മജീദ് മജീദിയുടെ 'കളര്‍ ഓഫ് പാരഡൈസ്' സിനിമയിൽ നിന്ന്

85-86 ലെ 5 B:
ഭിന്നശേഷിക്കാരനായ
വിദ്യാർഥിയുടെ ആത്മകഥ

‘85-86 ലെ 5 B ഒരു അത്ഭുത ക്ലാസായിട്ടാണ് തോന്നുന്നത്. ഞാനടക്കം മൂന്ന് ഭിന്നശേഷി വിദ്യാര്‍ത്ഥികളെ നോര്‍മല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്ലാസിലിരുത്താന്‍ തീരുമാനിച്ച പ്രഥമാദ്ധ്യാപകന്‍ ജോസ് സാറിന്റെയും ക്ലാസ്​ ടീച്ചര്‍ ഏയ്ഞ്ചല്‍ സിസ്റ്ററുടെയും കരുതല്‍ ആദരവോടെയാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. അത് വലിയ ഒരു ജീവിത പാഠമായിരുന്നു എനിക്ക്.’- പ്രിയ അധ്യാപകരെ ഓർത്തെടുക്കുന്ന ‘സല്യൂട്ട്​ ഡിയർ ടീച്ചർ’ എന്ന പംക്തിയിൽ അജിത് എം. പച്ചനാടൻ എഴുതുന്നു

SALUTE,
DEAR TEACHER.

ദിമധ്യാന്തമില്ലാത്ത സമയത്തിന്റെ ഖജനാവില്‍ മനുഷ്യായുസ്സ് ഹൃസ്വമായ കാലയളവാണ്. ഉദകപ്പോള എന്നാണ് 'ഹരിനാമകീര്‍ത്തന'ത്തില്‍ എഴുത്തച്ഛന്‍ അതിനെ ഭാഷയില്‍ ആവിഷ്‌കരിക്കുന്നത്.
ഒഴുക്ക് വെള്ളത്തില്‍ മുളച്ച് പൊടുന്നനെ അപ്രത്യക്ഷമാകുന്ന കുമിള...

ഈ ചെറുകാലത്ത് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത് അവന്റെ / അവളുടെ വിദ്യാഭ്യാസ കാലമാണ്. ജീവിതത്തില്‍ ഒരിക്കലും അനൗപചാരിക വിദ്യാഭ്യാസകാലം അവസാനിക്കുന്നില്ല. എന്നാല്‍ ഒരാള്‍ അയാളുടെ ആയുസില്‍ ഏറെക്കാലം ചെലവഴിക്കുന്നത് ഔപചാരിക വിഭ്യാഭ്യാസത്തിനായി പള്ളിക്കൂടങ്ങളിലാണ് എന്നു കാണാം. അതൊരു സാമൂഹിക പാഠശാലയുമാണ്. അവിടെ ചെലവഴിക്കുന്ന സമയമാണ് തുടര്‍കാല ജീവിതം സുഗമമാക്കുന്നതിന് ഒരാളുടെ മൂലധനം.

രണ്ട്

പല കാലങ്ങളിലായി പല രൂപങ്ങളില്‍ സംഭവിച്ച സമരങ്ങളിലൂടെയാണ് പൊതുവിദ്യാഭ്യാസം അതിന്റെ നിയതമായ പ്രത്യക്ഷത കൈവരിച്ചത്. കേരളത്തില്‍ നവോത്ഥാന പരിശ്രമങ്ങളോടൊപ്പം തന്നെ ക്രൈസ്തവസമൂഹത്തിലെ പ്രേഷിത പ്രവര്‍ത്തകര്‍ ജനങ്ങളെ സാക്ഷരരാക്കുന്നതും ദൈവവേലയായി കരുതി. അക്ഷരജ്ഞാനം ഐക്യ കേരളത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തെയും വികസിത ജനതയാകുന്നതിനുള്ള കുതിപ്പും കൂടുതല്‍ ത്വരിതപ്പെടുത്തി. ഒരു സ്‌കൂള്‍ നാടിന്റെ കേന്ദ്രമായി. ഒരു കാലത്ത് അദ്ധ്യാപകര്‍ നാടിന്റെ അഭിപ്രായ രൂപികരണത്തെ സ്വാധീനിച്ചിരുന്ന ബഹുമാന്യരുമായിരുന്നു. കാരൂരും അക്ബര്‍ കക്കട്ടിലും അദ്ധ്യാപകരെ വേറിട്ടു പരിചയപ്പെടുത്തി.

1928 ഇന്ത്യയെയും കേരളത്തെയും ലോകത്തെയും സംബന്ധിച്ച പ്രധാനപ്പെട്ട ഒന്നാണ്. ആഗോള തലത്തില്‍ മനുഷ്യരാശിയുടെ ആധുനീക മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ ആയിരുന്നു അത്. ലോകമെമ്പാടും ചൂഷണങ്ങളുടെ ക്രമം ഉടച്ച് വാര്‍ത്ത് തുല്യത ജീവിതത്തിന്റെ പ്രധാന പ്രമേയമായി. ഈ സവിശേഷ സാഹചര്യത്തിലാണ് ചിങ്ങവനത്ത് 1928-ല്‍ സെൻറ്​ തോമസ് പുണ്യാളന്റെ നാമത്തില്‍ ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. അത് കാലത്തിനൊപ്പമുള്ള മുന്നേറ്റത്തിന്റെ ചുവടു വയ്പായിരുന്നു. സാംസ്‌കാരിക തനിമകളുടെ പരസ്പര വിനിമയവും സാധ്യമായ സ്‌കൂള്‍ അന്തരീഷം ജ്ഞാനോല്പാദനം മാത്രമല്ല നിര്‍വഹിച്ചത്. അവിടം ജൈവരാഷ്ട്രീയത്തിന്റെ ആദ്യ പാഠങ്ങള്‍ കതിരിടുന്ന പാടമായി. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുവരുന്ന കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി വികസിപ്പിച്ച് അവരെ രാഷ്ട്രപുനര്‍നിര്‍മാണത്തിന് പ്രാപ്തരാക്കുന്ന മികച്ച പൗരരാക്കി രൂപപ്പെടുത്തുന്ന സ്ഥാപനമെന്ന സങ്കല്‍പത്തില്‍ സ്‌കൂളുകള്‍ രാജ്യത്തെ പുതുക്കുന്ന ഇടമായി.

നമ്മുടെ നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ച്ചയെ തടയുന്നതില്‍ അധ്യാപക സമൂഹത്തിന് വലിയ പങ്കുണ്ടെന്ന് നിരീക്ഷിക്കാം. ജാതി- മത-കക്ഷിരാഷ്ട്രീയ വീടുകളില്‍ നിന്ന് സ്‌കൂള്‍ എന്ന തൊഴിലിടത്തേക്ക് പണിക്കുപോയിരുന്ന അദ്ധ്യാപകര്‍ക്ക്​ സമൂഹത്തെ വിവിധ കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ വേറിട്ടുനില്‍ക്കുന്നവരായി ഉറപ്പിക്കാനേ കഴിഞ്ഞുള്ളൂ എന്നത് വസ്തുതയായി നിലനില്‍ക്കുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ ഇടങ്ങള്‍ ശുഷ്‌ക്കമാവുകയും ജാതി- മത വിദ്യാലയങ്ങള്‍ വിദ്യാഭ്യാസവ്യാപാരത്തില്‍ പിടിമുറുക്കുകയും ചെയ്ത സമകാലത്ത് വ്യത്യസ്ത സാംസ്‌കാരികതകള്‍ക്ക് കൊണ്ടും കൊടുത്തും ഇടപഴകാനുള്ള സാധ്യതയും നിര്‍ബ്ബന്ധമായും ഇല്ലാതെയായി.

പരിപാവനമായ ആഖ്യാനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാക്കപ്പെട്ട കേരളീയ സ്‌കൂളുകളെപ്പറ്റിയുള്ള കീഴാള അനുഭവാഖ്യാനങ്ങള്‍ സമാന്തരമായ നരകവിദ്യാലയത്തെയാണ് തുറന്നു കാട്ടിയത്. പ്രത്യക്ഷത കിട്ടാതെ വിസ്മൃതകോടിയിലായിരുന്നവര്‍ തങ്ങളുടെ അധ്യയനകാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ ജാതി, വെറിപൂണ്ട ആശയമായും പ്രയോഗമായും മലയാണ്മയിലെ വിദ്യാഭ്യാസാന്തരീക്ഷത്തില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം ദലിത് ആത്മകഥകള്‍ ഉറപ്പിച്ചു പറയുന്നുണ്ട്.

മൂന്ന്

മൈതാനം ഒരു നാടിന്റെ ഉശിരും വീറും ആരോഗ്യവും കൂട്ടായ്മയും പ്രകടിപ്പിക്കുന്ന ഇടമാണ്. കക്കൂഴിക്കുന്നിന്റെ ഉച്ചിയിലുള്ള ചിങ്ങവനം സെന്റ് തോമസ് ഹൈസ്‌കൂളിന്റെ കളിസ്ഥലങ്ങള്‍ ഒരു നാടിന്റെ പേരായി മാറി. കൊച്ചുകോര്‍ട്ട് അഥവാ പന്തുകളം എന്നാണ് ഈ ലേഖകന്റെ ജന്മനാടിന്റെ പേര്. അത്രമാത്രം അഭേദ്യമായ ബന്ധമാണ് നാടിനും സെന്റ് തോമസ് ഹൈസ്‌കൂളിനും. അതിന്റെ ആദ്യ കാല അദ്ധ്യാപകര്‍ഒരു നാടിനെയും ആണ് പണിതത്. പന്തുകളത്തിലെ കുട്ടികളുടെ കളിത്തൊട്ടിലായി സ്‌കൂള്‍ മൈതാനം. അവിടെ പന്ത് തട്ടിയവരില്‍ പലരും തങ്ങളുടെ മുളക്കരുത്തിന്റെ പ്രാഗത്ഭ്യം ആദ്യം കാഴ്ച്ച വെച്ചത് ഇവിടെയായിരുന്നു.

നാല്

7357അഡ്മിഷന്‍ നമ്പറില്‍ 85-86 അധ്യയന വര്‍ഷം സെൻറ്​ തോമസിലെ വിദ്യാര്‍ത്ഥിയായി ഞാന്‍. പുതിയ ഒരു ലോകത്തേക്കുള്ള പ്രവേശം. അവിടെ ഏതൊരു വിദ്യാര്‍ത്ഥിക്കും ലക്ഷ്യസ്ഥാനമായും പ്രചോദനമായും ശാസ്ത്രകാരന്‍ ഡോ. ഇ. സി.ജി. സുദര്‍ശനും കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായരും പൂര്‍വ്വവിദ്യാര്‍ത്ഥികളായ വിളക്കുമാടങ്ങളായി പാതയെ സുഗമമാക്കാന്‍ നില്‍ക്കുന്നു. സ്‌കൂള്‍ അതിന്റെ വജ്രജൂബിലി വര്‍ഷത്തിലേക്ക് അടുക്കുകയായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ 85-86 ലെ 5 B ഒരു അത്ഭുത ക്ലാസായിട്ടാണ് തോന്നുന്നത്. ഞാനടക്കം മൂന്ന് ഭിന്നശേഷി വിദ്യാര്‍ത്ഥികളായിരുന്നു ആ ക്ലാസില്‍. ഒരുപക്ഷേ അത്രയധികം ഭിന്നശേഷി വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊണ്ട സ്‌പെഷ്യല്‍ സ്‌കൂള്‍ അല്ലാത്ത വിദ്യാലയം. ഞങ്ങളെ നോര്‍മല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്ലാസിലിരുത്താന്‍ തീരുമാനിച്ച പ്രഥമാദ്ധ്യാപകന്‍ ജോസ് സാറിന്റെയും (പി.സി.ജോസഫ്) ക്ലാസ്​ ടീച്ചര്‍ ഏയ്ഞ്ചല്‍ സിസ്റ്ററുടെയും കരുതല്‍ ആദരവോടെയാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. അത് വലിയൊരു ജീവിത പാഠമായിരുന്നു എനിക്ക്. ജീവിതത്തിലിന്നോളം എന്റെ സന്തത സഹചാരിയായ ഊന്നുവടിയായി അത് കൂടെയുണ്ട്. ഒരുപക്ഷേ അപകര്‍ഷത്തിന്റെ പടുകുഴിയിലേക്ക് വീണ്​ പുറത്തുകടക്കാനാവാതെ കുരുങ്ങിപ്പോവാന്‍ സാധ്യതയുണ്ടായിരുന്ന ഒന്നിനെയാണ് ജോസ് സാറും ഏയ്ഞ്ചല്‍ സിസ്റ്ററും ആത്മവിശ്വാസത്തിന്റെ കുന്നിന്‍മുകളില്‍ നിര്‍ത്തിയത്; ആകുന്നിന് ഒരു പേരുണ്ട്- കക്കൂഴിക്കുന്ന്. പിന്നീടൊരിക്കല്‍ ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മജീദ് മജീദിയുടെ 'കളര്‍ ഓഫ് പാരഡൈസ്' കണ്ടപ്പോള്‍, ടെഹ്‌റാനില്‍ നിന്നും ദിവസങ്ങളുടെ ദൂരമുള്ള ഒരു ഇറാനിയന്‍ മലയോര സ്‌കൂളില്‍ നോര്‍മല്‍ കുട്ടികള്‍ക്കൊപ്പം ഒരു ദിവസം മാത്രം സ്‌കൂളില്‍ ഇരിക്കുന്ന, കാഴ്ച്ചക്ക് വെല്ലുവിളിയുള്ള മുഹമ്മദ് എന്ന മിടുക്കന്‍ വിദ്യാര്‍ത്ഥിയുമായി എനിക്ക് താദാത്മ്യം തോന്നി. പ്രധാന കഥാപാത്രമായ മുഹമ്മദിനോട് അദ്ധ്യാപകരും സഹപാഠികളും പുലര്‍ത്തുന്ന സ്‌നേഹം, പിന്തുണ. നമ്മുടെ കക്കുഴിക്കുന്ന് പോലെ പല നിറ പൂക്കള്‍ പടര്‍ന്ന കുന്നില്‍ ചെരുവില്‍ മുഹമ്മദിന്റെ സ്‌കൂളും, മുഹമ്മദ് തൊടുന്ന എല്ലായിടത്തും വിടരുന്ന ബ്രെയ്ലി ലിപികളും ...

അഞ്ച്

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്​ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാക്ഷിയായി സ്‌കൂളില്‍ നിന്ന്​ ഒരു സമ്മാനം കിട്ടുന്നത്. ആനിവേഴ്‌സറിക്ക് കലാകായിക രംഗങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യുന്നത് കണ്ടപ്പോള്‍ ഒരു സമ്മാനം കിട്ടിയിരുന്നെങ്കില്‍ എന്ന് മോഹിച്ചു. പക്ഷേ, യാതൊന്നിലും ഫസ്റ്റടിച്ചിട്ടില്ലല്ലോ. അങ്ങനെ മോഹം വളര്‍ന്നുനില്‍ക്കവെ, എന്റെ പേര് വിളിച്ചു. അപ്രതീക്ഷിതം! എനിക്ക് സന്തോഷം കൊണ്ട് ശ്വാസം മുട്ടി. എന്തിനാണ് ഞാന്‍ സമ്മാനിതനായത് എന്നു സംശയം ഉദിക്കവേ കോളാമ്പി പറഞ്ഞു, 5ാം ക്ലാസില്‍ നിന്ന്​ സ്‌ക്കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി സ്ഥാനകയറ്റം കിട്ടിയതിനാണ് ഈ സമ്മാനം! സമ്മാനമാകട്ടെ എന്റെ ആത്മാവിന്റെ ഭാഗമായി തന്നെ വര്‍ത്തിച്ചിരുന്ന ഒന്നാണ്: പുസ്തകം.

അതാകട്ടെ കാഴ്ച്ചക്ക് വെല്ലുവിളിയുള്ള ഭിന്നശേഷി വ്യക്തിയും ചരിത്രവ്യക്തിയും ആയ ലൂയിസ് ബ്രെയ്‌ലിന്റെ ജീവചരിത്രമാണ്. കുട്ടികള്‍ക്ക് മനസിലാക്കാന്‍ പാകത്തിന് ലളിത മലയാളത്തില്‍. എത്ര തവണ ഞാനാ പുസ്തകം വായിച്ചു എന്നതിന് തിട്ടമില്ല. അതില്‍ ലൂയിസ് ബ്രെയില്‍ പറഞ്ഞ, 'വിശാലമായ അര്‍ത്ഥത്തില്‍ ആശയവിനിമയത്തിലേക്കുള്ള പ്രവേശം അറിവിലേക്കുള്ള പ്രവേശമാണ്. നമുക്ക് സഹതാപം ആവശ്യമില്ല. അല്ലെങ്കില്‍ നമ്മള്‍ ദുര്‍ബലരാണ് എന്ന് ഓര്‍മ്മിപ്പിക്കേണ്ടതില്ല. നമ്മളെ തുല്യരായി പരിഗണിക്കണം’ എന്ന വരികള്‍ എന്നെ തൊട്ടുണര്‍ത്തി. ശരിക്കും ഒരു പാഠ്യേതര പ്രവര്‍ത്തനത്തിലൂടെ എന്നെ പരിഷ്‌ക്കരിക്കുകയായിരുന്നു എന്റെ അദ്ധ്യാപകര്‍. ഒരു ഭിന്നശേഷി കുട്ടിയെ ബലപ്പെടുത്താന്‍ അവന് കൊടുക്കുന്ന സമ്മാനം പോരാളിയും വിജയിയുമായ ചരിത്രം എന്നും ഓര്‍മ്മിക്കുന്ന ഭിന്നശേഷി വ്യക്തിയുടെ ജീവിതകഥയാണ് എന്നത് യാദൃച്​ഛികമല്ല. അദ്ധ്യാപകരില്‍ ആരാവാം ആ പുസ്തകം തിരഞ്ഞെടുത്തിട്ടുണ്ടാവുക? ആരായാലും ആ ഭാവനയും കാവ്യബോധവും എത്ര ഉയര്‍ന്നതാണ്! എന്നെ നിലനിര്‍ത്തുന്നതും ധൈര്യവാനാക്കിയതും അത്തരം ബോധനമികവു പുലര്‍ത്തിയ അദ്ധ്യാപകരാണ്. ചെറിയ മനുഷ്യായുസ്സില്‍ ഏറ്റവും കൂടുതല്‍ ചെലവിടുന്ന പഠനകാലവും ഒപ്പമുള്ളവരും ഓര്‍മയായും ജ്ഞാനമായും തുണയാകുന്നു. അത് വെളിച്ചമാണ്. കക്കുഴി കുന്നിന്റെ മുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന സെൻറ്​ തോമസ് സൂര്യന്‍.

ജ്ഞാനോല്പാദനത്തിന്റെ ആ ചരിത്രം ഒരു നൂറ്റാണ്ട് പൂര്‍ത്തീകരിക്കുകയാണ്, തന്റെ ശിഷ്യരെ മികച്ച മനുഷ്യരാക്കി സമൂഹത്തിന് പ്രദാനം ചെയ്തു കൊണ്ട്.

Comments