എന്തുകൊണ്ട്
പ്ലസ് വൺ മലയാളം
പാഠപുസ്തകത്തിൽ
ഒരേയൊരു സുഗതകുമാരി?

പ്ലസ് വൺ മലയാളം പാഠപുസ്തകത്തിൽ സുഗതകുമാരിയുടെ ‘ആശ’ എന്ന കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെഴുതിയ മറ്റൊരു കവിതാഭാഗമോ വരികളോ പുസ്തകത്തിലില്ല. എന്തുകൊണ്ട് സ്ത്രീകവികളിൽ നിന്ന് ഒരേയൊരു സുഗതകുമാരി എന്ന ചോദ്യമുയർത്തുകയാണ്, സ്മിത പന്ന്യൻ.

പ്ലസ് വൺ മലയാളം പാഠപുസ്തകത്തിൽ ‘മധുരം മനോജ്ഞം ജീവിതം’ എന്ന ശീർഷകമുള്ള ആദ്യ യൂണിറ്റിലെ ആദ്യ പാഠമായാണ് സുഗതകുമാരിയുടെ ‘ആശ’ (1959) എന്ന കവിത ഉൾപ്പെടുത്തിയിട്ടുള്ളത്. സുഗതകുമാരിയുടെ ഈ കവിതയല്ലാതെ സ്ത്രീകളെഴുതിയ മറ്റൊരു കവിതാഭാഗമോ വരികളോ പോലും ഈ പുസ്തകത്തിലില്ല എന്നതും ശ്രദ്ധേയമാണ്.

ജീവിതത്തിന്റെ പ്രസാദാത്മകത, അതിജീവനവഴികൾ, ജീവിതപ്രതീക്ഷകൾ എന്നീ ഉപാശയങ്ങളിലേക്ക് കുട്ടികളെ എത്തിക്കുക എന്നതാവണം ഈ കവിതയുടെ പഠനോദ്ദേശ്യമെന്ന് ഗ്രിഡി*ൽ നിർവ്വചിക്കപ്പെട്ടിട്ടുള്ളതാണ്. മാത്രമല്ല, സാഹിത്യരചനകളെ യുക്തിപൂർവ്വം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുകയെന്നത് ഇത്തരം രചനകളുടെ പഠനനേട്ടമായി സങ്കല്പിക്കപ്പെട്ടിട്ടുമുണ്ട്. ഈ വഴിയിലൂടെ ‘ആശ’ എന്ന സുഗതകുമാരിക്കവിത ഒന്നു വിശകലനം ചെയ്തുനോക്കാം.

‘കാല്പനികദു:ഖത്തിന്റെ കവിത’ എന്നാണ് ഡോ. എം.എം. ബഷീർ സുഗതകുമാരിക്കവിതകൾക്കു നൽകുന്ന തലക്കെട്ട്. (കവിത: തെരഞ്ഞടുത്ത പ്രബന്ധങ്ങൾ) കവിതയെ ആത്മാവിഷ്കാരവും ഹൃദയാന്തർഭാഗസംവാദവുമായിക്കാണുന്ന അവരുടെ രചനകളിൽ നിറഞ്ഞുനിൽക്കുന്ന അസ്വസ്ഥതയും അമ്പരപ്പും, കവിയുടെ സർഗ്ഗവേദനയുടെ ഭാഗമാവാം എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. രൂപരഹിതവും കാരണരഹിതവുമായതുകൊണ്ട് ആ വേദന പലപ്പോഴും നിർവ്വചനാതീതവുമായിത്തീരുന്നു.

ആന്തരികവും ബാഹ്യവുമായ ജീവിതാനുഭവങ്ങൾ, സൃഷ്ടിക്കുവേണ്ടിയുള്ള ഉത്ക്കടമായ ആഗ്രഹം, സംഭ്രമം, ഏകാഗ്രത, ആരെങ്കിലും ആ മുത്ത് കണ്ടെടുക്കുമെന്ന ഉറച്ച വിശ്വാസം എന്നിവ ചേർന്നാണ് ചിപ്പിക്കുള്ളിൽ മുത്ത് രൂപപ്പെടുന്നതുപോലെ കവിത ഉരുവാകുന്നത്. ഈ പ്രക്രിയ ഓർമ്മിപ്പിക്കുന്ന പേരാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യസമാഹാരത്തിനും (‘മുത്തുച്ചിപ്പി’- 1961) കവി നൽകിയിട്ടുള്ളതെന്ന് കാണാം.

‘മുത്തുച്ചിപ്പി’യിൽ നിന്നെടുത്തിട്ടുള്ള കവിതയാണ് ‘ആശ’. സമാഹാരത്തിൽ ‘ആശ’യുടെ രചനാകാലം 1959- ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ആശ / പ്രത്യാശ എന്നത് ജീവിതപ്രേരകമായ അമൂല്യവികാരമാണല്ലോ. യമികൾ അതിനെ ആസക്തിയെന്നും കൊതിയെന്നും വ്യവച്ഛേദിച്ച് നിയന്ത്രിക്കാനും പരുവപ്പെടുത്താനും ശ്രമിച്ചിട്ടുള്ളവരാണ്. ഇങ്ങനെ ദുഃഖഹേതുവായി സ്ഥാപിക്കപ്പെട്ട ഒന്നിനെ തീർത്തും ജൈവികവും മാനുഷികവുമായ ഒന്നായി സങ്കല്പിക്കുമ്പോഴേ, നമുക്കതിൽ നിന്ന് ജീവിതപ്രേമത്തിന്റെയും ആസന്നാഹ്ലാദങ്ങളുടെയും പ്രതീക്ഷാനിർഭരമായ ധ്വനി ശ്രവിക്കാൻ പറ്റുകയുള്ളൂ. ഇതാണ് കുട്ടികളെ ‘ആശ’ പരിചയപ്പെടുത്തുമ്പോൾ പ്രാഥമികമായി മനസ്സിൽ വെക്കേണ്ടത്.

പ്ലസ് വൺ മലയാളം പാഠപുസ്തകത്തിലുള്ള സുഗതകുമാരിയുടെ ‘ആശ’ (1959) എന്ന കവിത, ‘ഇരുളിൽ’ എന്ന വാക്കിലാണ് ആരംഭിക്കുന്നത്. തമ്മിൽ കാണാൻ കഴിയാതെ, ഇരുട്ടിൽ നിശ്ശബ്ദരായിരിക്കുകയാണ് ഞാനും നീയും’ എന്നാരംഭിച്ച് ആഖ്യാതാവായ വ്യക്തി നടത്തുന്ന ആത്മഭാഷണമാണ് കവിതയുടെ പ്രധാന ഉള്ളടക്കം.
പ്ലസ് വൺ മലയാളം പാഠപുസ്തകത്തിലുള്ള സുഗതകുമാരിയുടെ ‘ആശ’ (1959) എന്ന കവിത, ‘ഇരുളിൽ’ എന്ന വാക്കിലാണ് ആരംഭിക്കുന്നത്. തമ്മിൽ കാണാൻ കഴിയാതെ, ഇരുട്ടിൽ നിശ്ശബ്ദരായിരിക്കുകയാണ് ഞാനും നീയും’ എന്നാരംഭിച്ച് ആഖ്യാതാവായ വ്യക്തി നടത്തുന്ന ആത്മഭാഷണമാണ് കവിതയുടെ പ്രധാന ഉള്ളടക്കം.

ഡോ. എം. ലീലാവതി എഴുതിയ ‘സ്ത്രീസ്വത്വാവിഷ്കാരം ആധുനിക മലയാളസാഹിത്യത്തിൽ’ എന്ന പുസ്തകം മലയാള സാഹിത്യത്തിലെ സ്ത്രീരചനകളെക്കുറിച്ചുള്ള സമഗ്രപഠനമാണ്. എന്നാൽ, പ്രത്യയശാസ്ത്രപരമായി സ്ത്രീവിമോചനാത്മകം എന്ന മട്ടിലുള്ള ഒരു തെരഞ്ഞെടുപ്പല്ല ഈ പുസ്തകത്തിലെ എഴുത്തുകാരികളുടെ കാര്യത്തിൽ നടത്തിയിട്ടുള്ളത് എന്നും കാണാം. ‘വ്യക്തിദുഃഖവും സമൂഹദുഃഖവും ഏകീകരിക്കുന്ന കവിതകളാണ് സുഗതകുമാരിയുടേത്’ എന്നവർ ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. ‘ആധുനികതയുടെ മുഖമുദ്രകൾ അവരുടെ കവിതാസാകല്യത്തിനുണ്ടെങ്കിലും, പ്രായേണ കാവ്യശൈലി കാൽപനികതയുടെ ഇഴകൾ കൊണ്ട് നെയ്തതാണ്. പാരമ്പര്യനിഷേധമോ സർവ്വവിനാശബോധമോ പ്രത്യാശാരാഹിത്യമോ, വിശ്വാസലോപമോ തത്വശാസ്ത്രനിരാകരണമോ നിരുപാധികനിർവ്വേദമോ സുഗതകുമാരിയുടെ കവിതയെ പൂർണ്ണമായി ഗ്രസിക്കുകയുണ്ടായിട്ടില്ല. ഇവയിൽച്ചിലത് ചിലപ്പോൾ പ്രത്യക്ഷപ്പെടുന്നു’.
വിഷാദാത്മകത, ഭഗ്നവ്യാമോഹം തുടങ്ങിയ ആധുനികതാഭാവധർമ്മങ്ങളും ഭഗ്നബിംബങ്ങൾ, ഉദ്ധരണങ്ങൾ, പൂർവ്വകഥാപാത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ധ്വനനമാധ്യമ നവീനതകളും അവരുടെ കവിതകളിലുണ്ട് എന്നും ലീലാവതി നിരീക്ഷിക്കുന്നുണ്ട്. ഈ നിരീക്ഷണങ്ങളെ ‘ആശ’ എന്ന കവിതയുമായി ബന്ധപ്പെടുത്തി ആലോചിച്ചുനോക്കാം.

‘ഇരുളിൽ’ എന്ന വാക്കിലാണ് കവിത ആരംഭിക്കുന്നത്. തമ്മിൽ കാണാൻ കഴിയാതെ, ഇരുട്ടിൽ നിശ്ശബ്ദരായിരിക്കുകയാണ് ഞാനും നീയും’ എന്നാരംഭിച്ച് ആഖ്യാതാവായ വ്യക്തി നടത്തുന്ന ആത്മഭാഷണമാണ് കവിതയുടെ പ്രധാന ഉള്ളടക്കം. ഒപ്പം ‘നീ’യെന്ന് വിളിക്കപ്പെടുന്ന വ്യക്തി നടത്തുന്ന മറുഭാഷണവും ഉദ്ധരണിയായി കവിതയിലുണ്ട്.

‘ഈ രാവ് മായുകയും പൂവൊളിയോടെ
നാളത്തെ പ്രഭാതം വരികയും ചെയ്യും’
എന്ന, തന്റെ സഹചാരിയുടെ വാക്കുകൾ
ലേശമൊരവിശ്വാസത്തോടെയും ആശങ്കയോടെയും വിശ്വസിക്കുന്ന സ്ത്രീയായ ആഖ്യാതാവിനെയാണ് തുടർന്നുകാണുന്നത്. നേരത്തെ നിരൂപകയായ ലീലാവതി ടീച്ചർ നിരീക്ഷിച്ചതു പ്രകാരം, വ്യക്തിദുഃഖത്തെത്തന്നെ സാമൂഹികദുഃഖമായനുഭവിക്കുന്ന തരം ആഖ്യാനമാണ് ഈ കവിതയ്ക്കുമുള്ളത്.

‘നിഴൽക്കുത്തിലേക്കടി തെറ്റി ഫണം താഴ്ത്തി
വീണൊലിച്ചുപോവുന്ന ഇരുൾപ്പാമ്പ്’,
‘ദൂനനായ് തേങ്ങിത്തേങ്ങിവരുന്ന കാറ്റ്’ തുടങ്ങിയ വരികളിലാണ് ആഖ്യാതാവനുഭവിക്കുന്ന ദുഃഖത്തിന്റെ സൂചനകളുള്ളത്. (നിഴൽക്കുത്ത് ശത്രുവിനെ വകവരുത്താനായി കേരളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന ഒരാഭിചാരക്രിയയാണ്).

വായനയിൽ, കാലത്തിന്റെ ഏതെങ്കിലും ആധികളെയോ ആഖ്യാതാവിന്റെ വ്യക്തിപരമായ സംഘർഷങ്ങളെയോ നേരിട്ടനുഭവതരിപ്പിക്കുന്നവയല്ല ഈ പ്രയോഗങ്ങൾ. മറിച്ച്, അമൂർത്തമായ വിഷാദത്തിന്റെ ഭയവും വേദനയും ആവിഷ്കരിക്കാനുള്ള രൂപകങ്ങളായാണ് കവിതയിൽ ഇരുൾപ്പാമ്പും കരയുന്ന ഇളംകാറ്റും കടന്നു വരുന്നത്. കട്ടിയുള്ള ഇരുൾച്ചാർത്തിൽ വെൺമഞ്ഞിൽ വിറച്ചുകൊണ്ട്, സ്വന്തം ആകുലതകളുടെ കുടീരത്തിൽ മുഖം കുനിച്ചിരിക്കുന്ന ഒരാളായി ആഖ്യാതാവ് തന്നെത്തന്നെ ഭാവന ചെയ്യുകയാണ്.

ഡോ. എം. ലീലാവതി.
ഡോ. എം. ലീലാവതി.

മേല്പറഞ്ഞ കാവ്യഭാവനകളിലെ ദുഃഖസൂചനകളെ, കവിതയുടെ രചനാകാലവുമായും കവിയുടെ കാവ്യാനുശീലനവുമായും ബന്ധിപ്പിച്ചുകൊണ്ടുള്ള വായന സ്വാഭാവികമായും സാധ്യമാണല്ലോ.

ആ നിലയിൽ നോക്കിയാൽ, സ്വാതന്ത്യാനന്തര ഇന്ത്യ നേരിട്ട ആഭ്യന്തരമായ ആശയക്കുഴപ്പങ്ങളുമായോ കേരളചരിത്രത്തിലെ കുപ്രസിദ്ധമായ വിമോചനസമരാന്തരീക്ഷവുമായോ കാവ്യസന്ദർഭത്തിലെ ഇരുളിന് ചാർച്ച കാണാവുന്നതേയുള്ളൂ. ലോകചരിത്രത്തിലും സാഹിത്യത്തിലുമൊക്കെ അസ്തിത്വപരമായ ആധികളും ശൂന്യതയും ഒപ്പം, പുതിയൊരുണർവ്വിന്റെ പ്രതീക്ഷകളും ചെറുത്തുനില്പുകളുമൊക്കെച്ചേർന്ന ഒരു കാലം കൂടിയാണിത്. ആധുനികതയുടെ ഈ ഘട്ടത്തെത്തന്നെയാവാം കവി പ്രമേയപരമായ പശ്ചാത്തലമായി സ്വീകരിച്ചിരിച്ചിട്ടുള്ളത്. എങ്കിലും കാല്പനികതയുടെയോ ഭാവഗീതത്തിന്റെയോ ഏകാന്തവും സ്വപ്നാത്മകവുമായ, ഭാവസ്പർശമുള്ള പദാവലികളും പ്രയോഗങ്ങളും കൊണ്ട് ക്രമേണ ഈ സങ്കീർണതകളെയെല്ലാം മറികടക്കുകയും പ്രത്യാശയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന ഘടനയാണ് ‘ആശ’ എന്ന കവിതയ്ക്കുള്ളത്. (യുക്തി കൊണ്ടല്ല ഭാവാന്തരീക്ഷം കൊണ്ടാണ് കവിത അതിന് ശ്രമിക്കുന്നത്). ഈ പദാവലികളാവട്ടെ, കാവ്യചരിത്രത്തിലെ പാരമ്പര്യാനുശീലനങ്ങളോടിണങ്ങി നിൽക്കുന്നതാണ്. ‘രാസലോലയായ ഉഷസ്സ്’, ‘ദൂനനായ ഇളംകാറ്റ്’ എന്നിങ്ങനെ കാവ്യലോകം ലിംഗവത്ക്കരിച്ച ചില സവിശേഷപ്രയോഗങ്ങളുടെ തുടർച്ചയും ഉടനീളം കാണാം.

കാവ്യാവസാനത്തിൽ ആഖ്യാതാവിനെ ‘ദേവീ’ എന്നഭിസംബോധന ചെയ്തുകൊണ്ടുള്ള അപരന്റെ ജീവിതാഭിപ്രേരണ നൽകലിലും ഇതേ സാംസ്കാരികബോധമാണ് പ്രവർത്തിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ, കാവ്യചരിത്രം കവിതയുടെ മുഖ്യധാരയായി സങ്കല്പിച്ചുപോരുന്ന കാവ്യങ്ങളുടെയെല്ലാം പൊതുശീലം കൂടിയായി കേകയിലുള്ള ഈ കാവ്യഭാഷണത്തെ കാണാം.

1951-ലാണ് മലയാളത്തിലെ ആദ്യ സ്ത്രീസ്വാതന്ത്യവാദിയായംഗീകരിക്കപ്പെടുന്ന കെ. സരസ്വതിയമ്മയുടെ ‘പെൺബുദ്ധി’യെന്ന കഥാസമാഹാരം പുറത്തുവരുന്നത്. 1958- ൽ ‘പുരുഷന്മാരില്ലാത്ത ലോകം’ എന്ന ലേഖനസമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളസാഹിത്യത്തിലെയും പൊതുസമൂഹത്തിലെയും പുരുഷനിർണീതത്വങ്ങളെ നിരന്തരം പ്രശ്നവത്ക്കരിച്ചുകൊണ്ടാണ് കുറഞ്ഞ ജീവിതകാലം കൊണ്ടുതന്നെ സരസ്വതിയമ്മ ആൺകോയ്മാലോകത്തിന്റെ അപ്രീതിക്ക് പാത്രമായത്. മലയാളത്തിലെ പരമ്പരാഗത സാഹിത്യചരിത്രം ആൺനിർമ്മിതമാണെന്ന് തിരിച്ചറിഞ്ഞ അവർ ഭാഷയിലും പ്രമേയത്തിലും ആ പ്രഖ്യാപിത ആണാഖ്യാനങ്ങളെ തിരസ്കരിച്ചുകൊണ്ടാണ് തന്റെ സൃഷ്ടികളോരോന്നും നടത്തിയത്. യുക്തിയുടെയും ബുദ്ധിയുടെയും ചിന്തയുടെയും അധികാരിയായി നടിക്കുന്ന ആണിനെ അതേ ഇനം ആയുധങ്ങൾ കൊണ്ട് പ്രത്യാക്രമിക്കുന്നതരം ധീരമായ സ്ത്രൈണ- ആഖ്യാനമാതൃകയായിരുന്നു സരസ്വതിയമ്മയുടേത്.

കെ. സരസ്വതിയമ്മ. മലയാളസാഹിത്യത്തിലെയും പൊതുസമൂഹത്തിലെയും പുരുഷനിർണീതത്വങ്ങളെ നിരന്തരം പ്രശ്നവത്ക്കരിച്ചുകൊണ്ടാണ് കുറഞ്ഞ ജീവിതകാലം കൊണ്ടുതന്നെ സരസ്വതിയമ്മ ആൺകോയ്മാലോകത്തിന്റെ അപ്രീതിക്ക് പാത്രമായത്.
കെ. സരസ്വതിയമ്മ. മലയാളസാഹിത്യത്തിലെയും പൊതുസമൂഹത്തിലെയും പുരുഷനിർണീതത്വങ്ങളെ നിരന്തരം പ്രശ്നവത്ക്കരിച്ചുകൊണ്ടാണ് കുറഞ്ഞ ജീവിതകാലം കൊണ്ടുതന്നെ സരസ്വതിയമ്മ ആൺകോയ്മാലോകത്തിന്റെ അപ്രീതിക്ക് പാത്രമായത്.

എന്നാൽ, 1961-ൽ ആദ്യകവിതാസമാഹാരവുമായി രംഗപ്രവേശം ചെയ്യുന്ന സുഗതകുമാരി കാവ്യാഖ്യാനത്തിനും ഭാവുകത്വത്തിനും പൂർവ്വപാഠമായിക്കാണുന്നത്, സരസ്വതിയമ്മയുടെ എഴുത്തിന് സമാന്തരമായിരുന്ന മുഖ്യധാരാ എഴുത്തുമാതൃകകളെത്തന്നെയായിരുന്നു എന്നതിന് ‘ആശ’ യും തെളിവു നൽകുന്നുണ്ട്. അതേസമയം, ആത്മത്തെ ആവിഷ്കരിക്കാനുള്ള പെൺശ്രമമെന്ന നിലയിൽ സുഗതകുമാരിക്കവിതകൾക്ക് മറ്റൊരു വഴിയുമുണ്ട്. ആ നിലയിൽ പുരുഷകാൽപ്പനികതയിൽ നിന്ന് വേറിട്ട പെൺകാൽപനികതാപാഠങ്ങളായി സുഗതക്കുമാരിക്കവിതകൾക്ക് സ്വകീയമായ നിലനില്പുണ്ടെന്ന് ‘എഴുത്തമ്മമാർ’ (കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്- 2014) എന്ന പുസ്തകത്തിൽ പി. ഗീത രേഖപ്പെടുത്തുന്നു. പാവം മാനവഹൃദയം, കൃഷ്ണ നീയെന്നെയറിയില്ല, രാത്രിമഴ തുടങ്ങിയ അനേകം കവിതകൾ ഇത്തരത്തിൽ വിഷാദാത്മകമായ പെൺകാല്പനികതയുടെ ധ്വനികളും ഏകാന്തയാനങ്ങളും അനുഭവിപ്പിക്കുന്നവയാണ്. ഇവയല്ലാത്ത വേറൊന്ന് സരസ്വതിയമ്മയുടെ ബൗദ്ധികത്തുടർച്ചയായ പെൺകവികളിലൂടെ പുലരുന്നുമുണ്ട്. അവയും ധാരാളമായി വായിക്കപ്പെടേണ്ടവയാണ്. തുടർച്ചയായ അന്വേഷണത്തിലൂടെ അരികുവൽക്കരിക്കപ്പെട്ട അത്തരം കാവ്യഭാഷയും തിറം വെച്ച ഭാഷണങ്ങളുമൊക്കെ പാഠ്യപദ്ധതികളുടെയടക്കം അതിരുകൾ ഭേദിച്ച് കുട്ടികളുടെ അറിവിലേക്ക് കടന്നുവരികയും ചെയ്യണം. അപ്പോഴേ ഈ പുസ്തകപാഠങ്ങൾ മുഴുവനാവുകയുള്ളൂ.

ആമുഖമായി സൂചിപ്പിച്ചതുപോലെ, പ്ലസ് വൺ ക്ലാസ്സ് മുറിയിലെ പുതുതലമുറക്കുട്ടികളെ ഈ കവിത പരിചയപ്പെടുത്താൻ കഴിയേണ്ടത് ഒരു പ്രത്യക ഉദ്ദേശ്യത്തിലാണ്. എല്ലാ നിരാശകളുമൊഴിഞ്ഞ് പ്രത്യാശയിലേക്ക് പരിണമിക്കുന്ന ഭാവതലമുള്ള കവിത എന്ന നിലയിലാണത്. അപ്പോൾ ഇരുട്ടിൽ പരസ്പരം കാണാതെയും മിണ്ടാതെയും തനിച്ചിരിക്കുന്ന രണ്ടാത്മാക്കളിൽ തന്റെ തന്നെ അപരഭാവത്തെയോ, തന്നോട് ഏറ്റവും ചേർന്നു നില്ക്കുന്ന പ്രിയപ്പെട്ട ഒരപരവ്യക്തിയെയോ കുട്ടികൾക്ക് സങ്കല്പിക്കാൻ കഴിയേണ്ടതുണ്ട്. ‘നിന്നെ വിശ്വസിപ്പൂ ഞാൻ’ എന്ന് ആ അപരസാന്നിധ്യത്തിനു മേലർപ്പിക്കുന്ന വിശ്വാസത്തിലാണ് ഈ കവിതയുടെ കാമ്പ് മുഴുവൻ വരേണ്ടത്. അപരനോടുള്ള കരുതലും ശ്രദ്ധയും അപരവത്ക്കരണത്തിന്റെ രാഷ്ട്രീയകാലത്ത് എത്രമാത്രം പ്രസക്തമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പുതുകാലം കൗമാരക്കാർക്കുമേൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന പലതരം ഭീതികളെയും ആ നിലയിൽ ഈ കവിത അഭിമുഖീകരിച്ചേക്കാം. നല്ലതും കെട്ടതുമായ വർഗ്ഗീകരിക്കപ്പെട്ടിരിക്കുന്ന ജീവിതത്തിന്റെ പിഴവുകൾ, പരിമിതികൾ, പ്രതിസന്ധികൾ, പരീക്ഷണങ്ങൾ, സംഘർഷങ്ങൾ എന്നിവയൊക്കെ ‘ആത്മാവിന്റെ വിളക്കാ’വുന്ന ഒരു സാന്നിധ്യം പ്രത്യാശയായി പരുവപ്പെടുത്തുന്നതിന്റെ ഗാഢാനുഭവം കുട്ടികൾക്ക് നൽകാൻ ഈ കവിതയ്ക്ക് കഴിയേണ്ടതുണ്ട്. അങ്ങനെ മധുരവും മനോജ്ഞവുമായ ജീവിതത്തരികളെ കാവ്യാനുഭൂതിയിലൂടെ നുണയാൻ ‘ആശ’ വഴിയൊരുക്കട്ടെ.

‘എന്തുകൊണ്ട് പ്ലസ് വൺ മലയാള പാഠപുസ്തകത്തിൽ സ്ത്രീകവികളിൽ നിന്ന് ഒരേയൊരു സുഗതകുമാരി’ എന്ന ചോദ്യത്തിന് അങ്ങനെയെങ്കിലും ഈ കവിത മറുപടി നൽകും എന്നാണ് എന്റെയും ‘ആശ’.

പുരുഷകാൽപ്പനികതയിൽ നിന്ന് വേറിട്ട പെൺകാൽപനികതാപാഠങ്ങളായി സുഗതക്കുമാരിക്കവിതകൾക്ക് സ്വകീയമായ നിലനില്പുണ്ടെന്ന്  ‘എഴുത്തമ്മമാർ’ എന്ന പുസ്തകത്തിൽ ഗീത രേഖപ്പെടുത്തുന്നു.
പുരുഷകാൽപ്പനികതയിൽ നിന്ന് വേറിട്ട പെൺകാൽപനികതാപാഠങ്ങളായി സുഗതക്കുമാരിക്കവിതകൾക്ക് സ്വകീയമായ നിലനില്പുണ്ടെന്ന് ‘എഴുത്തമ്മമാർ’ എന്ന പുസ്തകത്തിൽ ഗീത രേഖപ്പെടുത്തുന്നു.

(*വിദ്യാഭ്യാസരംഗത്ത് അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരു കോഴ്‌സിന്റെ അല്ലെങ്കിൽ വിഷയത്തിന്റെ പഠനലക്ഷ്യങ്ങളും വിലയിരുത്തലുകളും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നതും പാഠ്യപദ്ധതി സമീപനമനുസരിച്ച് തയ്യാറാക്കുന്നതുമായ ഒരു പഠനസഹായ ചട്ടക്കൂടാണ് (Syllabus Grid) സിലബസ് ഗ്രിഡ്. ഇത് സാധാരണയായി ഒരു പട്ടികയുടെ (Grid) രൂപത്തിലാണ് തയ്യാറാക്കുന്നത്.
യൂണിറ്റ്, ആശയം / തീം, ഉപാശയങ്ങൾ, സാഹിത്യരൂപങ്ങൾ, പഠനലക്ഷ്യങ്ങൾ, ആശയധാരണ, ശേഷി /നൈപുണി, മൂല്യമനോഭാവങ്ങൾ, ഭാഷാവസ്തുതകൾ, വ്യവഹാരരൂപങ്ങൾ, ഉദ്ഗ്രഥന / അന്തർവൈജ്ഞാനിക സാധ്യത, പഠനപ്രവർത്തനങ്ങൾ /പ്രക്രിയകൾ, വിലയിരുത്തൽ, സമയം ഇവ കൃത്യമായി നിർവ്വചിക്കുന്ന ഒരു മാർഗരേഖയാണ് ഗ്രിഡ്).

Comments