എന്റെ ഇഷാന്​ നഷ്​ടമായ സ്​കൂൾ, നിരവധി മക്കൾക്ക്​ നഷ്​ടമായ സ്​കൂളുകൾ

എന്റെ മകനെ, ആ സ്​കൂൾ നെഞ്ചിലടുക്കിപ്പിടിച്ച് കൂടുതൽ മിടുക്കനാക്കി. 2020 മുതൽ ഞാൻ കോടതിയിൽ പൊയ്ക്കോളാനും കുട്ടിയെ തങ്ങൾക്ക് മാനേജ് ചെയ്യാനുള്ളതേയുള്ളെന്നും ടീച്ചേഴ്സ് ഒന്നടങ്കം ആത്മവിശ്വാസം തന്നു. 2020 കൊറോണക്കാലം പക്ഷേ എല്ലാം താറുമാറാക്കി. 2021 ൽ മകൻ രണ്ടാം ക്ലാസിലാണ്. രണ്ടു അധ്യയന വർഷങ്ങളിലെ വീട്ടിലിരുപ്പിൽ അവൻ വീട് മടുത്തു തുടങ്ങി- സ്പീച്ച് കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളുള്ള ഒരു കുട്ടിയുടെ അമ്മ ഹൃദയസ്​പർശിയായ ഒരനുഭവം വിവരിക്കുന്നു

മ്മുടെ കുഞ്ഞുങ്ങളെപ്പറ്റിയാണ് ചിന്തിക്കുന്നത്.
രണ്ടു അധ്യയന വർഷമായി അവർ വീട്ടിലിരിക്കുന്നു.
വീട് കുട്ടിയെ എന്ത് പഠിപ്പിക്കുന്നു എന്നതാണ്? ചില കുട്ടികൾ വീട്ടുകാര്യങ്ങൾ നോക്കാൻ മിടുക്കരായി എന്നൊക്കെ പല മാതാപിതാക്കളും എഴുതിക്കണ്ടു. പക്ഷേ, അതിലപ്പുറം വീടിനകലെയുള്ള ലോകം മാസ്​കിനും മതിലിനുമകത്തു നിന്ന് കാണാൻ വിധിക്കപ്പെട്ട കുട്ടികളുടെ അവസ്ഥയെപ്പറ്റി ചിന്തിക്കുമ്പോൾ ഇരുട്ട് മാത്രമാണ് മുമ്പിൽ. മറ്റൊന്നുമില്ല. ചില്ലറ സ്പീച്ച് കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളുള്ള, എന്നാൽ ബുദ്ധിയ്ക്കോ, ബോധത്തിനോ യാതൊരു തകരാറുമില്ലാത്ത മകന്, ഒരു സ്​കൂളിനു വേണ്ടി ഞാനലഞ്ഞ കഥകൾ ഇവിടെ പലർക്കും അറിയാം. കോട്ടയത്തെ തെറാപ്പി സെന്ററിൽ നിന്നും അവനെ നോർമൽ സ്ക്കൂളിൽ മാത്രമേ വിടാവു എന്ന സർട്ടിഫിക്കറ്റോടുകൂടിയാണ് ഞങ്ങൾ 2019 ൽ നാട്ടിൽ വരുന്നത്.

ഗുരുവായൂരിനടുത്ത്​ മമ്മിയൂർ ഫസ്റ്റ് സ്ക്കൂളിൽ ( കുന്നംകുളം റൂട്ടിൽ എൽ.എഫ്. കോളേജിനടുത്ത് ഉണ്ടായിരുന്ന ) ഡൊണേഷൻ കൊടുത്ത് രണ്ടു മാസം വിട്ടു. പ്രത്യേക പ്രശ്നങ്ങളില്ലാത്ത, ശ്രദ്ധക്കുറവും സ്പീച്ച് പ്രശ്നവുമുള്ള കുട്ടിയെ നന്നാക്കാൻ ഒരു ശ്രമവും അവിടെ കണ്ടില്ല. വളരെ അപമാനങ്ങൾ ഒരമ്മ എന്ന നിലയിൽ ഞാനവിടെ നിന്ന്​ സഹിച്ചു. ആ ഫീസ് കാലാവധി കഴിഞ്ഞപ്പോൾ, കുട്ടിയെ മാറ്റൂ എന്നവർ പറഞ്ഞു. മകന് ചില്ലറ പ്രശ്നങ്ങളേയുള്ളൂ. അത് പരിഹരിക്കാൻ നല്ല ഒരു സ്ക്കൂളിൽ വിടണം. അവൻ മറ്റു കുഞ്ഞുങ്ങളുമായി ഇടപഴകി വളരണം. എത്ര പൈസ മുടക്കാനും ഞങ്ങൾ റെഡിയായിരുന്നു. കുന്നംകുളത്തെ സമീപിച്ച ഒരു സ്​കൂളുകളും സഹകരിച്ചില്ല. ചിന്തിക്കണം. ഈ കുഞ്ഞ് നോർമലാണ്. ഇത്തരം ചെറിയ പ്രശ്നങ്ങളെയുള്ളൂ. സ്പെഷ്യൽ സ്​കൂളിൽ വിടാതെ വേണം, അവനെ ശരിയാക്കിയെടുക്കാൻ. dediction ഉള്ള അധ്യാപകരുടെ സഹകരണമാണ് വേണ്ടത്. പക്ഷേ ആരും തെല്ല് കഷ്ടപ്പെടാൻ പോലും തയ്യാറാല്ല. എല്ലാവർക്കും തത്തമ്മേ പൂച്ച പറയുന്ന പോലെ അവർക്ക് കൊണ്ടു നടക്കാൻ എളുപ്പമുള്ള നോർമലായി പോകുന്ന കുട്ടികളെ മതി. ഇത്തരം കുട്ടികൾക്ക് വേണ്ടി ഇത്തിരി സ്ട്രെയിൻ എടുക്കാൻ ആർക്ക് നേരം? തന്റെ വീട്ടിലെ കുട്ടിക്ക് ഇതൊന്നുമില്ലല്ലോ. ഒരു പനി വന്നാൽ, ഒരു നൂലിഴ മുറിഞ്ഞാൽ, എല്ലാവർക്കുമുണ്ടാകുന്ന പ്രശ്നങ്ങളാണിതൊക്കെ എന്നും മനുഷ്യരാരും ചിന്തിക്കുന്നില്ല.

സ്‌കൂളിലെ മുതിർന്ന ക്ലാസിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിക്കുന്ന ഇഷാൻ (മധ്യത്തിൽ )
സ്‌കൂളിലെ മുതിർന്ന ക്ലാസിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിക്കുന്ന ഇഷാൻ (മധ്യത്തിൽ )

കുന്നംകുളം രാജശ്രീ സർ രാമവർമ്മ എൽ. പി. സ്ക്കൂൾ ടൗണിൽ തന്നെയാണ്. 1906 ൽ ഏതോ മിഷണറി പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം കൂടി കണക്കിലെടുത്ത് തുടങ്ങിയ ഏറ്റവും പൗരാണിക വിദ്യാഭ്യാസ സ്ഥാപനമാണ്. ഈ സ്​കൂൾ വടക്കാഞ്ചേരി വഴി പോകുമ്പോൾ കാണാറുണ്ട്. റോഡിലേക്ക് തുറക്കുന്ന ഗേറ്റ്. മതിലിൽ വരച്ചു വെച്ച സുന്ദരൻ പൂ, കിളി, കുട്ടിച്ചിത്രങ്ങൾ.. അവിടെ നോക്കിക്കൂടേയെന്ന് പലരും ചോദിച്ചു. പക്ഷേ റോഡിലേക്ക് തുറക്കുന്ന ചെറിയ ഗേറ്റുള്ള സ്ക്കൂളിൽ ഈ വികൃതിയെ എങ്ങിനെ വിടും?

പക്ഷേ മകൻ പഠിക്കേണ്ട സ്ക്കൂൾ അതു തന്നെയായിരുന്നു. തങ്ങൾ നന്നായി ശ്രദ്ധിക്കും. എങ്കിലും, റോഡ് പേടിയുണ്ടെങ്കിൽ, കുറച്ചു നാൾ അമ്മ സ്​കൂളിൽ വന്നിരുന്നു നോക്കൂ, എന്ന് എച്ച്.എം. ഗീത ടീച്ചർ പറഞ്ഞു.

രാജശ്രീസർ രാമവർമ്മ മെമ്മോറിയൽ എൽ പി സ്ക്കൂൾ, കുന്നംകുളം
രാജശ്രീസർ രാമവർമ്മ മെമ്മോറിയൽ എൽ പി സ്ക്കൂൾ, കുന്നംകുളം

ജോലിയ്ക്ക് കുറച്ചു നാൾ കഴിഞ്ഞു പോകാം, സ്​കൂളിൽ മകനൊപ്പം ഒരു വർഷം ഇരിക്കാം എന്ന് ഞങ്ങൾ തീരുമാനമെടുത്തു. രാവിലെ മകന്റെ കൂടെ ഞാനും സ്​കൂളിൽ പോയിത്തുടങ്ങി. അവനെ യു. കെ. ജി ക്ലാസിലെ താര ടീച്ചറെ ഏൽപ്പിച്ചാൽ, ഞാൻ സ്​കൂളിലെ ഇടനാഴിയിലിട്ട കസേരകളിൽ വന്നിരിക്കും.

ചുമരിൽ, മദർ തെരേസ ,ടാഗോർ, ആശാൻ തുടങ്ങി പതിനാറിലേറെപ്പേരാണ് എന്നെ നോക്കിയവിടെ കൂട്ടിരിക്കുന്നത്... ടാഗോറിന്റെ കണ്ണുകൾ മാത്രം താങ്ങാൻ കഴിയില്ല.. ആ കണ്ണുകളിൽ നിന്ന്​ കയറിപ്പോരാൻ ഇഷ്ടവുമല്ല.

ഇരിപ്പിടങ്ങൾക്ക് പിന്നിൽ ലൈബ്രറി. അതിനപ്പുറം രണ്ടാം ക്ലാസിൽ നിന്നും സുജീഷ്ണ ടീച്ചറെടുക്കുന്ന പാഠങ്ങൾ.. പുറത്ത് ആകാശം, പുളിമരങ്ങൾ, ടൗണിലൂടെ പോകുന്ന വണ്ടികൾ. അരിപ്പുര, പാചകശാല, പൈപ്പിൻ ചോട്, മൂത്രപ്പുര, ക്ലാസ് മുറികളിലെ ബോർഡ്, ചോക്ക്, മണ്ണ്, പൊടി, പനിക്കൂർക്ക മണം പൂക്കൾപോലുള്ള കുഞ്ഞുങ്ങളുടെ സ്നേഹം. എന്നെക്കാണാൻ അക്കാലത്ത് വന്ന പല കൂട്ടുകാരും ആ സ്​കൂളിൽ വന്ന ഓർമ.

ജീവിതത്തിൽ, മകനുണ്ടായ ശേഷം ഏറ്റവുമധികം വിശ്രാന്തി അനുഭവിച്ച ഒരു സ്ഥലം അതായിരുന്നു. കാരണം, ആ സ്​കൂൾ ഒന്നടങ്കം മകനെ സ്നേഹിച്ചു, ശ്രദ്ധിച്ചു എന്നതാണ്. അവനെ മടിയിലിരുത്തിയാണ് താര ടീച്ചർ എഴുതിപ്പിക്കുക. മൂത്രമൊഴിക്കാൻ പോവുമ്പോൾ കൂട്ടുകാർ ഒപ്പം കൂടും. കൂടെ കളിക്കാനും ചിരിപ്പിക്കാനും പങ്കുവെയ്ക്കാനും ഒരു നൂറ് കൂട്ടുകാർ, അധ്യാപികമാർ. അവന് ഓടിക്കളിക്കാൻ സ്ക്കൂൾ മുറ്റം. തട്ടി വീണാലോ, തല്ലു കൊള്ളിത്തരം കാട്ടിയാലോ മുതിർന്ന ക്ലാസിലെ കുട്ടികളുണ്ട് നോക്കാനും, കാക്കാനും. ഒരിക്കലും എഴുതില്ല എന്നു കരുതി വഴി മാറ്റി നടത്തിയ എഴുത്ത് വീണ്ടും തിരഞ്ഞു വന്ന് കൈ പിടിച്ചത് മകനിലൂടെയാണ്. അതേ പോലെ മധ്യവയസിലൊരു രണ്ടാംസ്ക്കൂൾ കാലവും അവൻ തന്ന മറ്റൊരു ഭാഗ്യമായി ഓർത്തെടുക്കുന്നു.

ഒരു സ്​കൂൾ, മക്കളെ പഠിപ്പിക്കുന്ന ഏറ്റവും മികച്ച ജീവിതപാഠം സഹവർത്തിത്വം, പങ്കുവെയ്ക്കൽ...! ഈ സ്​കൂൾ അതാണ് പകർന്നു കൊടുക്കുന്നത്. നമ്മുടെ മക്കളെ ഭാരിച്ച ഫീസ് കൊടുത്ത് വലിയ സ്​കൂളുകളിൽ, വിടുന്ന മാതാപിതാക്കളെ ഓർത്ത് സങ്കടം തോന്നി. എന്റെ കുഞ്ഞും കമ്മ്യൂണിക്കേഷനിൽ പ്രശ്നങ്ങളില്ലാത്തവനെങ്കിൽ, ഞങ്ങളും അവനെ പേരുകേട്ട പബ്ളിക്ക് സ്​കൂളിൽ മാത്രമേ വിടുകയുള്ളൂ.

അഴികളിലേക്ക് പടർന്നു കയറുന്ന കാട്ടുവള്ളികൾ, പൊടിപിടിച്ച ക്ലാസ് മുറികൾ
അഴികളിലേക്ക് പടർന്നു കയറുന്ന കാട്ടുവള്ളികൾ, പൊടിപിടിച്ച ക്ലാസ് മുറികൾ

പക്ഷേ ഇത് എയ്ഡഡ് സ്ക്കൂളാണ്. സമൂഹത്തിലെ എല്ലാ തട്ടിലും പെട്ടവരുടെ മക്കൾ ഇവിടെ പഠിക്കുന്നുണ്ട്. പുല്ലരിയുന്നവർക്കും കൂലിപ്പണിക്ക് പോകുന്നവർക്കും, ഹോട്ടൽപ്പണിക്ക് പോകുന്നവർക്കും വലിയ ഫീസ് കൊടുത്ത് മക്കൾ എത്ര മിടുക്കരെങ്കിലും അത്തരം സ്​കൂളുകളിൽ വിടാൻ സാധിക്കുമോ? അവർ മക്കളെ ഇത്തരം സ്​കൂളിൽ ഏൽപ്പിക്കുന്നു.

പക്ഷേ അവർ ഭാഗ്യമുള്ളവരെന്നും, ഇത്തരം സ്​കൂളിൽ പഠിക്കുന്ന മക്കൾ അനുഗൃഹീതരെന്നും ദൃക്​സാക്ഷി എന്ന നിലയിൽ എനിക്ക് പറയാൻ പറ്റും. കാരണം 2019 മുഴുവൻ ഞാൻ അവിടെ രാവിലെ മുതൽ വൈകിട്ടു വരെയുണ്ട്.

ഈ കുട്ടികൾ സന്തോഷമുള്ളവരാണ് എന്നതാണ് ആദ്യ കാര്യം. അവർക്ക് സ്​കൂളിൽ നല്ല ഭക്ഷണം കൊടുക്കുന്നു. രണ്ടു ദിവസം പാലും, മുട്ടയും ഉണ്ട്. ഉച്ചഭക്ഷണം അത്ര രുചികരമാണ്. വൃത്തിയായി പാകം ചെയ്ത്, വിളമ്പുന്നതാണ്.

വീട്ടിൽ നിന്നും ടിഫിൻ കൊണ്ടുപോയി മകന് കൊടുത്ത് കഴിച്ചിരുന്ന ഞാൻ പിന്നെ വീട്ടിലെ കറികൾ എടുക്കാതെയായി. സ്​കൂളിൽ പാചകം ചെയ്യുന്ന സാമ്പാറിന്റേയും കൂട്ടുകറിയുടേയും രുചിയാണ്, ഇപ്പോൾ ഏറ്റവും നഷ്ടബോധത്തോടെ ഓർക്കുന്നത്. കുട്ടികൾക്ക് എല്ലാ ആഴ്ചയും ഐ.ടി ക്ലാസുണ്ട്. കലാസാഹിത്യ വേദികളുണ്ട്. ഇംഗ്ലീഷ് ക്ലാസുണ്ട്. കുട്ടികൾക്ക് യൂണിഫോമുണ്ട്. അരിയും അനുസാരികളുമുണ്ട്.ഇത്തരം സ്​കൂളിൽ പഠിക്കുന്നതുമൂലം,ഒരു കുഞ്ഞ് ഒരു വീടിനെ സഹായിക്കുന്നുണ്ട്..

സ്​കൂളിൽ ഏറ്റവും അത്ഭുതപ്പെടുത്തിയ, ആദരവ് തോന്നിയ ഒരു കാഴ്ച, എഴുതാൻ പിന്നാക്കം നിൽക്കുന്ന ചില കുഞ്ഞുങ്ങളെ ഹെഡ്മിസ്ട്രസ് ഓഫീസ് റൂമിൽ കൊണ്ടു വന്നിരുത്തി മിഠായി കൊടുത്ത്, മടിയിലിരുത്തി അമ്മയെപ്പോലെ ക്ഷമയോടെ എഴുതിപ്പഠിപ്പിക്കുന്നതാണ്. എന്റെ കണ്ണു നിറഞ്ഞു പോയ ഒരു ഓർമയാണത്.

മകൻ എന്റെ കൈവിടുവിച്ച് സ്ക്കൂളിൽ ഓടിനടന്നു. അവന്റെ ക്ലാസ് മുറിയിൽ കയറിയിരുന്നു. മുറ്റത്തെ പേരമരത്തിലും പുളിങ്കൊമ്പിലും പിടിച്ചു കയറി.
മകൻ എന്റെ കൈവിടുവിച്ച് സ്ക്കൂളിൽ ഓടിനടന്നു. അവന്റെ ക്ലാസ് മുറിയിൽ കയറിയിരുന്നു. മുറ്റത്തെ പേരമരത്തിലും പുളിങ്കൊമ്പിലും പിടിച്ചു കയറി.

അധ്യാപികമാരുടെ മുടിക്കെട്ടിൽ വെല്യ റോസും, ചെമ്പകവും ഡാലിയയുമൊക്കെ കാണാം. പിഞ്ചു മക്കൾ സ്നേഹപൂർവ്വം കൊണ്ടുവന്ന് കൊടുക്കുമ്പോൾ, അവരെ സന്തോഷിപ്പിക്കാൻ ചൂടാതിരിക്കുന്നതെങ്ങനെ?

എന്റെ മകനെ, ആ സ്​കൂൾ നെഞ്ചിലടുക്കിപ്പിടിച്ച് കൂടുതൽ മിടുക്കനാക്കി. 2020 മുതൽ ഞാൻ കോടതിയിൽ പൊയ്ക്കോളാനും കുട്ടിയെ തങ്ങൾക്ക് മാനേജ് ചെയ്യാനുള്ളതേയുള്ളെന്നും ടീച്ചേഴ്സ് ഒന്നടങ്കം ആത്മവിശ്വാസം തന്നു. 2020 കൊറോണക്കാലം പക്ഷേ എല്ലാം താറുമാറാക്കി. 2021 ൽ മകൻ രണ്ടാം ക്ലാസിലാണ്. രണ്ടു അധ്യയന വർഷങ്ങളിലെ വീട്ടിലിരുപ്പിൽ അവൻ വീട് മടുത്തു തുടങ്ങി. മകന്റെ കാര്യം പിന്നേയും സഹിക്കാം. ഈ അധ്യയന വർഷങ്ങളിൽ ആദ്യമായി സ്​കൂൾ, നഴ്സറി ഒക്കെ തുടങ്ങേണ്ട കുഞ്ഞുങ്ങളോ?

ഓൺലൈൻ ക്ലാസുകൾ അമ്മമാർക്ക് വലിയ പ്രതിസന്ധിയാണ്. ടി.വിയുടെ മുന്നിൽ പലരും ശ്രദ്ധിച്ചിരിക്കില്ല. അമ്മമാരുടെ പഠിപ്പിക്കൽ പ്രസ്ഥാനത്തിന് പരിധികളുണ്ട്. പുറം ലോകമാണ് വിദ്യാഭ്യാസം. അതു വിലക്കപ്പെട്ട നമ്മുടെ കുഞ്ഞുങ്ങൾ തന്നെയാണ് കൊറോണക്കാലത്തെ ഏറ്റവും വലിയ സങ്കടം. തയ്ക്കാതെ വെച്ച യൂണിഫോം, മാറ്റി വെച്ച സ്​കൂൾ ബാഗ്, ബാഡ്ജ്, കുട, ഒക്കെയും അലമാരയിൽ അതേ പോലെയിരിക്കുന്നു. വീട് എന്താണ് കുട്ടിയെ പഠിപ്പിക്കുന്നത് എന്ന സങ്കടം വീണ്ടുമാവർത്തിക്കുന്നു....

കഴിഞ്ഞ മാസങ്ങളിൽ ഒരു ദിനം എച്ച്.എം ടീച്ചർ വിളിച്ചിട്ട് മകന്റെ സ്​കൂളിൽപ്പോയി. കുഞ്ഞുങ്ങളെ കാണാതെ സ്​കൂൾ കാടുപിടിച്ച് കിടക്കുന്നു. അഴികളിലേക്ക് പടർന്നു കയറുന്ന കാട്ടുവള്ളികൾ, പൊടിപിടിച്ച ക്ലാസ് മുറികൾ. ഇടയ്ക്കിടെ വൃത്തിയാക്കിയിട്ടും ഇതാണവസ്ഥ എന്നു ടീച്ചർ പറഞ്ഞു.

മകൻ എന്റെ കൈ വിടുവിച്ച് സ്​കൂളിൽ ഓടിനടന്നു. അവന്റെ ക്ലാസ് മുറിയിൽ കയറിയിരുന്നു. മുറ്റത്തെ പേരമരത്തിലും പുളിങ്കൊമ്പിലും പിടിച്ചു കയറി.. പൊടിയിലും പുല്ലിലും കണ്ണടച്ചു കിടന്ന സ്​കൂൾ, കാറ്റിൽ കണ്ണു തുടച്ച്, കണ്ടിട്ടെത്ര കാലമായി ഇഷാൻ കുട്ടാ എന്ന മട്ടിൽ അവനെ വാത്സല്യത്തോടെ ഏറെ നേരം നോക്കി നോക്കി നിന്നു.... സ്​കൂൾ മറക്കാത്ത അതിന്റെ കുഞ്ഞുങ്ങൾ, സ്​കൂളിലേക്ക് പോവാൻ കഴിയാത്ത അതിന്റെ കുഞ്ഞുങ്ങൾ..
ഈ കെട്ട കാലത്തിന്റെ രോഗാണുക്കൾ. മുതിർന്നവരെക്കാൾ കുഞ്ഞുങ്ങളുടെ ലോകത്തിന്റെ കണ്ണുകളെയാണ് അടച്ചു കെട്ടി ഇരുട്ടിൽ നിർത്തുന്നത്.......


Summary: എന്റെ മകനെ, ആ സ്​കൂൾ നെഞ്ചിലടുക്കിപ്പിടിച്ച് കൂടുതൽ മിടുക്കനാക്കി. 2020 മുതൽ ഞാൻ കോടതിയിൽ പൊയ്ക്കോളാനും കുട്ടിയെ തങ്ങൾക്ക് മാനേജ് ചെയ്യാനുള്ളതേയുള്ളെന്നും ടീച്ചേഴ്സ് ഒന്നടങ്കം ആത്മവിശ്വാസം തന്നു. 2020 കൊറോണക്കാലം പക്ഷേ എല്ലാം താറുമാറാക്കി. 2021 ൽ മകൻ രണ്ടാം ക്ലാസിലാണ്. രണ്ടു അധ്യയന വർഷങ്ങളിലെ വീട്ടിലിരുപ്പിൽ അവൻ വീട് മടുത്തു തുടങ്ങി- സ്പീച്ച് കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളുള്ള ഒരു കുട്ടിയുടെ അമ്മ ഹൃദയസ്​പർശിയായ ഒരനുഭവം വിവരിക്കുന്നു


സ്​മിത ഗിരീഷ്​

കഥാകൃത്ത്​, കവി. അഭിഭാഷക.

Comments