ഇന്ത്യയിൽ റെഗുലർ പഠനത്തിന് സമാനമായ പ്രാധാന്യം ഡിസ്റ്റൻസ് എജ്യുക്കേഷനും ലഭിക്കുന്നുണ്ട്. 2023-24 വർഷത്തിലെ അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേ (AISHE) പ്രകാരം, ഇന്ത്യയിൽ 4.33 കോടി വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നത്. ഇതിൽ 45 ലക്ഷത്തോളം വിദ്യാർത്ഥികൾ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ODL) മോഡിലൂടെയാണ് പഠനം നടത്തുന്നത്. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദൂര പഠനത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു.
കേരളത്തിലെ വിദ്യാർത്ഥികൾ വിദൂര പഠനത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്നത് ഇഗ്നോ, കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകളെയായിരുന്നു. ഈ സാഹചര്യത്തിലാണ് 2020 ഒക്ടോബർ 2-ന് കൊല്ലം കുരീപ്പുഴയിൽ സംസ്ഥാന സർക്കാർ വിദൂര വിദ്യാർത്ഥികളെ മാത്രം ലക്ഷ്യമിട്ട് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം താൽക്കാലികമായി ആരംഭിച്ചത്.
ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ. കെ.ടി. ജലീൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ നടത്തിയ പ്രഭാഷണത്തിൽ ഇങ്ങനെ വ്യക്തമാക്കി: "ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല 2020- ലെ 45-ാം ഓർഡിനൻസ് പ്രകാരം, 2020 ഒക്ടോബർ രണ്ടിനാണ് ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. സംസ്ഥാന നിയമം മൂലം സ്ഥാപിതമാകുന്ന എല്ലാ സർവകലാശാലകളും നിലവിൽ വന്നതിനുശേഷം യു.ജി.സിയുടെ 2(എഫ്) സ്റ്റാറ്റസ് ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. സർവകലാശാല ഓർഡിനൻസും സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവും അടങ്ങിയ അപേക്ഷ ഓപ്പൺ സർവകലാശാല 28.10.2020 ൽ തന്നെ യു.ജി.സിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ യു.ജി.സിയിൽ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. നിലവിലുള്ള ഓർഡിനൻസ് ബില്ലാക്കേണ്ടതുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അതിനാലാണ് ഈ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുന്നത്" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

2022-ൽ ഡോ. പി.എം. മുബാറക്ക് പാഷയുടെ വൈസ് ചാൻസലർ നിയമനത്തോടെയാണ് യൂണിവേഴ്സിറ്റി പ്രവർത്തനക്ഷമമാകുന്നത്. അതേസമയം, കേരളത്തിൽ ഡിസ്റ്റൻസ് പഠനത്തിന് വഴിയൊരുക്കിയിരുന്ന മറ്റ് സർവകലാശാലകൾക്ക് അവരുടെ ചില ബി.എ., എം.എ. പ്രോഗ്രാമുകൾ നിർത്തിവെക്കാനുള്ള സർക്കാർ വിജ്ഞാപനം വന്നതോടെയും, അന്നത്തെ ചില സർവകലാശാലകളുടെ അനാസ്ഥകളും വിദ്യാർത്ഥികളെ ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്ക് ആകർഷിപ്പിച്ചു. ഇത് പുതിയ സർവകലാശാലയിലേക്ക് വലിയ വിദ്യാർത്ഥി പ്രവാഹത്തിന് കാരണമായി.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വഴിത്തിരിവാകുമെന്നും അക്കാദമിക നിലവാരം ഉയരുമെന്നുമുള്ള വലിയ പ്രതീക്ഷകളോടെയാണ് സർവകലാശാല പ്രവർത്തനം ആരംഭിച്ചത്. 30 പ്രോഗ്രാമുകളിലായി അര ലക്ഷം വിദ്യാർത്ഥികൾ ഓപ്പൺ സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ബ്ലെൻഡഡ് ലേണിങ്ങിലൂടെ വെർച്വലായും ക്ലാസ്റൂമുകൾ വഴിയും ക്വാളിറ്റിയുള്ള വിദ്യാഭ്യാസമായിരുന്നു സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകിയത്.
പ്രതീക്ഷ നിറഞ്ഞ തുടക്കം
ആദ്യ വർഷം ഇന്റേണൽ പരീക്ഷകളും അറ്റൻഡൻസും നിർബന്ധമാക്കിയും പഠനകേന്ദ്രങ്ങളിൽ കോൺടാക്ട് ക്ലാസുകൾ സംഘടിപ്പിച്ചുമെല്ലാം യൂണിവേഴ്സിറ്റി പുതിയൊരു ഡിസ്റ്റൻസ് എജ്യുക്കേഷൻ സിസ്റ്റം കൊണ്ടുവന്നെങ്കിലും, അത് അധികകാലം നീണ്ടുനിന്നില്ല. ശനി, ഞായർ ദിവസങ്ങളിൽ ക്ലാസിൽ വന്ന് അറ്റൻഡൻസ് രേഖപ്പെടുത്തുന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ പ്രയാസമായിരുന്നു. കാരണം, വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മറ്റ് ജോലികൾ ചെയ്യുന്നവരും മുതിർന്നവരും വീട്ടമ്മമാരുമാണ്. ഇത്തരം വിദ്യാർത്ഥികൾക്ക് വഴങ്ങാത്ത രീതിശാസ്ത്രം പ്രായോഗികമല്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർക്ക് മനസ്സിലായതുകൊണ്ടാകണം ആ സിസ്റ്റം ഒഴിവാക്കിയത്.
വീഴ്ചകൾ, വീഴ്ചകൾ
രണ്ടാം വർഷത്തിലേക്ക് കടന്നപ്പോഴേക്കും ഇന്റേണൽ പരീക്ഷ ഒഴിവാക്കുകയും, പകരം ഒരു വിഷയത്തിൽ രണ്ട് അസൈൻമെന്റുകൾ (ഡിസ്ക്രിപ്റ്റീവ്, അനലിറ്റിക്കൽ) സമർപ്പിക്കാനുള്ള തീരുമാനത്തിലേക്ക് യൂണിവേഴ്സിറ്റി നീങ്ങുകയും ചെയ്തു. എന്നാൽ, പഠനസാമഗ്രികളുടെ വിതരണം (Self-Learning Material) താമസിക്കുന്നതും നിരന്തരമായ പരീക്ഷ മാറ്റിവെക്കലുകളും അതിനിടയ്ക്കുള്ള വൈസ് ചാൻസലറുടെ രാജിയുമെല്ലാം വിദ്യാർത്ഥികളിൽ വലിയ ആശങ്കയുണ്ടാക്കി. മാത്രമല്ല, പരീക്ഷക്കുള്ള ചോദ്യങ്ങൾ ലേണിംഗ് സപ്പോർട്ട് സെന്ററുകളിൽ നിന്ന് പ്രിന്റ് ചെയ്യുന്നതിനാൽ അക്ഷരങ്ങൾ നേരാംവണ്ണം തിരിച്ചറിയാനും വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ട്. നോട്ടിഫിക്കേഷനുകൾ പല സെൻ്ററുകളിലും പല സമയങ്ങളിലായാണ് എത്തുന്നത്. സെൻ്റർ കോഡിനേറ്റർമാരിൽ വീഴ്ചകൾ സംഭവിക്കുന്നുണ്ട്.

2022-ൽ ഒന്നാം ബാച്ചിൽ പ്രവേശനം നേടിയ (Intake 1) വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷ 2025 ജൂണിലാണ് അവസാനിച്ചത്. എന്നാൽ, അവരുടെ ആറാം സെമസ്റ്റർ അസൈൻമെന്റുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 27-നും, പ്രോജക്ട് ഓഗസ്റ്റ് 7-നും, പരീക്ഷകൾ ഓഗസ്റ്റ് 10-നുമാണ് ആരംഭിക്കുന്നത്. ഒരു സെമസ്റ്ററിന് കേവലം രണ്ട് മാസം മാത്രം സമയം ലഭിക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ സമയപരിധിക്കുള്ളിൽ ആറോളം അസൈൻമെന്റുകൾ, പരീക്ഷക്ക് വേണ്ടിയുള്ള പഠനങ്ങൾ, പ്രോജക്ട്- ഇതെല്ലാം എങ്ങനെയാണ് വിദ്യാർത്ഥികൾ പൂർത്തിയാക്കുക? ആറാം സെമസ്റ്ററിൻ്റെ പുസ്തകങ്ങൾ കൃത്യമായി ലഭ്യമല്ലാത്തതും പരീക്ഷാകേന്ദ്രങ്ങളുടെ കുറവുമെല്ലാം സാഹചര്യം കൂടുതൽ വഷളാക്കുന്നു.
വിദ്യാർത്ഥികൾക്ക്
ഇരട്ടി സാമ്പത്തിക ഭാരം
സാമ്പത്തിക ഭാരത്തിന്റെ കാര്യത്തിലും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ നടുവൊടിക്കുന്നു. സ്പോർട്സ് ഫീസ്, ആർട്സ് ഫീസ് തുടങ്ങി പല പേരുകളിലായി ഭീമമായ തുക ഓരോ സെമസ്റ്ററിലും ഈടാക്കുന്നു. ഇതിനുപുറമെ, വെൽഫെയർ ഫണ്ടുകളും. സർക്കാർ സർവകലാശാലയായതിനാൽ ചെറിയ തോതിലെങ്കിലും സാമ്പത്തിക നീതി പ്രതീക്ഷിച്ച വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി സാമ്പത്തികമായി ഞെരുക്കുകയാണ്. സപ്ലിമെന്ററി പരീക്ഷകൾക്കും പുനർമൂല്യനിർണ്ണയത്തിനും മറ്റ് സർവകലാശാലകളെക്കാൾ കൂടുതൽ തുകയാണ് ഈടാക്കുന്നുത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ. പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിക്ക് ആകെ 10,000 രൂപയാണ് ഡിഗ്രി പഠനത്തിന് ചെലവെങ്കിൽ, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഇത് 20,000 രൂപക്ക് മുകളിലാകും. ഇത് വിദൂരവിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നായ സാമ്പത്തികമായ പ്രാപ്യതയെ ചോദ്യം ചെയ്യുന്നു.
പുസ്തകങ്ങൾ കൃത്യമായി
പരീക്ഷ കഴിഞ്ഞ്…
ലേണർ സപ്പോർട്ട് സെന്ററുകളിൽ സ്റ്റഡിമെറ്റീരിയലുകൾ കൃത്യസമയത്ത് എത്തുന്നില്ല. അഞ്ചാം സെമസ്റ്റർ പരീക്ഷ ജൂണിൽ നടന്നപ്പോൾ പോലും, പല വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ ലഭ്യമല്ലായിരുന്നു. ചിലർക്ക് പരീക്ഷ കഴിഞ്ഞാണ് പുസ്തകങ്ങൾ ലഭിച്ചത്. എൽ-ഡെസ്ക് ലേണിംഗ് ആപ്പിൽ ഇ-കണ്ടന്റുകൾ ലഭ്യമാണെങ്കിലും, ഡിജിറ്റൽ വായനയുടെ പരിമിതിയും, ഇന്റർനെറ്റ് ലഭ്യതയുടെ പ്രശ്നങ്ങളും വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സെൻ്ററുകളിൽ പുസ്തകമെത്താൻ വി.സിയെ വരെ വിളിക്കേണ്ട അവസ്ഥ വിദ്യാർത്ഥികൾക്കുണ്ടായിട്ടുണ്ട്. കൃത്യമായ അക്കാദമിക് കലണ്ടർ നിലവിലില്ല എന്നത് കാര്യങ്ങൾ കൂടുതൽ താളം തെറ്റിക്കുന്നു.
യു.ജി.സിയുടെ ആന്റി റാഗിങ് നോട്ടീസ്
കഴിഞ്ഞ മാസമാണ് യു.ജി.സി നിർദേശം പാലിക്കാത്ത 89 സ്ഥാപനങ്ങൾക്ക് 2009-ലെ ആന്റി റാഗിംഗ് നിയമത്തിന്റെ നോട്ടീസ് വന്നത്. ഇതിൽ ഉൾപ്പെട്ട കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളിൽ ഓപ്പൺ യൂണിവേഴ്സിറ്റിയുമുണ്ട്. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, പാലക്കാട് ഐ.ഐ.ടി, തിരുവനന്തപുരം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, കേരള കലാമണ്ഡലം എന്നിവയാണ് മറ്റ് സ്ഥാപനങ്ങൾ.

റാഗിങ്ങിൽ ഭാഗമാകില്ലെന്നു വിദ്യാർഥികളിൽ നിന്നുള്ള സത്യവാങ്മൂലം നിർബന്ധമായി വാങ്ങി സമർപ്പിക്കണമെന്നും റാഗിംഗ് വിരുദ്ധ മാനദണ്ഡങ്ങൾ പാലിച്ചുവെന്നുള്ള റിപ്പോർട്ട് ലഭ്യമാക്കണമെന്നുമുള്ള യു.ജി.സി നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കാണ് നോട്ടീസ്. യു.ജി.സി ചട്ടങ്ങൾ പാലിച്ചില്ലെന്നു മാത്രമല്ല, വിദ്യാർഥികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും നോട്ടീസിൽ പറയുന്നുണ്ട്. 30 ദിവസത്തിനുള്ളിൽ സത്യവാങ്മൂലവും റിപ്പോർട്ടും ലഭ്യമാക്കണമെന്നും കാമ്പസിൽ നടപ്പാക്കിയ പ്രതിരോധ നടപടികളുടെ വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം യൂണിവേഴ്സിറ്റിക്കുള്ള യു.ജി.സി ധനസഹായം പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഇതൊക്കെ പ്രാവർത്തികമാകാൻ യൂണിവേഴ്സിറ്റി ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം.
പരാതികൾക്ക് മൗനം മറുപടി
ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ഇടം' (Intellectual Discussions Area for Multitude) വഴി പരാതി നൽകിയും, സൂചനാ സമരങ്ങൾ നടത്തിയും, യൂണിവേഴ്സിറ്റിക്ക് നേരിട്ട് ഇ-മെയിൽ അയച്ചും വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ട് കാലം കുറെയായി. എന്നാൽ, ഇതുവരെ ക്രിയാത്മക പരിഹാരവും ഉണ്ടായിട്ടില്ല. സ്പോർട്സ്, ആർട്സ്, ദേശീയ സെമിനാറുകളും ലിറ്ററേച്ചർ ഫെസ്റ്റുകളും സംഘടിപ്പിക്കാനുള്ള യൂണിവേഴ്സിറ്റിയുടെ ആവേശം ഫീസ് കുറയ്ക്കുന്നതിലും പുസ്തകങ്ങൾ ലഭ്യമാക്കുന്നതിലും ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം നന്നായിരുന്നു. പി.ജി പഠനം തീർന്നവരുടെ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്.
രാഷ്ട്രീയപാർട്ടികൾക്കും കുലുക്കമില്ല
ഏറ്റവും സങ്കടകരം, ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടി പോലും ഇടപെടുന്നില്ല എന്നതാണ്. കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികളുടെ വിദൂര വിദ്യാഭ്യാസ സാധ്യതകളെല്ലാം ഇല്ലാതാക്കിയതിനുശേഷം വിദൂര വിദ്യാഭ്യാസത്തിനുവേണ്ടി മാത്രം ആരംഭിച്ച ഒരു യൂണിവേഴ്സിറ്റിയുടെ അവസ്ഥയാണിത്. ആരോട് പറയാൻ? ആര് കേൾക്കാൻ? ഇത്രയൊക്കെ പ്രശ്നങ്ങൾ വിദ്യാർത്ഥികൾ നേരിട്ടിട്ടും കോട്ടയം മുണ്ടക്കലിൽ യൂണിവേഴ്സിറ്റിക്ക് പുതിയ ആസ്ഥാന മന്ദിരം ഉണ്ടാക്കാനുള്ള തിരക്കിലാണ് സർക്കാർ. ദേശാഭിമാനിയിൽ വന്ന വാർത്തയിൽ, സർക്കാർ യൂണിവേഴ്സിറ്റിയെ 'പൊന്നു പോലെ കാത്തു' എന്നാണ് പറയുന്നത്. ഇതൊക്കെ ആരെ ബോധിപ്പിക്കാനാണ്?

ഞങ്ങളുടെ പഠനകാലം ഇത്രയധികം നീണ്ടുപോയെങ്കിൽ, നാല് വർഷമുള്ള ഓണേഴ്സ് ഡിഗ്രി വിദ്യാർത്ഥികളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. മുമ്പ് കേരളത്തിൽ ഡിസ്റ്റൻസ് പഠന മേഖലയിലുണ്ടായിരുന്ന വ്യാപകമായ ക്രമക്കേടുകൾക്കുതുല്യമായി ഈ വിഷയം സങ്കീർണമാകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ‘വിദ്യ കൊണ്ട് സ്വതന്ത്രരാവുക' എന്ന ഗുരുവചനങ്ങൾ മോട്ടോയായി വെച്ച് വിദ്യാർത്ഥികളോട് കൊടുംവഞ്ചന ചെയ്യുന്ന യൂണിവേഴ്സിറ്റി, ഗുരുവിന്റെ വിദ്യാഭ്യാസധർമം മറന്നുപോകരുതെന്നാണ് പറയാനുള്ളത്. ഞങ്ങൾക്ക് വേണ്ടത് സ്ഥിരം ന്യായങ്ങളല്ല, വിദ്യാർത്ഥിപക്ഷത്ത് നിന്നുകൊണ്ടുള്ള പരിഹാര നടപടികളും ക്രിയാത്മകമായ ആലോചനകളുമാണ്.
ഈയടുത്തിടെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റൻസ് പഠനം ജൂലൈയിൽ ആരംഭിക്കുന്നുണ്ടെന്ന വാർത്ത കേട്ടത്. പക്ഷേ, ഇപ്പോഴും ആ വിഷയത്തിൽ തീരുമാനമുണ്ടായിട്ടില്ല. ഒന്നുങ്കിൽ ഓപ്പൺ യൂണിവേഴ്സിറ്റി വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകണം. അല്ലെങ്കിൽ മുറ്റു സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കണം.
ഡിസ്റ്റൻസ് വിദ്യാഭ്യാസം ഹോൾസെയിൽ ബിസിനസ് അല്ലെന്നും, പ്രാരാബ്ധങ്ങൾ കൊണ്ട് പഠിക്കാൻ കഴിയാതെ പോയ വിദ്യാർത്ഥികളുടെ ലാസ്റ്റ് ചാൻസാണെന്നുമൊക്കെ എന്നാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ മനസ്സിലാക്കുക?
