നാടകം കളിച്ച വിദ്യാർഥികൾക്കെതിരെ ​പൊലീസ്, എ.ബി.വി.പി ഭീഷണി, അരക്ഷിതാവസ്ഥയിലെന്ന് വിദ്യാര്‍ഥികള്‍

വേള്‍ഡ് തിയേറ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയിലെ പെര്‍ഫോമിങ്ങ് ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരെ എ.ബി.വി.പി പ്രതിഷേധം. നാടകം മതവികാരം വ്രണപ്പെടുത്തിയെന്ന എ.ബി.വി.പിയുടെ ആരോപണത്തോടൊപ്പം നിൽക്കുകയാണ് പോലീസും. മാത്രമല്ല, നാടകത്തിൽ അഭിനയിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പരസ്യ ആക്രമണങ്ങള്‍ക്കും ആഹ്വാനമുണ്ട്. വിദ്യാര്‍ഥിനികളോട് റേപ് ജോക്ക്‌സുകൾ പറഞ്ഞ് ആക്ഷേപിക്കുകയാണെന്നും കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും വിദ്യാർഥികൾ പറയുന്നു.

വേള്‍ഡ് തിയേറ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയിലെ പെര്‍ഫോമിങ്ങ് ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ നടത്തിയ നാടകത്തിനെതിരെ എ.ബി.വി.പി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ നാടകം അവതരിപ്പിച്ചെന്നാണ് ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ ആരോപണം.

സംഭവത്തിനാധാരമായ ‘സോമായനം’ എന്ന നാടകത്തിന്റെ സംവിധായകനും അഭിനേതാക്കളുമായ വിദ്യാര്‍ഥികള്‍ക്കും സംഘാടകർക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാമ്പസിൽ പ്രതിഷേധവും നടത്തിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും തമിഴ്‌നാട്ടിലെ പരമ്പരാഗത തെരുവ്‌ നാടകരൂപമായ തെരുക്കൂത്ത് ശൈലിയിലാണ് നാടകം ചെയ്തിട്ടുള്ളതെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. നാടകവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ, എ.ബിവി.പി പ്രവര്‍ത്തകര്‍ പ്രത്യക്ഷ ആക്രമണങ്ങളും സൈബര്‍ ബുള്ളിയിങ്ങും നടത്തുകയാണെന്നും കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നടന്ന എ.ബി.വി.പി പ്രതിഷേധത്തിൽ നിന്ന്
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നടന്ന എ.ബി.വി.പി പ്രതിഷേധത്തിൽ നിന്ന്

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ പെര്‍ഫോമിങ്ങ് ആര്‍ട്‌സ് ഡിപാര്‍ട്ട്‌മെന്റിനു കീഴില്‍ മാര്‍ച്ച് 26 മുതല്‍ 30 വരെയാണ് ‘ഏഴിനി 2k24’ എന്ന പേരില്‍ നാടകോത്സവം സംഘടിപ്പിച്ചത്. മാര്‍ച്ച് 29 നാണ് 'സോമായനം' നാടകം അവതരിപ്പിക്കുന്നത്. രാമായണത്തിലെ കഥാപാത്രങ്ങളെ വികലമാക്കിയും അനാദരവോടെയുമാണ് നാടകത്തില്‍ അവതരിപ്പിച്ചത് എന്നാരോപിച്ച് മാര്‍ച്ച് 30 ന് എ.ബി.വി.പി കാമ്പസിൽ പ്രതിഷേധ സമരം നടത്തി. നാടകത്തില്‍ സീതയുടെ കഥാപാത്രത്തെ ‘ഗീത’യെന്ന പേരിലും രാവണനെ ‘ഭാവന’ എന്ന പേരിലുമാണ് അവതരിപ്പിക്കുന്നതെന്നാണ് എ.ബി.വി.പി ആരോപണം. രാമായണത്തെ ആദരിക്കുന്ന ദശലക്ഷകണക്കിന് വിശ്വാസികളോടുള്ള നിന്ദയാണ് നാടകമെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് എ.ബി.വി.പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കമ്യൂണിസ്റ്റ് - ഇടതുപക്ഷ നേതൃത്വത്തിലുള്ള സംഘടനകളുടെ ഒത്താശയിലാണ് നാടകം അവതരിപ്പിക്കപ്പെട്ടതെന്നും ആവിഷ്‌കാര സ്വാതന്ത്രം, മതവികാരം വ്രണപ്പെടുത്തുന്നതോ സാമുദായിക വൈരുദ്ധ്യം വളർത്തുകയോ ലക്ഷ്യം വെച്ചുള്ളതാകരുതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സംവിധായകന്‍, എഴുത്തുകാരന്‍, അഭിനേതാക്കള്‍ എന്നിവരെ കാമ്പസില്‍ നിന്ന് പിരിച്ചുവിടണമെന്നും നാടകത്തിന് അനുമതി നല്‍കിയ പെര്‍ഫോമിങ്ങ് ആര്‍ട്‌സ് മേധാവിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും എ.ബിവി.പി ആവശ്യപ്പെട്ടിട്ടുണ്ട്.

നാടകവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയമിച്ചതായും സര്‍വകലാശാല രജിസ്റ്റാര്‍ അറിയിച്ചു.

എന്നാല്‍ രാമായണത്തെയും മതവികാരങ്ങളെയും വ്രണപ്പെടുത്തുന്ന രീതിയില്‍ ഒന്നും ‘സോമായനം’ നാടകത്തിൽ ഉണ്ടായിരുന്നില്ലെന്നും സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളോടുള്ള എ.ബി.വി.പിയുടെ വിദ്വേഷമാണ് വിവാദത്തിന് പിന്നിലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എ.ബി.വി.പി പ്രവര്‍ത്തകര്‍ നാടകം മുഴുവന്‍ കാണാതെ ചില രംഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പൊളിറ്റിക്കല്‍ പ്രൊപഗാന്റയുടെ പേരിൽ പ്രചരിപ്പിക്കുകയാണെന്നും അവർ പറയുന്നു.

തമിഴ്‌നാട്ടിലെ പരമ്പരാഗത തെരുവ്‌ നാടകരൂപമായ ‘തെരുക്കൂത്തി’നെക്കുറിച്ച് സിലബസില്‍ പഠിക്കാനുണ്ട്. തെരുക്കൂത്തിനെ ആധുനിക ശൈലിയില്‍ സ്ത്രീപക്ഷനാടകമായി അവതരിപ്പിക്കുകയാണ് ചെയ്തത്. കഥാപാത്രങ്ങളുടെ മേക്കപ്പും വേഷവിധാനങ്ങളുമെല്ലാം ഈ ശൈലിയിലായിരുന്നു. കഥാപാത്രങ്ങളെല്ലാം സാങ്കല്‍പ്പികമാണെന്ന് അവതരണത്തിന് മുമ്പേ അറിയിച്ചിരുന്നതായും വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാടകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പ്രേക്ഷകര്‍ ആരും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

‘സോമായനം’ നാടകത്തിൽ നിന്ന്
‘സോമായനം’ നാടകത്തിൽ നിന്ന്

നാടകോത്സവത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ആക്രമണങ്ങളുമാണ് എ.ബി.വി..പിയില്‍ നിന്ന് നേരിടേണ്ടിവന്നതെന്നാണ് ‘‘സോമായനം’’ നാടകത്തിലെ അഭിനേതാവും പെര്‍ഫോമിങ്ങ് ആര്‍ട്‌സ് വിദ്യാര്‍ഥിയുമായ വിശാഖ്.വി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്:

മാര്‍ച്ച് 30 മുതല്‍ നാടകാവതരണവും റിഹേഴ്‌സലുമെല്ലാം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ എ.ബി.വി.പിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. സ്റ്റുഡിയോയിൽ നാടകം നടക്കുന്ന സമയത്ത് പുറത്ത് മുദ്രാവാക്യം വിളിക്കുകയും വലിയ ഹോണ്‍ പോലുള്ള ഉപകരണങ്ങള്‍ മുഴക്കുകയും ചെയ്തു. നാടകാവതരണം തടസ്സപ്പെടുത്താനാകാതെ വന്നപ്പോൾ പോസ്റ്ററുകള്‍ നീക്കാനാവശ്യപ്പെട്ടു. പെര്‍ഫോമിങ്ങ് ആർട്സ് ഡിപ്പാർട്ടുമെന്റിലെത്തി തുടരെ പ്രതിഷേധങ്ങള്‍ നടത്തി. നാടകത്തിലഭിനയിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പരസ്യ ആക്രമണങ്ങള്‍ക്കും ഇവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥിനികളോട് റേപ് ജോക്ക്‌സുകൾ പറഞ്ഞ് ആക്ഷേപിക്കുകയാണ്. കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്’’.

വിശാഖ്.വി
വിശാഖ്.വി

“തെരുക്കൂത്ത് എന്ന തമിഴ് നാടന്‍ കലാരൂപത്തിന്റെ ഫോമില്‍ നിന്ന് അഡാപ്റ്റ് ചെയ്ത നാടകമായിരുന്നു ‘സോമായനം’. ആക്ഷേപഹാസ്യരൂപത്തിൽ സാമൂഹ്യ പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന നാടകങ്ങളാണ് തെരുക്കൂത്ത്. ആദ്യ രണ്ട് സെമസ്റ്ററുകളില്‍ ഞങ്ങള്‍ നാടകവിദ്യാര്‍ഥികള്‍ തെരുക്കൂത്തിനെക്കുറിച്ച് പഠിക്കുന്നുണ്ട്. അതിന്റെ പിന്‍ബലത്തിലാണ് ആ ശൈലിയില്‍ നാടകം ചെയ്യുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് അതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ബുള്ളി ചെയ്യാനാണ് എ.ബി.വി.പി ശ്രമിക്കുന്നത്”

സംഭവത്തിനുശേഷം എ.ബി.വിപി ആക്രമണമുണ്ടായിട്ടും നടപടിയെടുക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വൈസ് ചാന്‍സലറുടെയും വകുപ്പ് മേധാവിയുടെയും അനുമതിയോടെ വേള്‍ഡ് തിയേറ്റര്‍ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചതാണ് നാടകോത്സവം. പൂര്‍ണ്ണമായും യൂണിവേഴ്‌സിറ്റിക്കും ഡിപ്പാർട്ടുമെന്റിനും ഉത്തരവാദിത്തമുണ്ടായിരുന്ന പരിപാടിയായിട്ടും തങ്ങൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

‘സോമായനം’ നാടകത്തിൽ നിന്ന്
‘സോമായനം’ നാടകത്തിൽ നിന്ന്

പോലീസും വിഷയത്തില്‍ ഏകപക്ഷീയ നടപടിയാണ് സ്വീകരിച്ചത്. മാര്‍ച്ച് 30 ന് എ.ബി.വി.പി പ്രതിഷേധം നടന്ന ദിവസം പോലീസ് കാമ്പസില്‍ വന്നിരുന്നു. സംഭവത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തുന്നതിനുപകരം എ.ബി.വി.പിയുടെ പക്ഷം ചേര്‍ന്ന് നാടകത്തിന്റെ ഫ്ലക്സുകൾ അഴിച്ചുമാറ്റാനാണ് പോലീസ് ആവശ്യപ്പെട്ടത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് സ്വമേധയാ കേസെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭരണഘടന പ്രകാരം അവകാശപ്പെട്ട ആവിഷ്‌കാര സ്വാതന്ത്ര്യം വിനിയോഗിച്ചുതന്നെ നാടകാവതരണം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് വിദ്യാര്‍ഥികള്‍.

Comments