ചോരുന്ന വിദ്യാർഥികളെ ചേർത്തുപിടിക്കാൻ പൊതുവിദ്യാലയങ്ങൾ എന്തുചെയ്യണം?

കേരളത്തിൽ പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഈ വർഷം കുറവുണ്ടായി. സമീപവർഷങ്ങളിലെ പടിപടിയായുള്ള വർധനക്ക് വിപരീതമായ പ്രവണതയായിരുന്നു ഇത്. പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു സൂചകമായി ഇതിനെ എടുത്തുകൊണ്ട്, വിദ്യാഭ്യാസം രംഗത്തുണ്ടാകുന്ന മാറ്റങ്ങളെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നടത്തിപ്പിലുണ്ടായ പ്രശ്നങ്ങളെയും വിശകലനം ചെയ്യുന്നു.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണം ഈ വർഷം കുറഞ്ഞു. സർക്കാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെതുടർന്ന്, 2017-നുശേഷം വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ പടിപടിയായ വർധനവാണ് ഇല്ലാതായത്.

ഈ വർഷം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 94,639 കുട്ടികളുടെ കുറവാണുണ്ടായത്. കഴിഞ്ഞ വർഷം 34,99,363 കുട്ടികളുണ്ടായിരുന്നതായി നിയമസഭയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നു. ഇത്തവണ അത് 34,04,724 ആയി കുറഞ്ഞു. ഒന്നാം ക്ലാസിൽ മാത്രം 10,164 കുട്ടികളാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം 2,68,313 കുട്ടികൾ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസിലെത്തിയെങ്കിൽ ഇത്തവണ അത് 2,58,149 പേരായി കുറഞ്ഞു. അൺ എയ്ഡഡ് കൂടി ചേർത്താൽ ഇക്കൊല്ലം സംസ്ഥാന സിലബസിലുള്ള ഒന്നാം ക്ലാസ് വിദ്യാർഥികളുടെ എണ്ണം 2,98,067. കഴിഞ്ഞ വർഷം ഇത് 3,03,168.

Representative image
Representative image

അതേസമയം, രണ്ടു മുതൽ പത്തു വരെ ക്ലാസുകളിൽ ഇത്തവണ 42,059 കുട്ടികൾ പുതുതായി പ്രവേശനം നേടി. കഴിഞ്ഞ വർഷം 1,19,970 പേർ പുതുതായി ചേർന്നിരുന്നു. അതായത്, ഈ വർഷം 77,911 കുട്ടികളുടെ കുറവ്.

പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെയാകുന്നത് സമീപ വർഷങ്ങളിൽ ഇതാദ്യമാണ്. 2021- 22ൽ 3,48,741 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. രണ്ടു വർഷത്തിനിടെ അര ലക്ഷത്തിലേറെ കുട്ടികളുടെ കുറവ്.

പുതുതായി ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത് എട്ടാം ക്ലാസിലാണ്, 17,011. അഞ്ചിൽ 15,529 കുട്ടികൾ പുതുതായെത്തി. സർക്കാർ- എയ്ഡഡ് സ്‌കൂളുകളിലായി മൊത്തം 34,04,724 കുട്ടികളുണ്ട്. ഇക്കൊല്ലം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായി 37,46,647 കുട്ടികൾ പഠിക്കുന്നതായി ആറാം പ്രവൃത്തിദിന കണക്കെടുപ്പിൽ വ്യക്തമായി.

സർക്കാർ സ്‌കൂളുകളിൽ കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിലും എയ്ഡഡ് മേഖലയിൽ പാലക്കാട് ഒഴികെയുള്ള ജില്ലകളിലും കുട്ടികൾ കുറഞ്ഞു. ജില്ല തിരിച്ചുള്ള കണക്കിൽ കൂടുതൽ കുട്ടികൾ മലപ്പുറത്തും (20.73 ശതമാനം കുറവ്) കുറവ് പത്തനംതിട്ടയിലുമാണ് (2.21 ശതമാനം).

പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ കുറഞ്ഞപ്പോൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ വർധനവുണ്ട്. അൺ എയ്ഡഡിൽ ഒന്നാം ക്ലാസിൽ 2022-ൽ 34,866 പേരാണ് ചേർന്നതെങ്കിൽ ഈ വർഷം അത് 39,918 ആയി ഉയർന്നു.

2017 മുതൽ 2021 വരെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നവരുടെ എണ്ണം കൂടിവരികയായിരുന്നു. ഒപ്പം, അൺ എയ്ഡഡിൽ കുറയുകയും ചെയ്തിരുന്നു. ഈ പ്രവണതക്കാണ് ഇത്തവണ മാറ്റമുണ്ടായത്.

പൊതുവിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലാകുകയും അൺ എയ്ഡഡ് വിദ്യാലയങ്ങൾ കൂണുപോലെ മുളച്ചുപൊന്തി വിദ്യാഭ്യാസ മേഖലയിലെ സന്തുലിതാവസ്ഥ തകിടം മറിയുകയും ചെയ്ത സന്ദർഭത്തിലാണ്, 2017 ജനുവരി 27ന് സർക്കാർ മുൻകൈയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടു. 200 കോടി രൂപ ബജറ്റിൽ വകയിരുത്തി. കെട്ടിട നിർമാണത്തിനും ഹൈ ടെക് ഉപകരണങ്ങൾവാങ്ങാനും കിഫ്ബി വഴി 3000 കോടി രൂപ മാറ്റിവച്ചു. സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകങ്ങൾ കിട്ടാത്ത സ്ഥിതി മാറി, പകരം, തലേ വർഷം പരീക്ഷ കഴിഞ്ഞ് സ്‌കൂൾ പൂട്ടുന്ന സമയത്തുതന്നെ അവ വിതരണം ചെയ്തു. പി.ടി.എകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ക്രിയാത്മക ഇടപെടലുകൾ കൂടുതൽ വികേന്ദ്രീകൃതമായ അക്കാദമികാന്തരീക്ഷത്തിനുള്ള സാഹചര്യമൊരുക്കി. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി സവിശേഷമായ പഠനപരിശീലനങ്ങൾ തദ്ദേശീയമായി തന്നെ ആവിഷ്‌കരിക്കപ്പെട്ടു. സാമൂഹ്യപരമായി പിന്നാക്കമാക്കപ്പെട്ട പ്രദേശങ്ങളിലുള്ള വിദ്യാലയങ്ങളുടെ വിജയശതമാനം കഴിഞ്ഞവർഷങ്ങളിൽ സ്വാഭാവികമായും മെച്ചപ്പെട്ടത് ഇൻക്ലൂസീവായ പഠന പരിശീലനങ്ങളിലൂടെയാണ്.

ഇത്, പൊതുവിദ്യാലയങ്ങളെക്കുറിച്ച് കേരളീയ പൊതുബോധത്തിലുണ്ടായിരുന്ന ഒട്ടേറെ മുൻവിധികളെ പൊളിച്ചുകളഞ്ഞു. 1990-കൾക്കുശേഷം പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാർഥികളുടെ എണ്ണം പടിപടിയായി കുറഞ്ഞുവരികയായിരുന്നുവെങ്കിൽ, 2017- 18ൽ പൊതുവിദ്യാലയങ്ങളിലെത്തിയ കുട്ടികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി.

2017-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങുന്നതിന്റെ തൊട്ടു മുമ്പത്തെ വർഷം വരെ ​പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ പ്രവേശനത്തിലുണ്ടായ കുറവ്
2017-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങുന്നതിന്റെ തൊട്ടു മുമ്പത്തെ വർഷം വരെ ​പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ പ്രവേശനത്തിലുണ്ടായ കുറവ്

ആ വർധന താൽക്കാലിക പ്രതിഭാസമായിരുന്നുവോ?

ഈയൊരു വർധന ഒരു താൽക്കാലിക പ്രതിഭാസമായിരുന്നുവോ എന്ന ആശങ്കയാണ്, ഈ വർഷത്തെ കുറവ് ഉയർത്തുന്നത്. ഇക്കാര്യത്തിൽ വസ്തുനിഷ്ഠ പഠനം അനിവാര്യമാണെന്ന് വിദ്യാഭ്യാസ ചിന്തകനും കണ്ണൂർ 'ഡയറ്റി'ൽ സീനിയർ ലക്ചററുമായിരുന്ന ഡോ. പി.വി. പുരുഷോത്തമൻ ട്രൂ കോപ്പിയോട് പറഞ്ഞു: ‘‘പൊതുവിൽ പറഞ്ഞാൽ, രക്ഷിതാവിനെ സംബന്ധിച്ച്, അവരുടെ സ്വപ്നങ്ങൾ പൂവണിയുക കുട്ടിയുടെ വിദ്യാഭ്യാസത്തിലൂടെയാണ്. കുട്ടിയുടെ സമഗ്രവികസനത്തേക്കാൾ അവരുടെ പ്രഥമ പരിഗണന, തൊഴിൽ ലഭ്യതയും അതിലൂടെയുള്ള ജീവിതഭദ്രതയുമാണ്. ഇന്നത്തെ കാലത്ത് മികച്ച തൊഴിൽ എന്നത് കേരളത്തിനുപുറത്തോ ഇന്ത്യക്കുപുറത്തോ എന്നതാണ് പൊതുവെയുള്ള ധാരണ. സ്വഭാവികമായും അതിന് പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം നേടുക എന്ന ചിന്ത രക്ഷിതാക്കളിൽ ഉടലെടുക്കുന്നുണ്ട്. അത് സി.ബി.എസ്.ഇയിലും ഐ.സി.എസ്.ഇയിലും അവരെ എത്തിക്കുമെന്നതിൽ സംശയമില്ല. കാരണം, അവിടുത്തെ മത്സരാന്തരീക്ഷവും ഇംഗ്ലീഷ് മാധ്യമ പരിചയവും കുട്ടിയെ ഇക്കാര്യത്തിൽ തുണയ്ക്കുമെന്നാണ് അവരിൽ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നത്. ഉന്നത- മധ്യവർഗത്തിന് അത് നേടിയെടുക്കാനുള്ള സാമ്പത്തികശേഷിയുണ്ട്. അതില്ലാത്ത സാധാരണക്കാരാണ് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്. ഇനിയും അത് അങ്ങനെ തുടരാനാണ് സാധ്യത.''

''കണക്ക് നോക്കിയാൽ സർക്കാർ- എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസിൽ ഇത്തവണ 10,164 കുട്ടികളുടെ കുറവുണ്ട്. ഇത് യാദൃച്ഛികല്ല. അതേസമയം, രണ്ടു മുതൽ പത്തുവരെ ക്ലാസുകളിൽ കുട്ടികൾ തിരിച്ചുവരുന്നുമുണ്ട്. 42,059 കുട്ടികൾ തിരിച്ചുവന്നു എന്നാണ് കണക്ക്. സി.ബി.എസ്.ഇയിലെ മത്സരാന്തരീക്ഷത്തിൽ പിന്തള്ളപ്പെടുന്നവരാണിവർ എന്നാണ് എനിക്കുതോന്നുന്നത്. തിരിച്ചുവരുന്ന ഈ പ്രവണത ഇനിയുമുണ്ടാകും. പക്ഷെ, പ്രശ്‌നം എന്താണെന്നുവച്ചാൽ, പത്താം ക്ലാസിൽനിന്ന് പുറത്തുപോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനനുസരിച്ച് ഒന്നാം ക്ലാസിൽ കുട്ടികളെത്തുന്നില്ല, മറ്റു ക്ലാസുകളിലേക്കുള്ള തിരിച്ചുവരവും അതിന് ഉപകരിക്കുന്നില്ല. 1,27,539 കുട്ടികൾ ഈ വർഷം പുതുതായി വന്നെങ്കിൽ മാത്രമേ, ഈ ഗ്യാപ്, അതായത്, പത്താം ക്ലാസിൽനിന്ന് പുറത്തുപോകുന്നവരും ഒന്നാം ക്ലാസിൽ ചേരുന്നവരും തമ്മിലുള്ള ഗ്യാപ് നികത്താനാകൂ. അതുണ്ടായില്ല, അതുണ്ടാവുകയുമില്ല. അങ്ങനെ വരുമ്പോൾ 85,752 കുട്ടികളുടെ കുറവ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷമുണ്ടായിട്ടുണ്ട്. ഇതിന് മതിയായ പരിഹാരമുണ്ടായില്ലെങ്കിൽ വരുന്ന വർഷങ്ങളിൽ ഈ കുറവ് കൂടാനാണ് ഇട. കോവിഡിന്റെ സമയത്താണ്, 2020- 21, 2021- 22ൽ കുറച്ചധികം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേർന്നത്. അതിനുകാരണം, ലോക്ക്ഡൗണും മറ്റും മൂലം വീടിനടുത്ത സ്‌കൂളുകളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ തയാറായതാണ്. അതൊരു താൽക്കാലിക പ്രതിഭാസമായിരുന്നു എന്ന് വിദ്യാഭ്യാസ വകുപ്പ് ശരിയായി വിലയിരുത്തിയില്ല.''

ഡോ. പി.വി. പുരുഷോത്തമൻ
ഡോ. പി.വി. പുരുഷോത്തമൻ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ഒരൊറ്റ ഘടകമല്ല, പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയതിന്റെ കാരണമെന്ന് വിദ്യാഭ്യാസ പ്രവർത്തകനും എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസറുമായ കെ.വി. മനോജ് ട്രൂകോപ്പിയോട് പറഞ്ഞു: ''പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടുന്ന പ്രവണത 2014 മുതലുണ്ട്. കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിൽ ഏറ്റവും കൂടുതൽ എന്റോൾമെന്റ് വന്നത് 1991- 92 കാലത്താണ്. പട്ടികജാതി- വർഗ, പൊതുവിഭാഗങ്ങളിലെല്ലാം. എന്നാൽ, അതിനുശേഷം 2014 വരെയും കുട്ടികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2014 മുതൽ 10,000- 15,000 എന്ന കണക്കിൽ കൂടാൻ തുടങ്ങി. അഥവാ, കുറയുന്നതിന്റെ നിരക്ക് കുറഞ്ഞു എന്നു പറയാം. അതൊരു പൊസിറ്റീവ് ട്രെൻഡായിരുന്നു.

2013-ൽ കരിക്കുലം റിവിഷൻ കഴിഞ്ഞ് 2014ൽ പുതിയ പാഠപുസ്തകങ്ങൾ വന്നു. അന്നുമുതൽ കുട്ടികൾ കൂടുന്നുണ്ട്. അതിന് കുറച്ചുകൂടി പ്രകടമായ മാറ്റമുണ്ടായത്, 2017ലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനുശേഷമാണ്. സ്‌കൂൾ കെട്ടിടങ്ങളുടെ ഭൗതിക സൗകര്യം വർധിച്ചതുകൊണ്ടാണോ, പൊതുവിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിശ്വാസ്യത കൂടിയതുകൊണ്ടാണോ ഈ പ്രവണത എന്നു ചോദിച്ചാൽ, ഒരു ഘടകം അതാണ് എന്നേ പറയാനാകൂ, മറ്റു നിരവധി ഘടകങ്ങളുണ്ട്. ഗൾഫിൽനിന്നുള്ള തിരിച്ചുവരവ്, പ്രളയം, കോവിഡ് എന്നിവ മൂലം ആളുകളുടെ കൈയിൽ പണമില്ലാത്ത അവസ്ഥയുണ്ടായി, അവർക്ക് അൺ എയ്ഡഡ് സ്‌കൂളുകളെ ആശ്രയിക്കാൻ കഴിയാതായി. ഇതിലൂടെ പൊതുവിദ്യാലയങ്ങൾക്ക് അനുകൂലമായ ട്രെൻഡ് രൂപപ്പെട്ടു. ഇതോടൊപ്പം, കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് സ്‌കൂൾ സർക്കാർ ഏറ്റെടുത്തതുപോലയുള്ള പുരോഗനമപരമായ നടപടികളുണ്ടായി. പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങൾ ഉള്ളടക്കക്കുറവുള്ളവയാണ് എന്നൊരു ചിന്ത നല്ലൊരു പങ്ക് രക്ഷിതാക്കൾക്കും ഉണ്ടായിരുന്നു. കരിക്കുലം റിവിഷൻ ഇതിനൊരു പരിഹാരമായിരുന്നു. കേരളത്തിലെ നിരവധി കുട്ടികൾക്ക് സെൻട്രൽ യൂണിവേഴ്‌സിറ്റികളിലും മറ്റും അഡ്മിഷൻ ലഭിക്കുന്ന നില അന്നുണ്ടായിരുന്നു. ദൽഹി യൂണിവേഴ്‌സിറ്റിയിൽ മാത്രം 4000 കുട്ടികൾക്ക് അഡ്മിഷൻ കിട്ടിയ സന്ദർഭം എനിക്കോർമയുണ്ട്. ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് ഉണർവ് പ്രകടമായിരുന്നു. ഇത്തരം ഘടകങ്ങളാണ് കുട്ടികളുടെ എണ്ണം കൂടാൻ കാരണമായത്. ഈ വർധനവ് താൽക്കാലിക പ്രതിഭാസമായി കാണേണ്ടതായി തോന്നുന്നു.''

 കെ.വി. മനോജ്
കെ.വി. മനോജ്

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നത് സാമൂഹിക വിശകലനം കൂടി അർഹിക്കുന്നണ്ടെന്ന് അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി. പ്രേമചന്ദ്രൻ ട്രൂകോപ്പിയോട് പറഞ്ഞു: ''കേരളീയ സമൂഹം വൻതോതിലുള്ള മുതലാളിത്ത പാതയിലേക്കും അവരവരുടെ മാത്രം വികസനത്തിലേക്കും പോകുന്നു. സാമൂഹികമായ ഉൽക്കണ്ഠകൾക്കു പകരം അവരവരുടെ കുട്ടികളുടെ ഉയർച്ച, അതിനുവേണ്ടിയുള്ള വിദ്യാലയങ്ങൾ തെരഞ്ഞെടുക്കുക- ഇതൊരു പൊതുപ്രശ്‌നമാണ്. പൊതുവിദ്യാഭ്യാസം എന്നത് മതേതരവും സാമൂഹികവുമായ ബോധത്തിന്റെ മേൽ നിൽക്കുന്ന ഒന്നാണ്. അത് കുറച്ചുവർഷം കൊണ്ട് ഒരർഥത്തിൽ നമ്മുടെ നയങ്ങളാൽ അട്ടിമറിക്കപ്പെട്ടു. ഇതും ഇക്കാര്യത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.''

''മറ്റൊന്ന്, രണ്ടാം പിണറായി വിജയൻ സർക്കാർ വന്നപ്പോൾ, പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നേരത്തെയുണ്ടായിരുന്ന സാമൂഹികമായ ശ്രദ്ധ ഇല്ലാതായി. പി.ടി.എകളും തദ്ദേശസ്ഥാപനങ്ങളും അധ്യാപക സംഘടനകളെയെല്ലാം ചേർത്തുപിടിച്ച് അജണ്ടയായി നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രണ്ടു വർഷമായി ഇല്ല. അധ്യാപക സംഘടനകൾ ശ്രദ്ധിക്കുന്നില്ല. വലിയ പദ്ധതികളില്ല. വിദ്യാഭ്യാസ മേഖല ഉദ്യോഗസ്ഥ തീരുമാനത്തിന്റെ ഭാഗമായി മാറി. അക്കാദമികമായ ഒരു ശ്രദ്ധയുമില്ലാത്ത സ്ഥിതിയാണിന്ന്.''

പി. പ്രേമചന്ദ്രൻ
പി. പ്രേമചന്ദ്രൻ

മലയാളി വിദ്യാർഥികളുടെ
എൻട്രൻസ് പാച്ചിൽ

ദേശീയ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ചില പ്രവണതകൾ കൂടി, കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം, ബിരുദപ്രവേശനത്തിന് കേന്ദ്ര സർവകലാശാലകളും യൂണിവേഴ്‌സിറ്റികളും ഏർപ്പെടുത്തിയ പൊതു പ്രവേശനപരീക്ഷ (സി.യു.ഇ.ടി) യാണ്. ഇതേതുടർന്ന് ദൽഹിയിലെ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന കേരള സിലബസ് വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി ചുരുങ്ങി. 2022-ൽ കേരള ബോർഡിൽനിന്ന് ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടാനായത് 350 പേർക്കുമാത്രം. 2021-ൽ ഇത് 1672 ആയിരുന്നു- അതായത്, 79 ശതമാനം കുറവ്. ഹിന്ദു, മിറാൻഡ്, രാംജാസ്, എൽ.എസ്.ആർ തുടങ്ങിയ പ്രധാന കോളേജുകളിലും മലയാളി വിദ്യാർഥികൾ നാമമാത്രമായി.

ഹിന്ദു കോളേജിൽ പൊളിറ്റിക്കൽ സയൻസിന് ആകെയുണ്ടായിരുന്ന 146 സീറ്റീൽ 120 ലും കേരള സിലബസ് പഠിച്ച വിദ്യാർഥികൾക്കാണ് 2021-ൽ അഡ്മിഷൻ ലഭിച്ചത്. എന്നാൽ 2022-ൽ കേരള സിലബസ് പഠിച്ച ഒരു വിദ്യാർഥി മാത്രമാണ് പൊളിറ്റിക്കൽ സയൻസ് ബാച്ചിൽ അഡ്മിഷൻ നേടിയത്. 12-ാം ക്ലാസ് പരീക്ഷയിലെ കട്ട് ഓഫ് മാർക്ക് ദേശീയ പ്രവേശനപരീക്ഷയ്ക്ക് വഴിമാറിയതിന്റെ ദുരന്തം.

ഹിന്ദു കോളേജിൽ പൊളിറ്റിക്കൽ സയൻസിന് ആകെയുണ്ടായിരുന്ന 146 സീറ്റീൽ 120 ലും കേരള സിലബസ് പഠിച്ച വിദ്യാർഥികൾക്കാണ് 2021-ൽ അഡ്മിഷൻ ലഭിച്ചത്.
ഹിന്ദു കോളേജിൽ പൊളിറ്റിക്കൽ സയൻസിന് ആകെയുണ്ടായിരുന്ന 146 സീറ്റീൽ 120 ലും കേരള സിലബസ് പഠിച്ച വിദ്യാർഥികൾക്കാണ് 2021-ൽ അഡ്മിഷൻ ലഭിച്ചത്.

കേരളത്തിനുപുറത്തെ യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ സി.ബി.എസ്.ഇ സ്‌കൂളുകളിൽ പഠിക്കണം എന്ന ധാരണയിലേക്ക് രക്ഷിതാക്കളെയും വിദ്യാർഥികളെയും എത്തിച്ചിട്ടുണ്ട്. ഇത് സി.ബി.എസ്.ഇക്ക് മുമ്പത്തേക്കാൾ സ്വീകാര്യതയും നൽകുന്നു.

ഈയൊരു സാഹചര്യത്തിൽ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ പിടിച്ചുനിർത്തുക എന്നത് ഭാവിയിൽ ഒരു ഭഗീരഥ പ്രയത്‌നാകാനിടയുണ്ടെന്നും അതിന്റെ തുടക്കമായി ഈ വർഷത്തെ മാറ്റത്തെ നമ്മൾ കാണണമെന്നും ഡോ. പി.വി. പുരുഷോത്തമൻ പറയുന്നു: ''കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടത്ര നിലവാരമില്ല എന്നത് ചർച്ചകളിലൂടെ സ്ഥിരപ്പെടുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസവും തൊഴിലും ലക്ഷ്യമിട്ട് കുട്ടികൾ പോകുന്നത് ഒന്നുരണ്ടു വർഷമായി ശക്തമായിട്ടുണ്ട്. അവർക്ക് കൂടുതൽ വേണ്ട ബേസ് നൽകുക സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളാണ് എന്ന ചിന്ത ഭാവിയിൽ ഈ തിരിച്ചൊഴുക്ക് ശക്തിപ്പെടുത്താൻ ഇടയാക്കും. മറ്റൊന്ന്, സെൻട്രൽ യൂണിവേഴ്‌സിറ്റികളടക്കമുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രിയമേറുന്ന പ്രവണതയുണ്ട്. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ സംസ്ഥാനത്തിനുപുറത്ത് പഠിപ്പിക്കുക എന്ന രീതിയും ചില രക്ഷിതാക്കൾ അവലംബിക്കുന്നുണ്ട്. അഖിലേന്ത്യാ തലത്തിൽ പൊതു എൻട്രൻസ് പരീക്ഷകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം സി.ബി.എസ്.ഇ സ്‌കൂളുകളെയും എൻ.സി.ഇ.ആർ.ടി സിലബസിനെയും ആശ്രയിക്കാനുള്ള പ്രവണതയുണ്ടാക്കും.''

കേരളത്തിലെ സ്‌കൂളുകളിൽ സി.യു.ഇ.ടിക്കുവേണ്ടിയുള്ള ഓറിയൻേറഷൻ അനിവാര്യമാണെന്ന് കെ.വി. മനോജ് പറയുന്നു: ''കേരളത്തിൽ നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്നവർ എന്താണ് ചെയ്യുന്നത്? പാല ബ്രില്യൻസ് ലക്ഷ്യമാക്കി അവർ അവിടെ ഒരു അൺ എയ്ഡഡ് സ്‌കൂളിൽ ചേരും. പ്ലസ് ടുവിന് 50 ശതമാനം മാർക്ക് മതിയല്ലോ. സി.യു.ഇ.ടി എഴുതുന്നവരും ഇതുതന്നെയാണ് ചെയ്യുന്നത്. ഏതെങ്കിലും സി.യു.ഇ.ടി കോച്ചിംഗ് സെന്ററിൽ ചേരും, അതിനടുത്തുള്ള അൺ എയ്ഡഡ് സ്‌കൂളിൽ അഡ്മിഷനെടുക്കും. കേരളത്തിൽ ഹയർസെക്കൻഡറിയിൽ എൻ.സി.ഇ.ആർ.ടി സിലബസ് തന്നെയാണ്. അങ്ങനെയായിക്കുമ്പോഴും സ്‌കൂളുകളിൽ സി.യു.ഇ.ടിക്ക് യാതൊരു ഓറിയൻേറഷനും നൽകുന്നില്ല. കരിയർ ഗൈഡൻസ് സെല്ലുകൾ ശക്തിപ്പെടുത്തിയോ ക്ലസ്റ്റർ സ്‌കൂൾ രൂപീകരിച്ചോ സി.യു.ഇ.ടിക്ക് ഓറിയൻേറഷൻ നൽകാം. മലപ്പുറം നഗരസഭയുടെ സി.യു.ഇ.ടി പരിശീലന പരിപാടി മാതൃകയാണ്. തദ്ദേശ സ്ഥാപനങ്ങൾ അത്തരമൊരു ഇനീഷിയേറ്റീവ് എടുത്താൽ മാറ്റമുണ്ടാകും. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പൊതുവെ ഒരു വിശ്വാസത്തകർച്ചയുണ്ടായിട്ടുണ്ട്. പി.എസ്.സിയെ പോലും പുതിയ തലമുറക്ക് വിശ്വാസമില്ല. എങ്ങനെയെങ്കിലും കാനഡയിൽ പോയി മക് ഡൊണാൾഡ്‌സിന്റെ പിസ ഹട്ടിൽ പണിയെടുത്താലും വേണ്ടില്ല എന്നൊരു ആറ്റിറ്റിയൂഡിലേക്ക് അവർ മാറുന്നുണ്ട്. ഈയൊരു മനോഭാവത്തെ ചെറുത്തുനിൽക്കാനാവശ്യമായ ഇടപെടലുകൾ നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല.''

ക്ലാസ് റൂം വിദ്യാഭ്യാസത്തെ തീർത്തുകളയുന്ന പരിഷ്‌കരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് പി. പ്രേമചന്ദ്രൻ പറയുന്നു: ''കേരളത്തിലെ ഏറ്റവും എലീറ്റായ ക്ലാസ് തെരഞ്ഞെടുക്കുന്നത് മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകളാണ്. ബാക്കിയെല്ലാം അതിനുതാഴെയാണ്. ഹ്യുമാനിറ്റീസ് പഠിക്കുന്നവർ കേരളത്തിനുപുറത്തെ വലിയ യൂണിവേഴ്‌സിറ്റികളിലേക്ക് പോകുന്നു. കേരളത്തിൽ പ്ലസ് ടു ക്ലാസുകളിൽ ഉപയോഗിക്കുന്നത് എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ തന്നെയാണ്. നമ്മുടെ പഠനങ്ങളും ഇതേ ദിശയിലൂടെയാണ് പോകുന്നതെന്നർഥം. ഇത്തരമൊരു സാഹചര്യത്തിൽ രണ്ട് വിദ്യാഭ്യാസ സമ്പ്രദായങ്ങളും തമ്മിലുള്ള വ്യത്യാസം കുറയുന്നു. വിദ്യാഭ്യാസത്തിൽ സാമൂഹികമായി എടുത്തുകാട്ടാൻ കഴിയുന്ന കുറെ ഗുണഫലങ്ങളുണ്ടായിരുന്നു. അതിനുപകരം പരീക്ഷാ റിസൾട്ടിൽ മാത്രമായി പഠനം ഒതുങ്ങുകയാണ്. ഹയർസെക്കൻഡറി മാർക്ക് എൻട്രൻസ് പരീക്ഷക്ക് പരിഗണിക്കേണ്ടതുണ്ടോ എന്നുപോലും ആലോചിക്കുകയാണിപ്പോൾ. എൻട്രൻസ് ഓറിയന്റഡായ സിസ്റ്റത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മാറിയിട്ടുണ്ട്. ഗുരുതര സാമൂഹിക പ്രത്യാഘാതമാണ് ഇതുണ്ടാക്കുക. ഓപൺ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്ത് എൻട്രൻസ് സെന്ററുകളിൽ പഠിക്കുകയാണിപ്പോൾ ചെയ്യുന്നത്. അര മിനിറ്റുകൊണ്ട് പ്രോബ്ലം സോൾവ് ചെയ്യാം എന്നാണ് പരിശീലനം നേടുന്നത്. സയൻസിന്റെ വിശാലമായ ലക്ഷ്യം അവരിലേക്കു വരുന്നില്ല. ഇതിന്റെ വലിയൊരു വേർഷനാണ് ഉന്നത യൂണിവേഴ്‌സിറ്റികൾ നടത്തുന്ന എൻട്രൻസ് പരീക്ഷകൾ.''

പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
വിമർശിക്കപ്പെടുന്നു

പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിന് പ്രധാന കാരണമായി സർക്കാർ അവകാശപ്പെടുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? 2016-ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാറിന്റെ പ്രധാന പരിപാടികളിൽ ഒന്നായിരുന്നു ഇത്. എന്നാൽ, സ്‌കൂളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിൽ ഈ പരിപാടി പരിമിതപ്പെടുകയായിരുന്നു. ഈ പരിപാടി പ്രധാന അജണ്ടയായി കൊണ്ടുവന്ന അതേ സർക്കറിനുതന്നെ തുടർഭരണം ലഭിച്ചിട്ടും, ആദ്യഘട്ടത്തിന്റെ തുടർച്ചയാകേണ്ടിയിരുന്ന, അക്കാദമിക മികവിനുള്ള സമഗ്ര പദ്ധതികളുണ്ടായില്ല. രണ്ടാം ഘട്ട തുടർച്ച ഇല്ലാതായത്, പൊതുവിദ്യാലയങ്ങളെ പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നടത്തിപ്പിനെയും അതിന്റെ ഫലങ്ങളെയും വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ടെന്നാണ് വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നത്.

പൊതുവിദ്യാലയങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഇപ്പോഴും ചില ആശങ്കകളുണ്ടെന്ന് ഡോ. പി.വി. പുരുഷോത്തമൻ പറയുന്നു: ''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സൗകര്യം വർധിച്ചു, ഹൈ ടെക് ക്ലാസ് മുറികളുണ്ടായി, സമാന്തര ഇംഗ്ലീഷ് മീഡിയം ലഭ്യമായി. 2017 മുതൽ കുട്ടികളുടെ ചെറിയ തോതിലുള്ള തിരിച്ചുവരവ് തുടങ്ങി. എന്നാൽ, നിലവാരം ഇതിനൊപ്പം വർധിച്ചുവെന്ന് ബോധപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് ഒന്നാം ക്ലാസിൽ അക്ഷരപഠനം ഫലപ്രദമല്ല എന്ന പ്രചാരണമുണ്ട്. അത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുപോലെ, പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം സി.ബി.എസ്.ഇ സ്‌കൂളുകൾക്കൊപ്പം എത്തുന്നില്ല എന്ന തോന്നലും പല രക്ഷിതാക്കൾക്കുമുണ്ട്. അതുകൊണ്ട്, ഹൈ ടെക് പൊതുവിദ്യാലയത്തിൽ കുട്ടികളെ അയച്ച ചില രക്ഷിതാക്കളെങ്കിലും ഈ വർഷം തങ്ങളുടെ രണ്ടാമത്തെ കുട്ടിയെ സി.ബി.എസ്.ഇയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.''

''ബാഹ്യമോടികൾ കൊണ്ട് രക്ഷിതാക്കളെ സ്വാധീനിക്കുക എളുപ്പമല്ല. കഴിഞ്ഞ ആറു വർഷത്തെ ശ്രമങ്ങൾ വിഫലമാണ് എന്നല്ല പറയുന്നത്. അത് നടന്നതുകൊണ്ടാണ് ഇടക്കാലത്ത് ഈ ഒഴുക്കിനെ ഇത്രയെങ്കിലും തടഞ്ഞുനിർത്താനായത്. പക്ഷെ, ഇനിയത് പോരാ. എന്റെ ഒരു നിർദേശം, ഇനി കൃത്യമായും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും മുമ്പാകെ പൊതുവിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥിക്കുണ്ടാകുന്ന മികവ് പൊതുവേദിയിൽ വച്ച് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട അവസ്ഥയുണ്ട്. പൊതുവേദിയിൽ ഒരു കുട്ടി ഇംഗ്ലീഷ് സംസാരിക്കുമോ, ഒരു കണക്ക് കൊടുത്താൽ അത് ചെയ്തുകാണിക്കുമോ ഇങ്ങനെ ഒരു ബോധപ്പെടുത്തൽ- അതായത്, പൊതുവിദ്യാലയങ്ങൾ സോഷ്യൽ ഓഡിറ്റിംഗിന് സന്നദ്ധമാകേണ്ട സാഹചര്യമുണ്ട്. ഒരു വർഷത്തിന്റെ അവസാനം പ്രകടനരൂപത്തിലുള്ള ബോധ്യപ്പെടുത്തൽ ആവശ്യമാണ്. പ്രത്യേകിച്ച് മാതൃഭാഷയിലും ഗണിതത്തലും ശാസ്ത്രത്തിലുമൊക്കെ ഈ പ്രശ്‌നമുണ്ട്. ഏറ്റവും കൂടുതൽ ഇംഗ്ലീഷിലാണ് കുട്ടിയുടെ മികവ് രക്ഷിതാക്കൾക്ക് ബോധപ്പെടേണ്ടത്. അതിന് ആര് നേതൃത്വം കൊടുക്കും? പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്്ഞത്തെ മറ്റൊരു തലത്തിലേക്ക് ആര് ഉയർത്തും? സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈക്കാര്യത്തിൽ വലിയ മുൻകൈ എടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ മുന്നിൽനിന്ന് പ്രവർത്തിക്കേണ്ടത് അധ്യാപക സമൂഹവും പ്രാദേശിക സർക്കാറുകളുമാണ്. ക്വാളിറ്റി ലക്ഷ്യം വച്ചുകൊണ്ടുള്ള രണ്ടാം ഘട്ട പ്രവർത്തനം തുടങ്ങേണ്ട സമയമായി. അത് കേവലം എളുപ്പവിദ്യയാകാൻ പാടില്ല, പകരം, വിദ്യാഭ്യാസത്തിന്റെ തത്വങ്ങൾ മുൻനിർത്തിയുള്ള വിദ്യാഭ്യാസ പരിഷ്‌കരണം തന്നെയാണ് വേണ്ടത്. അങ്ങനെയായാൽ, ഇപ്പോൾ പൊതുവിദ്യാഭ്യാസത്തിനുള്ള മേന്മകൾക്കൊപ്പം ക്വാളിറ്റി എന്നതുകൂടി ഉറപ്പുവരുത്തിയാൽ മാറ്റമുണ്ടാക്കുക എന്നത് അസാധ്യമല്ല. ഇപ്പോഴത്തെ കരിക്കുലം പരിഷ്‌കരണമൊക്കെ ഈയൊരു തലത്തിൽ കൂടി വിപുലപ്പെടേണ്ടതുണ്ട് എന്നാണ് എനിക്കുതോന്നുന്നത്.''

പൊതുവിദ്യാഭ്യാസ യജ്ഞം നഗരകേന്ദ്രിതമായിരുന്നുവെന്നും അത് എല്ലാ സ്‌കൂളുകളിലും മാറ്റമുണ്ടാക്കി എന്ന് പറയാനാകില്ലെന്നും കെ.വി. മനോജ് പറഞ്ഞു: ''പൊതുവിദ്യാഭ്യാസ യജ്ഞത്തോടുള്ള എന്റെ ഒരു വിമർശനം, അത് എത്ര ശതമാനം സ്‌കൂളുകളിൽ മാറ്റമുണ്ടാക്കി എന്നതാണ്. കേരളത്തിൽ 14,000ഓളം സ്‌കൂളുകളുള്ളതിൽ 2000-ഓളം സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യം വികസിച്ചിട്ടുണ്ടാകാം. ഇപ്പോഴും പ്രീ- കെ.ഇ.ആർ അനുപാതത്തിൽ കെട്ടിടങ്ങളും ക്ലാസ് മുറികളുമുള്ള സ്‌കൂളുകളുണ്ട്. ആസ്ബറ്റോസ് ഷീറ്റ് പാകിയ സ്‌കൂളുകളുണ്ട്. ഫലത്തിൽ മൂലധന കേന്ദ്രീകരണമാണ് നടന്നത്. ഒരു സ്‌കൂളിന് അഞ്ചു കോടി നൽകുന്നു, തൊട്ടടുള്ള സ്‌കൂളിന് അഞ്ചു ലക്ഷം രൂപ പോലും കൊടുക്കുന്നില്ല. ഇതിനൊരു നഗരകേന്ദ്രിത സ്വഭാവമുണ്ടായി. കോഴിക്കോട് നടക്കാവിലും കാരപ്പറമ്പിലും മെച്ചപ്പെട്ട സ്‌കൂളുകളുണ്ട്. ഇവ ഗംഭീരമായി മെച്ചപ്പെട്ടു. എന്താണ് ഇതിനടുത്തുള്ള മറ്റു വിദ്യാലയങ്ങളുടെ അവസ്ഥ? പറയഞ്ചേരി ഗേൾസ് എസ്.എച്ച്.എസ്, നടക്കാവിൽ നിന്ന് വലിയ ദൂരമില്ല, ആ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റമുണ്ടായോ? വയനാട് മീനങ്ങാടി സ്‌കൂളിന് എട്ടു കോടി രൂപയ്ക്കടുത്ത് കിട്ടിക്കാണും. അപ്പുറത്തും ഇപ്പുറത്തുമുള്ള സ്‌കൂളുകളുടെ കാര്യത്തിൽ മാറ്റമില്ല. നമ്മൾ അഡ്രസ് ചെയ്യാൻ ശ്രമിച്ചത് അപ്പർ ക്ലാസിനെയും അപ്പർ മിഡിൽ ക്ലാസിനെയുമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നതിനുപകരം ഇപ്പോൾ അത് വിദ്യാകിരണമായി മാറി, അതിൽ പ്രത്യേകിച്ച് എന്തെങ്കിലും നടക്കുന്നതായും തോന്നുന്നില്ല.''

ഭൗതിക സൗകര്യങ്ങൾ വർധിപ്പിച്ചതിന്റെ ഫലമായുണ്ടായ വലിയ മാറ്റം അക്കാദമികമായി പ്രതിഫലിച്ചില്ലെന്ന് പി. പ്രേമചന്ദ്രൻ വിമർശിക്കുന്നു: ''പൊതുജനങ്ങളെയും തദ്ദേശ സർക്കാറുകളെയും രക്ഷാകർതൃസമൂഹത്തെയും സാംസ്‌കാരിക പ്രവർത്തകരെയുമെല്ലാം കൂട്ടിച്ചേർത്താണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചത്. സാമ്പത്തികവും സാമൂഹികവുമായ സമാഹരണങ്ങൾ നടത്തി അത് കേരളത്തിലെ വിദ്യാലയങ്ങളെ അടിമുടി മാറ്റിത്തീർത്തു. അങ്ങനെയാണ് കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായത്. എന്നാൽ, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതിനൊപ്പം നടക്കേണ്ടിയിരുന്ന പ്രധാന സംഗതിയായിരുന്നു, പാഠ്യപദ്ധതി പരിഷ്‌കരണം. കേരളത്തിൽ 2007-ലാണ് Kerala Curriculum Framework- ന്റെ അടിസ്ഥാനത്തിൽ, സമഗ്ര പരിഷ്‌കാരം വരുന്നത്. അഞ്ചു വർഷം കൂടുമ്പോൾ കരിക്കുലത്തിൽ വലിയ പ്രവർത്തനം നടന്നുവന്നിരുന്നു. കരിക്കുലം റിവിഷന്റെ ഭാഗമായ ഏറ്റവും പ്രധാന സംഗതി, അധ്യാപക പരിശീലനമാണ്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷവും കരിക്കുലത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒരു മുന്നേറ്റവുമുണ്ടായില്ല. പാഠ്യപദ്ധതിയുടെ കാര്യത്തിൽ വലിയൊരു ശ്രദ്ധക്കുറവുണ്ടായി. ഇത് അധ്യാപക പരിശീലനം, കണ്ടന്റുകൾ എന്നിവയിൽ പ്രതിഫലിച്ചു. നമ്മുടെ സ്‌കൂളുകൾ ഇംഗ്ലീഷ് മീഡിയങ്ങളായി മാറുകയാണുണ്ടായത്. വലിയ കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, യൂണിഫോം, ബസുകൾ ഇതൊക്കെയുണ്ടാകുന്നത് ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ വർധിച്ചതുകൊണ്ടാണ്.''

ഒരു സ്‌കൂളിന് അഞ്ചു കോടി നൽകുന്നു, തൊട്ടടുള്ള സ്‌കൂളിന് അഞ്ചു ലക്ഷം രൂപ പോലും കൊടുക്കുന്നില്ല. ഇതിനൊരു നഗരകേന്ദ്രിത സ്വഭാവമുണ്ടായി. കോഴിക്കോട് നടക്കാവിലും കാരപ്പറമ്പിലും മെച്ചപ്പെട്ട സ്‌കൂളുകളുണ്ട്. ഇവ ഗംഭീരമായി മെച്ചപ്പെട്ടു. എന്താണ് ഇതിനടുത്തുള്ള മറ്റു വിദ്യാലയങ്ങളുടെ അവസ്ഥ?
ഒരു സ്‌കൂളിന് അഞ്ചു കോടി നൽകുന്നു, തൊട്ടടുള്ള സ്‌കൂളിന് അഞ്ചു ലക്ഷം രൂപ പോലും കൊടുക്കുന്നില്ല. ഇതിനൊരു നഗരകേന്ദ്രിത സ്വഭാവമുണ്ടായി. കോഴിക്കോട് നടക്കാവിലും കാരപ്പറമ്പിലും മെച്ചപ്പെട്ട സ്‌കൂളുകളുണ്ട്. ഇവ ഗംഭീരമായി മെച്ചപ്പെട്ടു. എന്താണ് ഇതിനടുത്തുള്ള മറ്റു വിദ്യാലയങ്ങളുടെ അവസ്ഥ?

''പൊതുവിഭ്യാഭ്യാസ യജ്ഞത്തിന്റെ രണ്ടാം ഘട്ടം അനിവാര്യമായിരുന്നു. സ്മാർട്ട് ക്ലാസ് മുറികളിൽ എന്താണ്, എങ്ങനെയാണ് വിനിമയം ചെയ്യുന്നത്? എന്തു കണ്ടന്റ് ഉപയോഗിക്കുന്നത്, അതിനായി അധ്യാപകരെ എത്രമാത്രം ശാക്തീകരിക്കേണ്ടതുണ്ട് ഇത്തരം ആലോചനകൾ നടത്താൻ കഴിഞ്ഞില്ല. കരിക്കുലം, അറിവുനിർമാണ പ്രക്രിയ, പെഡഗോജി തുടങ്ങിയവ എന്താണ് എന്നറിയുന്ന പ്രൊഫ. സി. രവീന്ദ്രനാഥിനെപ്പോലൊരാളായിരുന്നു വിദ്യാഭ്യാസ മന്ത്രി. അതുകൊണ്ടാണ്, കോവിഡ് കഴിഞ്ഞശേഷമുള്ള ആദ്യ എസ്.എസ്.എൽ.സി പരീക്ഷയിൽ കുട്ടികളുടെ പക്ഷത്തുനിന്ന് കൊണ്ടു തീരുമാനമെടുക്കാൻ സർക്കാറിന് കഴിഞ്ഞത്. എന്നാൽ, രണ്ടാം പിണറായി വിജയൻ സർക്കാർ വന്നതോടെ ഉദ്യോഗസ്ഥർ പറയുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.''

''മറ്റൊരു പ്രധാന കാര്യം, പ്രധാന നേതാക്കന്മാരുടെയും മന്ത്രിമാരുടെയും മക്കളുടെ പഠനം ഇന്ന് പൊതുസമൂഹം തുറന്ന് ചർച്ച ചെയ്യുന്നുണ്ട് എന്നതാണ്. അവർ സെൻട്രൽ സ്‌കൂളുകളും ഏറ്റവും മികച്ച അൺ എയ്ഡഡ് സ്ഥാപനങ്ങളും അന്വേഷിച്ചുപോകുക്യാണ്. ഇടതുപക്ഷ സർക്കാറിന്റെ കാലത്ത് ഇത്തരം മാതൃകകൾ മുന്നിൽ വരുമ്പോൾ സാധാരണക്കാർ കടം വാങ്ങിയെങ്കിലും കുട്ടികളെ ഇത്തരം സ്ഥാപനങ്ങളിൽ ചേർക്കമെന്നതിൽ സംശയമില്ല.''

പ്രൊഫ. സി. രവീന്ദ്രനാഥ്‌
പ്രൊഫ. സി. രവീന്ദ്രനാഥ്‌

പിന്നിലാകുന്ന
കേരളം

കോവിഡിനുശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ സംഭവിച്ച തകർച്ചയെക്കുറിച്ചുകൂടി കെ.വി.മനോജ് ചൂണ്ടിക്കാട്ടുന്നു: ''ഒരു വിശ്വാസക്കമ്മി നമ്മൾ നേരിടുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം അക്കാദമികതയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അന്തർദേശീയ നിലവാരം എന്നാണ് പറഞ്ഞതെങ്കിലും ഫലത്തിൽ എന്താണ് സംഭവിച്ചത്? അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം വന്നു, എന്നാൽ, അക്കാദമിക നിലവാരത്തിൽ അതിനനുസൃതമായ മാറ്റം വന്നില്ല. അവിടെ ഒരു വാക്വമുണ്ടായി. കോവിഡ് ആ വാക്വത്തെ വലുതാക്കി. പഠന വിടവ് പഠനനഷ്ടമായി മാറി. കോവിഡിനുമുമ്പ് വന്ന പല സർവേകളിലും കേരളം ഒന്നാം സ്ഥാനത്തായിരുന്നു. കോവിഡാനന്തര സർവേകളിൽ കേരളം ഒന്നിൽ പോലും ഒന്നാം സ്ഥാനത്തില്ല. ഭാരതീയ നിപുൺ മിഷൻ സർവേ, നാഷനൽ അച്ചീവ്‌മെന്റ് സർവേ, അസർ പഠനറിപ്പോർട്ട്, ഈയിടെ വന്ന പെർഫോർമെൻസ് ഇൻഡക്‌സ് റിപ്പോർട്ട് എന്നിവയിലെല്ലാം കേരളം പിന്നിലേക്ക് പോകുന്നതായി കാണിക്കുന്നു. ഇത് അൺ എയ്ഡഡ് ലോബി ഹൈ ലൈറ്റ് ചെയ്യും. എല്ലാ സർവേയിലും കാണിക്കുന്ന ഒരു കാര്യമുണ്ട്. വയനാട്, കാസർകോട്, പാലക്കാട്, ഇടുക്കി ജില്ലകൾ വളരെ പിന്നിലാണ്. ഈ ജില്ലകൾക്കുവേണ്ട പാക്കേജ് ഇല്ല. ഇവിടെയെല്ലാം ഭാഷാ ന്യൂനപക്ഷങ്ങളുണ്ട്, ഇവിടെയെല്ലാം ഡ്രോപ്പൗട്ട് നിരക്ക് കൂടുതലാണ്. വൾണറബ്ൾ ഇഷ്യൂസ് നേരിടുന്ന കുട്ടികളുണ്ട്. ഇത്തരം വിഷയങ്ങൾ അഭിസംബോധന ചെയ്യാതെ, പൊതുവിദ്യാസത്തെ ഗുണകരമായി മാറ്റാനാകില്ല. പൊതുവിദ്യാഭ്യാസത്തെ ഗുണപരമായി പരിവർത്തിപ്പിക്കാൻ നമ്മുടെ കൈയിൽ എന്താണുള്ളത്?''

മാറ്റങ്ങളോട്
അനുഭാവമില്ലാത്ത
പൊതുസമൂഹം

എന്നാൽ, കുട്ടികളുടെ എണ്ണക്കുറവിലേക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ പ്രശ്നങ്ങൾ ചുരുക്കുന്നതിനോട് വിയോജിപ്പ്
പ്രകടിപ്പിക്കുകയാണ് കാസർകോഡ് ‘ഡയറ്റി’ൽ ലക്ചററായ വിനോദ്കുമാർ കുട്ടമത്ത്: ‘‘തൊണ്ണൂറുകൾക്കുശേഷം, കേരളത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ഔപചാരികവും അല്ലാതെയും ശ്രമങ്ങളുണ്ടായിട്ടുണ്ട്. പുതിയ പാഠ്യപദ്ധതി വന്നപ്പോൾ സർഗാത്മകമായ മാറ്റമുണ്ടായെങ്കിലും പൊതുസമൂഹം അതിനെ ഏറ്റെടുത്തതായി തോന്നുന്നില്ല. തൊണ്ണൂറിനുശേഷം ക്ലാസ് മുറികളിലും വിദ്യാലയങ്ങളിലും സർഗാത്മകമായ വലിയ ഉണർച്ചയുണ്ടാകുമ്പോഴും കുട്ടികളുടെ എണ്ണം ക്രമമായി കുറഞ്ഞുവരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഗുണമേന്മക്കുവേണ്ടിയുള്ള സമഗ്ര മാറ്റങ്ങളോട് കേരളത്തിലെ പൊതുസമൂഹം അനുഭാവപൂർണമായല്ല പ്രതികരിച്ചിട്ടുള്ളത് എന്നാണ് ഇത് കാണിക്കുന്നത്.

കെട്ടിട നിർമാണത്തിനും ഹൈ ടെക് ഉപകരണങ്ങൾവാങ്ങാനും  കിഫ്ബി വഴി 3000 കോടി രൂപ മാറ്റിവച്ചു.
കെട്ടിട നിർമാണത്തിനും ഹൈ ടെക് ഉപകരണങ്ങൾവാങ്ങാനും കിഫ്ബി വഴി 3000 കോടി രൂപ മാറ്റിവച്ചു.

കുട്ടികൾ കുറയുന്നത് തടയുക എന്നതുമാത്രമായിരുന്നില്ല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം. ക്ലാസ് മുറിയിൽ എത്തിച്ചേരുന്ന കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതുതന്നെയായിരുന്നു. ഇത്തവണ സംഭവിച്ച കുട്ടികളുടെ എണ്ണത്തിലുള്ള ഷിഫ്റ്റ്, തൊണ്ണൂറുകളിലെ കുത്തനെയുള്ള കുറവുമായി താരതമ്യം ചെയ്താൽ, ഗൗരവകരമായ കുറവാണെന്ന് പറയാനാകില്ല. കാരണം, പത്താം ക്ലാസിൽനിന്ന് പുറത്തുപോകുന്നവരുടെ എണ്ണവും ഒന്നാം ക്ലാസിൽ ചേരുന്നവരുടെ എണ്ണവും തമ്മിൽ ഒരു താരതമ്യമുണ്ടാകുമല്ലോ. അതായത്, പത്തിൽനിന്ന് പോകുന്ന അത്രയും എണ്ണം ഒന്നാം ക്ലാസിൽ എന്റോൾ ചെയ്യുന്നില്ല. ഇത്തവണയും അങ്ങനെ തന്നെയാണ്.

പിന്നെ എവിടേക്കാണ് ഈ കുട്ടികൾ പോകുന്നത്? അൺ എയ്ഡഡ് സ്‌കൂളുകളിലേക്കാണോ എന്നു ചോദിച്ചാൽ, മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ചെറിയൊരു മാറ്റം കാണുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് വരാൻ പോകുന്ന തകർച്ചയുടെ സൂചനയായി ഇതിനെ പരിഗണിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, കുട്ടികളുടെ കുറവിന് പല കാരണങ്ങളുമുണ്ട്. ഒന്ന്, ജനനനിരക്കിലെ കുറവ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും മനോഭാവത്തിൽ വരുന്ന മാറ്റം. കുട്ടികൾ കുറയുന്നത് മാത്രമല്ല വിഷയം. രണ്ടാം ഘട്ട വിദ്യാഭ്യാസ വളർച്ചയുമായി ബന്ധപ്പെട്ട് നിരവധി പ്രവണതകൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതിൽ ഒന്ന്, പൊതുവിദ്യാലയത്തിൽ ചേരുന്നവർക്കെല്ലാം ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുന്നുണ്ടോ എന്നത് ആന്തരികമായും ബാഹ്യമായും അസ്സസ് ചെയ്യപ്പെടുന്നുണ്ട്. അത് പല തലങ്ങളിലാണ് നടക്കുക. ഒരു സാമൂഹിക വിശകലനം ഉണ്ടാകാം.

പൊതുവിദ്യാലയങ്ങളിൽ മലയാളത്തിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. ഇംഗ്ലീഷ് മീഡിയത്തിലേക്ക് ഷിഫ്റ്റ് ചെയ്ത് നിലനിൽക്കാൻ ശ്രമിക്കുന്ന പൊതുവിദ്യാലയങ്ങളുണ്ട്. ഇതെല്ലാം പിടിച്ചുനിൽക്കാനുള്ള ശ്രമമാകാം. എന്നാൽ, അറിവുനിർമാണം എന്ന പ്രക്രിയ നടക്കണമെങ്കിൽ കുട്ടികൾക്ക് മാതൃഭാഷയിൽ തന്നെ പഠിക്കാൻ അവസരം വേണം. അതിന് വിപുലമായ അവബോധം രക്ഷിതാക്കളിലും പൊതുസമൂഹത്തിലും ഉണ്ടായാൽ മാത്രമേ ദീർഘകാലത്തേക്കുള്ള സമഗ്ര പരിവർത്തനം സാധ്യമാകൂ. ഇംഗ്ലീഷ് മാത്രമാണ് വഴി എന്ന ചിന്താഗതി മാറേണ്ടതുണ്ട്. അധ്യാപകരും രക്ഷിതാക്കളും കാലത്തിനനുസരിച്ച് മാറുകയും വേണം.

മറ്റൊന്ന്, ടെക്‌നോളജിയെ വച്ച് നമുക്ക് എത്രത്തോളം മുന്നോട്ടുപോകാനാകും എന്നത് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈയിടെ വന്ന യുനസ്‌കോ റിപ്പോർട്ടിൽ, ടെക്‌നോളജി എങ്ങനെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതിന്റെ വിശകലനമുണ്ട്. മീഡിയാ മാറ്റം ആത്യന്തിക പരിഹാരമല്ല. ഏത് വിഭാഗത്തിലെ കുട്ടിക്കും ക്ലാസ് മുറിയിൽ നീതി കിട്ടുന്നു എന്നുറപ്പാക്കുന്ന സിസ്റ്റം ഉണ്ടാകുക, അതിനെ പൊതുസമൂഹം തിരിച്ചറിയുക എന്നതാണ് സ്ഥായിയായ വിദ്യാഭ്യാസ പരിവർത്തനത്തിന്റെ പ്രധാന നിർവചനം. അത് സാധ്യമാക്കാനാണ് കേരളം ശ്രമിക്കേണ്ടത്. എണ്ണം കുറയുന്നതുമാത്രമായി ഈ പ്രശ്‌നത്തെ ചുരുക്കാതെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസം നേരിടുന്ന കാതലായ വിഷയങ്ങളുണ്ട്. അതു കൂടി പരിഗണിച്ചുവേണം ഈ വിഷയം ചർച്ച ചെയ്യാൻ.’’

ജനസംഖ്യാ കുറവ്
കാരണമാണോ?

ദേശീയതലത്തിൽ നാലിൽ ഒരു കുട്ടി സ്‌കൂളിൽ എത്തുന്നില്ല എന്നാണ് കണക്ക്. യു.എൻ.ഡി.പിയുടെ ഹ്യുമൻ ഡവലപ്‌മെന്റ് റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ കുട്ടികളുടെ ശരാശരി സ്‌കൂൾ വർഷം അഞ്ചു മുതൽ ആറു വർഷം വരെയാണ്. ഒന്നാം ക്ലാസിൽ ചേരുന്നവരിൽ 47 ശതമാനവും പത്താം ക്ലാസ് ആകുന്നതോടെ കൊഴിഞ്ഞുപോകുന്നു. എന്നാൽ, കേരളത്തിലെ കൊഴിഞ്ഞുപോക്ക് നേരിയതാണ്. 2017-ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഖാദർ കമീഷൻ റിപ്പോർട്ട് അനുസരിച്ച് സ്‌കൂൾ പ്രായത്തിലുള്ള ഏതാണ്ട് എല്ലാ കുട്ടികളും സ്‌കൂളിലെത്തുകയും ദേശീയതലത്തിൽ നിന്ന് ഭിന്നമായി മഹാഭൂരിപക്ഷവും 12-ാം ക്ലാസ് വരെ പഠനം തുടരുകയും ചെയ്യുന്നു. 2019- 20ൽ കേരളത്തിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വെറും 0.11 ശതമാനമായിരുന്നു. രാജ്യത്തെ ഏറ്റവും കുറവ്. ദേശീയ ശരാശരി 17.06 ആണ് എന്നോർക്കുക.

വിനോദ്കുമാർ കുട്ടമത്ത്
വിനോദ്കുമാർ കുട്ടമത്ത്

ആദിവാസി- ദലിത് വിഭാഗങ്ങളിൽ, സവിശേഷമായ കാരണങ്ങളാൽ കൊഴിഞ്ഞുപോക്ക് താരതമ്യേന കൂടുതലാണ്. കേരളത്തിൽ, ഒന്നാം ക്ലാസിൽ എന്റോൾ ചെയ്യുന്ന ആദിവാസി കുട്ടികളിൽ 90 ശതമാനവും പത്താം ക്ലാസ് കഴിയുന്ന മുറയ്ക്ക് വിദ്യാഭ്യാസം അവസാനിപ്പിക്കുന്നു. മുതുവാൻ, അട്ടപ്പാടിയിലുള്ള കുറുമ്പ വിഭാഗങ്ങളാണ് ഭൂരിപക്ഷവും 'ഡ്രോപ്പൗട്ട് സിൻഡ്രോം' എന്ന പ്രതിഭാസത്തിന് വിധേയരാകുന്നത്.

ഇത്തരം പ്രശ്‌നങ്ങൾ ഒഴിച്ചുനിർത്തിയാൽ, സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ഇപ്പോഴും ശക്തമാണ് എന്നാണ് ഈ കണക്കുകൾ പറയുന്നത്. 85 ശതമാനം കുടുംബങ്ങളും പൊതുവിദ്യാഭ്യാസത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ കുറവ് ആശങ്കാജനകമായി സർക്കാർ വിലയിരുത്തുന്നില്ല.

ജനസംഖ്യാ വർധനവിലെ പൊതുവായ കുറവാണ് ഒന്നാം ക്ലാസിൽ ചേരുന്നവരുടെ എണ്ണത്തെ ബാധിച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഡോ. ജെ. രത്‌നകുമാർ, ജി. സുജിത് കുമാർ എന്നിവരുടെ നിഗമനം ഇതിനോട് ചേർത്തുവായിക്കാം: ''ജനസംഖ്യാ പരിവർത്തനം എന്താണ് എന്നത് ഈ ഘട്ടത്തിൽ ഓർക്കുന്നതു നന്നായിരിക്കും. വളരെ ഉയർന്ന ജനനനിരക്കും ഉയർന്ന മരണനിരക്കും ഉള്ള ഒരു പ്രദേശത്ത് ജനനനിരക്കോ മരണനിരക്കോ രണ്ടുമോ വളരെ താഴ്ന്ന നിലയിലേക്കു മാറിയാൽ അവിടെ ജനസംഖ്യാ പരിവർത്തന പ്രക്രിയ നടക്കുന്നതായി കണക്കാക്കാം. കേരളത്തിൽ 1970-കളിൽ തുടങ്ങിയ ജനസംഖ്യാ പരിവർത്തനം 1990-കളുടെ അവസാനത്തോടെ ശക്തമായി പ്രതിഫലിച്ചു. 1981-ലെ സെൻസസ് പ്രകാരം 19.24% ആയിരുന്ന ദശവർഷ ജനസംഖ്യാ വളർച്ച 2011- ൽ 4.86% ആയി. ആഗോള ജനസംഖ്യാ വളർച്ചാ നിരക്കായ 12.97% -ലും ദേശീയ നിരക്കായ 17.7%-ലും കുറവാണ് കേരളത്തിന്റെ ജനസംഖ്യാ വളർച്ച എന്നത് അഭിമാനിക്കാവുന്ന നേട്ടം തന്നെ. ജനസംഖ്യാ പരിവർത്തനത്തിന്റെ ആദ്യ പ്രതിഫലനം വിദ്യാഭ്യാസ മേഖലയിലായിരുന്നു എന്നു തന്നെ പറയാൻ സാധിക്കും. ജനസംഖ്യാ പരിവർത്തനത്തിന്റെ ഫലമായി കേരളത്തിന്റെ ജനസംഖ്യാവർദ്ധനവിലും കുടുംബങ്ങളിലെ സ്‌കൂൾ പ്രായത്തിലുള്ള അംഗങ്ങളുടെ ശരാശരി എണ്ണത്തിലും കുറവു വന്നതായി പഠനങ്ങൾ തെളിയിക്കുന്നു.'' (പൊതുവിദ്യാഭ്യാസം: ചില വേറിട്ട ചിന്തകൾ, അല- ഇഷ്യു 12).

എൻ.സി.ഇ.ആർ.ടിയുടെ പഠനമനുസരിച്ച് 2011ൽ ഇന്ത്യയിൽ പ്രൈമറി ക്ലാസുകളിലെ സ്‌കൂൾ പ്രവേശനം കുറയാൻ തുടങ്ങി. ഇത് 2025 വരെ തുടരും. ആറു മുതൽ 16 വയസ്സുവരെയുള്ള പ്രായപരിധിയിലെ ജനസംഖ്യ കുറയുന്നതിനാൽ 2025-ഓടെ എല്ലാ തലങ്ങളിലും സ്‌കൂൾ പ്രവേശനം കുറയുമെന്ന് പഠനം പറയുന്നു. പ്രൈമറി ഘട്ടത്തിലെ എന്റോൾമെന്റ് വളർച്ച 2011 വരെ തുടർന്നു. 2011 മുതലാണ് ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. യു.പി, സെക്കൻഡറി ഘട്ടങ്ങളിൽ യഥാക്രമം 2016-ലും 2019-ലും എന്റോൾമെന്റിൽ ഇടിവ് രേഖപ്പെടുത്തി.

എന്നാൽ, ജനസംഖ്യാവർധനവിലെ കുറവ് ഒരു കാരണമായി പറയുന്നതിനോട് യോജിപ്പില്ലെന്ന് കെ.വി. മനോജ് പറയുന്നു: ''കേരളത്തിലെ പല ജില്ലകളിലും സിറോ പോപ്പുലേഷൻ ഗ്രോത്ത് രേഖപ്പെടുത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ നെഗറ്റീവ് ആണെന്നുതോന്നുന്നു. പക്ഷെ, അവിടുത്തെ അൺ എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികളുണ്ട്. അൺ എയ്ഡഡ് സ്‌കൂളുകളിൽ കൂടിയ കുട്ടികളുടെ എണ്ണത്തിന്റെ കണക്ക് നമ്മുടെ കൈവശമില്ല. എന്റെ നിഗമനത്തിൽ അമ്പതിനായിരം കുട്ടികളെങ്കിലും അൺ എയ്ഡഡ് സ്‌കൂളുകളിൽ കൂടിയിരിക്കണം.''

മറ്റു ചില സാമൂഹിക കാരണങ്ങളും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, കേരളത്തിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. വിദേശത്തേക്കുള്ള കുടിയേറ്റത്തിലുണ്ടായ വർധനയാണ് ജില്ലയിൽ സ്‌കൂൾ കുട്ടികളുടെ എണ്ണം കുറയാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്തെ ആകെ വിദ്യാർഥികളുടെ 2.21 ശതമാനമാണ് ജില്ലയിലുള്ളത്. 82,932 വിദ്യാർഥികൾ. കഴിഞ്ഞ വർഷത്തേക്കാൾ 3347 പേരുടെ കുറവുണ്ട് ഈ വർഷം.

ആരെയും ആശങ്കപ്പെടുത്താത്ത തിരിച്ചുപോക്ക്

പുതിയ വിദ്യാഭ്യാസ നയം വരെയുള്ള പരിഷ്‌കാരങ്ങൾ, വിദ്യാഭ്യാസത്തിന്റെ വിപണിവൽക്കരണത്തിനും കരിയറിസത്തിനും അനുകൂലമായ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മികച്ച വരുമാനമുണ്ടാക്കാനുതകുന്ന തൊഴിലിനുള്ളതാണ് വിദ്യാഭ്യാസം എന്ന ഉപരി- മധ്യവർഗ ധാരണ കേരളത്തെയും വരിഞ്ഞുമുറുക്കുന്നുണ്ട്. ആഗോള തൊഴിൽ വിപണിയിലേക്കുള്ള പരിശീലനക്കളരിയായി അവർ വിദ്യാഭ്യാസത്തെ കാണുന്നു. അതിനനുയോജ്യമായ രീതിയിലുള്ള പുത്തൻ കോഴ്‌സുകളും പരിശീലന സ്ഥാപനങ്ങളും കേരളത്തിലും തഴച്ചുവളരുന്നുണ്ട്. രണ്ടുപതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ നടപ്പാക്കിവരുന്ന നവ ലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സത്തയെ തന്നെ മാറ്റിത്തീർത്തുവെന്ന് പറയാം. മധ്യ- ഉപരി വർഗങ്ങളെ കേന്ദ്രീകരിച്ചുള്ള വിപണിവൽകൃത വിദ്യാഭ്യാസം തഴച്ചുവളരുന്നു. വിദ്യാഭ്യാസ മേഖല കേരളത്തിന് സംഭാവന ചെയ്ത ഉയർന്ന പൗരബോധവും മതനിരപേക്ഷ കാഴ്ചപ്പാടും തുല്യതയിൽ അധിഷ്ഠിതമായ സമീപനങ്ങളും റദ്ദാക്കി, കരിയറിസത്തിൽ മാത്രം ഊന്നുന്ന വാണിജ്യവിദ്യ മേൽക്കൈ നേടുന്നു. ഒരുതരത്തിലുള്ള സാമൂഹിക മോണിറ്ററിംഗ് ഇല്ലാത്തതും അധ്യായനത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താത്തതുമായ അൺ എയ്ഡഡ് സ്‌കൂളുകൾ അങ്ങനെയാണ് മലയാളിയുടെ മധ്യവർഗ പൊതുബോധത്തിന്റെ ഇഷ്ടയിടങ്ങളായി മാറിയത്. അവിടേക്കുള്ള തിരിച്ചുപോക്ക് കേരളീയ സമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ച് തീർച്ചയായും ശുഭകരമായ ഒന്നല്ല. എന്നാൽ, ആ തിരിച്ചുപോക്ക് നമ്മുടെ പൊതുവിദ്യാഭ്യാസമേഖലയെ ആശങ്കപ്പെടുത്തുന്നില്ല എന്നു മാത്രമല്ല, അതിനെ തടയിടാനുള്ള ഗൗരവകരമായ ആലോചനകൾ സർക്കാർ തലത്തിൽ പോലുമില്ല. അതുകൊണ്ടാണ്, കേവലം വാർത്താക്കുറിപ്പിലെ അക്കങ്ങളായി ഈ കണക്ക് മാറിയത്.

Comments