‘സോമയാനം’ നാടകം: എ.ബി.വി.പിയുടെ റേപ്പ്- വധ ഭീഷണികൾക്കെതിരെ നടപടിയില്ല, അനിശ്ചിതകാല സമരവുമായി വിദ്യാർഥികൾ

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ വേൾഡ് തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി പെർഫോമിങ്ങ് ആർട്‌സ് വിദ്യാർഥികൾ അവതരിപ്പിച്ച 'സോമയാനം' നാടകാവതരണവുമായി ബന്ധപ്പെട്ട കോളേജ് അധികൃതരുടെ അടിച്ചമർത്തൽ നടപടികൾ തുടരുന്നു. വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുകയാണ്.

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നാടകാവതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോളേജ് അഡ്മിനിസ്‌ട്രേഷന്റെ പക്ഷപാതപരമായ സമീപനങ്ങൾക്കെതിരെ പെർഫോമിങ്ങ് ആർട്‌സ് വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിൽ.

വേൾഡ് തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി പെർഫോമിങ്ങ് ആർട്‌സ് വിദ്യാർഥികൾ അവതരിപ്പിച്ച 'സോമയാനം' നാടകാവതരണത്തിനുശേഷം എ.ബി.വി.പിയിൽനിന്ന് വിദ്യാർഥികൾക്ക് വധ ഭീഷണിയും സൈബർ ആക്രമണങ്ങളും നേരിടേണ്ടിവന്നിരുന്നു. ഇതിനെക്കുറിച്ച് വിദ്യാർഥികൾ പരാതി നൽകിയെങ്കിലും നടപടികളെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

നാടകം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എ.ബി.വി.പി നൽകിയ പരാതിയിൽ 'സോമായനം' നാടകത്തിന്റെ സംവിധായകനും പോർഫോമിങ്ങ് ആർട്‌സ് വിദ്യാർഥിയുമായ പുഷ്പരാജിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ നാടകത്തിൽ അഭിനയിച്ച പെൺകുട്ടികൾക്കുനേരേ എ.ബി.വി.പി പ്രവർത്തകർ റേപ്പ് ഭീഷണി മെസേജ് ചെയ്തത് തെളിവുസഹിതം അഡ്മിനിസ്‌ട്രേഷനിൽ പരാതിപ്പെട്ടിട്ടും കുറ്റാരോപിതർക്കെതിരെ നടപടിയുണ്ടായില്ല.

പോണ്ടിച്ചേരി സർവകലാശാലയിൽ സമരം ചെയ്യുന്ന പെർഫോമിങ്ങ് ആർട്സ് വിദ്യാർഥികൾ

നാടകാവതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടന്നിട്ട് ഒരു മാസമായിട്ടും സുതാര്യമായ അന്വേഷണം നടത്താതെ, പക്ഷപാതപരമായ നടപടികളാണ് സർവകലാശാല സ്വീകരിക്കുന്നതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. എ.ബി.വി.പിയുടെ കളിപ്പാവയായാണ് അഡ്മിൻ വിഷയത്തിൽ ഇടപെടൽ നടത്തുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ പെർഫോമിങ്ങ് ആർട്‌സ് ഡിപാർട്ട്‌മെന്റിനു കീഴിൽ മാർച്ച് 26 മുതൽ 30 വരെയാണ് 'ഏഴിനി 2k24' എന്ന പേരിൽ നാടകോത്സവം സംഘടിപ്പിച്ചത്. മാർച്ച് 29 നാണ് 'സോമായനം' നാടകം അവതരിപ്പിക്കുന്നത്. രാമായണ കഥാപാത്രങ്ങളെ വികലമാക്കിയും അനാദരവോടെയുമാണ് നാടകത്തിൽ അവതരിപ്പിച്ചത് എന്നാരോപിച്ച് മാർച്ച് 30 ന് എ.ബി.വി.പി കാമ്പസിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. തെരുക്കൂത്ത് എന്ന തമിഴ് നാടൻ കലാരൂപത്തിന്റെ ഫോമിൽ നിന്ന് അഡാപ്റ്റ് ചെയ്ത നാടകമായിരുന്നു 'സോമായനം'. ആക്ഷേപഹാസ്യരൂപത്തിൽ സാമൂഹ്യ പ്രശ്നങ്ങളെ അവതരിപ്പിക്കുന്ന നാടകങ്ങളാണ് തെരുക്കൂത്ത്.

നാടകാവതരണത്തിനുശേഷം എ.ബി.വി.പിയിൽ നിന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഭീഷണികളും നാടകപ്രവർത്തകർക്ക് നേരിടേണ്ടിവന്നിരുന്നു. ഒരു മാസം പിന്നിട്ടിട്ടും ഈ ആക്രമണങ്ങളിലൊന്നും നടപടിയുണ്ടായില്ല.

എ.ബി.വി.പിയുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട രണ്ട് പരാതികൾ ഡീൻ മുഖാന്തരം വൈസ് ചാൻസലർക്ക് നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വി.സി ഓഫീസിൽ നിന്ന് പരാതി നിരസിച്ചതായി ഡീൻ വിദ്യാർഥികളെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിനുപിന്നിലെ രാഷ്ട്രീയ കളികൾ കൂടുതൽ വ്യക്തമായതെന്നാണ് പെർഫോമിങ്ങ് ആർട്‌സ് വിദ്യാർഥിയും നാടകത്തിലെ അഭിനേതാവുമായ വിശാഖ. വി ട്രൂകോപ്പിയോട് പറഞ്ഞത്.

“വിദ്യാർഥികൾക്കൊപ്പം നിൽക്കുന്നതിനുപകരം ഡീൻ ഞങ്ങൾക്കെതിരായി പ്രവർത്തിക്കാനാണ് ശ്രമിക്കുന്നത്. എപ്രിൽ 29 ന് നാടകാവതരണത്തിന് ശേഷം നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെല്ലാം ഡീനിനെ വിളിച്ച് ചർച്ച ചെയ്തിരുന്നു. വി.സിക്ക് കൊടുക്കാനായി രണ്ട് പരാതികൾ എഴുതിപ്പിച്ചിരുന്നു. അതിൽ ഡീനിന്റെ സീലും ഒപ്പുമെല്ലാം രേഖപ്പെടുത്തിയിരുന്നു. വി.സിക്ക് പരാതി കൊടുക്കുമെന്നെല്ലാം പറഞ്ഞിരുന്നെങ്കിലു വി.സി ഓഫീസിൽ നിന്ന് അത് നിരസിച്ചെന്നാണ് ഞങ്ങളെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അങ്ങനെയൊരു പരാതിയേ അവിടെ സമർപ്പിക്കപ്പെട്ടില്ലെന്ന് അറിഞ്ഞത്. വിദ്യാർഥികൾ സമർദ്ദം ഉപയോഗിച്ച് തന്നെക്കൊണ്ട് ഒപ്പുവെപ്പിച്ചതാണെന്ന് ആരോപിച്ച് പരാതി തള്ളിക്കളയാനാണ് ഡീൻ ശ്രമിച്ചത്”

ഇതിനെ തുടർന്ന് എപ്രിൽ 30 മുതൽ പെർഫോമിങ്ങ് ആർട്‌സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കാമ്പസിൽ സമരം ആരംഭിച്ചു. പെർഫോമിങ്ങ് ആർട്‌സിലെ ഒന്നാംവർഷ- രണ്ടാം വർഷ വിദ്യാർഥികളെല്ലാം സമരത്തിൽ അണിചേർന്നിട്ടുണ്ട്. എസ്.എഫ്.ഐ പോലുള്ള വിദ്യാർഥി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പെർഫോമിങ്ങ് ആർട്‌സിലെ അക്കാദമിക് പ്രവർത്തനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. റിഹേഴ്‌സൽ ചെയ്യുന്ന മൂന്ന് സ്റ്റുഡിയോക്കളടക്കം എല്ലാ പ്രവർത്തനങ്ങളും മരവിപ്പിച്ചിരിക്കുകയാണെന്നാണ് വിദ്യാർഥികൾ പറയുന്നത്.

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ മുന്നോട്ടുവെക്കുന്നത്.

  • പുഷ്പരാജിന്റെ സസ്‌പെൻഷൻ പിൻവലിക്കുക:

നാടക സംവിധായകനായ പുഷ്പരാജിനെ എപ്രിൽ16-ന് സസ്പെൻഡ് ചെയ്തതായി കത്ത് മുഖേന സർവകലാശാല അധികൃതർ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാനും വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ടെന്നാരോപിച്ചാണ് സസ്പെൻഡ് ചെയ്യുന്നത് എന്നാണ് കത്തിൽ പറയുന്നത്. സസ്പെൻഷനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയോ വിദ്യാർഥിയുമായി നേരിട്ടു സംസാരിക്കുകയോ ചെയ്തിട്ടില്ല. നടപടിയെടുക്കുന്നതിന് കാരണമായ പരാതിയെന്താണെന്ന് പോലും ബോധിപ്പിക്കാതെ, അറിയിപ്പുകളൊന്നുമില്ലാതെയാണ് സസ്പെൻഡ് ചെയ്യുന്നത്. യു.ജി.സിയുടെ റൂൾസ് ആൻഡ് റെഗുലേഷൻ അനുസരിച്ച് കൃത്യമായ അന്വേഷണം നടത്താതെ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ വകുപ്പില്ലെന്നും നിയമവിരുദ്ധമായ സസ്‌പെൻഷൻ പിൻവലിക്കണമെന്നുമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

  • വിദ്യാർഥിനികൾക്കെതിരായ റേപ് ഭീഷണികളിൽ അടിയന്തര നടപടിയെടുക്കുക

നാടകപ്രവർത്തകരായ പെൺകുട്ടികൾക്കു നേരെ റേപ്പ് ഭീഷണികളുണ്ടായിരുന്നു. തെളിവു സഹിതം രണ്ടു തവണ പരാതി നൽകിയിട്ടും അന്വേഷിക്കാനോ നടപടിയെടുക്കാനോ കോളേജ് അധികൃതർ തയ്യാറായിട്ടില്ല. സെക്ഷ്വൽ ഹറാസ്‌മെന്റിനെതിരെയുള്ള പരാതികൾ നൽകാൻ വിദ്യാർഥിനികൾ ഓഫീസിലെത്തുമ്പോൾ അവരെ കളിയാക്കാനും പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് അധികൃതർ നടത്തിയത്. പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

  • നിരുത്തരവാദപരമായി പെരുമാറിയ പെർഫോമിങ്ങ് ആർട്‌സ് മേധാവിയെയും ഡീനിനെയും പിരിച്ചുവിടുക

നാടകാവതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിവാദങ്ങളും തുടങ്ങിയ സമയം മുതലേ പെർഫോമിങ്ങ് ആർട്‌സ് മേധാവിയും ഡീനും നിരുത്തരവാദപരമായാണ് പെരുമാറുന്നത്. വൈസ് ചാൻസലറുടെയും വകുപ്പ് മേധാവിയുടെയും അനുമതിയോടെ വേൾഡ് തിയേറ്റർഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചതാണ് നാടകോത്സവം. പൂർണ്ണമായും യൂണിവേഴ്സിറ്റിക്കും ഡിപ്പാർട്ടുമെന്റിനും ഉത്തരവാദിത്തമുണ്ടായിരുന്ന പരിപാടിയായിട്ടും ആക്രമണങ്ങളിലൊന്നും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. നാടകാവതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പെർഫോമിങ്ങ് ആർട്സ് മേധാവിയെയും നേരത്തെ താൽക്കാലികമായി സ്ഥാനത്ത് നിന്ന് മാറ്റിനിർത്തിയിരുന്നു. തുടർന്ന് വകുപ്പിന്റെ ചുമതല ഡീനിനെയാണ് ഏൽപ്പിച്ചിരുന്നത്. വിഷയത്തിൽ ഇതുവരെ വിദ്യാർഥി പക്ഷത്ത് നിന്ന് കാര്യങ്ങൾ കേൾക്കാൻ ഡീൻ തയ്യാറായിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികൾ സമരം പ്രഖ്യാപിച്ചത് മുതൽ ഡീനും എച്ച്.ഒ.ഡിയും മെഡിക്കൽ ലീവിലാണ്. ഫാക്കൽറ്റികളിൽ നിന്ന് ആരും വിദ്യാർഥികളുടെ സമരത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടില്ല.

നാടകവാതരണത്തിന്റെ ഭാഗമായി കാമ്പസിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഉപയോഗിച്ച് വഴി തടഞ്ഞ് പ്രതിഷേധിക്കാൻ കഴിഞ്ഞദിവസം വിദ്യാർഥികൾ ശ്രമിച്ചെങ്കിലും സെക്യൂരിറ്റികൾ അത് ബലം പ്രയോഗിച്ച് എടുത്തുമാറ്റി. ഇന്നലെ ഉച്ചവരെ വിദ്യാർഥികൾ കാമ്പസിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഉച്ചക്കുശേഷം പെർഫോമിങ്ങ് ആർട്‌സ് ഡിപാർട്ടമെന്റ് മുതൽ അഡ്മിൻ ബ്ലോക്ക് വരെ വിദ്യാർഥികൾ മാർച്ച് ചെയ്തിരുന്നു. എന്നാൽ സമരം ആരംഭിച്ചതുമുതൽ അഡ്മിനിസ്‌ട്രേഷനും സെക്യൂരിറ്റി ഓഫീസും പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു.

കഴിഞ്ഞ ദിവസം വിഷയങ്ങൾ ചർച്ച ചെയ്യാൻ വിദ്യാർഥികൾ രജിസ്ട്രാറെ കണ്ടെങ്കിലും ഫലമുണ്ടായില്ല. വിഷയവുമായി ബന്ധപ്പെട്ട് എൻക്വയറി നടക്കുന്നതുകൊണ്ട് ഇന്നു മാത്രം സമരം താൽക്കാലികമായി നിർത്തിവെക്കാാനാണ് സമരസമിതി തീരുമാനം.

Comments