കോവിഡ് കാലത്ത് സ്‌കൂൾ വിദ്യാർഥികൾ ഇങ്ങനെയാണ് ജീവിച്ചത്

Truecopy Webzine

ണ്ടാം വർഷവും ഡിജിറ്റൽ പഠനത്തിന് തുടക്കമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒരു വർഷം കുട്ടികൾ എങ്ങനെയാണ് പഠിച്ചത് എന്നും ജീവിച്ചത് എന്നും പരിശോധിക്കുന്ന പഠന റിപ്പോർട്ടിന്റെ സംഗ്രഹം ട്രൂകോപ്പി വെബ്‌സീനിന്റെ പാക്കറ്റ് 27 ൽ. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ എത്ര ലഭ്യമാണ് എന്നും വിദ്യാർത്ഥികൾ ഡിജിറ്റൽ ക്ലാസുകളിൽ എത്ര പങ്കെടുക്കുന്നുണ്ട് എന്നും പഠനത്തിൽ പറയുന്നുണ്ട്. ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 27 ലാണ് ടി.വി. വിനീഷ്, മായ മേനോൻ, ഷിജു ജോസഫ് ചേർന്ന് തയ്യാറാക്കിയ പഠന റിപ്പോർട്ട്.

ജനറൽ വിഭാഗത്തിലെ 51 ശതമാനവും ഒ.ബി.സി വിഭാഗത്തിലെ 49 ശതമാനവും വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിലധികം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞപ്പോൾ പട്ടികജാതി വിഭാഗത്തിലെ 36% പേർക്ക് മാത്രമേ 90 ശതമാനത്തിലധികം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. പട്ടികജാതി വിഭാഗ വിദ്യാർത്ഥികളുടെ വിക്ടേഴ്സ് ചാനൽ ക്ലാസ്, ഫോളോ അപ് ക്ലാസുകളിലെ പങ്കാളിത്തം ആനുപാതികമല്ലാത്ത വണ്ണം കുറവാണ്. ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്, ഇന്റർനെറ്റ് റീചാർജ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ട്, രക്ഷകർത്താവ് പകൽ വീട്ടിലില്ലാത്തതു മൂലം സ്മാർട്ട്ഫോൺ ലഭ്യമാകാത്തത്, നെറ്റ്വർക്ക് പ്രശ്നങ്ങൾ മുതലായവയായിരുന്നു പങ്കാളിത്തം കുറയാൻ കാരണമായത്. 96.7% വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസിൽ സ്വന്തം വീട്ടിലിരുന്ന് പങ്കെടുക്കാൻ സാധിച്ചപ്പോൾ ബന്ധുവീടുകളെ ആശ്രയിച്ചവർ രണ്ടു ശതമാനത്തോളവും പഠനകേന്ദ്രങ്ങളെ ആശ്രയിച്ചവർ ഒരു ശതമാനത്തിൽ താഴെയുമാണ്.

തീരപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത താരതമ്യേന കുറവാണ്. തീരപ്രദേശത്തെ ടി.വി ലഭ്യത 86.3 ശതമാനവും സ്മാർട്ട് ഫോൺ ലഭ്യത 80.4 ശതമാനവുമാണ്. ഹൈറേഞ്ചിലെ ചിലയിടങ്ങളിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത് പ്രധാനമായും മൊബൈൽ ഫോൺ നെറ്റ്വർക്കിന്റെ അപര്യാപ്തതയാണ്. ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികളുടെ മക്കൾ ഏറെപ്പേർ പഠിക്കുന്ന ഒരു വിദ്യാലയത്തിൽ മാതാപിതാക്കൾ പണികഴിഞ്ഞെത്തുന്ന സമയം നോക്കിയാണ് അധ്യാപകർ ഫോളോ അപ് ക്ലാസ് നടത്തിയിരുന്നത്. വിദ്യാർഥികൾക്ക് ഫോൺ ലഭ്യമാകുന്നത് ആ സമയത്താണ്. മലഞ്ചെരിവുകളിലും മറ്റും ഇന്റർനെറ്റ് കണക്ടിവിറ്റി കുറവായതിനാൽ ചില വിദ്യാർത്ഥികൾ രാത്രി ഏഴിനും മറ്റും വീട്ടിൽ നിന്നുമകലെ ഉയരമുള്ള സ്ഥലങ്ങളിൽ പോയിരുന്നും മരക്കൊമ്പുകളിൽ കയറിയിരുന്നുമാണ് ക്ലാസുകളിൽ പങ്കെടുത്തിരുന്നത്.

ഡിജിറ്റൽ ക്ലാസുകൾ തുടരുന്നതിനെപ്പറ്റിയുള്ള വിദ്യാർത്ഥികളുടെ അഭിപ്രായം, കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ അന്വേഷണത്തിന്റെ ഭാഗമായിരുന്നു.


Comments