Photo : Kerala university union 2020-2, FB Page

‘ഞങ്ങളെ എന്തിനിങ്ങനെ പറ്റിക്കുന്നു?’

സർവകലാശാലക്ക്​ ഗവേഷണ വിദ്യാർഥികളുടെ കുറ്റപത്രം

കേരള യൂണിവേഴ്​സിറ്റിയിലെ ഗവേഷണ വിദ്യാർഥികൾ നിരവധി പ്രതിസന്ധികളിലൂടെയാണ്​ കടന്നുപോകുന്നത്​. സാ​ങ്കേതികവും ഭരണപരവും അക്കാദമികവുമായ ചുവപ്പുനാടകളിൽ പെട്ട്​, ജോയ്നിങ് ഓർഡർ മുതൽ ഫെലോഷിപ്പ് കുടിശ്ശിക വരെയുള്ള വിഷയങ്ങളെച്ചൊല്ലി നട്ടം തിരിയുകയാണ്​ ഗവേഷണ വിദ്യാർഥികൾ.

ലപ്പോഴും പൂരിപ്പിക്കാൻ സ്വന്തമായി ഒരു കോളം പോലും ഇല്ലാത്ത നിസ്സഹായരാണ് ഗവേഷണ വിദ്യാർഥികൾ എന്ന് തോന്നിപ്പോകാറുണ്ട്. പല സർവേകളിലും മാസ്റ്റേഴ്‌സ് വരെയുള്ള കോളം കാണും, അതിനുതാഴെ എന്താണ് ജോലിയെന്നായിരിക്കും പലപ്പോഴും ചോദിക്കുക. പാർലമെന്റിലോ, നിയമസഭകളിലോ പോലും ഗവേഷണ വിദ്യാർത്ഥികളുടെ പ്രശ്‌നം വേണ്ട രീതിയിൽ സത്യത്തിൽ ആരും അഭിസംബോധന ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

ഞാനടക്കമുള്ള ചില ഗവേഷണ വിദ്യാർഥികളുടെ ചില ദുരനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്​. ഏതാനും വിദ്യാർഥികളുടേത്​ എന്നതിനപ്പുറം ഒരു വലിയ സമൂഹം ഗവേഷണ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നം കൂടിയാണിത്​.

കേരള യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ഗവേഷണ വിദ്യാർഥിയാണ് ഞാൻ. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലാണ്​ പഠനം. ഗവേഷണ വിഷയം ‘കോമേഴ്സ്'. യഥാർത്ഥത്തിൽ 2020 ൽ ഗവേഷണം തുടങ്ങേണ്ടതാണ്, എന്നാൽ ഡോക്ടറൽ വൈവ സമയത്ത് ലിസ്റ്റ് ചെയ്ത ഗൈഡ് ലിസ്റ്റിൽ എനിക്ക് അനുവദിച്ച ഗൈഡ് ഇല്ല എന്ന സാങ്കേതിക കാരണത്താൽ ഞാനടങ്ങുന്ന ഒരു 20 അംഗ സംഘം കാര്യവട്ടം ക്യാമ്പസിലും, യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിലുമായി പലതവണ ഓടേണ്ടതായി വന്നു. അങ്ങനെ കൃത്യം ഒന്നര വർഷങ്ങൾക്കുശേഷം ഞങ്ങൾക്ക് ആ സുദിനം വന്നുചേർന്നു. അതായത്, ജോയിനിംഗ് ഓർഡർ കയ്യിൽ കിട്ടി. പിന്നീട് രജിസ്‌ട്രേഷൻ ഓർഡർ, ഫെലോഷിപ്പിന്റെ പേപ്പർ അങ്ങനെ നൂറുകൂട്ടം പരിപാടികൾ വേറെ... ഇതൊക്കെയൊന്ന് കംപ്യൂട്ടറൈസ്ഡ് ആക്കിയിരുന്നെങ്കിൽ എന്നത് ഞാനടക്കം ഒരു വലിയ ജനതയുടെ കിനാശ്ശേരിയാണ്.

ഞങ്ങളെ ഇങ്ങനെ പറഞ്ഞു പറ്റിക്കാതിരുന്നുകൂടേ?
ഞങ്ങളും മനുഷ്യരാണ്, സ്വപ്നങ്ങളുള്ള പച്ച മനുഷ്യർ.

കേരള യൂണിവേഴ്സിറ്റി. / Photo : Wikimedia Commons.
കേരള യൂണിവേഴ്സിറ്റി. / Photo : Wikimedia Commons.

2020 ജനുവരി സെഷനിലെ പിഎച്ച് ഡി ഡോക്ടറൽ കമ്മറ്റിക്കാണ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട്, കോവിഡ് മൂലം അത് നീട്ടിവെച്ചു. പിന്നീട് നടന്ന ഡോക്ടറൽ കമ്മിറ്റിയ്ക്ക് ഓഫ്​ലൈനായി തന്നെയാണ് അറ്റൻഡ് ചെയ്തത്. അന്ന്, പ്രസൻറ്​ ചെയ്ത സിനോപ്‌സിസ്‌നായി അത്യാവശ്യം നല്ല രീതിയിൽ തന്നൊരു ഫീൽഡ് സ്റ്റഡി ചെയ്തിരുന്നു. We will Inform Later എന്നായിരുന്നു അന്നത്തെ പാനൽ പറഞ്ഞിരുന്നത്. പിന്നീട് ഏതാനും മാസങ്ങൾക്കുശേഷം, ഗൈഡിനെ അലോട്ട് ചെയ്​തുതന്നപ്പോൾ അതിയായ സന്തോഷം തോന്നി. പിന്നീടാണ്, അതിനുള്ളിലെ വലിയൊരു രാഷ്ട്രീയത്തിന് ഞാനടക്കം ഞങ്ങൾ ഇരുപതുപേർ സാക്ഷ്യം വഹിച്ചത്. അക്ഷരാർത്ഥത്തിൽ ഇന്നും ഓർക്കാനാഗ്രഹിക്കാത്ത ഒരു അധ്യായമാണത്.

അന്നത്തെ സാങ്കേതിക കാരണം, ഈ അനുവദിച്ച ഗൈഡുകളെ ആരേയും 2020 ലെ, ആ സെഷനിൽ ലിസ്റ്റ് ചെയ്തിട്ടില്ല, ആ സമയത്ത് ഇവർക്ക് ഗൈഡ്ഷിപ്പ് കിട്ടിയിട്ടില്ല എന്ന ന്യായമായിരുന്നു. സത്യത്തിൽ, അതിനപ്പുറം കാര്യവട്ടം ഡിപ്പാർട്ട്‌മെന്റും യൂണിവേഴ്‌സിറ്റിയിലെ ഏതാനും സംഘടനകളും തമ്മിലുളള ഒരു മൽപ്പിടുത്തമായി തന്നെ പലപ്പോഴും അതനുഭവപ്പെട്ടു. പിന്നീട്, ഇലക്ഷൻ സമയമായപ്പോൾ ആ ഫയലിനെപ്പറ്റി വിവരമേതുമില്ലാതെ ഞങ്ങൾ അലഞ്ഞു. ഡിപ്പാർട്ട്‌മെന്റിൽ നിന്നും, യൂണിവേഴ്സിറ്റിയിൽ നിന്നുമെല്ലാം ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞുതുടങ്ങിയിരുന്നു.

ഫുൾ ടൈം ഗവേഷകർക്ക്, ആകെ വരുമാനമെന്ന് പറയാൻ യൂണിവേഴ്സിറ്റി ഫെലോഷിപ്പ് മാത്രമാണുള്ളത്. പക്ഷെ ഏതാനും മാസങ്ങളായി ഞങ്ങളുടെ ഫെലോഷിപ്പ് തുക തുലാസിലാണ്, ഇതുവരെ കിട്ടിയിട്ടില്ല

കൃത്യം ഒന്നര വർഷങ്ങൾക്കുശേഷം, സിൻഡിക്കേറ്റ്, ഉദ്യോഗാർഥികൾക്ക് അനുകൂലമായി തീരുമാനമെടുത്തന്നൊരറിയിപ്പ് ലഭിച്ചു. അതിനുശേഷവും ജോയിനിംഗ് ഓർഡറും, രജിസ്‌ട്രേഷൻ ഓർഡറും ലഭിക്കാൻ മാസങ്ങളെടുത്തു. പിന്നീട്, ഫെലോഷിപ്പ് ഓർഡർ ലഭിച്ചതിനു ശേഷവും മൂന്ന് മാസം മുതലുള്ള കുടിശ്ശിക ഇപ്പോഴും ലഭിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ച്​ ഏറ്റവും പ്രധാന പ്രശ്​നം കൂടിയാണിത്​. ഫുൾ ടൈം ഗവേഷകർക്ക്, മറ്റൊരു ജോലിയ്ക്കും പോകാൻ പറ്റാത്ത സാങ്കേതിക തടസ്സമുള്ളതിനാൽ, ആകെ വരുമാനമെന്ന് പറയാൻ യൂണിവേഴ്സിറ്റി ഫെലോഷിപ്പ് മാത്രമാണുള്ളത്. സത്യത്തിൽ, അതുമാത്രമാണ് ഏകയുള്ള നിലവിലെ, അല്ലെങ്കിൽ തുടർവർഷങ്ങളിലെ വരുമാനമാർഗം. പക്ഷെ ഏതാനും മാസങ്ങളായി ഞങ്ങളുടെ ഫെലോഷിപ്പ് തുക തുലാസിലാണ്, ഇതുവരെ കിട്ടിയിട്ടില്ല, 3 മാസം മുതൽ 1 വർഷം വരെ ഫെലോഷിപ്പ് കിട്ടാനുള്ള വിദ്യാർഥികൾ ഏറെയാണ്.

ഫെലോഷിപ്പ് ഓർഡർ കിട്ടിയശേഷം, കഴിഞ്ഞ ഡിസംബർ 9 നാണ് യൂണിവേഴ്‌സിറ്റിയിലെ Adf2 സെക്ഷനിൽ എല്ലാ പേപ്പേഴ്‌സും ഞാൻ കൊടുത്തത്. എപ്പോൾ കിട്ടുമെന്നതിന് രണ്ടാഴ്ച എന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് രണ്ട് പ്രാവശ്യം ചെന്നു, എന്റെ വീട് കൊല്ലം ജില്ലയിലെ ആനയടി എന്ന ഗ്രാമത്തിലാണ്, അവിടെ നിന്നാണ് ഇത് അന്വേഷിക്കുന്നതിന് മാത്രമായി തിരുവന്തപുരത്തേയ്ക്ക് പോയത്. പലപ്പോഴും, ക്യാഷ് സെക്ഷനിലാണ്, ഓഡിറ്റ് സെക്ഷനിലാണ് എന്നൊക്കെ പറഞ്ഞ്​ വീണ്ടും നടത്തിക്കുക പതിവാക്കി.
ഗതികെട്ട്, തുക എപ്പോൾ വരുമെന്ന് ചോദിച്ചപ്പോൾ, ‘അക്കൗണ്ട് ബാലൻസ ചെക്ക് ചെയ്യുക​’ എന്ന മറുപടിയാണ് തന്നത്.
ഇപ്പോഴും ആ കലാപരിപാടി തുടർന്നു കൊണ്ടിരിക്കുന്നു.

തിരുവനന്തപുരം ഗവൺമെൻറ് ആർട്​സ്​ കോളേജിലെ ഗവേഷണ വിദ്യാർത്ഥി ലക്ഷ്മി ജയൻ അനുഭവം പങ്കുവെയ്ക്കുന്നു: കേരള യൂണിവേഴ്‌സിറ്റി എന്നുപറയുമ്പോൾ തന്നെ ഓർമ വരുന്നത്, ഇഴഞ്ഞു നീങ്ങുന്ന ഒച്ചിനെയാണ്. ഗവേഷണ വിദ്യാർത്ഥി എന്ന നിലയ്ക്ക്, ഫെലോഷിപ്പുമായി ബന്ധപ്പെട്ട് തുടങ്ങി, നിരവധി കാര്യങ്ങൾക്ക് യൂണിവേഴ്‌സിറ്റി കയറിയിറങ്ങേണ്ട സാഹചര്യമാണ് ഒരു ശരാശരി വിദ്യാർത്ഥി നേരിടേണ്ടത്. വ്യക്തിപരമായി, പത്ത് മിനിറ്റുകൾക്കൊണ്ടു നടക്കേണ്ട പല കാര്യങ്ങൾക്കുമായി, പത്ത് ദിവസം തന്നെ നഷ്ടപ്പെടുത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. യൂണിവേഴ്‌സിറ്റിയിൽ പലരുടെയും വിദ്യാർത്ഥികളോടുള്ള മനോഭാവം തന്നെ വളരെ മോശമായി അനുഭവപ്പെട്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഗവേഷണ വിദ്യാർത്ഥികളോടുള്ള ഇത്തരം മനോഭാവത്തിന് ഉന്നത തലത്തിൽ നിന്ന് തന്നെ മതിയായ പരിഹാരം കാണേണ്ടത് അനിവാര്യമാണ്.

തിരുവനന്തപുരം ഗവൺമെൻറ്​ ആർട്സ്​ കോളേജിലെ ഗവേഷണ വിദ്യാർത്ഥി അഭിഷേക് അജയ്കുമാറിന്റെ അനുഭവം: ജനുവരി 2020 ന് കേരളാ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പിഎച്ച്​.ഡിക്ക്​ അപേക്ഷിക്കുന്നു. 19-3 -2020 ലാണ് ആദ്യത്തെ ഡോക്ടറൽ കമ്മിറ്റി കൂടാൻ തീരുമാനിച്ചിരുന്നത്. കോവിഡ്​ മൂലം അത് 30-6-2020 ലേക്ക് മാറ്റി. ടോപ്പിക് അപ്രൂവൽ കിട്ടിയവർക്ക് ഗൈഡിനെ അലോട്ട് ചെയ്തില്ല. ഗൈഡിനെ ഞങ്ങൾ സ്വന്തമായി കണ്ടുപിടിച്ചു. എങ്കിൽ പോലും രജിസ്​ട്രേഷൻ ഓർഡർ ലഭിച്ചത് ഒരു വർഷത്തിനു ശേഷമാണ്. ഇതിനകം JRF കാർ പലരും ജോയിൻ ചെയ്തു. പക്ഷേ ഫെലോഷിപ്പിന് രജിസ്‌ട്രേഷൻ ഓർഡർ കിട്ടിയാലേ അപേക്ഷിക്കാനാകൂ. രജിസ്‌ട്രേഷൻ ഓർഡർ കിട്ടുന്നത് 2021 ആഗസ്​റ്റിലാണ്​. തുടർന്ന് ഫെലോഷിപ്പിനുവേണ്ടിയുള്ള വെരിഫിക്കേഷൻ നവംബറിൽ നടക്കുന്നു. ഡിസംബറിൽ മൂന്നിന്​ക്വാർട്ടറിലേക്കുള്ള ഫെലോഷിപ്പിന്റെ അപ്ലിക്കേഷൻ ഫയൽ ചെയ്തു. റിസർച്ച് തുടങ്ങിയിട്ട് ഒരു വർഷമാകുന്നു. തുക ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോൾ അപേക്ഷ വൈകിയതുകൊണ്ട് അതിന്റേതായ നടപടിക്രമങ്ങൾക്ക് അധിക സമയം വേണമെന്നതിനാൽ ഇനിയും വൈകുമെന്ന് യൂണിവേഴ്‌സിറ്റി ഓഫീസിൽ നിന്ന്​ അറിയിച്ചു. ഞങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഞങ്ങൾക്ക് അർഹതപ്പെട്ട ഫെല്ലോഷിപ്പ് ആവശ്യങ്ങൾക്ക് ഒന്നും ഉപകരിക്കാതെ വൈകുന്നു. 2019 ൽ പി.ജി. (കേരള ഡിസ്​റ്റൻസ്​) കഴിഞ്ഞ് 2020 ൽ റിസൽറ്റ് വന്ന് പി.ജി. സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. കേരളാ യൂണിവേഴ്‌സിറ്റിയിൽ പി.ജി. ചെയ്ത ഒരാൾക്ക് പിഎച്ച്​.ഡി രജിസ്‌ട്രേഷൻ ഓർഡർ കിട്ടാൻ ഒറിജിനൽ പി.ജി. സർട്ടിഫിക്കറ്റ്​ കൂടിയേ തീരൂ. പി.വി.സിയെ കണ്ടശേഷം മാത്രമാണ് 2021 ആഗസ്​റ്റിൽ കിട്ടിയത്. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഞങ്ങളുടെ ഫെലോഷിപ്പിന്റെ കാര്യത്തിലും യൂണിവേഴ്‌സിറ്റി അലംഭാവം വെടിഞ്ഞ് ​ദ്രുതഗതിയിൽ ഇതിനൊരു പരിഹാരം കണ്ടേ തീരൂ.

ഒട്ടു മുക്കാൽ സേവനങ്ങളും ഓൺലൈനായി  നൽകാവുന്ന രീതിയിൽ പരിഷ്‌കാരം സാധ്യമാകും എന്നിരിക്കെ ചുവപ്പു നാടയിൽ കുരുക്കി വിദ്യാർഥികളെ പൊറുതി മുട്ടിക്കുന്ന സർവ്വകലാശാല സമീപനം അത്യന്തം ഗൗരവത്തോടെ കാണേണ്ടതാണ്. /Photo : Wikimedia Commons.
ഒട്ടു മുക്കാൽ സേവനങ്ങളും ഓൺലൈനായി നൽകാവുന്ന രീതിയിൽ പരിഷ്‌കാരം സാധ്യമാകും എന്നിരിക്കെ ചുവപ്പു നാടയിൽ കുരുക്കി വിദ്യാർഥികളെ പൊറുതി മുട്ടിക്കുന്ന സർവ്വകലാശാല സമീപനം അത്യന്തം ഗൗരവത്തോടെ കാണേണ്ടതാണ്. /Photo : Wikimedia Commons.

തിരുവനന്തപുരം ഗവൺമെൻറ്​ ആർട്​സ്​ കോളേജിലെ ഗവേഷണ വിദ്യാർത്ഥി വിഷ്ണു ആർ. നായർ: ഇന്ത്യയിലെ തന്നെ ഏറ്റവും അപരിഷ്‌കൃത ഗവേഷണ വിഭാഗം കേരള സർവ്വകലാശാലയിലാണെന്ന് വേദനയോടെ പറയേണ്ടി വരും. പിഎച്ച്​.ഡി രജിസ്​ട്രേഷൻ ഓർഡർ ലഭിക്കുന്നതുമുതൽ ആരംഭിക്കുന്ന മെല്ലേപ്പോക്ക് പിഎച്ച്​.ഡി അവാർഡ്​ ചെയ്യുന്നതുവരെ നീളുന്ന ഒന്നാണ്. റിസർച്ചിന്​അത്യന്താപേക്ഷിതമായ ഒന്നാണ് ഫണ്ടിംഗ്​. എന്നാൽ വിവിധ തരം ഫെല്ലോഷിപ്പുകളുടെ നടത്തിപ്പിൽ സർവ്വകാലാ വിഭാഗത്തിൽ നിന്നുണ്ടാകുന്ന വീഴ്ചയും കാലതാമസവും ഗവേഷകരെ വളരെ സമ്മർദത്തിലാഴ്ത്തുന്നു. രജിസ്​ട്രേഷൻ ഓർഡറിന്റെ വിതരണം, ഫെല്ലോഷിപ്പ്​ രജിസ്​​ട്രേഷൻ, കോഴ്​സ്​ വർക്ക്​ എക്​സാം രജിസ്​ട്രേഷൻ തുടങ്ങി ഒട്ടു മുക്കാൽ സേവനങ്ങളും ഓൺലൈനായി നൽകാവുന്ന രീതിയിൽ പരിഷ്‌കാരം സാധ്യമാകും എന്നിരിക്കെ ചുവപ്പു നാടയിൽ കുരുക്കി വിദ്യാർഥികളെ പൊറുതി മുട്ടിക്കുന്ന സർവ്വകലാശാല സമീപനം അത്യന്തം ഗൗരവത്തോടെ കാണേണ്ടതാണ്. പരമാവധി സേവനങ്ങൾ ഓൺലൈനായി നൽകുന്ന വിധം കേരള സർവ്വകലാശാല റിസർച്ച്​ ​പോർട്ടൽ നവീകരിക്കുന്നത് ഒരു പരിധിവരെ ഇത്തരം മോശം പ്രവണതകൾ ഒഴിവാക്കുന്നതിന് സഹായകമാകും. മരുഭൂമിയിലെ മഴ എന്ന പോലേ കാര്യവട്ടം പഠന ഗവേഷണ വകുപ്പുകളിൽ നിന്ന്​ വിദ്യാർഥികൾക്ക് ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണ മാത്രമാണ് ഗവേഷകർക്ക് ഈ ഗതി കെട്ട സമയത്തും ആകെയുള്ളൊരാശ്വാസം.

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ ഗവേഷണ വിദ്യാർത്ഥി അനന്തപത്മനാഭൻ: ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി ഗവേഷണത്തിലേക്കിറങ്ങുന്ന എന്നെപ്പോലുള്ള ഗവേഷകർക്ക് തീർത്തും ദുരിതപൂർണമായ അനുഭവമാണ്​ സർവ്വകലാശാലയിൽ നിന്ന് ഉണ്ടാകുന്നത്. ഡോക്ടറൽ കമ്മിറ്റിയിൽ തുടങ്ങി രജിസ്‌ട്രേഷൻ ഓർഡർ കിട്ടുന്നതുവരെ ഒരു ശരാശരി ഗവേഷണ വിദ്യാർത്ഥി ഒരുപാട് നൂലാമാലകളിലൂടെയാണ് കടന്നു പോകുന്നത്. യൂണിവേഴ്സിറ്റി ആവശ്യപ്പെടുന്ന എല്ലാ രേഖകളും സമർപ്പിച്ചാൽ പോലും വളരെ കാലതാമസമെടുത്താണ്​ ഓരോ കാര്യങ്ങളും ചെയ്​തു കിട്ടുന്നത്. അതും നിരന്തരം സെക്ഷനുകളിൽ കയറിയിറങ്ങിയ ശേഷം.

​​​​​​​പലപ്പോഴും ഫയലുകളുടെ അവസ്ഥയെ പറ്റി ഫോളോ അപ്​ ചെയ്യേണ്ട ജോലിയും ഗവേഷകർക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും വെളിപ്പെടുത്തട്ടെ. പലപ്പോഴും നിസ്സാര കാര്യങ്ങളുടെ പേരിൽ ഫയലുകൾ തടഞ്ഞ് വയ്ക്കപ്പെടുന്നു, തീരുമാനമുണ്ടാകാതെ വരുന്നു.

യൂണിവേഴ്സിറ്റിയിലെ സെക്ഷനുകൾ തമ്മിൽ ഏകീകരണം ഇല്ലാത്തതിന്റെ ഇരയാകുന്നതും ഗവേഷകരാണ്. പലപ്പോഴും ഫയലുകളുടെ അവസ്ഥയെ പറ്റി ഫോളോ അപ്​ ചെയ്യേണ്ട ജോലിയും ഗവേഷകർക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും വെളിപ്പെടുത്തട്ടെ. പലപ്പോഴും നിസ്സാര കാര്യങ്ങളുടെ പേരിൽ ഫയലുകൾ തടഞ്ഞ് വയ്ക്കപ്പെടുന്നു, തീരുമാനമുണ്ടാകാതെ വരുന്നു. ഒരു വിഷയം തന്നെ നാലഞ്ച്​ മാസത്തോളം മേശകളിലിരിക്കും. ഒരു ജോലിക്ക് അഭിമുഖത്തിനും മറ്റും പോകുമ്പോൾ ഒന്നുരണ്ടു കൊല്ലം എന്തിന് വെറുതെയിരുന്നു എന്ന ചോദ്യത്തിന്, ‘യൂണിവേഴ്സിറ്റി എന്നെ വെറുതെ ഇരുത്തി' എന്ന് പറയാൻ കഴിയുമോ?

ഓരോ ഘട്ടത്തിലുമുള്ള ഗവേഷണ വിദ്യാർഥികൾക്കും പലതരം മുടക്കങ്ങളുടെ കഥകൾ പറയാനുണ്ട്. ഫെല്ലോഷിപ്പ് അപേക്ഷയിൽ നടപടി ഇല്ലാത്തതിനാൽ കടം വാങ്ങി റിസർച്ച് ചെയ്യേണ്ട ഗതികേടുള്ളവർ പോലുമുണ്ട്. യൂണിവേഴ്സിറ്റിയുടെ ഇത്തരം നിലപാടുകൾ മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞാലും അതിശയോക്തിയല്ല. ആരെയും പ്രതിക്കൂട്ടിലാക്കാനോ അപമാനിക്കാനോ അല്ല ഇത്തരമൊരു പരാതി ഞങ്ങൾ ഉന്നയിക്കുന്നത്​, ഗവേഷക സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ കൂടുതൽ പേർ അറിയാനും അനുഭാവ പൂർവമായ നടപടി ഉണ്ടാകാനുമാണ്.

ഗവേഷണ വിദ്യാർത്ഥികൾ എന്ന നിലയ്ക്ക്, ഞങ്ങൾക്ക് മുന്നോട്ട് വെയ്ക്കാനുള്ള പ്രധാന കാര്യം ഇതാണ്​: ഗവേഷണ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അഡ്രസ്സ് ചെയ്യുന്നു എന്ന നിലയ്ക്ക് അവ ഓൺലൈൻ സംവിധാനത്തിന്റെ കുടക്കീഴിലാക്കുക എന്നതിനപ്പുറം അവ കാര്യക്ഷമമാക്കുന്നതിനും അവയെപ്പറ്റി പഠിക്കുന്നതിനും സർക്കാർ തലത്തിൽ ഒരു സമിതിയെ വെയ്ക്കണം. ജോയ്നിങ് ഓർഡർ മുതൽ ഫെലോഷിപ്പ് കുടിശ്ശിക വരെയുള്ള കാര്യങ്ങളെ അതിന്റെ ഗൗരവത്തിൽ സമീപിക്കണം. ഗവേഷണത്തിനെത്തുന്നവരുടെ പ്രശ്​നങ്ങൾക്ക്​ശാശ്വത പരിഹാരം കാണാൻ ഉന്നത തലങ്ങളിൽ നിന്ന്​ കാര്യക്ഷമമായ ശ്രമങ്ങളുണ്ടാകണം.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments