മലപ്പുറത്ത് എസ്.എഫ്.ഐ മാർച്ച്, നിയമസഭയിൽ മന്ത്രിയുടെ നിഷേധം; പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാറിന് പല കണക്ക്

​ഇഷ്ടവിഷയം കിട്ടാത്തതിനാല്‍ പ്രവേശനം നേടാത്ത 10,897 പേരെ ഒഴിവാക്കിയും പ്രവേശനത്തിന് വൻ തുക ഈടാക്കുന്ന അൺ എയ്ഡഡ് മേഖലയെ കൂടി കൂട്ടിയുമാണ് മന്ത്രി വി. ശിവൻകുട്ടി മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം നീർദേശിക്കുന്നത്.

Think

'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന മുദ്രാവാക്യവുമായി, മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവ​ശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി കലക്ടറേറ്റിനുമുന്നിൽ വീറോടെ മാർച്ച് നടത്തുന്ന സമയത്ത്, നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കണക്കുകൾ നിരത്തിയുള്ള നിഷേധം. മലപ്പുറം ജില്ലയിലെ അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾ ചൂണ്ടിക്കാട്ടിയാണ് വി. ശിവൻകുട്ടി, ജില്ലയിൽ സീറ്റുക്ഷാമമില്ലെന്ന് ആവർത്തിക്കുന്നത്. സമരം ചെയ്യുന്ന എസ്.എഫ്.ഐ മന്ത്രി പരിഹസിക്കുകയും ​ചെയ്തു; ‘‘സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, സമരം ചെയ്ത് ഉഷാറായി വരട്ടെ’’ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ‘‘അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും’’ മന്ത്രി ശിവൻകുട്ടി പറഞ്ഞു.
എസ്.എഫ്ഐ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. അഫ്‌സലാണ് ഉദ്ഘാടനം ചെയ്തത്.

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് ആവർത്തിച്ച വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ ഇതാണ്: ‘‘മലപ്പുറം ജില്ലയിൽ ആകെ 82,466 പ്ലസ് വൺ അപേക്ഷകരുണ്ട്. ഇതിൽ 7,606 പേർജില്ലക്കു പുറത്തുള്ളവരും 74,860 പേർ ജില്ലക്ക് അകത്തുള്ളവരുമാണ്. മലപ്പുറം ജില്ലയിൽ അപേക്ഷ നൽകിയ 82,466 പേരിൽ 4,352 പേർക്ക് മറ്റു ജില്ലകളിൽ പ്രവേശനം ലഭിച്ചു.
മലപ്പുറം ജില്ലയിൽ ശേഷിക്കുന്ന അപേക്ഷകർ 78,114. ഇവരിൽ 11,546 പേർ അലോട്ട്‌മെന്റ് കിട്ടിയിട്ടും പ്രവേശനം നേടാത്തവരാണ്. ഇവരിൽ 2866 പേർ മാനേജുമെന്റ് ക്വാട്ടയിലും 954 പേർ കമ്യൂണിറ്റ് കോട്ടയിലും 223 പേർ അൺ എയ്ഡഡിലും 444 പേർ സ്‌പോർട്്‌സ് ക്വാട്ടയലും അഞ്ചു പേർ എം.ആർ.എസ് സ്‌കൂളുകളിലും പ്രവേശനം നേടി. ആകെ 4492 പേരാണ് ഇങ്ങനെ പ്രവേശനം നേടിയത്. അവശേഷിക്കുന്നത് 7054 പേരാണ്. ഇവർ ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടിയില്ല.
ശേഷിക്കുന്ന 71,060 അപേക്ഷകരിൽ 53,762 പേർ ഇതുവരെ പ്ലസ് വണ്ണിന് ചേർന്നു. 51451 പേർ ഹയർ സെക്കൻഡറിയിലും 2311 പേർ വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും. ശേഷിക്കുന്നത് 17,298 പേരാണ്. 9820 സീറ്റ് ബാക്കിയുണ്ട്. കുറവ് 7478 സീറ്റുകൾ. എന്നാൽ, അൺ എയ്ഡഡിൽ 10,185 സീറ്റ് ഒഴിവുണ്ട്’’.

ഇഷ്ടവിഷയം കിട്ടാത്തതിനാല്‍ പ്രവേശനം നേടാത്ത 10,897 പേരെ ഒഴിവാക്കിയാണ് മന്ത്രിയുടെ കണക്ക്. ​പ്രവേശനത്തിന് വൻ തുക ഈടാക്കുന്ന അൺ എയ്ഡഡ് മേഖലയെ കൂടി കൂട്ടിയാണ് മന്ത്രി വി. ശിവൻകുട്ടി പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം നീർദേശിക്കുന്നത്. അതിനിടെ, മന്ത്രിയുടെ അവകാശവാദത്തെ തള്ളി എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എല്ലും രംഗത്തെത്തിയിട്ടുണ്ട്.

മലപ്പുറം കലക്ടറേറ്റിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ചില്‍ നിന്ന്
മലപ്പുറം കലക്ടറേറ്റിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ചില്‍ നിന്ന്

മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കണക്കുകളെ എസ്.എഫ്.ഐ തള്ളിക്കളയുകയാണ്. മലബാറിൽ ഗുരുതര പ്രതിസന്ധിയുണ്ടെന്നും അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്നും അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ആവശ്യപ്പെട്ടിരുന്നു. മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. എസ്.എഫ്.ഐ വിദ്യാർത്ഥികൾക്ക് ഒപ്പമാണെന്നും വി.പി. സാനു പറഞ്ഞു. വലിയ ഒരു വിഭാഗം വിദ്യാർഥികൾ ഇപ്പോഴും പുറത്ത് നിൽക്കുന്നു എന്നത് യാഥാർഥ്യമാണ്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത്തവണയും കൂടുതൽ ബാച്ചുകൾ അനുവദിക്കേണ്ടി വരും- സാനു പറയുന്നു.

മലബാറിൽ 83,133 കുട്ടികൾക്ക് ഇതുവരെ പ്ലസ് വൺ പ്രവേശനം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പുറത്തിറക്കിയ കണക്കുകൾ മ​ന്ത്രിയുടെ അവകാശവാദം പൊളിക്കുന്നതാണ്. മലപ്പുറത്ത് മാത്രം 31,482 കുട്ടികൾക്ക് പ്രവേശനം ലഭിച്ചില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്. പാലക്കാട് 17,399, കോഴിക്കോട് 16101 പേർക്കു വീതം അഡ്മിഷൻ ലഭിച്ചില്ല.

Comments