ക്രിക്കറ്റ് പരിശീലനത്തിന് പോയ കുട്ടി സ്‌കൂളിൽ നിന്ന് ഔട്ട്; പിന്നിൽ മാനേജ്‌മെന്റ് അജണ്ടയെന്ന് പിതാവ്

കായികമേഖല കരിയറായി കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ സമയം കായിക പരിശീലനത്തിന് വേണ്ട പിന്തുണ നൽകണം. അറ്റൻഡൻസ് ഷോട്ടേജെന്ന പ്രശ്നമില്ലാതെ അവർക്ക് പഠിക്കാനും പരീക്ഷകളെഴുതാനും കഴിയണം. മുഴുവൻ സമയ കായിക പരിശീലനം നടത്തുന്ന വിദ്യാർഥികളുടെ അറ്റൻഡൻസ് നിയമങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പും കായികവകുപ്പും ഒരുമ്മിച്ചിരുന്ന് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. അവരുടെ പഠിക്കാനുള്ള അവകാശത്തെ ഹനിക്കാതെ കായികപരിശീലനത്തിനുള്ള പിന്തുണ നൽകാൻ ഈ തീരുമാനങ്ങളിലൂടെ സാധിക്കണം.

നിരന്തരമായ പരിശീലനത്തിലൂടെയാണ് ഒരു കായികതാരം രൂപപ്പെടുന്നത്. എന്നാൽ ഇതിനുള്ള അവസരങ്ങൾ നമ്മുടെ വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ടോ? കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂളിൽ കായിക തൽപ്പരനായ ഒരു വിദ്യാർഥിയെ അറ്റൻഡൻസ് ഷോട്ടേജിന്റെ പേരിൽ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. മുഴുവൻ സമയ കായിക പരിശീലനത്തിനായി സ്‌കൂളിൽ നിന്ന് അവധിയെടുത്ത വിദ്യാർഥി പതിനഞ്ച് ദിവസത്തിലധികം ഹാജരായില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടും ഗൗനിച്ചില്ല എന്നതുമാണ് സസ്‌പെൻഡ് ചെയ്യാനുള്ള കാരണമായി സ്‌കൂൾ അധികൃതർ പറയുന്നത്. എന്നാൽ ഇതിനു പിന്നിൽ വ്യക്തമായ മാനേജ്മെന്റ് അജണ്ടകളുണ്ടെന്ന് സ്‌കൂളിലെ മുൻ പി.ടി.എ. പ്രസിഡന്റ് കൂടിയായ കുട്ടിയുടെ രക്ഷിതാവ് അനൂപ് ഗംഗാധരൻ പറയുന്നു. സ്‌കൂൾ മാനേജ്‌മെന്റിന്റെ നിയമലംഘനങ്ങളെ താൻ ചോദ്യം ചെയ്തതിന് പ്രതികാര നടപടിയായി മകനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നെന്നാണ് അനൂപ് ഗംഗാധരൻ ആരോപിക്കുന്നത്.

കായിക പരിശീലനം നടത്തുന്ന വിദ്യാർഥികളുടെ അറ്റൻഡൻസ് നിയമങ്ങളിൽ പൊതുവിദ്യാഭ്യാസവകുപ്പും കായികവകുപ്പും യോജിച്ച് തീരുമാനങ്ങളെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അനൂപ് ഗംഗാധരൻ ട്രൂകോപ്പി തിങ്കുമായി സംസാരിക്കുന്നു.

റിദാ നാസർ: കായിക പരിശീലനത്തിനായി അവധിയെടുത്തതിനാൽ അറ്റൻഡൻസ് ഷോട്ടേജ് വന്നതാണ് വിദ്യാർഥിയെ പുറത്താക്കാനുള്ള കാരണമായി സ്‌കൂൾ അധികൃതർ പറയുന്നത്. കായിക തൽപ്പരനായ ഒരു വിദ്യാർഥിയുടെ അഭിരുചികൾ മനസ്സിലാക്കാനും വളർത്താനും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പര്യാപതമല്ല എന്നല്ലേ ഇതർത്ഥമാക്കുന്നത് ?

അനൂപ് ഗംഗാധരൻ: എന്റെ മകന്റെ കാര്യം തന്നെ ഉദാഹരണമായി പറയാവുന്നതാണ്. അവൻ അഞ്ചാം ക്ലാസ്സിൽ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂളിൽ ചേർന്നതു മുതൽ ക്രിക്കറ്റിൽ പരിശീലനം നേടുന്ന ഒരാളാണ്. ഏഴാം ക്ലാസ്സിന്റെ അവസാനത്തിലാണ് മുഴുവൻ സമയ പരീശീലനത്തിലേക്ക് മാറുന്നത്. ആദ്യം ഹെഡ്മാസ്റ്റർ ഇതിന് സമ്മതിച്ചിരുന്നില്ല. പിന്നീട് പരിശീലനത്തിന്റെ പ്രാധാന്യമൊക്കെ ബോധ്യപ്പെടുത്തി പരീക്ഷകൾ സമയാസമയം എഴുതാമെന്ന വ്യവസ്ഥയിൽ അനുവദിക്കുകയായിരുന്നു. സ്വന്തമായി പഠിച്ച് നല്ല രീതിയിൽ പരീക്ഷകളെഴുതാൻ കുട്ടി പ്രാപ്തനായതുകൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. അതേസമയം പഠനത്തിൽ പിന്നാക്കം നിൽക്കുന്ന, കായിക തൽപ്പരനായ ഒരു കുട്ടിക്ക് അനുവാദം കിട്ടുമോ എന്ന് അറിയില്ല. അക്കാഡമിക്സിന് കൂടുതൽ പ്രാധാന്യം നൽകുന്ന, എല്ലാവർക്കും ഫുൾ എ പ്ലസ്സ് വേണമെന്ന് വാശിപിടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. കായിക തൽപ്പരരായ വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകി ഉയർന്നുവരാനുള്ള പ്രോത്സാഹനം നൽകാൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കേണ്ടതുണ്ട്.

നമ്മുടെ നാട്ടിൽ നിന്ന് ദേശീയ - അന്തർദേശീയ തലത്തിലേക്ക് ഉയർന്നുവരുന്ന കായികതാരങ്ങൾ കുറഞ്ഞുപോയതിന്റെ കാരണവും ഇതുതന്നെയാണ്. കഴിവുള്ള കുട്ടികളുണ്ട് എന്നാൽ അവർക്ക് വളർന്നു വരാനുള്ള സാഹചര്യവും പ്രോത്സാഹനവുമാണ് ഇല്ലാത്തത്. ഇക്കാര്യത്തിൽ വിദേശരാജ്യങ്ങളെയൊക്കെ നമ്മുക്ക് മാതൃകയായി സ്വീകരിക്കാവുന്നതാണ്. കായിക ഇനങ്ങളിൽ കഴിവുള്ള ഒരു വിദ്യാർഥിക്ക് കായികമേഖലയെ പ്രൈമറി ആയി കണ്ടുകൊണ്ട് ഉയർന്നുവരാൻ കഴിയുന്ന അക്കാഡമിക്ക് സിസ്റ്റമാണ് അവർ അവംലബിക്കുന്നത്. ചെറുപ്പം മുതലേ ഈ രീതിയിൽ പരിശീലനം നൽകുന്നതുകൊണ്ടാണ് അമേരിക്കയും ചൈനയും പോലുള്ള രാജ്യങ്ങളിലെ ടീനേജായ കുട്ടികൾ പോലും ഒളിമ്പിക്സിൽ മെഡൽ നേടാൻ തക്ക കരുത്തരാകുന്നത്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ കായികമേഖലക്ക് അത്രതന്നെ പ്രമോഷൻ ലഭിക്കാറില്ല. ഗ്രേസ് മാർക്ക് കിട്ടാനുള്ള ഒരു മേഖലയായി അതു ചുരുങ്ങിപോയി. കായികമേഖലയെ കരിയറായി സ്വപ്നം കാണുന്ന കുട്ടികൾ നമ്മുടെ സ്‌കൂളുകളിൽ വളരെ ചെറിയ ശതമാനം മാത്രമേ ഉണ്ടാകൂ. അവർക്ക് പോലും വേണ്ടത്ര പിന്തുണയും പരിഗണനയും പ്രോത്സാഹനവും നൽകാൻ നമ്മുടെ സ്‌കൂളുകൾക്കും സിസ്റ്റത്തിനും സാധിക്കുന്നില്ല.

പല മേഖലയിൽ കഴിവുകളുള്ള നമ്മുടെ വിദ്യാർഥികളെ സിലബസിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സിന്റെ ചട്ടകൂടുകളിലേക്ക് കൊണ്ടുവന്ന്, കേവലം മെമ്മറി ടെസ്റ്റിങ്ങിലേക്ക് ഒതുക്കി തീർക്കുന്ന ഒരു കാലാഹരണപ്പെട്ട ബോധനരീതിയാണ് നമ്മൾ അനുവർത്തിച്ച് പോരുന്നത്. കായിക തൽപരരായ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തികൊണ്ട് വിദ്യാഭ്യാസ മേഖലയിൽ എന്തെല്ലാം പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്നാണ് താങ്കൾ കരുതുന്നത് ?

കാലാഹരണപ്പെട്ട ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ടെക്നോളജി വളരെ വളർന്നുകഴിഞ്ഞിട്ടുണ്ട്. ഓർമ്മയിൽ നിന്നെടുത്ത് ഒരു കാര്യം ചെയ്യേണ്ട ആവശ്യം ഇന്ന് നമ്മുക്കില്ല. കാരണം അത് നമ്മുടെ സ്മാർട്ട് ഫോണുകൾക്ക് ചെയ്യാൻ പറ്റും. ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ കുട്ടികളെ ഇപ്പോഴും പഴയ വിദ്യാഭ്യാസ രീതികളിലൂടെ വാർത്തെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

കായികമേഖലയെ ക്രിയാത്മകമായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. എല്ലാ വിദ്യാർഥികൾക്കും കായികമേഖലയിൽ പരിശീലനം നൽകണം. പഠനതൽപ്പരരായ വിദ്യാർഥികൾക്ക് കായികമേഖലയിൽ പരിശീലനം നൽകുന്നത് അവരുടെ എനർജി ലെവലിനെയും ആത്മവിശ്വാസത്തെയും സ്വാധീനിക്കും. അതുപോലെ കായികമേഖലയെ തന്റെ കരിയറായി കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ സമയം കായിക പരിശീലനത്തിന് വേണ്ട പിന്തുണ നൽകണം. അറ്റൻഡൻസ് ഷോട്ടേജെന്ന പ്രശ്നമില്ലാതെ അവർക്ക് പഠിക്കാനും പരീക്ഷകളെഴുതാനും കഴിയണം. മുഴുവൻ സമയ കായിക പരിശീലനം നടത്തുന്ന വിദ്യാർഥികളുടെ അറ്റൻഡൻസ് നിയമങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പും കായികവകുപ്പും ഒരുമ്മിച്ചിരുന്ന് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. അവരുടെ പഠിക്കാനുള്ള അവകാശത്തെ ഹനിക്കാതെ കായികപരിശീലനത്തിനുള്ള പിന്തുണ നൽകാൻ ഈ തീരുമാനങ്ങളിലൂടെ സാധിക്കണം.

സെന്റ് ജോസഫ്സ് ബോയ്‌സ് സ്‌കൂൾ അധികൃതരുടെ നിയമലംഘനങ്ങൾ ചോദ്യം ചെയ്തതാണ് മകനെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള പ്രധാന കാരണമായി താങ്കൾ ആരോപിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പോലും ഹനിക്കുന്ന രീതിയിലുള്ള ഒരു പ്രതികാര നടപടിയിലേക്ക് സ്‌കൂൾ മാനേജ്മെന്റിനെ എത്തിക്കാൻ മാത്രം എന്തു നിയമലംഘനങ്ങളാണ് ചോദ്യം ചെയ്തത് ?

പ്രധാനമായും പി.ടി.എയുടെ രൂപീകരണവും നടത്തിപ്പുമായി ബന്ധപ്പെട്ട മാനേജ്മെന്റ് നിയമലംഘനങ്ങളാണ് ചോദ്യം ചെയ്തത്. 2007 -ൽ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പി.ടി.എ രൂപീകരണത്തിന് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എങ്ങനെയാണ് ഒരു വിദ്യാലയത്തിലെ പി.ടി.എ രൂപീകരിക്കേണ്ടതെന്നും ഫണ്ട് ഓഡിറ്റിങ്ങ് എങ്ങനെ നടത്തണമെന്നുമെല്ലാം അതിൽ വിശദമായി പറയുന്നു. ഓർഡർ ഇറങ്ങി 15 വർഷം കഴിഞ്ഞിട്ടും സെന്റ് ജോസഫ്സ് ബോയ്സ് അടക്കമുള്ള ഒട്ടുമിക്ക സ്‌കൂളുകളും ഈ നിർദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് പി.ടി.എ രൂപീകരിക്കുന്നത്.

ഉദാഹരണത്തിന് ഒരു സ്‌കൂളിലെ മുഴുവൻ രക്ഷിതാക്കളും അടങ്ങുന്ന പി.ടി.എ ജനറൽ ബോഡി വിളിച്ചതിനു ശേഷം പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാക്കണമെന്നാണ് ഓഡറിൽ നിർദ്ദേശിച്ചിട്ടുള്ളത്. പക്ഷേ ഈ ഒരു നിർദ്ദേശം പോലും പല സ്‌കൂളുകളും പിന്തുടരാറില്ലെന്നതാണ് വസ്തുത. ഈ വിഷയത്തിൽ സർക്കാറിന്റെ കൃത്യമായ നിർദ്ദേശം ഉണ്ടെന്നിരിക്കെ സ്‌കൂളുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് നിയമ ലംഘനമാണ്. സ്‌കൂൾ മാനേജ്മെന്റിന് താൽപര്യമുള്ള ആളുകൾ കമ്മിറ്റിയിൽ കടന്നുവരണമെന്ന നിഷിപ്ത താൽപര്യമാണ് നിയമലംഘനം നടത്തി എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കാൻ സ്‌കൂളുകളെ പ്രേരിപ്പിക്കുന്നത്. തങ്ങൾക്കനുകൂലമല്ലാത്ത രക്ഷിതാക്കളും പൊളിറ്റിക്സുമെല്ലാം കയറി വരുന്നത് വലിയ പ്രശ്നമായാണ് ഇവർ കാണുന്നത്. രാഷ്ട്രീയത്തെ പോലും ഒരു മോശം വാക്കായി ചിത്രീകരിക്കുക വഴി പി.ടി.എയെ അരാഷ്ട്രീയവൽക്കരിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.

സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ, കോഴിക്കോട്

എല്ലാ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ജനറൽ ബോഡി വിളിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് സുതാര്യമായ ഈ തിരഞ്ഞെടുപ്പുകൾക്ക് തടസ്സമായി ഇവർ പറയുന്നത്. എന്നാൽ ഒരു മുൻ പി.ടി.എ പ്രസിഡന്റെന്ന നിലയിൽ ഇതിൽ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് സാധ്യതയുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ആ അർത്ഥത്തിൽ ഞാൻ പോലും നിയമലംഘനത്തിലൂടെയാണ് പി.ടി.എ പ്രസിഡന്റായതെന്ന് പറയേണ്ടിവരും. പക്ഷേ ഇതിനെക്കുറിച്ച് ഞാൻ ആ സമയത്ത് ബോധവാനായിരുന്നില്ല. പ്രസിഡന്റായതിന് ശേഷമാണ് ഞാൻ പി.ടി.എയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചുമെല്ലാം പഠിക്കുന്നതും അറിയുന്നതും.

കഴിഞ്ഞ മെയ്‍‌മാസത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സ്‌കൂൾ മാന്വലിൽ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻപത് ശതമാനം സ്ത്രീകൾ വേണമെന്ന നിർദ്ദേശമുണ്ടായിരുന്നു. ഞാനിത് സ്‌കൂൾ മാനേജ്മെന്റിനെ അറിയിക്കുകയും ഈ വർഷമത് പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രക്ഷിതാക്കളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ അൻപത് ശതമാനം സ്ത്രീ സംവരണം പാലിക്കാമെന്നും അധ്യാപകർക്കിടയിൽ ഇത് സാധ്യമല്ലെന്നുമായിരുന്നു മാനേജ്മെന്റിന്റെ മറുപടി. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയാണിത്. അതിൽ അധ്യാപകരുടെ എണ്ണത്തെക്കാൾ ഒരെണ്ണം കൂടുതലായിരിക്കും രക്ഷിതാക്കൾ. സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂളിൽ പത്ത് അധ്യാപകരും പതിനൊന്ന് രക്ഷിതാക്കളുമാണ് പി.ടി.എ എക്സിക്യൂട്ടീവിലുള്ളത്. ഈ പത്ത് അധ്യാപകരിൽ അഞ്ച് പേർ വനിതകളായിരിക്കണമെന്നാണ് വ്യവസ്ഥയുള്ളത്. എന്നാൽ അവരുടെ തിരഞ്ഞെടുപ്പിൽ രണ്ട് വനിതാ അധ്യാപകർ മാത്രമാണുണ്ടായിരുന്നത്. ഞാനിത് സൂചിപ്പിച്ചപ്പോൾ, മാറ്റങ്ങൾ വരുത്താൻ താൽപര്യമില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. ആ അവസരത്തിൽ എനിക്ക് എന്റെ നിലപാടുകൾ ഒന്നു കനപ്പിക്കേണ്ടി വന്നു.

2007 -ലെ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങളും സ്‌കൂൾ മാന്വലിന്റെ കോപ്പികൾ വെച്ച് കമ്മിറ്റിയിലെ വനിതാ സംവരണത്തിൽ സ്കൂൾ പ്രിൻസിപ്പളിനും ഹെഡ്മാസ്റ്റർക്കും ഞാൻ അപേക്ഷ നൽകിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അവരതിനോട് യോജിച്ചില്ല. അപ്പോൾ രജിസ്ട്രേഡ് പോസ്റ്റ് അയക്കേണ്ടിവന്നു. ഇത്തരത്തിൽ ഒരു കമ്മിറ്റി തിരഞ്ഞെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ തന്നെയാണ് മറുപടിയായി അവർ അറിയിച്ചത്. ഞാനത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പിൾ സെക്രട്ടറിക്കും ഡി.ജി.ഐക്കും അയച്ചുകൊടുക്കുകയും പി.ടി.എ തിരഞ്ഞെടുപ്പുകൾ സർക്കാർ നിർദ്ദേശപ്രകാരമാണോ നടക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. പി.ടി.എ തിരഞ്ഞെടുപ്പ് കൃത്യമായി നടത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.ഐ ഓഫീസിൽ നിന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലേക്കും സെർക്കുലർ പോവുകയും ചെയ്തു. പക്ഷേ ഈ സെർക്കുലർ വെച്ചിട്ട് ഞാനെന്റെ പ്രിൻസിപ്പാളിന് വീണ്ടും കത്തയച്ചെങ്കിലും അദ്ദേഹമത് ഗൗനിക്കാൻ തയ്യാറായില്ല. പഴയ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാൻ മാനേജ്മെന്റ് തയ്യാറായപ്പോൾ ഞാൻ ബാലാവകാശ കമ്മീഷനെ സമീപിക്കുകയും അവർ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സ്കൂൾ അധികൃതരോട് നിർദ്ദേശിക്കുകയും ചെയ്തു.

പി.ടി.എ യുടെ ഫണ്ടുമായി ബന്ധപ്പെട്ടാണ് മറ്റൊരു നിയമലംഘനം. കേരളത്തിലെ മിക്ക പി.ടി.എയിലെയും ട്രഷ്റർ സ്കൂൾ ഹെഡ്മാസ്റ്ററായിരിക്കും. രക്ഷിതാക്കൾക്കിടയിൽ നിന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെങ്കിലും പണമിടപാട് മുഴുവൻ നടത്തുന്നത് ഹെഡ്മാസ്റ്ററായിരിക്കും. സ്‌കൂളിന്റെ ഉന്നമനത്തിന് വേണ്ടി രക്ഷിതാക്കൾ നൽകുന്ന പണം എങ്ങനെ ചിലവഴിച്ചുവെന്ന് ഖജാൻജി കൃത്യമായിട്ട് പറയാത്ത പ്രശ്നം സെൻറ് ജോസഫ്സ് സ്‌കൂളിൽ ഉണ്ടായിരുന്നു. ക്ലാസ്സ് റൂം നവീകരണത്തിനായി കഴിഞ്ഞ അധ്യയന വർഷത്തിൽ പതിനേഴ് ലക്ഷത്തോളം രൂപ രക്ഷിതാക്കൾ സംഭാവന നൽകിയിരുന്നു. ഇതിന്റെ വിനിയോഗത്തിൽ ചില ക്രമക്കേടുകൾ നടക്കുന്നുണ്ടായിരുന്നു. സർക്കാർ നിർദ്ദേശിച്ച തുകയല്ലാതെ മറ്റൊന്നും അഡ്മിഷൻ സമയത്ത് പിരിക്കരുതെന്ന വ്യവസ്ഥയുണ്ട്. എന്നാൽ ഇത്തവണ അഞ്ചാംക്ലാസ്സ് പ്രവേശനത്തിനായി പതിനാലായിരത്തി എഴുന്നൂറോളം രൂപ പിരിച്ചിരുന്നു. സ്‌കൂൾ മാനേജ്മെന്റിന് കീഴിലുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ അക്കൗണ്ടിലേക്കാണ് ഈ പണം പോയിരുന്നത്. ഇതടക്കം സ്‌കൂളിന്റെ പേരിൽ പിരിക്കുന്ന പണമെല്ലാം എങ്ങനെ വിനിയോഗിക്കുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ ധാരണകളുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് പി.ടി.എയോട് ഇവർ തുറന്ന് സംസാരിക്കാറില്ലായിരുന്നു. സർക്കാറിന്റെ നിർദ്ദേശപ്രകാരം രക്ഷിതാക്കളുടെയോ അഭ്യുദയകാംക്ഷികളുടെയോ കൈയ്യിൽ നിന്ന് പിരിക്കുന്ന പണം നേരിട്ട് പി.ടി.എ അക്കൗണ്ടിലിട്ട് ചിലവഴിക്കണമെന്ന് നിർദ്ദേശമുണ്ട്.

അതുപോലെ സ്‌കൂളിലെ ഒരു അധ്യാപകൻ സംസ്ഥാന മന്ത്രിമാർക്കെതിരെ വളരെ തരംതാഴ്ന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെക്കുറിച്ച് പി.ടി.എയിൽ മെൻഷൻ ചെയ്തിരുന്നു. എന്നാൽ ഞങ്ങളുടെ അഭിപ്രായം മാനിക്കാതെ അധ്യാപകനെ സംരക്ഷിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചത്. അയാൾ വീണ്ടും പോസ്റ്റുകളിടുന്നത് തുടർന്നിരുന്നു. അതുപോലെ തന്നെ സ്‌കൂളിലെ മറ്റൊരു അധ്യാപകൻ സ്‌കൂളിലെ വനിതാ അധ്യാപകരെക്കുറിച്ച് ലൈംഗിക ചുവയോടെ എന്നോട് നടത്തിയ ഒരു ഫോൺകോളുണ്ടായിരുന്നു. ഞാനിത് സ്‌കൂൾ പ്രിൻസിപാളിനെ അറിയിക്കുകയും അയാൾക്കെതിരെ നടപടിയുണ്ടാകണമെന്ന് പറഞ്ഞെങ്കിലും മാനേജ്മെന്റ് പ്രതികരിച്ചില്ല. അധ്യാപകൻ ഈ സംസാരം തുടരുകയാണെന്നറിഞ്ഞപ്പോൾ മൂന്ന് നാല് മാസം കഴിഞ്ഞ് നടപടിയെടുക്കാൻ പറഞ്ഞ് ഞാൻ മാനേജർക്ക് ഒരു റിട്ടൺ പരാതി നൽകി. ഈ സ്‌കൂളിൽ ഒരു ഇന്റേണൽ കംപ്ലയിനിങ്ങ് കമ്മിറ്റിയുണ്ടോയെന്ന് ഞാൻ ചോദിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം അവർ തട്ടികൂട്ടി ഒരു കമ്മിറ്റിയുണ്ടാക്കി. ലീഗൽ നോളജോ, സോഷ്യൽ വർക്ക് ബാക്ക്ഗ്രൗണ്ടോ ഉള്ളവരല്ല കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. ആ കമ്മിറ്റി നിയമവിധേയമായല്ല രൂപീകരിക്കപ്പെട്ടത്. അധ്യാപികമാർ തന്നെ നേരിട്ട് പരാതികൾ ബോധിപ്പിച്ചിട്ടും നടപടിയെടുക്കാതെ ഈ കമ്മിറ്റി നിർജീവമാകുകയാണുണ്ടായത്. പി.ടി.എ ദുർബലപ്പെടുത്തുക എന്ന രീതിയിലാണ് മാനേജ്മെന്റ് നിലപാടെടുത്തിരുന്നത്. സ്‌കൂൾ മാനേജ്മെന്റിന് ഭീഷണിയാണ് എന്ന രീതിയിലാണ് പി.ടി.എയെ ഇവർ കണ്ടിരുന്നത്.

ഈ നിയമലംഘനങ്ങൾ തുറന്നു സംസാരിച്ചതിന് അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എന്നെ പുറത്താക്കുകയാണ് ചെയ്തത്. 2007 ലെ സർക്കാർ ഓർഡർ അനുസരിച്ച് പി.ടി.എയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ, ഡി.ഡി.ഇയിലോ ആർ.ഡി.ഡിയിലോ പരാതിപ്പെട്ട് അല്ലെങ്കിൽ കോർപറേഷനിലെയോ മുൻസിപ്പിലാറ്റിയിലെയോ അധ്യക്ഷരുമായി ചർച്ചചെയ്ത് പരിഹരിക്കണമെന്നാണ് പറയുന്നത്. എന്നാൽ സെന്റ് ജോസഫ്സിൽ മാനേജ്മെന്റ് ഒരു ഗൂഢാലോചന നടത്തി അവിശ്വാസ പ്രമേയത്തിലൂടെ എന്നെ പുറത്താക്കുകയാണ് ചെയ്തത്.

വിദ്യാർഥിയെ സസ്‍പെൻഡ് ചെയ്തുള്ള സെന്റ് ജോസഫ്സ് സ്‌കൂളിന്റെ നടപടിക്കെതിരെ ബാലവകാശ കമ്മീഷനിലടക്കം താങ്കൾ പരാതി നൽകിയിട്ടുണ്ടല്ലോ. കമ്മീഷനിൽ നിന്നും ബന്ധപ്പെട്ട മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എന്ത് പ്രതികരണമാണ് ലഭിച്ചത് ?

മകന്റെ സസ്പെൻഷനിൽ ബാലവകാശകമ്മീഷൻ സെന്റ് ജോസഫ്സ് സ്‌കൂളിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അതിന്റെ ഹിയറിങ്ങ് അടുത്ത ആഴ്ച നടക്കും. അതിൽ അന്തിമ തീരുമാനമായിട്ടില്ല. പക്ഷേ ഡി.ഡി.ഇ ഓഫീസിൽ നടന്ന ഹിയറിങ്ങിൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ സ്‌കൂൾ അധികൃതർ പെരുംനുണകൾ ആവർത്തിക്കുകയായിരുന്നു. ഒരു നുണ മറയ്ക്കാൻ ഒരായിരം നുണകൾ പറയേണ്ടി വരും എന്നാണല്ലോ. ഇനി ഈ വിഷയത്തിൽ അവരുടെ ഭാഗത്ത് നിന്നും യുക്തിപരമായോ ധാർമ്മികപരമായോ കുട്ടിയോട് അനുഭാവപൂർവമുള്ളതോ ആയ ഒരു നടപടിയും പ്രതീക്ഷിക്കേണ്ട എന്നത് വ്യക്തമാവുകയാണ്. പൊതുജനവികാരം ഇത്രയും എതിരായിട്ടും, തങ്ങളുടെ ഭാഗത്ത് തന്നെയാണ് ശരി എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നവരോട് ഇതിൽ കൂടുതലായി ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. സമർപ്പിച്ച കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും അവർക്ക് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കട്ടെ. നിയമത്തിലെ നൂലാമാലകൾ നോക്കിയാണോ, അതോ ഇത്തരത്തിലൊരു പ്രതിസന്ധിയിലേക്ക് ഒരു കുട്ടിയെ തള്ളിയിടാൻ ശ്രമിക്കുമ്പോൾ ഉണ്ടാവേണ്ട നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണോ ഒരു വിധി പറയേണ്ടത് എന്നവർ തന്നെ തീരുമാനിക്കട്ടെ.

ഈ വിഷയത്തിൽ തുടർ നടപടികളുമായി മുന്നോട്ടു പോകാൻ ഉദ്ദേശമുണ്ടോ?

മകന്റെ സസ്‌പെൻഷനിലും പി.ടി.എയെ ദുർബലപ്പെടുത്തുന്ന മാനേജ്‌മെന്റ് സമീപനത്തിനുമെതിരെ മുന്നോട്ടുപോകണമെന്ന് തന്നെയാണ് കരുതുന്നത്. സ്‌കൂളിന് വേണ്ടി രക്ഷിതാക്കളിൽ നിന്ന് പണം പിരിക്കുമ്പോൾ സുതാര്യമല്ലാത്ത രീതിയിൽ വിനിയോഗിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഫണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിജിലൻസ് ഡിപാർട്ട്‌മെന്റിന് പരാതി നൽകിയിട്ടുണ്ട്. വിജിലൻസ് വിഷയത്തിൽ അന്വേഷണം നടത്തികൊണ്ടിരിക്കയാണ്. കേസ് രജിസ്റ്റർ ചെയ്ത് സ്‌ട്രോങ്ങ് ആയി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പിൽ കൊടുത്ത പരാതിയിലൊക്കെ തുടർ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിൽ നിന്ന് വേണ്ടത്ര അന്വേഷണങ്ങളുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കണമെന്നാണ് കരുതുന്നത്.

മതത്തിന്റെ കാർക്കശ്യ,സദാചാര ബോധങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് വിദ്യാഭ്യാസത്തിന്റെ വിശാലമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഒരു മുൻ പി.ടി.എ പ്രസിഡന്റ് എന്ന നിലയിൽ താങ്കൾക്ക് തോന്നുന്നുണ്ടോ ?

സൊസൈറ്റി ഓഫ് ജീസസ് എന്നറിയപ്പെടുന്ന ഈശോ സഭയാണ് ഈ സ്കൂൾ നടത്തുന്നത്. ലോകമാകമാനം വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവനകൾ ചെയ്തിട്ടുള്ള ഒരു ലിബറൽ കാഴ്ചപ്പാടുള്ള സൊസൈറ്റിയാണിത്. മാർപാപ്പയൊക്കെ ഈ സഭയിൽ നിന്നുള്ളതാണ്. പക്ഷേ എല്ലാം സ്ഥാപനങ്ങളിലും ഇതേ മൂല്യങ്ങൾ വെച്ചാണോ ഇവർ പ്രവർത്തിക്കുന്നതെന്ന് പറയാൻ കഴിയില്ല. മതത്തിത്തിന്റേതായ കാർക്കശ്യങ്ങൾ പല സ്ഥലങ്ങളിലും ഈ സ്ഥാപനങ്ങളിൽ പ്രകടമാകാൻ സാധ്യതയുണ്ട്. സെന്റ് ജോസഫ് സ്‌കൂളിൽ ഇതല്ല പ്രശ്നം. മാനേജ്മെന്റിലെ ആളുകളുടെ ഈഗോയും ധാർഷ്ഠ്യവുമാണ് ഈ പ്രശ്നങ്ങൾക്ക് കാരണമായത്. തങ്ങൾക്ക് പിന്നിൽ ഒരു മതത്തിന്റെ ചട്ടക്കൂടുണ്ടെന്നതാണ് അവർക്ക് ഈ നടപടികൾ സ്വീകരിക്കാൻ ധൈര്യം നൽകിയത്. മതത്തിന്റെ സ്വാധീനങ്ങളില്ലാത്ത ഒരു മാനേജ്മെന്റിന്, ഇങ്ങനെ നിയമലംഘനങ്ങൾ നടത്താൻ ധൈര്യമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാനും ഇതേ സ്‌കൂളിൽ പഠിച്ചിട്ടുള്ള ആളാണ്. പക്ഷേ അന്നൊന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.

എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിസിന് സ്‌കൂളിൽ നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നോ ?

എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിസിന് സ്‌കൂളിൽ നിന്ന് വലിയ പ്രോത്സാഹനങ്ങളൊന്നും ലഭിക്കാറില്ല എന്നതാണ് സത്യം. സെന്റ് ജോസഫ്സ് സ്‌കൂളിൽ കായികപരിശീലനം പേരിന് മാത്രമാണ് ഉള്ളത്. പരിശീലനത്തിന് ഒരു ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകൻ ഉണ്ടെങ്കിലും കായിക പ്രതിഭകളെ വാർത്തെടുക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതായി തോന്നിയിട്ടില്ല. ഇത് പൊതുവെ എല്ലാ പൊതുവിദ്യാലയങ്ങളും നേരിടുന്ന പ്രശ്നമാണ്. ഒരു പരിധിക്കപ്പുറത്ത് കലാകായിക മേഖലയ്ക്ക് പ്രോത്സാഹനം നൽകാൻ സ്കൂളുകൾ ശ്രമിക്കാറില്ല. സ്‌കൂൾ കലോത്സവം ജനകീയമായതിനാൽ കായികമേഖലക്ക് കിട്ടുന്നതിനേക്കാൾ പ്രാധാന്യവും പരിഗണനയും കലാമേഖലക്ക് കിട്ടുന്നുണ്ട്.

Comments