ഇനി ഇംഗ്ലീഷിന്റെ കോപ്പി ബുക്ക് വയ്ക്കാത്തവരൊന്ന് എണീക്കാവോ...
ഹാജർ ബുക്ക് മടക്കി വച്ച് ജോൺ മാഷ് എല്ലാവരേയും നോക്കി പറഞ്ഞു.
പിന്നെ കറുത്ത രോമം നിറഞ്ഞ കനമുള്ള കൈത്തണ്ടയിൽ തലോടിക്കൊണ്ട് എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്നു. പശ വച്ച് ഒട്ടിച്ചതിൽ നിന്നും പറിച്ചെടുക്കുന്ന പോലെ ഓരോരുത്തരായി സ്വന്തം പിന്നാമ്പുറങ്ങൾ ആയാസപ്പെട്ട് പൊക്കാൻ തുടങ്ങി. എണീക്കണോ വേണ്ടയോ എന്ന് പല വട്ടം ആലോചിച്ച് തീരുമാനത്തിലെത്താതെ ഞാൻ.
‘ഇനി ആരുമില്ലേ?’, ഈശ്വരാ, അതെന്നെ മാത്രം ഉദ്ദേശിച്ചല്ലേ... എണീറ്റില്ലെങ്കിൽ വഷളാകുമല്ലോ. എണീറ്റാലോ, അച്ചിച്ചൂരൽ കൊണ്ട് വലത്തേ കൈവെള്ളയിൽ, അയ്യോ... ഓർത്തപ്പഴേ കണ്ണു നിറഞ്ഞു. കാണാറുള്ളതാണല്ലോ ഓരോരുത്തർ അടിച്ചൂട് മുറുക്കിപ്പിടിച്ച കയ്യുമായി ഒറ്റക്കാലിൽ തുള്ളുന്നതും, പിന്നെ ചന്തിയിൽ കൈ തുടയ്ക്കുന്നതും, കരയുന്നതുമെല്ലാം...
ഏതായാലും ഇന്ന് എല്ലാവരും കൂടി കളിയാക്കി തൊലി പൊളിക്കും. ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന കുട്ടി പദ്യം ചൊല്ലുന്ന, പാട്ടു പാടുന്ന... ഹോ .. അധ്യാപകരുടെ കണ്ണിലുണ്ണിയെ ഇന്നെല്ലാവരും കൂടി കുത്തിപ്പൊട്ടിച്ചതു തന്നെ. പൊങ്ങാൻ തുടങ്ങവേ, ‘ഓ, ഉണ്ടക്കണ്ണത്തീന്റെ കണ്ണ് നെറഞ്ഞ് ട്ടോ’, സൈഡ് ബഞ്ചിലെ സത്യഭാമയാണ്. അവളെ ഒന്നരച്ചെടുത്ത് വെളളമൊഴിച്ച് ഒരു കിണ്ണത്തിലാക്കിത്തന്നെങ്കിൽ ഞാൻ ഒറ്റയിറക്കിന് തീർത്തേനെ. എന്തു ജാതി സാധനമാണവൾ. യൂത്ത് ഫെസ്റ്റിവലിന് ലളിതഗാനത്തിന് ‘ഒരു മരക്കൊമ്പിൽ രണ്ടിണക്കിളികൾ’ പാടി ഒന്നാം സ്ഥാനം നേടിയതിന് ഏഴാം ക്ലാസ്സുകാരോടൊപ്പം കൂടി എന്തൊക്കെയാ അവൾ പറഞ്ഞത്. അതു കൂടാതെ അടുത്ത് വന്ന്, ‘പ്രസന്നേ അന്റെ പാട്ട് ഇയ്ക്കൊട്ടും ഇഷ്ടായീല ട്ടോ’ എന്നൊരു കമൻറും... സങ്കടം വന്നു പോവില്ലേ ആർക്കും.
എണീറ്റു നിന്നപ്പോഴേക്കും കണ്ണ് നിറഞ്ഞുതുളുമ്പി കവിളിലൂടെ ഇറ്റുവീഴുന്നുണ്ടായിരുന്നു. അഞ്ചാം ക്ലാസിന്റെ ഇംഗ്ലീഷ് ക്ലാസാണ് ഒന്നാം പിരീഡ്. ക്ലാസ് മാഷായ ജോൺ ‘മാസ്റ്റ്’ തന്നെയാണ് ഇംഗ്ലീഷിന്. കൊല്ലംകാരനാണ് മാഷ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നോട് അതീവ വാൽസല്യമായിരുന്നു. ഇംഗ്ലീഷ് പഠിക്കാൻ വല്യ ഇഷ്ടവുമായിരുന്നു. നല്ല മാർക്കും വാങ്ങാറുണ്ട്. കറുത്ത രോമങ്ങൾ നിറഞ്ഞ വെളുത്തു തടിച്ച ആ കൈത്തണ്ട കാണാൻ എന്തു ഭംഗിയാണ്! മുട്ടിന് അല്പം താഴെ വരെ ചുരുട്ടി വച്ച കയ്യോടു കൂടിയ ഇളം നിറത്തിലുള്ള കുപ്പായമാണ് ഇടാറ്. ആളുകളുടെ സവിശേഷതകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശീലം എന്നു മുതൽക്കാണ് തുടങ്ങിയതെന്നറിയില്ല. ഇന്നും കൂടെത്തന്നെയുണ്ട്. ഒരറ്റത്തു നിന്നും ഈരണ്ടു വീതം കൈത്തലത്തിൽ വച്ചു കൊടുത്ത് ബെഞ്ചിൽ ചാരി ഒരറ്റത്ത് നിൽക്കുന്ന എന്റെയടുത്ത് അവസാനമാണ് മാഷ് എത്തിയത്. കൈ നീട്ടിക്കൊണ്ട് ഞാൻ ഒരൊറ്റക്കരച്ചിൽ..!
ക്ലാസാകെ കുലുങ്ങി.
ഉലഞ്ഞു പോയ ഉത്തരത്തിൽ നിന്ന് രണ്ടു കോട്ടെരുമകൾ കെട്ടിപ്പിടിച്ചുകൊണ്ട് ഡെസ്കിലേക്ക് വീണ് ഒന്നു രണ്ട് കരണം മറിഞ്ഞു. ഞാനവയിലേക്ക് നോട്ടം പതിപ്പിച്ച് ഒന്നുകൂടി ഉറക്കെ തേങ്ങി. തരിച്ചു പോയ മാഷ് സമനില വീണ്ടെടുത്ത് ഒന്നു പുഞ്ചിരിച്ചു. പിന്നെ പുറത്തു തട്ടിക്കൊണ്ട്; ‘ഉണ്ടക്കണ്ണീ, ഇങ്ങനെ നെലോളിക്കാതെ, എന്തായിന്ന് കോപ്പി വയ്ക്കാഞ്ഞേ?’
‘അ ... ത്.. കോപ്പീലെ പേജ്.. തീ... ർന്നു’, ഞാൻ വിക്കിക്കൊണ്ട് ഒപ്പിച്ചു. ‘അച്ഛന്റെ കയ്യിൽ പൈസല്ലാഞ്ഞിട്ട് വാങ്ങീല’, പറഞ്ഞു തീർത്തു.
മാഷ് എന്റെ കണ്ണുകളിലേക്ക് നോക്കി. അതിലെ നിഷ്ക്കളങ്കതയും പേടിയും കണ്ടിട്ടാവാം ക്ലാസിനോട് മൊത്തമായി, ‘പ്രസന്ന ഇന്നാദ്യമായിട്ടല്ലേ കോപ്പി വയ്ക്കാഞ്ഞത്, നമ്മുടെ ക്ലാസിലെ മിടുക്കിക്കുട്ടിയല്ലേ. ഈ മിണ്ടാക്കുട്ടി, പോട്ടെന്നു വയ്ക്കാം ല്ലേ...?’ എന്നു പറഞ്ഞു.
ചിലരതുകേട്ട് ഡസ്കിലേക്ക് കുനിഞ്ഞ് പരസ്പരം കുശുകുശുത്തു. അടി കിട്ടിയ ആൺകുട്ടികൾ പല്ലിറുമ്മി. ബാക്കിമഹാഭൂരിപക്ഷം ആയ്ക്കോട്ടെ സേർ.. എന്നുറക്കെപ്പറഞ്ഞു. മാഷ് എന്റെ തലയിൽ കൈപ്പത്തി വച്ചുചിരിച്ചുകൊണ്ട് ഒറ്റയമർത്തൽ. ആ ശക്തിയിൽ ഞാനിരുന്നുപോയി. ഇത്രേണ്ടായിട്ടുള്ളല്ലോ എന്റെ അറിവിൽ. അതിനാണോ ഇവൻമാരെല്ലാം കിടന്ന് ഇങ്ങനെ കൂട്ടപ്പാട്ട് പാടുന്നത്.
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മൂന്നു കിലോമീറ്റർ ദൂരമുണ്ട്. ഞാനും കൂട്ടുകാരികളും നടക്കുകയാണ്. റോഡെന്ന് ഉറപ്പിച്ചു പറയാറായിട്ടില്ലാത്ത ചെമ്മണ്ണിന്റെ ചെത്തുവഴി. ചെളിവെള്ളക്കുഴികൾ, നീരുറവച്ചാലുകൾ, കരിങ്കല്ലിന്റെ കൂട്ടം, കരിമണൽത്തരികൾ, ഇടയ്ക്ക് കാളവണ്ടിയുടെ താളാത്മക ശബ്ദം. ഇതെല്ലാം കടന്ന് വഴിയരികിലെ പാടത്തുനിന്ന് പഴുത്തു സുഗന്ധം പരത്തുന്ന ചേമ്പിൻ കുല പറിച്ചുതിന്നും അരിപ്പൂച്ചെടിക്കായക്ക് മുന്നിലോടിച്ചെന്നും ഒക്കെയാണ് ഈ നടത്താഘോഷം. പക്ഷേ ഇന്ന് പിന്നാലെ വരുന്ന തലതെറിച്ച ചെക്കന്മാരുടെ പറ്റം എല്ലാ രസവും കൊന്നുകളഞ്ഞു.
അവർ ആർത്തു വിളിച്ചു ചോറ്റുപാത്രങ്ങളിൽ കമ്പുകൊട്ടി പാടുകയാണ്,
‘‘ജോൺ മാസ്റ്റൊയ് ഞ്ഞ് പോയീ, കണ്ണ്ന്ന് വെള്ളം പൊട്ടീ... ’’
താളമൊപ്പിക്കാൻ പൊട്ടി എന്നത് 'പോട്ടീ' എന്ന് നീട്ടിയാണ് പാടുന്നത്. കൂട്ടുകാരികൾ സഹതാപത്തോടെ എന്നെ നോക്കുന്നു. അതിനിടെ ഒരുത്തൻ മുന്നിൽ അഭിമുഖമായി വന്ന് അല്പം കുനിഞ്ഞ് ‘ജോൺ മാസ്റ്റോളേ..യ്’ എന്നും പറഞ്ഞ് ഒറ്റ വെട്ടിത്തിരിച്ചിൽ. ബാക്കിയുള്ളവർ ഓയ്.. ആഓയ്.. എന്നിങ്ങനെ വായ്ത്താരിയുമിട്ടു. അപമാനം കൊണ്ട് ചുവന്ന മുഖവും, നിറഞ്ഞ കണ്ണുകളുമായി ഞാൻ തലകുനിച്ചു നടന്നു. എന്തിനാണാവോ ഇവരെന്നെയിങ്ങനെ പരിഹസിക്കുന്നത്. ഒരാളോടും യാതൊരു ദ്രോഹവും ഞാൻ ചെയ്തിട്ടില്ലല്ലോ. ആലോചിക്കുമ്പഴേക്കും കണ്ണീർ കുടുകുടാ ഒഴുകി. കോപ്പി സംഭവം കഴിഞ്ഞ് ഏതാണ്ട് മൂന്നു മാസം കഴിഞ്ഞു കാണും. ജോൺ മാഷിന് സ്ഥലം മാറ്റമായി. ക്ലാസിൽ എല്ലാവരോടും വന്ന് വിവരം പറഞ്ഞു. മിഠായി തന്നു.
പോകുന്നത് നേരിട്ടു കാണുകയോ കരയുകയോ ഒന്നുമുണ്ടായിട്ടില്ല. ആ കുഗ്രാമ വിദ്യാലയത്തിൽ അതൊക്കെ പതിവു സംഭവങ്ങളാണ്. പിന്നെന്തിനാണ് ഈ കിശുവാലൻമാർ എന്നെയിങ്ങനെ കളിയാക്കുന്നത്. അടച്ച വായ തുറക്കാൻ പഴം തിരുകണം എന്ന് അമ്മ പറയാറുള്ള ഞാൻ വാക്കു കൊണ്ട് ഒരാളേയും നോവിച്ചിട്ടില്ല. ഗായക സംഘ നേതാവ് മനാഫ് ഉറക്കെപ്പാടുന്നു. മറ്റു വാലാത്തൻമാരെല്ലാം താളമടിച്ച് കോറസ് പാടുന്നു, ‘ജോൺ മാസ്റ്റൊയിഞ്ഞ്…’
നിന്ന നില്പിൽ മരിച്ചു പോകാൻ ഞാൻ ഉള്ളുരുക്കത്തോടെ പ്രാർത്ഥിച്ചു. പനന്തടി കൊണ്ടുള്ള പാലത്തിൽ കയറിയപ്പോൾ തോട്ടിലെ വെള്ളം എന്നെ പ്രലോഭിപ്പിച്ചു. പക്ഷേ നല്ല ഒഴുക്ക്. ഒഴുകിപ്പോകുമ്പോൾ പാവാടയെങ്ങാൻ അഴിഞ്ഞാൽ. അയ്യോ, ചിന്തിക്കാൻ വയ്യ. ഞാൻ ചാടിയില്ല. പലപ്പോഴും ഉറക്കത്തിൽ കാണാറുണ്ട് പാവാടയിടാൻ മറന്ന് സ്കൂളിൽ പോകുന്നതും വഴിയിൽ വച്ച് ഓർമ വരുമ്പോൾ കാട്ടിലൂടെ ഒളിച്ചൊളിച്ച് നടക്കുന്നതുമെല്ലാം. ഈ മരണം ശരിയാവൂല..
വീട്ടിലേക്കു തിരിയുന്ന പാടവരമ്പുവരെ ചെക്കൻമാർ പിന്നാലെ തന്നെയുണ്ടായിരുന്നു. ഏതാണ്ട് ഒരാഴ്ചക്കാലം ഈ അകമ്പടിഗാനപരിപാടി തുടർന്നു. കൂടാതെ കരിക്കട്ട കൊണ്ട് ചുമരിൽ ഒരു രണ്ട് രൂപങ്ങൾ വരച്ച് ഒന്നിനടിയിൽ 'ചോൺ’ മാസ്റ്റ് എന്നും മറ്റേതിനിടയിൽ 'പർസന' എന്നും എഴുതി വച്ചിരിക്കുന്നു ചില വൈയ്യാകരണൻമാർ. അക്കാലത്ത് ഞാനനുഭവിച്ച മാനസിക സംഘർഷം വിവരിക്കാൻ ഇന്നുമെന്റെ കയ്യിൽ വാക്കുകളില്ല. ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലടക്കിപ്പിടിച്ചു. ഒറ്റയ്ക്കാവുമ്പോൾ ഡസ്കിൽ തല കുനിച്ചിരുന്ന് തേങ്ങിക്കരയും. ആ തലതിരിഞ്ഞ ചെക്കൻമാർ ചത്തുപോകാൻ പ്രാർത്ഥിക്കും, ജോൺ മാസ്റ്ററേയും പ്രാകും.
എന്തായാലും ഏതു കാര്യത്തിനും ഒരു സ്വാഭാവിക പരിസമാപ്തി വരുമല്ലോ! കുറേക്കഴിയുമ്പോൾ. ഈ സംഭവവും അങ്ങനെ വിസ്മൃതിയിലേക്കാണ്ടു.
പരീക്ഷക്കാലമാണ്. പൊരിയുന്ന വെയില്. ഉച്ചസമയത്ത് മുറ്റത്തെ ഉങ്ങു മരത്തിൽ പിണഞ്ഞ ബോഗൻ വില്ലത്തണലിൽ ‘പൂ പറിക്കാൻ പോരിണോ’ കളിക്കുകയാണ് ഞങ്ങൾ. എതിർ ടീം പിടിച്ചുകൊണ്ടുപോയ ഞാൻ വരാന്തയിൽ കയറി കാലും തൂക്കിയിട്ടിരുന്നു. അപ്പോഴതാ ഓഫീസിനു മുന്നിൽ മറ്റധ്യാപകരോടു സംസാരിച്ചു, ചിരിച്ചും ജോൺ മാഷ്. അത്ഭുതം തന്നെ. ഒരു നിമിഷം കൊണ്ട് എന്റെ മുഖം സന്തോഷത്താൽ വിടർന്നു. ഞാൻ നോക്കിയപ്പോൾ മാഷ് ചിരിച്ചു കൊണ്ട് വിളിച്ചു, "പ്രസന്നേ, ഇങ്ങു വന്നേ ഉണ്ടക്കണ്ണീ.. നീയെന്നെ മറന്നോ?’’
ഞാനെണീറ്റു മുന്നോട്ട് നടക്കാനാഞ്ഞു. പൊടുന്ന നെ ആ കോറസ് ചെവിയിൽ മുഴങ്ങി; "ജോൺ മാസ്റ്റ്…’’ കൊട്ടിപ്പാടുന്ന സംഘം. എന്റെ തല കുനിഞ്ഞു കാലുകൾ സിമൻറുതറയിലുറച്ചു. മാഷിന്റെ ഷർട്ടിലെ വരകൾ മായുന്നു. വെറും ഇളം നിറം. തലയുടെ സ്ഥാനത്ത് ഒരു ഇളം കറുപ്പു മാത്രം. പിന്നെ അതും മങ്ങാൻ തുടങ്ങി. ഞാൻ സർവ്വ ശക്തിയുമെടുത്ത് കാലുകൾ വലിച്ചു തിരിഞ്ഞ് മുറ്റത്തേക്കിറങ്ങി. തെക്കുവശത്തൂടെ സ്കൂൾ ബിൽഡിംഗിനെ ചുറ്റി ഓടി ഉപ്പുമാവുപുരയുടെ ചുമിരിൽ പിടിച്ച് കിതച്ചു നിന്നു. പിന്നെ തേങ്ങിത്തേങ്ങിക്കരഞ്ഞു.
കാലമാം ഇലഞ്ഞി പിന്നെ ത്ര പൂക്കൾ കൊഴിച്ചു. ഓർക്കാറുണ്ട്, മാഷെവിടെയായിരിക്കും? ജീവനോടെയുണ്ടോ? സ്നേഹവും വാൽസല്യവും അംഗീകാരവും, ഏറെത്തന്ന പ്രിയ അധ്യാപകനെ മനം നുറുങ്ങുന്ന വേദനയോടെ മുമ്പൊക്കെ സ്വപ്നം കണ്ടുണരാറുണ്ടായിരുന്നു. വല്ലാത്ത പശ്ചാത്താപം തോന്നാറുമുണ്ട്. എന്തുകൊണ്ടാണ് കുറേ മുമ്പ് തന്നെ കാണാൻ ശ്രമിക്കാഞ്ഞതും അന്വേഷിക്കാഞ്ഞതും. അന്ന് ഓടിപ്പോയപ്പോൾ അദ്ദേഹമെന്തു കരുതിക്കാണും. എല്ലാ ചോദ്യങ്ങളും സ്വയം ചോദിക്കും. ഉത്തരമറിയാത്ത ചോദ്യങ്ങൾ.