ഭിന്നശേഷിക്കാരിയായ സഹപാഠിയുടെ അവകാശ സംരക്ഷണത്തിന്​ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്​ വിദ്യാർഥികൾ സമരത്തിൽ

അടിസ്​ഥാന സൗകര്യങ്ങളില്ലാത്തതിനാൽ, ഭിന്നശേഷിക്കാരിയായ എഡിറ്റിംഗ് വിദ്യാർഥിനിയുടെ പഠനം മുടങ്ങിയതുമായി ബന്ധപ്പെട്ട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡൻറ്​സ്​ അസോസിയേഷൻ അക്കാദമിക് പ്രോജക്ടുകൾ നിർത്തിവെച്ച് സമരത്തിലാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രത്തോളം ഭിന്നശേഷി സൗഹൃദമാണ്​ എന്ന ചോദ്യത്തിലേക്ക്​ നയിക്കുകയാണ്​, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ രചൈത്രി എന്ന വിദ്യാർഥിനിക്കുണ്ടായ അനുഭവം.

തു കോഴ്‌സും പഠിക്കാനുള്ള അവകാശം മറ്റു വിദ്യാർഥികളെപോലെ ഭിന്നശേഷി വിദ്യാർഥികൾക്കുമുണ്ട്. അതിനായി, അവർക്ക് പ്രാഥമികമായി വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉണ്ടാകുകയും വേണം. എന്നാൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രത്തോളം ഭിന്നശേഷി സൗഹൃദമാണ്​ എന്ന ചോദ്യത്തിലേക്ക്​ നയിക്കുകയാണ്​, പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഒരു വിദ്യാർഥിനിക്കുണ്ടായ അനുഭവം.

2020 ബാച്ചിലെ ഭിന്നശേഷിക്കാരിയായ രചൈത്രി ഗുപ്ത എന്ന എഡിറ്റിംഗ് വിദ്യാർഥിനിയുടെ പഠനം മുടങ്ങിയതുമായി ബന്ധപ്പെട്ട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡൻറ്​സ്​ അസോസിയേഷൻ അക്കാദമിക് പ്രോജക്ടുകൾ നിർത്തിവെച്ച് ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷനെതിരെ സമരത്തിലാണ്.

അവധി എടുത്തതിനെ തുടർന്ന് മതിയായ ക്രെഡിറ്റില്ലെന്ന കാരണം പറഞ്ഞാണ് രചൈത്രി ഗുപ്തയെ അധികൃതർ കോഴ്‌സ് തുടരാൻ അനുവദിക്കാത്തത്. ഇൻസ്റ്റിറ്റ്യൂട്ടിൽ, വീൽച്ചെയറുപയോഗിക്കുന്ന ആദ്യ വിദ്യാർഥി കൂടിയായ രചൈത്രി ഗുപ്തയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഇതേതുടർന്ന്​ അവർക്ക്​ പലപ്പോഴും ക്ലാസ് അറ്റൻഡ് ചെയ്യാനായില്ല. ഡിപ്പാർട്ട്‌മെന്റിലേക്കും ക്ലാസ് മുറികളിലേക്കും പ്രവേശിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമുള്ള അടിസ്ഥാന സൗകര്യത്തിന്റെ പരിമിതി പരിഹരിക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷൻ പരാജയപ്പെട്ടതായി വിദ്യാർഥികൾ പറയുന്നു. ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷന്റെ അറിവോടെ രചൈത്രി മെഡിക്കൽ ലീവ് എടുത്തിരുന്നു. ഇതേതുടർന്ന് രണ്ടാം സെമസ്റ്റർ നഷ്ടമായി. ലീവ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്നും മതിയായ അറ്റൻഡൻസ് ഇല്ലെന്നുപറഞ്ഞ് നടപടി നേരിടേണ്ടിവന്നത്. മറ്റ് ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ള വിദ്യാർഥികളുമായി ഏകോപിച്ചുള്ള പ്രോജക്ടുകളുടെ ഭാഗമാകാനും രചൈത്രിയെ അനുവദിക്കുന്നില്ല.

വിഷയത്തിൽ എഫ് ടി ഐ ഐ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഇറക്കിയ പ്രസ്സ് നോട്ടീസ്

തനിക്ക് നഷ്ടമായ സെമസ്റ്റർ മുതൽ പഠനം തുടരണമെന്നാണ് രചൈത്രിയുടെ ആവശ്യം. എന്നാൽ ആറുമാസം കഴിഞ്ഞ് വരുന്ന പുതിയ ബാച്ചിനോടൊപ്പം വീണ്ടും ഫീസടച്ച്​ കോഴ്‌സ് ആദ്യം മുതൽ ആരംഭിക്കാനാണ് അഡ്മിനിസ്ട്രേഷൻ നിർദ്ദേശിച്ചത്. എത്രയും പെട്ടെന്ന് ഹോസ്റ്റൽ ഒഴിയാനും ക്യാമ്പസ് വിടാനും അതോടൊപ്പം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർഥിനിയുടെ സാമ്പത്തിക സ്ഥിതിയും ആരോഗ്യാവസ്ഥയും പരിഗണിക്കാതെയുള്ള നടപടിയാണിതെന്നാണ്​ സ്റ്റുഡൻറ്​സ്​ അസോസിയേഷൻ ആരോപിക്കുന്നത്. എഫ്.ടി.ഐ.ഐ സ്റ്റുഡൻറ്​ കമ്മ്യൂണിറ്റി അഡ്മിനിസ്ട്രേഷന്റെ വിവേചനത്തിൽ പ്രതിഷേധിക്കുകയും അക്കാദമിക് പ്രോജക്ടുകൾ നിർത്തിവെച്ച് സമരം തുടരുകയുമാണിപ്പോൾ. വിദ്യാർഥിനിക്ക് നീതി ലഭിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്ന് എഫ്.ടി.ഐ.ഐയിലെ മൂന്നാം വർഷ എഡിറ്റിംഗ് വിദ്യാർഥി അരവിന്ദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

എഫ് ടി ഐ ഐ സ്റ്റുഡന്റ് കമ്മ്യൂണിറ്റി സമരത്തിനിടെ

""തീർത്തും വിവേചനപരമായ നടപടിയാണ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഇൻസ്റ്റിറ്റ്യൂട്ടിൽ മതിയായ സൗകര്യമില്ലാത്തതിനാൽ രചൈത്രിക്ക്​ പലപ്പോഴും ക്ലാസ് അറ്റൻഡ് ചെയ്യാൻ കഴിയാതെ അവധിയെടുക്കേണ്ടി വന്നിട്ടുണ്ട്. 2020 ബാച്ച്​ വിദ്യാർഥിനിയായ അവർക്ക് 2021 ലെ ബാച്ചിനോടൊപ്പവും കോഴ്‌സ് തുടരാൻ കഴിയാത്ത സാഹചര്യമാണ്​. ആറു മാസം കഴിഞ്ഞ് പുതിയ ബാച്ചിന്റെ കൂടെ വീണ്ടും ഫീ അടച്ച് തുടരേണ്ടിവരുമ്പോൾ അത്രയും സമയവും പണവുമാണ് അവർക്ക് നഷ്ടപ്പെടുന്നത്. എഫ്.ടി.ഐ.ഐ. അധികൃതരുടെ ഭാഗത്തുനിന്ന്​നീതിപൂർവമായ നടപടിയുണ്ടാകുന്നതുവരെ സമരം ചെയ്യാനാണ് തീരുമാനം'' , അരവിന്ദ് പറഞ്ഞു.

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലെയും മൊത്തം സീറ്റുകളിൽ 5% മാണ് ഭിന്നശേഷി വിദ്യാർഥികൾക്ക്​ സംവരണം ചെയ്തിട്ടുള്ളത്. എന്നാൽ വീൽച്ചെയർ ഉപയോഗിക്കുന്ന വിദ്യാർഥിക്ക് അവശ്യം വേണ്ട റാമ്പുകൾ പോലുള്ള അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ അവർക്ക്​ ക്ലാസിലെത്താനാകാത്തതും അറ്റൻഡൻസ് കുറയുന്നതുമായ സാഹചര്യം അനുഭാവപൂർവമാണ്​ പരിഹരിക്കേണ്ടത്​. അതിനുപകരം പ്രതികാര നടപടിയുടെ തലത്തിലേക്കാണ്​ അധികൃതർ ഈ വിഷയത്തെ കൊണ്ടെത്തിച്ചിട്ടുള്ളത്​.

ഇത് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മാത്രം അവസ്ഥയല്ല. ഇന്ത്യയിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷി വിദ്യാർഥികളെക്കൂടി ഉൾക്കൊള്ളാൻ പാകത്തിൽ വികസിച്ചിട്ടില്ല. പരിമിതി മറികടന്ന് പഠിക്കാനെത്തുന്ന ഇവർക്ക് പലപ്പോഴും നേരിടേണ്ടി വരുന്നത് ഇത്തരം അനുഭവങ്ങൾ തന്നെയാണ്. അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത മൂലം പലപ്പോഴും പ്രൈമറി തലത്തിനപ്പുറത്തേക്ക് പഠനം തുടരാൻ കഴിയാത്ത നിരവധി ഭിന്നശേഷി വിദ്യാർഥികളാണ് രാജ്യത്തുള്ളത്. ഭിന്നശേഷി വിദ്യാർഥികൾ മാറ്റി നിർത്തപ്പെടേണ്ടവരല്ല, അവരെക്കൂടി ഉൾക്കൊള്ളുന്നതായിരിക്കണം ഏതൊരു രാജ്യത്തേയും വിദ്യാഭ്യാസ നയം. അതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇൻഫ്രാസ്‌ട്രെച്ചർ ഭിന്നശേഷി സൗഹൃദമാക്കേണ്ടത് അനിവാര്യമാണ്.

Comments