NITI Aayog റിപ്പോർട്ട്:
എഴുതിത്തള്ളാൻ വരട്ടെ, പബ്ലിക് യൂണിവേഴ്സിറ്റികളെ

രാജ്യത്ത് പാർശ്വവൽകൃത വിഭാഗക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഏറ്റവും പ്രധാന ആശ്രയം ഇപ്പോഴും സംസ്ഥാന പബ്ലിക് യൂണിവേഴ്സിറ്റികൾ തന്നെയാണെന്ന് NITI Aayog റിപ്പോർട്ട് അടിവരയിടുന്നു. പത്തു വർഷത്തിനിടെ ഇത്തരം യൂണിവേഴ്സിറ്റികളിൽ ചേർന്ന പിന്നാക്ക വിഭാഗക്കാരുടെ എണ്ണത്തിൽ വൻ വളർച്ചയാണുണ്ടായത്.

രാജ്യത്തെ സംസ്ഥാന പബ്ലിക് യൂണിവേഴ്സിറ്റികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് NITI Aayog റിപ്പോർട്ട്. കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ സർക്കാർ നയപരമായ തീരുമാനമെടുത്ത സാഹചര്യത്തിൽ പബ്ലിക് യൂണി​വേഴ്സിറ്റികളുമായി ബന്ധപ്പെട്ട റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഏറെ പ്രസക്തമാണ്.

ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ സ്വകാര്യ സർവകലാശാലകൾ അതിവേഗ വളർച്ച നേടുന്നുണ്ടെങ്കിലും സംസ്ഥാന തലത്തിലുള്ള പബ്ലിക് യൂണിവേഴ്‌സിറ്റികളിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ 81 ശതമാനം വിദ്യാർഥികളും പഠിക്കുന്നത്, അതുകൊണ്ടുതന്നെ പൊതു സർവകലാശാലകൾക്ക് പ്രാദേശിക വികസനത്തിലും വൈജ്ഞാനിക മേഖലയുടെ വികാസത്തിലും പ്രധാന റോളുണ്ടെന്ന് നിതി ആയോഗിന്റെ 2025-ലെ Expanding Quality Higher Education through States and State Public Universities എന്ന റിപ്പോർട്ടിൽ പറയുന്നു. 2021-22ലെ AISHE റിപ്പോർട്ടിലെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് ഈ താരതമ്യം നടത്തുന്നത്.

സ്വകാര്യ സർവകലാശാലകളിൽ 2011-12ൽ 2.7 ലക്ഷം വിദ്യാർത്ഥികളാണുണ്ടായിരുന്നതെങ്കിൽ പത്തു വർഷത്തിനുശേഷം 2021-22ൽ അവരുടെ എണ്ണം 16.2 ലക്ഷമായി ഉയർന്നു. 2016-നുശേഷമാണ് സ്വകാര്യ സർവകലാശാലകളിലെ എൻറോൾമെന്റിൽ വൻ വർധനയുണ്ടായത്.

18-23 പ്രായപരിധിയിലുള്ളവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കാൻ ചെലവിടുന്ന പണത്തിന്റെ കാര്യത്തിൽ കേരളം മുന്നിലാണ്.

അതേസമയം, പൊതു സർവകലാശാലകളിൽ ചേരുന്നവരുടെ എണ്ണം 2011-12ൽ 24.5 ലക്ഷമായിരുന്നത് 2021-22ൽ 29.8 ലക്ഷമായി ഉയർന്നു, 21.8 ശതമാനത്തിന്റെ വർധന. സ്വകാര്യ സർവകലാശാലകൾ അതിവേഗ വളർച്ച കൈവരിക്കുന്നുണ്ടെങ്കിലും ആകെയുള്ള എന്റോൾമെന്റ് കണക്കിൽ പൊതു സർവകലാശാലകൾക്കുതന്നെയാണ് ആധിപത്യം.

2021-22ലെ കണക്കനുസരിച്ച് സംസ്ഥാന പബ്ലിക് യൂണിവേഴ്‌സിറ്റികളിൽ ചേർന്നവരുടെ എണ്ണം 3.24 കോടിയാണ്. 2011-12ൽ ഇത് 2.34 കോടിയായിരുന്നു. പിഎച്ച് ഡിയ്ക്ക് ചേരുന്നവരുടെ എണ്ണത്തിൽ 38 ശതമാനത്തിന്റെ വർധന, 2011-12നും 2016-17നുമിടയിലുണ്ടായി. 2016-17നും 2021-22നുമിടയിൽ 33 ശതമാനത്തിന്റെ വർധനയും.

2025 ജനുവരിയിലെ യു.ജി.സി കണക്കനുസരിച്ച് കേരളത്തിൽ 15 പൊതു സർവകലാശാലകളുണ്ട്. ഇന്ത്യയിലാകെ 495 പൊതു സർവകലാശാലകളുണ്ട്. ഏറ്റവും കൂടുതൽ കർണാടകയിലാണ്, 43. പശ്ചിമ ബംഗാൾ, യു.പി എന്നിവിടങ്ങളിൽ 38 എണ്ണം വീതം.

1950 മുതൽ 2022 വരെ ഇന്ത്യയിലുള്ള യൂണിവേഴ്സിറ്റികളുടെ എണ്ണം.
1950 മുതൽ 2022 വരെ ഇന്ത്യയിലുള്ള യൂണിവേഴ്സിറ്റികളുടെ എണ്ണം.

പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ
എണ്ണം കൂടി

രാജ്യത്തെ പൊതു സർവകലാശാലകളിൽ ഗ്രാമീണമേഖലയിലെയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെയും എത്ര വിദ്യാർഥികൾക്ക് കടന്നുവരാനാകുന്നുണ്ട്? ഈ വിഭാഗങ്ങൾക്കായി സ്‌കോളർഷിപ്പുകൾ, ഫെല്ലോഷിപ്പുകൾ, ഫീസിളവ് തുടങ്ങിയവ പല സംസ്ഥാനങ്ങളും നടപ്പാക്കുന്നുണ്ട്.

കഴിഞ്ഞ പത്തു വർഷത്തിനിടെ, സ്‌റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റികളിൽ ചേരുന്ന സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെ എണ്ണത്തിൽ ശ്രദ്ധേയ വളർച്ചയുണ്ടായി. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി എന്നിവർ കൂടുതലായി ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിന് അർഹരായവരിൽ നാലിൽ മൂന്നു ഭാഗത്തിനും ഉന്നത വിദ്യാഭ്യാസം തുടരാനാകുന്നില്ല

2021-22ൽ എസ്.സി- 51.34, എസ്.ടി- 19.15, ഒ.ബി.സി- 131.51, മുസ്‌ലിം- 16.60, മറ്റു ന്യൂനപക്ഷങ്ങൾ- 6.57, ഇ.ഡബ്ല്യു.എസ്- 4.54 ലക്ഷം വീതമായിരുന്നു സംസ്ഥാന പൊതു സർവകലാശാലകളിലെ വിദ്യാർഥി പ്രവേശനം (AISHE റിപ്പോർട്ട്).

2011 - 2022 കാലത്ത് ഒ.ബി.സി വിദ്യാർഥികളുടെ എന്റോൾമെന്റിൽ 80.9 ശതമാനത്തിന്റെ വർധനയുണ്ടായി. എസ്.സി വിദ്യാർത്ഥികളുടെ എന്റോൾമെന്റ് 76.3 ശതമാനം കൂടി. 2011-12ൽ 15 ശതമാനം എസ്.സി വിദ്യാർഥികളാണ് ചേർന്നിരുന്നതെങ്കിൽ 2021-22ൽ 26 ശതമാനമായി വർധിച്ചു. എസ്.ടി വിദ്യാർഥികളുടെ എന്റോൾമെന്റ് പത്തു വർഷം കൊണ്ട് ഇരട്ടിയായി, 106.8 ശതമാനത്തിന്റെ വർധന, 11 ശതമാനത്തിൽനിന്ന് 21 ശതമാനമായി.

മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും എന്റോൾമെന്റും 53.2 ശതമാനത്തിൽനിന്ന് 60.6 ശതമാനമായി കൂടി. വളർച്ചയുണ്ടെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളിലുണ്ടായ വളർച്ച എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുമായി താരതമ്യം ചെയ്താൽ കുറവാണ്.

 2011 മുതൽ 2022 വരെ സംസ്ഥാന പബ്ലിക് യൂണിവേഴ്സിറ്റികളിൽ ചേർന്ന SC, ST, OBC, Muslim, മറ്റു ന്യൂനപക്ഷങ്ങൾ, EWS എന്നീ വിഭാഗം വിദ്യാർത്ഥികളുടെ എണ്ണം.
2011 മുതൽ 2022 വരെ സംസ്ഥാന പബ്ലിക് യൂണിവേഴ്സിറ്റികളിൽ ചേർന്ന SC, ST, OBC, Muslim, മറ്റു ന്യൂനപക്ഷങ്ങൾ, EWS എന്നീ വിഭാഗം വിദ്യാർത്ഥികളുടെ എണ്ണം.

2021-ൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (EWS) വന്നത്, ഒരു പ്രധാന മാറ്റമായിരുന്നു. ഒരു പുതിയ വിഭാഗം കൂടി ഈ മേഖലയിലേക്ക് അങ്ങനെ കടന്നുവന്നു.

ഭിന്നശേഷിക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. 2011-12ൽ 52,894 ഭിന്നശേഷി വിദ്യാർഥികളാണുണ്ടായിരുന്നത് എങ്കിൽ 2016-17ൽ 53,921 പേരായി ഉയർന്നു. 2021-22ൽ 56,379 ആയി.

സെൽഫ് ഫിനാൻസിങ് യൂണിവേഴ്‌സിറ്റികൾ ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് കോഴ്‌സുകൾ തുടങ്ങുന്നുണ്ടെങ്കിലും ഇത്തരം കോഴ്‌സുകൾ കൂടുതലായി തെരഞ്ഞെടുക്കുന്ന പാർശ്വവൽകൃത വിഭാഗക്കാർക്ക് ഇത്തരം സ്ഥാപനങ്ങളിൽ ചേരാനാകുന്നില്ല. അതിനാൽ, ഇത്തരം കോഴ്‌സുകളുടെ സുഗമമായ നടത്തിപ്പിനായി സ്‌റ്റേറ്റ് ഗ്രാന്റ് ഇൻ എയ്ഡ് ഉറപ്പുവരുത്തണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.

ഇന്ത്യയിൽ 2011- 2022 കാലത്തുള്ള വിവിധ തരം യൂണിവേഴ്സിറ്റികളുടെ എണ്ണം.
ഇന്ത്യയിൽ 2011- 2022 കാലത്തുള്ള വിവിധ തരം യൂണിവേഴ്സിറ്റികളുടെ എണ്ണം.

പബ്ലിക് യൂണിവേഴ്സിറ്റികളുടെ
ഗുണനിലവാരം

ഫാക്കൽറ്റി, വിദ്യാർഥികളുടെ പഠനാന്തരീക്ഷം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന പൊതു സർവകലാശാലകൾ ഗുണനിലവാരം പുലർത്തുന്നുണ്ടോ?

ഫാക്കൽറ്റിയുടെ 69.5 ശതമാനവും ലക്ചറർ, അസി. പ്രൊഫസർ തസ്തികയിലുള്ളവരാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ റീഡർമാരുടെയും അസോസിയേറ്റ് പ്രൊഫസർമാരുടെയും എണ്ണം 14.8 ശതമാനത്തിൽനിന്ന് (2011-12) പത്തു ശതമാനമായി (2021-22) കുറഞ്ഞു. എന്നാൽ പ്രൊഫസർമാരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട്. ഫാക്കൽറ്റിയിൽ പുരുഷന്മാരാണ് സ്ത്രീകളേക്കാൾ കൂടുതൽ.

2016-ലെ NIRF റാങ്കിംഗിൽ രാജ്യത്തെ ഏറ്റവും മികച്ച 100 യൂണിവേഴ്‌സിറ്റികളിൽ 37 സ്‌റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റികളുണ്ടായിരുന്നു. 2024-ൽ ഇത് 38 ആയി.

സംസ്ഥാന പൊതു സർവകലാശാലകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് മുന്നിൽ. 2016-ൽ തമിഴ്‌നാട്ടിൽനിന്നുള്ള എട്ട് പൊതു യൂണിവേഴ്‌സിറ്റികളും 2024-ൽ ഒമ്പത് യൂണിവേഴ്‌സിറ്റികളും NIRF റാങ്കിംഗിൽ വന്നു.

സംസ്ഥാന പൊതു സർവകലാശാലകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് മുന്നിൽ. 2016-ൽ തമിഴ്‌നാട്ടിൽനിന്നുള്ള എട്ട് പൊതു യൂണിവേഴ്‌സിറ്റികളും 2024-ൽ ഒമ്പത് യൂണിവേഴ്‌സിറ്റികളും NIRF റാങ്കിംഗിൽ വന്നു. 2016നും 2024നുമിടയിലെ NIRF റാങ്കിംഗിൽ കേരളം, കർണാടക, യു.പി എന്നിവിടങ്ങളിലെ സ്‌റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റികൾ മികച്ച റാങ്കിംഗ് സ്വന്തമാക്കി. കേരളത്തിൽ റാങ്കിംഗിൽ വന്ന സ്ഥാപനങ്ങളുടെ എണ്ണം രണ്ടിൽനിന്ന് നാലായി. 2024-ലെ NIRF റാങ്കിംഗിൽ കേരള യൂണിവേഴ്‌സിറ്റി (9), കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (10), എം.ജി യൂണിവേഴ്‌സിറ്റി (11), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി (43) എന്നിവ ഏറ്റവും ഉയർന്ന റാങ്കുള്ള 50 സ്‌റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റികളുടെ മുൻനിരയിലെത്തി. തമിഴ്‌നാട്ടിലെ 10 സർവകലാശാലകൾ ആദ്യ 50 പട്ടികയിൽ ഇടം പിടിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവ പുറകോട്ടുപോയി.

2011- 2022 കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുവന്ന 18-23 പ്രായപരിധിയിലുള്ളവരുടെ റേഷ്യോ.
2011- 2022 കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുവന്ന 18-23 പ്രായപരിധിയിലുള്ളവരുടെ റേഷ്യോ.

അധ്യാപകർ 16 ലക്ഷം,
68 ശതമാനവും ലക്ചറർ / അസി. പ്രൊഫസർ

സ്ഥാപനങ്ങളുടെ ഗുണനിലവാരം അളക്കാൻ നാല് മാനദണ്ഡങ്ങളാണ് റിപ്പോർട്ട് സ്വീകരിച്ചത്:
- ഫാക്കൽറ്റിയും അധ്യാപകരും.
- വിദ്യാർഥി- അധ്യാപക അനുപാതം.
- ഗവേഷണവും പബ്ലിക്കേഷനുകളും.
- ഇന്നൊവേഷൻ.

ഫാക്കൽറ്റിയും അധ്യാപകരും: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതാണ്ട് 16 ലക്ഷം അധ്യാപകരാണുള്ളത്. ഇവരിൽ 68 ശതമാനവും ലക്ചറർ- അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ളവരാണ്. റീഡർമാർ, അസോസിയേറ്റ് പ്രൊഫസർമാർ എന്നിവർ 10 ശതമാനത്തോളമുണ്ട്. പ്രൊഫസർമാരും തത്തുല്യ തസ്തികയിലുള്ളവരും 9.5 ശതമാനം, താൽക്കാലിക അധ്യാപകർ 5.7 ശതമാനം, വിസിറ്റിങ് അധ്യാപകർ 0.8 ശതമാനം.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 62,000 ലേറെ അധ്യാപകരാണുള്ളത്. ഇവരിൽ 44,000-ലേറെ പേർ ലക്ചറർ- അസി. പ്രൊഫസർ തസ്തികയിലുള്ളവരാണ്.

തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ അധ്യാപകർ, ഏതാണ്ട് രണ്ട് ലക്ഷം പേർ. ഇവരിൽ ഏറെയും ലക്ചറർ- അസി. പ്രൊഫസർമാരാണ്. യു.പിയും മഹാരാഷ്ട്രയുമാണ് തൊട്ടുപുറകിൽ.

വിദ്യാർഥി- അധ്യാപക അനുപാതത്തിൽ
കേരളത്തിന് നേട്ടം

വിദ്യാർഥി- അധ്യാപക അനുപാതം: ദേശീയ തലത്തിൽ വിദ്യാർഥി- അധ്യാപക അനുപാതം (PTR) കഴിഞ്ഞ നാല്- അഞ്ച് വർഷമായി 23-ൽ നിൽക്കുകയാണ്. എൻ റോൾ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തെ ഒരു പ്രത്യേക ലെവിലുള്ള അധ്യാപകരുടെ എണ്ണവുമായി ഹരിച്ച് കണക്കാക്കുന്നതാണ് PTR. ഇക്കാര്യത്തിലും കേരളത്തിന് ദേശീയ ശരാശരിയേക്കാൾ ഉയർന്ന റാങ്കുണ്ട്, 15. തമിഴ്‌നാടാണ് മുന്നിൽ; 14.

2011- 2022 കാലത്തെ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി- അധ്യാപക അനുപാതം.
2011- 2022 കാലത്തെ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി- അധ്യാപക അനുപാതം.

ഗവേഷണ മേഖല പുറകിൽ

ഗവേഷണവും പബ്ലിക്കേഷനുകളും: ആഗോള ഗവേഷണ പ്രസിദ്ധീകരണങ്ങളിലേക്കുള്ള ഇന്ത്യയുടെ സംഭാവന 2017-ൽനിന്ന് 2024 ആകുമ്പോൾ 3.5 ശതമാനത്തിൽനിന്ന് 5.2 ശതമാനമായി കൂടി. എന്നാൽ, ഇവയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്നുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങൾ 10 ശതമാനമേയുള്ളൂ. യു.എസ്, ചൈന, റഷ്യ, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഗവേഷകരുടെ എണ്ണത്തിൽ ഇന്ത്യ പിന്നിലാണ്. അതായത്, ഗവേഷണമേഖലയിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭവശേഷി കുറവാണ്.

2024-ലെ NIRF റാങ്കിംഗ് അനുസരിച്ച് രാജ്യത്തെ എല്ലാ വിഭാഗത്തിലും പെട്ട ഏറ്റവും മികച്ച 100 സ്ഥാപനങ്ങളിൽനിന്നുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങളെടുത്താൽ, ഐ.ഐ.ടികളിൽനിന്നാണ് ഏറ്റവും കൂടുതൽ പബ്ലിക്കേഷനുകൾ, 24.3 ശതമാനം. സംസ്ഥാനങ്ങളിലെ പൊതു സർവകലാശാലകളിൽനിന്ന് 14.7 ശതമാനം പ്രസിദ്ധീകരണങ്ങളുണ്ട്. സ്വകാര്യ ഡീംഡ് യൂണിവേഴ്‌സിറ്റികളിൽനിന്ന് 23.5 പബ്ലിക്കേഷനുകളുണ്ട്. സെൻട്രൽ യൂണിവേഴ്‌സിറ്റികളിൽനിന്ന് 10 ശതമാനവും.

2021- 22ൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവന്ന 13.04 ലക്ഷം വിദ്യാർഥികളിൽ 7.50 ലക്ഷം പേർ പെൺകുട്ടികളാണ്, ആൺകുട്ടികൾ 5.55 ലക്ഷവും.

ഇന്നൊവേഷൻ: ഫാക്കൽറ്റി, വിദ്യാർഥികൾ, സ്റ്റാഫ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഒരു സ്ഥാപനത്തിൽ ഇന്നൊവേഷൻ പദ്ധതികൾ നടപ്പിലാകുക. ideation, problem solving, design thinking, project management എന്നീ കാര്യങ്ങളിലുള്ള വിനിമയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നൊവേഷൻ മേഖലയിലെ നേട്ടങ്ങൾ അളക്കുന്നത്. 2018-ൽ വിദ്യാഭ്യാസ മന്ത്രാലയം AICTE-യുടെ സഹകരണത്തോടെ Institution's Innovation Council (IIC) പ്രോഗ്രാം തുടങ്ങിയിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇന്നൊവേഷൻ- ഓണ്ടർപ്രണർഷിപ്പ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 2024 സപ്തംബർ വരെ 14,269 IIC പരിപാടികളാണ് നടന്നത്. 707 യൂണിവേഴ്‌സിറ്റികളുമ 9533 കോളേജുകളുമാണ് ഇതിൽ പങ്കെടുത്തത്.

അക്രഡിറ്റേഷൻ- റാങ്കിങ്:
മുന്നിൽ തമിഴ്നാട്

NAAC (National Assessment and Accreditation Council) അക്രഡിറ്റേഷൻ നിലവിൽവന്ന് 35 വർഷമായിട്ടും രാജ്യത്തെ യൂണിവേഴ്‌സിറ്റികളുടെ 39 ശതമാനം മാത്രമേ അക്രഡിറ്റേഷൻ നേടിയിട്ടുള്ളൂ. തമിഴ്‌നാടാണ് അക്രഡിറ്റഡ് യൂണിവേഴ്‌സിറ്റികളുടെ എണ്ണത്തിൽ മുന്നിൽ. സംസ്ഥാനത്തെ 76 ശതമാനം യൂണിവേഴ്‌സിറ്റികൾക്കും അക്രഡിറ്റേഷനുണ്ട്. ദൽഹിയും (71) ചണ്ഡീഗഡുമാണ് (67) തൊട്ടുപുറകിൽ. കേരളത്തിലെ 35 ശതമാനം യൂണിവേഴ്‌സിറ്റികൾക്കാണ് NAAC അക്രഡിറ്റേഷനുള്ളത്.

2019 സപ്തംബർ 29-നാണ് NIRF (National Institutional Ranking Framework) റാങ്കിംഗ് തുടങ്ങിയത്. NIRF റാങ്കിംഗ് 2024 അനുസരിച്ച് ഏറ്റവും മുന്നിലുള്ള 100 യൂണിവേഴ്‌സിറ്റികളിൽ 22 ശതമാനവും തമിഴ്‌നാട്ടിലാണ്. കേരളത്തിലെ 4 ശതമാനം സ്ഥാപനങ്ങൾക്കാണ് NIRF റാങ്കിംഗുള്ളത്.

NIRF 2024 റിപ്പോർട്ടനുസരിച്ച്, ഏറ്റവും മികച്ച 100 യൂണിവേഴ്സിറ്റികളുടെ  എണ്ണം സംസ്ഥാന തലത്തിൽ. കേരളത്തിലുള്ളത് നാല് യൂണിവേഴ്സിറ്റികൾ.
NIRF 2024 റിപ്പോർട്ടനുസരിച്ച്, ഏറ്റവും മികച്ച 100 യൂണിവേഴ്സിറ്റികളുടെ എണ്ണം സംസ്ഥാന തലത്തിൽ. കേരളത്തിലുള്ളത് നാല് യൂണിവേഴ്സിറ്റികൾ.

സംസ്ഥാന പബ്ലിക് യൂണിവേഴ്സിറ്റികളുടെ
പ്രധാന പരിമിതികൾ:

1. ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്.
2. ഫാക്കൽറ്റി, സ്റ്റാഫ് കുറവ്.
3.ഘടനാപരമായ പരിമിതികൾ, ഗവേഷണ നടപടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യമില്ലായ്മ തുടങ്ങിയവ.
4. റിസർച്ച് ആന്റ് ഡവലപ്‌മെന്റ് വിഭാഗത്തിലെ ചെലവിനങ്ങളിലുള്ള അപര്യാപ്തത.
5. അധ്യാപക നിയമനത്തിന്റെ അധ്യാപകരുടെ റോളിലെയും പൊരുത്തക്കേടുകൾ: അധ്യാപകർ ടീച്ചിങ് റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഗവേഷണം അടക്കമുള്ള കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നു.
6. എം.ടെക്, പിഎച്ച് ഡി തലങ്ങളിൽ കുറഞ്ഞ എന്റോൾമെന്റ്.
7. ആധുനികമായ റിസർച്ച് ഇൻസ്ട്രുമെന്റുകളുടെ അഭാവം.
8. അത്യാധുനിക ഗവേഷണത്തിൽ വൈദഗ്ധ്യമുള്ള ഫാക്കൽറ്റിയുടെ അഭാവം.
9. ഉയർന്ന നിലവാരത്തിലുള്ള ജേണലുകളുടെ പരിമിതമായ ലഭ്യത.
10. റിസർച്ച് പ്രൊപ്പോസലുകൾ എഴുതുന്നതിൽ വേണ്ടത്ര വൈദഗ്ധ്യമില്ലായ്മ.
11. ഫാക്കൽറ്റി റിസർച്ചുമായി ബന്ധപ്പെട്ട മനോഭാവത്തിൽ മാറ്റം അനിവാര്യം.
12. അനുവദിക്കപ്പെട്ട ഗ്രാന്റുകൾ സമയത്ത് നൽകാതിരിക്കൽ.
13. റിക്കറിങ് ഗ്രാന്റുകളുടെ ലഭ്യതക്കുറവ്.
14. മറ്റ് ഉന്നത തല സ്ഥാപനങ്ങളുമായി സഹകരണമില്ലായ്മ.
15. ഗവേഷകർക്ക് ആവശ്യത്തിന് ഇൻസെന്റീവുകളില്ലാതിരിക്കുക.
16. ഗവേഷണത്തിലെ കണ്ടെത്തലുകൾ ഷെയർ ചെയ്യാനുള്ള സംവിധാനത്തിലെ അപര്യാപ്തകൾ മൂലം റിസർച്ച് പ്രൊജക്റ്റുകൾക്ക് ആഗോളതലത്തിൽ പ്രയോഗിക്കാൻ അവസരം കിട്ടാതിരിക്കൽ.

സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള ലിംഗസമത്വം കാണിക്കുന്ന ഭൂപടം. കേരളം ഏറ്റവും മുൻനിരയിലാണ്.
സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള ലിംഗസമത്വം കാണിക്കുന്ന ഭൂപടം. കേരളം ഏറ്റവും മുൻനിരയിലാണ്.

മാറ്റത്തോട് വിമുഖത,
സ്വയംഭരണമില്ലായ്മ

കോഴ്‌സ്, സിലബസ്, കരിക്കുലം തുടങ്ങിയവ പുത്തൻ സാങ്കേതിക വിദ്യയ്ക്കും വ്യവസായവൽക്കരണത്തിനും സാമൂഹിക മാറ്റങ്ങൾക്കും ആഗോളതലത്തിലുള്ള വൈജ്ഞാനിക പ്രവണതകൾക്കും അനുയോജ്യമായ തരത്തിൽ അതിവേഗം മാറാതിരിക്കുന്നത്, പബ്ലിക് യൂണിവേഴ്സിറ്റുകളുടെ പ്രധാന പ്രശ്‌നമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം, റിസർച്ച് യൂണിവേഴ്‌സിറ്റികൾ തുടങ്ങിയവയുടെ അഭാവം മറ്റൊരു പ്രതിസന്ധിയാണ്.

സംസ്ഥാന പബ്ലിക് യൂണിവേഴ്സിറ്റികളിലെ കരിക്കുലത്തിന്റെയും പാഠ്യപദ്ധതിയുടെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ നിതി ആയോഗ് റിപ്പോർട്ട് മുന്നോട്ടുവച്ച നിർദേശങ്ങൾ.
സംസ്ഥാന പബ്ലിക് യൂണിവേഴ്സിറ്റികളിലെ കരിക്കുലത്തിന്റെയും പാഠ്യപദ്ധതിയുടെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ നിതി ആയോഗ് റിപ്പോർട്ട് മുന്നോട്ടുവച്ച നിർദേശങ്ങൾ.

സംസ്ഥാന പബ്ലിക് യൂണിവേഴ്സിറ്റികളിലെ സ്വയംഭരണം, ഗവേണൻസ് എന്നീ മേഖലകളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിതി ആയോഗ് റിപ്പോർട്ട് മുന്നോട്ടുവച്ച നിർദേശങ്ങൾ.
സംസ്ഥാന പബ്ലിക് യൂണിവേഴ്സിറ്റികളിലെ സ്വയംഭരണം, ഗവേണൻസ് എന്നീ മേഖലകളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിതി ആയോഗ് റിപ്പോർട്ട് മുന്നോട്ടുവച്ച നിർദേശങ്ങൾ.

അധ്യാപനത്തിന്റെ ഗുണനിലവാരം അളക്കാനുള്ള പെർഫോർമെൻസ് സിസ്റ്റത്തിന്റെ അഭാവം പഠനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നു.

സാമ്പ്രദായികമായ റവന്യൂ സിസ്റ്റം, ഫണ്ട് സമാഹരിക്കാനുള്ള സ്വയംഭരണാധികാരമില്ലായ്മ, ടാക്‌സേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അക്രഡിറ്റേഷൻ പ്രക്രിയ പൂർത്തീകരിക്കാനാവശ്യമായ ഫണ്ടിന്റെ അഭാവം, ദൈനംദിന ഭരണനടപടികളിലെ പ്രശ്‌നങ്ങൾ, ഭരണപരമായ സ്വയംഭരണം ഇല്ലാത്തതുമൂലം നയപരമായ തീരുമാനങ്ങളെടുക്കാൻ കഴിയാതിരിക്കുക, ഇതുമായി ബന്ധപ്പെട്ട് അഫിലിയേറ്റ് കോളേജുകൾ നേരിടേണ്ടിവരുന്ന അധികാര കേന്ദ്രീകരണ പ്രശ്‌നങ്ങൾ, സംസ്ഥാന സർക്കാറിന്റെ നിയന്ത്രണ സംവിധാനങ്ങൾ, വി.സിമാരടക്കം നേതൃത്വത്തിലുള്ളവരുടെ അടിക്കടിയുള്ള മാറ്റങ്ങൾ, നിയമനങ്ങളിലെ സുതാര്യതയില്ലായ്മ തുടങ്ങി സംസ്ഥാന പൊതു സർവകലാശാലകൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ റിപ്പോർട്ട് എടുത്തുകാണിക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലുള്ള അക്രഡിറ്റഡ് യൂണിവേഴ്സിറ്റികളുടെ ശതമാനം (2022).
വിവിധ സംസ്ഥാനങ്ങളിലുള്ള അക്രഡിറ്റഡ് യൂണിവേഴ്സിറ്റികളുടെ ശതമാനം (2022).

പഠിച്ചിറങ്ങുന്നവരുടെ കാര്യമോ?

പബ്ലിക് യൂണിവേഴ്സിറ്റികളിലെ ഉന്നത വിദ്യാഭ്യാസം കാലത്തിനൊത്ത് ജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നുണ്ടോ?

ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് അതേ സംസ്ഥാനത്തുതന്നെ തുടരാനാവശ്യമായ സാഹചര്യം ലഭിക്കുന്നില്ല എന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്. പല സംസ്ഥാനങ്ങളിലും പ്രാദേശിക വ്യവസായങ്ങൾ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ടാലന്റ് പൂളിനെയും റിസോഴ്‌സുകളെയുമാണ് ആശ്രയിക്കുന്നത്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ വൈദഗ്ധ്യം കൂടി വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾക്കാകുന്നില്ല. ഇംഗ്ലീഷ് ഭാഷയിലുള്ള വിദ്യാർത്ഥികളുടെ പ്രാവീണ്യക്കുറവ് ഒരു പ്രധാന പ്രശ്‌നമായി റിപ്പോർട്ട് വിലയിരുത്തുന്നു. പുറത്ത്, വികസിച്ചുവരുന്ന സാങ്കേതികവും തൊഴിൽപരവുമായ സാഹചര്യങ്ങൾ ഇവർക്ക് അന്യമായി തുടരുന്നു. കാലഹരണപ്പെട്ട കരിക്കുലം ഇതിന് അടിസ്ഥാനമായി വർത്തിക്കുന്നു.

വിവിധ മേഖലകളിൽ വൈദഗ്ധ്യം വളർത്താനും അതുവഴി വരുമാനമുണ്ടാക്കാൻ വിദ്യാർത്ഥികളെ സഹായിക്കാനും മറ്റും സ്വകാര്യ മേഖലയുമായി സഹകരണത്തിനുള്ള സാഹചര്യം സ്‌റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റികൾ പരിമിതമായേ ഉപയോഗപ്പെടുത്തുന്നുള്ളൂ. വിദ്യാർത്ഥികൾക്ക് ഇൻഡസ്ട്രി മെന്റർഷിപ്പും ഫാക്കൽറ്റി നേതൃത്വത്തിലുള്ള ഓണ്ടർപ്രണർഷിപ്പും അനിവാര്യമാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

വിദ്യാഭ്യാസത്തിനുള്ള
ബജറ്റ് വിഹിതം കുറയുന്നു

കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയുടെ വിഹിതം മൂന്നു ശതമാനത്തിൽ താഴെയാണ്.

14ാം ധനകാര്യ കമീഷൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 32 ശതമാനത്തിൽനിന്ന് 42 ആയി വർധിപ്പിച്ചെങ്കിലും ഇത് വിദ്യാഭ്യാസത്തിനുള്ള ചെലവിൽ ആനുപാതിക വർധനയുണ്ടാക്കിയില്ല. മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവിലെ വർധനയിലും സംസ്ഥാനങ്ങൾ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ വിഹിതത്തിലും കുറവുണ്ടായി.

ഉന്നത വിദ്യാഭ്യാസത്തിന്
ജി.ഡി.പിയുടെ 1.57 ശതമാനം

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടിയുള്ള ചെലവിടലിന്റെ കാര്യത്തിൽ ഇന്ത്യ, മുൻനിരയിലുള്ള ലോകരാജ്യങ്ങൾക്കൊപ്പമുണ്ട്. ജി.ഡി.പിയുടെ 1.57 ശതമാനമാണ് ഇന്ത്യ 2021-ൽ tertiary education മേഖലയിൽ ചെലവഴിച്ചത്. യുനസ്‌കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് യു.എസ്- 1.70, യു.കെ- 1.61, ജർമനി- 1.35, കാനഡ- 1.24, ഫ്രാൻസ്- 1.23 ശതമാനം വീതമാണ് tertiary education-ന് ചെലവഴിച്ചത്.

സർവകലാശാലകളിൽ ഉന്നത പഠനത്തിന് ചേരുന്നവരിൽ, കേരളത്തിൽആൺകുട്ടികളെ കടത്തിവെട്ടി പെൺകുട്ടികൾ. കേരളം, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പെൺകുട്ടികളുടെ എന്റോൾമെന്റ് നിരക്ക് ആൺകുട്ടികളുടേതിനേക്കാൾ കൂടുതലുള്ളത്.

തുടരുന്ന ‘കേരള മോഡൽ’

പെൺകുട്ടികളുടെ കേരളം

സർവകലാശാലകളിൽ ഉന്നത പഠനത്തിന് ചേരുന്നവരിൽ, കേരളത്തിൽആൺകുട്ടികളെ കടത്തിവെട്ടി പെൺകുട്ടികൾ. കേരളം, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പെൺകുട്ടികളുടെ എന്റോൾമെന്റ് നിരക്ക് ആൺകുട്ടികളുടേതിനേക്കാൾ കൂടുതലുള്ളത്. 2021- 22ൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവന്ന 13.04 ലക്ഷം വിദ്യാർഥികളിൽ 7.50 ലക്ഷം പേർ പെൺകുട്ടികളാണ്, ആൺകുട്ടികൾ 5.55 ലക്ഷവും. ഛത്തീസ്ഗഡിലും ഹിമാചൽ പ്രദേശിലുമാണ് കേരളത്തിനുപുറമേ ആൺകുട്ടികളേക്കാൾ പെൺകുട്ടികളുള്ളത്.

ചെറിയ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമായ ചണ്ഡീഗഡ്, മിസോറാം, ആന്റമാൻ ആന്റ് നിക്കോബാർ എന്നിവിടങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിൽ വലിയ വ്യത്യാസമില്ല. എന്നാൽ, മഹാരാഷ്ട്ര, യു.പി, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ യൂണിവേഴ്‌സിറ്റി വിദ്യാർഥികളായ ആൺകുട്ടികളുടെ എണ്ണം പെൺകുട്ടികളേക്കാൾ വളരെ വലുതാണ്.

പെൺകുട്ടികളുടെ എൻറോൾമെന്റ് കൂടി

രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ പെൺകുട്ടികളുടെ എന്റോൾമെന്റ് കഴിഞ്ഞ ഒരു ദശകത്തിനിടെ മൂന്ന് ശതമാനം കൂടിയിട്ടുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ ഈ നിരക്കുകളിൽ ഐക്യരൂപ്യമില്ല. എങ്കിലും ആൺ- പെൺ ലിംഗസമത്വം ഏതാണ്ട് തുല്യനിലയിലാണ് എന്നത് പുരോഗമനപരമായ വളർച്ചയായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ചെറിയ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായ ചണ്ഡീഗഡ്, മിസാറാം, ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം എന്നിവിടങ്ങിൽ താരതമ്യേന സന്തുലിതമായ ആൺ- പെൺ അനുപാതമാണുള്ളത്. എന്നാൽ, മഹാരാഷ്ട്ര, യു.പി, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ആൺകുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്.

ദേശീയ തലത്തിൽ 2021-22ൽ എല്ലാതരം യൂണിവേഴ്‌സിറ്റികളിലുമായി ചേർന്ന ആൺകുട്ടികൾ 57.28 ശതമാനവും പെൺകുട്ടികൾ 42.72 ശതമാനവുമാണ്. 2011-12ൽ ആൺ- പെൺ ശതമാനം 60.23- 39.77 ആയിരുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ Gender Parity Index (GPI)- ന്റെ കാര്യത്തിലും കേരളം മുന്നിലാണ്, 1.44. ആകെയുള്ള വിദ്യാർഥിനികളുടെ എണ്ണത്തെ വിദ്യാർഥികളുടെ എണ്ണം കൊണ്ട് ഹരിച്ചു കിട്ടുന്നതാണ് GPI. ഹിമാചൽ പ്രദേശ് ആണ് രണ്ടാമത്, 1.33. കേന്ദ്ര ഭരണപ്രദേശങ്ങളിൽ ലക്ഷദീപാണ് മുന്നിൽ, 6.33. ഒഡീഷയും (0.88) ത്രിപുരയുമാണ് (0.89) ഏറ്റവും പിന്നിൽ.

സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളിൽ ചേരുന്ന വിദ്യാർത്ഥികളുടെ ലിംഗാനുപാതത്തിന്റെ ശതമാനം.
സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളിൽ ചേരുന്ന വിദ്യാർത്ഥികളുടെ ലിംഗാനുപാതത്തിന്റെ ശതമാനം.
രാജ്യത്തെ എല്ലാ തലങ്ങളിലുമുള്ള യൂണിവേഴ്സിറ്റികളിൽ ചേരുന്ന വിദ്യാർത്ഥികളുടെ ലിംഗാനുപാതത്തിന്റെ ശതമാനം.
രാജ്യത്തെ എല്ലാ തലങ്ങളിലുമുള്ള യൂണിവേഴ്സിറ്റികളിൽ ചേരുന്ന വിദ്യാർത്ഥികളുടെ ലിംഗാനുപാതത്തിന്റെ ശതമാനം.

എൻറോൾമെന്റിലും കേരളത്തിന് നേട്ടം

ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്ന 18-23 പ്രായപരിധിയിലുള്ളവരുടെ എണ്ണത്തിലും (The Gross Enrolment Ratio- GER) കേരളം ദേശീയ ശരാശരിയേക്കാൾ (28.4) ഏറെ മുന്നിലാണ്; 41.32 ശതമാനം. 2011-12ൽ 21.8 ശതമാനമായിരുന്നു. തമിഴ്‌നാട്, പുതുച്ചേരി എന്നിവയാണ് GER-ൽ മുന്നിൽ- 47 ശതമാനം. ചണ്ഡീഗഡ് 64.8 ശതമാനത്തോടെ ഏറ്റവും മുന്നിലാണ്. തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് GER-ൽ കേരളത്തോടൊപ്പമുള്ളത്. എന്നാൽ, ബിഹാർ, ജാർക്കണ്ഠ്, ഒഡീഷ, യു.പി, ഗുജറാത്ത്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ ദേശീയ ശരാശരിയേക്കാൾ പിന്നിലാണ്.

സർവകലാശാലകളുടെ എണ്ണം കൂടിയാൽ
വിദ്യാർത്ഥികളുടെ എണ്ണം കൂടില്ല

സർവകലാശാലകളുടെ എണ്ണത്തിൽ മുന്നിലുള്ള മേഘാലയ, ലഡാക്ക് എന്നിവിടങ്ങളിൽ GER ദേശീയ ശരാശരിയേക്കാൾ കുറവാണ്. അതേസമയം, സർവകലാശാലകളുടെ എണ്ണം മിതമായ നിരക്കിലുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ വിദ്യാർഥികളുടെ എണ്ണത്തിൽ മുന്നിലും. സർവകലാശാലകളുടെ എണ്ണക്കൂടുതലല്ല ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വിദ്യാർഥികളുടെ വരവിനെ സ്വാധീനിക്കുന്ന ഘടകം എന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു.

1950-51നും 2021-22നുമിടയിൽ GER-ൽ 71 ഇരട്ടി വർധനയുണ്ടായി. അതായത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധന. ഇക്കാര്യത്തിൽ വികസ്വര രാജ്യങ്ങളിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എങ്കിലും ഉന്നത വിദ്യാഭ്യാസത്തിന് അർഹരായവരിൽ നാലിൽ മൂന്നു ഭാഗത്തിനും ഉന്നത വിദ്യാഭ്യാസം തുടരാനാകുന്നില്ല എന്ന യാഥാർഥ്യവും ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട്.

2020-21ൽ 4225 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം ചെലവഴിച്ചത്.

പ്രതിശീർഷ ഫണ്ട് വിനിയോഗത്തിൽ
കേരളം ഏറ്റവും മുന്നിൽ

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിശീർഷ ഫണ്ട് വിനിയോഗത്തിലും കേരളം ഏറ്റവും മുന്നിലാണ്. 2005-06നും 2019-20നുമിടയിൽ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്നവർക്കായുള്ള ശരാരശി ചെലവ് 2174 രൂപയിൽനിന്ന് 4921 രൂപയായി ഉയർന്നു.

18-23 പ്രായപരിധിയിലുള്ളവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കാൻ ചെലവിടുന്ന പണത്തിന്റെ കാര്യത്തിൽ കേരളം മുന്നിലാണ്. 2020-21ൽ 4225 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം ചെലവഴിച്ചത്. വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതത്തിന്റെ 15 ശതമാനത്തിലേറെ വരും ഇത്. സംസ്ഥാന ജി.ഡി.പിയുടെ 3.46 ശതമാനമാണ് കേരളം വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നത്. ഇതിൽ 0.53 ശതമാനം ഉന്നത വിദ്യാഭ്യാസത്തിനാണ്.

ജി.ഡി.പിയുടെ 8.11 ശതമാനം വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന ജമ്മു കാശ്മീരാണ് ഇക്കാര്യത്തിൽ ഒന്നാമത്. മണിപ്പുർ- 7.25, മേഘാലയ- 6.64, ത്രിപുര- 6.19 ശതമാനം വീതം ചെലവാക്കുന്നുണ്ട്. ഡൽഹി, തെലങ്കാന, കർണാടക എന്നിവയാണ് ഏറ്റവും കുറവ് പണം വിദ്യാഭ്യാസത്തിന് ചെലവാക്കുന്നത്.

നിതി ആയോഗിന്റെ 2025-ലെ Expanding Quality Higher Education through States and State Public Universities എന്ന റിപ്പോർട്ട് പൂർണമായും വായിക്കാം

Comments