സ്‌കൂൾ തുറക്കട്ടെ, ആശങ്ക വേണ്ട; വാക്‌സിനേക്കാൾ കുട്ടികൾക്കുവേണ്ടത്​ മാസ്​ക്​ ആണ്​

കുട്ടികൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കിയ ശേഷം മതി സ്‌കൂളുകൾ തുറക്കുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. വാക്‌സീനെടുക്കുന്നതാണോ മാസ്‌ക് ധരിക്കുന്നതാണോ പ്രധാനമെന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ തന്നെ ഭിന്നതയുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിലെ കുട്ടികളുടെ ചികിത്സാ വിഭാഗം പ്രൊഫസർ ഡോ. കെ.കെ. പുരുഷോത്തമൻ വിശദീകരിക്കുന്നു.

രു ജനതയുടെ ജീവിതത്തെയാകെ മാറ്റിമറിച്ച മഹാമാരിയുടെ അവസാനഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ. ഒരു മഹാമാരിയെ അതിജീവിച്ചു എന്ന് പറയുമ്പോഴും അതുണ്ടാക്കിയിട്ടുള്ള കെടുതികളെ, പ്രത്യാഘാതങ്ങളെ നമ്മൾ ഘട്ടംഘട്ടമായി മറികടക്കേണ്ടിയിരിക്കുന്നു. വിദ്യാർഥികളുടെ അല്ലെങ്കിൽ 18 വയസ്സിനു താഴെയുള്ളവരുടെ ജീവിതത്തെക്കുറിച്ച് മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളിലും എങ്ങനെ നമ്മൾ ഒരു 'ന്യൂ നോർമൽ', കോവിഡിനൊപ്പം തന്നെയുള്ള ഒരു ജീവിതം എങ്ങനെ എന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്.

രാജ്യത്തെ 40 ശതമാനത്തോളം വരുന്ന കുട്ടികളെ അവരുടെ വളർച്ചയിൽ ഏറ്റവും പ്രധാനമായിട്ടുള്ള ഒരു കാലഘട്ടത്തിൽ നമ്മൾ വീടകങ്ങളിലേക്ക് ഒതുക്കിനിർത്തുമ്പോൾ അത് അവരെ ഏതൊക്കെ തരത്തിൽ ബാധിക്കാം. താൽക്കാലികമായിട്ടും, ചിലപ്പോൾ ദൂരവ്യാപകമായിട്ടും ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങൾ എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. കാരണം നമുക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ വിദ്യാലയങ്ങൾ തുറക്കണമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. അതേസമയം തന്നെ കോവിഡ് ഉണ്ടാക്കിയിട്ടുള്ള മരണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും അനുഭവിച്ചുള്ള ഒരു ജനത അവരുടെ മക്കളെ ഇത്തരത്തിലുള്ള ഒരു രോഗത്തിന് മുന്നിലേക്ക് തുറന്നുവിടാനും ഏറെ ആശങ്കപ്പെടുന്നുണ്ട്. ഇതുരണ്ടും ഒരേപോലെ പ്രസക്തമായിട്ടുള്ള വാദങ്ങളാണ്. ഏതിനാണ് കൂടൂതൽ മുൻതൂക്കം എന്നേ നോക്കാനുള്ളൂ. തീർച്ചയായിട്ടും വിദ്യാലയങ്ങൾ തുറന്ന് വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടുപോയ ബാല്യ കൗമാരങ്ങൾ തിരച്ചുനൽകുന്നതിന് തന്നെയാണ് ഏറ്റവും കൂടുതൽ മുൻഗണന. അതേസമയം, ഇത് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് തന്നെയാവണം.

മൂന്നാം തരംഗത്തെ പേടിക്കണോ?

ലോകത്താകെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരിലേറെയും പ്രായമായവരും മറ്റു രോഗങ്ങളുള്ളവരുമാണ്. കുട്ടികളിൽ രോഗം തീവ്രമാകുന്നതും മരണം സംഭവിക്കുന്നതും അപൂർവങ്ങളിൽ അപൂർവമാണെന്നാണ് അനുഭവം. കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണം 50-ൽ താഴെയാണ്. അത്തരമൊരു അവസ്ഥയിൽ, രോഗം നിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന കാലത്ത് എന്തുകൊണ്ട് വിദ്യാലയങ്ങൾ തുറന്നുകൂടാ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. എന്നാൽ രക്ഷിതാക്കളുടെ ആശങ്ക കൂട്ടാനിടയാക്കിയ കാര്യമാണ് മാധ്യമങ്ങളിലൂടെ വന്നിട്ടുള്ള രണ്ട് വാർത്തകൾ. മൂന്നാം തരംഗം വരാൻ പോകുന്നുവെന്നും അത് കുട്ടികളിലായിരിക്കും തീവ്രമാകുകയും മരണങ്ങളുണ്ടാക്കുകയും ചെയ്യുകയെന്നുമുള്ള വാർത്തകൾ വന്നു. ഇതുതന്നെയാണ് രക്ഷിതാക്കളിൽ ഏറെ ആശങ്കയുണ്ടാക്കുന്നത്.

കേരളത്തിൽ ഏതാണ്ട് 90 ശതമാനത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് വാക്‌സിനേഷൻ ലഭിച്ചുകഴിഞ്ഞു. രോഗതീവ്രത ഉണ്ടാകാനിടയുള്ളവർക്ക് ഏറെയും വാക്‌സീൻ നൽകിക്കഴിഞ്ഞു. കുട്ടികൾക്ക് വാക്‌സിനേഷൻ വരുന്നു എന്ന് പറയുന്നു. അപ്പോൾ അവർക്കും കൂടി വാക്‌സീൽ എടുത്തശേഷം പോരെ സ്‌കൂൾ തുറക്കുന്നത് എന്നുള്ള ചോദ്യവുമുണ്ട്. ഈ രണ്ട് ചോദ്യങ്ങളാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ളത്. ഈ രണ്ട് ചോദ്യങ്ങൾക്കും ഉത്തരം വേണം.

മൂന്നാം തരംഗം വരുമ്പോൾ കുട്ടികളെയാണ് കൂടുതൽ ബാധിക്കുക എന്നുപറയുന്നതിൽ എത്രമാത്രം ശരിയുണ്ട്. വൈറസ് ഇതുവരെ ചെന്നെത്തിയിരിക്കുന്നത് പ്രായക്കൂടുതലുള്ളവരിലും 20 വയസ്സിന് മുകളിലുള്ളവരിലുമാണെന്നാണ് ഇവിടെ നടത്തിയ നാല് സിറോ സർവെലൻസ് സർവേകളിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച വന്ന സിറോ സർവെലൻസ് സർവേ റിപ്പോർട്ട് ഏറെ പ്രധാനമാണ്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയതാണ് ഈ സിറോ സർവെലൻസ്. 82 ശതമാനത്തിലധികം ആളുകളിൽ വൈറസിനെതിരെ രോഗപ്രതിരോധശേഷി ഉണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്. അതിൽ കുട്ടികളിൽ ഏകദേശം 42 ശതമാനം പേർക്കാണ് പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയത്. അതായത് ബാക്കിയുള്ള 60 ശതമാനത്തോളം കുട്ടികൾക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ല. രോഗമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നല്ല, രോഗാണു അവരിലേക്ക് ചെന്നെത്താനുള്ള സാധ്യതയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, രോഗാണു ചെന്നെത്തി കുട്ടികൾക്ക് രോഗമുണ്ടാകുന്നതിനുള്ള സാധ്യത പ്രായമുള്ളവരെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ്. അതേസമയം, രോഗാണു ബാധിച്ചാൽ രോഗലക്ഷണമുണ്ടാകുന്നത് അഞ്ച് ശതമാനം മാത്രമാണ്. 95 ശതമാനത്തിനും യാതൊരു ലക്ഷണവുമില്ലാതെ പോകും. നാല് ശതമാനത്തിന് ലഘുവായ ലക്ഷണങ്ങളുണ്ടാകുന്നു. ഒരു ശതമാനം മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ടി വരുന്നത്. അതിലും ചെറിയൊരു ശതമാനം മാത്രമാണ് ഐ.സി.യുവിലാകുന്നത്. അത്രമാത്രമേ ഭയപ്പെടാനുള്ളൂ. അപ്പോൾ ഒരു മറുചോദ്യം വരാം. ഈ പറയുന്ന ശതമാനക്കണക്കുകൾ ചെറുതാണെങ്കിലും ഇത്രയധികം ജനസംഖ്യയുള്ള രാജ്യത്ത് രോഗികളുടെ എണ്ണം വളരെ കൂടുതലാകില്ലേ എന്നതാണത്. അത്തരത്തിലുള്ള വേവലാതിയുടെ കാര്യമൊന്നുമില്ല, കാരണം രോഗം ബാധിക്കുന്നവരെ ചികിത്സിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോൾ കേരളത്തിലുണ്ട്. പ്രായമുള്ളവരെ അപേക്ഷിച്ച് കുട്ടികളുടെ ചികിത്സയ്ക്ക് കൃത്യമായ സംവിധാനമുണ്ടെന്നതാണ് എടുത്തുപറയേണ്ടത്.

Photo: wikimedia Commons

കുഞ്ഞുങ്ങളിൽ രോഗതീവ്രതയും മരണവുമുണ്ടാകുന്നത് രണ്ട് കാര്യങ്ങൾകൊണ്ടാണ്. ആദ്യത്തേത് പ്രായമുള്ളവർക്ക് സമാനമായ രീതിയിൽ രോഗാണു ചെന്നെത്തി ആദ്യത്തെ ആഴ്ചയ്‌ക്കൊടുവിലും മൂന്നാമത്തെ ആഴ്ചയ്ക്കിടയിലുമുള്ള കാലഘട്ടത്തിൽ കോവിഡ് മൂലമുള്ള ന്യൂമോണിയ വരുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള മരണങ്ങൾ കുട്ടികളിൽ തീരെ കുറവാണ്, അല്ലെങ്കിൽ ഇല്ല എന്നുതന്നെ പറയാം. കുട്ടികളിൽ രോഗതീവ്രത ഉണ്ടാകുന്നത് മറ്റൊരു രീതിയിലാണ്. ആർ.ടി.പി.സി.ആർ. നെഗറ്റീവാകുകയും കോവിഡ് ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുന്നു. രണ്ടാഴ്ചയ്ക്കുശേഷം എട്ടാഴ്ച വരെയുള്ള കാലഘട്ടത്തിൽ ഒരു പ്രത്യേക തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടാകുന്നു. എം.ഐ.എസ്.സി. (മൾട്ടിസിസ്റ്റമിക് ഇൻഫ്‌ളമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ) എന്നാണ് ഇതിനെ പറയുന്നത്. അതായത് രോഗാണുവിനെതിരെയുള്ള ആന്റിബോഡി ഉണ്ടാകുകയും ഈ ആന്റിബോഡി ആന്തരികാവയവ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. വളരെ അപൂർവമായാണ് ഇങ്ങനെയുണ്ടാകുന്നത്. ഇതിന് വളരെ ഫലപ്രദമായിട്ടുള്ള ചികിത്സയുണ്ട്. മീഥേൽ ബട്‌നിസലോൺപ്രെഡ്‌നിസലോൺ, ഐവി ഗാമ തുടങ്ങിയ വിലകൂടിയ മരുന്നുകളുണ്ട്. നേരത്തെ കണ്ടെത്തിക്കഴിഞ്ഞാൽ 99 ശതമാനവും ചികിത്സിച്ച് ഭേദമാക്കാനാകും. അതുകൊണ്ടുതന്നെയാണ് ഇതെക്കുറിച്ച് വേവവലാതിയുടെ ആവശ്യമില്ല എന്നുപറയുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള ഭീതിയുടെ പേരിൽ സ്‌കൂൾ തുറക്കുന്നത് വൈകിപ്പിക്കേണ്ടതില്ല.

മൂന്നാം തരംഗം വരാമെന്നും വൈറസ് 20 വയസ്സിൽ താഴെയുള്ളവരിലെക്കാണ് ചെന്നത്തുകയെന്നതും പ്രതീക്ഷിക്കാവുന്നത് തന്നെയാണ്. രോഗം പെരുമഴയായി വന്നുപതിക്കില്ല, ഒരു നിലാവുപോലെ, മഞ്ഞുപോലെ വന്ന് തൊട്ട് പോകുകയേയുള്ളൂ. അതുകൊണ്ട് മൂന്നാം തരംഗം എന്ന് ഭീതിയോടെ പറയേണ്ടതില്ല. രോഗം ബാധിക്കാനും തീവ്രമാകാനും സാധ്യതയുള്ള ചെറിയ ശതമാനത്തെ ചികിത്സിക്കാൻ താലൂക്ക് തലത്തിൽ തന്നെ ഇവിടെ സംവിധാനങ്ങളുണ്ട്.

വാക്‌സീൻ എടുത്തിട്ടു പോരെ?

ഇത്രയും റിസ്‌ക് എടുക്കേണ്ടതുണ്ടോ, കുറച്ചുകൂടി കാത്തിരുന്ന് വാക്‌സീൻ എടുത്ത് സുരക്ഷിതരായിട്ടുപോരെ സ്‌കൂൾ തുറക്കുന്നത് എന്നതാണ് അടുത്ത ചോദ്യം. ഭാരത് ബയോടെക്കിന്റെ വാക്‌സീനും സൈകോവ് ഡി വാക്‌സീനുനും പഠനം പൂർത്തിയായി നവംബർ ആകുമ്പോഴേക്കും എത്തും. കോവാക്‌സിനാണെങ്കിൽ നാലാഴ്ച കൊണ്ട് രണ്ട് ഡോസ് കിട്ടും. അപ്പോൾ കുറച്ചുകൂടി കാത്തിരുന്ന് എല്ലാവരും വാക്‌സീൻ എടുത്തശേഷം സ്‌കൂൾ തുറന്നാൽ പോരെയെന്നാണ് ചോദ്യം. കുട്ടികൾ എല്ലാവരും വാക്‌സീൻ എടുക്കേണ്ടതുണ്ടോ എന്നതാണ് അപ്പോൾ ഉയരുന്ന മറ്റൊരു സംശയം.

രണ്ടാമത്തേത് വാക്‌സീൻ എടുക്കുന്നത് കുട്ടികൾക്ക് സുരക്ഷിതമാണോ എന്നതാണ്. കാരണം വളരെ കുറച്ച് ആളുകളിൽ മാത്രമാണ് വാക്‌സീനുകൾ പരീക്ഷിച്ചിട്ടുള്ളത്. സൈകോവ് ഡി എകദേശം 1400 കുട്ടികളിൽ മാത്രമാണ് പരീക്ഷിച്ചത്. ഭാരത് ബയോടെക് 525 കുട്ടികളിലാണ് പഠനം നടത്തിയത്. പ്രായമായവരിൽ പഠനം നടത്തിയിട്ടുണ്ട്. അപ്പോൾ കുറച്ച് കുട്ടികളിൽ കൂടി പഠിച്ചാൽ പോരെ എന്ന് ചോദിച്ചാൽ, അങ്ങനെ പോരാ.

കുട്ടികളിൽ രോഗബാധയും പ്രതിരോധവുമെല്ലാം തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ട് അവരിൽത്തന്നെ കൃത്യമായ, വിശദമായ പഠനം നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. അതിനുമുമ്പ് ധൃതിപിടിച്ച് വാക്‌സീൻ എടുക്കുന്നതിനോട് യോജിക്കാനാവില്ല. കുട്ടികൾ നാളത്തെ തലമുറയാണ്. അതുകൊണ്ട് അവരുടെ കാര്യത്തിൽ തിരക്കുപിടിച്ച് ലഘവത്തോടെയുള്ള മരുന്നുകൾ നൽകേണ്ട കാര്യമില്ല. പ്രായമായവരിലെപ്പോലെ രോഗം തീവ്രമാകുന്ന, മരണമുണ്ടാക്കുന്ന സാഹചര്യമില്ലാത്തതും പരിഗണിക്കുമ്പോൾ ശരിയായ വാക്‌സീന് കാത്തിരിക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ വാക്‌സീൻ എടുത്തുകഴിഞ്ഞിട്ടാവാം കുട്ടികളെ സ്‌കൂളിൽ പറഞ്ഞയക്കുന്നത് എന്ന വാദത്തിനും പ്രസക്തിയില്ല.

Photo: Pixabay

സ്‌കൂൾ തുറക്കുമ്പോൾ വെല്ലുവിളികൾ

നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നത് സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടായിരിക്കണം എന്നതിൽ തർക്കമില്ല. ഇത് വളരെ സുരക്ഷിതമായി ചെയ്യാൻ നമ്മുടെ മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്. 80 ലക്ഷം കുട്ടികളുടെ സുരക്ഷയാണ് പ്രധാനം എന്നാണ് നമ്മൾ ആദ്യം ചിന്തിക്കുക. എന്നാൽ അങ്ങനെയല്ല, ഈ 80 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക് എത്തിക്കഴിഞ്ഞാൽ, ആദ്യത്തെ മൂന്നാഴ്ചയാകുമ്പോഴേക്കും കുറെ കുട്ടികളിൽ വൈറസ് എത്തും. ലക്ഷണങ്ങളൊന്നും ഉണ്ടാകുകയില്ല, ചിലപ്പോൾ നമ്മൾ അറിയുകയും ഇല്ല. ലഘുവായ ലക്ഷണങ്ങളുള്ളവരുമുണ്ടാകും. അവരെ പരിശോധിച്ചാൽ പോസിറ്റീവാകുകയും ചെയ്യും. സ്‌കുൾ തുറന്നുകഴിയുമ്പോൾ ഒരു പോസിറ്റിവിറ്റി തരംഗം ഉണ്ടാകും എന്ന് ഉറപ്പാണ്. പക്ഷേ അതുകൊണ്ട് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം.

എന്നാൽ നമ്മൾ ഭയപ്പെടേണ്ട കാര്യം മറ്റൊന്നാണ്. ലോകത്ത് അനേകം രാജ്യങ്ങളിൽ സമാനമായ രീതിയിൽ നമുക്ക് മുമ്പേ വിദ്യാലയങ്ങൾ തുറക്കുകയും ന്യൂ നോർമലിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലും സ്‌കൂളുകൾ വീണ്ടും അടയ്ക്കുകയും തുറക്കുകയുമൊക്കെ ചെയ്ത് പരീക്ഷണഘട്ടത്തിലൂടെ പോകുകയാണ്. അവിടെയൊക്കെ വിദ്യാർഥികളുടെ ഇടയിലല്ല പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. അധ്യാപകരിലും സ്‌കൂളിലെ മറ്റു തൊഴിലാളികളിലും അതുപോലെ വാക്‌സീനെടുക്കാതെ വീട്ടിലിരിക്കുന്ന ആളുകളിലുമാണ് കേസുകളുടെ എണ്ണം ഉയർന്നത്. അതാണ് നമ്മൾ ഇവിടെയും പ്രതീക്ഷിക്കേണ്ടത്. സ്‌കൂളുകളിൽ നിന്ന് വൈറസിനെ ഏറ്റുവാങ്ങുന്ന കുട്ടികൾ വീടുകളിലെത്തുമ്പോഴും സ്‌കൂളിൽ അധ്യാപകരുമായി അടുത്തിടപഴകുമ്പോഴും അവരിൽ രോഗമെത്തുന്നു.

വാക്‌സീനെടുക്കാത്ത ചെറിയൊരു വിഭാഗം പ്രായമായവരും രോഗാതുരതയുള്ളവരും ഇനിയും ബാക്കിയുണ്ട്. എന്തൊക്കെയോ കാരണങ്ങൾകൊണ്ട് വാക്‌സീനെടുക്കാതെ മാറിനിൽക്കുന്നവരുണ്ട്. സ്‌കൂളിൽ നിന്ന് വരുന്ന കുട്ടികൾ ഇത്തരത്തിലുള്ളവരോട് അടുത്തിടപെടുകയും അവർക്ക് രോഗമുണ്ടാകാനും കാരണമാകുകയും ചെയ്യുന്നു. ഇത്തരക്കാർക്കാണ് രോഗം തീവ്രമാകാനും മരണം സംഭവിക്കാനുമൊക്കെ സാധ്യതയുള്ളത്. അതുകൊണ്ട് ഇത്തരത്തിലുള്ള എല്ലാവർക്കും പ്രതിരോധം ഉറപ്പാക്കുകയാണ് വേണ്ടത്.

സ്‌കൂൾ തുറക്കുമ്പോൾ അധ്യാപകർക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളാണുള്ളത്. രണ്ട് ഡോസ് വാക്‌സീനുമെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള അധ്യാപകർ മാത്രമെ കുട്ടികളുമായി ഇടപഴകാൻ പാടുള്ളൂ. ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്ത അധ്യാപകർ മാത്രമെ സ്‌കൂളിൽ എത്താവൂ എന്നാണ് സർക്കാർ നിർദേശം. അത് ശരിയായി തോന്നുന്നില്ല. കാരണം, ഇപ്പോൾ കേരളത്തിലുള്ള 99 ശതമാനം കേസുകളും ഡെൽറ്റ വകഭേദമാണ്. പെട്ടെന്ന് പടർന്നുപടിക്കുമെന്നതാണ് ഡെൽറ്റയുടെ പ്രത്യേകത. അസ്ട്രസെനക (കോവിഷീൽഡ്), ഫൈസർ വാക്‌സീനുകൾ ഒരു ഡോസ് കൊടുത്തപ്പോൾ ഡെൽറ്റയ്‌ക്കെതിരെ 30 ശതമാനം മാത്രമാണ് ഫലമുണ്ടായതെന്നാണ് അടുത്തിടെ ബ്രിട്ടനിൽ നടന്ന പഠനം സൂചിപ്പിക്കുന്നത്. ഫൈസർ രണ്ട് ഡോസ് കൊടുക്കുമ്പോൾ 80-88 ശതമാനം ഫലമുണ്ടായി. അസ്ട്രസെനകയ്ക്ക് 76 ശതമാനത്തോളം ഫലമുള്ളതായാണ് കണ്ടെത്തിയത്. അപ്പോൾ ഒരു ഡോസ് വാക്‌സീനെടുത്ത അധ്യാപകർക്ക് 30 ശതമാനം സുരക്ഷിതത്വം മാത്രമാണുണ്ടാവുക. 30 ശതമാനം മാത്രം സുരക്ഷിതത്വമുള്ള അധ്യാപകർ ഈ കാലഘട്ടത്തിൽ സ്‌കൂളിൽ പോകുന്നത് അനുവദിക്കാവുന്ന കാര്യമല്ല.

തയ്യാറെടുപ്പുകൾ ഇങ്ങനെ

സ്‌കൂളുകൾ തുറക്കുമ്പോൾ തയ്യാറെടുപ്പുകൾ നടത്തേണ്ടത് അധ്യാപകരും രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും തദ്ദേശ ഭരണാധികാരികളും ഉൾപ്പെടെയുള്ളവരാണ്. സമൂഹത്തിലെ ഓരോരുത്തർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഒന്നരവർഷത്തെ അടച്ചിരിക്കലിനുശേഷം കുട്ടികൾ സ്‌കൂളിലെത്തുമ്പോൾ അവർ നേരിടുന്ന പ്രയാസങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പറയാനാകില്ല. കാരണം ഇത്തരമൊരു അനുഭവം നേരത്തെയുണ്ടായിട്ടില്ല. അപ്പോൾ രോഗപ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകൾക്കൊപ്പം കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള നടപടികളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം. രോഗപ്രതിരോധ നടപടികളിൽ പൂർണമായ അധികാരം കൊടുക്കേണ്ടത് ആരോഗ്യവകുപ്പിനാണ്. എന്നാൽ എല്ലാം അവരുടെ മാത്രം ഉത്തരവാദിത്തമാണെന്ന് കരുതാതെ നമ്മളോരോരുത്തരും വൈറസ് പ്രതിരോധത്തിനുള്ള പ്രവർത്തനങ്ങളിൽ സ്വയം പങ്കാളികളാകണം.

തയ്യാറെടുപ്പുകൾ മൂന്ന് ഇടങ്ങളിലായിട്ട് ഭാഗിക്കണം. കുട്ടികളുടെ സുരക്ഷയ്ക്കായി വിദ്യാലയങ്ങളിൽ എന്തൊക്കെ തയ്യാറെടുപ്പുകൾ വേണമെന്നതാണ് ഏറ്റവും പ്രധാനം. വീടുകളിലെ സ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ വിവരം അധ്യാപകർ ശേഖരിക്കണം. ഓരോ കുട്ടിയുടെയും വീട്ടിലെ അംഗങ്ങളുടെ എണ്ണം, അതിൽ രോഗാതുരതയുള്ളവർ, വാക്‌സീനെടുക്കാത്തവർ എന്നീ കണക്കുകൾ കൃത്യമായി എടുക്കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും വേണം. സ്‌കൂളിൽ നിന്ന് തിരിച്ചുവരുന്ന കുട്ടി രോഗലക്ഷണങ്ങളില്ലെങ്കിലും അത്തരം ആളുകളിൽ നിന്ന് മാറിനിൽക്കേണ്ടത് നിർബന്ധമാണ്. കുട്ടി വീട്ടിലെത്തി കൈകൾ വൃത്തിയാക്കുകയും സോപ്പ് ഉപയോഗിച്ച് കുളിക്കുകയും വസ്ത്രങ്ങൾ മാറ്റുകയും ചെയ്താൽ സുരക്ഷിതമായെന്നാണ് നമ്മൾ കരുതുക. എന്നാൽ അങ്ങനെയല്ല, കുട്ടിയിൽ വൈറസ് കയറിയിട്ടുണ്ടെങ്കിൽ, അത് ഏതാനും ദിവസങ്ങൾ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടികളിൽ നിന്ന് രോഗസാധ്യതയുള്ളവർ മാറിനിൽക്കുക തന്നെ വേണം.

കുട്ടികളുടെ മാനസിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം സ്‌കൂളിൽ ഉണ്ടാകേണ്ടതുണ്ട്. സ്‌കൂളിൽ വെച്ച് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ മറ്റു കുട്ടികളിൽ നിന്ന് മാറ്റിനിർത്തി ഐസലേറ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കണം. അതിനായുള്ള മുറി തയ്യാറാക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവരിൽ നിന്ന് പെട്ടെന്ന് മാറ്റിനിർത്തുമ്പോൾ കുട്ടിക്ക് മാനസികമായ പ്രയാസം ഉണ്ടാകാത്ത രീതിയിൽ വേണം ചെയ്യാൻ. രക്ഷിതാക്കൾ എത്തുന്നതുവരെ, അല്ലെങ്കിൽ ആരോഗ്യപ്രവർത്തകരെ ഏൽപ്പിക്കുന്നതുവരെ ഈ കുട്ടികളുടെ അടുത്തുണ്ടാകുന്നത് അധ്യാപകരായിരിക്കും. ഈ അധ്യാപകർ സാധാരണയിൽ കവിഞ്ഞ സുരക്ഷിതത്വം ഉള്ളവരായിരിക്കണം. ഐസലേഷൻ മുറി നല്ല വായുസഞ്ചാരമുള്ളതായിരിക്കണം.

അധ്യാപകർ എൻ 95 മാസ്‌ക് തന്നെ ധരിക്കണം. ഫെയ്‌സ് ഷീൽഡ് കൂടി ധരിച്ചാൽ നന്നായിരിക്കും. കുട്ടിയിൽ നിന്ന് കൃത്യമായ അകലം പാലിക്കണം. എന്നാൽ കുട്ടിക്ക് ഈ അകലം തോന്നാത്ത വിധത്തിൽ, അടുപ്പം തോന്നിപ്പിക്കുന്ന രീതിയിലുള്ളതായിരിക്കണം അധ്യാപകരുടെ ഇടപെടൽ. ഞാൻ ഒറ്റയ്ക്കല്ല, അധ്യാപകൻ ഒപ്പമുണ്ട് എന്ന തോന്നൽ കുട്ടിയ്ക്കുണ്ടാക്കുകയും അതേസമയം, അധ്യാപകരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. മുറിയിൽ ഫാനിടുമ്പോൾ കുട്ടിയിൽ നിന്ന് അധ്യാപകനിലേക്ക് കാറ്റടിക്കാത്ത രീതിയിൽ ക്രമീകരിക്കണം. മുറിയിൽ ഒരു വാഷ്‌ബേസിനും സോപ്പും സാനിറ്റൈസറും ഉണ്ടായിരിക്കണം. സ്‌കൂളിൽ ഇതൊക്കെ ഉണ്ടാകുമെങ്കിലും ഈ മുറിയിൽ പ്രത്യേകം ശ്രദ്ധവേണം.

നാലിലൊന്ന് കുട്ടികളെ ഒരു സമയത്ത് സ്‌കൂളിൽ വരുത്താം എന്നാണ് സർക്കാർ നിർദേശത്തിൽ കാണുന്നത്. നാല് ഷിഫ്റ്റുകാകുമ്പോൾ അധ്യാപകർക്കുണ്ടാകുന്ന ജോലിഭാരവും പരിഗണിക്കണം. അതുകൊണ്ട് സർക്കാരല്ല, അതത് സ്‌കൂൾ അധികൃതരാണ് എത്ര കുട്ടികളെ അകലം പാലിച്ച് സുരക്ഷിതമായി അവർക്ക് ഉൾക്കൊള്ളാൻ കഴിയുമെന്ന് തീരുമാനിക്കേണ്ടത്. വലിപ്പമുള്ള ക്ലാസ്മുറിയാണെങ്കിൽ നാലിലൊന്നാക്കേണ്ടതില്ലല്ലോ, അകലം പാലിച്ചുകൊണ്ട് ഇരുത്താവുന്നത്ര കുട്ടികളെ ഒരു ഷിഫ്റ്റിൽ തന്നെ ഉൾപ്പെടുത്താമല്ലോ. അപ്പോൾ ഷിഫ്റ്റുകളുടെ എണ്ണം കുറയ്ക്കാനുമാകും. കുട്ടികളുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അതുകൊണ്ട് തീരുമാനങ്ങൾ മുഴുവൻ മുകളിൽ നിന്ന് ഉത്തരവായി ഇറക്കാതെ സ്‌കൂളുകൾക്കും അധ്യാപകർക്കും നൽകണം. ക്ലാസ് മുറികളിൽ സ്ഥല സൗകര്യമില്ലാത്ത സ്‌കൂളുകളിൽ പുറത്ത് മരച്ചുവടോ തണലുള്ള സ്ഥലങ്ങളോ ഉണ്ടെങ്കിൽ അവിടെയും ക്ലാസുകൾ നടത്താം. അത് കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമായിരിക്കും. വായുസഞ്ചാരമുള്ള മുറികളില്ലെങ്കിൽ പുറത്ത് ക്ലാസ് നടത്തുന്നത് തന്നെയായിരിക്കും നല്ലത്.

Photo: Fickr

ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതുമാണ് ശ്രദ്ധ വേണ്ട മറ്റു കാര്യങ്ങൾ. ഭക്ഷണം കഴിക്കുന്ന ഇടങ്ങളിലാണ് രോഗം പടരാനുള്ള സാധ്യത ഏറ്റവും കുടുതലുള്ളത്. കാരണം അവിടെ ആളുകൾ മാസ്‌ക് ധരിക്കുന്നില്ല. അതുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങൾ നന്നായി അകലം പാലിക്കാൻ സൗകര്യമുള്ളതായിരിക്കണം. കൂട്ടമായി ഇരിക്കുകയോ ഭക്ഷണം പങ്കുവെക്കുകയോ ചെയ്യരുത്. ഭക്ഷണം ഉണ്ടാക്കുന്നവർ വാക്‌സീനെടുത്ത് പ്രതിരോധം നേടിയവരായിരിക്കണം. അവർ മാസ്‌ക് ശരിയായി ധരിക്കുകയും വേണം. ഭക്ഷണം ഉണ്ടാക്കുന്ന ഇടത്തേക്ക് മറ്റുള്ളവർ കയറാനും പാടില്ല. കൂടാതെ സ്‌കൂളിലേക്ക് പുറത്തുനിന്ന് ആളുകൾ കയറിവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം. കുട്ടികളെ കൊണ്ടുവിടാൻ വരുന്ന രക്ഷിതാക്കളും ഗേറ്റിന് പുറത്തുനിൽക്കണം.

സ്‌കൂളിൽ ഭക്ഷണം കൊടുക്കാതിരിക്കുന്നാതാണ് നല്ലതെന്ന അഭിപ്രായവും ചിലർക്കുണ്ട്. എന്നാൽ സ്‌കൂളിൽ നിന്ന് കിട്ടുന്ന ഭക്ഷണം പല കുട്ടികൾക്കും, കുടുംബങ്ങൾക്കും വലിയ അനുഗ്രഹമാണ്. അതുകൊണ്ട് അത് ഒഴിവാക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഇവിടെ സന്നദ്ധപ്രവർത്തകർക്ക് ഉൾപ്പെടെ പങ്കുവഹിക്കാനുണ്ട്.

ടോയ്‌ലറ്റുകളുടെ കാര്യത്തിലും സ്‌കൂളുകളിൽ വളരെയധികം ശ്രദ്ധവേണം. ടോയ്‌ലറ്റിൽ പോകുന്നത് 10 മിനിറ്റ് ഇടവേളയിൽ മാത്രമെന്നത് മാറ്റി, കുട്ടിക്ക് ആവശ്യമുള്ളപ്പോൾ പോകാൻ അനുവദിക്കണം. ടോയ്‌ലറ്റ് ഉപയോഗിച്ചാൽ വൃത്തിയാക്കാനും കുട്ടികളെ ശീലിപ്പിക്കണം. കൂടാതെ ദിവസത്തിൽ രണ്ട് തവണയെങ്കിലും ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ പ്രത്യേകം ആളുകളെ നിയോഗിക്കണം.

മാസ്‌ക് തന്നെ മുഖ്യം

കോവിഡിനെക്കുറിച്ച് ഏറെ മനസ്സിലാക്കിയപ്പോൾ പ്രതിരോധരീതികളിലെല്ലാം പല മാറ്റങ്ങളും വന്നിട്ടുണ്ട്. എന്നാൽ മാസ്‌ക് ഉപയോഗിക്കുക, അകലം പാലിക്കുക, കൂട്ടംകൂടുന്നത് ഒഴിവാക്കുക എന്നീ മൂന്ന് കാര്യങ്ങൾ തന്നെയാണ് ഏറ്റവും പ്രധാനം. വലിയ ചെലവില്ലാതെ ചെയ്യാവുന്നവയാണ് ഈ കാര്യങ്ങൾ. സാനിറ്റൈസർ ഉപയോഗിക്കുക, ഇടയ്ക്കിടയ്ക്ക് ശുചീകരണം നടത്തുക. ഫോഗിങ് എന്നിവയൊക്കെ പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ളതാണ്. അതുകൊണ്ട് മുൻഗണനാക്രമത്തിൽ ഇവ കുറച്ച് താഴേക്ക് പോകുകയും മാസ്‌കും അകലം പാലിക്കലും മുന്നിലേക്ക് വരികയും ചെയ്യണം. സ്‌കൂൾ തുറക്കുമ്പോഴും ഇതേ മുൻഗണനാക്രമമായിരിക്കണം പാലിക്കേണ്ടത്. ഇത്രയേറെ കുട്ടികൾ സ്‌കൂളിലെത്തുമ്പോൾ, സോപ്പിട്ട് കൈകഴുകുന്നതിനും സാനിറ്റൈസർ ഉപയോഗത്തിനും പ്രാമുഖ്യം നൽകുന്നത് ചെലവേറിയതും പ്രായോഗിക ബുദ്ധിമുട്ടുള്ളതുമാണ്. അതുകൊണ്ട് മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുന്നതിനും കൃത്യമായി അകലം പാലിക്കുന്നതിനുമാണ് പ്രാധാന്യം നൽകേണ്ടത്.

കൂട്ടംകൂടരുതെന്ന് പറയുമ്പോഴും കുട്ടികൾക്ക് സൗഹൃദം പങ്കിടാനുള്ള വേദികൾ ഒരുക്കുകയാണ് സ്‌കൂളുകളിൽ ചെയ്യേണ്ടത്. വലിയ സംഘമായല്ല, കൊച്ചുകൊച്ചു കൂട്ടങ്ങളായി സൗഹൃദം പങ്കിടാനാണ് അവസരം ഒരുക്കേണ്ടത്. അഞ്ചോ ആറോ പേരുള്ള സംഘങ്ങളായാണ് കുട്ടികൾ കഴിയേണ്ടത്. ഇവരിൽ ആരെങ്കിലും പോസിറ്റീവായാൽ ആ ഗ്രൂപ്പിലുള്ളവരെ മാത്രം മാറ്റിനിർത്തിയാൽ മതിയാകും. സ്‌കൂൾ മുഴുവൻ അടച്ചിടുകയോ ഫോഗിങ് ചെയ്യുകയോ ഒന്നും വേണ്ടിവരില്ല. ഓരോ അധ്യാപകരുടെയും കീഴിൽ ചെറിയ കൂട്ടങ്ങളായി കുട്ടികളെ തിരിക്കാം. സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടുള്ള കളികളിൽ ഏർപ്പെടാനും കുട്ടികളെ അനുവദിക്കണം, പ്രത്യേകിച്ച് ചെറിയ കുട്ടികളെ. കാരണം അവരുടെ വളർച്ചയെ സംബന്ധിച്ച് കായികമായ കളികൾക്കും കൂട്ടുകൂടലുകൾക്കുമെല്ലാം വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് അധ്യാപകർക്കും മുതിർന്നകുട്ടികൾക്കും ചെറിയ കുട്ടികളുടെ കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഏത് തരത്തിലുള്ള കളികളാണ് സുരക്ഷിതം എന്ന് മനസ്സിലാക്കി കുട്ടികളെ അതിലേക്ക് തിരിച്ചുവിടാൻ അവർക്ക് കഴിയണം. അടുത്തിടപഴകാത്ത തരത്തിലുള്ള കളികൾക്കും വ്യായാമങ്ങൾക്കും പ്രാധാന്യം നൽകണം.

Comments