Photo : Salam Arrakal

മലയാളം സാഹിത്യഭാഷ പോലെ വിജ്ഞാനഭാഷ കൂടി ആകേണ്ടതല്ലേ?

ഇടതുപക്ഷ സർക്കാർ പൊതുവിദ്യാലയങ്ങളിലെ അവശ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് മീഡിയത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടാൻ പോകുന്നത് വലിയ വിപത്താണെന്ന് വാദിക്കുകയാണ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം.എ മലയാളം വിദ്യാർഥിയായ അനഘ കെ.

നുഷ്യരെ മനുഷ്യരാക്കി തീർത്തത് ഭാഷയാണ്. ഭാഷ നമ്മൾ ചുറ്റുപാടിൽ നിന്ന് സമാർജ്ജിച്ചെക്കുന്നതാണ്. ശൈശവാവസ്ഥ മുതൽ ഓരോ ഘട്ടങ്ങളിലായി ഭാഷാവികാസം സംഭവിക്കുന്നുണ്ടെന്ന് ‘ശിശുഭാഷ’ എന്ന സംജ്ഞയിലൂടെ നോം ചോംസ്കി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാഷയുടെ വികാസത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്കും തുടർന്നുള്ള കാലയളവിലുള്ള പ്രാധാന്യവും വളരെ വലുതാണ്. അറിവ് നേടാനും പകരാനുമുള്ളതാണ് ഭാഷ. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസമാകുമ്പോൾ അതിന്റെ മാറ്റ് ഒന്നുകൂടി കൂടുന്നു.

നിലവിൽ പത്താം തരം വരെ മാത്രമാണ് മാതൃഭാഷാ മാധ്യമ വിദ്യാഭ്യാസം സാധ്യമായിട്ടുള്ളത്. കുട്ടിയുടെ അഭിരുചി തിരിച്ചറിഞ്ഞ്, തന്റെ മേഖലകൾ ഏതാണെന്ന് തിരഞ്ഞെടുപ്പ് നടത്തുന്ന കൗമാരകാലത്തുതന്നെ അവരിൽനിന്ന് മാതൃഭാഷയെ അടർത്തിക്കളയുന്ന വിദ്യാഭ്യാസ വ്യവസ്ഥയാണ് നിലവിലുള്ളത്.

ശാസ്ത്രവും സാങ്കേതികതയും എല്ലാം പഠിക്കേണ്ടത് മാതൃഭാഷയിലൂടെയല്ല, മറിച്ച് ഇംഗ്ലീഷിലൂടെയാകണം എന്ന തെറ്റായ ധാരണ കേരള സമൂഹത്തിൽ വേരൂന്നിയിട്ടുണ്ട്. ഇത് പെട്ടെന്ന് പൊട്ടിമുളച്ച ഒന്നല്ല, 1970- കളുടെ മധ്യത്തോടെയും എൺപതുകളോടെ ഏറിയ പങ്കും കേരളത്തിൽ ഇംഗ്ലീഷ് മീഡിയം വ്യാപകമായി. എന്തിനും ഇംഗ്ലീഷ് പഠിച്ചാലേ കാര്യമുള്ളൂ എന്ന മൂഢവിശ്വാസം. മലയാളം പഠിപ്പിക്കുന്ന ഗവണ്മെന്റ് സ്കൂളിൽ തങ്ങളുടെ മക്കൾ പഠിച്ചാൽ അവരുടെ ഭാവി കൂടി ഇല്ലാതാകും എന്ന് ഭയന്ന്, ഇംഗ്ലീഷ് മീഡിയത്തിൽ മക്കളെ ചേർത്ത് പഠിപ്പിച്ചു, അവിടങ്ങളിൽ നിന്ന് ബുദ്ധി കുത്തിവെക്കാൻ വാക്‌സിനേഷൻ ആവശ്യപ്പെട്ട ഒരു കൂട്ടം അധ്യാപകരുടെ പ്രവണതയും സർവസാധാരണമായി. അതോടെ ഒരു നേരത്തെ അന്നത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന പാവപ്പെട്ട ജനത മാത്രം പഠിക്കുന്നതായി- സംസ്കാര സമ്പന്നർ എന്ന് ഭാവിക്കുന്നവരുടെ വാക്കിൽ പറഞ്ഞാൽ, ലോ ക്ലാസ് പീപ്പിളുകൾ- മലയാളം പഠിപ്പിക്കുന്ന പൊതുവിദ്യാലയങ്ങൾ. ഈ ധാരണ ഇന്നും പലർക്കുമുണ്ട്.

Photo : Shaju Kuttykadan
Photo : Shaju Kuttykadan

എന്തിനാണ് ശാസ്ത്രം മലയാളത്തിൽ പഠിക്കുന്നത്? അതിന് എന്ത് സാധ്യതയാണുള്ളതെന്ന് ഒരു വിഭാഗം ചോദിക്കുന്നു. മറ്റൊരു വിഭാഗമാണെങ്കിൽ മലയാളത്തിലുള്ളത് ബുദ്ധിമുട്ടേറിയ പദങ്ങളായതുകൊണ്ടുതന്നെ അവയേക്കാൾ പഠിക്കാൻ എളുപ്പം ഇംഗ്ലീഷ് ആണെന്ന് വാദിക്കുന്നു. ഇവരുടെ ചോദ്യങ്ങൾക്ക് ബലം നൽകുന്ന പല ഉദാഹരണങ്ങളും രണ്ടുപക്ഷക്കാരും നിരത്തുന്നുമുണ്ട്. ഇതിന് വളം വച്ചുകൊടുക്കുന്ന പ്രവണതകളാണ് മാതൃഭാഷാ നവീകരണത്തിന് ശ്രമിച്ചവർ ചെയ്യുന്നത്.

1968- ൽ സ്ഥാപിക്കപ്പെട്ട കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ശാസ്ത്രപദങ്ങൾക്കുപകരം മലയാളപദങ്ങൾ രൂപീകരിക്കാൻ ശ്രമിച്ചപ്പോൾ അവ സംസ്കൃതീകരണമായി മാറി എന്ന വിമർശനം നേരിട്ടു. എന്നാൽ 1995-ഓടെ ഈ സമീപനം അവർ ഉപേക്ഷിക്കാൻ തയ്യാറായി. പലപ്പോഴും. ഇംഗ്ലീഷി നേക്കാൾ ഉച്ഛരിക്കാൻ പ്രയാസമുള്ള പദങ്ങൾ നിർമ്മിക്കുന്നതിനുപകരം ആ പദങ്ങൾ ഇംഗ്ലീഷ് ആയി തന്നെ നിലനിർത്തി ഒരേ സമയം ആറ്റം എന്നും അണു എന്നും ഉപയോഗിക്കാം എന്ന തീരുമാനത്തിലേക്ക് അവർ എത്തി എന്ന് ‘ദേശാഭാവനയുടെ ഭാഷാ രാഷ്ട്രീയ’ത്തിൽ പി. പവിത്രൻ ചൂണ്ടിക്കാണിക്കുന്നു. Boiling point നു പകരം ക്വഥനാങ്കം എന്ന പദം നിർമിക്കാൻ ശ്രമിക്കുന്നതിനുപകരം നമ്മുടെ ഭാഷാ ഗോത്രത്തിനോടിണങ്ങുന്ന തനതായ പദങ്ങൾ കൊണ്ട് നിർമ്മിക്കാൻ ശ്രമിക്കണം. അപ്പോഴേ ഭാഷ മലയാളി മനസ്സുകളോട് അടുത്ത് നിൽക്കുകയുള്ളൂ. (Boiling point നു പിന്നീട് തിളനില എന്ന പദം കണ്ടെത്തിയിരുന്നു). ദൂരം കണ്ടെത്താനുള്ള സമവാക്യം വച്ച്, ഒരു പന്ത് വച്ച് എന്തിന്റെയും വലുപ്പമളക്കാൻ കഴിയുമെന്ന ആശയം വികസിപ്പിക്കുന്നത് നമ്മുടെ ആശയത്തിൽ മാതൃഭാഷയിലൂടെയാണ്. നമ്മളെ നമ്മളാക്കാൻ കഴിയുന്ന, ആശയങ്ങളെ വികസിപ്പിക്കാൻ കഴിയുന്ന, എം. മുകുന്ദൻ പറഞ്ഞതുപോലെ സ്വപ്നം കാണാൻ കഴിയുന്ന ഭാഷയാണ് മാതൃഭാഷ.

മലപ്പുറം എ.യു.പി സ്കൂളിലെ കുട്ടികൾ തയാറാക്കിയ 1413 കയ്യെഴുത്ത് മാസികകൾ പ്രദർശിച്ചപ്പോൾ / Photo : Fuad Saneen Morayur
മലപ്പുറം എ.യു.പി സ്കൂളിലെ കുട്ടികൾ തയാറാക്കിയ 1413 കയ്യെഴുത്ത് മാസികകൾ പ്രദർശിച്ചപ്പോൾ / Photo : Fuad Saneen Morayur

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും നൂറുവർഷം മുമ്പ് സാമ്പത്തിക ശാസ്ത്രപദങ്ങൾ മലയാളമാക്കാൻ ശ്രമിച്ചിട്ടുണ്ട്. തുടർന്ന് പാഠപുസ്തക കമ്മിറ്റിയിലൂടെയും നിരവധി കമീഷനുകളിലൂടെയും മാതൃഭാഷാ വിദ്യാഭ്യാസത്തിന് ശ്രമം നടന്നു. മലയാളത്തെ എന്തിനാണ് ശാസ്ത്രത്തിൽ നിന്ന് ഒഴിച്ചുനിർത്തുന്നത്? ലോകത്തിൽ തന്നെ ആദ്യത്തെ ഗണിത ശാസ്ത്രചിന്തകളും പുസ്തകവും രൂപപ്പെട്ട് വരുന്നത് ഇന്നത്തെ പൊന്നാനി അടങ്ങുന്ന മേഖലകളിൽ നിന്നാണെന്ന് നമ്മൾ മറക്കരുത്.

ഇത്തരത്തിൽ നിരവധി സമരങ്ങളിലൂടെയും മലയാള ഐക്യവേദി അടക്കമുള്ള ഭാഷാപ്രസ്ഥാനങ്ങളുടെയും ശ്രമഫലമായാണ് ഇന്ന് കാണുന്ന ഒരവസ്ഥ മലയാളത്തിന് സംജാതമായത്. കമ്പ്യൂട്ടറുകളുടെ വ്യാപനം വന്നപ്പോൾ ആദ്യകാലത്ത് അത് പ്രാദേശിക ഭാഷയെ ഇല്ലാതാക്കും എന്ന് കരുതിയിടത്തുനിന്ന്, നമ്മുടെ ഭാഷ അറിഞ്ഞാൽ ലോകത്തെ ഏത് ഭാഷയിലും വിനിമയം സാധ്യമാണെന്ന ലോകബോധത്തിലേക്ക്, സാങ്കേതികതയുടെ വളർച്ചയിലേക്ക് നമ്മൾ ഇന്നെത്തി. ഇന്ന് പി.എസ്.സിയും കെ.എ.എസും അടക്കം എല്ലാം മലയാളത്തിലും എഴുതാം എന്ന സ്വീകാര്യതയുണ്ട്. ഇതിനോടൊപ്പം സർവകലാശാലാ തലത്തിലും മാതൃഭാഷാ വിദ്യാഭ്യാസത്തിനുള്ള ശ്രമം തുടരെ നടക്കുന്നുണ്ട്. മലയാള സർവകലാശാലയുടെ പ്രവർത്തനം ഇതിനോട് ചേർന്ന് വായിക്കാം. ഇത്രയൊക്കെ ശ്രമങ്ങൾ നടത്തുമ്പോഴും ശാസ്ത്ര - സാങ്കേതിക വിഷയങ്ങളുടെ മാധ്യമം മലയാളത്തിലാക്കാൻ അത് പഠിപ്പിക്കുന്ന അധ്യാപർക്ക് താല്പര്യമില്ല എന്ന വിഷമിപ്പിക്കുന്ന അവസ്ഥയുണ്ട്.

Photo : Sajith Fotography
Photo : Sajith Fotography

ഇങ്ങനെ മുഖം തിരിക്കുന്ന അധ്യാപകരിൽ ഏറെയും ഇംഗ്ലീഷ് മീഡിയത്തിന്റെ സന്തതികളാണ്. അവരുടെ മൂഢമായ ഇംഗ്ലീഷ് ഭ്രമം ഇല്ലാതാക്കുന്നത് നമ്മുടെ ഭാഷയുടെ ശേഷിയെയാണ്.

ഇടതുപക്ഷ സർക്കാർ പൊതുവിദ്യാലയങ്ങളിലെ അവശ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് മീഡിയത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടാൻ പോകുന്നത് വലിയ വിപത്താണ്. കാരണം ഇങ്ങനെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ എഴുതുന്ന - കണ്ടെത്തുന്ന കാര്യങ്ങളെല്ലാം ഇംഗ്ലീഷ് ഭാഷയിലായിരിക്കും. പിന്നെ എങ്ങനെ അവിടെ മാതൃഭാഷയുടെ സാധ്യത വർദ്ധിപ്പിക്കാൻ സാധിക്കും.

ഇംഗ്ലീഷിനോട് ഒരിക്കലും വിമുഖതയില്ല. അത് തീർച്ചയായും പഠിക്കേണ്ടതാണ്. പക്ഷെ അതിനു വേണ്ടി നമ്മുടെ ഭാഷയെ പുറംതള്ളരുത്. ചൈനയും ജപ്പാനും അടക്കമുള്ള നിരവധി രാജ്യങ്ങൾ അവരുടെ മാതൃഭാഷയിലൂടെയാണ് ആ രാജ്യങ്ങളെ തന്നെ വികസിപ്പിച്ചെടുത്തത്. ഈ അവസ്ഥയെ കെ. സേതുരാമൻ സൂചിപ്പിച്ചിട്ടുമുണ്ട്. നമ്മുടെ ഭാഷയെ വൈജ്ഞാനികതയിൽ നിന്നടർത്തി, കേവലം സാഹിത്യഭാഷയായി കണ്ട് മാറ്റിനിർത്തുമ്പോൾ അവിടെ സംഭവിക്കുന്നത് ദുർബലമായ സമൂഹത്തിന്റെ സൃഷ്ടിയാണ്. വിജ്ഞാനഭാഷ മലയാളമാകുന്നതിനോടൊപ്പം കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് ഭാഷ ഇറങ്ങിച്ചെല്ലുകയും വേണം. ഈയടുത്ത് സി.ബി. എസ്. ഇ കൈകൊണ്ട, പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകി മാതൃഭാഷാ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള നയം പ്രശംസാർഹമാണ്. മലയാളികൾ പുച്ഛിച്ചു തള്ളിയ മലയാളത്തെ അവർ ഇനി മനസറിഞ്ഞു പഠിക്കട്ടെ. നമ്മൾ മലയാളത്തെ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അവർ ഭാഷയിലേക്ക് വളരാനാണ് ശ്രമിക്കുന്നതെന്ന് ഓർക്കുക.

മലയാളത്തിൽ ഏത് ശാസ്ത്രവും വികസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ബുദ്ധിമുട്ടുള്ള സംസ്കൃത വാക്കുകൾകൊണ്ട് ബദൽ നിർമ്മിക്കാൻ ശ്രമിക്കാതെ, തമിഴിൽ ഏത് പദത്തിനും അവരുടെ ഭാഷയിൽ പദമുള്ളതുപോലെ, നമ്മുടെ ഭാഷയിലും വികസിപ്പിക്കാൻ ശ്രമിക്കണം. വാക്കിന്റെ അർത്ഥം പോകാതെ തന്നെ അതിനു സാമാന്തരമായി ദ്രാവിഡ ഗോത്ര പദങ്ങളെ ഉപയോഗിച്ച് വികസിപ്പിക്കുക. വൈജ്ഞാനിക പദങ്ങൾക്ക് അതേപടി സ്വീകരിക്കേണ്ടിവരുമ്പോൾ അതിന്റെ ആശയതലം അടിക്കുറിപ്പുപോലെ മലയാളത്തിൽ നൽകാം.

ഏത് ഭാഷയിൽനിന്ന് പദങ്ങൾ സ്വീകരിക്കുമ്പോഴും അതിനെ പ്രശ്നമായി കാണാതെ ആദാന പ്രദാനങ്ങൾ വഴി ഭാഷയെ നവീകരിക്കാനും വികസിപ്പിക്കാനും ശ്രമിക്കുക. അല്ലാതെ ഭാഷക്ക് അതിന് ശേഷിയില്ലെന്ന് വാദിക്കുന്നതിൽ യുക്തിയില്ല.

ജെഫ്രി ചോസറിന്റെ Canterbury Tales എന്ന കൃതി ഇംഗ്ലീഷിൽ വരുന്നതുവരെ ആ ഭാഷയിൽ അത്തരമൊരു ശ്രമമുണ്ടായിട്ടിട്ടില്ലല്ലോ. അത്തരത്തിൽ ശ്രമങ്ങളുണ്ടാകുമ്പോഴേ സാധ്യതകൾ ഉള്ളൂ. നമ്മുടെ ഭാഷക്ക് ഈ ലോകത്തെ എന്തിനെയും ഉൾക്കൊള്ളാനുള്ള ശേഷിയും പ്രാപ്തിയുമുണ്ട്. അത് മലയാളികൾ കൂടി മനസിലാക്കുകയും അതിനനുസരിച്ചുള്ള ഒരു വിദ്യാഭ്യാസനയം സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ, ഭാഷ നവീകരിക്കപ്പെടുകയുള്ളൂ. ഭാഷ ഇനിയും ഇനിയും സാധ്യതകളെ അറിഞ്ഞു മുന്നേറട്ടെ.


Summary: Anagha K., an MA Malayalam student at Sree Sankaracharya Sanskrit University, argues against prioritizing English medium in government schools, emphasizing potential risks.


അനഘ കെ.

എം. എ മലയാളം വിദ്യാർത്ഥി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

Comments