സമരം ചെയ്യുന്ന
വിദ്യാർത്ഥികളുടെ
ഭാവി പന്താടുന്ന
സംസ്കൃത സർവകലാശാല

ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ‘സൂപ്പർ ഫൈൻ’ മുതൽ ഫെല്ലോഷിപ്പ് മുടങ്ങുന്നതുവരെയുള്ള 18 അടിസ്ഥാന ആവശ്യങ്ങളുന്നയിച്ച് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ SFI നടത്തുന്ന അനിശ്ചിതകാല സമരം 10 ദിവസം പിന്നിടുന്നു. എന്നാൽ, വിദ്യാർത്ഥികളുമായി ചർച്ച നടത്താനോ അവരുടെ ആശങ്കകൾ കേൾക്കാനോ സർവകലാശാലാ ഭരണകൂടവും താൽക്കാലിക വി.സിയും തയ്യാറാകുന്നി​ല്ല.

News Desk

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ, വിദ്യാർത്ഥികൾ മുൻപ് ഉന്നയിക്കുകയും ഭരണസമിതി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത ന്യായമായ ആവശ്യങ്ങൾ മുൻനിർത്തി SFI-യുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരം 10 ദിവസം പിന്നിടുകയാണ്. വിദ്യാർത്ഥികളുമായി നേരിട്ട് ചർച്ച നടത്താനോ അവരുടെ ആശങ്കകൾ കേൾക്കാനോ തയ്യാറാകാതെ സർവകലാശാലാ ഭരണകൂടവും താൽക്കാലിക വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും രജിസ്ട്രാറും വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങളോട് തികഞ്ഞ അവഗണന തുടരുകയാണ്.

വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളിൽ തുടർനടപടികളോ ഉത്തരവുകളോ പുറപ്പെടുവിക്കാതെ അധികൃതർ പുലർത്തുന്ന നിഷ്ക്രിയത്വം ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മുൻ തീരുമാനങ്ങളിൽ നിന്നുള്ള അധികൃതരുടെ പിന്മാറ്റം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെത്തന്നെ കടുത്ത അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ഇടപെടേണ്ട ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവം ഭരണസംവിധാനത്തിന്റെ പൂർണ്ണമായ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജനാധിപത്യപരമായ സമരങ്ങളോട് തികച്ചും നിഷേധാത്മകമായ സമീപനം പുലർത്തുകയും, ചർച്ചകൾക്ക് പകരം അവഗണന ആയുധമാക്കുകയും ചെയ്യുന്ന സർവകലാശാലാ ഭരണകൂടത്തിന്റെ ശൈലി അടിയന്തരമായി തിരുത്തപ്പെടേണ്ടതു​ണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു.

SFI സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് സമരവേദിയിൽ.
SFI സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് സമരവേദിയിൽ.

മുൻ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗീകരിച്ച നിർണായക തീരുമാനങ്ങളിൽ പോലും ഉത്തരവിറക്കാൻ മടിക്കുന്നത് ഭരണസംവിധാനത്തിന്റെ വീഴ്ചയാണ്.

ഹോസ്റ്റൽ വിദ്യാർത്ഥികളിൽനിന്ന് ഈടാക്കുന്ന ഭീമമായ സൂപ്പർ ഫൈൻ നിർത്തലാക്കുമെന്ന തീരുമാനം നിലവിലുണ്ടായിട്ടും അതിൻ്റെ ഉത്തരവ് പുറപ്പെടുവിക്കാത്തതിനാൽ പഠനം പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് പിഴയായി മാത്രം 22,000 രൂപയോളം ഒടുക്കേണ്ടി വരുന്നു.

ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ചർച്ചകൾക്ക് വിളിക്കുന്നതിനു പകരം, പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും അവഗണന കൊണ്ട് പ്രക്ഷോഭത്തെ നിർവീര്യമാക്കാനും ശ്രമിക്കുകയാണ്.

2018-ൽ പഠനം പൂർത്തിയാക്കിയവർക്ക് പോലും ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.

ഓപ്പൺ ഡിഫൻസ് കഴിഞ്ഞിട്ടും മുപ്പതോളം ഗവേഷകർക്ക് പിഎച്ച്.ഡി അവാർഡ് ചെയ്തിട്ടില്ല.

സർവകലാശാല മെയിൻ സെന്ററിലെയും റീജ്യനൽ സെന്ററുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കൽ, മുടങ്ങിക്കിടക്കുന്ന ഫെല്ലോഷിപ്പുകൾ വിതരണം ചെയ്യൽ, സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കൽ തുടങ്ങി അടിയന്തരമായി പരിഹരിക്കപ്പെടേണ്ട 18 പ്രധാന ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്താനും വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുമാണ് അധികൃതരും ഡിപ്പാർട്ട്മെന്റുകളും ശ്രമിക്കുന്നത്. സ്ഥിരം വൈസ് ചാൻസലറുടെ അഭാവവും താൽക്കാലിക വൈസ് ചാൻസലറുടെ അലംഭാവവുമാണ് പ്രതിസന്ധി ഇത്രത്തോളം സങ്കീർണ്ണമാക്കിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല താത്കാലിക വൈസ് ചാൻസലർ ഡോ.സിസ തോമസ്.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല താത്കാലിക വൈസ് ചാൻസലർ ഡോ.സിസ തോമസ്.

ക്യാമ്പസിൽ നേരിട്ടെത്താതെ ഡിജിറ്റൽ സൈനിലൂടെ മാത്രം ഫയലുകൾ തീർപ്പാക്കുന്ന വൈസ് ചാൻസലറുടെ സമീപനം അംഗീകരിക്കാനാകില്ലെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നു. സർവകലാശാല രജിസ്ട്രാർ, പ്രോ വൈസ് ചാൻസലർ എന്നിവരുടെ നിലപാടുകളും സമരത്തോടുള്ള അവഗണനയും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമില്ലായ്മയെയാണ് കാണിക്കുന്നത്.

സമരത്തിൽ പങ്കെടുക്കുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല SFI യൂണിറ്റ് സെക്രട്ടറി ശ്യാംജിത്തിന്റെ വാക്കുകൾ ഈ സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു:

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ശ്യാംജിത്ത് സംസാരിക്കുന്നു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ശ്യാംജിത്ത് സംസാരിക്കുന്നു.

“നിലവിലെ വൈസ് ചാൻസലർ സിസ തോമസിന് സ്ഥിരം നിയമനമല്ല, അധിക ചുമതലയാണ്. എങ്കിൽക്കൂടിയും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കേണ്ടതും പരിഹരിക്കേണ്ടതും വി.സിയുടെ ഉത്തരവാദിത്തമാണ്. സർവ്വകലാശാലയിൽ നേരിട്ടെത്താതെ ഫയലുകൾ ഡിജിറ്റൽ സൈൻ ഉൾപ്പെടെ ചെയ്തു നടത്തുന്ന പ്രവണതകൾ വിദ്യാർത്ഥി വിരുദ്ധമാണ്. നീണ്ട 10 ദിവസമായി സമരം നടന്നിട്ടും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേൾക്കാനോ സമരത്തിനോട് പ്രതികരിക്കാനോ വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകാനോ വൈസ് ചാൻസലർ മുതിർന്നിട്ടില്ല. അടിയന്തരമായി പരിഹരിക്കപ്പെടേണ്ട 18 ആവശ്യങ്ങൾ ഉന്നയിച്ചിട്ടുള്ള ഈ സമരം വിദ്യാർത്ഥികളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ തുടരാനാണ് തീരുമാനം.”

മുൻ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗീകരിച്ച നിർണായക തീരുമാനങ്ങളിൽ പോലും ഉത്തരവിറക്കാൻ മടിക്കുന്നത് ഭരണസംവിധാനത്തിന്റെ വീഴ്ചയാണ്.
മുൻ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗീകരിച്ച നിർണായക തീരുമാനങ്ങളിൽ പോലും ഉത്തരവിറക്കാൻ മടിക്കുന്നത് ഭരണസംവിധാനത്തിന്റെ വീഴ്ചയാണ്.

ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ചർച്ചകൾക്ക് വിളിക്കുന്നതിനു പകരം, പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും അവഗണന കൊണ്ട് പ്രക്ഷോഭത്തെ നിർവീര്യമാക്കാനുമാണ് സർവകലാശാല ശ്രമിക്കുന്നത്. അംഗീകരിക്കപ്പെട്ട തീരുമാനങ്ങളുടെ ഉത്തരവുകൾ സമയബന്ധിതമായി ഇറക്കാനും, തടസ്സപ്പെട്ട സർട്ടിഫിക്കറ്റുകളും ഫെല്ലോഷിപ്പുകളും അടിയന്തരമായി ലഭ്യമാക്കാനും സർവകലാശാലാ ഭരണകൂടം തയാറാകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. താൽക്കാലിക തസ്തികകളുടെ തണലിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ശൈലി അവസാനിപ്പിച്ച്, സ്ഥിരം വൈസ് ചാൻസലറെ നിയമിച്ചുകൊണ്ട് ഈ അക്കാദമിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ഉന്നതവിദ്യാഭ്യാസ വകുപ്പും സർക്കാരും അടിയന്തരമായി ഇടപെടേണ്ടതുണ്ട്.


Summary: Students at Kalady Sanskrit University stage an indefinite strike demanding fellowship releases, PhD awards, and the withdrawal of heavy hostel super fines.


Comments