ചെയർമാന്റെ ഹരാസ്​മെൻറ്​ സെഷൻ, പ്രേമലേഖനം തപ്പി നടക്കുന്ന സ്​റ്റാഫ്​; പഠിപ്പുപേക്ഷിക്കേണ്ടിവന്ന വിദ്യാർഥി എഴുതുന്നു

‘‘എല്ലാ ബുധനാഴ്ചയും ‘വിത്ത്‌ ഔർ ഡയറക്ടർ’ എന്നൊരു സെഷൻ ചെയർമാന്റേതായി നടത്തിയിരുന്നു. ഒരുതരം ഹറാസ്സ്മെൻറ്​ സെഷൻ. അയാൾക്ക് ഇഷ്ടമില്ലാത്തവരെ, എതിരഭിപ്രായമുള്ളവരെ സ്റ്റേജിൽ വരുത്തി എല്ലാവരുടെയും മുൻപിൽ ഷെയിം ചെയ്യുന്ന പ്രോഗ്രാം. ഇത്തരം പ്രകടനങ്ങളിൽ വല്ലാത്ത ഒരു അനുഭൂതി അയാൾക്ക് ലഭിച്ചിരുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.’’- മറ്റക്കരയിലെ ടോംസ് കോളേജിലെ പൂർവ വിദ്യാർഥി താൻ അനുഭവിച്ച കൊടും പീഡനങ്ങളെക്കുറിച്ച്​ തുറന്നെഴുതുന്നു.

ന്നത വിദ്യാഭ്യാസം ഏതൊരു വിദ്യാർത്ഥിയുടെയും വിജയകരമായ ഭാവി ജീവിതത്തിന് അനിവാര്യമാണ്. ‘വിജയകരം’ എന്നതിന്റെ വ്യത്യസ്തങ്ങളായ അടരുകളെ നല്ല നിലയിൽ സ്വാധീനിക്കുന്നതാവണം ഉന്നത വിദ്യാഭ്യാസം നൽകുന്ന അറിവുകൾ. അതിനാൽ, സാമ്പത്തികമായും തൊഴിൽപരമായും ആരോഗ്യകരമായ ഭാവി ഉണ്ടാവുക എന്നതോടൊപ്പം തുല്യ പ്രാധാന്യമുള്ള കാര്യമാണ് മാനസികമായി കൂടി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്നത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തിന്റെ ഇത്തരമൊരു വലിയ ലക്ഷ്യത്തെ ഒരുവിധത്തിലും ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വ്യക്തിപരമായ അനുഭവത്തിൽനിന്നും, പല കോളേജുകളിൽനിന്നും ഉയർന്നുകേൾക്കുന്ന ശബ്ദങ്ങളിൽ നിന്നും ഇന്നിപ്പോൾ മനസ്സിലാകുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അമൽജ്യോതി കോളേജ് ഹോസ്റ്റലിൽ നടന്ന ശ്രദ്ധ സതീഷ്​ എന്ന വിദ്യാർഥിയുടെ മരണം. ശ്രദ്ധയുടെ മരണത്തിന്റെ പിന്നാമ്പുറം നമുക്കുമുന്നിൽ തുറന്നിടുന്നത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന അവകാശലംഘങ്ങളുടെ അറിയാക്കഥകളാണ്​.

ശ്രദ്ധ സതീഷ്​

മാനസിക പീഡനങ്ങളിലൂടെയും, വ്യക്തിഹത്യകളിലൂടെയും ഭീഷണികളിലൂടെയും ഒരു ‘നല്ല’ ഭാവി നിർമിക്കാമെന്ന പിന്തിരിപ്പൻ സദാചാരമാണ് കേരളത്തിലെ പല കോളേജുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്നുവരുന്നത്. അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവശ്യമില്ലാത്ത ഒരു കാലഘട്ടമായിട്ടാണ് വിദ്യാർത്ഥിജീവിതത്തെ ഇവർ മനസ്സിലാക്കുന്നത് എന്നുതോന്നുന്നു. പലപ്പോഴും മാതാപിതാക്കളുടെ മൗനസമ്മതത്താലും അല്ലാതെയും വിദ്യാർത്ഥികളെ മാനസിക സമ്മർദത്തിലാഴ്ത്തുന്ന ഇടപെടലുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. സ്ലട്ട് ഷേമിങ് മുതൽ ബോഡി ഷേമിങ് വരെ നിത്യ സംഭാഷണങ്ങളുടെ ഭാഗമാവുകയും, ജാതിപരമായും വർണപരമായും മതപരമായും കുട്ടികളെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങളിലെ സ്വാഭാവിക സമീപനരീതികളായി മാറിക്കഴിഞ്ഞിരിക്കുന്നു. കോട്ടയം ആർ. ഐ. റ്റി കാമ്പസിലുണ്ടായ ജാതീയമായ ദുരനുഭവം ഒരു പെൺകുട്ടി തുറന്നുപറഞ്ഞത് ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതായത് അമൽജ്യോതിയിൽ നടന്ന വിദ്യാർത്ഥി പീഡനം ഒറ്റപ്പെട്ടതല്ല. സമാന അനുഭവങ്ങളിലൂടെ കടന്നപോയ ധാരാളം വിദ്യാർത്ഥികൾ നമുക്ക് ചുറ്റുമുണ്ട്. ഞാനുൾപ്പടെ അതിന്റെ ഉദാഹരണങ്ങളാണ്.

ചെയർമാന്റെ ബോഡി ഷെയ്​മിങ്​

2014- ലാണ് ഞാൻ എഞ്ചിനീയറിംഗ് പഠിക്കാൻ കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് മറ്റക്കരയിലെ ടോംസ് കോളേജിൽ ചേർന്നത്​. ആദ്യ ബാച്ചായിരുന്നു ഞങ്ങൾ. അമൽജ്യോതിയിലെ കുട്ടികൾ അനുഭവിച്ചതിലും ചിലപ്പോൾ അതിലുമേറെ മാനസിക പീഡനം ഞങ്ങൾ ടോംസിൽ അനുഭവിച്ചിട്ടുണ്ട്. ഒരു എഞ്ചിനീയറിംഗ് കോളേജിന്റേതായ പഠന- ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ ഈ കോളേജിലുണ്ടായിരുന്നില്ല. പല അധ്യാപകർക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത പോലും ഉണ്ടായിരുന്നില്ല.

കോളേജിലെ വിദ്യാർത്ഥികൾ എല്ലാവരും ഹോസ്റ്റ്ലേഴ്‌സ് ആയിരിക്കണം എന്ന് മാനേജ്മെന്റിന് നിർബന്ധമുണ്ടായിരുന്നു. കോളേജിലെ കാര്യങ്ങൾ പുറത്താരോടും പറയാതിരിക്കാനാണ് അത്തരമൊരു നിബന്ധന വച്ചത് എന്ന് പിന്നീട് ഞങ്ങൾക്ക് ബോധ്യമായി. കോളേജിലോ പുറത്തോ വച്ച് ആൺകുട്ടികളും പെൺകുട്ടികളും മിണ്ടാൻ പാടില്ല എന്ന നിയമം അവിടെ നടപ്പാക്കിയിരുന്നു. ക്ലാസ്​മേറ്റ്​സുമായി ക്ലാസിലിരുന്നുപോലും സംസാരിക്കാനോ എന്തിന് ഒന്ന് നോക്കാനോ പാടില്ലായിരുന്നു. ഇന്റർവെൽ സമയങ്ങളിൽ ആൺകുട്ടികളെയെല്ലാം വെയ്റ്റിംഗ് റൂം എന്നൊരു റൂമിൽ കൊണ്ടുപോയി ഇരുത്തി പഠിക്കാൻ പറയും. പോകുമ്പോൾ സീറ്റിൽ നിന്ന് സകല സാമഗ്രികളും എടുത്തുവേണം പോകാൻ. ഒരു പേനയെങ്കിലും അവശേഷിച്ചാൽ അത് തുറന്നുനോക്കി പ്രേമലേഖനം ഇല്ല എന്നുറപ്പുവരുത്തും, സ്റ്റാഫുകൾ.

ദിവസേന രണ്ട് പെൺകുട്ടികൾ ചെയർമാന്റെ കാബിനിൽ റിസപ്ഷനിസ്റ്റുകൾ ആയി പോവണം. അടിമകളെപ്പോലെ അയാളുടെ വായിൽ വരുന്നത് മുഴുവൻ കേട്ടു ചിരിച്ചുകൊണ്ട് നിൽക്കാൻ അവർ നിർബന്ധിതരായിരുന്നു.

ടോയ്ലറ്റിൽ പോകാൻ നേരം പെൺകുട്ടികൾ പരിസരത്തുണ്ടെങ്കിൽ പ്രാഥമിക കാര്യങ്ങൾ നടത്താൻ പോലും അനുവാദമില്ലായിരുന്നു. ഭക്ഷണവും ഇങ്ങനെ സെപ്പറേറ്റ് റൂമുകളിലായിരുന്നു. ഹോസ്റ്റലിൽ പോലും ഫോൺ ഉപയോഗം അനുവദിച്ചിരുന്നില്ല. രാവിലെ 5.30-ന്​ നിർബന്ധമായി എഴുന്നേൽക്കണം, 8 വരെ നിർബന്ധ പഠനം. വൈകീട്ട് 5 ന് ക്ലാസ്​ വിട്ടാൽ 6.30-ന്​ സ്റ്റഡി ഹാൾ. ഡിന്നർ ടൈം ഒഴിച്ച് രാത്രി 12.30 വരെ നിർബന്ധിത പഠനം. ഒപ്പം ചെയർമാൻ മിസ്റ്റർ ടോമിന്റെ ഹോസ്റ്റൽ വിസിറ്റും ഒപ്പമുള്ള ഷേയ്​മിങും. ഇയാൾ അക്കാലത്ത് പെൺകുട്ടികളുടെ ഹോസ്റ്റലിൽ രാത്രി കയറിയിറങ്ങി നടന്നത് ഞങ്ങൾ പ്രശ്നവൽക്കരിക്കുകയും ചെയ്തിരുന്നു.

ടോം ടി. ജോസഫ്‌

വിദ്യാർഥിനികൾ ചെയർമാന്റെ
റിസപ്​ഷനിസ്​റ്റുകൾ

പെൺകുട്ടികളുടെ ഹോസ്റ്റലിലെ അവസ്ഥ ഇതിലും കഷ്ടമായിരുന്നു എന്ന് പിന്നീടറിയാൻ കഴിഞ്ഞു. ടൈമിംഗ് സമാനമാണെങ്കിലും, ചെയർമാൻ ടോമിന്റെ, ക്ലാസ്​ വിട്ടുകഴിഞ്ഞുള്ള വിസിറ്റിംഗിൽ ഉണ്ടാവാറുള്ള ബോഡി ഷേമിങ് മുതലായ പലപ്പോഴായുണ്ടായ മാനസിക ഉപദ്രവങ്ങൾ അവർ തുറന്നു പറയുകയുണ്ടായി. വസ്ത്രം മുതൽ കുളിക്കുന്ന സമയം പോലും സ്വയം തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥ. സൗഹൃദങ്ങൾ ഉണ്ടാക്കാതിരിക്കാനുള്ള നിരന്തര റൂം ഷിഫ്റ്റിംഗ് മുതൽ പരസ്പരം സുഹൃത്തുക്കൾ ആകാതിരിക്കുന്നതിനുള്ള കർശന നിർദ്ദേശങ്ങൾ. അതോടൊപ്പം, ദിവസേന രണ്ട് പെൺകുട്ടികൾ ചെയർമാന്റെ കാബിനിൽ റിസപ്ഷനിസ്റ്റുകൾ ആയി പോവണം. അടിമകളെപ്പോലെ അയാളുടെ വായിൽ വരുന്നത് മുഴുവൻ കേട്ടു ചിരിച്ചുകൊണ്ട് നിൽക്കാൻ അവർ നിർബന്ധിതരായിരുന്നു.

ഒടുവിൽ മാനസികമായി തളരുകയും, പഠിച്ചാൽ ഞങ്ങളെ ഇവർ തോല്പിക്കും എന്നും മനസ്സിലായപ്പോൾ ഞാനുൾപ്പടെ പലരും പഠിത്തം ഉപേക്ഷിക്കുകയാണുണ്ടായത്.

എല്ലാ ബുധനാഴ്ചയും ‘വിത്ത്‌ ഔർ ഡയറക്ടർ’ എന്നൊരു സെഷൻ ചെയർമാന്റേതായി നടത്തിയിരുന്നു. ഓഡിറ്റോറിയത്തിൽ നടത്തുന്ന പ്രോഗ്രാം ഒരുതരം ഹറാസ്സ്മെന്റ് സെഷൻ ആയിരുന്നു എന്ന് പറയേണ്ടി വരും. അയാൾക്ക് ഇഷ്ടമില്ലാത്തവരെ, എതിരഭിപ്രായമുള്ളവരെ സ്റ്റേജിൽ വരുത്തി എല്ലാവരുടെയും മുൻപിൽ ഷെയിം ചെയ്യുന്ന പ്രോഗ്രാം. ഇത്തരം പ്രകടനങ്ങളിൽ വല്ലാത്ത ഒരു അനുഭൂതി അയാൾക്ക് ലഭിച്ചിരുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് ഹോസ്റ്റൽ ജീവിതം ദുഃസ്സഹമായപ്പോൾ ഞങ്ങൾ പ്രതിഷേധിക്കുകയും അവസാനം ഞങ്ങൾ മൂന്നാലു പേർ ഡേ സ്കോളേഴ്സ് ആവുകയും ചെയ്തിരുന്നു.

അക്കാലത്ത് ഹോസ്റ്റലിൽ നിന്ന് കുട്ടികളുടെ ഒളിച്ചോട്ടം തുടർകഥയുമായിരുന്നു. എന്തായാലും പുറത്തിറങ്ങിയ ഞങ്ങളെ പരമാവധി മാനേജ്മെന്റ് ഉപദ്രവിച്ചിരുന്നു. ബുക്കും ബാഗും കൊണ്ടുവരാൻ പറ്റില്ല. എന്തിന് ഒരു മിട്ടായി പോലും കൊണ്ടുവരരുത് എന്നവർ ചട്ടം കെട്ടി. അതിനൊരു അപഹാസ്യമായ കാരണം പറഞ്ഞത്, ഞങ്ങൾ മിട്ടായി കൊടുത്ത് ഗാങ് ഉണ്ടാക്കുമെന്നായിരുന്നു. അങ്ങനെ പലതും അവർ റെഗുലേഷൻസ് ആയി നടപ്പിലാക്കിയിരുന്നു.

അവധിക്കുപോലും കുട്ടികളെ വീടുകളിൽ വിടാതെ ഹോസ്റ്റലിൽ തടഞ്ഞുനിർത്തി ഒരുതരം മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. വിദ്യാർത്ഥികളുടെയും, മാതാപിതാക്കളുടെയും പരാതിയുടെ പുറത്ത് കോളേജ് അധ്യാപനം നിർത്തിക്കോളാൻ യൂണിവേഴ്സിറ്റി പറയുകയും ചെയ്തത് ഇപ്പോഴും ഗൂഗിൾ സെർച്ചിൽ നോക്കിയാൽ കാണാം.

ഫുഡ്‌ പ്ലാസ്റ്റിക് കവറിൽ കൊണ്ടുവരാനും ബുക്കിനു പകരം പേപ്പറിൽ എഴുതി അത് ഫയലാക്കി കയ്യിൽ പിടിച്ചുവരാനും പറഞ്ഞത് ഞങ്ങളെ എങ്ങനെയെങ്കിലും ഹോസ്റ്റലിൽ തിരികെ കയറ്റാനായിരുന്നു. അങ്ങനെ പ്രശ്നങ്ങൾ കൂടിക്കൂടി വന്നപ്പോഴാണ്​ കാമ്പസിൽ എസ്. എഫ്. ഐ യൂണിറ്റ്​ സ്​ഥാപിച്ചത്​. ഞാൻ യൂണിറ്റ് സെക്രട്ടറിയുമായി. ഞങ്ങൾ അങ്ങനെ ചെറിയ റസിസ്റ്റൻസൊക്കെ നടത്തിയതിന്റെ ഭാഗമായി ബാഗ് കൊണ്ടുവരാൻ സമ്മതിച്ചെങ്കിലും ഓഫീസിൽ വെച്ചിട്ട് ഫയലുകൾ എടുത്ത് മാത്രമേ ക്ലാസിലേക്ക്​ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. അതോടൊപ്പം ഞങ്ങളോട് മേലാൽ കോളേജിൽ വച്ചിരിക്കുന്ന വെള്ളം കുടിക്കാൻ പാടില്ലെന്നും, മെസ്​ ഫുഡ്‌ കഴിക്കരുതെന്നും വേണ്ടത് വീട്ടിൽ നിന്ന് കൊണ്ടുവരണം എന്നും കർശന നിർദേശം നൽകി. മാനേജ്മെന്റ് വ്യക്തമായി അയിത്തം പാലിച്ചു എന്നുത്തന്നെ പറയാം.

ഒടുവിൽ പഠിപ്പുപേക്ഷിച്ചു

എസ്. എഫ്. ഐ നേതാക്കൾ പലപ്പോഴായി കോളേജിൽ വന്ന് സംസാരിച്ചിരുന്നെങ്കിലും ഒരു തരത്തിലും മാനേജ്മെന്റ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. അതിനുപുറമേ, എതിർത്തിരുന്ന ഞങ്ങൾ ഓരോരുത്തർക്കും എതിരെ ചെയർമാനും, സ്റ്റാഫുകളും പലവിധ കഥകൾ പ്രചരിപ്പിച്ചു. ഒടുവിൽ മാനസികമായി തളരുകയും, പഠിച്ചാൽ ഞങ്ങളെ ഇവർ തോല്പിക്കും എന്നും മനസ്സിലായപ്പോൾ ഞാനുൾപ്പടെ പലരും പഠിത്തം ഉപേക്ഷിക്കുകയാണുണ്ടായത്.

അതിനുശേഷവും സർട്ടിഫിക്കറ്റ് തിരിച്ചു നൽകാതെയും കാശ് ആവശ്യപ്പെട്ടും എന്നെയൊക്കെ അയാൾ ബുദ്ധിമുട്ടിച്ചു. ഒരു പ്രിൻസിപ്പൽ പോലുമില്ലാത്ത കോളേജിൽ ആരോട് സംസാരിക്കാനാണ്?. കലക്ടർക്കും എ.ഡി.എമ്മിനും എസ്. പി ക്കും എം. എൽ. എക്കും പരാതികൾ നൽകി, ഗവണ്മെന്റ് സ്ഥാപനങ്ങളിൽ കയറി ഇറങ്ങി വശം കെട്ടാണ് സർട്ടിഫിക്കറ്റുകൾ പോലും വിട്ടുതന്നത്. അതോടൊപ്പം കോൺടാക്​റ്റ്​ സർട്ടിഫിക്കറ്റിൽ ‘ഗുഡ്’ തരാതെ ‘നല്ലൊരു യാത്രയയപ്പ്​’ നൽകുകയും ചെയ്​തു. തുടർന്ന് ഞാൻ പഠിക്കാൻ പോയ വിദ്യാലയത്തിൽ എന്നെ പ്രവേശിപ്പിക്കാതിരിക്കാൻ ഇടപെടൽ നടത്തുകയും ഉണ്ടായി.

ഇപ്പറഞ്ഞതൊക്കെ അവിടുണ്ടായിരുന്ന മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. ഇതിലും അതിഭീകരമായ അവസ്ഥയായിരുന്നു അവിടെ. സ്പോർട്​സും ആർട്​സും ഇല്ല, എക്സ്ട്രാ കരിക്കുലർ ആക്​റ്റിവിറ്റീസും ഇല്ല. എൻ. എസ്. എസ് എങ്കിലും തുടങ്ങാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. അവധിക്കുപോലും കുട്ടികളെ വീടുകളിൽ വിടാതെ ഹോസ്റ്റലിൽ തടഞ്ഞുനിർത്തി ഒരുതരം മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. ഞങ്ങൾ ഇറങ്ങിയശേഷം വീണ്ടും പ്രശ്നങ്ങൾ ഉണ്ടാവുകയും വിദ്യാർത്ഥികളുടെയും, മാതാപിതാക്കളുടെയും പരാതിയുടെ പുറത്ത് കോളേജ് അധ്യാപനം നിർത്തിക്കോളാൻ യൂണിവേഴ്സിറ്റി പറയുകയും ചെയ്തത് ഇപ്പോഴും ഗൂഗിൾ സെർച്ചിൽ നോക്കിയാൽ കാണാം. എന്നിട്ടും ഇന്നും ആ കോളേജ് ഒക്കെ അതേപടി സർക്കാർ അനുവാദത്തോടെ നിലനിൽക്കുന്നുണ്ട്. അതേപോലെ നിലനിൽക്കുന്ന അനേകം കോളേജുകൾ ഒന്നാണ് അമൽജ്യോതിയും.

മാധ്യമങ്ങൾക്കുമുന്നിൽ നിന്ന് പോലും തട്ടമിട്ടവരെ തിരഞ്ഞും, മുഷ്ടി ചുരുട്ടിയും, അസഭ്യം പറഞ്ഞും അധ്യാപകർ നടത്തിയ കസർത്ത്​ നാം കണ്ടതാണ്​.

സർക്കാർ അടവുനയം

അമൽജ്യോതിയിലെ സർക്കാർ ഇടപെടൽ ഒരുതരം അടവുനയത്തിനപ്പുറം അടിസ്ഥാനനീതി ഉറപ്പുവരുത്താൻ ഉതകുന്നതാണെന്ന് കരുതാനാവില്ല. ഒരു വിദ്യാർത്ഥിനിയുടെ മരണത്തിലേക്ക് നയിച്ച വ്യക്തികളെ അന്വേഷണ ഏജൻസികൾക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കുമായിരിക്കാം. അവർക്കെതിരെ എന്തെങ്കിലും നടപടിയും ചിലപ്പോൾ സ്വീകരിച്ചേക്കാം. എങ്കിലും മരണകാരണങ്ങളായ മാനേജ്മെന്റിന്റെ ഇടപെടൽ, നയങ്ങൾ, കുട്ടികളുടെ സ്വാതന്ത്ര്യം, അവകാശം എന്നീ കാര്യങ്ങളിലൊന്നിലും യാതൊരു നിലപാടും സ്വീകരിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. മാനസികാരോഗ്യം ഒരു പ്രധാന വിഷയമാണ് എന്ന് ബോധ്യപ്പെടുത്തുന്ന ഒരു പ്രസ്താവന പോലും ഒരാളുടെയും ഭാഗത്തുനിന്നും പൊതുലോകത്തിനു മുന്നിലുണ്ടായിട്ടില്ല എന്നതും ശ്രദ്ധാർഹമാണ്. അതിനുപുറമേ, വിദ്യാർത്ഥിചൂഷകരായ മാനേജ്മെൻറ്​, ഇതിന്റെ പേരിൽ പ്രതികാരനടപടി പോലും ഉണ്ടാവില്ല എന്നുകൂടി വിദ്യാർഥികളോട്​ പറഞ്ഞുവക്കുന്നതിലൂടെ, മാനേജ്മെന്റിന് ഈ പീഡനങ്ങളെല്ലാം തുടരാനുള്ള മൗനാനുവാദവും കൂടി സർക്കാർ നൽകിയിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്.

അമല്‍ജ്യോതിയിലെ വിദ്യാര്‍ത്ഥി സമരം


ശ്രദ്ധയുടെ മരണശേഷം അമൽജ്യോതി മാനേജുമെൻറ്​ പുറത്തിറക്കിയ വിശദീകരണത്തിൽ, മരണത്തിന്​ കാരണമായ ​ഫോൺ പിടിച്ചെടുക്കലിനെക്കുറിച്ചും തുടർന്നുണ്ടായ ഹരാസ്​മെൻറിനെക്കുറിച്ചും ഒരു വാക്കുപോലുമില്ല. മാത്രമല്ല​, ശ്രദ്ധയുടെ മരണത്തിനിടയാക്കിയ വിദ്യാർഥിവിരുദ്ധനടപടികളെ ന്യായീകരിക്കുന്ന വിശദീകരണങ്ങളാണ്​ ഈ മാനേജുമെൻറ്​ തുടർച്ചയായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്​. ഈ കാമ്പസിലെ കൊടും പീഡനങ്ങളെക്കുറിച്ച്​ മാധ്യമങ്ങൾക്കുമുന്നിൽ വിദ്യാർഥികൾ തുറന്നുപറഞ്ഞിട്ടുണ്ട്​. ഇവയെക്കുറിച്ച്​ എന്താണ്​ മാനേജുമെൻറിന്​ പറയാനുള്ളത്​? ഒന്നും പറയാനില്ല, അവയെല്ലാം അതേപടി തുടരുക തന്നെ ചെയ്യും.

മുഷ്​ടി ചുരുട്ടുന്ന അധ്യാപകർ

വ്യക്തിയനുഭവത്തിൽ നിന്നും നമുക്ക് മുൻപിലുള്ള നിരവധി തെളിവുകളിൽനിന്നും, നേതൃസ്ഥാനത്ത് നിന്ന വിദ്യാർഥികളെ വ്യക്തിപരമായും മറ്റുള്ളവരെ മാനസികപരമായെങ്കിലും ഈ മാനേജ്മെന്റ് ബുദ്ധിമുട്ടിച്ചിരിക്കുമെന്നുതന്നെയാണ് തോന്നുന്നത്. ഇത്രയും മനസ്സിലാക്കാൻ ആൽബർട്ട് ബാണ്ടുരയുടെ ‘റെസിപ്രോക്കൽ ഡിറ്റർമിനിസം’ പഠിക്കണം എന്നൊന്നുമില്ല.

കാമ്പസിലെ സദാചാര പരിപാലനസംഘത്തിലെ ചില അദ്ധ്യാപകരുടെ പബ്ലിക് പ്രകടനം മാത്രം നോക്കിയാൽ മതി. മാധ്യമങ്ങൾക്കുമുന്നിൽ നിന്ന് പോലും തട്ടമിട്ടവരെ തിരഞ്ഞും, മുഷ്ടി ചുരുട്ടിയും, അസഭ്യം പറഞ്ഞും അവർ നടത്തിയ കസർത്ത്​ നാം കണ്ടതാണ്​. മാധ്യമങ്ങളോ മറ്റുതരത്തിലുള്ള ഇടപെടലുകളോ ഇല്ലാത്ത സാഹചര്യത്തിൽ, കാമ്പസ്​ അന്തരീക്ഷം എന്തുമാത്രം പീഡനം നിറഞ്ഞതാകും എന്ന് അധ്യാപകരുടെ ഈ മുഷ്​ടിചുരുട്ടലുകൾ തെളിവാണ്​. അതിനാൽ, ഇത്തരം മാനേജ്മെന്റുകളുടെ ലൈസൻസ് ഉടനടി റദ്ദ് ചെയ്തു മാതൃക കാട്ടുകയാണ് അടിസ്ഥാനപരമായി സർക്കാർ ചെയ്യേണ്ടത്. അതല്ലെങ്കിൽ, വിദ്യാർഥി പീഡനം തങ്ങളുടെ അവകാശമായി കൊണ്ടുനടക്കുന്ന മാനേജുമെൻറുകളെ നേരിടാൻ നിയമങ്ങളിൽ മാറ്റം വരുത്തണം, നിർബന്ധിത സർക്കാർ ഇടപെടൽ​ വേണം. കോളേജിൽ കൃത്യമായ കംപ്ലയിൻറ്​ സെല്ലുകൾ പ്രവർത്തിപ്പിക്കണം. നിരന്തര സർക്കാർ ഓഡിറ്റിങ്ങിന്​ നടപടിയെടുക്കണം. ഇത്തരം മരണങ്ങളുണ്ടാകുമ്പോൾ മാത്രമുള്ള താൽക്കാലിക പരിഹാരങ്ങളല്ല ഇനി ആവശ്യം എന്ന്​ സർക്കാർ തിരിച്ചറിയണം. എങ്കിൽ മാത്രമേ നീതിയുടെ കണിക കണ്ടെത്താനാകൂ.

എന്നാണ് സമൂഹവും വിദ്യാഭ്യാസ ഇടങ്ങളും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പറ്റിയും, അവകാശങ്ങളെ പറ്റിയും ബോധമുള്ളവരാകുക? ശ്രദ്ധയെ പോലെയുള്ള മിടുക്കികൾ ജീവൻ വെടിയുന്ന കാലത്തോ? വിക്ടോറിയൻ സദാചാരത്തിലൂടെയും പ്രഷർ നിർമ്മാണത്തിലൂടെയുമാണ് മികച്ച വിദ്യാർത്ഥികളും പൗരരും ഉണ്ടാവുക എന്ന കാലഹരണപ്പെട്ട കാഴ്ചപ്പാട് ഇനിയെങ്കിലും ഉപേക്ഷിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ നീതിയുടെ പക്ഷം പറയാൻ സാധിക്കുന്ന സാമൂഹിക ബോധ്യങ്ങളുള്ള ഒരു ഭാവിനിരയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. മാനസികമായ തകർത്തെറിയപ്പെട്ട ഒരു കൂട്ടം കുഞ്ഞുങ്ങൾ മാത്രമാവും അവശേഷിക്കുക.

Comments