കേന്ദ്ര സർക്കാരിൻെറ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷാ പദ്ധതിയിൽ (SSA) കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് അവഗണന. കേരളം, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് 2024-25 സാമ്പത്തികവർഷം ലഭിക്കേണ്ട ഫണ്ട് ഇതുവരെയും നൽകിയിട്ടില്ല. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗികമായി പുറത്തുവിട്ട രേഖകൾ പ്രകാരം കേരളത്തിന് 328.90 കോടി രൂപയും തമിഴ്നാടിന് 2151.60 കോടി രൂപയും ബംഗാളിന് 1745.80 കോടി രൂപയുമാണ് പദ്ധതിയിനത്തിൽ കേന്ദ്ര സർക്കാർ നൽകാനുള്ളത്. എന്നാൽ, ഇതുവരെ ഫണ്ട് അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
ഈ മൂന്ന് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഫണ്ട് നൽകിയിട്ടുണ്ട്. 36 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 45,830.21 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ 27,833.50 കോടി രൂപ അനുവദിച്ച് കഴിഞ്ഞു. കേരളം, ബംഗാൾ തമിഴ്നാട് സംസ്ഥാനങ്ങൾക്കുള്ള തുക മാത്രമാണ് പിടിച്ചുവെച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ഈ പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത് ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിനാണ്. 6971.26 കോടി രൂപ വകയിരുത്തിയതിൽ 4487.46 കോടി രൂപ യുപിക്ക് നൽകിക്കഴിഞ്ഞു.

ബി.ജെ.പിയിതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഫണ്ട് വകയിരുത്താത്തതിൽ നിലവിൽ അത്ഭുതകരമായി ഒന്നും തന്നെയില്ല എന്നതാണ് യാഥാർത്ഥ്യം. കേരളത്തിന് ലഭിക്കേണ്ട കേന്ദ്രഫണ്ടുകൾ ലഭിക്കാത്തതിനെ കുറിച്ച് ധകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. വയനാട് ഉരുൾപൊട്ടൽ നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രം സംസ്ഥാനത്തിന് യാതൊരുവിധ സഹായവും പ്രഖ്യാപിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് (National Education Policy) കീഴിൽ വരുന്ന ത്രിഭാഷാ പദ്ധതിയുടെ കരാറിൽ ഒപ്പുവെക്കാൻ മടിക്കുന്നത് കൊണ്ടാണ് ഈ മൂന്ന് സംസ്ഥാനങ്ങൾക്കും ഫണ്ട് അനുവദിക്കാത്തതെന്നാണ് സൂചന. ഡി.എം.കെ ഭരിക്കുന്ന തമിഴ്നാട്ടിൽ ത്രിഭാഷാ പദ്ധതിക്കെതിരെ പ്രത്യക്ഷസമരം തന്നെ നടക്കുന്നുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിനും തൃണമുൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിനുമാണ് കേന്ദ്രഫണ്ട് അനുവദിക്കാതിരിക്കുന്നത് എന്നത് ഇതിന് പിന്നിലെ രാഷ്ട്രീയം എന്തെന്ന് കൂടി വ്യക്തമാക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഈ മൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രം ഫണ്ട് അനുവദിക്കാത്തത് എന്ന കാര്യത്തിൽ വളരെ സാങ്കേതികമായ മറുപടി മാത്രമാണ് മന്ത്രി ജയന്ത് ചൗധരി നൽകിയിരിക്കുന്നത്. “ഫണ്ട് അനുവദിക്കുന്നതിന് പലവിധ മാനദണ്ഡങ്ങളുണ്ട്. ചെലവുകൾ കൈകാര്യം ചെയ്യുന്ന വേഗത, ആനുപാതികമായ സംസ്ഥാന വിഹിതത്തിന്റെ രസീത്, ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ, കുടിശ്ശികയുള്ള അഡ്വാൻസുകളെക്കുറിച്ചുള്ള വിവരങ്ങൾ, നിലവിലുള്ള ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ, മുൻവർഷങ്ങളിലെ ഓഡിറ്റ് ചെലവുകൾ എന്നിവയെല്ലാം കൃത്യമായി സമർപ്പിക്കേണ്ടതുണ്ട്,” ഇത് സമർപ്പിക്കുന്നതിൽ വന്നിരിക്കുന്ന വീഴ്ചയായിരിക്കാം ഫണ്ട് അനുവദിക്കുന്നത് വൈകുന്നതെന്ന പരോക്ഷമായ മറുപടിയാണ് കേന്ദ്രമന്ത്രി നൽകുന്നത്.
പ്രീ സ്കൂൾ മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ മേഖലയാണ് സമഗ്രശിക്ഷാ പദ്ധതിയിൽ ഉൾപ്പെടുന്നത്. അടിസ്ഥാന സൌകര്യ വികസനം, അധ്യാപകരുടെ ശമ്പളം, പാഠപുസ്തകങ്ങൾക്കുള്ള ചെലവ് എന്നിവയ്ക്കെല്ലാം സമഗ്രശിക്ഷാ പദ്ധതിയിൽ നിന്നുള്ള ഫണ്ട് സംസ്ഥാനങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. കേന്ദ്രഫണ്ട് വൈകിയതിനാൽ കേരളത്തിൻെറയടക്കം വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തിക പ്രതിസന്ധികളുണ്ട്. അത് പരിഹരണിക്കണമെങ്കിൽ ഫണ്ട് അനിവാര്യമാണ്.