തുറക്കാനിരിക്കുന്ന ‘ന്യൂ നോർമൽ’ ക്ലാസ്​മുറികൾ
​കേരളം എങ്ങനെ കൈകാര്യം ചെയ്യും?

കോവിഡാനന്തര വിദ്യാഭ്യാസത്തെക്കുറിച്ച്​ ഗൗരവകരമായ സംവാദത്തിലാണ്​ ലോകം. നമ്മുടെ വിദ്യാഭ്യാസ സ്​ഥാപനങ്ങളും ‘നോർമൽ’ സാഹചര്യത്തിലേക്ക്​ തുറക്കുകയാണ്​. എന്നാൽ കേരളം, ഓഫ്​ലൈനായോ, നേരിട്ടുള്ളതോ ആയ ക്ലാസ് റൂം വിദ്യാഭ്യാസത്തിനു പകരം മറ്റൊന്നുമില്ല എന്ന തീർപ്പിൽ എത്തിനിൽക്കുന്നു.

ഹാമാരിക്കാലം നമുക്ക് സമ്മാനിച്ച ഓൺലൈൻ- ഡിജിറ്റൽ- ബ്ലൻഡഡ്- ഫ്‌ളിപ്പ്ഡ് - ഹൈബ്രിഡ് പഠന- ബോധന രീതികൾ വരുംവർഷങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കാം / ബാധിക്കാം എന്നതാണ് ലോകത്തത്തെമ്പാടും വിദ്യാഭ്യാസ സംവാദങ്ങളിൽ ഉയർന്നുകേൾക്കുന്ന ചോദ്യം. കേരളത്തിലെ വിദ്യാഭ്യാസ സംവാദങ്ങളിലാകട്ടെ, അധ്യാപകസമൂഹം പ്രത്യേകിച്ചും, ഓഫ്​ലൈനായോ, നേരിട്ടുള്ളതോ ആയ ക്ലാസ് റൂം വിദ്യാഭ്യാസത്തിനു പകരം മറ്റൊന്നുമില്ല എന്ന തീർപ്പിലാണ് എത്തിനിൽക്കുന്നത്.

കേരളം അനുഭവിക്കുന്ന ഡിജിറ്റൽ ഡിവൈഡിന്റെയും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെയും സ്പീഡിന്റെയും പ്രശ്‌നങ്ങൾ തുടങ്ങി പല കാരണങ്ങളും ഇതിനുണ്ടുതാനും. ‘പ്രഥമ സൗഹൃദം പൂത്ത നദീതടം' (കുരീപ്പുഴ ശ്രീകുമാർ) എന്നാണ് നമ്മുടെ ക്ലാസുമുറികൾ വിശേഷിപ്പിക്കപ്പെട്ടത്. ക്ലാസുമുറികൾ കാലത്തിന്റെ ചരിത്രരേഖകളാണ് (Classrooms are chronicles of time.). ‘An Ode to the Classroom' എന്ന ഫ്രൻറ്​ലൈൻ ലേഖനത്തിൽ മീനാപിള്ളയും സമാന ആശയമാണ് പങ്കുവെക്കുന്നത്. സാമൂഹികതയെക്കുറിച്ചുള്ള നമ്മുടെ അബോധത്തെപോലും നിർണയിക്കുന്നത് ക്ലാസുമുറികളാണ്. ഒന്നിച്ചുപഠിച്ചവരുടെ ക്ലാസ് ഗ്രൂപ്പുകളാണ് ഇന്ന് കേരളത്തിലെ ഏറ്റവും പ്രബലമായ സൗഹൃദ കൂട്ടായ്മകൾ. ഈ അനുഭവം നഷ്ടമായ ഇരുപതുമാസങ്ങൾക്കുശേഷം പൂർണമായും നേരിട്ടുള്ള ക്ലാസ്​റൂം പഠനം സാധ്യമായേക്കാവുന്ന ഒരു അക്കാദമിക് വർഷത്തിന്റെ പടിവാതിൽക്കലാണ് 2022 മെയ് അവസാന വാരം നാം എത്തിനിൽക്കുന്നത്. ഇരുപതുമാസത്തെ അടച്ചിരിപ്പിനുശേഷം ഒരു പുതിയ സാധാരണത്വത്തിൽ (The New Normal) നാം എത്തിപ്പെടും എന്ന് പൊതുവെ വിലയിരുത്തപ്പെട്ടിട്ടുണ്ട്.

Photo : unsplash.com
Photo : unsplash.com

കോവിഡാനന്തര ന്യൂ നോർമൽ ലോകം എന്താണെന്ന കൃത്യമായ മനസ്സിലാക്കൽ അത്ര എളുപ്പമല്ലെങ്കിലും അതിന്റെ സവിശേഷതകളെ പാടെ അവഗണിച്ച്​ എല്ലാം പഴയപടിയായി എന്നുകരുതി മുന്നോട്ടുപോകുന്നത് ഒരു പുരോഗമനാത്മക സമൂഹത്തിനും ഗുണകരമാകില്ല. ടെക്​നോ കാപ്പിറ്റലിസം അതിന്റെ പിടിമുറുക്കിയത് നമ്മൾ തിരിച്ചറിഞ്ഞേ മതിയാവൂ. മഹാമാരിയുടെ പിടി അയഞ്ഞിട്ടും കോർപറേറ്റുകൾ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നില്ല. ഓൺലൈൻ കച്ചവടം മുൻപെന്നത്തേക്കാളും പൊടിപൊടിക്കുകയാണിപ്പോഴും.

‘ദി ന്യൂ നോർമൽ ഇൻ എഡ്യുക്കേഷൻ’ എന്ന ​ലേഖനത്തിൽ ജോസ്​ അഗസ്​റ്റോ പാച്ചെകോ എഴുതുന്നു: ‘ഡിജിറ്റൽ മുതലാളിത്തത്തിന്റെ സമീപകാല ആവശ്യങ്ങളുമായി കർതൃത്വത്തെ (Subjectivity) പൊരുത്തപ്പെടുത്തുന്നതിൽ, മഹാമാരിക്ക് നമ്മെ കൂടുതൽ സമഗ്രമായി ഡിജിറ്റലൈസ് ചെയ്ത ഇടത്തിലേക്ക് നയിക്കാൻ കഴിയും, ഈ പ്രവണത ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്​ത്വരിതപ്പെടുത്താനും കഴിയും. ഈ പുതിയ കർതൃത്വബോധം സ്വമേധയാ അനുസരണയും പൂർവനിശ്ചിത പ്രവർത്തനശേഷിയും വർധിപ്പിക്കും, ഇത് ഒരു ന്യൂ നോർമൽ നിലയിലേക്ക് നമ്മെ നയിക്കും, സോഫ്​റ്റ്​വെയർ ഘടനാപരമായ സാമൂഹിക ബന്ധങ്ങളിൽ വിദഗ്ദ്ധരായവർക്ക് ഇത് പ്രയോജനം ചെയ്യും.'

ഡിജിറ്റൽ ഡിവൈഡിന് പരിഹാരമായേക്കാവുന്ന ഇന്റർനെറ്റ് സ്പീഡ് വാഗ്ദാനം ചെയ്ത കെ- ഫോൺ പദ്ധതിയെക്കാൾ മനുഷ്യരുടെ ചലനവേഗം വാഗ്ദാനം ചെയ്യുന്ന കെ- റെയിലാണ് പലരെയും മോഹിപ്പിക്കുന്നത്.

പുതിയ പാഠ്യപദ്ധതിയുടെ പരിഗണനാവിഷയങ്ങൾ എന്താവണം?

കേരളം പുതിയ കരിക്കുലം നിർമാണത്തിലേക്കു കടക്കുന്ന ഈ ഘട്ടത്തിൽ നിഷ്‌ക്രിയ സാങ്കേതികവിദ്യയിലേക്കു ചായുന്നതിൽനിന്ന് ചെറുക്കാനുതകുന്നതും ധാർമികവും മാനുഷികവും പരിവർത്തനോൻമുഖവുമായ സമീപനം ഉയർത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസം വരുംതലമുറയ്ക്ക് പ്രദാനംചെയ്യാൻ എങ്ങനെ കഴിയും എന്നതാണ് ഏറ്റവും പ്രധാന ചോദ്യം. നാം നേരിടാൻ പോകുന്ന അടുത്ത പ്രതിസന്ധിയായ കാലാവസ്ഥാവ്യതിയാനത്തിന് തടയിടാൻ നമ്മെ സജ്ജരാക്കുന്ന അടിയന്തര സാഹചര്യമായി മഹാമാരിയുടെ അനുഭവം ആന്തരികമായി മാറേണ്ടതുണ്ട്. മഹാമാരിക്കുശേഷം വർധിച്ചുവന്ന അസമത്വത്തോടൊപ്പം, കാലാവസ്ഥാവ്യതിയാനവും നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ്, അതിനാൽ പാഠ്യപദ്ധതിയിൽ അതിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നത് സമൂഹത്തിന്റെ പൊതുതാത്പര്യമായി വേണം കാണാൻ. പക്ഷെ നമ്മൾ അതിന്​ എത്രത്തോളം വിമുഖരായാണ് നിൽക്കുന്നത് എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.

ഡിജിറ്റൽ ഡിവൈഡിന് പരിഹാരമായേക്കാവുന്ന ഇന്റർനെറ്റ് സ്പീഡ് വാഗ്ദാനം ചെയ്ത കെ- ഫോൺ പദ്ധതിയെക്കാൾ മനുഷ്യരുടെ ചലനവേഗം വാഗ്ദാനം ചെയ്യുന്ന കെ- റെയിലാണ് പലരെയും മോഹിപ്പിക്കുന്നത്. ജോലിചെയ്യാനും ചികിത്സയ്ക്കുമൊക്കെയുള്ള മനുഷ്യരുടെ യാത്രയെ പരിമിതപ്പെടുത്തുന്നതാണ് ബാൻഡ് വിഡ്ത് ഉള്ള ഒരു ഇന്റർനെറ്റ് സംവിധാനം എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്.

പാഠ്യപദ്ധതി സങ്കീർണമായ ഒരു സംഭാഷണമാണ്. ആ സങ്കീർണമായ സംഭാഷണത്തിന്റെ കേന്ദ്രം കാലാവസ്ഥാ വ്യതിയാനമാണ്. സുസ്ഥിര വികസനവും സുസ്ഥിര ജീവിതശൈലിയും പാരിസ്ഥിതിക സംരക്ഷണവും ഏറ്റെടുക്കാൻ സന്നദ്ധതയുള്ള പുതിയ ആഗോള പൗരന്മാരെ സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ് ഇത് ഊന്നിപ്പറയുന്നത്. സ്‌കൂളുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ പെ​ട്ടെന്നുതന്നെ ഡിജിറ്റൽ/ വെർച്വൽ / ഓൺലൈൻ / വിദ്യാഭ്യാസത്തിലേക്ക് എടുത്തുചാടുകയാണ് മിക്ക രാജ്യങ്ങളും ചെയ്തത്. സ്‌കൂളുകൾ എന്നുകേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന കെട്ടിടങ്ങളുടെ സ്ഥാനത്ത് വാട്‌സ്ആപ് ഗ്രൂപ്പും ലേർണിങ് ആപ്പും വെബ്സൈറ്റും ഗൂഗിൾ മീറ്റുമൊക്കെയായി മാറി. രണ്ടുതരത്തിലാണ് ഈ ചുവടുമാറ്റത്തിന്റെ അനന്തരഫലം ഇപ്പോൾ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഒന്ന്; അത് കച്ചവട വിദ്യാഭ്യാസത്തിന് വാതിലുകൾ മലർക്കെ തുറന്നിട്ടുകൊടുത്തു. എല്ലാ മാധ്യമങ്ങളിലും ഇന്ന് ഓൺലൈൻ ലേണിങി പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങളാണ് നിറയെ.
രണ്ട്; കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ലേണിങി പ്ലാറ്റ്‌ഫോമുകളിലൂടെ നടപ്പിലാക്കിയ വിവരകൈമാറ്റം (information transfer) മാത്രമായി വിദ്യാഭ്യാസപ്രക്രിയ മാറിക്കഴിഞ്ഞു.

ഓൺലൈൻ പഠനവും, അഞ്ചുമാസം മാത്രം ദൈർഘ്യമുള്ള, നേരിട്ട് പഠനം നടന്ന അക്കാദമിക് വർഷവും ബോധനശാസ്ത്രത്തിൽ നാം കൈവരിച്ച മുന്നേറ്റത്തെ പൂർണമായും അട്ടിമറിച്ചു.

അട്ടിമറിക്കപ്പെട്ട ബോധനശാസ്​ത്രം

അറിവ് നിർമിക്കുന്ന കുട്ടി എന്നൊക്കെ വിദ്യാഭ്യാസ അവകാശനിയമത്തിൽവരെ എഴുതിവച്ചിട്ടുണ്ടെങ്കിലും അറിവും (knowledge) വിവരവും (information) തമ്മിൽ അന്തരമില്ല എന്ന നിലവന്നു. സ്‌കൂളുകൾ തുറക്കാൻ നവംബർ മാസമാവുകയും ഫോക്കസ് ഏരിയ - നോൺ ഫോക്കസ് ഏരിയ എന്ന വിഭജനം അപ്രസക്തമാക്കി സിലബസ് മുഴുവനായും വിനിമയം ചെയ്യണം എന്ന ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കുകയും ചെയ്​തതോടെ അധ്യാപകരും താരതമ്യേന എളുപ്പമുള്ള വിവര കൈമാറ്റമായി ബോധനപ്രക്രിയയെ മാറ്റി. ഉയർന്ന ചിന്താശേഷി ആവശ്യമായിവരുന്ന ചോദ്യങ്ങൾ അപ്രത്യക്ഷമായതോടെ വിവരങ്ങൾ ഓർത്തുവെക്കുന്നവർക്ക് കൂടുതൽ സ്‌കോർ ചെയ്യാൻ പറ്റുന്ന തരത്തിലായി ചോദ്യപേപ്പറുകൾ. അറിവിന്റെ നിർമാണം (knowledge construction) ആണ് ക്ലാസുമുറികളിൽ നടക്കേണ്ടത് എന്ന് പാഠ്യപദ്ധതി ചട്ടക്കൂടുകളിൽ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ പഠനവും, 2021 നവംബർ മുതൽ 2022 മാർച്ച് വരെ അഞ്ചുമാസം മാത്രം ദൈർഘ്യമുള്ള, നേരിട്ട് പഠനം നടന്ന അക്കാദമിക് വർഷവും ബോധനശാസ്ത്രത്തിൽ നാം കൈവരിച്ച മുന്നേറ്റത്തെ പൂർണമായും അട്ടിമറിച്ചു.

അറിയാൻ പഠിക്കുക, പ്രവർത്തിക്കാൻ പഠിക്കുക, ആയിത്തീരാൻ പഠിക്കുക, ഒരുമിച്ച് ജീവിക്കാൻ പഠിക്കുക എന്നിവ ഉൾപ്പെടുന്ന ആജീവനാന്ത പഠനലക്ഷ്യങ്ങളാണ് യുനെസ്‌കോ മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ അജണ്ട- 2030 ൽ മുഖ്യമായും ഊന്നുന്നത്. ഈ ലക്ഷ്യങ്ങളിൽനിന്നുള്ള പ്രകടമായ വ്യതിചലനമാണ് മഹാമാരി അനന്തര സ്‌കൂൾ വിദ്യാഭ്യാസ പ്രക്രിയയിൽ തെളിഞ്ഞുകാണുന്നത്. 2017-ൽ യുനെസ്‌കോ നടത്തിയ പ്രസ്താവനയിൽ ഈ ലക്ഷ്യങ്ങൾക്ക് കുറേക്കൂടി വ്യക്തത വരുത്തിയതായി കാണാം: ‘ലോകം കൂടുതൽ പരസ്പരബന്ധിതമാണെങ്കിലും, മനുഷ്യാവകാശലംഘനങ്ങളും അസമത്വവും ദാരിദ്ര്യവും ഇപ്പോഴും സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാണ്'.
ഈ വെല്ലുവിളികളോടുള്ള യുനെസ്‌കോയുടെ പ്രതികരണമാണ് ഗ്ലോബൽ സിറ്റിസൺഷിപ്പ് എഡ്യൂക്കേഷൻ (ജി.സി.ഇ.). ‘എല്ലാ പ്രായത്തിലുമുള്ള പഠിതാക്കളും ഇവ പ്രാദേശിക പ്രശ്നങ്ങളല്ലെന്നും മറിച്ച് ആഗോള പ്രശ്നങ്ങളാണെന്ന്​ മനസ്സിലാക്കാനുതകുന്നതായിരിക്കണം വിദ്യാഭ്യാസം. ഒപ്പം, കൂടുതൽ സമാധാനപരവും സഹിഷ്ണുതയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുരക്ഷിതവും സുസ്ഥിരവുമായ സമൂഹങ്ങളുടെ സജീവ പ്രമോട്ടർമാരായി മാറാനും ഇതുവഴി പ്രാപ്തമാകണം' എന്നും നിരീക്ഷിക്കുന്നു.

വിദ്യാർഥി എന്ന ‘ചരക്ക്​’

സാങ്കേതികവിദ്യയുടെ പ്രാമാണികതയ്ക്കും സ്വതന്ത്ര വിപണിയ്ക്കും വേണ്ടി വാദിക്കുന്നവർക്ക്, ഈ മഹാമാരി ലാഭമുണ്ടാക്കാനുള്ള അവസരം മാത്രമായിരുന്നില്ല. മറിച്ച്​, മനുഷ്യർക്ക് തെറ്റുപറ്റാം എന്ന ബോധത്തെ സ്ഥിരീകരിക്കുന്നതിനും മനുഷ്യ ഇടപെടൽ ഇല്ലാത്ത സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാര്യക്ഷമത തെളിയിക്കുന്നതിനുമുള്ള അവസരം കൂടിയാണ് ലഭിച്ചത്. ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമുകളിൽ ചേരുന്ന വിദ്യാർഥികളെ വെറും ചരക്കാക്കി മാറ്റുന്ന (commodification) മനുഷ്യത്വരഹിതമായ ഈ സാങ്കേതികവിദ്യയിൽനിന്ന്​ കുട്ടികളെ സംരക്ഷിച്ചേക്കാവുന്നത്, അവരെ മനുഷ്യവിഭവം എന്ന നിലയിൽ കാണുന്ന മാനവിക വിദ്യാഭ്യാസത്തിലൂടെ മാത്രമായിരിക്കും.

അധ്യാപകരുടെ ഏകപക്ഷീയമായ ഓൺലൈൻ പ്രഭാഷണങ്ങൾ കേട്ടുശീലിച്ച വിദ്യാർഥികൾക്കുമുന്നിൽ പരസ്പരാശയവിനിമയത്തിന് അവസരം സൃഷ്ടിക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ് വേണ്ടത്.

മഹാമാരിക്കാലം ഭരണകൂടങ്ങൾക്ക് അനുവദിച്ചുനൽകിയ പരിധിയില്ലാത്ത അധികാരപ്രയോഗാവസരവും ഇതോടൊപ്പം തിരിച്ചറിയപ്പെടേണ്ടതാണ്. മനുഷ്യത്വരഹിതമായ സാങ്കേതികവിദ്യക്കൊപ്പം, പരിധിയില്ലാത്ത അധികാരം കരസ്ഥമാക്കിയ ഭരണകൂടങ്ങൾകൂടി ചേർന്നപ്പോൾ സ്വാതന്ത്ര്യം, ജനാധിപത്യം, തുല്യത തുടങ്ങിയ സങ്കല്പങ്ങൾക്ക് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. നേരിയ വിമർശനം പോലും അച്ചടക്കനടപടികൾ വിളിച്ചുവരുത്തുന്ന സ്ഥിതിയാണ്. അസഹിഷ്ണുത ഭരണകർത്താക്കളുടെയും ഭരണകൂടങ്ങളുടെയും മുഖമുദ്രയായിരിക്കുന്നു. നമ്മുടെ രാജ്യത്തും സംസ്ഥാനത്തുമായി പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിന് നൂറുകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

മനുഷ്യൻ സാമൂഹ്യജീവിയാണ് എന്ന കാഴ്ചപ്പാടിനേക്കാൾ മനുഷ്യൻ സാമ്പത്തിക ജീവിയാണ് എന്ന കാഴ്ചപ്പാടിനാണ് ഇന്ന് പ്രാമുഖ്യം. അതുകൊണ്ടുതന്നെ സാമൂഹ്യജീവിതത്തിൽ സ്വാഭാവികമായ വിയോജിപ്പുകളും വിമർശനങ്ങളും ഇന്ന് അസഹനീയമായി മാറിക്കൊണ്ടിരിക്കുകയാണ്. അധികാരം എന്നത് എതിരാളികളെ ഒതുക്കാനുള്ള അവസരം എന്ന നിലയിൽമാത്രം കാണുന്ന മാനസികാവസ്ഥയിലേക്ക് നാം അറിയാതെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മനുഷ്യർ ബിഗ് ഡാറ്റാ ബാങ്കിലെ ഡാറ്റ മാത്രമായി മാറിയിരിക്കുന്നു. അവരുടെ പ്രവൃത്തികളും യാത്രകളും മിക്കപ്പോഴും ഗൂഗിൾ ഡാറ്റയായി മാറുന്നു. ചിലപ്പോൾ അത് സർവൈലൻസ് ക്യാമറ ഫുട്ടേജായും മാറുന്നു. ഡാറ്റ കൃത്യമായി എത്തിച്ചുനൽകുന്ന സ്മാർട്ട് ഫോണിന്റെ അടിമയായി മിക്ക മനുഷ്യരും മാറിക്കഴിഞ്ഞിരിക്കുകയുമാണ്. യന്ത്രപ്രവർത്തനസൗകര്യത്തിനനുസരിച്ച് എല്ലാ മനുഷ്യപ്രവൃത്തികളും പുനർരൂപകല്പന ചെയ്യേണ്ടിവരുന്നതിനെ ഹാസ്യാത്മകമായി ചിത്രീകരിച്ച ചാർളി ചാപ്ലിന്റെ ചലച്ചിത്രം മോഡേൺ ടൈംസ് നൂറുവർഷം മുൻപ് ആവിഷ്‌കരിച്ച ആ ജീവിതത്തിലേക്കാണ് നമ്മൾ ഇന്ന് എത്തിച്ചേർന്നിരിക്കുന്നത് എന്നത് കൗതുകകരമായ വസ്തുതയാണ്.

മോഡേൺ ടൈംസ് സിനിമയിൽ നിന്ന്
മോഡേൺ ടൈംസ് സിനിമയിൽ നിന്ന്

മഹാമാരിയ്ക്കുശേഷമുള്ള അധ്യാപനം

അനുദിനം അരാഷ്ട്രീയവത്കരിക്കപ്പെടുന്നതും (depoliticized) അപമാനവീകരിക്കപ്പെടുന്നതുമായ (dehumanized) സാമൂഹികചുറ്റുപാടിൽ അധ്യാപനം വലിയ വെല്ലുവിളിയായി മാറും എന്നതിൽ സംശയമില്ല. ബോധനശാസ്ത്രത്തിൽ സംഭവിച്ച പിറകോട്ടുപോക്കിൽ നിന്ന് അറിവുനിർമാണം നടക്കുന്ന ക്ലാസ് മുറി തിരിച്ചുപിടിക്കുകയാണ് അധ്യാപകർ ഈ പുതിയ അക്കാദമികവർഷം ഏറ്റെടുക്കേണ്ട ആദ്യകാര്യം. അധ്യാപകരുടെ ഏകപക്ഷീയമായ ഓൺലൈൻ പ്രഭാഷണങ്ങൾ കേട്ടുശീലിച്ച വിദ്യാർഥികൾക്കുമുന്നിൽ പരസ്പരാശയവിനിമയത്തിന് (interaction) അവസരം സൃഷ്ടിക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ് വേണ്ടത്. സാങ്കേതിക വിദ്യയെ പാടെ തള്ളിക്കളയുകയല്ല ചെയ്യേണ്ടത്. പഠിതാക്കളുമായുള്ള അർത്ഥപൂർണവും ആസ്വാദ്യകരവുമായ വിനിമയത്തിന്റെ സാധ്യതകൾ തുറക്കാനുതകുന്ന ബോധനതന്ത്രമായി അതിനെ മാറ്റുകയാണ് വേണ്ടത്.

വിദ്യാർഥികളെ ചിന്തിപ്പിക്കാനുതകുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്ന, സംഘപ്രവർത്തനത്തിന്​ അവസരം സൃഷ്ടിക്കുന്ന, വിദ്യാർഥികൾക്ക് തനിച്ചും സംഘമായും അവതരണങ്ങൾ നടത്താനുള്ള സാധ്യതകൾ ഉൾക്കൊള്ളുന്ന, സ്വയം വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനും ഇടനൽകുന്ന തരത്തിൽ നമ്മുടെ ക്ലാസ് മുറികൾ മാറണം. ശ്രദ്ധ ഉറപ്പിച്ചുനിർത്താൻ പറ്റുന്ന സമയം (attention span) വളരെ കുറഞ്ഞ നിലയിലായിരിക്കും, 20 മാസത്തോളം വീടുകളിലിരുന്ന്​ ക്ലാസ്​ കേൾക്കുകയും കാണുകയും ചെയ്ത വിദ്യാർഥികൾ. അതുകൊണ്ടുതന്നെ നേരിട്ട് പഠനപ്രവർത്തങ്ങളിലേക്കു കടക്കാതെ ഓരോ വിദ്യാർഥിയുടെയും പ്രശ്‌നങ്ങൾ എന്താണെന്ന് മനസ്സിലാക്കാനുതകുന്ന തന്ത്രങ്ങളാവണം അധ്യാപകർ ആസൂത്രണം ചെയ്യേണ്ടത്.

Photo: Muhammad Fasil
Photo: Muhammad Fasil

വിദ്യാർഥികളുടെ മാനസിക -വൈകാരിക പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്നതരത്തിൽ അവരുടെ വ്യക്തിത്വവികാസത്തെ ശരിയായ ദിശയിലേക്കു നയിക്കുക എന്നതാവണം അധ്യാപനത്തിന്റെ ആദ്യപടി. പരീക്ഷയ്ക്ക് സ്‌കോർ നേടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് വിദ്യാഭ്യാസം ചുരുങ്ങിപ്പോയ വർത്തമാനസാഹചര്യത്തിൽ മാനവികതയുടെയും ഭൂമിയുടെ നിലനില്പിന്റെയും സന്തുലിത വികസനത്തിന്റെയും ശാസ്ത്രബോധത്തിന്റെയും സർഗാത്മകതയുടെയും സൗന്ദര്യാവബോധത്തിന്റെയും വ്യക്തിത്വവികാസത്തിന്റെയും പാഠങ്ങളിലേക്ക്​പഠിതാവിനെ ഉയർത്തുന്നതാവണം അധ്യാപനം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments