Sam will not enjoy his childhood Sam is being educated not so as to enjoy himself, but so other people will enjoy him.- Roger Scruton
ഈയിടെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ച രണ്ടു വീഡിയോകളിലെ നായകർ കുട്ടികളായിരുന്നു.
ഒന്ന്, കടലാസുകൊണ്ട് പൂവുണ്ടാക്കാൻ ശ്രമിച്ച് ‘എന്റേത് ശരിയായില്ല, ശരിയായില്ലെങ്കിൽ എനിക്കൊരു കൊഴപ്പൂല്ല' എന്ന് സങ്കോചമില്ലാതെ തുറന്നുപറയുന്ന ഒരു ബാലന്റേതാണ്.
രണ്ടാമത്തേത്, അമിത ഹോംവർക്കുകൾ താങ്ങാനാകാതെ പഠനത്തിനോടു തന്നെ വിരക്തി തോന്നി സഹികെട്ട് പ്രതികരിക്കുന്ന മറ്റൊരു ബാലന്റേതാണ്. ആദ്യത്തെ വീഡിയോയിലെ കുട്ടി ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്. മറ്റാരും ഏൽപ്പിച്ച ഒരു ജോലിയല്ലാത്തതുകൊണ്ട്, അവൻ തന്നെ താൽപര്യത്തോടെ തെരഞ്ഞെടുത്ത സ്വതന്ത്ര പ്രവർത്തനത്തിലെ ശരിതെറ്റുകൾ ആരെയും അവന് ബോധ്യപ്പെടുത്തേണ്ടതില്ല. അത് അവന് സ്വയം ബോധ്യപ്പെട്ടാൽ മാത്രം മതി. എന്നാൽ രണ്ടാമത്തെ കുട്ടി നിസ്സഹായതയുടെ ആൾരൂപമാണ്. അവന്റെ ദൈന്യത മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണവൻ പാടുപെടുന്നത്. കേരളത്തിലെ ഭൂരിഭാഗം കുട്ടികളും കോവിഡ് കാലഘട്ടത്തിൽ ഏതെങ്കിലുമൊരു നിമിഷത്തിൽ രണ്ടാമത്തെ കുട്ടിയുടെ മാനസികാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും എന്നുറപ്പാണ്. അവർ ആത്മവിശ്വാസം നഷ്ടപ്പെട്ട വിധം അച്ഛനമ്മമാരോടെങ്കിലും ഇത്തരത്തിൽ പ്രതികരിച്ചിട്ടുമുണ്ടാകും.
കോവിഡ് വ്യാപനം മൂലം വിദ്യാലയങ്ങൾ അടച്ചിട്ടപ്പോൾ പഠനം ചാനലുകളിലൂടെയും ഗൂഗിൾ മീറ്റിലൂടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയുമായി മാറിയതും കുട്ടികൾ ഏറ്റെടുത്തുനടത്തേണ്ട പ്രവർത്തനങ്ങളൊക്കെ അസംഖ്യം ഹോംവർക്കുകളുടെ രൂപത്തിലേക്ക് പരിണമിച്ചതും അവരെ വലിയതോതിൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കുട്ടികൾ ചെയ്ത് സമർപ്പിക്കേണ്ടുന്ന പ്രവർത്തനങ്ങൾ ഭൂരിഭാഗവും നോട്ടു തയ്യാറാക്കിയെടുക്കുന്നതിനും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നതിനും ഓഡിയോ-വീഡിയോ മെറ്റീരിയലുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പോർട്ട്‌ഫോളിയോകൾ തയ്യാറാക്കി അയക്കുന്നതിനുമാണ് ഊന്നൽ നൽകുന്നത്. ഓരോ വിഷയത്തിലുമുള്ള ഹോം വർക്കുകൾ പൂർത്തിയാക്കാൻ എഴുത്തും വരയും ഒട്ടിക്കലും റിക്കാർഡിങ്ങും ഷൂട്ടിങ്ങും എഡിറ്റിങ്ങുമൊക്കെയായി കുട്ടികൾക്ക് മണിക്കൂറുകളോളം സ്‌ക്രീനിനും പുസ്തകങ്ങൾക്കും മുന്നിലായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇതിൽ അധ്യാപകരെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നതിലും അടിസ്ഥാനമില്ല. കുട്ടികൾക്ക് തുടർപ്രവർത്തനങ്ങൾ നൽകുന്നത് സംബന്ധിച്ച കൃത്യമായ ആസൂത്രണവും ഏകോപനവും ഉണ്ടാക്കുക വഴി ഇത്തരം സംഘർഷങ്ങളെ ഒരു പരിധിവരെ ലഘൂകരിക്കാൻ സാധിക്കും. എങ്കിലും കോവിഡിനു ശേഷം വിദ്യാലയങ്ങൾ തുറന്നാലും നവ ഗൃഹപാഠ പ്രവണതകൾ ഡിജിറ്റൽ വേഷമണിഞ്ഞും അല്ലാതെയും പല വിധേനയും വിദ്യാലയങ്ങളിൽ തുടരുക തന്നെ ചെയ്യുമെന്ന് കാണേണ്ടിയിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽക്കൂടി വേണം ഹോം വർക്കുകൾ സംബന്ധിച്ച ദീർഘകാല നയപരിപാടികളെക്കുറിച്ച് ചർച്ച ചെയ്യാനും അതിനായുള്ള ശാസ്ത്രീയമായ മാർഗരേഖകൾ രൂപപ്പെടുത്താനും.
കേരളത്തിൽ പുതിയ പാഠ്യ പദ്ധതി നിലവിൽ വന്നപ്പോൾ പതിവു രീതിയിലുള്ള ഹോംവർക്ക് സംവിധാനം പാഠ്യപദ്ധതിയുടെ പ്രയോഗ ശാസ്ത്രവുമായി ഒത്തു ചേരുന്നതല്ലെന്ന് പൊതുവേ നിരീക്ഷിക്കപ്പെട്ടിരുന്നു.
വീട്ടിൽ സൗകര്യമില്ലാത്ത കുട്ടികൾ
പ്രമുഖ ഇറാനിയൻ ചലച്ചിത്ര സംവിധായകൻ അബ്ബാസ് കിയറസ്താമിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ് ‘where is the friends home'. തന്റെ സ്‌കൂൾ ബാഗിൽ അറിയാതെ അകപ്പെട്ടുപോയ സുഹൃത്തിന്റെ നോട്ടുപുസ്തകം തിരികെ ഏൽപ്പിക്കാനുള്ള ഒരു ബാലന്റെ യാത്രയാണ് സിനിമ പറയുന്നത്. സുഹൃത്തിന്റെ വീട് ഏതാണെന്ന്, എവിടെയാണെന്ന് കൃത്യമായി അവനറിയില്ല. ഒരു പാടുദൂരം നടന്നും ഓടിയും പലരോടും വഴി അന്വേഷിച്ചും കിലോമീറ്ററുകൾക്കപ്പുറം, തീരെ അപരിചിതമായ ഒരു ഗ്രാമത്തിലുള്ള, ആ വീട് കണ്ടുപിടിക്കാൻ അവൻ നടത്തുന്ന ശ്രമത്തിനു പിന്നിൽ അവന്റെയുള്ളിൽ അമർന്നു കത്തിക്കൊണ്ടിരിക്കുന്ന ‘ഹോം വർക്ക് 'ഭീതിയാണ്. മറന്നുപോയ ആ നോട്ടുപുസ്തകത്തിലാണ് സുഹൃത്തിന് ഹോംവർക്ക് ചെയ്തു കൊണ്ടുവരേണ്ടത്. ഒരു മറവി അല്ലെങ്കിൽ ഒരു അശ്രദ്ധ അടുത്ത ദിവസം എത്ര ഭീകരവും വേദനാജനകവുമായ അനുഭവമായിരിക്കും സുഹൃത്തിന് വരുത്തിവെക്കുക എന്ന നടുക്കമുള്ളിലുള്ളതുകൊണ്ടാണ് അങ്ങനെയൊരു ദീർഘമായ കാൽനടയാത്രയ്ക്ക് അവൻ മുതിരുന്നത്. ഹോംവർക്ക് കുട്ടികളുടെ സാർവകാലിക സംഘർഷ വിഷയമാണെന്നും അത് അവരുടെ ചിന്തകളിലും പ്രവൃത്തികളിലും അപ്രവചനീയമായ അസ്വാഭാവികതകൾ സൃഷ്ടിക്കുന്നുവെന്നും സിനിമ ഹൃദയസ്പർശിയാം വിധം കാണിച്ചു തരുന്നുണ്ട്. ഹോം വർക്കിനെ മനഃശാസ്ത്ര ഭൂമികയിൽ നിന്നുകൊണ്ട് , ശിശുപക്ഷത്തു നിന്നുകൊണ്ട് വിചാരണ ചെയ്യുകയാണ് ചിത്രം. ഹോം വർക്കിന് കുട്ടികളുടെ പഠന പുരോഗതിയിൽ സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും പഠനത്തെ തികഞ്ഞ അച്ചടക്കത്തോടെയും ഗൗരവത്തോടെയും സമീപിക്കുന്നതിന് ഹോം വർക്ക് പഠനപ്രക്രിയയുടെ ഇഴപിരിക്കാനാവാത്ത ഭാഗം തന്നെയാണെന്നുമുള്ള പൊതുബോധവും അതിനെ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിനുള്ള അക്കാദമിക് ഡിമാന്റുകളും പ്രബലമായി നിലനിൽക്കുമ്പോഴാണ് കിയറസ്താമി ‘എന്റെ സുഹൃത്തിന്റെ വീട് ' ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നത്. ഇതൊരു ശക്തമായ സിനിമാവിഷയത്തിന് പാത്രമാകുന്ന വിധമുള്ള സംവാദവിഷയം കൂടിയായിരുന്നു അന്ന്. കൃത്യമായ അക്കാദമിക നിലപാടുകളുടെ അടിസ്ഥാനത്തിലും പഠനത്തിൽ ഹോം വർക്കിന്റെ സാധുതകൾ വർഷങ്ങൾക്കു മുന്നേ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
കാര്യക്ഷമമായ പഠനം നടക്കുന്നതിന് വിദ്യാലയങ്ങളിൽ എന്തെന്ത് പ്രവർത്തനങ്ങളാണ് ഒരുക്കേണ്ടത് എന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് ആ വിദ്യാലയം നിലവിൽ പിന്തുടരുന്ന പാഠ്യപദ്ധതി സമീപനത്തിനെ പിൻപറ്റിയാണ്. അതുകൊണ്ട് കേരളത്തിൽ പുതിയ പാഠ്യ പദ്ധതി നിലവിൽ വന്നപ്പോൾ പതിവു രീതിയിലുള്ള ഹോംവർക്ക് സംവിധാനം പാഠ്യപദ്ധതിയുടെ പ്രയോഗ ശാസ്ത്രവുമായി ഒത്തു ചേരുന്നതല്ലെന്ന് പൊതുവേ നിരീക്ഷിക്കപ്പെടുകയുണ്ടായി.
ചേഷ്ടാവാദത്തിന്റെ ഭാഗമായ ആവർത്തന പ്രബലനവും ഡ്രില്ലിംഗുമാണ് ഹോം വർക്കുകളെന്നതാണ് സൈദ്ധാന്തികമായ അതിന്റെ അടിത്തറയില്ലായ്മക്ക് കാരണം.
ആദിവാസി- ദളിത് വിഭാഗങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞു പോകുന്നത് സ്‌കൂളിലെ പഠനാന്തരീക്ഷവും പഠനരീതികളുമായി വീട്ടിലെ ജീവിതപരിസരം പൊരുത്തപ്പെട്ടു പോകാത്തത് കൊണ്ടാണ്.
അതിലുപരിയായി അവസര സമത്വത്തിന്റെയും സാമൂഹികനീതിയുടെയും കാതലായ പ്രശ്‌നങ്ങൾ കൂടി ഹോംവർക്കുകൾ സൃഷ്ടിക്കുന്നുണ്ട്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ സംബന്ധിച്ച് ഹോംവർക്കുകൾ എന്നും സംഘർഷ ഭൂമികയാണ്. ആദിവാസി- ദളിത് വിഭാഗങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞു പോകുന്നത് സ്‌കൂളിലെ പഠനാന്തരീക്ഷവും പഠനരീതികളുമായി വീട്ടിലെ ജീവിതപരിസരം പൊരുത്തപ്പെട്ടു പോകാത്തത് കൊണ്ടാണ്. വീട്ടിലിരുന്ന് പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയും അവശ്യപിന്തുണ നൽകുന്നതിനുള്ള രക്ഷിതാക്കളുടെ ധാരണയില്ലായ്മയും കുട്ടികളുടെ പഠന പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്നതിനാണ് ഉപകരിക്കുന്നത്. എങ്കിൽത്തന്നെയും കുട്ടികൾക്ക് ഗൃഹപാഠമായി നൽകുന്ന പ്രവർത്തനങ്ങൾ സ്വയം പഠനത്തിനും അന്വേഷണാത്മക പഠനത്തിനും സഹായകമാകും വിധം ശിശുസൗഹൃദപരമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ പാഠ്യപദ്ധതി പരിഷ്‌കരണ കാലയളവിൽ നടക്കുകയുണ്ടായി. കുട്ടികൾക്ക് ഒറ്റയ്‌ക്കോ സംഘം ചേർന്നോ ഏറ്റെടുത്തു ചെയ്യാവുന്ന പ്രോജക്ടുകളായും അസൈൻമെൻറുകളായും പഠനസമീപനാ നുസരണം കുട്ടികൾ ചെയ്യേണ്ട പ്രവർത്തനങ്ങളെ കൃത്യതപ്പെടുത്തുവാനുള്ള ശ്രമങ്ങൾ അതോടനുബന്ധിച്ചുണ്ടായി. ഇത് പഠിക്കാൻ പഠിക്കലിന്റേയും വിവിധ തലങ്ങളിലുള്ള വിലയിരുത്തൽ പ്രവർത്തനങ്ങളുടെയും പ്രായോഗിക മാതൃകകൾ കൂടിയായിരുന്നു. എന്നാൽ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകാതിരുന്നതും നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ പ്രക്രിയകൾക്ക് വേണ്ടത്ര അന്വേഷണ മാതൃകകൾ രൂപപ്പെടുത്താൻ കഴിയാതിരുന്നതും വിദ്യാലയങ്ങളിലേക്ക് വ്യവഹാരവാദത്തിന്റെ ‘കാമുഫ്‌ളാഷ്’ രൂപങ്ങൾ ‘ഔട്ട്കം ബേസ്ഡ് ലേണിങ്ങി’ലൂടെ പഴയ പോലെ തിരിച്ചു വരുന്നതിന് സാഹചര്യമൊരുക്കി.
‘ഔട്ട്കം’ എന്നത് ടെസ്റ്റ് ചെയ്യാൻ എളുപ്പമാണ്. നമുക്ക് ടെസ്റ്റ് ചെയ്യാൻ കഴിയുന്ന പഠനത്തിനോടാണ് താത്പര്യം. ഹോം വർക്കുകൾ കൊണ്ട് കുട്ടികളെ ടെസ്റ്റ് ചെയ്യാനെളുപ്പമാണ്. അത് അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ സ്വീകാര്യവുമാണ്. സ്വയം പഠനവും അന്വേഷണാത്മകപഠനവും ലക്ഷ്യമാക്കുന്ന ഗൃഹപാഠങ്ങൾ ഈയൊരു അനുകൂല പശ്ചാത്തലത്തിൽ അതോടെ പൂർണമായും ഹോം വർക്കുകളുടെ ഗതകാല രൂപം പ്രാപിക്കുകയും ചെയ്തു. പാഠ്യപദ്ധതി എന്തുമായിക്കോട്ടെ, ഹോംവർക്കിന് അതിന്റെ പരമ്പരാഗതവും സാമ്പ്രദായികവുമായ സ്വാധീനം തന്നെയാണ് ഇപ്പോഴും വിദ്യാലയങ്ങൾക്കകത്തുള്ളത്.
ഹാരിസ് കൂപ്പറുടെ കണ്ടെത്തലുകൾ
1980കൾക്കു ശേഷമാണ് ഹോംവർക്കുകൾ നമ്മുടെ വിദ്യാലയാന്തരീക്ഷത്തിൽ റോക്കറ്റ് പോലെ കുതിച്ചുയർന്നു തുടങ്ങിയത്. ഇത് ഗണപരമായ ഒരു വർധനവാണ്. ഗണപരമായ ഈ ഉയർച്ചയെ അതിന്റെ ഗുണതയുമായിട്ടാണ് മാറ്റുരയ്‌ക്കേണ്ടത്. നൽകുന്ന ഹോം വർക്കുകളുടെ എണ്ണവും അതിന്റെ പ്രതീക്ഷിത ഔട്ട്കമും ഓരോ വിദ്യാലയത്തിനനുസരിച്ചും ഓരോ ക്ലാസിനനുസരിച്ചും ഓരോ അധ്യാപികയ്ക്കനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. ഹോംവർക്കുകൾ നൽകുന്നത് സംബന്ധിച്ച് പ്രത്യേകിച്ച് മാർഗരേഖകളൊന്നും നിലവിലില്ല . ഇങ്ങനെ നൽകുന്ന ഹോംവർക്കുകൾ കുട്ടികളുടെ പഠനത്തെ സഹായിക്കുന്നുണ്ടോ അഥവാ പഠനമികവിനെ സ്വാധീനിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് നിരവധി പഠനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നിട്ടുമുണ്ട്. ഏതാണ്ട് 120ഓളം പഠനങ്ങൾ ക്രോഡീകരിച്ച് ഈ വിഷയത്തിലെ അറിയപ്പെടുന്ന ഗവേഷകനും ‘Battle over homework' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഹാരിസ് കൂപ്പർ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഹോംവർക്കുകൾ പൂർണമായും ഒഴിവാക്കണമെന്ന നിർദ്ദേശമൊന്നും ഹാരിസ് കൂപ്പർ മുന്നോട്ടു വെക്കുന്നില്ല. മറിച്ച് നിലവിലുള്ള ഹോംവർക്ക് സമ്പ്രദായം തീർച്ചയായും അശാസ്ത്രീയമാണെന്നും അത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടുത്തരവാദിത്തത്തോടെ, പരസ്പരധാരണയോടെ പരിഷ്‌കരിക്കപ്പെടേണ്ടതാണെന്നുമുള്ളതിൽ കൂപ്പറിന് സംശയമൊന്നുമില്ല.
കുട്ടികളുടെ പ്രായമോ പ്രകൃതമോ പരിഗണിക്കാതെ അമിതമായി ഹോംവർക്കുകൾ നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന നിരീക്ഷണത്തിൽ നിന്നുമാണ് നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ഉണ്ടാവുന്നത്. പ്രൈമറി ക്ലാസുകളിൽ കുട്ടികൾക്ക് നൽകുന്ന ഹോം വർക്കുകളുടെ അളവും കുട്ടികളിൽ നടക്കുന്ന പഠനവും തമ്മിൽ വളരെ നേരിയ പരസ്പരബന്ധം മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നും വലിയ ക്ലാസുകളിൽ ഹോംവർക്കുകൾ വിപരീതഫലം ചെയ്യുകയാണെന്നും കൂപ്പർ വ്യക്തമാക്കുന്നുണ്ട് . അശാസ്ത്രീയമായ വിധം നാലും അഞ്ചും മണിക്കൂറുകളോളം ഓരോ ദിവസവും ഹോംവർക്ക് ചെയ്യുന്നത് വഴി കുട്ടികളിൽ ഉണ്ടാവാനിടയുള്ള പഠനാനുബന്ധമായ മറ്റു പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഹാരിസ് കൂപ്പർ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അതിലൊന്ന് ക്ലാസ് ആനുപാതിക സമയക്രമീകരണമാണ് (ten minutes per grade).
ഒന്നാംക്ലാസിൽ 10 മിനിറ്റ് , രണ്ടാം ക്ലാസിൽ 20 മിനിറ്റ് , മൂന്നാം ക്ലാസിൽ 30 മിനിറ്റ് എന്ന രീതിയിൽ ഹൈസ്‌കൂൾ / ഉയർന്ന ക്ലാസുകളിൽ എത്തുമ്പോൾ പരമാവധി രണ്ട് മണിക്കൂർ ഒരു ദിവസം എന്ന നിലയിലാണത്. സ്‌കൂൾ വിട്ട് വീട്ടിലെത്തുന്ന സമയം മുതൽ അർദ്ധരാത്രി വരെ ഹോം വർക്കിൽ തളച്ചിടപ്പെടുന്ന കുട്ടികളുടെ പൊതു പശ്ചാത്തലം പരിഗണിച്ചാണ് കൂപ്പർ ഇങ്ങനെയൊരു നിർദേശം വയ്ക്കുന്നത്. അത്തരമൊരു നിർദ്ദേശം വയ്ക്കുമ്പോൾ തന്നെ ഇത് ഉദ്ദേശിച്ച ഫലം ചെയ്യണമെങ്കിൽ രക്ഷിതാക്കളും അധ്യാപകരും തങ്ങളുടേതായ ഉത്തരവാദിത്വം എങ്ങനെയൊക്കെ നിർവഹിക്കണമെന്നതും വളരെ പ്രാധാന്യമുള്ള ഘടകമാണ്.
ഗണിതത്തിൽ മാത്രം ആഴ്ചയിൽ ഒരു മണിക്കൂറിൽ താഴെയുള്ള ഹോംവർക്കുകൾ മാത്രമേ ജപ്പാനിലെ അധ്യാപകർ തങ്ങളുടെ കുട്ടികൾക്കായി നൽകിയിരുന്നുള്ളൂ.
ഹോം വർക്കിലെ ജപ്പാൻ മാതൃക
ഹോംവർക്കുകൾ പരിമിതമായി മാത്രം നൽകുന്ന ജപ്പാൻ, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ പഠനനിലവാരത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നുവെന്നും അതേസമയം വളരെ കൂടിയ അളവിൽ ഹോംവർക്കുകൾ ഏർപ്പെടുത്തുന്ന ഗ്രീസ്, ഇറാൻ, തായ് വാൻ തുടങ്ങിയ രാജ്യങ്ങൾ പഠനമികവിൽ ശരാശരിക്കും താഴെയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പഠനാനുബന്ധമായി കുട്ടികളിലുണ്ടാകേണ്ട ഉത്തരവാദിത്ത ബോധം, സ്വയംനിയന്ത്രിതമായിട്ടുള്ള അച്ചടക്കം. അഭിപ്രേരണ തുടങ്ങിയ മനോഭാവങ്ങളെയും ഹോം വർക്കുകൾ പിന്തുണക്കുന്നില്ല. അതുകൊണ്ട് സുഘടിതമായ വിദ്യാഭ്യാസദർശനവും അതനുസരിച്ചുള്ള പഠനരീതിയും പിന്തുടരുന്നതിൽ നിഷ്‌കർഷ കാണിക്കുന്ന ജപ്പാനെ പോലുള്ള രാജ്യങ്ങൾ കൂടുതൽ പുരോഗമനപരവും ശിശുകേന്ദ്രിതവുമായ നിലപാടുകളാണ് ഇക്കാര്യത്തിൽ പിന്തുടർന്ന് വന്നിട്ടുള്ളത്.
1990കൾ മുതൽ തന്നെ ജപ്പാൻ ‘നോ ഹോംവർക്ക് പോളിസി ' നടപ്പിലാക്കി തുടങ്ങിയിരുന്നു. ഗണിതത്തിൽ മാത്രം ആഴ്ചയിൽ ഒരു മണിക്കൂറിൽ താഴെയുള്ള ഹോംവർക്കുകൾ മാത്രമേ ജപ്പാനിലെ അധ്യാപകർ തങ്ങളുടെ കുട്ടികൾക്കായി നൽകിയിരുന്നുള്ളൂ. പരമ്പരാഗതമായ പ്രകടനപരതയ്ക്കപ്പുറത്ത് പ്രായോഗിക അനുഭവങ്ങൾക്കും അന്വേഷണങ്ങൾക്കും പിറകെ പോകാനാണ് സ്ഥായിയായ വികസനം മുന്നിൽ കണ്ടു കൊണ്ട് വിദ്യാഭ്യാസ നയപരിപാടികൾ രൂപീകരിക്കുന്ന ഭരണകൂടങ്ങൾക്ക് താല്പര്യം.
അറിവ് നിർമാണ പ്രക്രിയയിൽ ഹോം വർക്കിന് പ്രത്യേകിച്ചൊരു പങ്കുവഹിക്കാൻ കഴിയില്ല എന്നുള്ള ബോധനശാസ്ത്രപരമായ യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഇതിന്റെ ‘വെൽ ഡിസിപ്ലിൻഡ് ' സ്റ്റാറ്റസിനെ ചോദ്യം ചെയ്യേണ്ടത്. മറിച്ച് സാമൂഹിക നീതിയിലും അവസര സമത്വത്തിലും അധിഷ്ഠിതമായ ഒരു പഠന ക്രമത്തിന്റെ അന്തസത്തയെ അത് നിരാകരിക്കുന്നു എന്നുള്ളതുകൊണ്ട് കൂടിയാണ്. രക്ഷിതാക്കളുടെ പരിപൂർണമായ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിച്ചുതന്നെയാണ് പലയിടങ്ങളിലും കുട്ടികൾക്ക് ഹോംവർക്ക് നൽകുന്നത്. തങ്ങളുടെ കുട്ടികൾക്ക് വേണ്ടത്ര പഠന പിന്തുണ നൽകാൻ കഴിവില്ലാത്ത രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ആജീവനാന്ത വെല്ലുവിളിയാണ്.
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് വീട്ടിൽവച്ച് ഏതു തരത്തിലുള്ള സഹായവും പിന്തുണയുമാണ് നൽകേണ്ടത് എന്ന കൃത്യമായ ധാരണ വിദ്യാസമ്പന്നരായ രക്ഷിതാക്കളിൽപ്പോലുമില്ല. കുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങൾ നൽകിയും അടിച്ചും തൊഴിച്ചും ഹോംവർക്ക് ചെയ്യിക്കുന്ന രക്ഷിതാക്കളുടെ എണ്ണം ഈ പുതിയ ടെക്‌നോളജിക്കൽ കാലഘട്ടത്തിലും ഒട്ടും കുറവല്ല. രക്ഷിതാക്കളുടെ പരിധിയിൽ കവിഞ്ഞ ഇത്തരം ഇടപെടലുകൾ കുട്ടികളിൽ കടുത്ത മാനസിക സംഘർഷങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഇടയാക്കുകയും പഠനത്തിനോടു തന്നെ അവരിൽ വിരക്തിയുണ്ടാക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ നോട്ടുപുസ്തകത്തിൽ നേരിട്ട് ഹോംവർക്കുകൾ എഴുതി കൊടുക്കുന്ന രക്ഷിതാക്കളും ഹോംവർക്ക് ചെയ്യേണ്ടതിനാൽ വീട്ടിലെ മറ്റെല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും കുട്ടികളെ മാറ്റിനിർത്തുന്ന രക്ഷിതാക്കളും വളരെയേറെയുണ്ട്. ആത്യന്തികമായി ഇതൊക്കെ കുട്ടികളുടെ പഠനത്തിലുള്ള ആത്മവിശ്വാസം കെടുത്തുകയും അവരെ മുതിർന്നവരുടെ ആശ്രിതരാക്കി (dependent children) മാറ്റുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള കുട്ടികൾ പിന്നീട് പഠനമികവിന്റെ കാര്യത്തിൽ വളരെയധികം പിന്നാക്കം പോകുന്നതായും ചില പഠനറിപ്പോർട്ടുകൾസൂചിപ്പിക്കുന്നു.
എന്താണോ ടെലിവിഷൻ, അതാണ് ഹോം വർക്ക്
ഹോംവർക്ക് രക്ഷിതാവും കുട്ടിയും തമ്മിലുള്ള ബന്ധത്തെമാത്രമല്ല, രക്ഷിതാക്കൾ, അതായത് അച്ഛനും അമ്മയ്ക്കും ഇടയിലുള്ള പരസ്പരബന്ധത്തെക്കൂടി പ്രതികൂലമായി ബാധിക്കുന്നതിന്റെ ഉദാഹരണങ്ങൾ ‘The case against homework' എന്ന പുസ്തകത്തിൽ സാറാ ബെന്നെറ്റും നാൻസി കാലിഷും വിശദമാക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന ഹോംവർക്കുകൾ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ വളരെ മുമ്പ് തന്നെ മുന്നറിയിപ്പ് നൽകുകയുണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് അമേരിക്കയിലെ മസാച്ചുസെറ്റ്‌സിൽ 2006 ൽ നടത്തിയ ഒരു പഠനത്തിൽ 42 ശതമാനത്തോളം കുട്ടികളുടെയും മാനസിക സംഘർഷത്തിന് കാരണം ഹോംവർക്കുകൾ ആണെന്ന് ബോധ്യപ്പെടുകയുണ്ടായി.ഏതാണ്ട് എണ്ണത്തിൽ പകുതിയോളമെത്തുന്ന കുട്ടികളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച ഈ ചിത്രം അത്രപെട്ടെന്നൊന്നും മാഞ്ഞു പോകുന്ന ഒന്നല്ല.
ടെലിവിഷൻ വളരെ വിദഗ്ദമായ രീതിയിൽ കുട്ടികളെ ശാരീരികമായും മാനസികമായും വളരെ പരിമിതമായ ഒരു ഇടപെടൽ പരിസരത്തേക്ക് തളച്ചിടുമ്പോൾ അതിൽ നിന്ന് വിഭിന്നമായ ധർമമൊന്നുമല്ല ഹോംവർക്കുകളും നിർവഹിക്കുന്നത്.
ഹോംവർക്കുകൾ പതിവിൽക്കവിഞ്ഞ വിധം വ്യാപകമായത് കുട്ടികളുടെ സമഗ്രമായ ജീവിതാനുഭവങ്ങളെയും ജീവിത ശൈലിയെയും ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. സ്‌കൂൾ വിട്ടു വന്നാൽ കളികളിൽ ഏർപ്പെടുക എന്നതും ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക എന്നുള്ളതും കുട്ടികളെ സംബന്ധിച്ച് അവരുടെ വികാസപരമായ ആവശ്യമാണ് (Developmental Needs). എന്നാൽ കളികൾക്കും സ്‌പോർട്‌സിനുമായി കുട്ടികൾ ചെലവഴിക്കുന്ന സമയത്തിൽ വളരെ കുത്തനെയുള്ള കുറവാണ് സമീപകാലത്ത് കാണാൻ കഴിയുന്നത് .കുട്ടികൾ കളികൾക്കായി ചെലവഴിക്കുന്ന സമയം 1981 മുതൽ 58 ശതമാനം കുറഞ്ഞിട്ടുള്ളതായി മിച്ചിഗൺ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിൽ എടുത്തുകാട്ടുന്നു.
1980 മുതലാണല്ലോ ഹോംവർക്കുകൾ വിദ്യാലയങ്ങളിലെ പ്രഖ്യാപിത അവശ്യസാമഗ്രിയായി മാറുന്നത്. 1980 മുതൽ അമേരിക്കയിലെ അമിതഭാരമുള്ള കുട്ടികളുടെ എണ്ണം ഏതാണ്ട് മൂന്നിരട്ടിയിലധികമായി.ടൈപ്പ് 2 ഡയബറ്റിസ് ഉള്ള കുട്ടികളുടെ എണ്ണവും ഇതേകാലയളവിൽ ഗണ്യമായി വർദ്ധിക്കുകയുണ്ടായി. അമിതമായ സ്‌ക്രീൻ ഉപയോഗവും ജങ്ക് ഫുഡും ഹോംവർക്കുമാണ് വില്ലന്മാരായതെന്ന് പൊതുവേ നിരീക്ഷിക്കപ്പെടുകയും ചെയ്തു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മുന്നിലുള്ള പ്രധാന തടസ്സം ഹോംവർക്ക് ആണെന്നും അത് അവർക്ക് വ്യായാമം ചെയ്യാനുള്ള അവസരത്തെ നിഷേധിക്കുന്നുവെന്നും ‘Trim Kids' എഴുതിയ ഡോ. മെലിൻഡ സോതേൺ പരിതപിക്കുന്നു. ടെലിവിഷൻ കുട്ടികളുടെ ആരോഗ്യത്തോട് എന്താണോ ചെയ്യുന്നത് അതു തന്നെയാണ് ഹോം വർക്കുകളും അവരോട് ചെയ്യുന്നതെന്നാണ് ഇവരുടെ നിരീക്ഷണം. ടെലിവിഷൻ വളരെ വിദഗ്ദമായ രീതിയിൽ കുട്ടികളെ ശാരീരികമായും മാനസികമായും വളരെ പരിമിതമായ ഒരു ഇടപെടൽ പരിസരത്തേക്ക് തളച്ചിടുമ്പോൾ അതിൽ നിന്ന് വിഭിന്നമായ ധർമമൊന്നുമല്ല ഹോംവർക്കുകളും നിർവഹിക്കുന്നത്.
അതുകൊണ്ട് television is evil, homework is good എന്നൊക്കെയുള്ള ആവർത്തിത മധ്യവർഗ വിലാപങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ പ്രാഥമികമായ ലക്ഷ്യങ്ങളിലൊന്ന് കുട്ടിയുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതിനാവശ്യമായ ധാരണകളും ശേഷികളും കൈവരിക്കുക എന്നതാണ്, ഭാവി ജീവിതത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിന് കുട്ടിയെ സ്വയം പര്യാപ്തമാക്കുക എന്നതാണ്. ഇതിനുള്ള ശേഷികൾ കുട്ടി കൈവരിക്കുന്നതാകട്ടെ വീട്ടിലും വിദ്യാലയത്തിലും സമൂഹത്തിലും വിവിധങ്ങളായ മേഖലകളിൽ ഇടപെട്ടു പ്രവർത്തിക്കുമ്പോഴാണ്. വീടുകളിൽ വെച്ച് കൃഷിയിലും പൂന്തോട്ട പരിപാലനത്തിലും പാചകത്തിലും നിർമാണ പ്രവർത്തനങ്ങളിലും മറ്റു സർഗ്ഗാത്മക പ്രവർത്തനങ്ങളിലും ഏർപ്പെടാൻ അവസരം ലഭിക്കുമ്പോഴാണ്. വിശാലമായ ഈ ജീവിതനൈപുണികളെ (life skills) യെല്ലാം അരികുവൽക്കരിക്കുന്നന്നതാണ് നിലവിലെ ഗൃഹപാഠ ക്രമീകരണങ്ങൾ. അതുകൊണ്ടാണ് Homework is extremely a sedantary activity എന്ന് കമ്പ്യൂട്ടറും മൊബൈൽ ഫോണും വ്യാപകമാകുന്നതിനു എത്രയോ മുമ്പ് തന്നെ പല വിദ്യാഭ്യാസ ചിന്തകരും ഓർമപ്പെടുത്തിയിട്ടുള്ളത്.
ഹോംവർക്കുകളെ കേവലമൊരു വിദ്യാലയ പ്രവർത്തനം എന്ന നിലയിൽ മാത്രമല്ലാതെ, അത് കുട്ടിത്തത്തെ തന്നെ അവസ്ഥാന്തരപെടുത്തുന്ന സാമൂഹിക വിഷയമാണെന്നുള്ള നിലപാടുതറയിൽ നിന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
വീടുകളിൽ കുടുംബാംഗങ്ങളുമായി ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനോ അച്ഛനമ്മമാരോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനോ പുതിയ ഗാർഹിക സാഹചര്യത്തിൽ കുട്ടികൾക്ക് അവസരം ലഭിക്കുന്നില്ല. ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ ഉള്ളുതുറന്ന് പരസ്പരം സംസാരിക്കുന്നതിനുള്ള അവസരമൊരുക്കുകയും കുടുംബാംഗങ്ങൾ തമ്മിലുള്ള വൈകാരിക അടുപ്പത്തെ ദൃഢപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് സാമൂഹികവൽക്കരണത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത് വീട്ടിലെ അത്താഴമേശയിൽ നിന്നാണെന്ന് പറയുന്നത്. മറ്റുള്ളവരുടെ ഇഷ്ടവും താല്പര്യവും കൂടി പരിഗണിച്ചാണ് താൻ പെരുമാറേണ്ടത് എന്നുള്ള സാമൂഹിക ബോധമാണ് തീൻമേശാശീലത്തിലൂടെ കുട്ടി സ്വായത്തമാക്കുന്നത്. എന്നാൽ ഇത്തരം സന്തോഷകരമായ കുടുംബനിമിഷങ്ങൾ അനുഭവിക്കാൻ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഇന്ന് നേരമില്ല.
സ്വതന്ത്ര വായനയെ അട്ടിമറിക്കുന്നു
കുട്ടികളുടെ സ്വതന്ത്ര വായനയെ (reading for pleasure) അട്ടിമറിച്ചു എന്നതാണ് ഹോംവർക്ക് വരുത്തിവെച്ച മറ്റൊരു പ്രധാന അപകടം. ഉയർന്ന ക്ലാസുകളിലെത്തുമ്പോൾ കുട്ടികളുടെ സ്വതന്ത്ര വായന കുറഞ്ഞു വരുന്നതായിട്ടാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. മറ്റൊരു ശ്രദ്ധേയമായ കാര്യം വൈകീട്ട് സ്‌കൂൾ വിട്ടു വരുമ്പോൾ തന്നെ കുട്ടികൾ സ്വതവേ വളരെ ക്ഷീണിതരും അവശരുമായിത്തീരുന്നു എന്നതാണ്. സ്‌കൂൾബാഗിന്റെ വലിപ്പവും ഭാരവും അവർക്ക് താങ്ങാൻ കഴിയാത്തത്ര വളർന്നിരിക്കുന്നു. ഇതു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പല കുട്ടികളും അനുഭവിക്കുന്നുമുണ്ട്. ചെറിയ ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ പോലും ചുമൽ വേദനയും കഴുത്ത് വേദനയും പതിവാണെന്ന് രക്ഷിതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. 1993 ൽ പ്രൊഫ. യശ്പാൽ അധ്യക്ഷനായ വിദ്യാഭ്യാസ സമിതി എം.എച്ച്.ആർ.ഡി ക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ പേര് തന്നെ ‘Learning without Burden' എന്നാണ്.
ഇന്ത്യയിലെ വിദ്യാലയങ്ങളിൽ ഉടനടി നടപ്പിലാക്കേണ്ട രണ്ട് സുപ്രധാന നിർദ്ദേശങ്ങളായി പ്രൊഫ. യശ്പാൽ മുന്നോട്ടു വെക്കുന്നത്- സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക, പ്രൈമറി തലത്തിൽ ഹോംവർക്കുകൾ പൂർണമായും ഒഴിവാക്കുക. രണ്ടിലും കാര്യമായ തുടർ നടപടിയുണ്ടായിട്ടില്ല; പാഠപുസ്തകങ്ങൾ രണ്ടോ മൂന്നോ ഭാഗങ്ങളാക്കി മാറ്റി എന്നതൊഴിച്ചാൽ. ഹോംവർക്കുകളെ കേവലമൊരു വിദ്യാലയ പ്രവർത്തനം എന്ന നിലയിൽ മാത്രമല്ലാതെ, അത് കുട്ടിത്തത്തെ തന്നെ അവസ്ഥാന്തരപെടുത്തുന്ന സാമൂഹിക വിഷയമാണെന്നുള്ള നിലപാടുതറയിൽ നിന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
കളിക്കാനും ചിരിക്കാനും കൂട്ടുകൂടാനും അന്വേഷിക്കാനും കണ്ടെത്താനും സ്വപ്നം കാണാനും അവസരമില്ലാത്ത, അർത്ഥലോപം വന്ന, മരവിച്ചുപോയ വെറുംവാക്കാകുന്നുണ്ട് കുട്ടിക്കാലം എന്നത്. അതുകൊണ്ട് തെളിവുകളുടെയും പഠനങ്ങളുടെയും ശാസ്ത്രീയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സാധൂകരിക്കപ്പെടാതെയോ ദർശനങ്ങളുടെ പിൻബലമില്ലാതെയോ പിന്തുടരപ്പെടുന്ന ഒരു ക്ലാസ് റൂം മിത്ത് മാത്രമാണ് നിലവിലെ ഹോം വർക്കുകൾ. മാറിവരുന്ന സാമൂഹിക വിദ്യാഭ്യാസ പരിതസ്ഥിതിയിൽ അതിന്റെ സ്ഥാനവും പ്രയോഗവും തീർച്ചയായും പുനർ നിർണയിക്കപ്പെടേണ്ടതും പരിഷ്‌കരിക്കപ്പെടേണ്ടതുമാണ്. ▮
References: 1 Learning without Burden: prof: Yashpal, MHRD, Govt: of India. 2 The battle over homework.: Common ground for administrators , teachers and parents.:Harris Cooper 3 The case against homework:Sara Bennet,Nancy Kalish 4 The Homework Myth:Alfie Kohn