കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അതിശക്തമായ ഒരാശങ്കയെ നേരിടുകയാണ്. ഒരു ഭാഗത്ത് ഭൗതികമായ പരിമിതികൾ മറികടക്കാനുള്ള നടപടികൾ, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ചില നവീകരണ ശ്രമങ്ങൾ,
ലിംഗനീതിയിലൂന്നിയ ചർച്ചകൾ എന്നിവ മുന്നോട്ടു വെച്ച് അക്കാദമിക് മേഖലയിൽ ചില പുതിയ ഉണർവ് സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾത്തന്നെ
ഇവയൊക്കെ ഉയർത്തിപ്പിടിക്കുന്ന ശിശുകേന്ദ്രിതവും വിമർശനാധിഷ്ഠിതവുമായ
വിദ്യാഭ്യാസ പദ്ധതി എന്ന ആശയത്തെത്തന്നെ അന്തസ്സാര ശൂന്യമാക്കിക്കളയാൻ കെല്പുള്ള ചില നീക്കങ്ങൾ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായി.
2022 വർഷം നവംബർ 1 ന് ആരംഭിച്ച 10, +2 ക്ലാസ്സുകളുടെ പൊതുപരീക്ഷകൾ അമ്പതിൽ താഴെ പ്രവൃത്തി ദിവസങ്ങൾക്കുശേഷം മാർച്ച് 31 നുതന്നെ നടക്കുമെന്ന വിജ്ഞാപനത്തിലാണ് ഇതിന്റെ തുടക്കം. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ടു വർഷമായി ഫോക്കസ് ഏരിയ എന്ന പേരിൽ കുട്ടികൾക്കു നൽകിയിരുന്ന പ്രധാന പാഠഭാഗങ്ങൾ ഈ വർഷവും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് മുന്നോടിയായി എസ്.സി.ഇ.ആർ.ടി ഈ വർഷത്തെ പൊതുപരീക്ഷയുടെ ചോദ്യപേപ്പർ ഘടന പുറത്തുവിടുന്നത്. ഇത്തവണ നടന്ന പൊതുപരീക്ഷകൾക്കുള്ള ചോദ്യശില്പശാലയിൽ മുൻതീരുമാനങ്ങൾക്ക് വിരുദ്ധമായും വിദ്യാഭ്യാസത്തിലെ നവീന രീതിശാസ്ത്രമോ പരികല്പനകളോ പാലിക്കാതെയും പെട്ടെന്ന് തയ്യാറാക്കപ്പെട്ട ഈ ചോദ്യമാതൃക വലിയ പ്രതിഷേധമാണ് ഉയർത്തിവിട്ടത്.
ഇതിന് കൃത്യമായ കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ഏറ്റവും പ്രതികൂലമായ ഒരു പാൻഡമിക് സാഹചര്യത്തിലും മനഃസാന്നിധ്യത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന കുട്ടികളെ സംബന്ധിച്ച് ഇത് പരീക്ഷയ്ക്ക്
കുറച്ചു ദിവസം മാത്രമുള്ളപ്പോൾ വന്ന അപ്രതീക്ഷിത തീരുമാനമാണ് എന്നതാണ്. ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള നിശ്ചിത ചോദ്യങ്ങൾ ഇതിനു മുമ്പുള്ള രണ്ട് കോവിഡ് കാല വർഷങ്ങളിലും വന്നിരുന്നെങ്കിലും അവ ധാരാളം ഓപ്ഷനുകൾ നൽകുക വഴി വേണമെങ്കിൽ മാത്രം ഉത്തരമെഴുതാവുന്നവയായിരുന്നു. ഈ വർഷത്തെ പുതിയ ചോദ്യപേപ്പർ ഘടനയിൽ അത് ഒറ്റയടിയ്ക്കില്ലാതെയായി. കൂടാതെ ജ്ഞാനനിർമിതി പരികല്പന പ്രകാരം മുമ്പേ ഉപേക്ഷിക്കപ്പെട്ട വസ്തുനിഷ്ഠ ചോദ്യങ്ങളെ ഭാഷാപരീക്ഷകളിലടക്കം യാതൊരാലോചനയുമില്ലാതെ തിരിച്ചെടുത്തതാണ് മറ്റൊരു തീരുമാനം. ഇവ ഒരു തരത്തിലും ന്യായീകരിക്കാവുന്ന കാര്യങ്ങളല്ല.
കഴിഞ്ഞ രണ്ടു വർഷത്തെ ഹയർസെക്കൻഡറി വിജയശതമാനവും ഗ്രേഡുകളും അനർഹമായി ഉയർന്നു എന്ന തെറ്റായ പ്രചാരണത്തിൽ നിന്നാണ് ഈ നീക്കം ഉണ്ടായതെന്നാണ് മനസ്സിലാവുന്നത്. അത് വസ്തുതാവിരുദ്ധമാണ്.
2019 ൽ 84.33%, 2020ൽ 85.13%, 2021 ൽ 87.94% വീതമാണ് ഹയർസെക്കൻഡറി പരീക്ഷാഫലം. ഇവയിൽ കോവിഡ് സാഹചര്യത്തിൽ ഭാരിച്ച സിലബസിൽ നിന്ന് ഫോക്കസ് ഏരിയയിലൂടെ കിട്ടിയ ഇളവുകളുപയോഗിച്ച് മിടുക്കരായ കുട്ടികൾ കൂടുതൽ സ്കോർ ചെയ്തത് വാസ്തവമാണ്. അത് സ്വാഭാവികവുമാണ്. അതേസമയം ഓൺലൈൻ സംവിധാനങ്ങളുപയോഗിക്കുന്നതിന് പോലും സാഹചര്യമില്ലാതായിപ്പോയ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ഈ മത്സരത്തിൽ തീർത്തും പിറകിലായിപ്പോയത് എത്ര പേരുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്?
കഴിഞ്ഞ കോവിഡ് കാലത്തിന്റെ മധ്യത്തിൽ കേരളശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ ഒരു സർവ്വേ, ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്തായ അറുപതു ശതമാനം വിദ്യാർഥികൾ കേരളത്തിലുണ്ടെന്ന് രേഖപ്പെടുത്തുന്നു. കോവിഡിന്റെ മൂന്നാം തരംഗകാലത്തും ഈ കണക്കിൽ വലിയ വ്യത്യാസമൊന്നും വന്നുകാണാനിടയില്ല. ഔദ്യോഗിക കണക്ക് ലഭ്യമല്ലെങ്കിലും പല കാരണങ്ങളാൽ ഓൺലൈൻ ക്ലാസുകളിൽ നിന്ന് കുട്ടികൾ വളരെയധികം കൊഴിഞ്ഞുകൊണ്ടിരിക്കുന്നതായി അധ്യാപന അനുഭവങ്ങളെ മുൻനിർത്തി പറയാൻ കഴിയും. സാമൂഹികമായി പിന്നാക്കമാകുന്ന പല വിഭാഗം കുട്ടികൾ, ഗോത്രവിഭാഗം കുട്ടികൾ, സംസ്ഥാന അതിർത്തികളിലെ ഭാഷാന്യൂനപക്ഷം കുട്ടികൾ ഇവരൊക്കെ ഇതിൽപ്പെടുന്നവരാണ്.
അതുകൊണ്ടുതന്നെ, ഓൺലൈൻ ക്ലാസുകളെ മാത്രം അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസമേഖല സ്മൂത്തായി കാര്യങ്ങൾ പരിഹരിച്ചുകഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നത് വെറും കണ്ണടച്ചിരുട്ടാക്കൽ മാത്രമല്ല വിദ്യാഭ്യാസാവകാശനിഷേധം തന്നെയാണ്.
2021 ൽ നടത്തിയ +2 പരീക്ഷയിൽ കുട്ടികൾക്ക് ഇരട്ടി ചോദ്യങ്ങളും അവയിൽ നിന്ന് പരമാവധി ഉത്തരങ്ങളുമെഴുതാനുള്ള ഓപ്ഷനും നൽകിയിരുന്നു.ഇതാണ് താരതമ്യേന മികച്ച സ്കോർ നേടാൻ സഹായകമായതെന്ന വിലയിരുത്തലും വന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന +1 പൊതുപരീക്ഷ ഓരോ വിഭാഗത്തിൽനിന്നും നിശ്ചിതമായ ഓപ്ഷനുകൾ മാത്രമാണനുവദിച്ചത്. ഇത് ഫലത്തിൽ +2 റിസൽട്ടിൽ വന്ന വർധനവിനെ അടുത്ത ഘട്ടത്തിൽ കുറക്കാനുതകുന്ന സമീപനമായിരുന്നു. അടുത്ത ഘട്ടത്തിലും ഈ രീതി സ്വീകരിക്കുന്നത് ഫലപ്രദമാവുകയും ചെയ്യും. അതുപോലെ എസ്. പി. സി, എൻ. എസ്. എസ് തുടങ്ങിയ സ്കൂൾ സന്നദ്ധസംഘങ്ങളുടെയൊക്കെ ഭാഗമായി കോവിഡ് കാലത്തും പരമാവധി സേവനപ്രവർത്തനങ്ങളിലേർപ്പെട്ട വിദ്യാർത്ഥികൾക്ക് അവരർഹിക്കുന്ന ഗ്രേസ് മാർക്കടക്കം പിൻവലിച്ചാണ് കുറക്കലിന്റെ ഈ സ്കോർ ബാലൻസിംഗ് നടത്തിട്ടുള്ളത് എന്നുമോർക്കേണ്ടതുണ്ട്.
മാത്രമല്ല, പൊതുവിദ്യാഭ്യാസവകുപ്പ് ഏറ്റവും പുതിയതായി പുറത്തിറക്കിയ പരിഷ്കരിച്ച പരീക്ഷാമാന്വലിൽ വിദ്യാർത്ഥികൾക്ക് ഇനി മേലിൽ എത്ര ഗ്രേസ് മാർക്ക് നൽകിയാലും അത് തൊണ്ണൂറു ശതമാനത്തിൽ കൂടരുത് എന്ന നിബന്ധന പുലർത്തുന്നതും ശ്രദ്ധിക്കുക. ഇത്തരം കാർക്കശ്യങ്ങൾ സർക്കാർ സ്കൂളിലെ സാധാരണ വിദ്യാർത്ഥികൾക്കുമേൽ മാത്രമാവുന്നതിൽ സന്ദേഹം പുലർത്തുന്ന അധ്യാപകരെയും വിദ്യാർത്ഥികളെയും അച്ഛടക്കത്തിന്റെ വാൾ നീട്ടി നിയന്ത്രിച്ചാൽ മതിയോ എന്നത് മറ്റൊരു കാതലായ ചോദ്യമാണ്.
വേറൊന്ന്, ഫോക്കസ് ഏരിയ വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ വന്ന അനിശ്ചിതത്വവും അത് അധ്യാപകരിലും വിദ്യാർത്ഥികളിലുമുണ്ടാക്കിയ സമ്മർദ്ദങ്ങളുമാണ്. നിലവിൽ ചോദ്യങ്ങളെ ഫോക്കസ് ഏരിയ, നോൺഫോക്കസ് ഏരിയ എന്നിങ്ങനെ തരംതിരിക്കുകയും നോൺ ഫോക്കസ് ഏരിയയിൽ നിന്ന് നിർബന്ധിതചോദ്യങ്ങളുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇത് കുട്ടികളെ വെറും 50 പ്രവൃത്തി ദിവസങ്ങൾ കൊണ്ട് 200 പ്രവൃത്തിദിവസങ്ങളിലായി പൂർത്തീകരിച്ചിരുന്ന മുഴുവൻ പാഠഭാഗങ്ങളിലൂടെയും നിർബന്ധിതമായി കടന്നുപോകേണ്ട ഗതികേടിലാണ് എത്തിച്ചിട്ടുള്ളത്. മാത്രമല്ല, കഴിഞ്ഞ തവണ +1 പരീക്ഷയിൽ ഫോക്കസ് ഏരിയയുടെ പ്രയോജനം ലഭിച്ചതിനാൽ ചില പ്രത്യേക പാഠഭാഗങ്ങൾ ഒഴിവാക്കിയ കുട്ടികൾ അതിന്റെ തുടർച്ചയായി മനസ്സിലാക്കേണ്ട +2 പാഠഭാഗങ്ങൾ നിർബന്ധമായി പഠിക്കേണ്ടിവരുന്നതിലും പ്രായോഗിക പ്രശ്നങ്ങളും അനീതിയുമുണ്ട്. ഇത് പരിഹരിക്കാൻ ഒന്നുകിൽ പരീക്ഷാത്തീയതി നീട്ടി വെച്ച് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കുറച്ചു കൂടി സമയമനുവദിക്കേണ്ടതത്യാവശ്യമാണ്. അതല്ലെങ്കിൽ നേരത്തെയുള്ള രണ്ട് വർഷങ്ങളിലുമനുവദിച്ച മട്ടിൽ ഫോക്കസ് ഏരിയയുടെ ഇളവെങ്കിലും കുട്ടികൾക്ക് കിട്ടണം.
മുകളിൽപ്പറഞ്ഞവയിൽ വരുന്ന കാര്യങ്ങളാണ് ചോദ്യപേപ്പർ ഘടന പുറത്തുവന്ന ശേഷം പി. പ്രേമചന്ദ്രൻ അടക്കമുള്ള അധ്യാപകർ കഴിഞ്ഞ ചില ആഴ്ചകളായി പൊതുമാധ്യമങ്ങളിലൂടെ പലതരത്തിൽ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഫോക്കസ് ഏരിയ മാത്രം പഠിക്കുന്ന ഒരു കുട്ടിക്ക് പരമാവധി നേടാൻ പറ്റുന്നത് ബി പ്ലസ് ഗ്രേഡായിരിക്കും എന്ന് ചൂണ്ടിക്കാട്ടുന്ന പ്രേമൻ മാഷിന്റെ ട്രൂ കോപ്പി ലേഖനം വിദ്യാഭ്യാസ വകുപ്പിന്റെ കഠിനമായ അപ്രീതിക്ക് കാരണമാവുകയും അദ്ദേഹത്തിന് 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനുള്ള കുറ്റപത്രം നൽകുകയും ചെയ്തു. ഇതിനുശേഷം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രേമൻ മാഷിനോട് യോജിച്ചും നിലവിലെ പരീക്ഷാഘടനയിലെ അനീതിയും അതിലെ മനുഷ്യാവകാശ ലംഘനവും ചൂണ്ടിക്കാട്ടിയും നിരവധി അധ്യാപകർ കുറിപ്പുകളുമെഴുതി.
സോഷ്യൽ മീഡിയയിൽ പ്രതിഷേധപ്പോസ്റ്ററുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. സച്ചിദാനന്ദൻ, ഇ.വി.രാമകൃഷ്ണൻ, എസ്.ശാരദക്കുട്ടി, സുനിൽ പി.ഇളയിടം തുടങ്ങിയ സാംസ്കാരിക പ്രവർത്തകർ ഈ വിഷയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പൊതുപ്രതികരണങ്ങൾ നടത്തി. പല പ്രധാന ചാനലുകളിലും മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട ലീഡ് ന്യൂസുകളും എഡിറ്റോറിയലുകളും വന്നു. ഈ ദിവസങ്ങളിലെല്ലാം സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും തീർത്തും ഏകപക്ഷീയവും അടിച്ചമർത്തിലേന്റേതുമായ രീതിയിലാണ് ഈ വിഷയങ്ങളെ നേരിട്ടത് എന്നതാണ് ഈ വിഷയത്തിലുള്ള നീതിനിഷേധത്തിന്റെ ആഴം കൂട്ടിയത്. പ്രേമചന്ദ്രൻ മാഷിനു നേരെ പ്രയോഗിക്കപ്പെട്ട KSR ലെ പെരുമാറ്റച്ചട്ടത്തിലെ 60 എ വകുപ്പുപയോഗിച്ച് മുഴുവൻ അധ്യാപകർക്കും പരീക്ഷാവിഷയത്തിന്മേലുള്ള അഭിപ്രായസ്വാതന്ത്ര്യം പൂർണമായി വിലക്കപ്പെട്ടു. "അധ്യാപകൻ പഠിപ്പിച്ചാൽ മതി,ചോദ്യപേപ്പർ/ഫോക്കസ് ഏരിയ പോലുള്ള വിദ്യാഭ്യാസ നയങ്ങൾ വകുപ്പുദ്യോഗസ്ഥരുടെ തീരുമാനമാണ്' തുടങ്ങിയ പ്രസ്താവനകൾ പുറത്തു വന്നു. ഇതിനെത്തുടർന്ന് അതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ടിരുന്ന ഭൂരിപക്ഷം അധ്യാപകരും വിദ്യാർത്ഥികളും നിർബന്ധിതരായി നിശബ്ദരാവേണ്ട സാഹചര്യമുണ്ടായി.
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത തരത്തിൽ "നാവടക്കി പണിയെടുക്കൂ' മട്ടിലുള്ള കർശനമായ അച്ചടക്ക പ്രയോഗങ്ങൾ ഇപ്പോൾ അധ്യാപകർക്ക് നേരെ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. രണ്ടു ദിവസത്തിലൊരിക്കൽ ഹയർസെക്കൻഡറി RDD മാരുടെ നിശിതമായ ക്ലാസ് മോണിട്ടറിംഗ് നിർദ്ദേശങ്ങൾ പുറത്തിറങ്ങുന്നു. പഠിപ്പിച്ചുകഴിഞ്ഞ നോൺഫോക്കസ് ഏരിയയിലെയും ഫോക്കസ് ഏരിയയിലേയും പാഠഭാഗങ്ങളുടെ ഓൺലൈൻ/ഓഫ് ലൈൻ കണക്ക് രണ്ട് ദിവസങ്ങൾക്കിടയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യാനുള്ള നിർദേശങ്ങൾ പ്രിൻസിപ്പൽമാർക്ക് കിട്ടി. ഇതിലെയൊക്കെ ഒരു പ്രധാന ഉള്ളടക്കം അധ്യാപകർ പരസ്യപ്രതികരണം നടത്താൻ പാടില്ല എന്നതായിരുന്നു. ഇത് ഫലത്തിൽ അതുവരെയുണ്ടായിരുന്ന അഭിപ്രായങ്ങളിൽ പലതിനെയും ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള വഴിയായി മാറി.
ചോദ്യപേപ്പറിലെ മുപ്പതു ശതമാനം ചോദ്യങ്ങളും ഒരു ഘട്ടം വരെ പ്രധാനമല്ല എന്ന് പ്രഖ്യാപിക്കപ്പെട്ട ഏരിയയിൽ നിന്നാവുന്നത് മുഴുവൻ എ പ്ലസ് പ്രതീക്ഷിക്കുന്ന വരെ മാത്രമല്ല, ശരാശരി വിദ്യാർത്ഥികളെയും പഠനത്തിൽ പിന്നാക്കക്കാരായവരെയുമൊക്കെ ഒരു പോലെ ബാധിക്കുന്ന വിഷയമാണെന്ന വസ്തുത കണ്ടെത്തി പറഞ്ഞതിനാണ് വകുപ്പ് ഈ നടപടികളിലൂടെ കടന്നുപോവുന്നത് എന്നതാണ് വലിയ വൈരുദ്ധ്യം. വിമർശനാത്മക രീതിശാസ്ത്രം അടിസ്ഥാനപ്രമാണമായ ഒരു വിദ്യാഭ്യാസ പദ്ധതിയിലാണ് ഇത് നടപ്പിലാവുന്നതെന്നത് മറ്റൊന്ന്. ഈ സാഹചര്യത്തിൽ പൊതുപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വകുപ്പിന്റെ നിരന്തരനിരീക്ഷണത്തിന് വിധേയരാകുന്ന അധ്യാപകർ പാഠഭാഗങ്ങൾ ഓടിച്ചു വിട്ടോ സ്കിപ്പ് ചെയ്തോ ഒക്കെ പൂർത്തിയാക്കാൻ നിർബന്ധിക്കപ്പെടുകയാണ് എന്നതാണിതിലെ ദുരന്തം.
വളരെ ക്രിയാത്മകമായി അധ്യാപകരുടെ സജീവപങ്കാളിത്തോടെ സാവകാശമെടുത്ത് നിർവ്വഹിക്കേണ്ട ഒന്നിനെ തികഞ്ഞ ബ്യൂറോക്രാറ്റിക് നിർദ്ദേശങ്ങളിലൂടെ നടപ്പിലാകുന്ന കണക്കുശേഖരണമാക്കി മാറ്റുന്ന വിപര്യയമാണ് ഇതിലൂടെ സംഭവിക്കുന്നത്. ഈ ഡാറ്റകളിൽ തൃപ്തരാവുന്ന ഭരണകൂടം പൗരരുടെ വാക്കുകൾക്ക് ചെവികൊടുക്കാത്ത ദുര്യോഗത്തിന്റെ യഥാർത്ഥ ഇരകൾ വേറാരെക്കാളും കുട്ടികൾ തന്നെയാണ്. ഇപ്രകാരം യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന ഡാറ്റകൾ മാത്രം മുൻനിർത്തിയുള്ള വിലയിരുത്തലുകൾ ഒരിക്കലും വിദ്യാഭ്യാസ മേഖലയിലേ യഥാർത്ഥ പ്രശ്നങ്ങളെ വെളിപ്പെടുത്താനിടയില്ല എന്നതാണ് ഇതിലെ വാസ്തവം. കുറച്ചു കൂടി തെളിച്ചു പറഞ്ഞാൽ, കുറഞ്ഞ ദിവസങ്ങൾക്കിടയിൽ ഗൗരവമർഹിക്കുന്ന ആറ് വിഷയങ്ങളിലെ അഞ്ചും പത്തും പാഠഭാഗങ്ങൾ ഒരുമിച്ച് ഓൺലൈൻ/ഓഫ് ലൈൻ ക്ലാസുകളിലൂടെ നിരന്തരം കേൾക്കാൻ വിധിക്കപ്പെട്ട കുട്ടികളനുഭവിക്കുന്ന സമ്മർദ്ദവും ഭീതിയും മാനസിക തളർച്ചയുമറിയണമെങ്കിൽ അധ്യാപകരെ സമ്മർദ്ദത്തിലാക്കി
കണക്കെടുത്താൽപ്പോരാ, കുട്ടികളോട് നേരിട്ട് തന്നെ ചോദിച്ചറിയേണ്ടതുണ്ട്.
നവംബർ 1 ന് മുമ്പ് ജൂൺ 1 ന് +2 വിക്ടേഴ്സ് ക്ലാസുകൾ തുടങ്ങിയിരുന്നു എന്നാണ് ഇത്തരം ധൃതിപിടിച്ച പരീക്ഷാനടത്തിപ്പിന് പറയുന്ന ഒരു ന്യായം. യഥാർത്ഥത്തിൽ, കഴിഞ്ഞ +1 ബാച്ചിലെ കുട്ടികൾക്ക് അഡ്മിഷൻ നേടിയ ദിവസമല്ലാതെ പിന്നൊരു ദിവസം പോലും സ്കൂളിൽ വരാൻ സാഹചര്യമുണ്ടായിരുന്നില്ല. ഹയർസെക്കൻഡറി സംവിധാനത്തിന് കീഴിൽ പുതുതായി കടന്നുവന്ന ആ കുട്ടികളോട് അവർ പ്ലസ് വൺ പൊതുപരീക്ഷ നേരിടുന്നതിന് മുമ്പേ +2 പാഠഭാഗങ്ങൾ കൂടി പഠിച്ചു കൊള്ളട്ടെ എന്ന് പറയുന്ന തരം മര്യാദ കേടാണ് ഈ നിർദ്ദേശത്തിൽ ഉണ്ടായിരുന്നത്.
പല അധ്യാപകരും ഇക്കാലങ്ങളിൽ +1 പബ്ലിക് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് റിവിഷനും മാനസിക പിന്തുണയും നൽകാനാണുപയോഗിച്ചത് എന്നും ആ സാഹചര്യത്തിൽ അതായിരുന്നു കുറേക്കൂടി വിദ്യാർത്ഥി സൗഹാർദ്ദപരമായ രീതിയെന്നും സാമാന്യബോധമുള്ള ആളുകൾക്ക് മനസ്സിലാവാതിരിക്കില്ല. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസവകുപ്പ് സംഘടനാ പ്രതിനിധികളുമായി നടത്തിയ മീറ്റിംഗിൽ ഫോക്കസ് ഏരിയയോ പരീക്ഷാത്തീയതിയോ മാറ്റുന്നത് സർക്കാറിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന തീരുമാനമാണ് പുറത്ത് വന്നിട്ടുള്ളത്. പാൻഡമിക് പോലുള്ള സാഹചര്യങ്ങളിലൊക്കെ മുമ്പ് പല തവണയും പരീക്ഷാത്തീയതികളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നിരിക്കെ ഇത്തരമൊരു അയവില്ലാത്ത നിലപാടിന്റെ സാഹചര്യമെന്താണെന്ന് മനസ്സിലാവുന്നില്ല.
മാത്രമല്ല, ഫോക്കസ് ഏരിയ എന്ന കൺസെപ്റ്റ് മാറ്റിവെച്ച് മുഴുവൻ വിഭാഗത്തിൽ നിന്നുമായി നിശ്ചിത ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന ഒരുത്തരവിലൂടെ വളരെയെളുപ്പം പരിഹരിക്കാവുന്ന ഈ പ്രശ്നത്തെ സർക്കാരിന്റെ ക്രെഡിബിലിറ്റിയുടെ വിഷയമായൊക്കെ വ്യാഖ്യാനിക്കുന്നതിനു പിന്നിലെ യുക്തിയും
ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. സ്റ്റേറ്റിൽ വിശ്വാസമർപ്പിക്കുന്ന ജനതയെ പ്രതിസന്ധിയിലാക്കാത്ത സമീപനങ്ങളിൽ ക്കൂടി നേടിയെടുക്കുന്നതിലപ്പുറം എന്ത് വിശ്വാസ്യതയാണ് ഒരു പരീക്ഷാത്തീയതിയോ പഠനഭാഗമോ തിരുത്താതിരുന്നാൽ സർക്കാരിന് പ്രതീക്ഷിക്കാൻ പറ്റുക!
ചുരുക്കത്തിൽ, ഇപ്പോഴുയർന്നുവന്ന പ്രശ്നങ്ങളെ പി.പ്രേമചന്ദ്രൻ എന്ന
വിദ്യാഭ്യാസ പ്രവർത്തകനായ അധ്യാപകൻ നേരിടുന്ന അച്ചടക്ക നടപടിയുടെ വിഷയം എന്ന നിലയിൽ മാത്രം കണ്ടാൽപ്പോരാ. വിദ്യാഭ്യാസ പ്രക്രിയയുടെ കേന്ദ്രമായിരിക്കേണ്ട കുട്ടികൾ നിശബ്ദരായ ഉപഭോക്താക്കളായി മാറുകയും കുട്ടികൾക്കുവേണ്ടി ശബ്ദിച്ചതിന് മുമ്പൊരിക്കലുമില്ലാത്ത വിധം അധ്യാപകർ ശിക്ഷാനടപടി നേരിടേണ്ടി വരികയും ഒരു സാംസ്കാരിക സമൂഹത്തിലെ സർഗ്ഗാത്മക സംവാദങ്ങൾക്ക് മുൻനിരയിൽ നിൽക്കേണ്ട അധ്യാപകരെ എന്നോ തിരുത്തിയെഴുതേണ്ട സർവ്വീസ് റൂളുകൾ ഉപയോഗിച്ച് ഭരണവർഗ്ഗം അടക്കിയിരുത്തുകയും ചെയ്ത ദുരന്തകാലമായാണ് ഈ ദിവസങ്ങളെ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം രേഖപ്പെടുത്താൻ സാധ്യത.
അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഈ കോവിഡ് പ്രതിസന്ധികാലത്ത് പരീക്ഷാത്തീയതിയിലും പഠന ഏരിയയിലും പൊതുവിദ്യാഭ്യാസവകുപ്പ് ഇപ്പോഴും പുലർത്തുന്ന ഒരു പ്രയോജനവും ചെയ്യാത്ത കർശനമായ കടുംപിടിത്തങ്ങൾ ഒഴിവാക്കിയേ പറ്റൂ. ഒപ്പം അധ്യാപകർക്കിടയിൽനിന്ന് വിമർശനാത്മകനിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച അധ്യാപകനെതിരെയുള്ള നടപടി പിൻവലിച്ച് വിദ്യാഭ്യാസ പദ്ധതിയിലെ കാതലായ തീർപ്പുകളിൽ അത്തരം വിദ്യാഭ്യാസ വിചക്ഷണരായ അധ്യാപകരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പുനരാലോചനകളും നടക്കണം.
മാത്രമല്ല, 1960 ലെ കാലഹരണപ്പെടാറായതും ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്ര്യത്തെ വിലക്കുന്നതുമായ സർവ്വീസ് ചട്ടങ്ങൾ അടിയന്തര ഭേദഗതിയിലേക്ക് നീങ്ങുന്ന തരത്തിലുള്ള നീക്കങ്ങളും ഉണ്ടാവണം. അല്ലാതെ
കുട്ടികളോട് ആത്മനിന്ദയോടെ ക്രിറ്റിക്കൽ പെഡഗോജിയിൽ ബോധനം നടത്തി വായും പൂട്ടിയിരിക്കേണ്ട നിശബ്ദവർഗ്ഗമായി ദയവായി അധ്യാപകരെ മാറ്റരുത്.
അല്ലെങ്കിൽ, ഇടതുപക്ഷസർക്കാരിന്റെ ഇടപെടലുകളിൽ ഈയൊന്ന് നടക്കാതെ വേറെന്തു ചെയ്തിട്ടും കാര്യമില്ലാതാവും.