മുൻ പ്രസിഡന്റിനെയല്ല, ആ ദളിത് മുസ്‌ലിം അധ്യാപകരെയാണ് ഇന്ന് ഓർക്കേണ്ടത്

മുൻ പ്രസിഡണ്ടിന്റെ ജന്മദിനമല്ല രാജ്യത്തെ ദളിത്- ന്യൂനപക്ഷങ്ങളുടെ അധ്യാപകദിനം. ഇന്ത്യയുടെ മുൻ രാഷ്ട്രപതി സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 ആണ് രാജ്യം അധ്യാപകദിനമായി ആചരിക്കുന്നത്. എന്നാൽ രാജ്യത്തെ വിവിധ ദളിത് - ന്യൂനപക്ഷ മുന്നേറ്റങ്ങൾ അവരുടെ രാഷ്ട്രീയ ഉണർവിന്റെ ഭാഗമായി ഈ ദിനാചരണത്തെ തിരസ്​​കരിക്കുകയും അധ്യാപക സ്മരണകളിലേക്ക് മറ്റ് രണ്ട് പേരുകളെ കൊണ്ടുവരികയുമാണ്. സാവിത്രി ബായ് ഫൂലേ, ഫാത്തിമ ഷെയ്ക്ക് എന്നീ പേരുകളാണത്. ജാതീയതയ്ക്കും വിവേചനങ്ങൾക്കുമെതിരായി പതിറ്റാണ്ടുകൾക്ക് മുമ്പ് രണ്ട് സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളുടെയും, ദളിത്- മുസ്​ലിം ഐക്യ സമരങ്ങളുടെയും ചരിത്രം ഈ പേരുകളിലും അവരുടെ ജീവിതത്തിലുമുണ്ട്.

സാമൂഹികമായി അങ്ങേയറ്റം പിന്നോക്കാവസ്ഥയിലായിരുന്ന മഹാരാഷ്ട്രയിലെ ദളിത് വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 1850 ൽ സാവിത്രിബായിയുടെ മുൻകൈയിൽ പൂനെയിൽ ഒരു സ്‌കൂൾ ആരംഭിക്കുന്നത്. ഇക്കാരണത്താൽ മേൽജാതിക്കാരായ ഗ്രാമീണരിൽ നിന്ന്​ കൊടിയ പീഡനങ്ങൾ അവർ നേരിടേണ്ടി വന്നു. ‘തങ്ങളുടെ അടിമവേലകൾ ചെയ്യേണ്ട ദളിതർ' സ്‌കൂളിൽ പോകുന്നതും പഠിക്കുന്നതുമൊന്നും മേൽജാതിക്കാർക്ക് സഹിക്കാനായില്ല. ഒന്നുകിൽ പ്രവർത്തനങ്ങൾ നിർത്തുക, അല്ലെങ്കിൽ സ്ഥലം വിട്ടുപോവുക എന്ന താക്കീതാണ് പ്രദേശത്തെ മേൽജാതിക്കാർ സാവിത്രി ബായിക്ക് നൽകിയത്. സ്വന്തം ജാതിയിൽപെട്ട ആളുകൾ പോലും മേൽജാതിക്കാരുടെ ഭീഷണി ഭയന്ന് സാവിത്രി ബായിയെ അകറ്റി നിർത്തി. അക്രമങ്ങൾ തുടർന്നു. വൈകാതെ അവർക്ക് വീടും നാടും വിടേണ്ടി വന്നു.

തന്റെ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള ശ്രമവുമായി സാവിത്രി ബായി ഏറെ അലഞ്ഞു. ഒടുവിൽ പൂനെയിലെ ‘ഗഞ്ച് പേത്ത്' എന്ന സ്ഥലത്തുവെച്ച് അവർ ഫാത്തിമ ഷെയ്ഖ് എന്ന മുസ്​ലിം സ്ത്രീയെ കണ്ടുമുട്ടി. ഫാത്തിമ ഷെയ്ഖും സഹോദരൻ ഉസ്മാൻ ഷെയ്ഖും അവരുടെ സ്ഥലത്ത് സ്‌കൂൾ നടത്തുന്നതിനുള്ള സൗകര്യമൊരുക്കി എന്നു മാത്രമല്ല, ഫാത്തിമ ഷെയ്ഖ് സാവിത്രിബായിയോടൊപ്പം കുട്ടികളെ പഠിപ്പിക്കാൻ തയ്യാറാവുകയും ചെയ്തു.

അങ്ങനെ, ഇന്ത്യയിലെ ആദ്യ മുസ്​ലിം അദ്ധ്യാപികയായി ഫാത്തിമ ഷെയ്ഖ് മാറി. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. പക്ഷേ അവിടെയും സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നില്ല. ഉന്നത വിഭാഗങ്ങളിൽ നിന്നും നിരന്തരമായ ആക്രമണങ്ങൾ അവരേറ്റുവാങ്ങേണ്ടി വന്നു. കല്ലു കൊണ്ടും ചാണകം കൊണ്ടും അവരെ ആളുകൾ എറിഞ്ഞു. സാവിത്രിബായിക്ക് നേരെ വധശ്രമം പോലുമുണ്ടായി. പക്ഷേ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവർ പ്രവർത്തനങ്ങൾ തുടർന്നു. ഇരുവർക്കും ശക്തമായ പിന്തുണയുമായി സാവിത്രിബായുടെ ഭർത്താവ് ജോതിറാവു ഫൂലേയും ഫാത്തിമ ഷെയ്ഖിന്റെ സഹോദരൻ ഉസ്മാൻ ഷെയ്ഖും അവരോടൊപ്പം ഉണ്ടായിരുന്നു.

സവർണഹിന്ദുക്കളാണ് സാവിത്രിബായിയെ ആക്രമിച്ചിരുന്നതെങ്കിൽ, ഒരേ സമയം ഹിന്ദുക്കളിലെയും മുസ്​ലിംകളിലെയും ഉന്നതവിഭാഗങ്ങളിൽ നിന്നുള്ള ആക്രമണം ഫാത്തിമ ഷെയ്ഖ് നേരിടേണ്ടി വന്നു. ആക്രമണം ഭയന്ന് പലരും കുട്ടികളെ സ്‌കൂളിലേക്ക് വിടാൻ തയ്യാറാകാതിരുന്ന സാഹചര്യം ഉണ്ടായി. എന്നാൽ ഇരുവരും നിരന്തരം വീടുകൾ കയറിയിറങ്ങി രക്ഷിതാക്കളെ കണ്ടു സംസാരിച്ചു. കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതകൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പ്രത്യേകിച്ചും മുസ്​ലിം പെൺകുട്ടികളെ സ്‌കൂളുകളിലേക്ക് പറഞ്ഞയക്കുന്നതിനായി അവർക്ക് ഓരോ വീടുകളിലും മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നു.

ബ്രാഹ്മണ്യ ഹിന്ദുത്വത്തിന് ശക്തമായ അടിത്തറയും ആധിപത്യവുമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ, ന്യൂനപക്ഷങ്ങളായ ദളിത്- മുസ്​ലിം വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയർത്തിക്കൊണ്ടുവരുന്നതിൽ ശക്തമായ പങ്കു വഹിച്ച രണ്ടു ധീരവനിതകളാണ് സാവിത്രിയും ഫാത്തിമയും. അംബേദ്കറിന്റെയടക്കം മുൻകൈയിൽ മഹാരാഷ്ട്രയിൽ പിന്നീടുയർന്നുവന്ന ദളിത് മുന്നേറ്റങ്ങൾ സാവിത്രിബായിയെയും അവരുടെ ജീവിതത്തെയും ഉയർത്തിപ്പിടിച്ചെങ്കിലും ഫാത്തിമ ഷെയ്ഖ് പതിയെ ചരിത്രത്തിൽ നിന്ന്​മാഞ്ഞുപോവുകയാണുണ്ടായത്. സാവിത്രിയും ഫാത്തിമയും തമ്മിലുണ്ടായിരുന്ന ഗാഢമായ സൗഹൃദത്തിന്റെ ആഴം, സാവിത്രിബായ് ഭർത്താവ് ജ്യോതിറാവുവിന് എഴുതിയ കത്തുകളിൽ കാണാം.

സംഘപരിവാർ ഭരണ കാലത്തെ ‘Unity of opressed' എന്ന രാഷ്ട്രീയ മുദ്രാവാക്യമുയരുന്നതിനും എത്രയോ കാലങ്ങൾക്ക് മുന്നേ ഫ്യൂഡൽ-കൊളോണിയൽ ഇന്ത്യയിലെ ബ്രാഹ്മണ്യാധികാര മണ്ഡലങ്ങളിൽ നിന്ന്​ മാറ്റി നിർത്തപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും മുസ്​ലിംകളുടെയുമെല്ലാം ഒരുമിച്ചു നിന്നുള്ള ചെറുത്തുനിൽപ്പുകളുടെ നിരവധി ഉദാഹരണങ്ങൾ വേറെയും കാണാം.

പൗരത്വഭേദഗതി നിയമത്തിനെതിരായി ഷഹീൻ ബാഗിലെ ഉമ്മമാർ അനിശ്ചിതകാല രാപ്പകൽ സമരവുമായി രംഗത്ത് വന്നപ്പോൾ, ആ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ അവർ സമരപ്പന്തലിനോട് ചേർന്ന് ഒരു ലൈബ്രറി കൂടി സ്ഥാപിച്ചിരുന്നു. ആ ലൈബ്രറിയ്ക്ക് അന്ന് ഷഹീൻബാഗ് സമരക്കാർ നൽകിയ പേര് ‘ഫാത്തിമ ഷെയ്ക് -സാവിത്രി ബായി ഫൂലെ മെമ്മോറിയൽ ലൈബ്രറി' എന്നായിരുന്നു.

ഫാത്തിമ ഷെയ്ക് -സാവിത്രി ബായി ഫൂലെ മെമ്മോറിയൽ ലൈബ്രറി

മദിരാശിയിലെ തെലുങ്ക് ബ്രാഹ്മണരായ സമ്പന്ന കുടുംബത്തിൽ ജനിച്ച്, സാമൂഹികമായ ഒട്ടേറെ പ്രവിലേജുകളിലൂടെ വളർന്ന് പിന്നീട് രാഷ്ട്രപതി വരെ ആയി മാറിയ സർവേപള്ളി രാധാകൃഷ്ണനിലെ അധ്യാപകനേക്കാൾ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ടത് സാവിത്രി ബായിയിലെയും ഫാത്തിമ ഷെയ്ഖിലെയും അധ്യാപികമാരാണ്.

Comments