സ്കൂൾ സമയമാറ്റം, സുംബ, ഗുരുപൂജ; മതങ്ങൾക്കെന്താണ് സ്കൂളിൽ കാര്യം?

മതനിരപേക്ഷ സമൂഹത്തിന് പരിക്കേൽക്കാതിരിക്കാനുള്ള കവചമായി പൊതുവിദ്യാഭ്യാസത്തെ മനസിലാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് രാഷ്ട്രീയ കേരളത്തിന്റെ ഉത്തരവാദിത്വമാണ്. സ്കൂൾ സമയമാറ്റം, സൂംബ, ഗുരുപൂജ തുടങ്ങിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഡോ. എ.കെ. അബ്ദുൽ ഹക്കീം എഴുതുന്നു.

പൊതുവിദ്യാഭ്യാസ മേഖലയുടെ ജീർണതയിൽ നിന്ന് തിടംവെച്ചവയായിരുന്നു കേരളത്തിലെ സ്വകാര്യ/ അൺ എയ്ഡഡ്/സി.ബി.എസ്.ഇ സ്കൂളുകൾ. മത സംഘടനകളോ സമുദായ സംഘടനകളോ നടത്തുന്നവയാണ് സ്വകാര്യ വിദ്യാലയങ്ങളിൽ ഭൂരിഭാഗവും. ആർക്കും ശുദ്ധീകരിക്കാനാവാത്ത ഈജിയൻ തൊഴുത്ത് എന്നായിരുന്നു യു.ഡി.എഫ് ഭരണകാലത്ത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കോൺഗ്രസ് മുഖപത്രമായ വീക്ഷണം നൽകിയ വിശേഷണം. എന്നാൽ 2016-ൽ അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂളുകളെ നവീകരിച്ചെടുക്കുകയും കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. 2021-ൽ അധികാരത്തിൽ വന്ന ഇപ്പോഴത്തെ സർക്കാറാവട്ടെ, അക്കാദമിക മുന്നേറ്റത്തിനു കൂടി ഊന്നൽ നൽകിയതോടെ മതസംഘടനകൾ നടത്തുന്നതുൾപ്പെടെയുള്ള സ്വകാര്യ വിദ്യാലയങ്ങൾ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. പുസ്തകങ്ങളും കുടയുമൊക്കെയാണ് പൊതുവിദ്യാലയങ്ങൾ നൽകുന്ന സമ്മാനങ്ങളെങ്കിൽ സ്വകാര്യ വിദ്യാലയങ്ങൾ മദ്രസാ ക്ലാസുകളും വേദപഠന സൗകര്യങ്ങളുമെല്ലാം ഓഫർ ചെയ്ത് കുട്ടികളെ കണ്ടെത്തേണ്ട സ്ഥിതിയിലാണ്.

വിദ്യാഭ്യാസനേട്ടത്തിനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട സമഗ്ര വിദ്യാഭ്യാസ ഗുണമേൻമാ പദ്ധതി പൂർണാർത്ഥത്തിൽ നടപ്പിലാക്കുന്ന വർഷം കൂടിയാണിത്. മുൻവർഷങ്ങളിൽ പ്രതീക്ഷിച്ച രീതിയിലുള്ള അക്കാദമിക മികവ് നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതുകൂടി പരിഹരിച്ച്, സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികൾക്കും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സമഗ്ര ഗുണമേൻമാ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. "അക്കാദമിക മികവാണ് സ്കൂളിന്റെ മികവ്" എന്നതാണ് സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ആശയാടിത്തറ. അതിനുവേണ്ടി ഏതെല്ലാം സംവിധാനങ്ങളെ സ്‌കൂളുകൾക്ക് ഉപയോഗിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് വ്യക്തമായ രൂപരേഖയുണ്ടാക്കുകയും പരിശീലനങ്ങൾ നൽകുകയും ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപകരെയുൾപ്പെടെ സ്കൂൾ സംവിധാനത്തെ ഒന്നടങ്കം ഈ ലക്ഷ്യത്തിനായി സജ്ജമാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

വിദ്യാഭ്യാസനേട്ടത്തിനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട സമഗ്ര വിദ്യാഭ്യാസ ഗുണമേൻമാ പദ്ധതി പൂർണാർത്ഥത്തിൽ നടപ്പിലാക്കുന്ന വർഷം കൂടിയാണിത്.
വിദ്യാഭ്യാസനേട്ടത്തിനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട സമഗ്ര വിദ്യാഭ്യാസ ഗുണമേൻമാ പദ്ധതി പൂർണാർത്ഥത്തിൽ നടപ്പിലാക്കുന്ന വർഷം കൂടിയാണിത്.

ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽവെച്ച് തന്നെ നേടിയിട്ടുണ്ട് എന്നുറപ്പാക്കുക, ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനില അറിഞ്ഞുകൊണ്ട് അതത് അവസരങ്ങളിൽ ആവശ്യമായ പിന്തുണ ഉറപ്പാക്കി കുട്ടികളെ പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കുക, സാമൂഹ്യനീതി ഉറപ്പാക്കുന്നതിനായി എല്ലാ കുട്ടികളെയും ഉൾക്കൊണ്ടും ഉൾച്ചേർത്തും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023 മുന്നോട്ട് വെച്ച സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളിൽ ഉളവാകുന്ന തരത്തിൽ പഠന പ്രക്രിയകളെ വികസിപ്പിക്കുക, കുട്ടികളുടെ ശക്തിയും പരിമിതിയും കണ്ടെത്തി പരിമിതികളെ മറികടക്കാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുക, സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ ഉൾച്ചേർക്കാൻ സാധിക്കും വിധം പഠനപ്രവർത്തനങ്ങളിൽ അനുരൂപീകരണം ( Adaptation) നടത്താൻ അധ്യാപകരെ സജ്ജരാക്കുക, സ്കൂൾതല അക്കാദമിക് മാസ്റ്റർപ്ലാനിനോടൊപ്പം ഓരോ കുട്ടിയെയും ഓരോ യൂനിറ്റായി പരിഗണിച്ചുകൊണ്ടുള്ള വ്യക്തിഗത മാസ്റ്റർപ്ലാൻ തയാറാക്കി നടപ്പിലാക്കുക, വാർഷിക പഠനലക്ഷ്യങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ച് കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന തരത്തിൽ വിദ്യാലയങ്ങളെ ശാക്തീകരിക്കുക, പദ്ധതിയുടെ ഓരോ ഘട്ടത്തിലും നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഫലപ്രാപ്തി വിശകലനം നടത്തി ആവശ്യമായ പഠനപിന്തുണ ഉറപ്പാക്കുക, രക്ഷാകർതൃ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്നിങ്ങനെ വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്.

ശാരീരികവും മാനസികവുമായ പരിമിതികൾ അനുഭവിക്കുന്നവർ, ഗോത്രജനത, തീരദേശ ജനത, പട്ടികജാതി/വർഗ വിഭാഗങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികൾ, ഭാഷാ ന്യൂനപക്ഷങ്ങൾ, ജെന്റർ സ്പെക്ട്രത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ, അനാഥർ, സ്ഥിരരോഗികൾ, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടവർ തുടങ്ങി സവിശേഷമായ ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ട സാഹചര്യങ്ങളിൽ നിന്നും വരുന്ന നിരവധി കുട്ടികൾ നമ്മുടെ ക്ലാസ് മുറികളിലുണ്ട്. ഓരോ ക്ലാസിൽ നിന്നും കുട്ടികൾ നേടിയിരിക്കണമെന്ന് പാഠ്യപദ്ധതി നിഷ്കർഷിക്കുന്ന പഠനനേട്ടങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമായിട്ടുണ്ട് എന്നുറപ്പു വരുത്തുന്നതിനുള്ള നൂതനവും വ്യത്യസ്തവുമായ ഇടപെടലുകളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഒരു കുട്ടി പോലും ക്ലാസിലോ സ്‌കൂളിലോ മാർജിനലൈസ് ചെയ്യപ്പെടുന്നില്ല എന്നുറപ്പാക്കാനുള്ള ബാധ്യത വിദ്യാലയവും അധ്യാപകരും ഏറ്റെടുക്കണമെന്നും സർക്കാർ അനുശാസിക്കുന്നു.

ജീവിതപാഠങ്ങളുടെ കരുതൽ

കുട്ടികൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങളെ കൂടി അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിയ അധ്യയനവർഷം ആരംഭിച്ചത്. ഏതെങ്കിലും മേഖലയിൽ പഠനവിടവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം സ്കൂള്‍ വര്‍ഷാരംഭത്തിൽ അനിവാര്യമാണ്. കുട്ടികളുടെ പഠനനില മനസ്സിലാക്കി അവർ പിന്നിട്ട ക്ലാസിലേയും പുതിയ ക്ലാസ്സിലെയും പഠനത്തിന്റെ തുടർച്ച ഉറപ്പാക്കുന്ന ഒരു ബ്രിഡ്ജിംഗ് നടത്തുക എന്നതായിരുന്നു വർഷാരംഭത്തിൽ നടന്ന പ്രധാന പ്രക്രിയകളിലൊന്ന്.

രോഗാതുരത ഒരു പ്രധാന പ്രശ്നമാണ്. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിച്ചേ തീരൂ. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾ വളരെ പ്രധാനമാണ്.
രോഗാതുരത ഒരു പ്രധാന പ്രശ്നമാണ്. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിച്ചേ തീരൂ. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾ വളരെ പ്രധാനമാണ്.

ഇത്തരം ബ്രിഡ്ജിങ്ങിനായി ഉപയോഗിക്കുന്ന ഉപാധികൾ കുട്ടികളിലുണ്ടാകേണ്ടുന്ന സാമൂഹ്യ മൂല്യങ്ങൾ കൂടി ഉളവാക്കാൻ സഹായമാകുന്നത് ഉചിതമാകും. റോഡിലൂടെ നടന്നുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡ് മുറിച്ചുകടക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും പാലിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം കുട്ടികൾ ആർജ്ജിക്കേണ്ട ശേഷികളുമായും അവർക്കുണ്ടാകേണ്ട തിരിച്ചറിവുകളുമായും ബന്ധിപ്പിച്ച് അവതരിപ്പിക്കുകയുണ്ടായി.

കേരളീയസമൂഹം വളരെ ഗൗരവത്തോടെ ഇടപെടുന്ന മറ്റൊരു മേഖലയാണ് ശുചിത്വ - ആരോഗ്യ പ്രവർത്തനങ്ങൾ. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ സംബന്ധിച്ച ശാസ്ത്രീയ ധാരണകൾ പ്രായത്തിനനുസൃതമായി കുട്ടികൾക്ക് ഉണ്ടാകണം. ഇക്കാര്യത്തിൽ വ്യക്തിപരമായും കൂട്ടായും എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന കാര്യം കുട്ടികളുടെ ധാരണയാക്കി മാറ്റണം. സ്വന്തം ക്ലാസുമുറിയും സ്കൂൾ ക്യാമ്പസ്സും എങ്ങിനെയെല്ലാം വൃത്തിയുള്ളതും ആകർഷകവുമാക്കാം എന്നത് സംബന്ധിച്ച പ്രായോഗിക അനുഭവങ്ങൾ കുട്ടികൾക്കുണ്ടാകണം. പാഴ്‍വസ്തുക്കൾ വലിച്ചെറിയാതെ അത് നിക്ഷേപിക്കാൻ ഒരുക്കിയ ഇടങ്ങളിൽ മാത്രം ഉപക്ഷിക്കുക എന്നത് ജീവിതശീലമാക്കി മാറ്റാം എന്ന ധാരണ കുട്ടികൾക്കുണ്ടാകാൻ സഹായകമായ പ്രവർത്തനങ്ങൾ സ്കൂളിലുണ്ടാകണം.

ആരോഗ്യശീലങ്ങളെയും ഭക്ഷണശീലങ്ങളെയും കുറിച്ചും വ്യായാമത്തിന്റെ അനിവാര്യത സംബന്ധിച്ചും കൃത്യമായ ചർച്ചകൾ ഓരോ ക്ലാസിലും നടക്കണം. രോഗാതുരത ഒരു പ്രധാന പ്രശ്നമാണ്. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിച്ചേ തീരൂ. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾ വളരെ പ്രധാനമാണ്. കുട്ടികളിൽ കാണുന്ന മാനസിക സമ്മർദ്ദങ്ങളും, പിരിമുറുക്കവും, ആകാംക്ഷയും മാറ്റാനും മാനസികാരോഗ്യം നിലനിർത്താനും കളികൾക്കും വ്യായാമത്തിനും നിർണ്ണായക പങ്കുണ്ട്. ശുചിത്വ - ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് പാഠ്യപദ്ധതി പരിഷ്കരണ ഘട്ടത്തിൽ തീരുമാനിക്കപ്പെട്ടിരുന്നു.

മികവുറ്റ വിദ്യാലയങ്ങൾ

പൊതുവിദ്യാഭ്യാസ രംഗത്ത് അത്ഭുതകരവും അവിശ്വസനീയവുമായ ഭൗതികവളർച്ചയയാണ് പത്തുവർഷത്തിനിടെ സാധ്യമായത്. അതിഗംഭീരവും സൗകര്യപ്രദവുമായ കെട്ടിടങ്ങൾ, ലബോറട്ടറികൾ, ലൈബ്രറികൾ, കളിസ്ഥലങ്ങൾ, ഊട്ടുപുരകൾ, കുടിവെള്ള സംവിധാനങ്ങൾ, ടോയ്ലറ്റുകൾ തുടങ്ങി സ്കൂളുകളിലിന്നുള്ള സൗകര്യങ്ങൾ ഒരു പതിറ്റാണ്ട് മുമ്പ് സ്വപ്നം പോലും കാണാനാവുമായിരുന്നില്ല.

ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസുകൾ പതിനഞ്ച് മിനിറ്റ് നേരത്തെ ആരംഭിക്കുന്നതു കൊണ്ട് മദ്രസാ പഠനം തകർന്നു പോകും എന്ന ഒരു വിഭാഗം മുസ്ലീം പുരോഹിതരുടെ വാദത്തിൽ യാതൊരു കഴമ്പുമില്ല എന്ന് അത് പറയുന്നവർക്ക് പോലുമറിയാം.
ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസുകൾ പതിനഞ്ച് മിനിറ്റ് നേരത്തെ ആരംഭിക്കുന്നതു കൊണ്ട് മദ്രസാ പഠനം തകർന്നു പോകും എന്ന ഒരു വിഭാഗം മുസ്ലീം പുരോഹിതരുടെ വാദത്തിൽ യാതൊരു കഴമ്പുമില്ല എന്ന് അത് പറയുന്നവർക്ക് പോലുമറിയാം.

2016 മുതൽ 2021 വരെയുള്ള സർക്കാരിന്റെ കാലത്ത് 5000 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചെലവഴിക്കപ്പെട്ടത്. ദയനീയമായിരുന്ന നമ്മുടെ സ്കൂൾ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്രയും ഭീമമായ തുക സർക്കാർ ചെലവഴിച്ചത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലത്ത് അത് പരമാവധി ഉപയോഗിക്കാൻ കഴിയുംവിധം കേരളത്തിലെ ക്ലാസ് മുറികൾ ഹൈടെക്കായി മാറിയിട്ടുണ്ട്. സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യങ്ങളുണ്ടായി, അതിനനുസരിച്ച് സ്കൂൾ സംവിധാനം മൊത്തത്തിൽ നവീകരിക്കപ്പെട്ടു. നൂതനവും കാലോചിതവുമായ ടെക്നോ പെഡഗോഗി പോലും നടപ്പിലാക്കാവുന്ന തരത്തിലേക്ക് സ്കൂൾ സാഹചര്യം മാറിയിട്ടുണ്ട്. റോബോട്ടിക് കിറ്റുകളും എ.ഐ ലാബുകളും സ്കൂളിലുണ്ട്. അംഗീകൃത പ്രീ-പ്രൈമറികളെല്ലാം "വർണ്ണക്കൂടാര" ങ്ങളായിക്കഴിഞ്ഞു. ‘ക്ലാസ്റൂംസ് ആസ് ലാബ്’ പോലെയുള്ള പദ്ധതികൾ കൂടി പൂർണ്ണമാവുന്നതോടെ കേരളത്തിലെ പൊതുവിദ്യാലയാന്തരീക്ഷം അക്ഷരാർത്ഥത്തിൽ ലോകനിലവാരത്തിലെത്തുകയാണ്.

15 വർഷത്തിനു ശേഷം സമ്പൂർണമായ പാഠ്യപദ്ധതി പരിഷ്കരണവും പാഠപുസ്തക മാറ്റവും സംഭവിച്ച വർഷം കൂടിയാണിത്. കഴിഞ്ഞ വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെയും ഈ വർഷം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെയും പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും സമൂലമായി പരിഷ്കരിച്ചതോടെ പുതിയ കാലത്തിന് യോജിച്ചതും നവീനവുമായ വൈജ്ഞാനിക തലത്തെക്കൂടി ഉൾക്കൊള്ളുന്ന ബോധനതന്ത്രങ്ങൾ ആവിഷ്കരിക്കാൻ സാധിക്കുമെന്നത് ചെറിയ കാര്യമല്ല. അത്തരത്തിൽ ഭൗതിക വളർച്ചയേയും സാങ്കേതികവിദ്യയേയും വിദ്യാഭ്യാസത്തിലേക്ക് ഉൾച്ചേർത്തുകൊണ്ടാണ് ഈ അധ്യയനവർഷം ആരംഭിച്ചിരിക്കുന്നത് എന്നത് അഭിമാനകരമായി തോന്നുന്നവരാണ് മലയാളികളിൽ ബഹുഭൂരിപക്ഷമെങ്കിലും മത - സമുദായ - സാമ്പത്തിക താൽപര്യങ്ങൾ വെച്ചുപുലർത്തുന്ന ചിലർക്കെങ്കിലും അങ്ങനെയാവണമെന്നില്ല എന്നുകൂടിയാണ് ഇപ്പോഴത്തെ വിവാദത്തിലൂടെ വെളിപ്പെടുന്നത്.

വിവാദ വാദങ്ങൾ

ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസുകൾ പതിനഞ്ച് മിനിറ്റ് നേരത്തെ ആരംഭിക്കുന്നതു കൊണ്ട് മദ്രസാ പഠനം തകർന്നു പോകും എന്ന ഒരു വിഭാഗം മുസ്ലീം പുരോഹിതരുടെ വാദത്തിൽ യാതൊരു കഴമ്പുമില്ല എന്ന് അത് പറയുന്നവർക്ക് പോലുമറിയാം. ഹൈസ്കൂൾ ക്ലാസിലെത്തുന്നതോടെ മദ്രസാ പഠനം അവസാനിപ്പിക്കുന്നവരാണ് കേരളത്തിലെ മുസ്ലീംകളിൽ മഹാഭൂരിഭാഗവും. രാത്രിദർസുകളിലോ ഒഴിവുദിവസങ്ങളിലോ തുടർപഠനം നടത്തുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അത് സ്കൂൾ പഠനസമയവുമായി ചേർത്തു കെട്ടേണ്ട ഒരു വിഷയം പോലുമല്ല. എന്നിട്ടും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നേരെ യുദ്ധപ്രഖ്യാപനം നടത്താൻ ചിലരെങ്കിലും തയാറാവുന്നുവെങ്കിൽ അതിന്റെ കാരണം വേറെ പലതുമാണ്. എന്നാൽ മതപൗരോഹിത്യം ഉയർത്തിക്കൊണ്ടുവരുന്ന ഇത്തരം വാദങ്ങളെ മതവിശ്വാസികൾ തന്നെ തള്ളിക്കളയുന്ന അവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.

കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും ബാല്യ, കൗമാരകാലത്ത് ത്രസിച്ച് നിൽക്കുന്ന ഊർജത്തെ നിർമാണാത്മകമായി തിരിച്ചുവിടാനും സൂംബയിലൂടെ സാധിക്കും
കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും ബാല്യ, കൗമാരകാലത്ത് ത്രസിച്ച് നിൽക്കുന്ന ഊർജത്തെ നിർമാണാത്മകമായി തിരിച്ചുവിടാനും സൂംബയിലൂടെ സാധിക്കും

180-ൽ അധികം രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്തുവരുന്ന ഒരു കാർഡിയോ എക്സർസൈസും സ്ട്രെസ്സ് റിലീഫിംഗ് പ്രോഗ്രാമുമാണ് സൂംബ. ലോകത്താകമാനം പതിനഞ്ച് മില്യണിലധികം മനുഷ്യർ ഈ വർക്കൗട്ട് മെതേഡ് സ്വീകരിച്ചിട്ടുണ്ട് എന്ന് വിശ്വസനീയമായ പല സ്രോതസ്സുകളും പറയുന്നു. സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ താളനിബദ്ധമായി പ്രാക്ടീസ് ചെയ്യുന്ന സൂംബ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മികച്ചതാണെന്ന് പഠനങ്ങളും പറയുന്നു. കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും ബാല്യ, കൗമാരകാലത്ത് ത്രസിച്ച് നിൽക്കുന്ന ഊർജത്തെ നിർമാണാത്മകമായി തിരിച്ചുവിടാനും സൂംബയിലൂടെ സാധിക്കും. ലഹരി പോലെയുള്ള സാമൂഹിക വിപത്തുക്കളെ പ്രതിരോധിക്കാനുളള മാർഗമായും, കുട്ടികളിഷ്ടപ്പെടുന്ന ഈ വ്യായാമമുറയെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. ഗുണകരമായ ഒട്ടേറെ കാര്യങ്ങൾക്ക് ഉപകരിക്കുമെന്നുറപ്പുള്ള ഇത്തരമൊരു പരിഷ്കാരത്തെ സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു സമൂഹം യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ ചില മുസ്ലിം സംഘടനകൾ ഇതിനെ വിവാദമാക്കുകയും വികൃതമാക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. മതപരമായ പ്രാർത്ഥനകൾ സ്കൂളിൽ നിന്നൊഴിവാക്കണമെന്ന നിർദ്ദേശത്തോടുള്ള പ്രതികരണങ്ങളും പൊതുവെ ഇങ്ങനെയൊക്കെയാണ്.

വിദ്യാഭ്യാസത്തിലൂടെ കൂടുതൽ കരുത്താർജിക്കാനുള്ള അവസരമുണ്ടാവുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഏറെ ആനുകൂല്യങ്ങൾ ലഭിച്ചു വരുന്നുണ്ട്. സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടുപോവാനുമുള്ള അവകാശത്തിലൂടെ ഭീതിയില്ലാതെ വളരാനുള്ള അവസരമാണ് ഭരണഘടന ഉറപ്പുവരുത്തുന്നത്. എന്നാൽ ഈ അവകാശം പോലും ദുരുപയോഗം ചെയ്യുന്ന, വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പോലും തങ്ങൾക്ക് ബാധകമല്ലെന്ന് അഹങ്കാരത്തോടെ വിചാരിക്കുന്ന സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എല്ലാ മത - സമുദായങ്ങളിലും പെട്ട കുട്ടികൾ പഠിക്കുന്ന, സർക്കാർ ശമ്പളം നൽകുന്ന സ്കൂളുകളായിട്ടു പോലും സൂംബയ്ക്കും പഠനസമയത്തിൽ വരുത്തുന്ന ചെറിയൊരു മാറ്റത്തിനുമൊന്നും വഴങ്ങില്ല എന്ന ചിലരുടെയെങ്കിലും പ്രസ്താവന ഈ അഹങ്കാരത്തിൽ നിന്നുണ്ടാവുന്നതാണ്. പൊതുവിദ്യാലയങ്ങളിൽ മതകീയമായ പ്രാർത്ഥനകൾ പാടില്ലെന്ന സർക്കാർ നിർദ്ദേശത്തോടും ചില മതനേതാക്കളെങ്കിലും ഇതേ കാഴ്ചപ്പാടിലാണ് പ്രതികരിച്ചിട്ടുള്ളത്.

ഗുരുപൂജയുടെ ഭാഗമായി കാലുകളിൽ വന്ദിക്കലും മുട്ടുകുത്തി നമസ്കരിക്കലുമൊക്കെയായിരുന്നു ഇതുവരെ നടന്നിരുന്ന ആചാരങ്ങളെങ്കിൽ, കുട്ടികളെക്കൊണ്ട് കാൽ കഴുകിക്കുന്നിടത്തേക്ക് കാര്യങ്ങളിപ്പോൾ മാറിയിരിക്കുന്നു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സരസ്വതീ വിദ്യാലയങ്ങളിൽ നടന്ന ഈ പരിപാടി ഷൂട്ട് ചെയ്ത് പുറത്തെത്തിച്ച് വിവാദമാക്കിയവർക്ക് കൃത്യമായ വർഗീയ താൽപര്യങ്ങളുണ്ട് എന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഹൈന്ദവമെന്നല്ല, ബ്രാഹ്മണികമെന്ന് വിളിക്കാവുന്ന ഇത്തരം ആചാരങ്ങൾക്ക് സമൂഹത്തിലിപ്പോഴുള്ള മാർക്കറ്റിനെക്കുറിച്ച് മറ്റാരേക്കാളും നന്നായി ആർ.എസ്.എസിനറിയാം എന്നതാണ് വസ്തുത. സൂംബക്കെതിരെയുള്ള പ്രചാരണത്തിലും ഭാരതീയ വിചാരകേന്ദ്രം പോലെയുള്ള സംഘടനകൾ ചേർന്നിരുന്നു എന്നതും ഇവിടെ കൂട്ടിവായിക്കാവുന്നതാണ്.

ശാസ്ത്രബോധവും അന്വേഷണ മനോഭാവവും വളർത്തി, ചരിത്രത്തിന്റെ ഭാഗമാവാൻ ശീലിപ്പിച്ച്, കലയുടെയും സാഹിത്യത്തിന്റെയും സൗന്ദര്യാംശങ്ങൾ സ്വാംശീകരിച്ച് ജീവിതത്തിലേക്ക് മുന്നേറുന്ന പ്രക്രിയയായി വിദ്യാഭ്യാസം നിലനിൽക്കണമെങ്കിൽ പതിറ്റാണ്ടുകളിലൂടെ കെട്ടിപ്പൊക്കിയെടുത്ത മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്ലാറ്റ്ഫോമുകൾ തകർന്നുപോവാതെ സൂക്ഷിക്കേണ്ടതുണ്ട്.

ഗുരുപൂജയുടെ ഭാഗമായി കാലുകളിൽ വന്ദിക്കലും മുട്ടുകുത്തി നമസ്കരിക്കലുമൊക്കെയായിരുന്നു ഇതുവരെ നടന്നിരുന്ന ആചാരങ്ങളെങ്കിൽ, കുട്ടികളെക്കൊണ്ട് കാൽ കഴുകിക്കുന്നിടത്തേക്ക് കാര്യങ്ങളിപ്പോൾ മാറിയിരിക്കുന്നു.
ഗുരുപൂജയുടെ ഭാഗമായി കാലുകളിൽ വന്ദിക്കലും മുട്ടുകുത്തി നമസ്കരിക്കലുമൊക്കെയായിരുന്നു ഇതുവരെ നടന്നിരുന്ന ആചാരങ്ങളെങ്കിൽ, കുട്ടികളെക്കൊണ്ട് കാൽ കഴുകിക്കുന്നിടത്തേക്ക് കാര്യങ്ങളിപ്പോൾ മാറിയിരിക്കുന്നു.

മതമോ ജാതിയോ നോക്കാതെ ഒരേ ബെഞ്ചിലിരുന്ന് സ്നേഹ സൗഹൃദങ്ങൾ പങ്കുവെക്കുന്ന ഇന്നത്തെ കുട്ടികളാണ് നാളെയീ സമൂഹത്തെ നയിക്കേണ്ടത്. സ്വന്തം സമുദായത്തിൽ പെട്ടവരെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും സ്കൂളിലെത്തിച്ച്, മതാത്മകമായ അരീക്ഷത്തിൽ വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുന്നവരിൽ നിന്ന് ഒരു മതനിരപേക്ഷ സമൂഹത്തിന് അധികമൊന്നും പ്രതീക്ഷിക്കാനില്ല എന്നതാണ് വാസ്തവം.

അക്കാദമികവും ഭൗതികവുമായ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച്, പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനുള്ള കർമ്മപദ്ധതികളായിരുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഇപ്പോൾ നടത്തിവരുന്ന സമഗ്ര ഗുണമേൻമാ വിദ്യാഭ്യാസ പദ്ധതിയും. പൊതുസമൂഹത്തേക്കാൾ കൃത്യമായി ഇക്കാര്യങ്ങൾ മനസിലാക്കിയവരാണ് മത- സമുദായ സംഘടനകളും വർഗീയ രാഷ്ട്രീയത്തിലൂടെ നിലനിൽക്കുന്നവരും. പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ അസ്വസ്ഥരാണ് ഇവരിൽ ഭൂരിഭാഗവും. ഈ അസ്വസ്ഥതയുടെ ബഹിർസ്ഫുരണങ്ങളാണ് ആൺ- പെൺ ഇടചേരലിലുള്ള ആധിയും അൽപ്പവസ്ത്രവാദവും സ്കൂൾ സമയമാറ്റത്തെ ചൊല്ലിയുള്ള പ്രക്ഷേഭങ്ങളുമൊക്കെ. സമുദായ ധ്രുവീകരണത്തിലൂടെ സാധ്യമാവുന്ന നേട്ടങ്ങളിലാണ് പലരുടേയും നോട്ടം എന്നതാണ് യാഥാർത്ഥ്യം. പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തിലാണ് മതനിരപേക്ഷ കേരളത്തിന്റെ ഭാവി എന്നറിയാവുന്നതു കൊണ്ടാണ് ശക്തമായ നിലപാടുമായി മുന്നോട്ടുപോവാൻ സർക്കാർ ശ്രമിക്കുന്നത്. മതനിരപേക്ഷ സമൂഹത്തിന് പരിക്കേൽക്കാതിരിക്കാനുള്ള കവചമായി പൊതുവിദ്യാഭ്യാസത്തെ മനസിലാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് രാഷ്ട്രീയ കേരളത്തിന്റെ ഉത്തരവാദിത്വമാണ്.


Summary: How to strengthen public education system during School time change, Zumba, Guru Pooja controversy, Dr AK Abdul Hakeem writes in detail.


ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കേരളയിൽ (എസ്.എസ്.എ) കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. സാഹിത്യ- വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പുതിയ ടീച്ചറും പുതിയ കുട്ടിയും, ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകൾ, സ്കൂളിലെ ഓൺലൈൻ പഠനം, മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ, അരാജകവാദിയുടെ ആത്മഭാഷണങ്ങൾ,

ആഫ്രിക്കൻ യാത്രകളുടെ സാംസ്കാരിക ദൂരങ്ങൾ, എഴുത്ത് അഭിമുഖം നിൽക്കുന്നു തുടങ്ങിയ പ്രധാന പുസ്തകങ്ങൾ.

Comments