കുട്ടികളോട് സംസാരിക്കുമെന്ന് പറയുന്ന ചെയർമാൻ പ്രതീക്ഷയാണ്‌

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ ജനുവരി 31ന് അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്ക് പുതിയ ചെയർമാനായി വിഖ്യാത ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സഈദ് അഖ്തർ മിർസയെ സംസ്ഥാന സർക്കാർ നിയമിച്ചത് രാഷ്ട്രീയ തീരുമാനം കൂടിയായി വേണം കാണാൻ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനും 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമിതിയിലെ ജൂറി അധ്യക്ഷനുമായിരുന്ന സഈദ് മിർസ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് സമാന്തര സിനിമകൾക്ക് കൃത്യമായ മേൽവിലാസം തന്റെ സിനിമകളിലൂടെ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ്. ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതി എന്ന ചരിത്രം കുറിച്ച കെ.ആർ. നാരായണന്റെ പേരിൽ അദ്ദേഹത്തിന്റെ നാട്ടിലുള്ള സ്ഥാപനത്തിലേക്ക് ചെയർമാനായി സഈദ് മിർസയെത്തുമ്പോൾ വലിയ പ്രതീക്ഷകളോടൊപ്പം ഉത്തരവാദിത്തങ്ങളുമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

ചെയർമാനായി നിയമിതനായ ശേഷം അധ്യാപകരുമായും വിദ്യാർഥികളുമായും ചർച്ച നടത്തുമെന്നും കുട്ടികളുമായി ചേർന്നു മുന്നോട്ടുപോകുമെന്നും അവരുടെ പ്രശ്‌നങ്ങൾ കേട്ട് പരിഹാരം കാണുമെന്നും സഈദ് മിർസ പ്രതികരിച്ചിരുന്നു. മുൻ ഡയറക്ടർ ശങ്കർ മോഹന്റെ ഭരണപരമായ വീഴ്ചകളും വിദ്യാർഥികളും അധ്യാപകരുമായുമുള്ള ആശയവിനിമയങ്ങളിലെ പ്രശ്‌നങ്ങളും അക്കമിട്ടുനിരത്തുന്ന, വിദ്യാർഥി പ്രവേശനം മുതൽ ജീവനക്കാരോടുള്ള സമീപനത്തിൽ വരെയുണ്ടായ ക്രമക്കേടും കെടുകാര്യസ്ഥതകളും ശരിവക്കുന്നുതുമായ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വിദ്യാർഥി പ്രവേശനത്തിലെ സംവരണ അട്ടിമറി, അശാസ്ത്രീയമായ കട്ട് ഓഫ് മാർക്ക് സംവിധാനം, വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിലെ പോരായ്മകൾ, വിവിധ കൗൺസിലുകളിൽ വിദ്യാർഥി പ്രാതിനിധ്യം ഒഴിവാക്കിയത്, ക്ളീനിംഗ് ജീവനക്കാരികളെ കൊണ്ട് ഡയറക്ടറുടെ വീട്ടുജോലി ചെയ്യിച്ചത്, ജാതി വിവേചന ആരോപണം ഉയരാനിടയായ സന്ദർഭം ഒഴിവാക്കാൻ കഴിയാതിരുന്നത് തുടങ്ങിയ പ്രധാന പരാതികളെല്ലാം റിപ്പോർട്ട് ശരിവക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയനായ ശങ്കർ മോഹനെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്ത അടൂർ ഗോപാലകൃഷ്ണന് പകരമായി എത്തുന്ന സഈദ് മിർസയുടെ പ്രതികരണം പ്രതീക്ഷാവഹമാകുന്നത്.

ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ജീവിതം അടയാളപ്പെടുത്തുന്ന സിനിമകളായിരുന്നു സഈദ് മിർസയുടെ സൃഷ്ടികൾ. തന്റെ സിനിമകളിലെല്ലാം കൃത്യമായ രാഷ്ട്രീയം കൊണ്ടുവന്ന ചലച്ചിത്രകാരൻ. പ്രായം എൺപതിനോടടുത്തിട്ടും ശാരീരിക അവശതകളുണ്ടായിട്ടും മാറിവന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അസഹിഷ്ണുതയോട് ഒട്ടും സഹിഷ്ണുത കാണിക്കാതെ പോരാടിയ മനുഷ്യൻ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്ത് വർധിച്ചുവന്ന അസഹിഷ്ണുതയിലും വിദ്വേഷ കൊലപാതകങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് 2015 നവംബർ 5 ന് രാജ്യത്തെ 24 ചലച്ചിത്രകാരന്മാർ പത്രസമ്മേളനം വിളിച്ച് തങ്ങൾക്ക് ലഭിച്ച ദേശീയ അവാർഡുകൾ തിരിച്ചുനൽകിയിരുന്നു. ആ സംഘത്തെ നയിച്ചത് സഈദ് മിർസയായിരുന്നു. അന്ന് അവാർഡ് തിരിച്ചു നൽകികൊണ്ട് മിർസ പറഞ്ഞത് ഇങ്ങനെയാണ്:

"Not to speak out would be a crime. We are speaking out to reclaim the soul and spirit of this land'.

പല പ്രമുഖരും പേടിച്ച് നിശബ്ദരായ വേളയിലാണ് 2018 ൽ "Memory in the Age of Amnesia: A Personal History of our Times' എന്ന പുസ്തകം അദ്ദേഹം എഴുതിയത്. സഈദ് മിർസയുടെ നിലപാടുകൾ അദ്ദേഹത്തെ സംഘപരിവാറിന്റെ കണ്ണിലെ കരടാക്കിമാറ്റിയിരുന്നു.

1943 ജൂൺ 30 ന് ബോംബെയിലാണ് സയീദ് മിർസയുടെ ജനനം. പിതാവ് അഖ്തർ മിർസ പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തായിരുന്നു. 1989 ൽ ഷാരൂഖ് ഖാനെ പോപ്പുലറാക്കിയ "സർക്കസ്' എന്ന ടെലിവിഷൻ സീരിയൽ സംവിധാനം ചെയ്ത അസീസ് മിർസ അദ്ദേഹത്തിന്റെ സഹോദരനാണ്. 1976-ൽ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) ചേർന്ന മിർസ അവിടെ നിന്ന് ബിരുദം നേടി. മോഹൻ ജോഷി ഹാസിർ ഹോ!(1984), ആൽബർട്ട് പിന്റോ കോ ഗുസ്സ ക്യൂം ആതാ ഹേ (1980), സലിം ലാംഗ്‌ഡെ പെ മത് രോ (1989), നസീം (1995) തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്ത ശ്രദ്ധേയമായ സമാന്തര സിനിമകളാണ്. ബാബരി മസ്ജിദ് തകർത്ത പശ്ചാത്തലത്തിൽ നിർമിച്ച "നസീ'മിന് 1996 ൽ രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2020-ലെ ICA ഇന്റർനാഷണൽ കൾച്ചറൽ ആർട്ടിഫാക്റ്റ് ഫിലിം ഫെസ്റ്റിവൽ അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു.

സഈദ് മിർസയുടെ ആത്മകഥാംശം ഉൾക്കൊള്ളുന്ന ആദ്യ നോവൽ "അമ്മി: ലെറ്റർ ടു എ ഡെമോക്രാറ്റിക് മദർ' എന്ന പേരിൽ 2008-ൽ പുറത്തിറങ്ങി. 1990-ൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ അമ്മയുടെ ഓർമ്മകളും സൂഫി കെട്ടുകഥകളും ബാല്യകാല സ്മരണകളും ഉൾക്കൊള്ളുന്ന കുറിപ്പുകളുടെ പരമ്പരയായിരുന്നു കൃതി. ഇന്റർനാഷണൽ ഫിലിം ആൻഡ് ടെലിവിഷൻ ക്ലബ് ഓഫ് ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷന്റെ ആജീവനാന്ത അംഗം കൂടിയാണ് സഈദ് മിർസ. മിർസയുടെ ജീവിതത്തേയും അദ്ദേഹത്തിന്റെ വർക്കുകളേയും ആസ്പദമാക്കി കിരീത് ഖുറാനയും പദ്മകുമാർ നരസിംഹമൂർത്തിയും ചേർന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമാണ് 2016 ൽ പുറത്തിറങ്ങിയ "സഈദ് മിർസ: ദി ലെഫ്റ്റ്‌സ് സൂഫി'. മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് രണ്ട് തവണയും മികച്ച സിനിമയ്ക്കും മികച്ച സംവിധാനത്തിനും മികച്ച തിരക്കഥയ്ക്കുമായി മൂന്ന് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സഈദ് മിർസയുടെ ഒരു പഴയകാല ചിത്രം / Photo: Bangalore International Center

മലയാള സിനിമകളെ ഇഷ്ടപ്പെടുകയും പുകഴ്ത്തുകയും ചെയ്യുന്ന മിർസ സാമൂഹിക ക്ഷേമത്തെയും സാംസ്‌കാരിക പ്രവർത്തനത്തെയും കുറിച്ചുള്ള വിവിധ ഡോക്യുമെന്ററി സിനിമകൾക്കൊപ്പം, ജനപ്രിയ ഹിന്ദി ടിവി സീരിയലുകളായ നുക്കഡ് (1986), ഇൻതസാർ(1988) എന്നിവയുടെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. സാമുദായിക സൗഹാർദ്ദത്തിനായി പ്രവർത്തിക്കുന്ന ഡൽഹി ആസ്ഥാനമായുള്ള എൻ ജി ഒയായ അൻഹാഡിന്റെ ട്രസ്റ്റി കൂടിയാണ് അദ്ദേഹം.

വർഗീയത രാജ്യത്തെ വിഴുങ്ങുന്ന കാലത്ത്, ഭരണകൂടം തന്നെ അതിന് ഒത്താശ ചെയ്യുന്ന കാലത്ത്, അതിന് വിധേയപ്പെടാതെ നിശബ്ദത ഭേദിച്ച് മതനിരപേക്ഷതയുടെ ഉറച്ച ശബ്ദമായിമാറിയ സയീദ് അഖ്തർ മിർസ ഇന്ന് കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്‌സിന്റെ ചെയർമാനായി നിയമിതനാകുമ്പോൾ അത് സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള നല്ല തീരുമാനമായിരിക്കും എന്ന് ഉറപ്പ്.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണവും വിശ്വാസവും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് കരുതാം. സ്ഥാപനത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ഐക്യവും സഹകരണവും അദ്ദേഹം ഉറപ്പു വരുത്തേണ്ടതുണ്ട്. ജാതീയമായ വിവേചനങ്ങൾ ഇല്ലാതാക്കുന്നതിനോടൊപ്പം ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നിനെ അഭിമാനസ്ഥാപനമായി ഉയർത്താൻ സഈദ് മിർസക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.

Comments