നാടകം കളിച്ച വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്ത് പോണ്ടിച്ചരി സർവകലാശാല

'സോമായനം' നാടകത്തിന്റെ സംവിധായകനും പോർഫോമിങ്ങ് ആർട്‌സ് വിദ്യാർഥിയുമായ പുഷ്പരാജിനെയാണ് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്. വിഷയവുമായി ബന്ധപ്പെട്ട് സുതാര്യമായ അന്വേഷണം നടത്താതെ, പക്ഷപാതപരമായ നടപടികളാണ് സർവകലാശാല സ്വീകരിക്കുന്നതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.

പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയിൽ നാടകാവതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പെർഫോമിങ്ങ് ആർട്‌സ് വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത് കോളേജ് അധികൃതർ. വേൾഡ് തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി പെർഫോമിങ്ങ് ആർട്‌സ് വിദ്യാർഥികൾ നടത്തിയ നാടകം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എ.ബി.വി.പി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. 'സോമായനം' നാടകത്തിന്റെ സംവിധായകനും പോർഫോമിങ്ങ് ആർട്‌സ് വിദ്യാർഥിയുമായ പുഷ്പരാജിനെയാണ് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്. വിഷയവുമായി ബന്ധപ്പെട്ട് സുതാര്യമായ അന്വേഷണം നടത്താതെ, പക്ഷപാതപരമായ നടപടികളാണ് സർവകലാശാല സ്വീകരിക്കുന്നതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ പെർഫോമിങ്ങ് ആർട്സ് ഡിപാർട്ട്മെന്റിനു കീഴിൽ മാർച്ച് 26 മുതൽ 30 വരെയാണ് 'ഏഴിനി 2k24' എന്ന പേരിൽ നാടകോത്സവം സംഘടിപ്പിച്ചത്. മാർച്ച് 29 നാണ് 'സോമായനം' നാടകം അവതരിപ്പിക്കുന്നത്. രാമായണത്തിലെ കഥാപാത്രങ്ങളെ വികലമാക്കിയും അനാദരവോടെയുമാണ് നാടകത്തിൽ അവതരിപ്പിച്ചത് എന്നാരോപിച്ച് മാർച്ച് 30 ന് എ.ബി.വി.പി കാമ്പസിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. നാടക അവതരണത്തിന് ശേഷം എ.ബി.വി.പിയിൽ നിന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഭീഷണികളും സോമായനം നാടകത്തിന്റെ അണിയറ പ്രവർത്തകർക്ക് നേരിടേണ്ടി വന്നിരുന്നു. നാടകത്തിലെ പെൺകുട്ടികൾക്ക് നേരെ റേപ്പ് ഭീഷണികളുണ്ടായിരുന്നു. ഈ വിഷയത്തിൽ തെളിവുകൾ സഹിതം രണ്ടുതവണ പരാതി നൽകിയിട്ടും സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ കോളേജ് അധികൃതർ തയ്യാറായിട്ടില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. എന്നാൽപുഷ്പരാജിനെ സസ്പെൻഡ് ചെയ്യാൻ സർവകലാശാല എന്തിനാണ് ഇത്ര ധൃതി കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു.

പുഷ്പരാജ്

എപ്രിൽ16നാണ് പുഷ്പരാജിനെ സസ്‌പെൻഡ് ചെയ്തതായി കത്ത് മുഖേന സർവകലാശാല അധികൃതർ അറിയിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാനും വിദ്യാർഥികൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് സസ്‌പെൻഡ് ചെയ്യുന്നത് എന്നാണ് കത്തിൽ പറയുന്നത്. സസ്‌പെൻഷനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയോ വിദ്യാർഥിയുമായി നേരിട്ടു സംസാരിക്കുകയോ ചെയ്തിട്ടില്ല. നടപടിയെടുക്കുന്നതിന് കാരണമായ പരാതിയെന്താണെന്ന് പോലും ബോധിപ്പിക്കാതെ, അറയിപ്പുകളൊന്നുമില്ലാതെയാണ് സസ്‌പെൻഡ് ചെയ്യുന്നത്. തീർത്തും ആസൂത്രിതമായാണ് പുഷ്പരാജിന്റെ സസ്‌പെൻഷൻ കോളേജ് അധികൃതർ നടത്തിയതെന്നാണ് നാടകത്തിലെ അഭിനേതാവും പെർഫോമിങ്ങ് ആർട്‌സ് വിദ്യാർഥിയുമായി വിശാഖ്.വി ട്രൂകോപിതിങ്കിനോട് പറഞ്ഞത്.

എപ്രിൽ 16ന് സർവകലാശാല ഓഫീസ് സമയം കഴിഞ്ഞ് അഞ്ച് മണിക്ക് ശേഷമാണ് പുഷ്പരാജിനോട് സസ്‌പെൻഷൻ ലെറ്റർ വാങ്ങാൻ പറയുന്നത്. ഒരു ലെറ്റർ ഓഫീസിലുണ്ട്, കൈപ്പറ്റണമെന്ന് മാത്രമാണ് പറഞ്ഞത്. നൽകുന്നത് സസ്‌പെൻഷൻ ലെറ്റർ ആണെന്നതിനെക്കുറിച്ച് ഓഫീസ് സ്റ്റാഫിന് പോലും ഐഡിയ ഉണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം കൃത്യമായി മറച്ചുവെച്ച് നൽകുകയാണുണ്ടായത്. നാടകാവതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് തികച്ചും വിദ്യാർഥി വിരുദ്ധമായ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വൈസ് ചാൻസലറുടെയും വകുപ്പ് മേധാവിയുടെയും അനുമതിയോടെ നടത്തിയ ഒരു പരിപാടിയിൽ അന്യായമായി ഒരു വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സസ്‌പെൻഡ് ചെയ്തതിന്റെ കാരണം പോലും കൃത്യമായി ബോധിപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സസ്‌പെൻഷൻ പണിഷ്‌മെന്റായി നൽകിയതാണോയെന്ന് ചോദിച്ചപ്പോൾ അല്ലെന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തെന്നാണ് എന്നുമാണ് പറഞ്ഞത്. യു.ജി.സിയുടെ റൂൾസ് ആൻഡ് റെഗുലേഷൻ അനുസരിച്ച് കൃത്യമായ അന്വേഷണങ്ങൾ നടത്താതെ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാനുള്ള വകുപ്പില്ല.”

എപ്രിൽ 19ന് പോണ്ടിച്ചേരിയിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ട് ദിവസവും പോളിങ്ങ് ബൂത്തായ സർവകലാശാല കാമ്പസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പുഷ്പരാജിന്റെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രതിഷേധങ്ങളെ പരമാവധി അടിച്ചമർത്താൻ ലക്ഷ്യമിട്ടാണ് അധികൃതർ നടപടികൾ ഈ സമയത്ത് തന്നെ നടത്തിയതെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംവിധായകനെ പോല തന്നെ നാടകത്തിലെ അഭിനേതാക്കൾക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

നാടകാവതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പെർഫോമിങ്ങ് ആർട്‌സ് മേധാവിയെയും നേരത്തെ താൽക്കാലികമായി സ്ഥാനത്ത് നിന്ന് മാറ്റിനിർത്തിയിരുന്നു. നിലവിൽ വകുപ്പിന്റെ ചുമതല ഡീനിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ ഇതുവരെ വിദ്യാർഥി പക്ഷത്ത് നിന്ന് കാര്യങ്ങൾ കേൾക്കാൻ ഡീൻ തയ്യാറായിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു. എപ്രിൽ 17ന് ഡി.എസ്.ഡബ്‌ള്യുയുമായി മീറ്റിങ്ങ് ഉണ്ടായിരുന്നു. സസ്‌പെൻഷനുമായി ബന്ധപ്പെട്ട നിയമ സാധുതയെക്കുറിച്ച് ചോദിക്കുമ്പോഴൊന്നും അധികൃതർക്ക് വ്യക്തമായ മറുപടിയില്ലായിരുന്നു. അന്വേഷണ കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിന്റെ പേരിലാണ് വിദ്യാർഥിക്കെതിരെ നടപടി സ്വീകരിച്ചതെന്നും കൂടുതൽ വിവരങ്ങളറിയാൻ വി.സിയുമായി നേരിട്ട് സംസാരിക്കണമെന്നുമാണ് അവർ പറയുന്നത്. എന്നാൽ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ വൈകുന്നേരം നാല് മണി മുതൽ എഴുമണിവരെ വിദ്യാർഥികൾ ധർണ്ണ നടത്തിയിട്ടും വി.സി കാണാനോ സംസാരിക്കാനോ തയ്യാറായില്ല.

തെരുക്കൂത്ത് എന്ന തമിഴ് നാടൻ കലാരൂപത്തിന്റെ ഫോമിൽ നിന്ന് അഡാപ്റ്റ് ചെയ്ത നാടകമായിരുന്നു 'സോമായനം'. ആക്ഷേപഹാസ്യരൂപത്തിൽ സാമൂഹ്യ പ്രശ്നങ്ങളെ അവതരിപ്പിക്കുന്ന നാടകങ്ങളാണ് തെരുക്കൂത്ത്. ആദ്യ രണ്ട് സെമസ്റ്ററുകളിൽ നാടകവിദ്യാർഥികൾ തെരുക്കൂത്തിനെക്കുറിച്ച് പഠിക്കുന്നുണ്ട്. ആധുനിക ശൈലിയിൽ തെരുക്കൂത്തിനെ സ്ത്രീപക്ഷനാടകമായി അവതരിപ്പിക്കുകയാണ് സോമായനം നാടകത്തിലൂടെ വിദ്യാർഥികൾ ചെയ്തത്. കഥാപാത്രങ്ങളുടെ മേക്കപ്പും വേഷവിധാനങ്ങളുമെല്ലാം ഈ ശൈലിയിലായിരുന്നു. കഥാപാത്രങ്ങളെല്ലാം സാങ്കൽപ്പികമാണെന്ന് അവതരണത്തിന് മുമ്പേ അറിയിച്ചിരുന്നതായും വിദ്യാർഥികൾ പറയുന്നു. പക്ഷേ നാടകാവതരണത്തിന് ശേഷം ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എ.ബി.വി.പി രംഗത്തെത്തുകയായിരുന്നു. നാടകത്തിൽ സീതയുടെ കഥാപാത്രത്തെ 'ഗീത'യെന്ന പേരിലും രാവണനെ 'ഭാവന' എന്ന പേരിലുമാണ് അവതരിപ്പിക്കുന്നതെന്നാണ് എ.ബി.വി.പി ആരോപണം. രാമായണത്തെ ആദരിക്കുന്ന ദശലക്ഷകണക്കിന് വിശ്വാസികളോടുള്ള നിന്ദയാണ് നാടകമെന്നാണ് എ.ബി.വി.പി ആരോപിച്ചത്.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നടന്ന എ.ബി.വി.പി പ്രതിഷേധത്തിൽ നിന്ന്

എന്നാൽ രാമായണത്തെയും മതവികാരങ്ങളെയും വ്രണപ്പെടുത്തുന്ന രീതിയിൽ ഒന്നും 'സോമായനം' നാടകത്തിൽ ഉണ്ടായിരുന്നില്ലെന്നും സർഗാത്മകമായ ആവിഷ്‌കാരങ്ങളോടുള്ള എ.ബി.വി.പിയുടെ വിദ്വേഷമാണ് വിവാദത്തിന് പിന്നിലെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. നാടകോത്സവത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ തുടർന്നുള്ള ദിവസങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ആക്രമണങ്ങളുമാണ് എ.ബി.വി..പിയിൽ നിന്ന് വിദ്യാർഥികൾക്ക് നേരിടേണ്ടി വന്നത്. സൈബർ ആക്രമണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ല. എസ്.പി ഓഫീസിലേക്ക് പോയി പരാതി നൽകാനാണ് വിദ്യാർഥികൾക്ക് സ്റ്റേഷനിൽ നിന്ന് കിട്ടിയ നിർദ്ദേശം. തീർത്തും ഏകപക്ഷീയമായി, പക്ഷപാതിത്വത്തോടെ സർവകലാശാല അധികൃതരും പോലീസും ഒരു പോലെ പെരുമാറുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

പുഷ്പരാജിന്റെ സസ്‌പെൻഷനെതിരായ വിദ്യാർഥികളുടെ പ്രതിഷേധത്തിന് എസ്.എഫ്.ഐയുടെയും മറ്റ് വിദ്യാർഥി സംഘടനകളുടെയുമെല്ലാം പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

നാടകം കളിച്ച വിദ്യാർഥികൾക്കെതിരെ ​പൊലീസ്, എ.ബി.വി.പി ഭീഷണി, അരക്ഷിതാവസ്ഥയിലെന്ന് വിദ്യാർഥികൾ

Comments