ഗവേഷണ ബിരുദം പൂർത്തിയാക്കി 'ഭാവി പരിപാടികൾ എന്ത്' എന്ന അനിശ്ചിതത്വത്തിലിരിക്കുന്ന നാളുകളിലൊന്നിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി (അബദ്ധവശാൽ) പോയതാണ്.
‘‘ഡോക്ടറായില്ലേ, ഇനിയിപ്പോൾ എന്താ പരിപാടി’’ എന്ന ചോദ്യവും, ‘ഓനൊക്കെ IIT-ന്നുള്ള PhD- ക്കാരനല്ലേ, നാട്ടിൽ നിക്കുമോ, ഇപ്പൊ കുടിയേറില്ലേ യൂറോപ്പിലേക്കോ അമേരിക്കയ്‌ക്കോ’’ എന്ന ഉത്തരവുമെല്ലാം ബന്ധുക്കൾ പലരും പരസ്പരം പറഞ്ഞുചിരിക്കുമ്പോൾ ഞാനാലോചിച്ചത് ജോബ് ആപ്ലിക്കേഷനുകളാൽ തിങ്ങിനിറഞ്ഞ എന്റെ ലാപ്പ്ടോപ്പ് വാളിനെ കുറിച്ചാണ്. രണ്ട് ഡസനിലേറെ ജോബ് ആപ്ലിക്കേഷനുകളും ഏതാനും ഇന്റർവ്യൂകളുമെല്ലാം അതിനകം തന്നെ കഴിഞ്ഞിട്ടും ഒന്നുമൊന്നുമങ്ങോട്ട് സെറ്റ് ആവാത്ത കദനകഥ ഞാൻ പറഞ്ഞാലും അവർ വിശ്വസിക്കുമായിരുന്നില്ല.

വിദേശമെന്നല്ല, പയ്യന്നൂര് വിട്ട്, കണ്ണൂരു പോലും പോകാൻ താല്പര്യമില്ലാത്ത ഞാൻ അഥവാ വിദേശത്തു പോകാൻ തീരുമാനമെടുത്താലും അത് "കുടിയേറ്റമല്ല, പലായനമാണ്’’ എന്ന് ഉറക്കെ പറയണമെന്നുണ്ടായിട്ടും എല്ലാം ഒരു ചമ്മിയ ചിരിയിലൊതുക്കി അവിടെ നിന്ന് പതുക്കെ പിൻവലിഞ്ഞു. പിന്നീട് അധികം വൈകാതെ ജോലിയിൽ പ്രവേശിച്ചുവെങ്കിലും ഇത് കേവലം ഞാനെന്ന വ്യക്തിയുടെ ആകുലതകളല്ലെന്നും ഗുണനിലവാരമുള്ള ഗവേഷണപഠനങ്ങൾ പൂർത്തിയാക്കിയിട്ടും അത് തുടരാനുള്ള സാഹചര്യം ലഭിക്കാതെ, തങ്ങളുടെ നിലവാരത്തിനുയോജ്യമായ തൊഴിലവസങ്ങൾ ലഭിക്കാതെ രാജ്യം വിട്ടു പോകുന്ന നിരവധി ഗവേഷകർ നമുക്ക് ചുറ്റിലുമുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഈ തുറന്നെഴുത്തിന്റെ കാതൽ.
ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച് നടത്തിയ അഖിലേന്ത്യാ സർവ്വേ പ്രകാരം നമ്മുടെ രാജ്യത്ത് ശാസ്ത്രവിഷയങ്ങളിൽ മാത്രം ഓരോ വർഷവും ശരാശരി 6000- 7000 ഗവേഷക വിദ്യാർത്ഥികൾ ഗവേഷണബിരുദം നേടി പുറത്തിറങ്ങുന്നുണ്ട്. ഐ ഐ ടി കളും ഐസറുകളും തൊട്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റികളും സ്വകാര്യ കോളേജുകളുമുൾപ്പടെ ഗവേഷണബിരുദം നേടാനുള്ള നിരവധി അവസരങ്ങൾ തുറന്നിടുന്നുമുണ്ട്.
പക്ഷെ, ഗവേഷണാനന്തരം ശാസ്ത്ര- സാങ്കേതിക മേഖലയിൽ ഈ ഗവേഷകരുടെ മാനവ വിഭവശേഷി എത്രത്തോളം നമ്മുടെ രാജ്യത്തിനുപയുക്തമാക്കാൻ കഴിയുന്നുണ്ടെന്നത് ചിന്തനീയമാണ്. ഇന്ത്യൻ സയൻസ് റിസർച്ച് മേഖലയിലേക്ക് വന്നു ചേരുന്ന ഗവേഷകരിൽ ചെറുതല്ലാത്തൊരു പങ്ക് കേരളത്തിൽ നിന്നുണ്ടെന്ന നിലയ്ക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ഗവേഷണ ബിരുദ ലബ്ധിക്കിപ്പുറം എത്രത്തോളം പിന്തുണ ഗവേഷകർക്ക് നൽകുന്നുവെന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ, PhD ബിരുദം ലഭിച്ചശേഷമുള്ള ഗവേഷകരുടെ പ്രൊഫഷണൽ ജീവിതത്തെ കുറിച്ചും തുടരവസരങ്ങൾക്ക് നേരിടുന്ന വെല്ലുവിളികളെ കുറിച്ചുമുള്ളൊരു (ശാസ്ത്ര രംഗത്ത് പ്രത്യേകിച്ചും) സമ്പൂർണ അവലോകനം നടത്തേണ്ടത് അത്യന്തം അനിവാര്യമാണ്.
ചില പോസ്റ്റ് ഡോക്ടറൽ നൂലാമാലകൾ
ഗവേഷണ ബിരുദം ലഭിച്ച ശേഷമുള്ള ഭൂരിഭാഗം ആളുകളുടെയും ആദ്യ ഓപ്ഷൻ കൂടുതൽ സൗകര്യങ്ങളോടെ തങ്ങളുടെ മേഖലയിൽ ഗവേഷണ പഠനങ്ങൾ തുടരുകയെന്നത് തന്നെയാണ്. അത്തരത്തിൽ പ്രവർത്തിക്കുന്നതിനായി ഫെലോഷിപ്പുകൾ കണ്ടെത്തുകയെന്നതാണ് അവർക്കു മുന്നിലെ ആദ്യ കടമ്പ. നിലവിലെ സ്ഥിതിയിൽ, ഇന്ത്യയിൽ തന്നെ തുടർഗവേഷണം നടത്തണം എന്ന നിർബന്ധ ബുദ്ധിയുള്ളവർക്ക് ഫെലോഷിപ്പ് കണ്ടെത്തൽ യജ്ഞം അല്പം തലവേദന സൃഷ്ടിക്കുന്നത് തന്നെയാണ്. പൊതുവായി അപേക്ഷിക്കാവുന്ന, എല്ലാ ശാസ്ത്ര വിഭാഗങ്ങളെയും പരിഗണിക്കുന്ന സെൻട്രലൈസ്ഡ് ഫെലോഷിപ്പുകളുടെ എണ്ണം തുലോം തുച്ഛമാണ് എന്നത് തന്നെയാണ് പ്രധാന പ്രതിസന്ധി. SERB (ഇപ്പോൾ ANRF) മുഖാന്തരം നൽകുന്ന നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ആണ് ഇത്തരത്തിൽ ഏറ്റവും അധികം ഫെല്ലോഷിപ്പ് തുക ഓഫർ ചെയ്യുന്ന ഒരു സംവിധാനം.

എന്നിരുന്നാലും ഓരോ മേഖലയിലും വർഷം തോറും നൽകി വരുന്ന ഫെലോഷിപ്പുകളുടെ എണ്ണം ആകെ അപേക്ഷകരുടെ എണ്ണത്തോട് തുലനം ചെയ്യുമ്പോൾ വളരെ കുറവാണ്. 2025 -ടേമിൽ റെക്കോർഡ് എണ്ണം അപേക്ഷകർ ഉണ്ടായിരുന്നതിനാൽ, ഉന്നത നിലവാരം ഉണ്ടായിട്ടും ഫെല്ലോഷിപ്പ് റീജിയനിലേക്ക് പരിഗണിക്കപ്പെടാതെ പോയ നിരവധി അപേക്ഷകൾ ഉണ്ടായിരുന്നുവെന്ന് പല അപേക്ഷകരുടെയും പ്രൊപോസൽ റിവ്യൂ റിസൾട്ട് സാക്ഷ്യം പറയുന്നു.
സയൻസ് രംഗത്തെ മറ്റൊരു പ്രധാന സെൻട്രലൈസ്ഡ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് CSIR - RA സ്‌കീം ആണ്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് നൽകിവരുന്ന ഈ ഫെലോഷിപ്പിനും അപേക്ഷകരുടെ അത്യാധിക്യം മുഖേന പലപ്പോഴും അർഹതപ്പെട്ടവർ പോലും തഴഞ്ഞു പോകപ്പെടുന്ന സ്ഥിതിയാണ്. പ്രാഥമിക ഘട്ടത്തിൽ കൃത്യമായ സൂക്ഷ്മപരിശോധനകൾ ഇല്ലാതെ നിരവധി അപേക്ഷകരെ ഡൽഹിയിലേക്ക് അഭിമുഖ പരീക്ഷക്ക് വിളിച്ചുവരുത്തിയെന്നും, അതിൽ നിന്ന് വളരെ തുച്ഛമായ എണ്ണം ആളുകളെ മാത്രമേ ഫെലോഷിപ്പിനു തെരെഞ്ഞെടുത്തുള്ളൂ എന്നതടക്കം വിവിധ സ്ട്രീമുകളിലെ അപേക്ഷാർഥികൾ linkedIn അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തവണത്തെ തെരെഞ്ഞെടുപ്പ് രീതിയെ കുറിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പൂർണമായും ഒരു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് എന്ന് പറയാൻ കഴിയില്ലയെങ്കിലും, ശാസ്ത്ര മേഖലയിൽ ഗവേഷണാനന്തരം ലഭിക്കുന്ന ഏറ്റവും പ്രെസ്റ്റീജിയസ് അവാർഡുകളിൽ ഒന്ന് DST INSPIRE ഫാക്കൽറ്റി ഫെല്ലോഷിപ്പ് ആണ്. അഞ്ച് വർഷം സ്വതന്ത്രമായി ഗവേഷണം തുടരാനുള്ള അവസരമാണ് ഫെല്ലോഷിപ്പിലൂടെ നല്കി വരുന്നതെങ്കിലും, മേൽ പറഞ്ഞതു പോലെ ആകെ നൽകി വരുന്ന ഫെല്ലോഷിപ്പ് എണ്ണത്തിന്റെ കാലോചിതമായ പരിഷ്കരണം ഇവിടെയും ബാധകമാണ്. ഇത് കൂടാതെ നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്, കോത്താരി പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ് സ്കീം തുടങ്ങി മറ്റു സ്കീമുകൾ ഉണ്ടെങ്കിലും ഫെല്ലോഷിപ്പ് തുകയുടെ കാലോചിത പരിഷ്ക്കരണവും, ഫെല്ലോഷിപ്പ് എണ്ണത്തിന്റെ അപര്യാപ്തതയും മറ്റു സ്കീമുകൾ എന്നത് പോലെ ഇത്തരം സെൻട്രൽ ഫണ്ടഡ് ഫെലലോഷിപ്പുകളുടെയും ഒരു പ്രധാന ന്യൂനതയാണ്.

സ്പെസിഫിക് സബ്ജെക്റ്റുകൾക്കായി, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ഏജൻസികളും (ഉദാ: ബയളോജിക്കൽ സയൻസിനായി DBT), വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്വന്തം നിലയ്ക്ക് നൽകിവരുന്ന ഇൻസ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഡോക്ടറൽ സ്കീമുകളും ഒരു പരിധി വരെ സഹായതരമാകുന്നുണ്ടെങ്കിലും സെലക്ഷൻ മാനദണ്ഡങ്ങൾക്ക് ഒരു പൊതുസ്വഭാവം ഇല്ലാതെ പോകുന്നതും, ഗവേഷകന്റെ അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങൾ ഫെല്ലോഷിപ്പ് ഓഫർ ചെയ്യുന്ന സ്ഥാപനങ്ങളിൽ ചിലപ്പോഴെങ്കിലും ഇല്ലാതെ പോകുന്നതുമെല്ലാം ഇത്തരം സാധ്യതകളുടെ പരിമിതികളായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഗവേഷണാനാന്തരം നടക്കുന്ന സയന്റിസ്റ്റ് റിക്രൂട്ട്മെന്റ്കളിൽ, പല എൻട്രി ലെവൽ സയന്റിസ്റ്റ് പോസ്റ്റുകൾക്കുമുള്ള പ്രായ പരിധിയും 32 വയസ്സാക്കി നിജപ്പെടുത്തുന്നതും പുനഃപരിശോധിക്കപ്പെടേണ്ടതാണ്. സ്ത്രീകൾക്കും, മറ്റ് പ്രതിപാദിത റിസേർവേഷൻ വിഭാഗങ്ങൾക്കുമൊഴിച്ച് സയന്റിസ്റ്റ് പോസ്റ്റിലേക്കുള്ള പ്രായ പരിധി 32 ആണെന്നിരിക്കെ, 30 വയസ്സിനിപ്പുറം PhD ബിരുദം എടുക്കുവാനുള്ള പല വിദ്യാർത്ഥിയുടെയും ഗവേഷണ ത്വരയെ ഇത് സാരമായി ബാധിച്ചേക്കാം. CSIR അടക്കമുള്ള സ്ഥാപനങ്ങൾ ഇതിൽ പുനഃ പരിശോധനയ്ക്ക് തയ്യാറാകുകയും, അടുത്ത വർഷം ആദ്യം മുതൽ പ്രായ പരിധി 35 വയസ്സിലേക്ക് ഉയർത്തുന്നത് പരിഗണിക്കാൻ തയ്യാറാവുകയും ചെയ്യുന്നത് പ്രതീക്ഷാവഹമാണെങ്കിലും ഏതു ഘട്ടത്തിലും അവൈൽ ചെയ്യാവുന്ന ഒരു ഡിഗ്രി ആണ് PhD എന്ന നിലയിൽ പ്രായപരിധി ഉയർത്തലിൽ കൂടുതൽ ചർച്ചകൾ ആവശ്യവുമായുണ്ട്.
കേരളത്തിൽ ചുവപ്പുനാടകൾ
കേരളത്തിലെ പോസ്റ്റ് ഡോക്ടറൽ അവസരങ്ങളുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച 'നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്' പദ്ധതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സ്കോളർമാർ പലരും ഫെല്ലോഷിപ്പ് തുക കൃത്യമായി ലഭിക്കാത്തതിനാലും കണ്ടിജൻസി തുക സമയാനുസരണം അപ്രൂവ് ചെയ്യപ്പെടാത്തതിനാലും വലയുന്ന സ്ഥിതിയിലാണുള്ളത്. ഫെല്ലോഷിപ്പ് തുക ലഭിക്കാൻ ആറ് മുതൽ ഒമ്പത് മാസം വരെ താമസമുണ്ടാകുന്നുവെന്നും, ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും ഗവേഷണ സാമഗ്രികൾ വാങ്ങാൻ ലഭിക്കേണ്ട കണ്ടിജൻസി തുക മാസങ്ങളോളം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നുവെന്നും ഫെലോഷിപ്പിന് തെരെഞ്ഞെടുക്കപ്പെട്ട സ്കോളർമാർ സാക്ഷ്യം പറയുന്നു.

ഒട്ടും വ്യത്യസ്തമല്ല കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എവിറോണ്മെന്റ് നൽകുന്ന KSCSTE പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന്റെയും സ്ഥിതി. ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ ബിരുദദാരികൾക്കു വേണ്ടി ആരംഭിച്ച ഈ സ്കീമിലും ഫെലോഷിപ്പ് / കണ്ടിജൻസി കാലതാമസം പ്രധാന പ്രതിസന്ധിയായി നിലനിൽക്കുന്നുണ്ട്. ഫണ്ടഡ് പ്രൊജക്ടുകൾ മുഖാന്തരം റിസർച്ച് അസ്സോസിയേറ്റ് പൊസിഷനുകളിലേക്ക് കേരളത്തിലെ യൂണിവേഴ്സിറ്റി സെന്ററുകൾ പോസ്റ്റ് ഡോക്ടറൽ റിക്രൂട്മെന്റുകൾ നടത്തുന്നുണ്ടെങ്കിലും അത്തരം അവസരങ്ങളും എണ്ണത്തിൽ പരിമിതമാണ്.
"അക്കാദമിയ" എന്ന ചുരുളി
ഗവേഷണാന്തരം, അല്ലെങ്കിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനിപ്പുറം അക്കാദമിക്ക് തലത്തിലേക്ക് പറിച്ചുനടപ്പെടാനാഗ്രഹിക്കുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. ഒരുപക്ഷെ, ഗവേഷണ ബിരുദം ലഭിച്ചശേഷമുള്ള ഭൂരിഭാഗം ആളുകളുടെയും ആദ്യ ഓപ്ഷൻ ഗവേഷണ സൗകര്യത്തോടു കൂടിയുള്ള അക്കാദമിക് സ്ഥാപനങ്ങളിലെക്കുള്ള എൻറോൾമെൻറ് ആയിരിക്കും. ടീച്ചിങ്ങും റിസർച്ചും ഒരുപോലെ പാഷനായി കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഈ വിഭാഗത്തിനും നിലവിലെ സിസ്റ്റത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടതുണ്ട്.
കേന്ദ്ര / സംസ്ഥാന ഗവണ്മെന്റുകളുടെ നിയന്ത്രണത്തിൽ വരുന്ന പല അക്കാദമിക്ക് സ്ഥാപനങ്ങളിലും അധ്യാപക നിയമനത്തിനായുള്ള ക്രെഡിറ്റ് പോയിന്റ് കാൽക്കുലേഷൻ നടക്കുന്നത് വിചിത്രമായ നിലയിലാണ്. റിസർച്ച് പേപ്പറുകളുടെ എണ്ണത്തിന് മുൻതൂക്കം നൽകിയുള്ള രീതിയിലാണ് പലപ്പോഴും സ്‌ക്രീനിങ്ങുകൾ നടക്കുന്നത്. വളരെ ക്വാളിറ്റിയുള്ള, ഗ്രൗണ്ട് ബ്രേക്കിങ് ആയ ഒറ്റ വർക്ക് മാത്രമാണ് ഗവേഷകർ പബ്ലിഷ് ചെയ്തിരിക്കുന്നത് എങ്കിൽ കൂടിയും അതിനെ തഴഞ്ഞ് ഏറ്റവും കൂടുതൽ എണ്ണം പേപ്പറുകൾ പബ്ലിഷ് ചെയ്ത ആളുകളെ മുന്നിലേക്ക് നയിക്കുന്ന നിലയിലാണ് പല സ്ഥാപനങ്ങളിലും ക്രെഡിറ്റ് കൗണ്ടിംഗ് രീതി.
ഇതിനു സമാനമായ പ്രശ്നം ക്യുമുലെറ്റിവ് ഇമ്പാക്ട് ഫാക്ടർ കൗണ്ടിംഗ് എന്ന രീതിയിലുമുണ്ട്. ഓരോ ജേർണൽ പബ്ലിഷേഴ്സും അവരവരുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇമ്പാക്ട് ഫാക്ടർ കൌണ്ട് ചെയ്യുമ്പോൾ അത് ഉദ്യോഗാർഥിയുടെ നിലവാരം അളക്കാനുള്ള മാനദണ്ഡമാക്കി വയ്ക്കുന്നത് പലപ്പോഴും നീതിപൂർവമാവുന്നില്ല. ജേർണലുകളുടെ ക്വാർടൈൽ ഡിവിഷനിലും ഇത്തരം പാകപ്പിഴകളുണ്ട്. എന്നിരുന്നാലും ഇവയെല്ലാം തന്നെ വിസിബിൾ റിസർച്ച് ഔട്ട്പുട്ട് എന്നതിന്റെ ഭാഗമായി ക്രെഡിറ്റ് കാൽക്കുലേഷനിൽ ഉൾപ്പെടുന്നതിനാൽ തന്നെ ഇന്റർവ്യൂ ഷോട്ടിനെങ്കിലും അർഹരായ പല ഉദ്യോഗാർത്ഥികളും പ്രാഥമിക സ്‌ക്രീനിങ്ങിൽ തന്നെ പുറത്താക്കപ്പെടുന്നുണ്ട്. IIT കളിലടക്കം പലയിടത്തും വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള പോസ്റ്റ് ഡോക്ടറൽ പ്രവർത്തി പരിചയം ഒരലിഖിത റിക്രൂട്ട്മെന്റ്ക്രൈറ്റീരിയൻ ആയിരിക്കെ ഗവേഷണാനന്തരം ബിരുദധാരികൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിൽ അതിശയോക്തിയില്ല.

വിവിധ സംസ്ഥാനങ്ങളിലെ ഗവൺമെന്റ് കോളേജുകളിലേക്ക് അതത് സംസ്ഥാനത്തെ PSC വഴിയുള്ള അധ്യാപക നിയമനം പലപ്പോഴും വളരെ ദൈർഘ്യമേറിയ പ്രക്രിയയാണ്. കേരളത്തിൽ FYUGP കൂടി വന്നതോടെ വേക്കൻസികൾ കൃത്യമായി ഡിഫൈൻ ചെയ്യപ്പെടാത്തതും, റിക്രൂട്ട്മെന്റ് എക്സാമുകൾക്കിടയിലുള്ള കാലതാമസവും, ലിസ്റ്റിൽ ഇടം ലഭിച്ചിട്ടും നിയമനത്തിനായി നീണ്ട കാലം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയും ഇത്തരം അവസരങ്ങൾ ലഭിക്കുന്നതിൽ വിലങ്ങു തടിയായി നിലനിൽക്കുന്നു.
എയ്ഡഡ് ലേലം വിളി
എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനം 1971 സെപ്റ്റംബറിലെ ഡയറക്റ്റ് പേയ്മെന്റ് എഗ്രിമെന്റിന്റെ ഭാഗമായാണ് നടക്കുന്നത്. അതായത് നിയമനം മാനേജ്മെന്റ് വഴി, സർവകലാശാല സംവിധാനങ്ങൾ അതിന് അംഗീകാരം കൊടുക്കുന്നു, സർക്കാർ DD ഓഫീസ് വഴി ശമ്പളം നൽകുന്നു - ഇതാണ് പ്രക്രിയ. അതിനാൽ, അധ്യാപന നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, നിയമനങ്ങളിൽ മാനേജ്മെന്റുകൾ വാങ്ങുന്ന ‘നിർബന്ധിത സംഭാവന’യുമെല്ലാം അത്യന്തം ഗൗരവതരമാണ്. യോഗ്യതയ്ക്കും നിലവാരത്തിനും മേൽ നിർബന്ധിത പണപ്പിരിവ് അധ്യാപന നിയമന യോഗ്യതയാകുമ്പോഴും, ആകെത്തുകയിൽ അത് ബാധിക്കുന്നത് നിലവാരമുള്ള അധ്യാപകരെ അർഹിക്കുന്ന വിദ്യാർത്ഥികളുടെ അവകാശത്തെ തന്നെയാണ്.
റിസർച്ച് ഓറിയന്റഡ് ആകുംവിധം സിലബസ് പുനഃക്രമീകരണം ഒരുപരിധിവരെ FYUGP മുഖാന്തരം നടപ്പിലാക്കിയെങ്കിലും അതിനനുസൃതമായ റിസോഴ്സ് പേഴ്സൺസിനെ ഹയർ ചെയ്യാത്തിടത്തോളം അതിന് പൂർണ ഫലപ്രായപ്രതിയുണ്ടാവില്ല എന്നത് യാഥാർഥ്യമാണ്. ലക്ഷങ്ങളുടെ ലേലം വിളികൾക്ക് എയ്ഡഡ് അധ്യാപക നിയമനത്തെ വിട്ടുകൊടുക്കാതെ ഇനിയെങ്കിലും ഗവർമെന്റിന് കൃത്യമായ ഇടപെടൽ നടത്താൻ സാധിച്ചാൽ ഗവേഷണ ബിരുദധാരികളിൽ അർഹതപ്പെട്ട വലിയൊരു വിഭാഗത്തെ നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് മുതൽ കൂട്ടാക്കാൻ സാധിക്കും.
ഒട്ടും വ്യത്യസ്തമല്ല സ്വാശ്രയ മേഖലയിലെ അക്കാദമിക്ക് സ്ഥിതി വിശേഷങ്ങൾ. കാലിക്കറ്റ് സർവകലാശാലയിലെ പ്രൊജക്റ്റ് മൂല്യ നിർണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും അതിൽ ഗവർണറുടെ നിർണായ ഉത്തരവും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. മിനിമം യോഗ്യത പോലുമില്ലാത്തവരെ ശമ്പള ബാർഗൈനിങ് കൊണ്ട് അധ്യാപകരായി നിയമിച്ചു നടത്തുന്ന സ്വകാര്യ മാനേജുമെന്റുകളുടെ വിദ്യാഭ്യാസ പ്രഹസനത്തിനെതിരെയുള്ള ശക്തമായ താക്കീതായിരുന്നു ഇത്. കേരളത്തിന് പുറത്തുള്ള സ്വകാര്യ യൂണിവേഴ്സിറ്റിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രീം ലയർ പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഒഴിച്ചുനിർത്തിയാൽ അവിടെയും നടക്കുന്നത് ഇത്തരം തുച്ഛമായ ശമ്പളം വാഗ്ദാനം ചെയ്‌തുള്ള ബാർഗൈനിങ് പൊളിറ്റിക്സ് ആണെന്ന് അനുഭവസ്ഥർ സാക്ഷ്യം പറയുന്നു.

ഗവേഷണാനാന്തരം, PhD സ്റ്റൈപ്പെൻഡിലും താഴെയുള്ളൊരു മാസശമ്പളത്തിൽ ഇവിടങ്ങളിൽ ജോലി ചെയ്യാൻ ആളുകൾ തയ്യാറാകുന്നുവെന്നത് തൊഴിലില്ലായ്മയുടെ ഭീതിതവശം നമുക്കുമുന്നിൽ തുറന്നിടുന്നുണ്ട്. ബോണ്ടും എഗ്രിമെന്റും അടക്കം നൂറു നൂലാമാലകളിൽ ഇവരെ കുരുക്കിയിടുമ്പോഴും, മിനിമം തൊഴിലവകാശങ്ങൾ പോലും അധ്യാപകർക്ക് ഉറപ്പു വരുത്താൻ പല സ്വകാര്യ യൂണിവേഴ്സിറ്റികളും ശ്രമിക്കാറില്ലയെന്നതാണ് മറ്റൊരു വിരോധാഭാസം. ‘നിങ്ങളില്ലെങ്കിൽ ഇതേ കണ്ടീഷനുകൾ ഓക്കേ ചെയ്ത് വേറൊരാൾ വരും’ എന്ന മനോഭാവം ഇത്തരം സ്ഥാപനങ്ങൾക്കുണ്ടാവുന്നത് സിസ്റ്റത്തിന്റെ പരാജയമാണെന്ന് പറയാതെ വയ്യ.
ഇവിടെയുണ്ടോ ‘അതിഥി ദേവോ ഭവ?
MSc ക്കുശേഷം NET അല്ലെങ്കിൽ PhD യോഗ്യത നേടിയവരിൽ പലരും സ്ഥിരം ജോലിയിലേക്ക് എത്തിപ്പെടും മുമ്പേ ഓപ്റ്റ് ചെയ്യുന്ന ജോലികളിലൊന്ന് കോളേജുകളിലെ ഗസ്റ്റ് ലെക്ചറർ പോസ്റ്റാണ്. ഗവേഷണാവസരം ഇല്ലെങ്കിൽ കൂടി തങ്ങളുടെ സബ്ജെക്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും പുതു തലമുറാ വിദ്യാർത്ഥികളുമായി ഇടപെടാനുമുള്ള മികച്ച അവസരമാണിത്. എന്നിരുന്നാലും അതിഥി അധ്യാപകരുടെ പ്രാഥമികാവകാശങ്ങൾ പോലും പലപ്പോഴും, പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിഗണിക്കപ്പെടുന്നില്ല എന്നത് തികച്ചും ഖേദകരമായ യാഥാർഥ്യമാണ്.
നിലവിൽ കോളേജുകളിൽ ഗസ്റ്റ് ലെക്ചർ നിയമനം നടക്കുന്നത് അവൈലബിൾ ക്ലാസ് അവറുകളുടെ അടിസ്ഥാനത്തിലാണ്. 11 മുതൽ 16 മണിക്കൂർ വരെ ക്ലാസ് ആവശ്യമെങ്കിൽ ആഴ്ചയിൽ 5 ദിവസത്തേക്ക്, 8 മുതൽ 10 വരെ മണിക്കൂറിലേക്ക് ആണെങ്കിൽ ആഴ്ചയിൽ 4 ദിവസത്തേക്ക്, 6 മുതൽ 7 മണിക്കൂർ വരെ ആണെങ്കിൽ ആഴ്ചയിൽ 3 ദിവസത്തേക്ക്, 6 മണിക്കൂറിലും താഴെയാണെങ്കിൽ ആഴ്ചയിൽ 2 ദിവസത്തേക്ക് എന്നിങ്ങനെയാണ് നിലവിൽ കേരളത്തിലെ കോളേജുകളിലെ അതിഥി അധ്യാപക നിയമനത്തിന്റെ ഏകദേശ കണക്ക്.
പുതുക്കിയ സർക്കാർ സർക്കുലർ പ്രകാരം MSc യും NET / PhD യോഗ്യതയുമുള്ള അതിഥി അധ്യാപകർക്ക് ഗവൺമെന്റ് കോളേജുകളിൽ ദിവസവേതനം 2300 രൂപയും NET /PhD യോഗ്യത ഇല്ലാത്തവർക്ക് 2000 രൂപയുമാണ്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഈ ദിവസവേതനത്തിൽ പരിഷ്ക്കരണങ്ങൾ കൊണ്ടു വരാൻ കേരള ഗവൺമെന്റ് നടത്തിയ നീക്കങ്ങൾ എടുത്തുപറയേണ്ടതുണ്ട്. എന്നിരുന്നാലും പരിഷ്കരിക്കപ്പെടേണ്ടുന്നതും ചൂണ്ടിക്കാട്ടേണ്ടതുമായ ഒരുപാട് പ്രതിസന്ധികൾ ഈ മേഖലയിലുണ്ട്.

ശനി / ഞായർ ഉൾപ്പടെ മാറ്റിനിർത്തിയാൽ പരമാവധി 23 പ്രവൃത്തി ദിനങ്ങളാണ് ഒരതിഥി അധ്യാപകന് പ്രതിമാസം ലഭിക്കുന്നത്. അതിൽ തന്നെ കാഷ്വൽ ലീവടക്കം ഒരുതരത്തിലുള്ള അവധിയും എടുക്കാനുള്ള പ്രൊവിഷനില്ല. അസുഖ കാരണങ്ങളാൽ പോലും 'ലോസ് ഓഫ് പേ' ഇല്ലാതെ അവധി എടുക്കാൻ സാധിക്കാത്ത ദുർസ്ഥിതി പല അധ്യാപകർക്കുമുണ്ട്. കൂടാതെ സമ്മർ- വിന്റർ വെക്കേഷൻ കാലയളവിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇവർക്ക് ലഭിക്കുന്നില്ല. സെമസ്റ്റർ പരീക്ഷാകാലത്ത് പലപ്പോഴും വേണ്ടത്ര ക്ലാസ് അവറുകൾ ഇല്ലാ എന്ന പേരിൽ വർക്കിംഗ് ഡേയ്സ് എണ്ണം വെട്ടിച്ചുരുക്കുന്ന സ്ഥിതിയും പല സ്ഥാപനങ്ങളിലും കണ്ടുവരുന്നു. ഭാരിച്ച സിലബസ് തീർക്കാൻ എക്സ്ട്രാ ക്ലാസ്സുകളും സ്പെഷ്യൽ ക്ലാസ്സുകളുമെല്ലാം ചെയ്യേണ്ടിവരുമ്പോഴും ആ ദിവസങ്ങളിലൊന്നും ദിവസവേതനം ലഭിക്കാത്ത സാഹചര്യവും പല ഉദ്യോഗാർത്ഥികളും ചൂണ്ടിക്കാട്ടുന്നു.
ഇതിലെല്ലാം മേൽ പരിഗണിക്കപ്പെടേണ്ട വസ്തുത, അർഹതപ്പെട്ട ശമ്പളം കൃത്യമായി പ്രതിമാസം ലഭിക്കുന്നില്ലയെന്നതാണ്. കോളേജ് ഓഫീസുകളിലേയും യൂണിവേഴ്സിറ്റി സെന്ററുകളിലെയും ചുവപ്പുനാടയിൽ കുടുങ്ങി ശമ്പള ബിൽ അപ്രൂവായി വരാൻ ആറു മാസത്തിനു മേൽ വരെ സമയമെടുക്കുന്നുവെന്ന പരാതികൾ ഗൗരവതരമായി പരിഗണിക്കേണ്ടതുണ്ട്.
കേരളത്തിലെ യൂണിവേഴ്സിറ്റി സെന്ററുകളും, പൊതുവിൽ സെൻട്രൽ യൂണിവേഴ്സിറ്റികളും അഡ്- ഹോക് അധ്യാപകരെ പരിഗണിക്കുന്ന രീതി പൊളിച്ചെഴുതേണ്ടതുണ്ട്. PhD യോഗ്യതയുള്ള ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി കൺസോളിഡേറ്റഡ് ഓണറേറിയം 50,000 രൂപ വരെ എന്ന നിലയിലാണ് പലപ്പോഴും ഇവിടങ്ങളിലെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷനുകൾ. PMRF അടക്കമുള്ള PhD ഫെല്ലോഷിപ്പ് തുക പോലും ഇതിനു മേലെയാണെന്നിരിക്കെ, യോഗ്യതയ്ക്കനുസരിച്ചുള്ള വേതന-തൊഴിൽ അവകാശ പരിഷ്കരണം അതിഥി അധ്യാപകരുടെ കാര്യത്തിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ പരിഗണയിലേക്കെടുക്കേണ്ടതുണ്ട്.
ഇൻഡസ്ട്രി- അക്കാദമിയ വൈരുദ്ധ്യങ്ങൾ
ശാസ്ത്രമേഖലയിൽ ഗവേഷണം പൂർത്തിയാക്കിയ ഗവേഷകർ ഇൻഡസ്ട്രിയൽ ജോലികളിലേക്ക് തിരിയുന്നത് മറ്റൊരു വിശാല സാധ്യതയാണ്. എന്നിരുന്നാലും സാങ്കേതിക മേഖലയോട് തുലനം ചെയ്യുമ്പോൾ ശാസ്ത്രരംഗത്തെ PhD ബിരുദ ധാരികളെ ഇൻഡസ്ട്രികൾ റിക്രൂട്ട് ചെയ്യുന്നത് തുലോം തുച്ഛമാണ്. അതിന്റെ മൂലകാരണങ്ങൾ ചികഞ്ഞിറങ്ങുമ്പോൾ എത്തിപ്പെടുന്നത് നിലവിലെ സിസ്റ്റത്തിലുള്ള ഇൻഡസ്ട്രി- അക്കാദമിയ അന്തരമാണ്.

ഇൻഡസ്ട്രി പ്രോഡക്റ്റ് ഓറിയന്റഡ് ആയും അക്കാഡമിയ റിസൾട്ട് /പബ്ലിക്കേഷൻ ഓറിയന്റഡ് ആയും സമാന്തരമായി മുന്നോട്ട് പോകുമ്പോൾ അക്കാദമിയ- ഇൻഡസ്ട്രി ബ്രിഡ്ജ് നേർത്തതാകുകയും പലപ്പോഴും അക്കാദമിക്ക് റിസർച്ച് ബാക്ക്ഗ്രൗണ്ട് ഉള്ളവരെ നേരിട്ട് ഇൻഡസ്ട്രിയൽ റിസർച്ചിലേക്ക് റിക്രൂട്ട് ചെയ്യുന്നത് കുറയുകയും ചെയ്യുന്നു. സ്കെയിൽ അപ്പും റീസൈക്ലിങും സീറോ വേസ്റ്റ് പോളിസിയും അടക്കം ഒരു വ്യവസായ സംരംഭം ഡിമാൻഡ് ചെയ്യുന്ന പല ഗവേഷണ മാനദണ്ഡങ്ങളും അക്കാദമിക്ക് ഗവേഷകരുടെ നോർമൽ റിസർച്ച് ഔട്പുട്ടിൽ പലപ്പോഴും അഡ്രസ് ചെയ്യപ്പെടുന്നില്ല. അതിനാൽ, അക്കാദമിക്ക് റിസർച് ബാക്ക്ഗ്രൗണ്ടുള്ള ഉദ്യോഗാർഥിയെ വലിയ പാക്കേജ് നൽകി ഹയർ ചെയ്യുക എന്നതിനേക്കാൾ, മികച്ച നിലയിൽ മാസ്റ്റേഴ്സ് ബിരുദം കഴിഞ്ഞ ഒരു ടോപ്പ് ക്ലാസ് വിദ്യാർത്ഥിയെ റിക്രൂട്ട് ചെയ്ത് തങ്ങളുടെ രീതിക്കനുസരിച്ചു മോൾഡ് ചെയ്യുകയെന്നതാണ് പലപ്പോഴും ഇൻഡസ്ട്രി സ്വീകരിച്ചുവരുന്ന നിലപാട്.
വിശാല തലത്തിൽ പരിശോധിക്കുമ്പോൾ അക്കാദമിക ഗവേഷണം എന്നത് എല്ലായിപ്പോഴും വ്യാവസായികതയോടോ എക്കണോമിയോടൊ ചേർന്നുനിൽക്കണം എന്ന നിർബന്ധബുദ്ധി ബാലിശമാണ്. ബേസിക് സയൻസ് ഡവലപ്മെന്റ് തൊട്ട്, തിയററ്റിക്കൽ സ്റ്റഡികളും ഡാറ്റാബേസ് ബിൽഡിങ്ങുമെല്ലാം വളരെ പ്രസക്തമായ ഗവേഷണ സെക്ടറുകളാണ്. പക്ഷെ, പ്രായോഗിക സാധുതയുള്ളത് എന്ന് പ്രൊജക്റ്റ് ചെയ്യപ്പെടുന്ന പല ഗവേഷണ ഫലങ്ങളും സൂക്ഷ്മാവലോകനത്തിൽ ലബോറട്ടറി തലത്തിൽ മാത്രം ഒതുങ്ങുന്നതും ഒരു പ്രോഡക്റ്റ് ഡെവലപ്പ്മെന്റ് എന്ന നിലയിലേക്ക് വിഭാവനം ചെയ്യപ്പെടാത്തതുമാണ് ഇവിടുത്തെ വിഷയം. ഇന്ത്യയിലെ ഗവേഷണ കോഴ്‌സുകൾ ഡിസൈൻ ചെയ്തിരിക്കുന്ന രീതിയും ഗവേഷക വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സാമ്പത്തിക പിന്തുണയുടെ അപര്യാപ്തതയും ഇത്തരമൊരവസ്ഥയ്ക്ക് ഒരു പരിധിവരെ കാരണമാണ്.
പരിഹാരമെന്ത്?
ഉന്നത വിദ്യാഭ്യാസമെന്നത് വ്യക്തി വികാസത്തിലുമപ്പുറം സാമൂഹിക നിലവാരത്തിലും ഉയർച്ചയുണ്ടാക്കുന്ന ഒരു സുപ്രധാന ഘടകം എന്നിരിക്കെ ഗവേഷണവും ഗവേഷണാനന്തര സപര്യകളും പ്രോത്സാഹിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ പ്രധാന കർത്തവ്യങ്ങളിലൊന്നാണ്. അതിനാൽ, കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നതിനെ സ്വാഗതം ചെയ്യുക തന്നെയാണ് വേണ്ടത്. പക്ഷെ അത്തരത്തിൽ, ഗവേഷണരംഗത്തേക്ക് കടന്നു വരുന്നവരെ അവരുടെ കഴിവിന്റെ തോതളന്ന് കൃത്യമായ സ്ഥാനങ്ങളിൽ അക്കോമഡേറ്റ് ചെയ്യുകയെന്നതും ഒരു പരിധിവരെ സ്റ്റേറ്റിന്റെ കർത്തവ്യമാണ്. പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനായുള്ള കൂടുതൽ കേന്ദ്രീകൃത അവസരങ്ങൾ കേന്ദ്ര / സംസ്ഥാന സർക്കാരുകൾ ഒരുക്കണമെന്നത് കണക്കുകളിൽ നിന്ന് വ്യക്തമാണ്. അപേക്ഷകർക്ക് ആനുപാതികമായി നിലവിലുള്ള ഫെല്ലോഷിപ്പ് സ്കീമുകളിലെ ഇൻടേക്ക് വർധിപ്പിക്കുകയും പുതിയ സ്കീമുകൾ കൊണ്ട് വരികയും ചെയ്യാൻ സർക്കാരിന് കീഴിലുള്ള ഏജൻസികൾ ശ്രമിക്കേണ്ടതുണ്ട്. ഫെല്ലോഷിപ്പ് തുകയുടെ കാലോചിതമായ പരിഷ്കരണം കൊണ്ട് മാത്രമേ അതതു മേഖലയിൽ കഴിവുറ്റ ആളുകളെ നമ്മുടെ രാജ്യത്തു തന്നെ നിലനിർത്താനും, അവരുടെ മാനവ വിഭവശേഷി നമ്മുടെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താനും സാധിക്കുകയുള്ളൂ.

മികച്ച സയന്റിഫിക് എക്സ്പോഷറും മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങളും മിക്കവാറും വിദേശ യൂണിവേഴ്സിറ്റികളും ഓഫർ ചെയ്യുമ്പോൾ അതിനോട് കിടപിടിക്കാൻ നിലവിലുള്ള ഫെല്ലോഷിപ്പ് സ്കീമുകളുടെ സമഗ്ര പരിഷ്ക്കരണം അത്യന്താപേക്ഷിതമാണ്. ഗവേഷണാനന്തരമുള്ള എൻട്രി ലെവൽ സയന്റിസ്റ്റ് പോസ്റ്റുകളുടെ പ്രായ പരിധി ക്രൈറ്റീരിയ പൂർണമായും ഒഴിവാക്കുക എന്നത് ചർച്ചക്കെടുക്കേണ്ടുന്ന വിഷയമാണ്. ഗവേഷണ ബിരുദം എന്നത് പ്രായഭേദമന്യേ കടന്നു വരാവുന്ന മേഖലയാണെന്ന നിലയിൽ, 32 -35 വയസ്സ് പ്രായപരിധി ഇത്തരം പോസ്റ്റുകൾക്ക് ബാധകമാക്കുമ്പോൾ കഴിവും ആശയവുമുള്ളവർക്ക് അത് ടെക്‌നിക്കലി ബുദ്ധിമുട്ടുണ്ടാക്കും.
ഗവേഷണ ബിരുദ കാലത്തും പോസ്റ്റ് ഡോക്ടറൽ ഗവേഷണ കാലത്തും കൃത്യമായ സമയത്ത് ഫെല്ലോഷിപ്പ് തുക ലഭിക്കുകയെന്നത് ഗവേഷകരുടെ മൗലികാവകാശമാണ്. ഉദ്യോഗസ്ഥരടക്കം സംഘടിത തൊഴിലാളി വിഭാഗങ്ങൾക്കൊക്കെയും കൃത്യമായി ശമ്പളത്തുക എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ ഭരണകൂടം ഗവേഷകർക്കും ഈ പ്രിവിലേജ് അനുവദിച്ചു കിട്ടാൻ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടേണ്ടതുണ്ട്.
അധ്യാപന രംഗത്ത് അധ്യാപകരുടെ സെലക്ഷനിലെ സ്ക്രീനിംഗ് ക്രൈറ്റീരിയകൾ കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്. റിസർച്ച് പേപ്പറുകളുടെ ക്വാണ്ടിറ്റിയിലും കാലഹരണപ്പെട്ട റിസർച്ച് ക്വാളിറ്റി ഏകകങ്ങളിലും തളച്ചിടപ്പെടാതെ കൃത്യമായി ഉദ്യോഗാർത്ഥിയുടെ നിലവാരം അളക്കുന്ന നിലയിലേക്ക് ഉചിതമായ പരിഷ്‌കാരം ഈ മേഖലയിൽ അത്യന്താപേക്ഷിതമാണ്.
എയ്ഡഡ്- സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാധിഷ്‌ഠിത വിദ്യാഭ്യാസനയത്തിന്റെ കൃത്യമായ ഫലപ്രാപ്തി എത്തണമെങ്കിൽ അധ്യാപക നിയമന സൂചികയുടെ പരിഷ്‌കാരം അത്യാവശ്യമാണ്. ക്രൈറ്റീരിയ പൂർത്തിയാക്കാൻ വേണ്ടി മാത്രം പാർട്ട് ടൈം PhD ബിരുദം നേടുകയെന്ന നിലയിലേക്ക് മാറാതെ, ചെയ്യുന്ന ഗവേഷണത്തിന്റെ സാധ്യതകൾ പൂർണമായും ഉൾക്കൊണ്ട് ആ ഗവേഷണ ബിരുദത്തെ കൈകാര്യം ചെയ്യാൻ അധ്യാപകരും, അത്തരത്തിലുള്ള ബിരുദങ്ങളുടെ നിലവാരം നിരീക്ഷിക്കാൻ യൂണിവേഴ്സിറ്റികളും പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്.
എയ്ഡഡ്-സ്വകാര്യ മാനേജ്‌മെന്റുകളുടെ പണാധിഷ്ഠിത അധ്യാപക നിയമനത്തിന് അറുതി വരുത്തുകയെന്നത് ചർവിത ചർവണമായ ഒരാവശ്യമാണെങ്കിൽ കൂടിയും, അതിൽ യാതൊരു തരത്തിലുള്ള നിയന്ത്രണവും ഇതുവരെ വന്നിട്ടില്ല. ഇക്കാരണത്താൽ നിലവാര തകർച്ചയിലേക്ക് കൂപ്പുകുത്തേണ്ടിവരുന്ന സ്ഥാപനങ്ങളെ കുറിച്ചുള്ള വാർത്തകൾ പല കോണുകളിൽ നിന്നും വന്നു കൊണ്ടിരിക്കെ ഇതിൽ ഒരു പുനർചിന്തനത്തിനു ഗവണ്മെന്റ് ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.
അതിഥി അധ്യാപകർ സ്ഥിരാധ്യാപകരോളം പ്രിവിലേജുകളും ബഹുമാനവും അവകാശങ്ങളും അർഹിക്കുന്നുണ്ട്. ‘കാഷ്വൽ ലീവ്’ അടക്കമുള്ള അവരുടെ തൊഴിലവകാശങ്ങൾ ഉറപ്പുവരുത്താനും, ഡെയിലി വേജ് സ്‌കീമിൽ നിന്ന് മാറ്റി റെസ്പക്ട്ഫുൾ ആയ കൺസോളിഡേറ്റഡ് സാലറി പാക്കേജ് പ്രഖ്യാപിക്കാനും അത് കൃത്യമായി മാനസാവസാനം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താനും അധികാരികൾ പ്രതിജ്ഞാബദ്ധരാണ്.
ഇൻഡസ്ട്രിയൽ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റിൽ സംഭവിക്കുന്ന കുറവ് തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് ഭേദപ്പെടുത്താവുന്നതല്ല. ബേസിക്ക് സയൻസിനെ അപ്ലൈഡ് സയൻസിലേക്ക് പരിവർത്തനപ്പെടുത്താൻ ബാധ്യസ്ഥരായ ഒരു വിഭാഗം ഗവേഷകർക്ക് അതിനു സാധിക്കാതെ പോകുന്നുണ്ടെങ്കിൽ നിലവിലുള്ള ഗവേഷണ സിസ്റ്റത്തെ ക്രയാത്മകമായി പൊളിച്ചെഴുതേണ്ടതുണ്ട്. മദ്രാസ് IIT യിലടക്കം പ്രതിവർഷം നടപ്പിലാക്കുന്ന "ഇൻഡസ്ട്രി മീറ്റ് അക്കാദമിയ" പോലെയുള്ള കോൺഫറൻസുകൾ ഇത്തരം ബ്രിഡ്ജുകൾ നിർമിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇങ്ങനെ എല്ലാ തലത്തിലും ഒരു ഗവേഷക സൗഹൃദ കേന്ദ്രമായി നമ്മുടെ രാജ്യം മാറിയാൽ മാത്രമേ ഗവേഷണരംഗത്തേക്ക് കടന്നു വരുന്ന പ്രതിഭാധനരെ രാജ്യത്തിന്റെ പതാക വാഹകരായി നമുക്ക് നിലനിർത്താൻ സാധിക്കുകയുള്ളൂ.
