“കൃത്യസമയത്ത് ഞങ്ങൾക്ക് നല്ല ഭക്ഷണം കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. കുടിവെള്ളത്തിൽ ബാത്ത്റൂമിലെ വെള്ളം ഒഴിക്കുന്നത് ഒരു കുട്ടി കാണുകയും ചെയ്തിരുന്നു. അണുബാധ വരാതിരിക്കാൻ വേണ്ടിയാണല്ലോ വെള്ളം തിളപ്പിക്കുന്നതുതന്നെ. അതേ വെള്ളം ചൂടാറ്റാനാണ് ബാത്ത്റൂമിലെ വെള്ളം ഒഴിക്കുന്നതെന്ന് ഓർക്കണം. ബാത്ത്റൂമിൽ നിന്ന് വെള്ളം ബക്കറ്റിൽ പിടിച്ച് കൊണ്ടുവന്ന് ഒഴിക്കുന്നത് നമ്മൾ നേരിട്ട് കണ്ടു,” - ഇടുക്കി സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ കടന്നുപോകുന്ന അതീവഗുരുതരമായ സാഹചര്യത്തെ കുറിച്ചാണ്, വിദ്യാർഥിനിയായ ഗൗരി കൃഷ്ണ പറയുന്നത്. അടിസ്ഥാന സൗകര്യമുള്ള ഒരു കെട്ടിടം സ്വന്തമായില്ലാത്ത നഴ്സിംഗ് സ്ഥാപനം, ഒരു സർക്കാർ സ്ഥാപനമാണ് വർഷങ്ങളായി ഇങ്ങനെ പ്രവർത്തിക്കുന്നത്. ഇവിടുത്തെ ഒരു അധികാരിയേയും ഇത് പ്രതിസന്ധിയിലാക്കുന്നില്ലെന്നതാണ് വാസ്തവം. കോളേജിൽ ആദ്യ ബാച്ച് വന്നതുമുതൽ എല്ലാ വർഷവും തുടർച്ചയായി പല വിഷയങ്ങളുന്നയിച്ച് വിദ്യാർഥികൾ സമരം നടത്തുന്നു. അതിന്റെ ഭാഗമായി പലവിധ ചർച്ചകൾ നടക്കുന്നു, എന്നാൽ വിദ്യാർഥികൾ ഉന്നയിക്കുന്ന ഒരു ന്യായമായ ആവശ്യവും അംഗീകരിക്കപ്പെടുന്നില്ല. സമരങ്ങൾ തുടരുക മാത്രം ചെയ്യുന്നു.

ക്ലാസ് റൂം, ഹോസ്റ്റൽ, ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, കൃത്യമായ ഫാക്കൽറ്റികളുടെ അഭാവം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിഞ്ഞ കാലയളവിനുള്ളിൽ ആരോഗ്യവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കോളേജ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്നത് വിദ്യാർഥികളുടെ ആരോഗ്യത്തിനെ തന്നെ ബാധിക്കുന്നുണ്ട്. ആകെ ഏഴു റൂമുകളിലായി 95 വിദ്യാർഥികളാണ് ഇവിടെ താമസിക്കുന്നത്. അമിത ഫീസും വൃത്തിഹീനമായ സാഹചര്യവും കൊണ്ട് പൊറുതിമുട്ടിയ വിദ്യാർഥികൾ സമരത്തിലാണ്. എലി ശല്യം മുതൽ ഹോസ്റ്റൽ റൂമിൽ നിന്നും വിഷപ്പാമ്പിനെ വരെ കണ്ടെത്തിയ സംഭവം ഉണ്ടായിരുന്നു.
ഇടുക്കി കലക്ടറുടെ നിർദ്ദേശപ്രകാരം താൽക്കാലികമായി അനുവദിച്ച സ്വകാര്യ ഹോസ്റ്റലിൽ നേരിടുന്നത് കൊടും ദുരിതമാണെന്ന് അഖില രാജ് എന്ന നഴ്സിങ് വിദ്യാർഥി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
'ഹോസ്റ്റലിനാവശ്യമായ ഒരു സൗകര്യവും ശരിയാക്കി തന്നിട്ടില്ല. സീനിയേഴ്സിന് നാല് റൂമും ജൂനിയേഴ്‌സിന് മൂന്ന് റൂമുമാണുള്ളത്. ഞാൻ താമസിക്കുന്ന ചെറിയ റൂമിൽ 14 പേരുണ്ട്. ബാക്കി ഓരോ റൂമിലും 12 പേർ വീതം. ജൂനിയേഴ്‌സിന്റെ ഒരു റൂമിൽ 18 പേർ വീതമാണുള്ളത്. ജൂനിയേഴ്‌സ് വന്നപ്പോൾ ഞങ്ങൾക്കുണ്ടായിരുന്ന രണ്ട് പഠനമുറികളിൽ ഒന്നാണ് അവർക്ക് റൂമായി നൽകിയിത്. അതുകൊണ്ട് ഹോസ്റ്റലിൽ താമസിക്കുന്ന 95 കുട്ടികൾക്കും കൂടി ഒറ്റ പഠനമുറിയാണുള്ളത്. താഴത്തെ ഫ്ലോറിൽ ചെറിയൊരു മുറി കൂടിയിപ്പോൾ ശരിയാക്കി തന്നിട്ടുണ്ട്. പത്ത് പന്ത്രണ്ട് കുട്ടികൾ മാത്രമുണ്ടായിരുന്ന സ്‌കൂളാണ് ഹോസ്റ്റലാക്കി തന്നിരിക്കുന്നത്. അതിലൊരു ക്ലാസ് പഠനമുറിയാക്കി തരാമെന്ന് പറഞ്ഞിട്ട് നടന്നിട്ടില്ല. മറ്റൊരു പ്രധാന പ്രശ്‌നം നല്ല ഭക്ഷണം കിട്ടുന്നില്ല എന്നതാണ്. ഞങ്ങൾ വന്നപ്പോൾ മുതൽ 5000 രൂപ ഫീസാണ് നൽകിയിരുന്നത്. താമസത്തിന് 2000, ഭക്ഷണത്തിന് 3000 രൂപ വീതം. എന്നാൽ 2000 രൂപക്കുള്ള ഒരു സൗകര്യവും ലഭ്യമല്ലാത്തതിനാൽ കലക്ടറും പി.ടി.എ അംഗങ്ങളും ഇടപെട്ട് ഫീസ് 4500 ആയി കുറച്ചു. വന്ന സമയത്ത് ഹോസ്റ്റൽ ഉണ്ടായിരുന്നില്ല. പിന്നീട് കലക്ടർ ഇടപെട്ടാണ് ഒരു സ്വകാര്യ ഹോസ്റ്റർ ശരിയാക്കി തരുന്നത്. കലക്ടറുമായുള്ള ചർച്ചയിൽ താമസത്തിന് ഈടാക്കുന്ന 2000-ൽ നിന്ന് 500 രൂപ കുറക്കുന്നുവെന്നാണ് പറഞ്ഞത്. എന്നാൽ മെസ് ഫീസിൽ നിന്നുമാണ് ഇവർ 500 രൂപ കുറച്ചത്. അങ്ങനെ വന്നപ്പോൾ 2200 രൂപ താമസത്തിനും 2300 രൂപ ഭക്ഷണത്തിനുമായി. പുറത്തുള്ള രണ്ടാളുകളാണ് മെസ് നടത്തിപ്പ്. അവർ പറയുന്നത് മാനേജ്മെന്റിൽ നിന്ന് പൈസ കിട്ടുന്നില്ലായെന്നാണ്. അതുകൊണ്ട് ഭക്ഷണത്തിന്റെ അളവും അവർ കുറച്ചു. ആഴ്ചയിൽ ഒരു ദിവസം മുട്ടയും ഒരു ദിവസം മീനും ഒരു ദിവസം ചിക്കനും വൈകീട്ട് പാൽ ചായയും കട്ടൻചായയും കടിയും ചോറിന് രണ്ട് കൂട്ടം കറിയുമായിരുന്നു ഉണ്ടായിരുന്നത്. പൈസ കുറച്ചപ്പോൾ ഭക്ഷണത്തിന്റെ അളവ് കുറച്ചു. വൈകീട്ട് വെള്ളം പോലെയുള്ള ചാറ് കറി തരാൻ തുടങ്ങി. എലി ശല്യമാണ് മറ്റൊരു പ്രശ്നം. ആദ്യം മുതൽ തന്നെ ഞങ്ങൾ ഈ പരാതി ഉന്നയിച്ചിരുന്നു. അന്ന് വാർഡൻ വന്ന് എല്ലാ ജനലിലും എണ്ണിപ്പെറുക്കി എലി വിഷം വെച്ചിട്ട് പോയി. എന്നാൽ അതുവെച്ചിട്ടും ഒരു എലി പോലും ചത്തില്ല. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ഒരുകുട്ടിയെ എലി കടിക്കുകയും ചെയ്തു’’.

വിദ്യാർഥികൾ അവരുടെ അവകാശങ്ങൾ ഉന്നയിക്കുമ്പോൾ കോളേജ് അധികൃതർ അത് ഗൗരവത്തിലെടുക്കാതെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ഐസൊലേഷൻ വാർഡിന്റെ അടുത്തുള്ള റൂമിലാണ് തങ്ങളുടെ ക്ലാസ് മുറിയെന്നും അതിനാൽ വലിയ ആശങ്കയുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. സർക്കാർ ഹോസ്റ്റലും കോളേജും തങ്ങളുടെ അവകാശമാണെന്ന് നഴ്സിംഗ് വിദ്യാർഥി ദേവിക ബിനോയ് പറഞ്ഞു:
“ഞങ്ങൾ കൊടുക്കുന്ന ഫീസിന്റേതായ ഒരു സൗകര്യവും ലഭിക്കുന്നില്ല. സർക്കാർ മെറിറ്റിൽ അഡ്മിഷൻ കിട്ടിയിട്ടും ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഹോസ്റ്റലിന്റെ കാര്യമാണ് പരിതാപകരം. വളരെ മോശം ഭക്ഷണമാണ്. പലപ്പോഴും വെള്ളം പോലെയുള്ള കറികളാണ് തരുന്നത്. ഭക്ഷണത്തിൽ പുഴുവിനെയും വണ്ട് പോലെയുള്ള ജീവികളെയും കിട്ടിയിട്ടുണ്ട്. വളരെ ചെറിയൊരു റൂമിൽ പത്ത് പതിനെട്ടുപേർ ബുദ്ധിമുട്ടിയാണ് താമസിക്കുന്നത്. സാധനങ്ങൾ വെക്കാനുള്ള സ്ഥലം പോലുമില്ല.

ഐസൊലേഷൻ വാർഡിന്റെ തൊട്ടടുത്ത റൂമാണ് ക്ലാസ് മുറി. അവിടെ, പകർച്ചവ്യാധിയുള്ള രോഗികളെ ക്ലാസ് റൂമിലിരുന്നാൽ ഞങ്ങൾക്ക് കാണാൻ കഴിയും. അവരെ അഡ്മിറ്റ് ചെയ്യുന്ന റൂമിനടുത്താണ് ഞങ്ങളുടെ ക്ലാസ് റൂം. യാതൊരു സുരക്ഷയുമില്ലാതെയാണ് അവിടെയിരുന്ന് പഠിക്കുന്നത്. ആ ക്ലാസ് മുറിയിൽ ഞങ്ങൾ 60 പേരുണ്ട്. ക്ലാസ് റൂമിന്റെ കാര്യത്തിൽ പോലും സൗകര്യമൊരുക്കി തരാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇത്തരം പ്രശ്‌നങ്ങളൊക്കെ അധികാരികളുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ അവർ ഞങ്ങളെ പരിഹസിക്കുകയും കളിയാക്കുകയുമാണ് ചെയ്യുന്നത്. ഞങ്ങൾക്ക് ഒരു സർക്കാർ ഹോസ്റ്റലും സൗകര്യമുള്ള കോളേജ് കെട്ടിടവും വേണം. അത് ഞങ്ങളുടെ അവകാശമാണ്.”

സർക്കാർ അവഗണന ചോദ്യം ചെയ്ത് വിദ്യാർഥികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിൽ സൂചനാ സമരം നടത്തിയിരുന്നു. ഡിസംബർ 31-നകം വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന് സ്വകാര്യ ഹോസ്റ്റൽ മാനേജ്മെന്റ് പറഞ്ഞതിനെ തുടർന്നാണ് അവർ സമരരംഗത്തേക്കിറങ്ങിയത്. സൂചനാ സമരത്തെ തുടർന്ന് അധികൃതർ ഉൾപ്പെടുന്ന സംഘം ഡിസംബർ 24-ന് വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ വിദ്യാർഥികളുടെ ആശങ്കകൾക്കും ആവശ്യങ്ങൾക്കും പരിഹാരം കാണുമെന്നാണ് നിലവിൽ മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.
“ഡിസംബർ 31-നകം ഹോസ്റ്റലിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്നായിരുന്നു ഹോസ്റ്റൽ മാനേജ്മെന്റ് പറഞ്ഞത്. എന്നാൽ ഹൈക്കോടതിയിൽ നിന്നും മൂന്ന് മാസത്തേക്ക് സ്റ്റേ വാങ്ങിയിട്ടുണ്ട്. അതുവരെ അവർക്ക് നമ്മളെ എങ്ങോട്ടും ഇറക്കി വിടാൻ കഴിയില്ല. മൂന്ന് മാസത്തിനുള്ളിൽ വേറെ ഹോസ്റ്റൽ സംവിധാനം ഒരുക്കിത്തരുമെന്നാണ് പ്രതീക്ഷ”- അഖില രാജ് പറഞ്ഞു.