Photo: theindiantribal.com

വിദ്യാഭ്യാസത്തിലെ സാമൂഹിക നീതിയെക്കുറിച്ച് ചർച്ചയില്ലാത്തതെന്ത്?

എസ്.എസ്.എൽ.സിക്ക് പൊതുവിഭാഗത്തിൽ A പ്ലസ് നേടുന്നവർ 28.15%-മാണ്. പട്ടികജാതി വിഭാഗത്തിൽ ഇത് 6.65%-വും പട്ടികവർഗ വിഭാഗത്തിൽ ഇത് വെറും 2.47%-വുമാണ്. കേരള സമൂഹം കഴിഞ്ഞ ഏഴ് ദശാബ്ദം കൊണ്ടുണ്ടാക്കിയ സാമൂഹ്യനീതിയാണ് നമ്മളീ കാണുന്നത്- പ്രമോദ് പുഴങ്കര എഴുതുന്നു.

എസ്.എസ്.എൽ.സി എഴുത്തുപരീക്ഷ ജയിക്കാൻ എല്ലാ വിഷയത്തിലും 30% മാർക്ക് നേടണമെന്ന നിബന്ധന കൊണ്ടുവരാൻ സർക്കാർ ആലോചിക്കുകയാണ്. ഉയർന്ന വിജയശതമാനവും വിദ്യാർത്ഥികളുടെ അറിവുനിലവാരവും തമ്മിൽ വാസ്തവത്തിൽ വലിയ പൊരുത്തക്കേടുകളുണ്ട് എന്ന ആക്ഷേപം വ്യാപകമായതിനെത്തുടർന്നാണിത്. അതിന്റെ പരിഹാരം അവസാന പരീക്ഷയിൽ ‘കടക്ക് പുറത്ത്’ എന്ന് പറയുകയാണോ അതോ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവമായ തുറന്ന അന്വേഷണങ്ങളും നടപടികളും വിദ്യാഭ്യാസ സംവിധാനത്തിന്റെ നടത്തിപ്പിൽ അടിസ്ഥാനപരമായ സമീപനമാറ്റങ്ങളടക്കം കൊണ്ടുവരികയാണോ എന്ന ചർച്ച ബാക്കി നിൽക്കുന്നു.

ഈ വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എതിരഭിപ്രായം ഉന്നയിച്ചത് മറ്റൊരു പ്രശ്നം ഉയർത്തിയാണ്. സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് ഈ നീക്കം വലിയ തിരിച്ചടിയാകുമെന്നാണ് പരിഷത്ത് ഉന്നയിക്കുന്ന പ്രശ്നം. അക്കാര്യത്തിൽ തികച്ചും ന്യായമാണത്. എന്നാലത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ കടുത്ത വർഗ, ജാതി വിവേചനങ്ങളുടെ യാഥാർത്ഥ്യത്തെ പ്രശ്നവത്ക്കരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവാദമായി മാറേണ്ടതുണ്ട്.

representative image

SSLC പരീക്ഷ ജയിക്കാൻ D പ്ലസ് ഗ്രേഡ് നേടണം. 2024-ൽ പട്ടിക ജാതി വിഭാഗത്തിൽ D പ്ലസ് ഗ്രേഡ് മാത്രം നേടി ജയിച്ചവർ 18.34%-വും പട്ടിക വർഗ വിഭാഗത്തിൽ 26.75%-വുമാണ്. പൊതുവിഭാഗത്തിൽ 4.3% മാത്രമാണ് D പ്ലസ് ഗ്രേഡിൽ ഒതുങ്ങി ജയിക്കുന്നവർ. പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങളും പൊതുവിഭാഗങ്ങളും തമ്മിൽ എങ്ങനെയാണ് നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്ത് അതിഭീകരമായ അന്തരം നിലനിൽക്കുന്നതെന്ന് ഈ കണക്കിൽനിന്ന് വ്യക്തമാണ്.

പൊതുവിഭാഗത്തിൽ A പ്ലസ് നേടുന്നവർ 28.15%-മാണ്. പട്ടികജാതി വിഭാഗത്തിൽ ഇത് 6.65%-വും പട്ടികവർഗ വിഭാഗത്തിൽ ഇത് വെറും 2.47%-വുമാണ്. കേരള സമൂഹം കഴിഞ്ഞ ഏഴ് ദശാബ്ദം കൊണ്ടുണ്ടാക്കിയ സാമൂഹ്യനീതിയാണ് നമ്മളീ കാണുന്നത്. കേരളത്തിലെ എല്ലാ വികസന യജ്ഞങ്ങളിൽ നിന്നും ഒരു പ്രാതിനിധ്യവും അർഹമായ പരിഗണനയുമില്ലാതെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെ മാറ്റിനിർത്തുന്നു എന്നതാണ് വസ്തുത. വിദ്യാഭ്യാസമേഖല ഇതിന്റെ ഏറ്റവും ഭീകരമായ ജാതി, വർഗ വിവേചനത്തിന്റെ പുളയ്ക്കുന്ന സാക്ഷ്യമാണ്.

കേരളത്തിലെ സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ശമ്പളച്ചെലവെല്ലാം സർക്കാർ വഹിക്കുകയും സ്വകാര്യ മാനേജ്‌മെന്റുകൾ മത, ജാതി അടിസ്ഥാനത്തിൽ കോഴ വാങ്ങി നിയമനം നടത്തുകയും ചെയ്യുന്നത് നിർബാധം തുടരുകയാണ്. ഇത്തരം മത, ജാതിക്കോളനികളിൽ എങ്ങനെയെങ്കിലും കയറിപ്പറ്റുന്നവരാണ് പിന്നീട് മലയാളികളെ നവോത്ഥാനവും വിപ്ലവവും ഉദ്ബോധിപ്പിക്കുന്ന സാംസ്ക്കാരിക നായികാനായകന്മാരാകുന്നത് എന്ന ക്രൂരമായ തമാശ വേറെയുണ്ട്. കേരളത്തിലെ എയ്ഡഡ് കോളേജുകളിൽ (മൊത്തം കോളേജുകളുടെ 78%) 11,958 ജീവനക്കാരിൽ 65 പേരാണ് (2014-15) പട്ടിക ജാതി, പട്ടിക വർഗ്ഗത്തിൽ നിന്നുള്ളത് (0.54%). സംസ്ഥാനത്തെ 1990 എയ്ഡഡ് സ്‌കൂളുകളിൽ 1,11,024 പേർ അദ്ധ്യാപകരായി ജോലി ചെയ്യുന്നു. ഈ സ്ഥാപനങ്ങളിൽ 657 പേർ മാത്രമാണ് SC/ST വിഭാഗങ്ങളിൽ നിന്നുള്ളത്. മൊത്തം അദ്ധ്യാപകരുടെ അര ശതമാനം പോലുമില്ല പ്രാതിനിധ്യം. 1429 ഹൈസ്ക്കൂളുകളിലെ 38,442 അദ്ധ്യാപക, അനദ്ധ്യാപകരിൽ SC/ST വിഭാഗത്തിൽ നിന്നുമുള്ളവർ വെറും 86 പേരാണ്. അതായത് 0.17% മാത്രം. പൊതുഖജനാവിൽ നിന്ന് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന ഇടങ്ങളിൽ പട്ടിക ജാതി, പട്ടിക വർഗ്ഗക്കാരെ ഏതാണ്ട് പൂർണ്ണമായും ഒഴിച്ചുനിർത്തുന്ന ഈ നാട്ടിൽ ആ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠനനിലവാരം സംബന്ധിച്ച എന്തെങ്കിലും ആകുലത പ്രശ്നമാകില്ല എന്നതാണ് വസ്തുത.

പട്ടിക ജാതി, പട്ടിക വർഗ വിദ്യാർത്ഥികളെ പഠനത്തിൽ പിന്നോട്ടടിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് എന്തെങ്കിലുമൊരു ആകുലതയോ അതിനെതിരായ ക്രിയാത്മക പ്രതിഷേധമോ ഇടപെടലോ ഉണ്ടാകുന്നുണ്ടോ?

തങ്ങളെ മറികടന്ന് ഒരിഞ്ചു പോലും മുന്നോട്ടുപോകാൻ കഴിയാത്ത വിധത്തിൽ ശക്തമായ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകളാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുള്ളത്. പട്ടിക ജാതി, പട്ടിക വർഗ വിദ്യാർത്ഥികളെ ഇത്തരത്തിൽ പഠനത്തിൽ പിന്നോട്ടടിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് എന്തെങ്കിലുമൊരു ആകുലതയോ അതിനെതിരായ നിരന്തരമായ ക്രിയാത്മക പ്രതിഷേധമോ ഇടപെടലോ ഇവരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടോ? ഇല്ല എന്നാണുത്തരം. വിദ്യാഭ്യാസമേഖലയിലെ കാതലായ ഒരു പ്രശ്നത്തിലും ഒരു സംഭാവനയും നൽകാത്ത, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പതിനാറാം തരം അനുകരണ ഉത്പ്പന്നങ്ങൾ പുളയ്ക്കുന്ന ചവറുകുഴികളാണ് ഇത്തരത്തിലുള്ള മിക്ക സംഘടനകളും.

പ്രാഥമികമായി ഈ വിഷയത്തിൽ ഉത്തരം പറയേണ്ട, അതിൽ ഇടപെടേണ്ട അദ്ധ്യാപക സംഘടനകളും മൊത്തത്തിൽ അദ്ധ്യാപകരും എന്താണ് ചെയ്യുന്നത്?അവർ ചെയ്യുന്നതാണ് നമ്മളീ കണ്ട SC/ST വിദ്യാർത്ഥികളുടെ വിജയശതമാനത്തിലെയും ഗ്രേഡിലേയും കണക്കുകൾ.

ഈ പ്രശ്നം 2024-ൽ മാത്രമായി ഉണ്ടായതല്ല. എത്രയോ കാലമായി തുടരുന്നതാണ്. ഇത് പരിഹരിക്കാൻ കഴിഞ്ഞ എട്ടു വർഷത്തെ ഇടതുമുന്നണി സർക്കാരിന് ഒരു പദ്ധതിയുണ്ടാക്കിയിരുന്നെങ്കിൽ അന്ന് രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടികൾ ഇന്നിപ്പോൾ ഈ ഗതികേടിൽ ഉണ്ടാകുമായിരുന്നില്ല. പൊതു വിഭാഗത്തിൽപ്പെട്ടവരും OBC വിഭാഗത്തിൽപ്പെട്ടവരുമായ വിദ്യാർത്ഥികളുടെ പല തലങ്ങളിലുള്ള സാമൂഹ്യ മൂലധനമില്ലാത്ത പാർശ്വവത്കൃതരായ വിദ്യാർത്ഥികളോട് കടുത്ത വിവേചനമാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ കാണിക്കുന്നത് എന്നതിന്റെ സാക്ഷ്യമാണ് ഈ കണക്കുകൾ.

കേരളത്തിലെ വിദ്യാഭ്യാസ മേഖല ഭീകരമായ വർഗ, ജാതി വിവേചനത്തിന്റെ Concentration camp-കളാണ്.

‘അന്താരാഷ്ട്ര നിലവാരത്തിലുയർത്തിയ പൊതു വിദ്യാലയങ്ങളിലോ’ എന്തിന്, സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലോ പഠിപ്പിക്കാതെ മുഖ്യമന്ത്രിയുടെ കൊച്ചുമകനെയും പഴയ വിദ്യാർത്ഥി നേതാവും വിപ്ലവ സൈദ്ധാന്തികനുമായ വ്യവസായമന്ത്രിയുടെ മകളെയും ആരോഗ്യമന്ത്രിയടക്കമുള്ള പുത്തൻ വർഗ നേതാക്കളുടെ മക്കളേയും കനത്ത ഫീസുള്ള, വൻകിട സ്വകാര്യ വിദ്യാലയങ്ങളിലയക്കുന്നത് തങ്ങളുടെ മക്കൾ പട്ടിക ജാതിക്കാരടക്കമുള്ള ദരിദ്ര മനുഷ്യരെ തൊട്ടുതീണ്ടാതെ പഠിക്കാൻകൂടി വേണ്ടിയാണ്. ഈ നവകേരള അയിത്തത്തിന്റെ ബാക്കിയാണ് നമ്മളീ കണ്ട കണക്കുകൾ.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഇത്ര ഭീകരമായ രീതിയിൽ വർഗ, ജാതി വിവേചനത്തിന്റെ Concentration camp-കളാക്കി നിലനിർത്തുന്നതിൽ തങ്ങളുടെ വ്യാജ പുരോഗമന വാചകമടിയിലൂടെ ഇതേ സംവിധാനത്തിന് ഒളിസേവ ചെയ്യുന്ന വിദ്യാർത്ഥി, അദ്ധ്യാപക സംഘടനകളുടെ പങ്ക് നിസ്സാരമല്ല. മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം അതിന്റെ നടത്തിപ്പുകാരാണ്. കേരളത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയത്തിൽ മകളെ പഠിപ്പിക്കുന്ന വ്യവസായമന്ത്രി ഊറ്റം കൊണ്ടത് മകൾ ഐക്യരാഷ്ട്ര സഭയിൽ ഒരു പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നാണ്. കേരളത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ സാധാരണക്കാരായ പതിനായിരക്കണക്കിന് പട്ടികജാതി / വർഗ വിദ്യാർത്ഥികളും പൊതുവിഭാഗത്തിൽത്തന്നെയുള്ള സാമ്പത്തിക ശേഷി കുറഞ്ഞവരുമായ വിദ്യാർത്ഥികളും നിങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യ അവഗണനയുടെ ബാക്കിയായി ഭേദപ്പെട്ട വിദ്യാഭ്യാസം പോലും ലഭിക്കാതെ ഗതികേടിലേക്ക് നിഴലുകളെപ്പോലെ മായുമ്പോൾ അവരുടെ തലക്കുമുകളിൽ ഇത്തരം പൊങ്ങച്ചം വിളമ്പാനുള്ള ആത്മവിശ്വാസമാണ് ഈ ജനതയുടെ ചരിത്രസന്ധിയിലെ തോൽവി.

കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തോടൊപ്പം കേരളത്തിലെ അദ്ധ്യാപകരും അദ്ധ്യാപക സംഘടനകളും ഈ പ്രശ്നത്തിൽ സാമൂഹ്യ വിചാരണ ചെയ്യപ്പെടണം.

Comments