തൻ്റെ ബാഗിൽ പുസ്തകങ്ങൾക്കൊപ്പം കരുതിയ അധികമൊരു സാരി വെറുമൊരു വസ്ത്രമായിരുന്നില്ല; അതൊരു സമരപ്രഖ്യാപനമായിരുന്നു. വഴിയിൽ പതിക്കുന്ന ചാണകമേറിനെയും അധിക്ഷേപങ്ങളെയും അറിവുകൊണ്ട് കഴുകിക്കളയാമെന്ന ദൃഢനിശ്ചയം. അഴുക്കുപുരണ്ട ആ പഴയ സാരി മാറി, അക്ഷരങ്ങളുടെ ശുഭ്രവസ്ത്രം ധരിക്കാൻ ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കരുത്തുനൽകിയ ആ പോരാട്ടവീര്യത്തിന് ഇന്നും ഏറെ തിളക്കമുണ്ട്. ഭാരതത്തിലെ ആദ്യത്തെ വനിതാ അധ്യാപിക എന്നതിനേക്കാൾ ഉപരിയായി, ജാതി-ലിംഗ വിവേചനങ്ങളുടെ ഉരുക്കുമുഷ്ടികളെ തകർത്തെറിഞ്ഞ സാമൂഹിക വിപ്ലവകാരി എന്ന നിലയിലാണ് സാവിത്രിഭായ് ഫൂലെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്. 2026 ജനുവരി 3-ന് അവരുടെ 195-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, അറിവ് നേടുന്നത് പാപമായി കരുതിയിരുന്ന ഒരു കാലത്തോട് കലഹിച്ചു നേടിയ ആ വിജയം ഓരോ വിദ്യാഭ്യാസ പ്രവർത്തകർക്കും വിശിഷ്യാ അധ്യാപികമാർക്ക് ഇന്നും വലിയൊരു പാഠപുസ്തകമാണ്. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും ഒരു ജനതയെ മോചിപ്പിക്കാൻ അറിവല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ഏറെ മനുഷ്യർ വിശ്വസിക്കാത്ത കാലത്തായിരുന്നു അവരുടെ പോരാട്ടം. ഓരോ ജനുവരി മൂന്നും ദേശീയ അധ്യാപികാ ദിനമായി ആഘോഷിക്കപ്പെടുമ്പോൾ, അത് അധ്യാപികമാരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുവാനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പിക്കൽ കൂടിയാണ്.
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള നയ്ഗാവിലെ ഒരു കൊച്ചുഗ്രാമത്തിൽ 1831 ജനുവരി 3-നാണ് സാവിത്രിഭായ് ജനിച്ചത്. ഖണ്ഡോജി നെവ്സെ പാട്ടീലിന്റെയും ലക്ഷ്മിഭായിയുടെയും മൂത്ത മകളായിരുന്നു. അക്ഷരങ്ങളിൻ നിന്ന് അകറ്റി നിർത്തപ്പെട്ടതായിരുന്നു അവരുടെ ബാല്യകാലം. സ്ത്രീകൾക്കും ശൂദ്രർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അക്കാലത്ത്, അക്ഷരം പഠിക്കുന്നത് പാപമാണെന്ന അന്ധവിശ്വാസമാണ് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരുന്നത്. കയ്യിലെടുത്ത ഇംഗ്ലീഷ് പുസ്തകം അച്ഛൻ വലിച്ചെറിഞ്ഞപ്പോൾ അത് രഹസ്യമായി എടുത്തു സൂക്ഷിച്ച സാവിത്രിയുടെ ഉള്ളിലെ വിജ്ഞാനദാഹം ഒരു വലിയ മാറ്റത്തിന്റെ വിത്തായിരുന്നു. ഈ ദൃഢനിശ്ചയം പിൽക്കാലത്ത് ഭാരതത്തിലെ ലക്ഷക്കണക്കിന് പെൺകുട്ടികളുടെ ജീവിതത്തിന് വെളിച്ചമായി മാറി. സാമൂഹിക നിയന്ത്രണങ്ങളെ ഭയക്കാതെ അറിവ് സമ്പാദിക്കുവാനുള്ള ആ അഭിവാഞ്ഛയാണ് ഇന്ന് അധ്യാപക സമൂഹത്തിന് മാതൃകയാകേണ്ടത്.
1840-ൽ ഒൻപതാം വയസ്സിൽ ജ്യോതിറാവു ഫൂലെയുമായുള്ള വിവാഹം സാവിത്രിഭായിയുടെ ജീവിതത്തിലെ നിർണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. തന്റെ പത്നിയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ജ്യോതിറാവു എടുത്ത തീരുമാനം ഭാരതത്തിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച ഒന്നായി മാറി. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ സാവിത്രിക്ക് തടസ്സമായി നിന്നത് നൂറ്റാണ്ടുകളായി നിലനിന്ന സമൂഹത്തിൻ്റെ അജ്ഞതയായിരുന്നു. അയൽക്കാരുടെയും ബന്ധുക്കളുടെയും പരിഹാസങ്ങളെയും അധിക്ഷേപങ്ങളെയും വകവെക്കാതെ അവർ തന്റെ പഠനം പൂർത്തിയാക്കി. കേവലം ഒരു വീട്ടമ്മയായി ഒതുങ്ങിപ്പോകേണ്ടവളല്ല താനെന്നും, ഒരു വലിയ സാമൂഹിക മാറ്റത്തിൻ്റെ ഭാഗമാകേണ്ടവളാണെന്നും സാവിത്രി തിരിച്ചറിഞ്ഞ നിമിഷം മുതലാണ് ഇന്ത്യയിലെ ആധുനിക അധ്യാപിക രൂപപ്പെടുന്നത്.
1848 ജനുവരി ഒന്നിന് പൂനെയിലെ ഭിഡെ വാഡയിൽ പെൺകുട്ടികൾക്കായി ഭാരതീയർ തന്നെ ആരംഭിച്ച ആദ്യ വിദ്യാലയം തുറന്നപ്പോൾ, ഒരു വലിയ വിപ്ലവത്തിൻ്റെ തുടക്കമായിരുന്നു. വെറും ഒൻപത് പെൺകുട്ടികളുമായി തുടങ്ങിയ ആ വിദ്യാലയം പൗരോഹിത്യത്തിന്റെ അടിത്തറയിൽ വിള്ളൽ വീഴ്ത്തി. അവർ ഭ്രാന്തമായി പ്രതികരിച്ചു. വിദ്യാലയത്തിലേക്ക് പോകുന്ന വഴിയിൽ സാവിത്രിഭായിക്ക് നേരിടേണ്ടി വന്നത് ചാണകമേറുകളും കല്ലേറുകളുമായിരുന്നു. തന്റെ സാരിയിൽ പുരണ്ട അഴുക്ക് തുടച്ചുകളഞ്ഞ്, ബാഗിൽ കരുതിയ മറ്റൊരു സാരിയുടുത്ത് അവർ ക്ലാസ് മുറികളിൽ അറിവ് പകർന്നു. "എന്നെ കല്ലെറിയുന്നവർക്ക് അറിയില്ല, അവർ എറിയുന്ന ഓരോ കല്ലും നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ അടിത്തറയാകാൻ പോവുകയാണെന്ന്," അവർ ശാന്തമായി പ്രതികരിച്ചു. ഈ സഹിഷ്ണുതയും പോരാട്ടവീര്യവുമാണ് ഇന്നും പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപികമാർക്ക് ആത്മവിശ്വാസവും കരുത്തും പകരേണ്ടത്. അധിക്ഷേപങ്ങളെ അറിവ് കൊണ്ട് നേരിട്ട ആ ജീവിതം എന്നും മാതൃകയാണ്.

സാമൂഹികമായ എതിർപ്പുകൾ കടുത്തതോടെ 1849-ൽ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന ഫൂലെ ദമ്പതികൾക്ക് അഭയം നൽകിയത് ഉസ്മാൻ ഷെയ്ഖും സഹോദരി ഫാത്തിമ ഷെയ്ഖുമായിരുന്നു. മതത്തിന്റെ മതിലുകൾക്കപ്പുറത്ത് രണ്ട് സ്ത്രീകൾ തമ്മിലുള്ള വിപ്ലവകരമായ ഒരു സാഹോദര്യത്തിൻ്റെ തുടക്കമായിരുന്നു അത്. ഫാത്തിമ ഷെയ്ഖ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ അധ്യാപികയായി ചരിത്രത്തിൽ ചേർക്കപ്പെട്ടു. സാവിത്രിയും ഫാത്തിമയും കൈകോർത്ത് നടത്തിയ ആ വിദ്യാഭ്യാസ യാത്ര ഇന്ത്യൻ മതേതരത്വത്തിൻ്റെ ഏറ്റവും ഉജ്ജ്വലമായ അധ്യായമാണ്.
മതത്തിൻ്റെ പേരിൽ വിഭജന ശ്രമങ്ങൾ ഏറുന്ന ഇക്കാലത്ത് അധ്യാപികമാർക്ക് പരസ്പരമുള്ള പിന്തുണയും ഐക്യദാർഢ്യവും എത്രത്തോളം പ്രധാനമാണെന്ന് ഈ സൗഹൃദം നമ്മെ ഓർമ്മിപ്പിക്കുന്നു. വിവേചനങ്ങൾക്കെതിരെ ഐക്യത്തോടെ പോരാടാനുള്ള കരുത്താണ് ഫാത്തിമയുടെയും സാവിത്രിയുടെയും ജീവിതം നൽകുന്ന സന്ദേശം.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സാമൂഹിക പരിഷ്കരണ മേഖലകളിലും സാവിത്രിഭായ് തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 1863-ൽ 'ബാൽഹത്യ പ്രതിബന്ധക് ഗൃഹ' എന്ന സ്ഥാപനം തുടങ്ങിയ അവർ, വിധവകളായ സ്ത്രീകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും സംരക്ഷണം നൽകി. സമൂഹം ആട്ടിയോടിച്ച കാശിഭായി എന്ന ബ്രാഹ്മണ വിധവയുടെ മകൻ യശ്വന്തിനെ സ്വന്തം മകനായി ദത്തെടുത്ത് വളർത്തിയതിലൂടെ ജാതി വ്യവസ്ഥയെ അവർ വെല്ലുവിളിച്ചു. സ്വന്തമായി കുഞ്ഞുങ്ങളില്ലാതിരുന്നിട്ടും ലോകത്തിലെ എല്ലാ അനാഥർക്കും അവർ അമ്മയായി മാറി. വിധവകളുടെ തലമുണ്ഡനം ചെയ്യുന്നതിനെതിരെ ക്ഷുരകന്മാരെ സംഘടിപ്പിച്ച് നടത്തിയ സമരം മാനുഷികമായ വലിയൊരു ഇടപെടലായിരുന്നു. എന്നത്തെയും അധ്യാപികമാർ കേവലം പാഠ പുസ്തകങ്ങൾ പഠിപ്പിക്കുന്നവർ മാത്രമാകാതെ സാമൂഹിക തിന്മകൾക്കെതിരെ കാലാതീതമായി പ്രതികരിക്കേണ്ടവരാണെന്ന് ഈ പ്രവർത്തനങ്ങൾ ഓർമ്മിപ്പിക്കുന്നു. അധ്യാപനം എന്നത് സ്നേഹത്തിന്റെയും കരുണയുടെയും കൂടി ഭാഗമാണെന്ന് സാവിത്രിഭായ് കാണിച്ചുതന്നു.
സാഹിത്യത്തെയും കവിതയെയും സാമൂഹിക മാറ്റത്തിനുള്ള ആയുധമാക്കാൻ സാവിത്രിഭായിക്ക് കഴിഞ്ഞു. 1854-ൽ അവരുടെ ആദ്യത്തെ കവിതാസമാഹാരമായ 'കാവ്യ ഫൂലെ' പ്രസിദ്ധീകരിക്കപ്പെട്ടു. "അലസനായിരിക്കരുത് സഹോദരാ, എഴുന്നേൽക്കൂ, വിദ്യ നേടൂ" എന്ന അവരുടെ വരികൾ അധ്വാനിക്കുന്ന വർഗ്ഗത്തിന് ഊർജ്ജമായി മാറി. മറാത്തി സാഹിത്യത്തിലെ ആധുനിക കവിതയുടെ മാതാവായി അവർ ആദരിക്കപ്പെടുന്നു. കവിതകൾ കേവലം വർണ്ണനകൾക്കല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവരുടെ വിലാപങ്ങളെ മാറ്റത്തിന്റെ ഇടിമുഴക്കങ്ങളാക്കി മാറ്റാനുള്ളതാണെന്ന് അവർ തെളിയിച്ചു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, അധ്യാപികമാർ എഴുത്തിലും വായനയിലും പുലർത്തേണ്ട താല്പര്യം പുതിയ തലമുറയെ നയിക്കാൻ അത്യന്താപേക്ഷിതമാണ്. സാഹിത്യത്തിലൂടെ ആശയവിനിമയം ഫലപ്രദമായി നടത്താമെന്നും അതുവഴി സാമൂഹ്യമാറ്റം സാധ്യമാകുമെന്നും സാവിത്രിയുടെ കവിതകൾ നമ്മെ പഠിപ്പിക്കുന്നു
1873 സെപ്റ്റംബർ 24-ന് രൂപീകരിക്കപ്പെട്ട സത്യശോധക് സമാജ് (സത്യം അന്വേഷിക്കുന്നവരുടെ സംഘടന) ജാതി മേധാവിത്വത്തിനും പൗരോഹിത്യ ചൂഷണത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടമായിരുന്നു. ഈ സംഘടനയുടെ അധ്യക്ഷപദവി അലങ്കരിച്ച ആദ്യ വനിതയായി സാവിത്രിഭായ് മാറി. ജാതിരഹിത പന്തിഭോജനങ്ങളും ലളിതമായ വിവാഹ രീതികളും നടപ്പിലാക്കിക്കൊണ്ട് അവർ ഒരു പുതിയ ലോകക്രമം പണിതു. 1868-ലെ കടുത്ത വേനലിൽ ദലിതർക്ക് കുടിവെള്ളം നിഷേധിക്കപ്പെട്ടപ്പോൾ സ്വന്തം വീട്ടിലെ ടാങ്ക് അവർക്കായി തുറന്നുകൊടുത്തത് ചരിത്രപരമായ ഒരു നീക്കമായിരുന്നു. ഈ രാഷ്ട്രീയ ബോധവും സമത്വചിന്തയുമാണ് സമകാലിക അധ്യാപികമാരും ഉയർത്തിപ്പിടിക്കേണ്ടത്. അധികാര സമവാക്യങ്ങളെ ചോദ്യം ചെയ്യാനും നീതിക്കുവേണ്ടി നിലകൊള്ളാനും സാവിത്രിഭായ് ഓരോ അധ്യാപികയെയും ഇന്നും പ്രേരിപ്പിക്കുന്നു.

അധ്യാപികമാർ നേരിടുന്ന പ്രശ്നങ്ങൾ ഇന്നും ഏറെയാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതിപ്രസരം അധ്യാപനത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നു. ഈ വെല്ലുവിളികൾക്കിടയിലും സാവിത്രിഭായ് മുന്നോട്ടുവെച്ച 'അറിവ് ആയുധമാക്കുക' എന്ന മുദ്രാവാക്യത്തിന് വലിയ പ്രസക്തിയുണ്ട്. വിദ്യാഭ്യാസ രംഗത്തെ ലിംഗവിവേചനവും തൊഴിലിടങ്ങളിലെ പീഡനങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. അധ്യാപികമാർ തങ്ങളുടെ അവകാശങ്ങൾക്കായി സംഘടിക്കേണ്ടതിന്റെ ആവശ്യകതയാണ് 1852-ൽ അവർ രൂപീകരിച്ച മഹിളാ സേവാ മണ്ഡൽ നമ്മെ പഠിപ്പിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ, അതിൽ അധ്യാപികമാരുടെ ഭാഗധേയം എത്രത്തോളമുണ്ടെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരേണ്ടതുണ്ട്. സാവിത്രിഭായിയെപ്പോലെ തന്നെ അധ്യാപികമാർ മാറ്റത്തിന്റെ മുൻനിര പോരാളികളാവണം.
1897-ൽ പൂനെയിൽ പ്ലേഗ് മഹാമാരി പടർന്നുപിടിച്ചപ്പോൾ, സ്വന്തം ജീവൻ അവഗണിച്ചുകൊണ്ട് രോഗികളെ ചികിത്സിക്കാനായി അവർ ഇറങ്ങിത്തിരിച്ചു. പാണ്ഡുരംഗ് ബാബാജി ഗെയ്ക്വാദ് എന്ന ദലിത് ബാലനെ തോളിലേറ്റി കിലോമീറ്ററുകളോളം നടന്ന് ആശുപത്രിയിലെത്തിച്ച ആ 66 വയസ്സുകാരിയുടെ കരുണാർദ്രമായ മുഖം മാനവികതയുടെ ഉദാത്തമായ അടയാളമാണ്. ആ പരിചരണത്തിനിടെ പ്ലേഗ് ബാധിച്ചാണ് 1897 മാർച്ച് 10-ന് സാവിത്രിഭായ് മരണപ്പെടുന്നത്. മരണത്തിലും അവർ ഒരു വലിയ സന്ദേശം ലോകത്തിന് നൽകി - സേവനത്തിന്റെ ബലിപീഠത്തിൽ സ്വന്തം ജീവൻ സമർപ്പിച്ചുകൊണ്ടുള്ള രക്തസാക്ഷിത്വമായിരുന്നു അത്. ഇന്നത്തെ കാലഘട്ടത്തിൽ അധ്യാപികമാർ അനുഭവിക്കുന്ന പിരിമുറുക്കങ്ങൾക്കിടയിലും സഹജീവികളോടുള്ള ഈ കരുണയാണ് അവരെ ഒരു യഥാർത്ഥ ഗുരുവായി നിലനിർത്തുന്നത്. സാവിത്രിഭായിയുടെ ഈ ആത്മത്യാഗം ഓരോ അധ്യാപികയുടെയും ഹൃദയത്തിൽ സ്നേഹത്തിന്റെയും ധീരതയുടെയും അഗ്നിയായി ജ്വലിക്കണം. സാവിത്രിഭായ് ഫൂലെ വെട്ടിത്തെളിച്ച പാതയിലൂടെയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസ രംഗം മുന്നേറുന്നത്. ആധുനിക ഇന്ത്യയിലെ ഓരോ പെൺകുട്ടിയും സ്കൂളിലേക്ക് പോകുമ്പോൾ അവളുടെ കാൽപ്പാടുകളിൽ സാവിത്രിയുടെ സാന്നിധ്യമുണ്ട്. ഓരോ അധ്യാപികയുടെയും ശബ്ദം ക്ലാസ് മുറിയിൽ നിറയുമ്പോൾ ആ ശബ്ദത്തിൽ സാവിത്രിയുടെ ഗാംഭീര്യമുണ്ട്. തൊഴിൽ അവകാശങ്ങൾക്ക് കവർന്നെടുക്കുന്ന നയങ്ങൾക്കെതിരെ, മുൻകാല പ്രാബല്യത്തോടെ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾക്കെതിരെ അധ്യാപികമാരുടെ പോരാട്ടം അനിവാര്യമായ കാലമാണിത്. സാമൂഹികവും രാഷ്ട്രീയവുമായ ഈ ശാക്തീകരണത്തിനുള്ള ചുവടുവെപ്പായി സാവത്രിഭായ് ഫുലെ അനുസ്മരണങ്ങൾ മാറണം. അറിവിൻ്റെ വിളക്കുകൾ അണയാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം അധ്യാപക സമൂഹത്തിനുണ്ട്. മാറ്റത്തിന് തയ്യാറാവുക, അറിവിനെ ആയുധമാക്കുക എന്ന മഹത്തായ ആഹ്വാനം എന്നും പ്രസക്തമാണ്. സാവിത്രിഭായ് ഫൂലെ എന്ന സൂര്യതേജസ്സ് അനശ്വരമായി സാമൂഹിക മാറ്റങ്ങൾക്ക് ഊർജം നൽകുന്നു. ഓരോ പെൺകുട്ടിയും സ്കൂളിലേക്ക് ചുവടുവെക്കുമ്പോൾ അവിടെ സാവിത്രിഭായ് പുഞ്ചിരിക്കുന്നുണ്ട്. ആ ചിരി അണയാതെ സൂക്ഷിക്കുക എന്നതാണ് നാം അവർക്ക് നൽകുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനം.
