ഫെല്ലോഷിപ്പ് നിഷേധിക്കപ്പെട്ട് 350 ഗവേഷക വിദ്യാർഥികൾ;
ഉന്നത വിദ്യാഭ്യാസത്തിലെ ഭരണകൂട എക്സ്ക്ലൂഷൻ

കേരളത്തിലെ സര്‍വകലാശാലകളില്‍ 11 മാസമായി ഫെല്ലോഷിപ്പ് തുക കിട്ടാതെ പട്ടിക വിഭാഗക്കാരായ 350- ഓളം ഗവേഷക വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മാത്രം 50 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഫെല്ലോഷിപ്പ് തുക ലഭിച്ചിട്ടില്ല. സർക്കാർ സംവിധാനങ്ങളെ സമീപിച്ചിട്ടും പരിഹാരമില്ലാതെ നട്ടം തിരിയുകയാണ് ഈ വിദ്യാർഥികൾ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രകടമായ എക്സ്ക്ലൂഷൻ തന്ത്രങ്ങളുടെ ഇരകളാണ് ഈ വിദ്യാർഥികൾ എന്ന് ഇവരുടെ അനുഭവം തെളിയിക്കുന്നു.

ട്ടിക ജാതി -പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്നത് സംശയമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗവേഷണത്തിന് ചേര്‍ന്ന വിദ്യാര്‍ഥികളെല്ലാം ഇന്ന് ഹോസ്റ്റല്‍ ഫീസ് അടക്കാനും ഗവേഷണ സംബന്ധമായ ഫീല്‍ഡ് വർക്ക് ചെയ്യാനും കഴിയാതെ, പഠനം തുടരാനാകാത്ത അവസ്ഥയിലാണ്. പതിനൊന്ന് മാസമായി കേരളത്തിലെ സര്‍വകലാശാലകളില്‍ പട്ടിക വിഭാഗക്കാരായ 350- ഓളം ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഫെല്ലോഷിപ്പ് തുക കിട്ടാതെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മാത്രം അന്‍പതോളം ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഫെല്ലോഷിപ്പ് തുക ലഭിച്ചിട്ടില്ല. ഫെല്ലോഷിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പട്ടിക ജാതി- പട്ടിക വര്‍ഗ കമീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നെങ്കിലും പ്രശ്‌നപരിഹാരമായിട്ടില്ല.

പട്ടിക വിഭാഗത്തില്‍പ്പെട്ട ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 23,250 രൂപയാണ് ഫെല്ലോഷിപ്പ് തുകയായി പട്ടികജാതി- പട്ടികവര്‍ഗ കമീഷന്‍ നല്‍കേണ്ടത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് അനുവദിച്ചിരുന്ന ഇ- ഗ്രാന്റ്സ് തുക ഒരു വര്‍ഷമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് നല്‍കുന്നത്. പട്ടികജാതി -പട്ടിക വര്‍ഗ്ഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാൻ ജില്ലകള്‍ തോറും പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പ്പി ഓഫീസുകളും എസ്.സി- എസ്.ടി ഡയറക്ടറേറ്റ് ഓഫീസുകളും കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികളുടെ് ഇ-ഗ്രാന്റ്‌സ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. പക്ഷേ പലപ്പോഴും നിരുത്തരവാദപരമായാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളതെന്നാണ് ഗവേഷകര്‍ ആരോപിക്കുന്നത്. സ്കോളര്‍ഷിപ്പ് കൃത്യമായി വിതരണം ചെയ്യാന്‍ ഈ സ്ഥാപനങ്ങള്‍ ശ്രമിക്കാറില്ല.

സെക്രട്ടറിയേറ്റിൽ കയറിയിറങ്ങി പരാതികള്‍ നല്‍കിയതിനുശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുന്നത്. പതിനൊന്ന് മാസത്തോളം ഫെല്ലോഷിപ്പ് തുക മുടങ്ങിയതുമായി ബന്ധപ്പെട്ട എന്‍ക്വയറിക്ക് വിദ്യാര്‍ഥികള്‍ ഈ ഓഫീസുകളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നം പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറി.

കേന്ദ്രസര്‍ക്കാരിന്റെ എസ്.എന്‍.എ സംവിധാനം വഴി ആദ്യമായി വിദ്യാര്‍ഥികള്‍ക്കുള്ള ഫെല്ലോഷിപ്പ് തുക വരുന്നതാണ് കാലതാമസത്തിന് കാരണമായി ഇവര്‍ പറയുന്നത്. ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാൽ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് തുകയെത്തുമെന്നാണ് ഗവേഷകവിദ്യാര്‍ഥികളോട് പറഞ്ഞിരുന്നത്. ഇതിന് വിദ്യാര്‍ത്ഥികളുടെ പേര്, സീഡിംഗ് നടത്തിയ ബാങ്ക് അക്കൗണ്ട് ഡീറ്റൈല്‍സ്, ഐ.എഫ്.സി കോഡ്, എന്നിവ ഈ സംവിധാനത്തിലേക്ക് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം സംസ്ഥാന ഗവണ്‍മെന്റ് ഇ- ഗ്രാന്റ്സ് ഇനത്തില്‍ അനുവദിച്ച 29 കോടി രൂപയില്‍ നിന്ന് ഫെല്ലോഷിപ്പ് തുക ലഭിക്കുമെന്നാണ് രണ്ടുമാസം മുമ്പ് ഇവരെ അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം വരെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് തുക ലഭിച്ചത്.

സാമൂഹിക- സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചാണ് പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ ഗവേഷണത്തിന് ചേരുന്നത്. അഡ്മിഷനെടുക്കുന്നത് മുതലേ വംശീയ വിവേചനങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്.

സാമൂഹിക- സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചാണ് പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ ഗവേഷണത്തിന് ചേരുന്നത്. ഗവേഷണത്തിനായി അഡ്മിഷനെടുക്കുന്നത് മുതലേ വംശീയ വിവേചനങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് ഇല്ലെന്ന വരേണ്യബോധം തന്നെയാണ് കേരളത്തിലെ സര്‍വകലാശാലകളിലും ഇവര്‍ നേരിടേണ്ടി വരുന്നത്. സര്‍വകലാശാല ഫാക്കല്‍റ്റി നിയമനത്തില്‍ പോലും ഈ വരേണ്യത പ്രകടമാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഗവേഷണത്തിന് ഗൈഡായി കിട്ടുന്നവരില്‍ പോലും പട്ടികജാതി- പട്ടികവര്‍ഗ അധ്യാപകരുടെ പങ്കാളിത്തം കുറവായത് ഗവേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റിസര്‍വേഷന്‍ ഉള്ളതുകൊണ്ടുമാത്രമാണ് പട്ടിക വിഭാഗക്കാര്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നതെന്ന് പരിഹാസങ്ങളും ചുറ്റുമുള്ളവരില്‍ നിന്ന് ഇവര്‍ കേള്‍ക്കേണ്ടിവരുന്നുണ്ട്. ഇത്തരം അവഗണനകളെയല്ലാം അതിജീവിച്ച് ഗവേഷണം തുടരുന്ന വിദ്യാര്‍ഥികള്‍ വീണ്ടും ഫെല്ലോഷിപ്പ് തുക ലഭിക്കാത്തതിന്റെ പേരില്‍ പിന്തള്ളപ്പെടുകയാണ്. ഗവേഷണം തുടരുന്നതിന് സാമ്പത്തിക പിന്തുണ കൂടി ഇല്ലാതാകുന്നതോടെ പഠനം പാതിവഴിയില്‍ നിര്‍ത്താന്‍ ഇവര്‍ നിര്‍ബന്ധിതരാവും. വിരലിലെണ്ണാവുന്ന കുറച്ചു വിദ്യാര്‍ഥികള്‍ മാത്രമാണ് ഈ പ്രതിസന്ധികളെയെല്ലാം മറികടന്ന് ഗവേഷണം പൂര്‍ത്തിയാക്കുന്നത്.

ഇ-ഗ്രാന്റ്സ് സംവിധാനത്തിലും ഈ വിവേചനം പ്രകടമാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ആര്‍ക്ക് തുക അനുവദിക്കണം, എപ്പോള്‍ അനുവദിക്കണം, ആര്‍ക്ക് നിഷേധിക്കണം ആര്‍ക്കു നിഷേധിച്ചാലാണ് ചോദ്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്തത് എന്ന് കൃത്യമായ കാഴ്ച്ചപ്പാടും ബോധ്യവും വെച്ച് പുലർത്തുന്നവരാണ് ഈ സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാളം ഗവേഷകനായ അജിത്ത് ശേഖരന്‍ പറയുന്നത്

അജിത്ത് ശേഖരന്‍

ഇ-ഗ്രാന്റ്സ് സംവിധാനം ഒരു ബ്യൂറോക്രാറ്റിക് ശൃംഖലയാണ്. ശ്രേണിബദ്ധമായി ഫയലുകള്‍ കൈകാര്യംചെയ്യുന്ന, കൃത്യമായി തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ കഴിയാത്ത ഒരിടം ഇതിനകത്തുണ്ട്. എവിടെ ആണ് തെറ്റെന്നും ആരാണ് വിദ്യാര്‍ഥികളോട് അനീതിപരമായ ഇടപെടല്‍ നടത്തുന്നത് പുറത്തു നിന്നൊരാള്‍ക്ക് ചൂണ്ടികാണിക്കാനോ ചോദ്യം ചെയ്യാനോ കഴിയാത്ത വിധം രൂപപ്പെടുത്തിയെടുത്തതാണിത്. അതിനാല്‍ത്തന്നെ നമ്മള്‍ ഒരു സിസ്റ്റത്തെ മുഴുവന്‍ എതിര്‍ക്കേണ്ടിവരുന്നു. ആദിവാസി- ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം വിദ്യാര്‍ഥികളും അതിജീവനങ്ങളില്‍ നിന്നും പാകപ്പെടുത്തി എടുക്കുന്നതാണ് അവരുടെ ഓരോ ഗവേഷണ കാലയളവും. ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് മറ്റു പഠനാവശ്യങ്ങള്‍ എന്നിവയൊന്നും ഫെല്ലോഷിപ്പ് തുക വൈകുന്നത്‌കൊണ്ട് കൃത്യമായി അടയ്ക്കാന്‍ കഴിയുന്നില്ല. ഫീസ് അടക്കാന്‍ ഇന്‍സ്റ്റിറ്റ്യൂഷന്റെ ഭാഗത്തുനിന്നും നിര്‍ബന്ധമുള്ളതിനാല്‍ ഈ സൗകര്യങ്ങളൊക്കെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. കൂടാതെ കുടുംബ ജീവിതത്തിലെ പരിമിതമായ ആവശ്യങ്ങള്‍ക്ക് ഒരു തരത്തിലും സഹായിക്കാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കേണ്ടിവരുന്ന മനുഷ്യരാണ് ഞങ്ങള്‍. കൃത്യമായി ഹോസ്റ്റല്‍, മെസ്സ് ഫീസ് അടക്കാന്‍ കഴിയാതെ വിശന്നുനടക്കുന്നവര്‍ക്കിടയില്‍ നിന്നും എന്ത് സാമൂഹിക, സാംസ്‌കാരിക, ഗവേഷണ പുരോഗതിയാണ് ഉണ്ടാവാന്‍ സാധ്യതയുള്ളത്? ഞങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കാനും ഇവരാരും ശ്രമിക്കാറില്ല. പഠനം തുടരാനാകാത്ത ഞങ്ങളുടെ നിസ്സഹായലോകത്തു നിന്നുകൊണ്ടാണ് പലരും വാക്കുകള്‍ കൊണ്ടുമാത്രം വിദ്യയുടെ വില്ലുവണ്ടികളോടിക്കാന്‍ ശ്രമിക്കുന്നത്''

‘‘കൃത്യമായി ഹോസ്റ്റല്‍, മെസ്സ് ഫീസ് അടക്കാന്‍ കഴിയാതെ വിശന്നുനടക്കുന്നവര്‍ക്കിടയില്‍ നിന്നും എന്ത് സാമൂഹിക, സാംസ്‌കാരിക, ഗവേഷണ പുരോഗതിയാണ് ഉണ്ടാവാന്‍ സാധ്യതയുള്ളത്? പഠനം തുടരാനാകാത്ത ഞങ്ങളുടെ നിസ്സഹായലോകത്തു നിന്നുകൊണ്ടാണ് പലരും വാക്കുകള്‍ കൊണ്ടുമാത്രം വിദ്യയുടെ വില്ലുവണ്ടികളോടിക്കാന്‍ ശ്രമിക്കുന്നത്''

പ്രതിമാസം ലഭിക്കേണ്ട ഫെല്ലോഷിപ്പ് തുക കൃത്യമായി ലഭിക്കാത്തത് എല്ലാ തരത്തിലും ഗവേഷകവിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഹോസ്റ്റലുകളിലെയും മെസ്സിലെയും സൗകര്യങ്ങള്‍, ഗവേഷണത്തിനാവശ്യമായ പുസ്തകങ്ങള്‍, ഫീല്‍ഡ് വര്‍ക്ക്, ലാബ് വര്‍ക്ക്, സെമിനാറുകള്‍ തുടങ്ങിയവയെല്ലാം ലഭ്യമാകാതെ ഇവര്‍ ഒറ്റപ്പെട്ട് പോകേണ്ടി വരുന്നുണ്ട്. ഫെലോഷിപ്പ് മുടങ്ങിക്കിടക്കുന്നതിനെക്കുറിച്ച് ഡയറക്ടറിലേക്ക് അന്വേഷിക്കുമ്പോള്‍ ഫണ്ട് ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഒരു വര്‍ഷത്തോളം ഫെല്ലോഷിപ്പുകള്‍ നല്‍കാന്‍ ഫണ്ട് ഇല്ലതാവുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തേണ്ടത് അനിവാര്യമാണെന്നാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഗവേഷകനായ വിനയന്‍ പറയുന്നത്.

വിനയന്‍

“ഉന്നത വിദ്യാഭ്യാസ മേഖലയെന്നത് പണം ഉള്ളവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമായി ഗവണ്‍മെന്റും ഉദ്യോഗസ്ഥരും നിരന്തമായി ഞങ്ങളെ ബോധ്യപ്പെടുത്തികൊണ്ടിരിക്കുകയാണ്. മാസങ്ങളോളം വര്‍ഷങ്ങളോളം ഫെലോഷിപ്പ് ലഭിക്കാത്ത നിരവധി ഗവേഷക വിദ്യാര്‍ഥികള്‍ അവരുടെ നിത്യച്ചെലവിന് ഗവേഷണ കാലഘട്ടത്തില്‍ മറ്റ് തൊഴിലുകളും കൂലിപ്പണികളും തേടിപ്പോകുന്ന അവസ്ഥയാണുള്ളത്. പാടത്തും പറമ്പിലും ചേറിലും ഒതുങ്ങിക്കൂടിയ ജനതയെ വീണ്ടും പാടത്തേക്കും പറമ്പത്തേക്കും തന്നെ ചൂണ്ടി കാട്ടുന്ന സമീപനമല്ലേ ഇത്? മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം വസ്ത്രം എന്നിവയ്ക്ക് പോലും പണം ഇല്ലാതെ സുഹൃത്തുക്കളില്‍ നിന്നെല്ലാം കടം വാങ്ങി കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഗവേഷക വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച് വരുന്നത്. ഓരോ ഗവേഷണ വിഷയങ്ങളും അതിന്റെ രീതി ശാസ്ത്രം അനുസരിച്ച് സങ്കീർണ്ണമാണ്. അനുഭവജ്ഞാന ഗവേഷണ രീതിശാസ്ത്രം ഉപയോഗിച്ച് കൃത്യമായി ഫീൽഡ് വർക്ക് നടത്തി ദത്തശേഖരണം നടത്തേണ്ട ഒരു ഗവേഷകന് പണം ഇല്ലാത്തതുമൂലം കൃത്യമായ ദത്ത ശേഖരണത്തിനോ, സെമിനാറുകൾ, പേപ്പർ അവതരണങ്ങൾ ഒന്നും തന്നെ ചെയ്യാൻ കഴിയാതെ എങ്ങനെയാണ് ഗവേഷണം ശരിയായ രീതിയിൽ ചെയ്യാൻ കഴിയുക. വർഷങ്ങളോളം ഞങ്ങൾക്ക് അർഹതപ്പെട്ട ഫെലോഷിപ്പ് നൽകാതെ ഞങ്ങളെ ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളുകയല്ലേ ഗവൺമെന്റും ഉദ്യോഗസ്ഥരും ചെയ്യന്നത്? ഇതല്ലേ പുതിയ കാലത്തിലെ സാമൂഹ്യ പുറന്തളളൽ? ''

യു.ജി.സി. ഫെലോഷിപ്പുകള്‍ അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പുകള്‍ എല്ലാം മാസവും വളരെ കൃത്യമായി തന്നെ ഗവേഷകര്‍ക്ക് ലഭിക്കുന്നുണ്ട്. യു.ജി.സി. ഫെലോഷിപ്പിന്റെ 75 % ആണ് സര്‍ക്കാര്‍ എസ്.സി-എസ്.ടി ഫെല്ലോഷിപ്പായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത്. ഫെല്ലോഷിപ്പ് പോലും കൃത്യമായി നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫെല്ലോഷിപ്പ് വര്‍ധനവ് കൂടി ആവശ്യപ്പെടാനാകാത്ത സാഹചര്യത്തിലാണ് തങ്ങളുള്ളതെന്നാണ് വിനയന്‍ പറയുന്നത്. ഫെല്ലോഷിപ്പ് തുക ലഭിക്കാത്ത വിദ്യാര്‍ഥികളെ എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു വാട്‌സ് ഗ്രൂപ്പും ഗവേഷകവിദ്യാര്‍ഥികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി ഫെല്ലോഷിപ്പ് കിട്ടാത്തവരടക്കം ഈ ഗ്രൂപ്പിലുണ്ട്.

2022- 2023 അധ്യയന വര്‍ഷത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ കേരള പഠനവിഭാഗം ഗവേഷണത്തിന് പ്രവേശനം നേടിയ പ്രജീഷിനെ തന്നെ ഉദാഹരണമായെടുക്കാം. ഗവേഷണത്തിന് കയറി പത്ത് മാസത്തോളം കാലം പ്രജീഷിന് ഫെല്ലോഷിപ്പ് തുക കിട്ടിയിരുന്നില്ല. പിന്നീട് പട്ടികജാതി പട്ടികവര്‍ഗ ഓഫീസിലേക്ക് നിരന്തരം വിളിച്ച് അഭ്യര്‍ത്ഥിച്ചിട്ടാണ് ആദ്യത്തെ ഫെല്ലോഷിപ്പ് തുക ലഭിക്കുന്നത്. തുടര്‍ന്നുള്ള മൂന്ന് മാസം കൃത്യമായി ഫെല്ലോഷിപ്പ് ലഭിച്ചെങ്കിലും പിന്നീട് വീണ്ടും തുക കിട്ടാതെയായി.

‘‘ഗവേഷണം നടത്തുന്നതില്‍ സാമ്പത്തികം ഒരു പ്രധാന ഘടകം തന്നെയാണ്. ലൈബ്രറിക്കുള്ളിലെ പുസ്തകങ്ങളില്‍നിന്ന് നേടിയെടുക്കാവുന്ന ഒന്നല്ല ഗവേഷണം.’’

“ഗവേഷണം നടത്തുന്നതില്‍ സാമ്പത്തികം ഒരു പ്രധാന ഘടകം തന്നെയാണ്. ലൈബ്രറിക്കുള്ളിലെ പുസ്തകങ്ങളില്‍ നിന്ന് നേടിയെടുക്കാവുന്ന ഒന്നല്ല ഗവേഷണം. ഫീല്‍ഡ് വര്‍ക്ക് ചെയ്യുന്നതിനും പല ആളുകളുമായി സംസാരിക്കുകയും നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുമൊക്കെ വേണം. ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ തന്നെയാണ് ഇതില്‍ പ്രകടമാകുന്നത്. ഫെല്ലോഷിപ്പിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും നേരിട്ട് ഗവേഷകരുടെ അക്കൗണ്ടിലേക്ക് പണം അയക്കാനുള്ള സംവിധാനത്തിന്റെ ഭാഗമായുള്ള സാങ്കേതിക തകരാറാണെന്നൊക്കെയാണ് തിരുവനന്തുരത്തെ ഓഫീസില്‍ നിന്ന് വിദ്യാര്‍ഥികളെ അറിയിക്കുന്നത്. കേന്ദ്രസര്‍ക്കാരിനോട് ഇ-ഗ്രാന്റ്‌സ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ടെന്നും അതിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നൊക്കെയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞങ്ങളുടെ അടിസ്ഥാന പ്രശ്‌നത്തിന് ഇതുവരെ ഇവര്‍ക്ക് പരിഹാരം കാണാനായിട്ടില്ല”

2023-ല്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ അവസ്ഥയും ഇത് തന്നെയാണ്. അഡ്മിഷനെടുത്ത ശേഷം ഫെല്ലോഷിപ്പ് തുക ഇവര്‍ക്ക് ലഭിച്ചിട്ടില്ല. 2023 ജനുവരിയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ ഗവേഷകയായി ജോയിന്‍ ചെയ്ത് ധന്യയ്ക്കും സമാന അനുഭവം തന്നെയാണ്. അഡ്മിഷെടുത്ത് ഒമ്പത് മാസമായിട്ടും ധന്യയ്ക്ക് ഫെല്ലോഷിപ്പ് തുക ലഭിച്ചിട്ടില്ല.

ധന്യ

“ ഫെല്ലോഷിപ്പ് എന്ന പിന്തുണനാ സംവിധാനത്തില്‍ വിശ്വസിച്ചുകൊണ്ടാണ് നമ്മള്‍ ഗവേഷണം ചെയ്യാനൊരുങ്ങുന്നത്. മറ്റൊരു വിധത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങളും ഞങ്ങള്‍ക്കില്ല. കൃത്യമായിട്ട് ഫെല്ലോഷിപ്പുകള്‍ വിതരണം ചെയ്യപ്പെടുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. കൂടാതെ വാര്‍ഷികമായി ഫണ്ട് പാസ്സാകുന്നതും പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഫെല്ലോഷിപ്പ് കിട്ടുന്നതുമായി ബന്ധപ്പെട്ട് നമ്മള്‍ ഇതിന്റെ പിന്നാലെ നടക്കേണ്ട സാഹചര്യമാണുള്ളത്. ഞങ്ങളുടെ ജോലി ഗവേഷണം ചെയ്യുകയെന്നതാണ്. ഭരണസംവിധാനത്തിന്റെ ജോലിയാണ് ഞങ്ങള്‍ക്ക് ഫെല്ലോഷിപ്പ് തുക കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത്. ഫെല്ലോഷിപ്പുമായി ബന്ധപ്പെട്ട് എന്‍ക്വയറി നടത്താറുണ്ട്. ആ സമയത്തൊക്കെ ടെക്‌നിക്കല്‍ കാരണങ്ങള്‍ പറയാറാണ പതിവ്. ചിലപ്പോള്‍ ഫണ്ട് വന്നിട്ടില്ലെന്നും ഓഫീസര്‍ ലീവാണെന്നൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞു ഒഴിവാക്കും.”

‘‘പണമില്ലാത്തതുമൂലം കൃത്യമായ ദത്തശേഖരണമോ, സെമിനാറുകൾ, പേപ്പർ അവതരണങ്ങളോ ചെയ്യാൻ കഴിയുന്നില്ല. പിന്നെ എങ്ങനെയാണ് ഗവേഷണം ശരിയായ രീതിയിൽ ചെയ്യാൻ കഴിയുക. അർഹതപ്പെട്ട ഫെലോഷിപ്പ് നൽകാതെ ഞങ്ങളെ ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളുകയല്ലേ ഗവൺമെന്റും ഉദ്യോഗസ്ഥരും ചെയ്യന്നത്? ഇതല്ലേ പുതിയ കാലത്തിലെ സാമൂഹ്യ പുറന്തളളൽ? ''

ഗവേഷണ പഠനത്തോടൊപ്പം തന്നെ കുടുംബത്തിന്റെ ആശ്രയമായി നില്‍ക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ഫെല്ലോഷിപ്പ് കിട്ടാതാവുന്നതിലൂടെ ഇവര്‍ പഠനം നിര്‍ത്തി മറ്റ് തൊഴിലുകള്‍ അന്വേഷിച്ചുപോകേണ്ട സ്ഥിതിയാണുള്ളത്.

പട്ടികജാതി- പട്ടികവര്‍ഗ കമീഷന്റെ ഇടപെടൽ

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഗവേഷകരുടെ ഫെല്ലോഷിപ്പ് മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ഗോത്രകമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ പതിനൊന്ന് മാസത്തോളം ഫെല്ലോഷിപ്പ് മുടങ്ങിയത് സംബന്ധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പട്ടികജാതി പട്ടികവര്‍ഗ ഡയറക്ടര്‍മാര്‍ക്കും എല്ലാം സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങളറിയാന്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനുമായി ട്രൂകോപി തിങ്ക് ബന്ധപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ഓഫീസിലെത്തിയിട്ടുണ്ടെന്നും അത് ഫയല്‍ ചെയ്ത് ചെയര്‍മാന്‍ പരിശോധിച്ചതിന് ശേഷം മാത്രമേ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടാനാകുവെന്നാണ് എസ്.സി- എസ്.ടി ഓഫീസ് രജിസ്ട്രാര്‍ പറഞ്ഞത്.

റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തങ്ങള്‍ക്കും ലഭ്യമായിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എസ്.സി- എസ്.ടി കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് മാത്രമേ ഗവേഷകര്‍ക്ക് അറിഞ്ഞിട്ടുള്ളു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ആര്‍.ടി.ഐ കൊടുക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് ഗവേഷകര്‍ പറയുന്നത്. വിഷയത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിഞ്ഞിട്ടും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ഇതുവരെ മുടങ്ങി കിടക്കുന്ന ഫെല്ലോഷിപ്പുകള്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു. മുടങ്ങിക്കിടക്കുന്ന തുക വിദ്യാര്‍ഥികള്‍ക്ക് ലഭിക്കത്തെടുത്തോളം കാലം ഈ അനേഷണം തൃപ്തികരമായ ഒന്നായി കരുതില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

സർക്കാർ പദ്ധതികളുണ്ട്, പ്രായോഗികമല്ല

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമേ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പുതിയ തലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാകൂവെന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ലക്ഷ്യ സാക്ഷാത്ക്കാരത്തിന് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനാകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയും അവ പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ ഉന്നതിയിലേക്ക് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തുന്നതിനുമായുള്‌ള സമഗ്ര പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇത് പ്രകാരം ഗവണ്‍മെന്റ് നിശ്ചയിച്ച എല്ലാ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.

രണ്ട് തലങ്ങളായാണ് പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ വിതരണം ചെയ്യുന്നത്.

1) സംസ്ഥാന സര്‍ക്കാര്‍ / യൂണിവേഴ്‌സിറ്റി / സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികള്‍/ ഫിഫിക്‌സേഷന്‍ കമ്മിറ്റി തുടങ്ങിയവ നിശ്ചയിച്ച നിരക്കിലുള്ള ട്യൂഷന്‍ ഫീസ്, പരീക്ഷാഫീസ്, സ്‌പെഷ്യല്‍ ഫീസ് എന്നിവ ഉള്‍പ്പെടുന്ന Compulsory Non Refundable Fees,

2) സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലുള്ള സ്‌റ്റേറ്റ് അക്കാദിക്ക് അലവന്‍സ്.

ഫെല്ലോഷിപ്പ് നിരക്കിന്റെ കാര്യമെടുത്താൽ; Phd, Mphil, Mtech, MiIt തുടങ്ങിയ കോഴ്‌സുകളില്‍ യു.ജി.സി / ഗേറ്റ് പാസാകാത്തവർക്ക് യു.ജി.സി കാലാകാലങ്ങളില്‍ അനുവദിക്കുന്ന തുകയുടെ 75% നിരക്കില്‍ ഫെലോഷിപ്പും കണ്ടിൻജെന്റ് ഗ്രാന്റും സംസ്ഥാന ധനസഹായമായി അനുവദിക്കാമെന്ന വ്യവസ്ഥയുണ്ട്. ഫെലോഷിപ്പ് കണ്ടിൻജെന്റ് ഗ്രാന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സേറ്ററ്റ് അക്കാദമിക്ക് ലഭിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ ഫെലോഷിപ്പ്, കണ്ടിൻജെന്റ് ഗ്രാന്റ് എന്നിവയുടെ 75% നിരക്കിലുള്ള തുക നല്‍കുന്നതാണ്. Mphil, Phd തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഫെല്ലോഷിപ്പും കണ്ടിജന്റ് ഗ്രാന്റും ലഭിക്കുന്നതിനുള്ള പ്രായപരിധി 40 വയസ്സും ആനുകൂല്യം ലഭിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 45 വയസ്സുമാണ്. കൂടാതെ കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫ്രീഷിപ്പ് കാര്‍ഡും അനുവദിക്കുന്നുണ്ട്. ഇത് പ്രകാരം സ്ഥാപനങ്ങള്‍ ഈ ഫ്രീഷിപ്പ് കാര്‍ഡ് അനുവദിക്കുന്നതാണ്. സ്ഥാപനങ്ങള്‍ ഈ ഫ്രീഷിപ്പ് കാര്‍ഡ് അംഗീകരിച്ച് മുന്‍കൂര്‍ ഫീസ് വാങ്ങാതെ ഫീസ് നല്‍കണമെന്നൊക്കെയാണ് വ്യവസ്ഥയുള്്‌ളത്. വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളെക്കുറിച്ച് പട്ടിക ജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രസിദ്ധീകരണമായ ഉന്നതിയിലും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ച് സര്‍ക്കാര്‍ ആസൂത്രിതമായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പക്ഷേ പദ്ധതി ആവിഷ്‌കരണത്തോടൊപ്പം അതിന്റെ നിര്‍വ്വഹണത്തിലും പ്രായോഗികതയിലും സര്‍ക്കാര്‍ വലിയ ശ്രദ്ധ നല്‍കുന്നില്ലെന്നാണ് ഫെല്ലോഷിപ്പ് തുക മുടങ്ങിക്കിടക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാര്‍ ഈ മനോഭാവം മാറ്റണമെന്നും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നെ നടപടിയെടുക്കാന്‍ ശ്രമിക്കണമെന്നാണ് ആദിവാസി ആക്ടിവിസ്റ്റായ സി.കെ. ജാനു പറയുന്നത്:

സി.കെ ജാനു

“ പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഈ ഫെല്ലോഷിപ്പുകളെ ആശ്രയിച്ചാണ് ഗവേഷണത്തിന് ചേരുന്നത്. ഫെല്ലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളുമല്ലാതെ ഗവേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള സാമ്പത്തിക സ്രോതസ്സോ ബദല്‍ സംവിധാനങ്ങളോ ഇവര്‍ക്കില്ല. ഈ തുക കിട്ടാതാകുന്നതിലൂടെ അവരുടെ വിദ്യാഭ്യാസം പോലും പാതിവഴിയില്‍ മുടങ്ങുകയാണ്. എത്രയോ പേര്‍ അത്തരത്തില്‍ സ്‌കൂളുകളിലും സര്‍വകലാശാലകളില്‍ നിന്നും ഡ്രോപ് ഔട്ട് ആയിട്ടുണ്ട്. വിദ്യാഭ്യാസം മുന്നോട്ടുപോകുന്നതിന് പര്യാപതമായ സാമ്പത്തിക പിന്തുണയില്ലെങ്കില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല. പഠിക്കണമെന്നാഗ്രഹമുള്ള വിദ്യാര്‍ഥികള്‍ പോലും ഇതോടെ കൂലിപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം തുടരണമെങ്കില്‍ ഈ ഫെല്ലോഷിപ്പ് നിര്‍ബന്ധമായതുകൊണ്ടാണ് അവര്‍ ഈ സംവിധാനത്തെ ആശ്രയിക്കുന്നത്. പക്ഷേ അതിനെ ചൂഷണം ചെയ്യാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഈ മനോഭാവത്തിന് എത്രയും പെട്ടെന്ന് മാറ്റമുണ്ടാകണം.”

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചുവരികയാണ്. 2010 മുതല്‍ 2020 വരെയുള്ള പത്തുവര്‍ഷത്തിൽ 18,408 വിദ്യാര്‍ഥികളാണ് പഠനം പാതിവഴിയില്‍ നിര്‍ത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് മുന്നോട്ടുവരാനുള്ള സാമ്പത്തികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കിയാലേ കൊഴിഞ്ഞുപോക്ക് കുറയ്ക്കാന്‍കഴിയൂ. പട്ടികജാതി പട്ടികവര്‍ഗ ഉന്നമനത്തിന് നിരവധി ഫണ്ടും പദ്ധതികളുമുണ്ടെന്നും എന്നാല്‍ ആവശ്യക്കാര്‍ അത് പ്രയോജനപ്പെടുന്നില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ ഇത്തരതില്‍ മുന്നോട്ടുവരുന്ന ആളുകളാണ് വിവേചനം അനുഭവിക്കുന്നത്. ഒരു സ്റ്റേറ്റില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. ഇതിനു ശ്രമിക്കാതെ ഈ വിഭാഗത്തെ പിന്നാക്കാരായി തന്നെ നിലനിര്‍ത്തുന്നതിന് ഭരണകൂടത്തിന്റെ ബോധപൂര്‍വ ഇടപെടലുണ്ടോയെന്ന് സംശയിക്കേണ്ടി വരികയാണെന്നും സി.കെ. ജാനു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

ആദിവാസി വിദ്യാര്‍ഥികളുടെ ഡ്രോപ്പൗട്ട്

പട്ടികജാതി- പട്ടികവര്‍ഗ ഗവേഷകരുടെ പ്രശ്‌നത്തോടൊപ്പം, ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ആദിവാസി വിദ്യാര്‍ത്ഥികളുടെ ഡ്രോപ്പൗട്ട്. ആദിവാസി വിഭാഗത്തില്‍ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് നടത്തുന്ന പദ്ധതികളൊന്നും പ്രായോഗികാര്‍ത്ഥത്തില്‍ ഗുണകരമാകുന്നില്ലെന്നാണ് ആദിവാസി വിദ്യാര്‍ഥികളുടെ വര്‍ദ്ധിച്ചുവരുന്ന ഡ്രോപ്പൗട്ടുകളിലും തെളിഞ്ഞുകൊണ്ടിരിക്കുന്നത്. 2010 മുതല്‍ 2020 വരെയുള്ള പത്തുവര്‍ഷത്തിൽ 18,408 വിദ്യാര്‍ഥികളാണ് പഠനം പാതിവഴിയില്‍ നിര്‍ത്തിയത്. ആദിവാസി വിദ്യാര്‍ഥികളുടെ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കി അത് പരിഹരിക്കുന്നതിന് പകരം സര്‍ക്കാര്‍ പദ്ധതികളിലേക്ക് ഈ വിദ്യാര്‍ഥികളെ കുത്തിക്കയറ്റി പ്രശ്‌ന നിര്‍മ്മാജനത്തിന് ശ്രമിക്കുന്നത് തന്നെയാണ് ഈ കൊഴിഞ്ഞുപോക്കലുകളുടെകണക്കുകള്‍ വര്‍ധിപ്പിക്കുന്നത്.

ആദിവാസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കായി സർക്കാർ ആവിഷ്കരിച്ച ഗാേത്രബന്ധു പദ്ധതിയുടെ ഭാഗമായ ക്ലാസ് മുറികളിലൊന്ന് / Photo: Muhammad Hanan

സ്കൂളുകളിൽ ആദിവാസി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനപ്പുറം അവര്‍ അവിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയാനോ, മനസ്സിലാക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ആദിവാസി വിദ്യാര്‍ഥികളെ കൂടി പരിഗണിക്കുന്ന നിലയില്‍ സിലബസ് പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ആദിവാസി വിഭാഗത്തിന്റെ സംസ്‌ക്കാരവും ഭാഷയും ഉള്‍ച്ചേര്‍ത്താണ് അവരെ മുഖ്യധാരാവത്ക്കരിക്കേണ്ടത്. പക്ഷേ ഇത് തിരിച്ചറിയാതെ പൊതുസമൂഹത്തിന്റെ ചട്ടക്കൂടുകളിലേക്ക് അവരെ ഒതുക്കിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഫലമായി സ്‌കൂള്‍ കാലഘട്ടം മുതലേ തങ്ങളുടെ സമുദായത്തെക്കുറിച്ചുള്ള പരിഹാസങ്ങളും അവഗണനകളും അവര്‍ നിരന്തരം നേരിടേണ്ടി വരുന്നു. സ്‌കൂളുകളില്‍ അദ്ധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയില്ലാതെയാകുമ്പോള്‍ പഠനം നിര്‍ത്താമെന്ന തീരുമാനത്തിലേക്ക് എത്തപ്പെടുന്നു. സ്‌കൂള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെ നീളുന്ന ഈ വംശീയതയെ ഇനിയും തുടര്‍ന്നുപോകുന്നതില്‍ അ്ര്‍ത്ഥമില്ല. വ്യവസ്ഥാപിതമായ കാര്യങ്ങളില്‍ നിന്ന് തന്നെ ഈ വിഷയങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്.

അടിയന്തര ഇടപെടൽ അനിവാര്യം

പതിനൊന്ന് മാസമായി മുടങ്ങിക്കിടക്കുന്ന ഫെല്ലോഷിപ്പ് തുകയെക്കുറിച്ച് ഗവേഷകര്‍ പരാതിപ്പെട്ടിട്ടും പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഭരണകൂട അനാസ്ഥ തന്നെയാണ് വ്യക്തമാകുന്നത്. വാര്‍ഷികമായി ഇപ്പോള്‍ ലഭിക്കുന്ന തുക ഗവേഷണം പൂര്‍ത്തിയാക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഫെല്ലോഷിപ്പ് പോലും കൃത്യമായി നല്‍കാത്ത ഭരണകൂടത്തോട് എങ്ങനെയാണ് തുക വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇവര്‍ സംസാരിക്കുക. ഗവേഷക വിദ്യാര്‍ഥികള്‍ നേരിടുന്ന ഈ ഗുരുതരമായ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടലുകല്‍ നടത്താന്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ശ്രമിക്കേണ്ടതുണ്ട്. വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഫെല്ലോഷിപ്പ് തുകയുടെ അപര്യാപ്തത മനസ്സിലാക്കി കൃത്യമായി മാസം തോറും ഫെല്ലോഷിപ്പ് തുക ഗവേഷകര്‍ക്ക് നല്‍കുന്ന രീതിയിലുള്ള ഇടപെടല്‍ നടത്താന്‍ എസ്.സി- എസ്.ടി കമീഷന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാവേണ്ടുന്നതുണ്ട്.

പട്ടിക ജാതി-പട്ടിക വര്‍ഗ വകുപ്പുമന്ത്രിക്ക് പരാതി നല്‍കിയിട്ടും മന്ത്രിയെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുപോലും പരിഹാരമുണ്ടായില്ലെന്നാണ് ഗവേഷകര്‍ ആരോപിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പട്ടികജാതി- പട്ടികവര്‍ഗ കമീഷന് കിട്ടിയ റിപ്പോര്‍ട്ട് പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ശ്രമിക്കേണ്ടതുണ്ട്. ഈ നടപടികള്‍ കൈകൊള്ളാന്‍ വൈകും തോറും ഗവേഷകരുടെ പഠന കാലയളവ് കൂടുല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പട്ടികജാതി -പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്കിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. അത് ഏറ്റെടുത്ത് തന്നെ പദ്ധതികളില്‍ സാധ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

Comments