വിദ്യാഭ്യാസത്തിന്റെ ഒന്നാം തലമുറ പ്രശ്നങ്ങൾ മറികടന്ന കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നം ഗുണമേന്മയുടേതാണ്. മികച്ച ഭൗതിക സാഹചര്യങ്ങൾ, പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായി താഴെതലം വരെ ഇടപെടാൻ ശേഷിയുള്ള സുസജ്ജമായ ഓഫീസ് സംവിധാനങ്ങൾ, ഉയർന്ന തലത്തിൽ അക്കാദമിക നേതൃത്വം നൽകുന്നതിനും ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസരംഗത്തെ മികവുകൾ വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ SCERT, വിദ്യാഭ്യാസമേഖലയിലെ സവിശേഷമായ ആവശ്യങ്ങൾ നിറവേറ്റും വിധം പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയായ SSK, ജില്ലയ്ക്ക് അകത്ത് അക്കാദമിക നേതൃത്വം നൽകുന്നതിന് DIET, KITE തുടങ്ങി മറ്റ് സഹായക സംവിധാനങ്ങൾ, പൂർണമായും പരിശീലനം സിദ്ധിച്ച അധ്യാപകർ, അധ്യാപകരെയും ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന നിരവധി സംഘടനകൾ, മികച്ച പിന്തുണ നൽകാൻ തയ്യാറായിട്ടുള്ള പൊതുസമൂഹവും തദ്ദേശഭരണ വകുപ്പും - ഇതൊക്കെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസവുമായി കൂട്ടിവെയ്ക്കാവുന്ന സംവിധാനങ്ങളാണ്.
പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ശേഷികൾ നേടുന്നതിൽ പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കുന്നതിനായുള്ള രീതിശാസ്ത്രം അടിയന്തരമായി വികസിപ്പിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണകരമായ മുന്നോട്ടുപോക്കിന് ഇത് അനിവാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ രൂപകൽപ്പന ചെയ്യുന്ന പരിപാടികൾക്ക് അനുപൂരകമാകണം കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ ഉൾപ്പെടെയുള്ള മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ. രാഷ്ട്രീയ സങ്കുചിത്വവും സംസ്ഥാനങ്ങളോടുള്ള വിവേചനബുദ്ധിയും കൊണ്ട് രാജ്യത്തെ ഒരു കുട്ടിയുടെ പോലും വിദ്യാഭ്യാസത്തിന് യാതൊരു നഷ്ടവും സംഭവിക്കാൻ പാടില്ലാത്തതാണ്.

2024 -25 പദ്ധതി കാലയളവിൽ PM SHRI ധാരണാപത്രത്തിൽ ഒപ്പ് വയ്ക്കാതിരുന്നതു കാരണം കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷ പദ്ധതിയുടെ ഭാഗമായി നൽകേണ്ട തുക ഇതുവരെ നൽകിയിട്ടില്ല. ഇതിൽ കേരളത്തിന്, 328.9 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടപ്പെട്ടത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയിട്ടുള്ള സമഗ്ര ശിക്ഷ ഫണ്ട് PM SHRI എന്ന പദ്ധതിയിൽ ചേരാത്തതിനാൽ തടഞ്ഞു വയ്ക്കുന്നത് സഹകരണ ഫെഡറലിസത്തിനുതന്നെ വിരുദ്ധമായ നടപടിയാണ്. കേന്ദ്ര സർക്കാർ നടപടിയിലുള്ള നീതിനിഷേധം ഈയൊരടിത്തറയിൽവേണം ചർച്ച ചെയ്യാൻ.
PM SHRI പദ്ധതി നിഷ്കർഷിക്കുന്ന തരത്തിലുള്ള സ്കൂളുകളും അവയുടെ വ്യാപനവും കേരളത്തിന് എളുപ്പം സ്വീകരിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന് ജനകീയ കൂട്ടായ്മകളിലൂടെ ഉണ്ടായിവന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ പേരുകളിൽ സ്കൂളിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട ചരിത്രം പ്രതിഫലിക്കുന്നുണ്ടാകാം. ഇവയുടെ പുനർനാമകരണം കേവലമൊരു പേരുമാറ്റം എന്നതിനപ്പുറം ചരിത്രത്തോടുള്ള നീതിനിഷേധമാകും എന്നതാണ് വസ്തുത.
കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച സമഗ്ര ശിക്ഷയുടെ പ്രവർത്തനമാനദണ്ഡങ്ങളിൽ പ്രോജക്ട് അപ്രൂവൽ ബോർഡ് (PAB) അംഗീകരിച്ച തുക തടഞ്ഞു വയ്ക്കുന്നതിനോ, വെട്ടിക്കുറയ്ക്കുന്നതിനോ മറ്റൊരു പദ്ധതി നടപ്പാക്കുന്നതുമായി യാതൊരു ബന്ധവുമില്ല.
സമഗ്ര ശിക്ഷ എന്നത് കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. ‘വിദ്യാഭ്യാസ അവകാശനിയമം- 2009’ പ്രകാരം ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വിഭവങ്ങൾ ഒരുക്കുക എന്നത് സമഗ്ര ശിക്ഷയുടെ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമാണ്. കൂടാതെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, പരിപാലനം എന്നതും സമഗ്ര ശിക്ഷയുടെപ്രധാനപ്പെട്ട മറ്റൊരു ഇടപെടൽ മേഖലയാണ്. മുഴുവൻ പൊതുവിദ്യാലയങ്ങളെയും സമഗ്ര ശിക്ഷയുടെ പ്രവർത്തനങ്ങൾ ലക്ഷ്യം വയ്ക്കുന്നു. നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് രൂപകൽപ്പന ചെയ്ത മറ്റൊരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് PM SHRI. അഞ്ച് വർഷകാലയളവിൽ നിശ്ചിത സ്കൂളുകളെ NEP 2020 പ്രതിഫലിപ്പിക്കുന്ന മാതൃകാ സ്കൂളുകളാക്കി മാറ്റുകയും അവയുടെ സഹായത്തോടെ മറ്റു പ്രാദേശിക സ്കൂളുകളും ഇത്തരത്തിലേക്ക് മാറ്റിക്കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഇവയുടെ ലക്ഷ്യം. 2023 -24 പദ്ധതി കാലയളവിൽ ആരംഭിച്ച PM SHRI പദ്ധതി നടപ്പിലാക്കാൻ തയാറാകാത്തതിന്റെ പേരിൽ ഡൽഹി, പഞ്ചാബ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് നൽകേണ്ട സമഗ്ര ശിക്ഷ ഫണ്ടിൽ രണ്ട് ഇൻസ്റ്റാൾമെന്റുകൾ നൽകിയിട്ടില്ല.

കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച സമഗ്ര ശിക്ഷയുടെ പ്രവർത്തനമാനദണ്ഡങ്ങളിൽ പ്രോജക്ട് അപ്രൂവൽ ബോർഡ് (PAB) അംഗീകരിച്ച തുക തടഞ്ഞു വയ്ക്കുന്നതിനോ, വെട്ടിക്കുറയ്ക്കുന്നതിനോ മറ്റൊരു പദ്ധതി നടപ്പാക്കുന്നതുമായി യാതൊരു ബന്ധവുമില്ല. General Financial Rule (GFR-2017) പ്രകാരം നിർദ്ദിഷ്ട പദ്ധതിയിൽ അനുവദിക്കപ്പെട്ട തുക മറ്റു പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തടഞ്ഞുവെക്കാൻ പാടില്ല. ഒരു പ്രത്യേക പദ്ധതിയിൽ പങ്കാളികളായില്ല എന്നതിനാൽ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളെ ആകെ തകിടം മറിക്കുന്ന രീതിയിൽ സമഗ്ര ശിക്ഷയുടെ ഫണ്ട് തടഞ്ഞു വയ്ക്കുന്നത് ഒരുതരത്തിലും നീതീകരിക്കാവുന്നതല്ല. RTE ACT- 2009 പ്രകാരം കുട്ടികൾക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ തടയപ്പെടുന്നത് നിയമനിഷേധം കൂടിയാണ്. സംസ്ഥാനത്തോടുള്ള നീതിനിഷേധത്തിനെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങുകയാണ് അധികാരികൾ ചെയ്യേണ്ടത്.
ഒരു പ്രത്യേക പദ്ധതിയിൽ പങ്കാളികളായില്ല എന്നതിനാൽ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളെ ആകെ തകിടം മറിക്കുന്ന രീതിയിൽ സമഗ്ര ശിക്ഷയുടെ ഫണ്ട് തടഞ്ഞു വയ്ക്കുന്നത് ഒരുതരത്തിലും നീതീകരിക്കാവുന്നതല്ല.
എന്താണ് PM SHRI SCHOOL?
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപകല്പന ചെയ്ത പദ്ധതിയാണ് PM SHRI SCHOOL (PM School for Raising India). ഒരു ബ്ലോക്ക് പരിധിയിൽ ഒരു എലമെന്ററി, ഒരു സെക്കൻഡറി എന്നിങ്ങനെ രാജ്യവ്യാപകമായി 14,500 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. 2022 സെപ്റ്റംബർ ഏഴിന് യൂണിയൻ ക്യാബിനറ്റ് അംഗീകരിച്ച പദ്ധതിയിൽ അഞ്ച് വർഷകാലയളവിലേക്ക് 27,360 കൂടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി 60:40 എന്ന ക്രമത്തിൽ കേന്ദ്രസർക്കാർ 1,828 കോടി രൂപയും സംസ്ഥാനങ്ങൾ 9,232 കൂടി രൂപയുമാണ് വകയിരുത്തേണ്ടത്. PM SHRI SCHOOL പദ്ധതി നടപ്പിലാക്കുന്ന ഒരു വിദ്യാലയത്തിന് കേന്ദ്രസഹായമായി പ്രതിവർഷം 25 ലക്ഷം രൂപയോളം ലഭിക്കാം.
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷയുടെ ഭാഗമായാണ് PM SHRI SCHOOL പദ്ധതി നടപ്പിലാക്കുന്നത്. UDISE + Code നിലവിലുള്ള കേന്ദ്ര/സംസ്ഥാന /തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്കൂളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

സ്കൂളുകളുടെ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് പൂർത്തിയാക്കുന്നത്. ആദ്യഘട്ടം സംസ്ഥാന സർക്കാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി നിശ്ചിത മാതൃകയിൽ തയ്യാറാക്കിയിട്ടുള്ള ധാരണാപത്രത്തിൽ ഒപ്പ് വയ്ക്കുക എന്നതാണ്. ഇതുപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾ NEP 2020 നിഷ്കർഷിച്ചിട്ടുള്ള പരിപാടികൾ നടപ്പിലാക്കേണ്ടതാണ്. ഈ സ്കൂളുകൾ സമീപപ്രദേശങ്ങളിലെ സ്കൂളുകൾക്ക് മാതൃകയായി പ്രവർത്തിക്കണം എന്നത് ധാരണാപത്രത്തിന്റെ ഭാഗമാണ്. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ പേരിനു മുൻപായി PM SHRI എന്നു കൂടിച്ചേർത്ത് പുനർനാമകരണം ചെയ്യേണ്ടതുണ്ട്. കേന്ദ്രസഹായം അവസാനിച്ചാൽ PM SHRI സ്കൂളുകൾ അതേപടി നിലനിർത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയായി കരാർപത്രത്തിൽ ഉറപ്പിക്കുന്നു.
രണ്ടാംഘട്ടമായി UDISE + ഡാറ്റയുടെ അടിസ്ഥാനത്തിൽ യോഗ്യതയുള്ള സ്കൂളുകളുടെ പട്ടിക തയ്യാറാക്കുക എന്നതാണ്. വിവിധ മേഖലകളിൽ മികവുപുലർത്തുന്ന സ്കൂളുകളാണ് ഇതുവഴി തെരഞ്ഞെടുക്കപ്പെടുക. മൂന്നാംഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെട്ട സ്കൂളുകൾ PM SHRI സെലക്ഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും മുൻ നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിനായി മത്സരിക്കുകയും വേണം. മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്ന സ്കൂളുകളിൽ മികച്ചവയെ ഒരു ബ്ലോക്കിൽ രണ്ട് എന്ന ക്രമത്തിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശിക്കാം. നേരിട്ടുള്ള പരിശോധന പൂർത്തിയാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം PM SHRI സ്കൂളിന്റെ അന്തിമപ്പട്ടിക തയ്യാറാക്കുന്നു.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, തുടർന്ന് വിദ്യാകിരണംഎന്നീ പദ്ധതികൾ വഴി സംസ്ഥാന സർക്കാർ വലിയ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനങ്ങൾക്കായി സർക്കാറിന്റെ മുതൽമുടക്ക് സമാനതകളില്ലാത്തതാണ്. UDISE + ന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന PM SHRI സ്കൂളുകൾ കേരളത്തെ സംബന്ധിച്ച് നിലവിൽ ശാക്തീകരിക്കപ്പെട്ട സ്കൂളുകളായിരിക്കും എന്ന കാര്യം ഉറപ്പാണ്. പാഠ്യപദ്ധതി, ഉള്ളടക്കം, വിനിമയം, മൂല്യനിർണയം, വിലയിരുത്തൽ, ഭൗതിക സാഹചര്യങ്ങൾ തുടങ്ങി അക്കാദമികവും, ഭൗതികവുമായ നടത്തിപ്പുമായി ബന്ധപ്പെട്ട് NEP 2020 നിഷ്കർഷിക്കുന്ന കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാവണം PM SHRI SCHOOL ന്റെ നടത്തിപ്പ്.
കേരളത്തിലെ വിദ്യാലയങ്ങളുടെ നിയന്ത്രണം, പരിപാലനം, അധ്യാപകനിയമനം, സേവന - വേതന വ്യവസ്ഥകൾ എന്നിവ പൂർണ്ണമായും NEP 2020 മുന്നോട്ടുവയ്ക്കുന്ന സമീപനങ്ങൾക്ക് അനുസരിച്ചല്ല രൂപപ്പെടുത്തിയിട്ടുള്ളത് എന്നതും PM SHRI SCHOOL ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട പ്രധാന വസ്തുതയാണ്.