ഇ ലേണിംഗ് വിമർശകർ അസമത്വങ്ങളെ ന്യായീകരിക്കുന്നു

ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ഉപലബ്ധികൾ പ്രധാനമായും മേൽജാതി ന്യൂനപക്ഷത്തിൽ ഒതുങ്ങി നിൽക്കുകയാണെന്നതാണ് വാസ്തവം. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സർഗ്ഗാത്മകവും ഫലപ്രദവുമായ വിനിയോഗത്തിലൂടെ കീഴാളവിഭാഗങ്ങൾ മുമ്പ് പ്രാപ്യമല്ലാത്ത നേട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്

ഡിജിറ്റൽ അല്ലെങ്കിൽ ഇ ലേണിങ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള ചർച്ചയെ കോമൺസ് അഥവാ പൊതുമ എന്ന വിശാലമായ പരിഗണനയോട് ചേർത്തുവെച്ചാലോചിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്. വ്യക്തിപരമായ എന്റെ അനുഭവങ്ങളും ജ്ഞാനോൽപ്പാദനത്തെക്കുറിച്ചുള്ള പൊതുവായ ആകുലതകളും, അതോടൊപ്പം അറിവുൽപാദനവുമായി ബന്ധപ്പെട്ട വിപുലമായ നിരീക്ഷണങ്ങളും ഇതിനു പശ്ചാത്തലമായുണ്ട്. അതിനപ്പുറത്ത്, ചർച്ചയ്‌ക്കെടുക്കുന്ന വിഷയത്തിൽ വിശേഷ വൈദഗ്​ധ്യമൊന്നും അവകാശപ്പെടുന്നില്ല.
പത്തുവർഷമായി ക്ളാസിൽ പലതരം ഇ റിസോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ ലഭ്യമാക്കാനും ലക്ചർ സജീവമാക്കാനും ഞാൻ ഉപയോഗിച്ചുപോരുന്നു. എന്നാൽ, വേണ്ടമട്ടിൽ ഒരുക്കിയിട്ടുള്ള ഇ ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ട് രണ്ടു വർഷമേ ആയുള്ളൂ. ഞാൻ പഠിപ്പിക്കുന്ന യൂണിവേഴ്‌സിറ്റിയിൽ ഇതുസംബന്ധിച്ചു നടന്ന ഒരു ശിൽപശാലയാണ് അതിന് അവസരമൊരുക്കിയത്. അതിൽ പങ്കെടുത്ത മറ്റ് ഇരുപത്തഞ്ചാളുകളെപ്പോലെ ഞാനും ഇ ലേണിങ്ങിനെക്കുറിച്ച് ഏറെക്കുറെ സംശയാലുവായിരുന്നു. എന്നല്ല, അതിനോടെനിക്ക് എതിർപ്പായിരുന്നു എന്നുതന്നെ പറയാം. ഈ പ്രതിരോധ മനഃസ്ഥിതി പ്രധാനമായും ഭരണകൂടം ഇത്തരം പ്ലാറ്റ്‌ഫോമുകൾ ജനവിരുദ്ധമായി ഉപയോഗപ്പെടുത്തുമെന്ന ആശങ്കയിൽനിന്നുളവായതാണെന്നു തോന്നുന്നു. ലോകവ്യാപകമായിത്തന്നെ പൊതുവിദ്യാഭ്യാസമെന്ന ഉത്തരവാദിത്തത്തിൽനിന്ന് ഒന്നല്ലെങ്കിൽ മറ്റൊരു കാരണം മുൻനിർത്തി പിൻവാങ്ങാനുള്ള എല്ലാ തന്ത്രങ്ങളും ഭരണകൂടങ്ങൾ പ്രയോഗിച്ചു വരികയാണെന്നത് രഹസ്യമല്ല. ശിൽപശാലയിൽ പങ്കെടുത്ത പലരും, മുമ്പേ ചുരുങ്ങിവരുന്ന പൊതുവിദ്യാഭ്യാസമാതൃകയ്ക്കു പകരം ഓൺലൈൻ മോഡലിനെ ഭരണകൂടം മുന്നോട്ടുവെക്കാമെന്ന അപകടസാധ്യത ചൂണ്ടിക്കാട്ടുകയുണ്ടായി. വിദ്യാഭ്യാസത്തിന് മുതൽമുടക്കുന്നതിൽനിന്ന് പിൻവാങ്ങുന്നതിനു ഇത് നല്ല ഒരൊഴികഴിവായി മാറാം എന്നതായിരുന്നു ആശങ്ക. അത്തരം ആശങ്ക തീർച്ചയായും ന്യായവും ഗൗരവമുള്ളതും തന്നെ.

വിദ്യാഭ്യാസത്തിൽ മുതൽമുടക്കുന്നതിൽനിന്നുള്ള ഭരണകൂടത്തിന്റെ പിന്മാറ്റത്തെയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കടന്നുവരവിനെയും ഒന്നായി കാണുന്നത് അതിന്റെ സാധ്യതകളെക്കുറിച്ചുള്ള ചിന്തകളെയാകെ മുൻകൂറായി അടച്ചുകളയുമെന്ന അപകടമുണ്ട്

അതേസമയം, വിദ്യാഭ്യാസത്തിൽ മുതൽമുടക്കുന്നതിൽനിന്നുള്ള ഭരണകൂടത്തിന്റെ പിന്മാറ്റത്തെയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കടന്നുവരവിനെയും ഒന്നായി കാണുന്നത് അതിന്റെ സാധ്യതകളെക്കുറിച്ചുള്ള ചിന്തകളെയാകെ മുൻകൂറായി അടച്ചുകളയുമെന്ന അപകടമുണ്ട്. മാത്രമല്ല, നിലവിലെ പഠനരീതി സ്വതേ അത്യന്തം കാര്യക്ഷമമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കുമെന്ന മറ്റൊരു കുഴപ്പവുമുണ്ട് ഈ സമീപനത്തിന്. ഇതു സത്യമല്ലെന്നു ഏവർക്കുമറിയാം. ഇന്ത്യയിലെ പൊതുമേഖലയിലെ ഉന്നതവിദ്യാഭ്യാസം ഇന്നു ക്ലേശകരമായിത്തീരുന്നത് ഫണ്ട് വെട്ടിക്കുറക്കുന്നതുകൊണ്ടുമാത്രമല്ല. കാലാകാലമായി അത് കൈക്കൊണ്ടുവരുന്ന ബോധനമാതൃകകളും രൂപരേഖകളും അങ്ങേയറ്റം വിവേചനപൂർണമാണെന്നതിനാലും കൂടിയാണ്. കലഹരണപ്പെട്ടതും അത്യന്തം പ്രതിലോമവുമായ കേന്ദ്രീകൃതബോധനമാതൃകകളും ഭാവനാശൂന്യതയുംതന്നെയാണ് വിദ്യാഭ്യാസത്തെ കേവലം വിദഗ്ദ്ധ തൊഴിലുൽപ്പാദനത്തിനുള്ള വഴി മാത്രമാക്കി ചുരുക്കിയത്. അതിലൂടെ വിദ്യാഭ്യാസത്തിന്റെ വിമോചകമൂല്യങ്ങൾനഷ്ടപ്പെടുകയും ക്ലാസ് റൂമുകളും ലബോറട്ടറികളും കലഹരണപ്പെട്ട തരത്തിലുള്ള അധ്യയനത്തിനുള്ള വേദികളായി മാറുകയും ചെയ്തു.

പ്രാപ്യത എന്ന പ്രശ്‌നം: ഒരു പുനരാലോചന

ഇ ലേണിംഗിന്റെയും ഡിജിറ്റൽ എക്കോണമിയുടെയും വെളിച്ചത്തിൽ പ്രാപ്യത എന്ന പ്രശ്‌നം വീണ്ടും ചർച്ചാകേന്ദ്രമായി മാറിയിട്ടുണ്ട്. എന്നാൽ, പ്രാപ്യതയെന്നാൽ കേവലം ഉപകരണലഭ്യത മാത്രമാണെന്ന മട്ടിലുള്ള സങ്കുചിതാർത്ഥത്തിൽ നടക്കുന്ന ചർച്ച വിപരീതഫലമാണുണ്ടാക്കുക. ആദ്യമേതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രാപ്യത ഡിജിറ്റൽ മണ്ഡലത്തിൽ മാത്രം പ്രസക്തമായ പ്രശ്നമല്ല എന്നതാണ്. പരമ്പരാഗത വിദ്യാഭ്യാസഘടനയിൽ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ പ്രാപ്യത വലിയ പ്രശ്‌നമാണ്. പുറമേക്കു കാണിക്കാവുന്ന കുറെ കണക്കുകളല്ലാതെ കാര്യത്തോടടുക്കുമ്പോൾ വലിയ തുല്യത അവിടെ കാണാനാവില്ല. അതിലുപരി, ഇന്ത്യയിൽ ഉപകരണലഭ്യതയുള്ള ഭൂരിപക്ഷവും ചുരുക്കം ചില ആവശ്യങ്ങൾക്കു മാത്രമേ അവ ഉപയോഗിക്കുന്നുള്ളൂ എന്ന വാസ്തവമുണ്ട്. ഉദാഹരണത്തിന് അറിവിനെ വെറും ഉപകരണാത്മകമായി പരിഗണിക്കുന്ന സർവീസ് ഇക്കോണമിയിൽ, ജീവനക്കാരുടെ ജോലിയ്ക്കായി പരിമിതപ്പെടുത്തിയാണ് സാങ്കേതികവിദ്യയുടെ തൊഴിൽപരമായ വിനിയോഗം നടക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ പ്രാപ്യത എന്ന പ്രശ്‌നം കേവലം സാങ്കേതികമായി ചർച്ച ചെയ്താൽ മതിയാകുന്നതല്ല. സാമൂഹ്യമൂലധനത്തിന്റെ തുല്യവിതരണം എന്ന വിശാലാർത്ഥത്തിൽ കാണണം. സാമൂഹ്യമൂലധനത്തിന്റെ നീതിപൂർവകമായ വിതരണം എന്നതാണ് വിദ്യാഭ്യാസത്തിന്റെതന്നെ പ്രാഥമിക ലക്ഷ്യം. അല്ലെങ്കിൽ ഒരു ചെറിയ വരേണ്യരിലേക്ക് അത്തരം സൗകര്യങ്ങൾ ഒതുങ്ങാനിട വരും. ചുരുങ്ങിയത് ആധുനികാർത്ഥത്തിലുള്ള വിദ്യാഭ്യാസത്തിന്റെയെങ്കിലും ലക്ഷ്യം ജനാധിപത്യവും തുല്യനീതിയുമാണ്. എഴുപതുവർഷം നീണ്ട സാമൂഹ്യനീതിപദ്ധതികൾക്കു ശേഷവും ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ഉപലബ്ധികൾ പ്രധാനമായും മേൽജാതി ന്യൂനപക്ഷത്തിൽ ഒതുങ്ങി നിൽക്കുകയാണെന്നതാണ് വാസ്തവം. ഇവിടെ ഞാൻ മുന്നോട്ടുവെക്കുന്ന വാദം, വ്യവസായാനന്തരലോകത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സർഗ്ഗാത്മകവും ഫലപ്രദവുമായ വിനിയോഗത്തിലൂടെ കീഴാളവിഭാഗങ്ങൾക്ക് മുമ്പ് പ്രാപ്യമല്ലാത്ത നേട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നതാണ്. അതിനാവശ്യമായുള്ളത് ഡിജിറ്റൽ മേഖലയിലെ കഴിവുകളും പ്രാപ്തികളും ആർജ്ജിക്കാനും സാവകാശമെടുത്ത് പരീക്ഷിക്കാനും അക്കാദമികസമുദായത്തിന് അവസരമനുവദിക്കുന്ന ഒരു വിദ്യാഭ്യാസദർശനമാണ്.

ഇ ലേണിംഗിനെയും അതിലൂടെ വരുമെന്ന് പറയുന്ന ഭരണകൂട മേൽ-നോട്ട ത്തെയും കഠിനമായി എതിർക്കുന്ന പലരും അറിഞ്ഞോ അറിയാതെയോ മറച്ചുവെക്കുന്നത് നിലവിലെ പഠനസമ്പ്രദായം പുന്തള്ളപ്പെട്ടവരെ സംബന്ധിച്ച് അങ്ങേയറ്റം മർദ്ദകമാണെന്ന വാസ്തവമാണ്

വിദ്യാഭ്യാസം എന്നതിനെക്കുറിച്ചുതന്നെ വിമർശനാത്മകമായ പുനരാലോചന ഇത്തരുണത്തിൽ നടത്തേണ്ടിവരും. അതിന്റെ അടിസ്ഥാനസൗകര്യങ്ങൾ പുനർവിഭാവനം ചെയ്യപ്പെടണം. ഇന്നിപ്പോൾ ഇ ലേണിംഗിനെയും അതിലൂടെ വരുമെന്ന് പറയുന്ന ഭരണകൂട മേൽ-നോട്ട (surveillance )ത്തെയും കഠിനമായി എതിർക്കുന്ന പലരും അറിഞ്ഞോ അറിയാതെയോ മറച്ചുവെക്കുന്നത് നിലവിലെ പഠനസമ്പ്രദായം പുന്തള്ളപ്പെട്ടവരെ സംബന്ധിച്ച് അങ്ങേയറ്റം മർദ്ദകമാണെന്ന വാസ്തവമാണ്. അവരുടെ എതിർപ്പ് ഫലത്തിൽ നടപ്പ് ക്രമത്തിന്റെ വിമർശനരഹിതമായ കൊണ്ടാടലായാണ് മാറുന്നത്. ഭരണകൂടത്തിന്റെ രഹസ്യ അജണ്ടകളെക്കുറിച്ച് ജാഗ്രതയുണ്ടാവണമെന്ന് എനിക്കും അഭിപ്രായമുണ്ട്. പക്ഷെ അവിടം കൊണ്ടു നിർത്തിക്കൂടാ. ഭരണകൂടസാധ്യതകൾക്കു പുറത്ത് ഡിജിറ്റൽ സങ്കേതങ്ങൾ തുറന്നുതരുന്ന സർഗ്ഗാത്മകസാദ്ധ്യതകൾ അത്രതന്നെ പ്രാധാന്യത്തോടെ പിന്തുടരേണ്ടതുണ്ട്. പ്രാപ്യത എന്ന പ്രശ്‌നം ഇ ലേണിംഗിനു മാത്രം ബാധകമായ ഒന്നല്ല എന്നതാണ് മർമപ്രധാനം. പരമ്പരാഗത അധ്യാപനരീതികളിൽ പ്രാപ്യതയിലെ അസമത്വം നിർണായക പ്രശ്നംതന്നെയാണ്. അതിൽനിന്ന് ഒളിച്ചോടിയിട്ടു കാര്യമില്ല. ഏതെങ്കിലും പഠനരീതിയിൽ മാത്രമായുള്ളതല്ല സൗകര്യങ്ങളിലെ അസമത്വം എന്നതും മറക്കാൻ പാടില്ല. എല്ലാവർക്കും പ്രാപ്യത ഉറപ്പു വരുത്താതെ ധൃതിപിടിച്ച് ഇ ലേണിംഗ് നടപ്പാക്കുന്ന സർക്കാർനയത്തെ വിമർശിക്കുമ്പോഴും പ്രാപ്യതയിൽ, അല്ലെങ്കിൽത്തന്നെയുള്ള അന്തരം പ്രധാനമാണെന്നർത്ഥം. സർക്കാരുകൾക്ക് കീഴാളവിഭാഗങ്ങളോട് പൊതുവെയുള്ള അവഗണനയുടെ ഫലമാണത്. ഇ ലേണിംഗ് നൽകുന്ന സാധ്യതകളെ അടിസ്ഥാനസൗകര്യങ്ങളിലെ സമത്വത്തിനുവേണ്ടി തുടർന്നുവരുന്ന സമരങ്ങളുമായി കൂട്ടിക്കുഴക്കുമ്പോൾ ഡിജിറ്റൽ പൊതുമയുടെ വിശാലമായ അവസരങ്ങൾ ഗുണപരമായി ഉപയോഗപ്പെടുത്താനുള്ള ഒരവസരമാണ് നഷ്ടപ്പെട്ടുപോവുക. അതുകൊണ്ട് സാങ്കേതികവിദ്യാപ്പേടിയും ഭരണകൂടപ്പേടിയും മാറ്റിവെച്ച് ഇക്കാര്യം പരിഗണിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

ക്ലാസ്‌റൂം ജനാധിപത്യവൽക്കരണവും ദേശരാഷ്ട്രത്തിൽനിന്നുള്ള വിടുതിയും

മൂഡിൽ, ഗൂഗിൾ ക്ലാസ്‌റൂം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നടത്തിയ ചെറിയ തോതിലുള്ള പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യംതന്നെ എനിക്ക് പറയാനുള്ളത്, തിരശ്ചീനമായ ഒരു ക്ലാസ്റൂം ഭാവനചെയ്യാൻ അത് വളരെയധികം സഹായിക്കുമെന്നാണ്. കുത്തനെയുള്ള ക്ലാസ് റൂം ഭാവനയാണ് പരമ്പരാഗതമായി നിലനിൽക്കുന്നത്. വിജ്ഞാനവിനിമയത്തിന്റെ ഒരേയൊരു 'കേന്ദ്രം' ക്ളാസ്‌റൂമാണെന്ന തത്വമാണ് ഇതിനടിയിൽ പതുങ്ങിയിരിക്കുന്നത്. ഈ ഉപരിതന -ഭാവനയുടെ മേൽ -കീഴ് വാസ്തുവിദ്യയെപ്പറ്റി, അവയെ ഫാക്റ്ററികളോടും ജയിലുകളോടും താരതമ്യം ചെയ്തുകൊണ്ട് മിഷേൽ ഫൂക്കോ പറഞ്ഞിട്ടുള്ളത് എല്ലാവർക്കും പരിചയമുള്ളതാണ്.

ഓൺലൈൻ പഠനപ്ലാറ്റ്‌ഫോമുകളെ പ്രതി-സ്ഥാപന ഇടങ്ങളാക്കി വികസിപ്പിക്കാനും കഴിയണം. അങ്ങനെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കൂട്ടായി, നിർദ്ദിഷ്ടമാർഗ്ഗം വെടിഞ്ഞുള്ള ബദൽ പഠന സാദ്ധ്യതകൾ പ്രദാനം ചെയ്യാൻ സാധിക്കും

ആ ചട്ടക്കൂട്ടിന്റെ പുനർവിഭാവനം അടിയന്തിരമായി നടക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പരമ്പരാഗതമായി അധ്യാപകർക്കുള്ള ആധികാരികതയും കേന്ദ്രീയതയും ചോദ്യംചെയ്യാനാണ് ആധുനിക അധ്യാപകസങ്കൽപം ലക്ഷ്യമിട്ടത് എന്നോർക്കുമ്പോൾ. അറിവിന്റെ ഏകമാത്രപ്രഭവവും സംഭരണിയും അധ്യാപകരാണ് എന്നതാണല്ലോ പരമ്പരാഗതധാരണ. 'ഗുരു' എന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന ഈ സം/കൽപ്പന/ക്രമം ബ്രാഹ്മണികമായ വേരുകളുള്ള ഒന്നാണ്. അതിന് അതിഭൗതികമായ ധ്വനിയുണ്ട്. ഒപ്പം ശിഷ്യസ്ഥാനത്തിരിക്കാൻ ആർക്കാണ് യോഗ്യതയെന്നു തീർത്തും ഭൗതികമായിത്തന്നെ നിർണയിക്കാനുള്ള ശക്തിയുമുണ്ട്.
മേൽസൂചിപ്പിച്ച അർത്ഥത്തിൽ പരമ്പരാഗത ഭൂരിപക്ഷമൂല്യങ്ങളുടെ ആധുനികവാഹകരായി ദേശരാഷ്ട്രം സ്വയം മാറിയതിന്റെ കൃത്യമായ സൂചനകളാണ് ഇന്ത്യയുടെ ദേശീയവിദ്യാഭ്യാസദർശനവും നയങ്ങളും നടത്തിപ്പുരീതികളുമെല്ലാം. വിജ്ഞാനവിതരണത്തിൽ ആർക്കാണിവിടെ പ്രധാനസ്ഥാനമെന്നും ദേശീയകരിക്കുലത്തിൽ എന്തിനാണ് പ്രാമുഖ്യമെന്നും മാത്രം നോക്കിയാൽ ഇക്കാര്യം വ്യക്തമാവും. ഇങ്ങനെയുള്ളൊരു സംവിധാനത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യംതന്നെ ഏകശിലാത്മകമായ പൗര-കർതൃത്വം ഉൽപ്പാദിപ്പിക്കുക എന്നതും മുതലാളിത്തത്തിനാവശ്യമുള്ള വിദഗ്ധ തൊഴിൽശക്തിയുൽപ്പാദിപ്പിക്കുക എന്നതുമായി ചുരുങ്ങിയതിൽ യാതൊരത്ഭുതവുമില്ല.

വ്യക്തി-വിമുക്തമായ പഠനാനുഭവങ്ങൾ

ഇതുവരെ വിശദമാക്കിയ വ്യവസ്ഥാപരവും ചരിത്രപരവുമായ പശ്ചാത്തലത്തിൽ ക്ളാസ്‌റൂമുകളെ ജ്ഞാനോൽപ്പാദനവേദികളായും അധ്യാപകരെ അതിന്റെ സംവിധായകരായും (facilitators) മാറ്റിയാലോചിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷമായി മൂഡിൽ എന്ന പ്ലാറ്റ്‌ഫോമിൽ രണ്ടു കോഴ്സുകൾ ഞാൻ വികസിപ്പിക്കുകയുണ്ടായി. തുടക്കത്തിൽ എനിക്കതിൽ ആകർഷകമായി തോന്നിയത് കോഴ്സിന്റെ ഘടനയും പഠനസാമഗ്രികളും ക്രമീകരിക്കാൻ അത് നൽകുന്ന സാധ്യതകളാണ്. രേഖീയമായല്ലാതെ ചടുലവും ചലനാത്മകവുമായി, പരസ്പരബന്ധം നിലനിർത്തിക്കൊണ്ട്, പഠനലക്ഷ്യങ്ങൾക്ക് ചേരുംവിധം വിവരശേഖരങ്ങളെയും വിശകലനരീതികളെയും കണ്ണിചേർക്കാൻ വിർച്വൽ ഇടത്തിൽ സാധിക്കും. കോഴ്സിൽ ഒളിഞ്ഞുകിടന്ന പല സാധ്യതകളും ഇങ്ങനെ കോഴ്‌സ് ഡിസൈൻ ചെയ്യുന്ന സമയത്ത് വെളിപ്പെട്ടു കിട്ടാറുണ്ട്. ബോധനരീതിയെ വ്യക്തിനിർമുക്തമാക്കാനും തുറന്നുവെക്കാനും ഇത്തരം പ്ലാറ്റ്‌ഫോമുകൾ വലിയ സാധ്യതയാണ് നൽകുന്നത്.
അതിരുകൾ അതിലംഘിക്കുന്ന പഠനത്തിനു വഴിയൊരുക്കുംവിധം അങ്ങോട്ടുമിങ്ങോട്ടും പോകാൻ പഴുതുകളുള്ള ഒരു ഘടനയാണ് അവ നൽകുന്നത്. അറിവിന്റെതന്നെ ഒഴുക്കിനു സാധ്യത നൽകുന്ന വഴക്കമുണ്ട് അതിന്. ഉറച്ചുപോയ ഒരു ഘടനയല്ല അത്. സംസാരങ്ങൾക്കും പരസ്പരവിനിമയങ്ങൾക്കുമുള്ള ഇടങ്ങൾ കൂടിയാവുമ്പോൾ പഠനം കൂടുതൽ വിദ്യാർഥികേന്ദ്രിതമാവുകയാണ്. പിയർ ലേണിംഗ് എന്നൊക്കെ എല്ലാവരും പറയാറുണ്ടെങ്കിലും അതിന്റെ അനൗപചാരികസ്വഭാവവും

അറിവിന്റെ അഗ്രഹാരങ്ങൾക്കുപുറത്ത് അനന്തമായി കാത്തുനിൽക്കാതെ ലഘുചരിത്രങ്ങൾക്ക് ഇടം നൽകുന്നതുവഴി പ്രതിസംസ്‌കാരം ശക്തിപ്പെടുത്തുന്നതിന് ഓൺലൈൻ പഠനപ്ലാറ്റ്‌ഫോമുകളെ ഉപയോഗപ്പെടുത്തുകയെന്നതാണ് പ്രധാന കാര്യം

പ്രേരണാശേഷിക്കുറവും മൂലം സാധുതയുള്ള ഒരു ജ്ഞാനാർജ്ജനമാർഗ്ഗമായി അതിനെ പരമ്പരാഗതപഠനത്തിൽ ആരും വിലവെക്കാറില്ല. മൂല്യനിരപേക്ഷമോ മൂലധനനിരപേക്ഷമോ അല്ല പിയർ ലേണിംഗ് എന്നതും മറന്നുകൂടാ. ഇതൊക്കെയാണെങ്കിലും ഓൺലൈൻ പഠനം അതു പ്രദാനംചെയ്യുന്ന വൈവിദ്ധ്യപൂർവകമായ സാദ്ധ്യതകൾ കൊണ്ടാകണം പലപ്പോഴും വിദ്യാർത്ഥികൾക്ക് പഠനാനുഭവങ്ങളുടെ തീക്ഷ്ണതയുൾക്കൊള്ളാൻ സഹായകമാകുന്നുണ്ട്. സാന്നിധ്യത്തിന്റെയും അസാന്നിധ്യത്തിന്റെയും, അതുപോലെ അജ്ഞാതത്വത്തി (anonymity)ന്റെയും കർതൃത്വത്തി (authorship)ന്റെയും, പൊതുവിന്റെയും സ്വകാര്യത്തിന്റെയും, വ്യക്തിയുടെയും കൂട്ടിന്റെ (collective) യും ഒക്കെ ഇടനാഴിയിലാണ് ഈ സാക്ഷാത്കാരം സംഭവിക്കുന്നത് എന്നതുകൊണ്ടാവാം ഇത് ഒരുതരം ആവിഷ്‌കാരപരമായ സമത്വം (expressive equity) പ്രദാനം ചെയ്യുന്നുമുണ്ട്. ഈ നിലയ്ക്ക് പിയർ ലേണിംഗ്, പങ്കാളിത്തം, സഹകരണം, ശ്രദ്ധ തുടങ്ങി വിദ്യാഭ്യാസചിന്തയിൽ പരക്കെ പ്രചരിച്ച പല ആശയങ്ങൾക്കും ഇ ലേണിംഗ് പ്രക്രിയയിൽ തീർത്തും നൂതനമായ അർഥങ്ങൾ കൈവരുന്നതായി കാണാം.

പൊതുമയുടെ (പുനർ)ഉൽപാദനം

ഇതൊക്കെ ഓൺലൈൻ പഠിപ്പിനെക്കുറിച്ച്, അതിന്റെ ഗുണകരമായ വശത്തെക്കുറിച്ച്, ഏതേതു വഴികളിലൂടെ അത് പൊതുമയുടെ ഉൽപാദനവും വിതരണവും ശക്തിപ്പെടുത്തുമെന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. സ്ഥാപനപരമായ ഘടനകളെ കണക്കിലെടുക്കുമ്പോൾ അടിയന്തിരമായി പരിഗണിക്കേണ്ട കാര്യങ്ങൾ ഇവയാണ്: 1. നിലവിലുള്ള ക്ലാസ്സ്‌റൂം കേന്ദ്രിതപഠനത്തിന്റെ പകരംവെപ്പായി അതിനെ കാണാതിരിക്കുക. പകരം, ഇപ്പോഴുള്ളതിന്റെ തുടർച്ച അഥവാ വികസനമായി സങ്കൽപനം ചെയ്യുക. സാമൂഹികമായി സംഭവിക്കേണ്ട കാര്യമാണിത്. 2. സ്ഥാപനപരമായ ഘടനകളിൽ മൂല്യമുള്ള കോഴ്‌സുകൾ നടപ്പിലാക്കാൻ സഹായകമായ വിധത്തിൽ ഓൺലൈൻ പഠനപ്ലാറ്റ്‌ഫോമുകൾ സ്വതന്ത്രമായി വികസിപ്പിക്കുകയോ നിലവിലുള്ള പ്ലാറ്റ്‌ഫോമുകൾ പുനസ്സംവിധാനം നടത്തുകയോ ചെയ്യുക.
ഈ സമയത്തുതന്നെ, ഇത്തരം ഓൺലൈൻ പഠനപ്ലാറ്റ്‌ഫോമുകളെ പ്രതി-സ്ഥാപന ഇടങ്ങളാക്കി വികസിപ്പിക്കാനും കഴിയണം. അങ്ങനെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കൂട്ടായി, നിർദ്ദിഷ്ടമാർഗ്ഗം വെടിഞ്ഞുള്ള ബദൽ പഠന സാദ്ധ്യതകൾ പ്രദാനം ചെയ്യാൻ സാധിക്കും. ഇതൊക്കെ മാനവികവിഷയങ്ങളുടെയും സാമൂഹികശാസ്ത്രവിഷയങ്ങളുടെയും കാര്യത്തിൽ കൂടുതൽ പ്രസക്തമായിരിക്കും. നാമറിയുന്നതുപോലെ, ഭരണകൂടം മുന്നോട്ടുവെയ്ക്കുന്ന വിദ്യാഭ്യാസകരിക്കുലങ്ങൾമിക്കവാറും രാഷ്ട്രത്തിന്റെ ബ്രഹദാഖ്യാനങ്ങൾ പ്രദാനം ചെയ്യുന്നതാകും. ഈ വിഷയങ്ങളുടെ ഉള്ളടക്കം അല്ലെങ്കിൽ പഠനവസ്തുക്കൾ രൂപീകരിക്കുന്നതിൽ രാഷ്ട്രത്തിനാണ് പ്രാഥമ്യം എന്നുസാരം. ഭരണകൂടേതരമായ, തുറന്നതും പഠിതാവിന് തെരഞ്ഞെടുക്കാവുന്ന മട്ടിലുള്ളതുമായ ഒരു സംവിധാനത്തിൽ ലഘുചരിത്രാഖ്യാനങ്ങളും സൈദ്ധാന്തിക-വൈജ്ഞാനികപാരമ്പര്യങ്ങളും രാഷ്ട്രീയസിദ്ധാന്തങ്ങളുമൊക്കെ പരിപോഷിപ്പിക്കപ്പെടും. ഇങ്ങനെ, ശരിയായ വിധത്തിൽ സങ്കൽപനം ചെയ്ത് രൂപകൽപന നടത്തുന്ന കോഴ്‌സുകളുടെ വിതരണവും ലഭ്യതയും ഉറപ്പാക്കിയാൽ സ്ഥാപിതചട്ടക്കൂടുകളുടെ പഴഞ്ചൻ പ്രോഗ്രാമുകളും കോഴ്‌സുകളുമൊക്കെ കാലോചിതമായി പരിഷ്‌കരിക്കാനുള്ള സമ്മർദ്ദംസ്വാഭാവികമായിത്തന്നെ രൂപപ്പെടും. പഠിതാക്കളുടെ സമൂഹത്തിന് ഭരണകൂടത്തെ ആശ്രയിക്കാതെ തങ്ങളുടെ ഇംഗിതങ്ങളെ വളർത്തുന്നതിനുള്ള സാഹചര്യമൊരുങ്ങും. അറിവിന്റെ അഗ്രഹാരങ്ങൾക്കുപുറത്ത് അനന്തമായി കാത്തുനിൽക്കാതെ ലഘുചരിത്രങ്ങൾക്ക് ഇടം നൽകുന്നതുവഴി പ്രതിസംസ്‌കാരം ശക്തിപ്പെടുത്തുന്നതിന് ഓൺലൈൻ പഠനപ്ലാറ്റ്‌ഫോമുകളെ ഉപയോഗപ്പെടുത്തുകയെന്നതാണ് പ്രധാന കാര്യം.
പൊതുചർച്ചകളിൽ അറിവിന്റെ അളവിനത്തിലുള്ള വിതരണത്തെ ചുറ്റിപ്പറ്റിയാണ് അതിന്റെ ജനാധിപത്യവത്കരണത്തെക്കുറിച്ചുള്ള ചർച്ച നടന്നുപോരുന്നത്. ഡിജിറ്റൽ ലോകസന്ദർഭത്തിൽ വിവിധ മേഖലകളിലുള്ള അറിവിന്റെയും വിവരങ്ങളുടെയും ലഭ്യത ഉറപ്പാകുന്നുവെന്നു നാമേവരും സമ്മതിക്കും. റിസോഴ്‌സ് വിതരണം അടിസ്ഥാനമാക്കിയുള്ള ഈ ജനാധിപത്യവത്കരണചിന്ത മുഖ്യമായും ഡിജിറ്റൽ ഇക്കണോമിയുടെ അടിസ്ഥാനഘടനയെയും സംവിധാനത്തെയും ആധാരമാക്കിയുള്ളതാണ്. ഇക്കാര്യം പ്രസക്തമായ ഒന്നാണ്. കാരണം, അതിന്റെ പ്രാവർത്തികതലത്തിലുള്ള വിജയം അവയുടെ കൂടുതലായ വിതരണത്തിലും ലഭ്യതയിലും അടിസ്ഥാനപ്പെടുന്നുവെന്നതുതന്നെ.
നെഗ്രിയെയും ഹാർദിനെയും പോലുള്ള രാഷ്ട്രീയ തത്വചിന്തകർ ഡിജിറ്റൽ ലോകത്തിന്റെ അന്തർവർത്തിയായ തലത്തെ വ്യാവസായാനന്തര ഉൽപാദനത്തിന്റെ സ്വഭാവം വെളിപ്പെടുത്താൻ ഉപയോഗപ്പെടുത്തി. ഉദാഹരണത്തിന് അമൂർത്തതയുടേതായ വ്യവസായാനന്തരതയിൽ, അഥവാ ജൈവാധികാരക്രമത്തിൽ, ജോലി-ജോലിയേതരം, വീട് -തൊഴിൽസ്ഥലം, അകം-വെളി തുടങ്ങിയ കൽപനകൾ അർത്ഥത്തിലും ഐന്ദ്രിയാനുഭവത്തിലും പുതിയ വിവക്ഷകളാവാഹിക്കുകയാണ്.
ഞാൻ ഈ വ്യവസായനന്തര ഉൽപാദനരീതികളുടെ സ്വഭാവത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളെ ഓർക്കുന്നത് അതൊക്കെ പൊതുതിനെക്കുറിച്ചുള്ള ധാരണകളെ അഴിച്ചുപണിയുന്നതെങ്ങനെയെന്ന കാര്യം ചർച്ചക്കെടുക്കാനാണ്. ഓൺലൈൻ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയും പൊതുമയെ സംബന്ധിച്ച ചോദ്യങ്ങളോടൊപ്പം ചേർത്തേ സാദ്ധ്യമാകൂ. സ്വത്ത്, ഉടമസ്ഥത എന്നിവയെ സംബന്ധിച്ചും അതുവഴി പൊതുമയെ സംബന്ധിച്ചും നമ്മുടെ ചിന്തയ്ക്ക് ഗുണപരമായ പരിവർത്തനം സംഭവിച്ചിരിക്കുന്നു എന്നാണ് എന്റെ ധാരണ. വ്യവസായക്രമത്തിന്റെയും ഭൗതികസ്വഭാവമുള്ള ചരക്കുകളുടെയും ഘട്ടത്തിൽ ദൗർലഭ്യത്തിന്റെയും വിവേചനത്തിന്റെയും യുക്തിയാണ്പ്രവർത്തനക്ഷമമായത്. ആശയങ്ങളുടെയും പ്രതിബിംബങ്ങളുടേതുമായ അമൂർത്ത ഉൽപന്നങ്ങളുടെ കാര്യത്തിൽ ഈ യുക്തിക്ക് പ്രസക്തിയില്ല. നേർ വിപരീതമാണ് സ്ഥിതി. കൂടിയ ഉല്പാദനവും നിർലോഭമായ പങ്കുവെക്കലുമാണ് ഉൽപ്പന്നങ്ങൾക്കു വില കൂട്ടുന്നത്. ഏതെങ്കിലും ചില 'ഉടമ'കൾക്ക് ഉപയോഗത്തെ വിലക്കാവുന്ന തരത്തിലുള്ള മൂർത്തവസ്തുക്കളിൽനിന്നും സ്വത്തുക്കളിൽനിന്നും ഭിന്നമാണിവിടെ കാര്യങ്ങൾ. ഒരു പരിധിവരെ ആശയങ്ങളുടെയും പ്രതിബിംബങ്ങളുടെയും വിവേചനം അസാദ്ധ്യമാണ് എന്ന് നാമുറപ്പിക്കേണ്ടിവരുന്നു. പ്രഭവങ്ങളുടെയും സൃഷ്ടികളുടെയും അനന്തമായ ശൃംഖലയിൽച്ചേർന്ന് കൂടുതൽ ആശയങ്ങളുടെയും കൂടുതൽ പ്രതിബിംബങ്ങളുടെയും താത്കാലികപ്രഭവമായിക്കൊണ്ടു മാത്രമേ ഒരാൾക്ക് അവയുടെ ഉൽപാദകനായിത്തീരാനാവൂ. ആ അർത്ഥത്തിൽ അയാൾക്ക് അമൂർത്തവസ്തുക്കളുടെ കാര്യത്തിൽ ആധാരവും ഫലവും എന്ന നിലയിൽ പൊതുമയെ സംബന്ധിച്ച് രണ്ടുതരം ബന്ധങ്ങളുണ്ട്. പൊതുമയുടെ - അതായത് സാമൂഹികബന്ധങ്ങളുടെയും ജീവിതരൂപങ്ങളുടെയും ഉൽപാദനവും പുനരുൽപാദനവും - വിതരണത്തിൽനിന്നു മാത്രം ആരംഭിക്കുന്നതല്ല, അതിന്റെ ഉൽപാദനത്തിലും കൂടിയാണ് രാഷ്ട്രീയം തുടങ്ങുന്നത്. പൊതുമയുടെ വിതരണത്തെ ചുറ്റിപ്പറ്റിയാണ് മിക്ക രാഷ്ട്രീയവ്യവഹാരങ്ങളും വിന്യസിക്കപ്പെടുന്നത്. വ്യവസായാനന്തരലോകം പൊതുതിന്റെ ഉൽപാദന-വിതരണങ്ങളെ കണക്കിലെടുത്തുള്ള ഒരു പുനർവിചിന്തനം ആവശ്യപ്പെടുന്നുണ്ട്. ഇതാണ് ഡിജിറ്റൽ ടെക്‌നോളജിക്കുള്ള ബോധനശാസ്ത്രത്തെ ജ്ഞാനോല്പാദനത്തിന്റെ ഒരു സുപ്രധാനഘടകമായി ചർച്ചക്കെടുക്കേണ്ടിവരുന്നതിന്റെ പശ്ചാത്തലം.
പ്രോഗ്രാം -കോഴ്‌സ് രൂപരേഖകൾ കണക്കിലെടുക്കുമ്പോൾ നിലവിലുള്ള വിദ്യാഭ്യാസരീതിയുടെ ഒരു പ്രധാന ദൗർബല്യം, അതിന്റെ കേന്ദ്രീകൃതസ്വഭാവവും ഭരണകൂടത്തോടുള്ള അമിതമായ ആശ്രിതസ്വഭാവവുമാണ്. ഓൺലൈൻ ബോധനരീതികളിലൂടെ ഇത് ഏറെ മാറ്റിയെടുക്കാവുന്നതും ഉല്ലംഘിക്കാവുന്നതുമാണ്. അതിനായി സ്ഥാപനവിമർശപരവും പ്രതി-സ്ഥാപന (counter institutional) ഭാവനാപരവുമായ പല തലങ്ങളുള്ള തന്ത്രങ്ങളാവിഷ്‌ക്കരിക്കുകയാണ് ഇപ്പോൾ നമുക്ക് ചെയ്യാനുള്ളത്.

(തർജ്ജുമ : ദിലീപ്‌രാജ്, സി.ജെ. ജോർജ് )

അറിയപ്പെടുന്ന ആർട്ട് ഹിസ്റ്റോറിയനും സംസ്‌കാരപഠിതാവുമാണ് സന്തോഷ് എസ്.ബറോഡയൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്‌സ് വിഭാഗത്തിൽ നിന്ന്BFA, MFA ഡിഗ്രികൾ എടുത്തു. ഡൽഹിയിലെ ഡോ .ബി.ആർ അംബേദ്കർ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് കൾച്ചർ ആൻഡ് ക്രീയേറ്റീവ്ഏക്‌സ്‌പ്രെഷൻസിൽ നിന്ന് Spectres of Caste: Institutionalisation of Art in Modern India എന്ന വിഷയത്തിൽഗവേഷണബിരുദം നേടി.ഇപ്പോൾ അംബേദ്കർ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് കൾച്ചർ ആൻഡ് ക്രീയേറ്റീവ്ഏക്‌സ്‌പ്രെഷൻസിൽ അസി. പ്രൊഫസറാണ്.

(ദിലീപ് രാജ് എഡിറ്റ് ചെയ്ത് ഡി.സി ബുക്സ് പുറത്തിറക്കുന്ന 'ഇ ലേണിംഗ്: എന്ത്, എങ്ങനെ?' എന്ന പുസ്തകത്തിൽ നിന്ന്)

Comments