ആവശ്യം. ആർ.എസ്. ശർമയുടെ പ്രാചീന ഇന്ത്യ എന്ന പുസ്തകത്തിനെതിരെയും വിമർശനമുയർന്നു. രാഷ്ട്രീയ സ്വയംസേവക് സംഘ് അതിന്റെ ഓർഗനൈസർ മാസികയിൽ പുസ്തകങ്ങൾക്കെതിരെ പ്രചാരണം ആരംഭിച്ചു.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ സിലബസിൽ നിന്ന് ആർ.എസ് ശർമയുടെ പ്രാചീന ഇന്ത്യയെ പിൻവലിച്ച്​ 1978 ജൂലൈയിൽ സർക്കാർ നിയമം പാസാക്കി. ചരിത്രപാഠ്യപദ്ധതിയേയും പാഠപുസ്തകങ്ങളേയുമാണ് സംഘപരിവാർ എല്ലാക്കാലത്തും ലക്ഷ്യമിട്ടിരുന്നത്.
2000 ൽ, ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്റെ കീഴിൽ, ഒരു പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലൂടെ എൻ.സി.ഇ.ആർ.ടി സ്‌കൂൾ പാഠപുസ്തകങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ശ്രമിച്ചു. അതിതീവ്ര ദേശീയതയും, അപരവത്ക്കരണവും, അന്യമത വിദ്വേഷവും അടയാളമാക്കിയ എൻ.സി.എഫ്- 2000 (National Curriculum Framework- 2000) ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ വിഷലിപ്തമായ ഡോകുമെന്റുകളിലൊന്നായിരുന്നു. ജനാധിപത്യ, മതേതര, ശാസ്ത്രീയ, ബഹുസ്വര വിദ്യാഭ്യാസത്തിന് ചരമക്കുറിപ്പെഴുതിയത് അന്നുമുതലായിരുന്നു.

2002-ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യക്കാലത്തെ ദൃശ്യങ്ങളിലൊന്ന്

2004ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ പരാജയപ്പെട്ടു, പുതിയ യു.പി.എ സർക്കാർ പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും വിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവം പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കുകയും മാർച്ചിൽ എൻ.സി.ഇ.ആർ.ടി പുതിയ പാഠപുസ്തകങ്ങൾ പുറത്തിറക്കുകയും ചെയ്തു. പാഠ്യപദ്ധതിയുടെ മേൽനോട്ടം വഹിച്ച മാനവവിഭവശേഷി വികസന മന്ത്രാലയം, ‘കാവിവൽക്കരിക്കപ്പെട്ട' പുസ്തകങ്ങൾ തിരസ്‌ക്കരിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പഴയ പാഠപുസ്തകങ്ങൾ തന്നെ അപ്പോഴും തുടർന്നു. 2004 ജൂണിൽ, പുതിയ പാഠപുസ്തകങ്ങൾ അവലോകനം ചെയ്യുന്നതിന്​ എൻ.സി.ഇ.ആർ.ടി, ഒരു പാനൽ രൂപീകരിച്ചു. സ്‌കൂൾ സിലബസുകളിൽ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളിൽ തെറ്റായ ഉള്ളടക്കമുണ്ടെന്നും, മോശമായി അവതരിപ്പിച്ചതാണെന്നും, കൂടാതെ കാര്യമായ അളവിൽ അപ്രസക്തമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഈ പാനൽ നിർദ്ദേശിച്ചു. ന്യൂനതകൾ പരിഹരിച്ചശേഷം യു.പി.എ കാലഘട്ടത്തിൽ തയാറാക്കി 2005 ൽ പുറത്തിറക്കിയ പുസ്തകങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. അതുതന്നെയാണ് സംഘപരിവാറിനെ അസ്വസ്ഥമാക്കുന്ന പ്രധാന സംഗതിയും.

പാൻഡമിക് പ്രതിസന്ധി ഘട്ടത്തിലെ അധ്യയന നഷ്ടത്തിന്റെ മറയിൽ 2017 ൽ ആരംഭിച്ച മുറിച്ചുമാറ്റലുകളുടെ തുടർച്ചയാണ് 2022 ലും ആവർത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയൊഴിയുമ്പോഴും വെട്ടിമാറ്റൽ തുടരുകയാണ്, മഴ കഴിഞ്ഞിട്ടും മരം പെയ്യുന്നതു പോലെ.

2006-ൽ സിഖ് സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് 12ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ സിഖ് മതത്തെക്കുറിച്ചുള്ള പാഠങ്ങളിൽ ഭേദഗതി വരുത്തി. 2012ൽ, ഭരണഘടന പ്രയോഗത്തിൽ എന്ന പുസ്തകത്തിൽ ‘ഭരണഘടന, എന്തുകൊണ്ട്, എങ്ങനെ' എന്ന തലക്കെട്ടിൽ ഒന്നാം അധ്യായത്തിന്റെ 18-ാം പേജിലെ കാർട്ടൂൺ നീക്കണമെന്ന് ദലിത് സംഘടനകൾ ആവശ്യപ്പെട്ടു. ‘ഭരണഘടന' എന്ന് മുദ്രകുത്തപ്പെട്ട ഒച്ചിന്റെ മുകളിൽ ഇരിക്കുന്ന അംബേദ്കറിന്റെ പിന്നിൽ ജവഹർലാൽ നെഹ്റു ഒരു ചാട്ടയുമായി നിൽക്കുന്നു. ഭരണഘടനാ രൂപീകരണ പ്രക്രിയയിലുണ്ടായ കാലതാമസത്തെയാണ് കാർട്ടൂണിസ്റ്റ് ശങ്കർ പ്രതീകാത്മകമായി ചിത്രീകരിക്കാൻ ശ്രമിച്ചത്. എന്നാൽ അതിൽ പൊളിറ്റിക്കൽ കറക്ട്‌നെസിന്റെ പ്രശ്‌നവും ഭരണഘടനാ ശില്പിയെ അപമാനിച്ചെന്ന പ്രശ്‌നവും ഉന്നയിച്ച്​ ഉത്തരവാദികളായ ആളുകളെ കൈകാര്യം ചെയ്യണമെന്നുമുള്ള വിഷയം പാർലമെന്റിന്റെ ഇരുസഭകളിലും ബഹളം സൃഷ്ടിച്ചു. സർക്കാർ മാപ്പ് പറയുകയും കാർട്ടൂൺ നീക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് എൻ.സി.ഇ.ആർ.ടി മുഖ്യ ഉപദേഷ്ടാക്കളായ യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറും പാഠ്യപദ്ധതി ഉപദേശക സ്ഥാനം രാജിവച്ചു. പാഠ്യപദ്ധതി രൂപീകരണ സമിതിയോട് ആലോചിക്കാതെ ഏകപക്ഷീയമായി കാർട്ടൂൺ ഒഴിവാക്കിയതിനെതിരെയായിരുന്നു അവരുടെ പ്രതിഷേധം.

2014 ൽ പുതിയ ഗവൺമെൻറ്​ അധികാരത്തിലെത്തിയ ശേഷം നിരന്തരമായി പുസ്തകങ്ങൾ അതിക്രമത്തിനു വിധേയമാവുകയാണ്. പാൻഡമിക് പ്രതിസന്ധി ഘട്ടത്തിലെ അധ്യയന നഷ്ടത്തിന്റെ മറയിൽ 2017 ൽ ആരംഭിച്ച മുറിച്ചുമാറ്റലുകളുടെ തുടർച്ചയാണ് 2022 ലും ആവർത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയൊഴിയുമ്പോഴും വെട്ടിമാറ്റൽ തുടരുകയാണ്, മഴ കഴിഞ്ഞിട്ടും മരം പെയ്യുന്നതു പോലെ.

ദ ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന വാർത്ത

പാഠഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നതിലോ, ഒഴിവാക്കുന്നതിലോ പുലർത്തേണ്ട ജനാധിപത്യമര്യാദ കേന്ദ്ര വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഒരിക്കലും പാലിക്കാറില്ലെന്ന് റൊമീലാ ഥാപ്പറും, അർജുൻ ദേവും ചൂണ്ടിക്കാട്ടുന്നു. സാധാരണ ഗതിയിൽ ആവർത്തിക്കപ്പെട്ടതോ, അപ്രസക്തമോ, അധിക്ഷേപാർഹമോ ആയ ഒരു പാഠഭാഗം ഒഴിവാക്കപ്പെടേണ്ട സാഹചര്യമുണ്ടാവാം. പക്ഷെ, അതുപോലും പാഠപുസ്തക രചയിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടിയായിരിക്കണം. അതൊന്നുമില്ലാതെയാണ് അക്കാദമിക സ്വാതന്ത്ര്യത്തിനുമേൽ നിരന്തരമായി കത്തി വീഴുന്നത്. ഒരു സംഘം അക്കാദമിക വിദഗ്ധർ തയാറാക്കുന്ന പുസ്തകം പുനഃപരിശോധിക്കേണ്ടത് അതേ വിദഗ്ധസമിതി തന്നെയാണ്. കഴിഞ്ഞ രണ്ടു മൂന്നു വർഷമായി എൻ.സി.ഇ.ആർ.ടി നടത്തുന്ന മുറിച്ചുമാറ്റലുകൾക്കുപിന്നിലുള്ള ഗൂഢസംഘം ആരാണെന്നത് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. സിലബസ് റാഷണലൈസേഷന്റെ മറയിൽ ചില പ്രത്യേക പാഠഭാഗങ്ങൾ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നുവെന്നതാണ് ഈ പ്രക്രിയയ്ക്കു പിന്നിലെ അക്കാദമിക വിരുദ്ധത. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക ജീവിതക്രമത്തെ സംബന്ധിക്കുന്ന ആശയമേഖലകൾ ക്ലാസ് മുറികളിൽ ചർച്ചയാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുകയെന്ന അക്കാദമിക സെൻസറിംഗാണ് കഴിഞ്ഞ കുറേക്കാലങ്ങളായി നടക്കുന്നത്. വിമർശനാത്മക ചോദ്യങ്ങളേയും ജ്ഞാനാന്വേഷണ ചിന്തകളേയും ഭയപ്പെടുന്ന ഭരണകൂടവ്യവസ്ഥയുടെ നിശ്ശബ്ദ കാവൽക്കാരായി എൻ.സി.ഇ.ആർ.ടി എന്ന അക്കാദമിക സ്ഥാപനമാകെ മാറുമ്പോൾ അത് നൽകുന്ന സന്ദേശം ഒട്ടും ശുഭോദർക്കമല്ല.

കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ അക്കാദമിക നഷ്ടത്തിന്റെയും വിടവിന്റെയും ഭാഗമായാണ് വർക്ക് ലോഡ് കുറയ്ക്കുന്നതെന്നാണ് നിലവിലെ ഔദ്യോഗിക ഭാഷ്യം. പഠനഭാരം കുറയ്ക്കാനെന്ന വ്യാജേന പ്രത്യേക പാഠഭാഗങ്ങൾ വെട്ടിമാറ്റുന്നതിലൂടെ പഠന പ്രക്രിയ സങ്കീർണമാവുകയാണ് ചെയ്യുന്നത്.

ആസൂത്രിത വെട്ടിമാറ്റലുകൾ

2014-ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സോഷ്യൽ സയൻസ് സ്‌കൂൾ പാഠപുസ്തകങ്ങളിലെ ഏറ്റവും വലിയ മാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
​നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി) എല്ലാ വിഷയങ്ങൾക്കുമായി ആറുമാസം മുമ്പ് നടത്തിയ പാഠപുസ്തക ‘യുക്തിസഹമാക്കൽ' പ്രക്രിയയുടെ ഫലമായാണ് ഈ മാറ്റങ്ങൾ. ദേശീയ സ്‌കൂൾ പാഠ്യപദ്ധതിയുടെ (നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്) നിർദിഷ്ട നവീകരണത്തിന് മുന്നോടിയായാണ് സിലബസ് വെട്ടിക്കുറയ്ക്കുന്നത്.
2014 നുശേഷമുള്ള മൂന്നാമത്തെ പാഠപുസ്തക അവലോകനമാണിത്. ആദ്യത്തേത് 2017 ൽ നടന്നു, ആദ്യ ഘട്ടത്തിൽ 182 പാഠപുസ്തകങ്ങളിൽ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഡാറ്റ അപ്‌ഡേറ്റുകളും ഉൾപ്പെടെ 1,334 മാറ്റങ്ങൾ വരുത്തി. രണ്ടാമത്തെ ഘട്ടം 2019-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളുടെ ഭാരം കുറയ്ക്കാനെന്ന നിലയിൽ നടത്തി. ആ ഘട്ടത്തിലും വ്യാപക തിരുത്തലുകളുണ്ടായി. കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ അക്കാദമിക നഷ്ടത്തിന്റെയും വിടവിന്റെയും ഭാഗമായാണ് വർക്ക് ലോഡ് കുറയ്ക്കുന്നതെന്നാണ് നിലവിലെ ഔദ്യോഗിക ഭാഷ്യം. പഠനഭാരം കുറയ്ക്കാനെന്ന വ്യാജേന പ്രത്യേക പാഠഭാഗങ്ങൾ വെട്ടിമാറ്റുന്നതിലൂടെ പഠന പ്രക്രിയ സങ്കീർണമാവുകയാണ് ചെയ്യുന്നത്.

പ്രകാശ് ജാവ്‌ദേക്കർ

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രണ്ട് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി. ഒന്നാമതായി, ‘സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം' എന്ന തലക്കെട്ടിലുള്ള നിലവിലെ 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ അവസാന അധ്യായത്തിലെ കലാപത്തെക്കുറിച്ചുള്ള രണ്ട് പേജുകൾ ഇല്ലാതാക്കി. ആദ്യ പേജിലെ സംഭവങ്ങളുടെ കാലക്രമം വ്യക്തമാക്കുന്ന വിശദമായ ഒരു ഖണ്ഡിക ഒഴിവാക്കിയിട്ടുണ്ട്. അക്രമം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് ഗുജറാത്ത് സർക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷന്റെ വിമർശനമുള്ള ഭാഗമാണ് ഒഴിവാക്കപ്പെട്ടത്.

രണ്ടാം പേജിൽ, കലാപത്തെക്കുറിച്ചുള്ള മൂന്ന് പത്ര റിപ്പോർട്ടുകളുടെ കൊളാഷും ഗുജറാത്ത് സർക്കാർ കലാപം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള 2001-2002 ലെ വാർഷിക റിപ്പോർട്ടിൽ നിന്നുള്ള ദേശീയ മനുഷ്യാവകാശ കമീഷന്റെ നിരീക്ഷണത്തിന്റെ ഒരു ഉദ്ധരണിയും ഉൾക്കൊള്ളുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഈ വിഭാഗത്തിലെ പ്രസിദ്ധമായ ‘‘രാജ്ധർമ'' പരാമർശവും നീക്കി: ‘‘(ഗുജറാത്ത്) മുഖ്യമന്ത്രിക്കുള്ള എന്റെ ഒരു സന്ദേശം അദ്ദേഹം ‘രാജ്ധർമ്മം' പാലിക്കണം എന്നതാണ്. ഒരു ഭരണാധികാരി തന്റെ പൗരൻമാർക്കിടയിൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വിവേചനവും കാണിക്കരുത്’’- 2002 മാർച്ചിൽ അഹമ്മദാബാദിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അരികിലിരുത്തി വാർത്താസമ്മേളനത്തിൽ വാജ്‌പേയി പറഞ്ഞതാണിത്​.

അടൽ ബിഹാരി വാജ്‌പേയ്‌ക്കൊപ്പം നരേന്ദ്രമോദി

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള രണ്ടാമത്തെ പരാമർശം 12-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകമായ ‘ഇന്ത്യൻ സൊസൈറ്റി'യിൽ നിന്ന് നീക്കം ചെയ്തു. ‘വർഗീയത, മതേതരത്വം, രാഷ്ട്രം-ഭരണകൂടം' എന്ന തലക്കെട്ടിലുള്ള ഒരു ഖണ്ഡിക ആറാം അധ്യായത്തിൽ ഒഴിവാക്കിയിട്ടുണ്ട്. വർഗീയത ആളുകളെ ‘‘അഭിമാനം വീണ്ടെടുക്കാനും മറ്റ് സമുദായങ്ങളിലെ അംഗങ്ങളെ കൊല്ലാനും ബലാത്സംഗം ചെയ്യാനും കൊള്ളയടിക്കാനും എങ്ങനെ പ്രേരിപ്പിക്കുന്നു’’വെന്ന് വിവരിക്കുന്നു. സാധാരണയായി ഉദ്ധരിക്കപ്പെടുന്ന ന്യായീകരണം, മറ്റെവിടെയെങ്കിലും അല്ലെങ്കിൽ വിദൂരഭൂതകാലത്തിൽ പോലും തങ്ങളുടെ സഹ-മതസ്ഥർ അനുഭവിച്ച മരണത്തിനോ അപമാനത്തിനോ പ്രതികാരം ചെയ്യുക എന്നതാണ്. ഏതെങ്കിലും തരത്തിലുള്ള വർഗീയ കലാപങ്ങളിൽ നിന്ന് ഒരു പ്രദേശവും പൂർണമായി ഒഴിവാക്കപ്പെട്ടിട്ടില്ല. ന്യൂനപക്ഷ സമുദായങ്ങൾക്ക് ആനുപാതികമായ ആഘാതം കൂടുതൽ തീവ്രതരമാണെങ്കിലും, ഓരോ മതസമൂഹവും ഈ അക്രമത്തെ കൂടുതലോ കുറവോ നേരിട്ടിട്ടുണ്ട്. വർഗീയ കലാപങ്ങളുടെ ഉത്തരവാദിത്തം സർക്കാരുകൾ ഏറ്റെടുക്കുന്നിടത്തോളം, ഒരു സർക്കാരിനും ഭരണകക്ഷിക്കും ഇക്കാര്യത്തിൽ കുറ്റമില്ലെന്ന് അവകാശപ്പെടാനാവില്ല. വാസ്തവത്തിൽ, വർഗീയ കലാപത്തിന്റെ ഏറ്റവും ആഘാതകരമായ രണ്ട് സമകാലിക സംഭവങ്ങൾ ഓരോ പ്രധാന രാഷ്ട്രീയ പാർട്ടിയുടെയും കീഴിൽ സംഭവിച്ചു. 1984ൽ ഡൽഹിയിൽ സിഖ് വിരുദ്ധ കലാപം നടന്നത് കോൺഗ്രസ് ഭരണത്തിൻ കീഴിലാണ്. 2002-ൽ ഗുജറാത്തിൽ മുസ്​ലിം വിരുദ്ധ അക്രമത്തിന്റെ അഭൂതപൂർവമായ തോതും വ്യാപനവും നടന്നത് ബി.ജെ.പി സർക്കാരിന്റെ കീഴിലാണ്.

സിഖ് വിരുദ്ധ കലാപത്തിൽ നിന്ന്. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്ന് 1984 ൽ സിഖ് വംശത്തിൽ പെട്ടവർക്കെതിരെ പ്രതികാര ലക്ഷ്യത്തോടെ നടത്തിയ ആക്രമണങ്ങളാണ് സിഖ് വിരുദ്ധ കലാപമെന്ന പേരിൽ അറിയപ്പെടുന്നത്. കലാപത്തിൽ ഡൽഹിയിൽ മാത്രം 2,733 പേർ കൊല്ലപ്പെട്ടിരുന്നു. / Photo : Wikimedia Commons

12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകമായ ‘സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം' എന്നതിലെ ‘ദി ക്രൈസിസ് ഓഫ് ഡെമോക്രാറ്റിക് ഓർഡർ' എന്ന തലക്കെട്ടിലുള്ള അധ്യായത്തിലെ അഞ്ചു പേജുകൾ ഒഴിവാക്കി. ഇല്ലാതാക്കിയ ഉള്ളടക്കം രാജ്യത്തെ അടിയന്തരാവസ്ഥയിലേക്കു നയിച്ച സാഹചര്യവും അതുണ്ടാക്കിയ പ്രതികരണങ്ങളുമായിരുന്നു.

12-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകമായ ‘ഇന്ത്യൻ സൊസൈറ്റി'യിലെ (‘സാംസ്‌കാരിക വൈവിധ്യത്തിന്റെ വെല്ലുവിളികൾ') ആറാം അധ്യായത്തിൽനിന്ന് അടിയന്തരാവസ്ഥയുടെ ആഘാതത്തെക്കുറിച്ചുള്ള പരാമർശം ഇല്ലാതാക്കി. അടിയന്തരാവസ്ഥക്കാലത്ത് എല്ലാ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള മറ്റൊരു പരാമർശം, 12-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകമായ ‘സോഷ്യൽ ചേഞ്ച് ആൻഡ് ഡെവലപ്പിംഗ് ഇൻ ഇന്ത്യ'യിലെ 8-ാം അധ്യായത്തിൽ (‘സാമൂഹിക പ്രസ്ഥാനങ്ങൾ') നീക്കം ചെയ്തിട്ടുണ്ട്. ‘തൊഴിലാളി പ്രസ്ഥാനം' എന്ന തലക്കെട്ടിലാണ് ഈ പരാമർശം.

സമകാലിക ഇന്ത്യയിലെ സാമൂഹിക പ്രസ്ഥാനങ്ങളായി മാറിയ പ്രതിഷേധങ്ങളെ വിശദീകരിക്കുന്ന മൂന്ന് അധ്യായങ്ങൾ 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി. ഉദാഹരണത്തിന്, 12-ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ‘ജനകീയപ്രസ്ഥാനങ്ങളുടെ ഉയർച്ച' എന്ന അധ്യായം ഒഴിവാക്കി.

1975 ജൂൺ 25ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു

1970-കളിലെ ഉത്തരാഖണ്ഡിലെ ചിപ്കോ പ്രസ്ഥാനത്തിന്റെ യാത്ര, എഴുപതുകളിൽ മഹാരാഷ്ട്രയിലെ ദലിത് പാന്തേഴ്സിന്റെ വളർച്ച, എൺപതുകളിലെ കാർഷിക സമരങ്ങൾ, പ്രത്യേകിച്ച് ഭാരതീയ കിസാൻ യൂണിയൻ നയിച്ചത് എന്നിവ ഈ അധ്യായത്തിൽ വിവരിക്കുന്നു. ആന്ധ്രാപ്രദേശിലെ മദ്യവിരുദ്ധ പ്രസ്ഥാനം, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നർമദാ നദിയിലും പോഷകനദികളിലും സർദാർ സരോവർ പദ്ധതിയുടെ നിർമ്മാണത്തെ എതിർത്ത പ്രസിദ്ധമായ നർമ്മദാ ബച്ചാവോ ആന്ദോളൻ, വിവരാവകാശ പ്രസ്ഥാനം എന്നിവയും ഇതുൾക്കൊള്ളുന്നു.
പത്താം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകമായ ‘ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് - II' ൽ നിന്ന് ജനകീയ സമരങ്ങളെക്കുറിച്ചുള്ള മൂന്നാം അധ്യായം നീക്കം ചെയ്തു.

11, 12 ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠ്യപദ്ധതിയിലെ സാമൂഹിക പ്രസ്ഥാനങ്ങളക്കുറിച്ചുള്ള ഒരേയൊരു അധ്യായം ഗണ്യമായി കുറച്ചിരിക്കുന്നു. ‘ഇന്ത്യയിലെ സാമൂഹിക മാറ്റവും വികസനവും' എന്ന 12-ാം ക്ലാസ് പാഠപുസ്തകത്തിലെ ‘സാമൂഹിക പ്രസ്ഥാനങ്ങൾ' എന്ന അധ്യായത്തിൽ വരുത്തിയ നിരവധി മാറ്റങ്ങളിൽ, അടുത്തിടെ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ നടന്ന കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്ന ഒരു പ്രവർത്തനം നീക്കം ചെയ്തതും ഉൾപ്പെടുന്നു. മറ്റ് ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ സമാന വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന കാരണത്താൽ ജനാധിപത്യത്തെക്കുറിച്ചും ഇന്ത്യൻ ജനാധിപത്യത്തിന്റെ രൂപീകരണത്തെക്കുറിച്ചുമുള്ള നാല് അധ്യായങ്ങൾ ഇല്ലാതാക്കി.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അശോക ചക്രവർത്തിയെക്കുറിച്ചുള്ള ഉദ്ധരണി ആറാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ ‘അശോക, യുദ്ധം ഉപേക്ഷിച്ച ചക്രവർത്തി' എന്ന അധ്യായത്തിൽ നിന്ന് നീക്കം ചെയ്തു.

ഉദാഹരണത്തിന്, ആറാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലെ ‘ജനാധിപത്യ സർക്കാരിന്റെ പ്രധാന ഘടകങ്ങൾ' എന്ന അധ്യായം ഒഴിവാക്കി. ജനപങ്കാളിത്തം, സംഘർഷ പരിഹാരം, സമത്വം, നീതി എന്നിവയുൾപ്പെടെ ഒരു ജനാധിപത്യ ഗവൺമെന്റിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ചില നിർണായക ഘടകങ്ങളെ കുറിച്ച് സംസാരിക്കുന്നതും മിഡിൽ സ്‌കൂളിലെ ജനാധിപത്യ സങ്കൽപ്പത്തെക്കുറിച്ചുള്ള ആദ്യത്തെ വിശദമായ ആമുഖമാണത്. ഭരണഘടനയുടെ രൂപീകരണത്തെക്കുറിച്ചും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ചും സംസാരിക്കുന്ന ഭാഗം ‘സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം’ എന്ന പുസ്തകത്തിൽ നിന്ന് ഒഴിവാക്കി.

പത്താം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ‘ജനാധിപത്യവും വൈവിധ്യവും', ‘ജനാധിപത്യത്തോടുള്ള വെല്ലുവിളികൾ' എന്നീ അധ്യായങ്ങളും ഒഴിവാക്കി. ആദ്യത്തേത് ലോകമെമ്പാടുമുള്ള വംശത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനങ്ങളുടെയും അസമത്വങ്ങളുടെയും ആശയത്തിലേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുമ്പോൾ, രണ്ടാമത്തേത് ജനാധിപത്യ രാഷ്ട്രീയത്തെ നവീകരിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അശോക ചക്രവർത്തിയെക്കുറിച്ചുള്ള ഉദ്ധരണി ആറാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ ‘അശോക, യുദ്ധം ഉപേക്ഷിച്ച ചക്രവർത്തി' എന്ന അധ്യായത്തിൽ നിന്ന് നീക്കം ചെയ്തു. ഇല്ലാതാക്കിയ ഉദ്ധരണി ഇങ്ങനെയാണ്: ‘അദ്ദേഹത്തിന്റെ ശാസനകൾ (നിർദ്ദേശങ്ങൾ) ഇപ്പോഴും നമ്മോട് സംസാരിക്കുന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലാണ്, അവയിൽ നിന്ന് നമുക്ക് ഇനിയും ഒരുപാട് പഠിക്കാനാകും.'

12-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിലെ (ഇന്ത്യയിലെ സാമൂഹിക മാറ്റവും വികസനവും) ‘ഘടനാപരമായ മാറ്റം' എന്ന അധ്യായത്തിൽ നിന്ന് ഭക്രാനംഗൽ അണക്കെട്ടിനെക്കുറിച്ചുള്ള നെഹ്റുവിന്റെ പരാമർശം ഒഴിവാക്കി: ‘‘ഇത്രയും ഉയരത്തിൽ ഒരു അണക്കെട്ട് ലോകത്ത് മറ്റൊരിടത്തും ഇല്ലെന്നാണ് ഞങ്ങളുടെ എഞ്ചിനീയർമാർ പറയുന്നത്. ഇതിന്റെ നിർമ്മാണം ഏറെ ബുദ്ധിമുട്ടുകളും സങ്കീർണതകളും നിറഞ്ഞതാണ്. ഈ സ്ഥലത്തു ചുറ്റിനടന്നപ്പോൾ ഞാൻ ചിന്തിച്ചു, ഇന്നത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളും, മുസ്​ലിം പള്ളികളും ഗുരുദ്വാരകളും മനുഷ്യരാശിയുടെ നന്മയ്ക്കായി മനുഷ്യൻ പ്രവർത്തിക്കുന്ന സ്ഥലമാണെന്ന്. ആയിരക്കണക്കിന് ലക്ഷക്കണക്കിന് മനുഷ്യർ അധ്വാനിച്ച ഈ ഭക്രനംഗൽ, അവരുടെ രക്തവും വിയർപ്പും ചൊരിഞ്ഞ്, അവരുടെ ജീവൻ വെടിഞ്ഞ ഇതിലും ശ്രേഷ്ഠമായ സ്ഥലം ഏതാണ്?’’

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം 2014-2020 കാലയളവിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർഷംതോറും രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിൽ 28% വർധനവുണ്ടായി / Graph: 'A decade of darkness', project by Article 14

8-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലെ ‘നിയമങ്ങൾ മനസ്സിലാക്കൽ' എന്ന അധ്യായത്തിലെ കൊളോണിയൽ രാജ്യദ്രോഹ നിയമത്തെക്കുറിച്ചുള്ള ഭാഗവും ഇനിയില്ല. ഇല്ലാതാക്കിയ വിഭാഗത്തിൽ വിദ്യാർത്ഥികൾക്കായി ഇനിപ്പറയുന്ന പഠന പ്രവർത്തനമുണ്ട്: ‘1870 ലെ രാജ്യദ്രോഹ നിയമം ഏകപക്ഷീയമാണെന്ന് നിങ്ങൾ കരുതുന്നതിന്റെ ഒരു കാരണം പറയുക? 1870-ലെ രാജ്യദ്രോഹ നിയമം നിയമവാഴ്ചയ്ക്ക് വിരുദ്ധമാകുന്നത് ഏതെല്ലാം വിധത്തിലാണ്?’

നക്‌സലിസത്തെയും നക്‌സലൈറ്റ് പ്രസ്ഥാനത്തെയും കുറിച്ചുള്ള മിക്കവാറും എല്ലാ പരാമർശങ്ങളും സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 1967-ലെ കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള ഒരു പൂർണ പേജ്, നക്സലൈറ്റ് സൈദ്ധാന്തികൻ ചാരു മജൂംദാറിനെക്കുറിച്ചുള്ള ബോക്‌സ്, ഇപ്പോൾ ‘ക്രൈസിസ് ഓഫ് ഡെമോക്രാറ്റിക് ഓർഡർ' എന്ന തലക്കെട്ടിലുള്ള ആറാം അധ്യായത്തിൽ നിന്ന് ഒഴിവാക്കി.

12-ാം ക്ലാസ് സാമൂഹശാസ്ത്ര പാഠപുസ്തകമായ ‘ഇന്ത്യയിലെ സാമൂഹിക മാറ്റവും വികസനവും' എന്ന പാഠപുസ്തകത്തിലെ 8-ാം അധ്യായത്തിലെ ‘കർഷക പ്രസ്ഥാനം' എന്ന വിഭാഗത്തിൽ നിന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള പരാമർശം നീക്കം ചെയ്തു. ഇന്ത്യയിലെ ജാതി വിവേചനങ്ങളും അസമത്വങ്ങളും വിശദീകരിക്കുന്ന ഉള്ളടക്ക മേഖലകളും കവിതകളും വ്യാപകമായി ഒഴിവാക്കപ്പെടുകയുണ്ടായി.

ഇന്ത്യയുടെ സാമൂഹിക- സാംസ്‌കാരിക ജീവിതവ്യവസ്ഥയെ രൂപപ്പെടുത്തിയ ചിന്തകളുടെ ഒഴിവാക്കൽ വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കും. മുറിച്ചു കളഞ്ഞ ആശയങ്ങളിലൂടെ പിന്നീടൊരിക്കലും കുട്ടികൾക്ക് കടന്നുപോകാൻ സാഹചര്യമുണ്ടാവണമെന്നില്ല.

അക്കാദമികമായി എങ്ങനെ ബാധിക്കും

പുസ്തകങ്ങളിൽനിന്ന് പാഠഭാഗങ്ങൾ ഒഴിവാക്കപ്പെടുന്നത് പഠനനിലവാരത്തെയും പഠനത്തുടർച്ചയേയും ബാധിക്കുമെന്നതുറപ്പാണ്. ഓരോ ക്ലാസിലും ഘട്ടത്തിലും വിദ്യാർഥി ആർജ്ജിക്കേണ്ട പഠനഫലങ്ങളിൽ കുറവുണ്ടാവും. ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന തീമാറ്റിക് പഠന രീതിയിലും മാറ്റമുണ്ടാവും. ചില തീമുകൾ ഒഴിവാക്കപ്പെടുന്നതിലൂടെ പഠന പ്രവർത്തനങ്ങളുടെ തുടർച്ച നഷ്ടമായേക്കും. ഇന്ത്യയുടെ സാമൂഹിക- സാംസ്‌കാരിക ജീവിതവ്യവസ്ഥയെ രൂപപ്പെടുത്തിയ ചിന്തകളുടെ ഒഴിവാക്കൽ വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കും. മുറിച്ചു കളഞ്ഞ ആശയങ്ങളിലൂടെ പിന്നീടൊരിക്കലും കുട്ടികൾക്ക് കടന്നുപോകാൻ സാഹചര്യമുണ്ടാവണമെന്നില്ല.

പുസ്തകം ഒരു സംവാദസാധ്യതയാണ്. അതുതന്നെ സംവാദങ്ങളെ നിരാകരിക്കുന്നതിലേക്കും നയിച്ചേക്കാം. മുഖമുള്ള മനുഷ്യർക്കൊപ്പം മുഖമില്ലാത്ത ആൾക്കൂട്ടങ്ങളേയും സൃഷ്ടിച്ചേക്കാം. ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും ക്ലാസ് റൂമുകളെ നയിക്കാത്ത പുസ്തകങ്ങൾ ഭരണകൂടങ്ങൾക്ക് സാധ്യതയും സൗകര്യവുമാണ്. എന്നാൽ, പുസ്തകമല്ലാതെ മറ്റൊരു പഠനോപാധിയുമില്ലാത്ത ഇന്ത്യയിലെ ലക്ഷക്കണക്കിനു വിദ്യാർഥികൾക്ക് മുറിച്ചു മാറ്റപ്പെടുന്ന ഓരോ വാക്കും, ആശയവും വിദ്യാഭ്യാസ പ്രക്രിയയിൽ നിന്നും ഇന്ത്യ എന്ന ജനാധിപത്യ-മതേതര- പരമാധികാര വ്യവസ്ഥയിൽനിന്നുമുള്ള പിൻമടക്കമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments