ഒറ്റപ്പെട്ടതെന്ന് തോന്നുന്ന ദുരന്തങ്ങളിലൂടെയും ചില വിവാദങ്ങളിലൂടെയുമാണ് കേരളത്തിലെ വിദ്യാഭ്യാസരീതിയുടെ പരിമിതികൾ പലവിധത്തിൽ വെളിപ്പെട്ടുവരാറുള്ളത്. ഒന്നുകിൽ ക്ലാസിലെത്തുന്ന ഒരു പാമ്പ്, അല്ലെങ്കിൽ അധികം ‘വിഷമുള്ള’ ഒരു ടീച്ചർ എന്നിങ്ങനെ ഏതെങ്കിലും കുട്ടികളുടെ ജീവനെടുക്കുന്നതുവരെ നാം ഉറക്കത്തിലായിരിക്കും. ഞെട്ടിയുണർന്നാലെടുക്കുന്ന നടപടികൾ പലപ്പോഴും ഓട്ടയടക്കലോ ഓടിയൊളിക്കലോ ആവാറുമുണ്ട്. പരിഷ്കാരപദ്ധതികൾ എന്ന നിലയിൽ പാഠപുസ്തകം മാറ്റുന്നതോ അത് നേരത്തെ എത്തിക്കുന്നതോ ഒക്കെയായ അടിസ്ഥാനകാര്യങ്ങളാണ് നടക്കാറ്. ഭക്ഷണമെനുവിൻ്റെ കോലാഹലത്തിനു ശേഷം ഇപ്പോഴിതാ സൂംബയാണ് ചർച്ച.
സൂംബാ ഡാൻസ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശത്തിന് വിമർശനങ്ങളും വരുന്ന സന്ദർഭമാണല്ലോ ഇത്. വാസ്തവത്തിൽ എന്താണ് വിമർശനങ്ങളുടെ കാതൽ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഒരു വിഭാഗം വിശ്വാസികളുടെ ഭാഗത്തുനിന്നാണ് ഏറ്റവും ശക്തമായ എതിർപ്പ് ഉയർന്നുവന്നിട്ടുള്ളത്. കുട്ടികൾ ലിംഗഭേദമന്യേ ഇടകലരുന്നതും നൃത്തം ചെയ്യുന്നതും തുടങ്ങി അല്പവസ്ത്രം ധരിച്ചാണ് അത് എന്നുമാണ് വിമർശനങ്ങളുടെ താക്കോൽ.
ഇത് സാമാന്യമായ പ്രതീതിയാണ്. കുട്ടികളുടെ സന്തോഷം അഥവാ ആനന്ദമാണ് മൗലികവാദികളെ ഹാലിളക്കുന്നത്. കുട്ടികൾ അവരുടെ വിദ്യാഭ്യാസഘട്ടത്തിൽ പഠനത്തിൽ മാത്രമാണ് ശ്രദ്ധിക്കേണ്ടത് എന്നും ഇത്തരം പരിഷ്കാരങ്ങൾ അതിന് തടസ്സമാണെന്നും അവർ വാദിക്കുന്നു. കൗതുകകരമായ ഒരു കാര്യം, ഈ വാദം ഏതെങ്കിലും മൗലികവാദികളുടേത് മാത്രമല്ല എന്നതാണ്. ഇതൊരു പൊതുബോധമാണ്. നയരൂപീകരണങ്ങൾ നടത്തേണ്ടുന്ന സർക്കാറുകൾക്കും അവ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർക്കും ആകെ രക്ഷിതാക്കൾക്കും പൊതുവിൽ ഈ ധാരണയാണ് ഉള്ളത്.

കുട്ടികൾ എന്നത് സ്വയം നിർണ്ണയാവകാശമില്ലാത്ത, കർതൃത്വമില്ലാത്ത ഒരു വർഗ്ഗമായും അവർക്കുമേൽ സർവാധികാരമുള്ളത് മുതിർന്നവർക്കാണ് എന്ന ബോധവും ഇവിടെയുണ്ട്. കുട്ടികളെ പഠിപ്പിക്കുക എന്നത് അവരോടുള്ള സ്നേഹപ്രകടനമായാണ്, കടമ നിറവേറ്റലായാണ് മിക്കവാറും രക്ഷിതാക്കൾ കരുതുന്നത്. കുട്ടികൾക്കുവേണ്ടി വലിയ സ്കൂളുകൾ തെരഞ്ഞെടുക്കുക, അതിനുവരുന്ന സാമ്പത്തികമായ ചെലവുകൾ കണ്ടെത്തുക, ബാഗ്, വസ്ത്രം, വാഹനം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുക എന്നിങ്ങനെയാണ് സാമാന്യമായി രക്ഷാകർതൃസ്നേഹം പ്രകടിപ്പിക്കപ്പെടുന്നത്. ഇത്രയുമായാൽ കുട്ടിയ്ക്ക് വേണ്ടതെല്ലാം ആയി എന്നും ഇനി പഠിക്കുക എന്നതാണ് അവൻ്റെ /അവളുടെ / അവരുടെ ഒരേയൊരു ധർമ്മമെന്നും സമൂഹം ഉറപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇതുമാത്രമാണോ കുട്ടികൾക്ക് വേണ്ടത്? ഇതിലൂടെ അവരുടെ ആവശ്യങ്ങൾ തീരുന്നുണ്ടോ? അവരുടെ ആഗ്രഹങ്ങളോ തെരഞ്ഞെടുപ്പോ ഇവിടെ പരിഗണിക്കപ്പെടുന്നുണ്ടോ? ഇങ്ങനെ യാന്ത്രികമായി പ്രവർത്തിക്കാൻ സജ്ജമാകേണ്ട വർഗ്ഗമാണോ കുട്ടികളുടേത്?
കുട്ടികൾക്ക് എന്താണ് വേണ്ടത് എന്ന് വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ ഒരിടത്തും ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത. നമ്മുടെ പാഠ്യപ്രവർത്തനങ്ങളെല്ലാം പാഠപുസ്തകത്തേയും ക്ലാസുകളെയും കേന്ദ്രീകരിച്ച് നിജപ്പെട്ടിരിക്കുന്നു.
നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന് വളരെക്കാലമായി വന്നുചേർന്നിട്ടുള്ള ഏറ്റവും അപകടകരമായ രീതിശാസ്ത്രമെന്നത് ക്ലാസ്മുറികളിലാണ് പഠനം എന്ന അസംബന്ധമാണ്. ക്ലാസ്മുറിയിൽ എന്തോ അത്ഭുതം നടക്കുന്നു എന്നാണ് സാധാരണയായുള്ള ഒരു സങ്കല്പം. വിദ്യാഭ്യാസം എന്ന വലിയ പ്രക്രിയയിൽ ഒരു ഘടകം മാത്രമാണ് അധ്യാപകസമക്ഷമുള്ള അധ്യയനം. അതിന് ഗുണകരമായ വശങ്ങൾ ഉള്ളതുപോലെതന്നെ പരിമിതികളും ഏറെയാണ്. ഏതാണ്ട് ഒരു യൂണിറ്റായി വിദ്യാർഥികളെ സാമാന്യവത്കരിച്ചും പരിഗണിച്ചുമാണ് അവിടെ അധ്യയനം നടക്കുക. അതാകട്ടെ പാഠപുസ്തകത്തെ കേന്ദ്രമാക്കിയുമാണ്.
ശ്വാസം വിടാൻ അനുവദിക്കാതെയുള്ള തുടർച്ചയായ ക്ലാസുകൾ കുട്ടികളിൽ എപ്രകാരമാണ് പഠനത്തെ അനുഭവിപ്പിക്കുന്നത് എന്ന് പരിശോധിക്കപ്പെട്ടിട്ടില്ല. സർക്കാറുകൾ കൂടുതൽ ക്ലാസുകൾ ഉറപ്പാക്കാനാണ് അധ്യയനവർഷം തുടങ്ങുമ്പോൾമുതൽ ശ്രദ്ധിക്കുന്നത്. കൂടുതൽ പ്രവർത്തിദിവസങ്ങൾ ഉറപ്പാക്കുക എന്നത് പണിയെടുക്കാതെയാണ് അധ്യാപകർ ശമ്പളം വാങ്ങുന്നത് എന്ന ബ്യൂറോക്രാറ്റ് ജെലസിയുടെ (അബദ്ധധാരണയുടെ) മാത്രം തീരുമാനമല്ല എന്നർഥം. അങ്ങനെയാണ് ശനിയാഴ്ചകൾകൂടി ക്ലാസ് എടുക്കണമെന്ന് മുമ്പ് സർക്കാർ തീരുമാനിച്ചത്. (ഭാഗ്യത്തിന് കോടതി ഇടപെട്ട് അത് തിരുത്തി.) ക്ലാസ്മുറികളിൽ എന്തോ മഹത്തായത് സംഭവിക്കുന്നു എന്ന് അപൂർവം അധ്യാപകരും ഭൂരിപക്ഷംവരുന്ന ഇതര മനുഷ്യരും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് സൂചിപ്പിച്ചല്ലോ. കരിക്കുലത്തിനും പാഠപുസ്തകത്തിനും ഉള്ളിൽനിൽക്കുന്ന, ആ അർഥത്തിൽതന്നെ വളരെ പരിമിതവും ചിലപ്പോഴൊക്കെ പരിതാപകരവുമായ ഒരു പ്രവർത്തി മാത്രമാണ് ക്ലാസ്മുറികളിൽ നടക്കുന്നത്. അതാകട്ടെ ഏറെക്കുറെ വൻ പരാജയവുമാണ്. ഇതരസാധ്യതകളിൽനിന്നും സമൂഹത്തിൽനിന്നും വീട്ടിൽനിന്നും സുഹൃത്തുക്കളിൽനിന്നുമൊക്കെയാണ് അല്പമെങ്കിലും മെച്ചമുള്ള വിദ്യാഭ്യാസം അവർക്ക് ലഭിക്കുന്നത്. ക്ലാസ്മുറികൾക്ക് കല്പിച്ചുവരുന്ന അമിതപ്രാധാന്യം കുട്ടികളെ കളിക്കാൻ അനുവദിക്കാത്ത, ചിരിക്കാൻ അനുവദിക്കാത്ത, വെറുതെ ഇരിക്കാൻ അനുവദിക്കാത്ത, കൂട്ടുകൂടാൻ അനുവദിക്കാത്തവിധം വ്യത്യസ്ത ഫാഷിസ്റ്റ് രീതികളിലേക്ക് സിസ്റ്റത്തെ മാറ്റിത്തീർത്തിരിക്കുന്നു. അടുത്തിടെ നടന്ന ദുരന്തം -ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് സ്കൂളിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തത്- ഇതിൻ്റെ കൃത്യമായ സൂചകമാണ്. തങ്ങളുടെ ക്ലാസുകൾ എന്തോ വലിയ സംഭവമാണ് എന്നും തങ്ങളുടെ സ്ഥാപനം ചെയ്തുവരുന്നതൊക്കെ വിദ്യാഭ്യാസപ്രവർത്തനമാണ് എന്നുമൊക്കെ ധരിച്ചുവശായ അധ്യാപകരും പ്രിൻസിപ്പാളുമൊക്കെയാണ് ആ കുട്ടിയെ കൊന്നത്.

സ്കൂളിലേക്ക് ചേർക്കുന്നതോടെ കടമ കഴിഞ്ഞു എന്നു കരുതുന്ന രക്ഷിതാക്കൾക്കും പരോക്ഷമായെങ്കിലും പിഴവ് പറ്റിയിട്ടുണ്ട്. ആ സ്കൂളിൽ (അത്തരം സ്കൂളുകൾ വേറെയും ഉണ്ട്. ഇപ്പോഴും യാതൊരു മാറ്റവുമില്ലാതെ പ്രവർത്തിക്കുമുണ്ട്) ചില അധ്യാപകരും നേതൃത്വവുംചേർന്ന് എത്രയോ കാലമായി നടത്തിവരുന്ന, വിദ്യാഭാസവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവർത്തനങ്ങളാണ് ഇപ്പോഴൊരു ജീവനെടുത്ത് വെളിപ്പെട്ടിരിക്കുന്നത്. പണിഷ്മെൻ്റും ഇൻസൾട്ടുമാണ് കുട്ടികളുടെ നല്ല ഭാവിയിലേക്ക് വേണ്ടതെന്ന അശാസ്ത്രീയമായ രീതിശാസ്ത്രം ഇത്തരം സ്കൂളുകളിലൊക്കെയും പിന്തുടർന്നുപോരുന്നുണ്ട്. പത്താംക്ലാസിലെങ്കിലും മാർക്കനുസരിച്ച് കുട്ടികളെ ഡിവിഷനുകൾ മാറ്റിയിരുത്തുന്നത് വേറെയും ധാരാളം സ്കൂളുകൾ ചെയ്തുവരുന്നതാണ്. അതിലെ ജനായത്തവിരുദ്ധത, കുട്ടികൾക്കുണ്ടാകുന്ന മാനസികപ്രശ്നങ്ങൾ, അപമാനം തുടങ്ങിയവയൊന്നും പഠിപ്പുള്ളവർ എന്ന് കരുതുന്ന അധ്യാപകർക്ക് മനസ്സിലാകുന്നില്ല എന്നത് അത്ഭുതകരമാണ്. അഥവാ അവരത് ബോധപൂർവം കണ്ടില്ലെന്ന് നടിക്കുന്നു. ശ്രീകൃഷ്ണപുരത്തുണ്ടായ ദുരന്തം ഒറ്റപ്പെട്ടതാണ് എന്ന് കരുതരുത് എന്നാണ് പറയാൻ ശ്രമിച്ചത്. തുടർച്ചയുണ്ടാകാതെ നോക്കാൻ കടുത്ത നടപടികളും ശ്രദ്ധയും വേണം.
കുട്ടികൾക്ക് എന്താണ് വേണ്ടത് എന്ന് വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ ഒരിടത്തും ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത. നമ്മുടെ പാഠ്യപ്രവർത്തനങ്ങളെല്ലാം പാഠപുസ്തകത്തേയും ക്ലാസുകളെയും കേന്ദ്രീകരിച്ച് നിജപ്പെട്ടിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള, ആനന്ദിക്കാനുള്ള, കൂട്ടുകൂടാനുള്ള സമയമോ സന്ദർഭമോ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കിയാണ് ഈ സിസ്റ്റം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
ശനി /ഞായർ ദിവസങ്ങളിൽ ഡാൻസും പാട്ടും കരാട്ടെയും കളിയുമൊക്കെയായി കുട്ടികളെ അവരുടെ ഇഷ്ടത്തിനുവിടുന്നയിടങ്ങളിൽ കാര്യങ്ങൾക്ക് അല്പമൊക്കെ വ്യത്യാസമുണ്ടാകാം. (ഇതും നിർബന്ധിതമായാൽ, രക്ഷിതാവിൻ്റെ പ്രസ്റ്റീജ് വിഷയമായാൽ കാര്യങ്ങൾ കൂടുതൽ വഷളാവും)
നാമമാത്രമായ കളിയവറുകൾപോലും റെക്കോർഡിക്കൽ ടൈംടേബിളിൽകിടന്ന് കളിക്കുകയേ ഉള്ളൂ. വിദ്യാഭ്യാസത്തിന് ഔദ്യോഗികവും അനൗദ്യോഗികവുമായ തലങ്ങളുണ്ട്. അതിൽ കാര്യക്ഷമമായതും നീണ്ടുനില്ക്കുന്നതും പ്രായോഗികമായതും ഔദ്യോഗികേതരമായ വിദ്യാഭ്യാസമാണ്. കൂട്ടുകൂടിയും കളിച്ചും ചിരിച്ചും കലകളിൽ ഏർപ്പെട്ടും സാമൂഹികജീവിതത്തിൻ്റെയും സർഗ്ഗാത്മകജീവിതത്തിൻ്റെയും തുറവികളോരോന്നും വിദ്യാർഥികൾ തുറന്നെടുക്കുന്നത് ഇപ്രകാരം ക്ലാസ്മുറിയ്ക്ക് വെളിയിലാണ്.
ഇതേ സമയംതന്നെ കേരളത്തിൽ ലഹരി ഉപയോഗം കൂടുന്നു എന്നും സ്കൂൾകുട്ടികളാണ് ഏറ്റവും അപകടകരമായി ആ കെണിയിൽ വീഴുന്നതെന്നും കണ്ണടച്ച് കരയാൻ നമുക്ക് മടിയുമില്ല. എന്താണ് കുട്ടികൾ ലഹരിയിലേക്കു പോകാൻ കാരണം? അതുമാത്രം ചർച്ചപോലും ചെയ്യാറില്ല. അവർക്ക് സന്തോഷിക്കാനുള്ള ഒന്നും ജീവിതത്തിൽ ഇല്ലാതാകുന്നതാണ്, അതിസമ്മർദ്ദങ്ങൾ നല്കുന്നതാണ് അവരുടെ ചുറ്റുപാടുകൾ എന്നും അതിൽ ഏറ്റവും കുറ്റകരമായി പെരുമാറുന്നത് ഈ വിദ്യാഭ്യാസരീതിയാണെന്നും ഇനിയെങ്കിലും മനസ്സിലാക്കണം.
ഒരു സ്കൂൾകുട്ടിയുടെ ഒരു ദിവസമെങ്കിലും ശ്രദ്ധയോടെ വീക്ഷിച്ചാൽ, പിന്തുടർന്നാൽ ഇത് വ്യക്തമാകും. ഒട്ടും ആനന്ദമില്ലാത്ത, അതിനാൽ അവർക്ക് ഒട്ടും കർതൃത്വമില്ലാത്ത ഗതികെട്ട ജീവിതമാണ് ഭൂരിപക്ഷം കുട്ടികളും ജീവിച്ചു തീർക്കുന്നത്. എത്രയുംവേഗം മുതിരാൻ, തനിക്ക് ചുറ്റമുള്ള മുതിർന്നവരൊക്കെ മരിക്കാൻ, സ്കൂൾകെട്ടിടം ടീച്ചർമാരടക്കം തകർന്നുവീഴാൻ, ഒരു ദിവസമെങ്കിലും അവധി കിട്ടാൻ, അതിനായി മഴപെയ്യാൻ, പ്രളയം വരാൻ ഒക്കെ ആഗ്രഹിക്കുന്നവരായി, ചിലപ്പോഴൊക്കെ കുറ്റകൃത്യങ്ങളിലേക്കുവരെ നീങ്ങുന്നവരായി അവരെ മാറ്റിത്തീർക്കുന്നത് ഈ സമ്പ്രദായംകൂടിയാണ്. ജില്ലാ കളക്ടർമാരുടെ പേജിനുതാഴെ അവധിക്ക് കെഞ്ചുന്നവരെ നാം കാണുന്നുണ്ട്. പലവിധത്തിൽ ഒരു ദിവസം ലീവാക്കട്ടേയെന്ന് നുണകൾ പറഞ്ഞുപോലും കൊഞ്ചുന്നവരെ വീടുകളിലും. പല പ്രകാരത്തിൽ നമ്മുടെ സ്കൂളുകൾ കോൺസൻട്രേഷൻ ക്യാമ്പുകളുടെ മാതൃകയായി കുട്ടികൾക്ക് തോന്നുന്നുണ്ട് എന്നതിൽ വാസ്തവമുണ്ട്. വീടും നാടും ചുറ്റുപാടുമൊക്കെ ഇതിൻ്റെ പ്രതിരൂപങ്ങളായാൽ പറയുകയും വേണ്ട. ഭേദപ്പെട്ട രീതിയിലുള്ള സ്കൂളുകൾ ഈ നാട്ടിലുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

ഭേദപ്പെട്ട വീടുകളും രക്ഷിതാക്കളുമെല്ലാം ധാരാളമുണ്ട്. പക്ഷെ കൂടിയ അളവിൽ അപകടകരമായവിധമാണ് കുട്ടികൾ ഈ പഠനഘട്ടം മറി കടക്കുന്നത് എന്ന് കാണാതെ പറ്റില്ല. ശനി /ഞായർ ദിവസങ്ങളിൽ ഡാൻസും പാട്ടും കരാട്ടെയും കളിയുമൊക്കെയായി കുട്ടികളെ അവരുടെ ഇഷ്ടത്തിനുവിടുന്നയിടങ്ങളിൽ കാര്യങ്ങൾക്ക് അല്പമൊക്കെ വ്യത്യാസമുണ്ടാകാം. (ഇതും നിർബന്ധിതമായാൽ, രക്ഷിതാവിൻ്റെ പ്രസ്റ്റീജ് വിഷയമായാൽ കാര്യങ്ങൾ കൂടുതൽ വഷളാവും) അഞ്ചുദിവസത്തെ കഷ്ടതകൾ ആ രണ്ട് ദിവസത്തിൽ മായ്ച്ചുകളയുകയാണ് അവിടെ. പറഞ്ഞുവരുന്നത് വിനോദവേളകളില്ലാത്ത, വിനോദത്തിന് സന്ദർഭങ്ങളോ സാധ്യതകളോ ഇല്ലാത്ത, പഠനാഭാസരീതികൾകൂടിയാണ് ലഹരിയുടെ വ്യാപനഹേതുക്കളിൽ പ്രധാനം എന്നതാണ്. അതുകൂടി മനസ്സിലാക്കി വേണം ലഹരി ജീവിതത്തോട് എന്നൊക്കെ തള്ളി മറിക്കാൻ. സ്വന്തം ജീവിതം മാറ്റാരൊക്കെയോ കയ്യിലിട്ട് കളിക്കുന്നത് കണ്ടുനിൽക്കുന്ന കുട്ടികൾക്ക് മുമ്പിൽ ഈ മുദ്രാവാക്യംകൊണ്ട് പ്രയോജനമുണ്ടാവില്ല.
സൂംബയിലേക്ക് തിരിച്ചുവരാം. ഒരു ഹാപ്പി എക്സർസൈസാണ് അത്. ആരോഗ്യസംരക്ഷണം മാത്രമല്ല അതേസമയം സന്തോഷവും തരുന്നത്. ശരീരം താളത്തിനനുസരിച്ച് ചലിപ്പിക്കാൻ കഴിയുന്നതിലൂടെ താളബോധം ഉണ്ടാവാനും സൂംബ സഹായിക്കും. സൂംബ മാത്രമല്ല ആവിധമുള്ള കൂട്ടായ്മകളും ആനന്ദവും തരുന്ന ആക്ടിവിറ്റികൾ സ്കൂളുകളിൽ ആവശ്യമാണ്. (അധ്യാപകരെയും പങ്കെടുക്കാൻ അനുവദിക്കണം. അവരുടെ ഫ്രസ്റ്റ്റേഷൻസ് കുറഞ്ഞാൽതന്നെ സ്കൂളുകൾ പകുതിയിലധികം മെച്ചപ്പെടും.) ക്ലാസുകളുടെ പരമാവധി സമയം ദിവസത്തിൽ മൂന്നുമണിക്കൂർ എന്ന് നിജപ്പെടുത്തേണ്ടതുണ്ട്. ബാക്കിയുള്ള സമയം ആനന്ദമുള്ള പഠനം മതി. കളിച്ചും ചിരിച്ചും കൂട്ടുകൂടിയുമൊക്കെ അവർ പഠിക്കുന്നുണ്ട്. ശാസ്ത്രീയമായ ചെറിയ ആക്ടിവിറ്റികളിലൂടെ ഈ സമയത്തെ ഒരേസമയം കളിയും പഠനവും എന്ന രീതിയിൽ മാറ്റുകയുമാവാം.

അടിസ്ഥാനപരമായിതന്നെ നമ്മുടെ സ്കൂളുകളുടെ പ്രവർത്തരീതി മാറേണ്ടതുണ്ട് എന്ന് തോന്നുന്നു. മൗലികവാദികളുടെ ആശങ്കകൾ സങ്കുചിതമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാനാവും എന്നൊന്നും തോന്നുന്നില്ലെങ്കിലും ചർച്ചകൾക്ക് അവസരമുണ്ടാകണം. വിദ്യാഭ്യാസമന്ത്രി ആവിധം പ്രതികരിച്ചത് നല്ലതുമാണ്. എങ്കിലും പരിഷ്കരണ നടപടികൾ ഉപേക്ഷിക്കരുത്. ഇതിൽമാത്രം നിർത്തുകയും അരുത്. കുട്ടികൾക്ക് സമാധാനവും സന്തോഷവും ഇല്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നതോ പ്രളയത്തിൽ പോകുന്നതോ ആണ് നല്ലത്. അവധി പ്രഖ്യാപിച്ചാൽ കളക്ടറുടെ പേജിനുതാഴെ ‘സ്കൂൾ വേണം’ എന്ന് പറയാൻ കുട്ടികളെ തോന്നിപ്പിക്കുംവിധം സ്കൂളുകൾ മാറണം. കളിസമയം ക്ലാസെടുക്കുന്ന ടീച്ചറുടെ ഒരു വർഷത്തെ സാലറി ദുരിതാശ്വാസനിധിയിലേക്ക് കണ്ടുകെട്ടണം. ഇങ്ങനെ കുറേയേറെ ചെയ്യാനുണ്ട് സ്കൂളുകളിൽ. സർക്കാറും വിദ്യാഭ്യാസപ്രവർത്തകരും നിർദ്ദേശങ്ങളുമായി രംഗത്തുവരണം.
