‘പട്ടികജാതിക്കാരൊന്നും സിനിമയെടുക്കേണ്ട’; കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നത്​...

കെ.ആർ. നാരായണന്റെ പേരിൽ അദ്ദേഹത്തിന്റെ ജൻമനാട്ടിൽ തുടങ്ങിയ സ്ഥാപനം, കേരളത്തിലെ ആദ്യത്തെ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തിന് അഭിമാനമാകേണ്ടതാണ്. എന്നാൽ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഇന്ന് ദലിത് വിരുദ്ധതയുടെയും വിദ്യാർഥി വിരുദ്ധതയുടെയും വിളനിലമാണ്. വിദ്യാർഥികളുടെ അഭിപ്രായങ്ങൾക്ക് വിലയില്ലാത്ത, അടിസ്ഥാനസൗകര്യമില്ലാത്തത് ഉൾപ്പെടെ ഒന്നും ചോദ്യംചെയ്യാനാകാത്ത, സ്ത്രീ- ദലിത് വിവേചനം നിറഞ്ഞുനിൽക്കുന്ന കാമ്പസാണിതെന്ന് കഴിഞ്ഞ ഏഴ് വർഷം അവിടെ നടന്ന കാര്യങ്ങൾ വിലയിരുത്തുന്നവർക്ക് ബോധ്യമാകും.

ന്ത്യയുടെ ആദ്യ ദലിത് പ്രസിഡന്റായ കെ.ആർ. നാരായണന്റെ പേരിൽ അദ്ദേഹത്തിന്റെ ജൻമനാട്ടിൽ തുടങ്ങിയ സ്ഥാപനം, കേരളത്തിലെ ആദ്യത്തെ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തിന് അഭിമാനമാകേണ്ടതാണ്. എന്നാൽ കോട്ടയം ജില്ലയിലെ ഉഴവൂരിലെ അകലകുന്ന് പഞ്ചായത്തിൽ 2014-ൽ സ്ഥാപിക്കപ്പെട്ട കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഇന്ന് ദലിത് വിരുദ്ധതയുടെയും വിദ്യാർഥി വിരുദ്ധതയുടെയും വിളനിലമാണ്. ഇപ്പോൾ സ്വയംഭരണ സ്ഥാപനമാണെങ്കിലും സംസ്ഥാന സർക്കാരിനുതന്നെ അപമാനകരമായ രീതിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിലപാടുകളും പ്രവർത്തനങ്ങളുമെന്ന് സിനിമ സ്വപ്‌നം കണ്ടെത്തിയ അവിടുത്ത വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികളുടെ അഭിപ്രായങ്ങൾക്ക് വിലയില്ലാത്ത, അടിസ്ഥാനസൗകര്യമില്ലാത്തത് ഉൾപ്പെടെ ഒന്നും ചോദ്യംചെയ്യാനാകാത്ത, സ്ത്രീ- ദലിത് വിവേചനം നിറഞ്ഞുനിൽക്കുന്ന കാമ്പസാണിതെന്ന് കഴിഞ്ഞ ഏഴ് വർഷം അവിടെ നടന്ന കാര്യങ്ങൾ വിലയിരുത്തുന്നവർക്ക് ബോധ്യമാകും.

നാലു വിദ്യാർഥികളെ പുറത്താക്കുന്നു

2019 ബാച്ചിലെ വിദ്യാർഥികൾ ഇപ്പോൾ കാമ്പസിൽ സമരം തുടങ്ങിയതോടെയാണ് ഇവരുടെ പ്രശ്‌നങ്ങൾ പൊതുശ്രദ്ധയിലേക്കെത്തുന്നത്. തെറ്റെന്ന് തോന്നിയ കാര്യം ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ദലിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരുൾപ്പെടെ നാല് വിദ്യാർഥികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് മറ്റു വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങിയത്. സ്വന്തം സ്ഥാപനം ഉള്ളപ്പോൾ, വാടകക്കെട്ടിടത്തിൽ പഠനം നടത്തുന്നതിനെ ചോദ്യം ചെയ്തതാണ് ഇവർ ചെയ്ത തെറ്റ്. സ്വകാര്യ കെട്ടിടത്തിൽ ക്ലാസ് നടത്താനുള്ള കാരണം കണ്ടെത്താൻ ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് കത്തുകളയക്കുകയും പഞ്ചായത്തുമായി ബന്ധപ്പെടുകയും ചെയ്തത് തെറ്റായി. സഹപാഠികളെ അകാരണമായി പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ബാച്ചിലെ ബാക്കി 27 വിദ്യാർഥികൾ ജനുവരി ആറിന് അനിശ്ചിതകാല സമരം ആരംഭിച്ചത്.

2019-ൽ ആരംഭിച്ച കോഴ്‌സിൽ നിന്നുള്ള ഹരിപ്രസാദ് (സംവിധാനം, തിരക്കഥ), ബിബിൻ സി.ജെ. (ക്യാമറ), ബോബി നികോളാസ് (എഡിറ്റിങ്), മഹേഷ് (ശബ്ദമിശ്രണം) എന്നിവരെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കിയത്.
ഹാജർ കുറവാണെന്ന കാരണത്താലാണ് നാല് വിദ്യാർഥികളെ പിരിച്ചുവിട്ടതെന്നാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന വിശദീകരണം. അതേസമയം, കോവിഡ് കാലത്ത് ഹാജർ നിർബന്ധമല്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഹാജരില്ലെന്ന കാരണത്തിന് വിദ്യാർഥികളെ പുറത്താക്കിയത്.
പുറത്താക്കപ്പെട്ട വിദ്യാർഥികളുടെയും മറ്റു വിദ്യാർഥികളുടെയും പ്രതിനിധികൾ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ കണ്ട് വെവ്വേറെ നിവേദനം സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ അതിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ്
കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ്

വാടകക്കെട്ടിടത്തിൽ ക്ലാസ്

കോവിഡ് വ്യാപനത്തെ തുടർന്ന് കോളേജ് അടച്ചപ്പോൾ, കോളേജ് കെട്ടിടം സി.എഫ്.എൽ.ടി.സി.യാക്കിയിരുന്നു. ഈ സമയത്ത് വിദ്യാർഥികൾക്ക് ഓൺലൈൻ തിയറി ക്ലാസുകളാണ് നടന്നുകൊണ്ടിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയപ്പോൾ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടും ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചു. കോളേജിൽ സി.എഫ്.എൽ.ടി.സി. പ്രവർത്തിച്ചിരുന്നതിനാൽ ശുചീകരണം പൂർത്തിയായിട്ടില്ലെന്ന് പറഞ്ഞാണ് ക്ലാസുകൾ മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. പാലാ ഓശാന മൗണ്ടിലെ സ്വകാര്യ കെട്ടിടത്തിലേക്ക് പ്രാക്ടിക്കൽ ക്ലാസുകൾ മാറ്റിയതായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിദ്യാർഥികൾക്ക് അറിയിപ്പ് ലഭിച്ചു. എന്നാൽ സെപ്റ്റംബർ 18-ന് തന്നെ സി.എഫ്.എൽ.ടി.സി. പ്രവർത്തിച്ചിരുന്ന കോളേജ് കെട്ടിടങ്ങൾ വൃത്തിയാക്കി കൈമാറിയിരുന്നെന്നാണ് വിദ്യാർഥികൾക്ക് അകലകുന്ന് ഗ്രാമപ്പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ സാധിച്ചത്.

പ്രാക്ടിക്കൽ ക്ലാസുകൾക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാം ഇൻസ്റ്റിറ്റ്യൂട്ടിലാണെന്നിരിക്കെ പരിമിതമായ സൗകര്യങ്ങളിൽ സ്വകാര്യ കെട്ടടത്തിൽ ക്ലാസ് നടത്തുന്നതെന്തിനെന്ന് വിദ്യാർഥികൾ അന്വേഷിച്ചു. പ്രാക്ടിക്കൽ ക്ലാസുകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ആവശ്യം ഇൻസ്റ്റിറ്റ്യൂട്ട് തള്ളിയെന്നു മാത്രമല്ല, പ്രാക്ടിക്കൽ ക്ലാസിൽ ഹാജരാകാത്ത കുട്ടികളോട് കാരണം തേടുകയും രക്ഷിതാവുമായി ഇൻസ്റ്റിറ്റ്യൂട്ടിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ളവരാണ് മക്കൾ എന്ന് മാതാപിതാക്കൾ നിലപാടെടുത്തതായാണ് പുറത്താക്കപ്പെട്ട വിദ്യാർഥികൾ പറയുന്നത്. ഇതോടെ മറ്റ് മുന്നറിയിപ്പുകളൊന്നും കൂടാതെ നാല് വിദ്യാർഥികളെ പുറത്താക്കിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഇ- മെയിൽ അയക്കുകയായിരുന്നു.
ഓശാനാ മൗണ്ടിലെ പ്രാക്ടിക്കൽ ക്ലാസുകൾ തട്ടിക്കൂട്ടായിരുന്നെന്ന് പങ്കെടുത്ത വിദ്യാർഥികളും ആരോപിക്കുന്നു. താമസത്തിനായെടുത്ത കെട്ടിടത്തിന്റെ വരാന്തയിലും മറ്റും പരിമിതമായ സാഹചര്യങ്ങളിലുമായിരുന്നു പ്രാക്ടിക്കൽ ക്ലാസുകൾ നടന്നിരുന്നത്. കോളേജിൽ എല്ലാ സൗകര്യങ്ങളുമുള്ളപ്പോഴാണ് ഇത്തരത്തിൽ കോളേജ് അധികൃതർ പ്രവർത്തിച്ചിരുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. കോളേജ് "ബയോബബിളി'ലാണെന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാദം. എന്നാൽ, ഇൻസ്റ്റിറ്റ്യൂട്ടിൽ വരുന്ന തൊഴിലാളികളും അധ്യാപകരും മറ്റ് ജീവനക്കാരമെല്ലാം ദിവസവും ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തുപോവുകയും തിരിച്ചുവരികയും ചെയ്യുന്നുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.

പുറത്താക്കപ്പെട്ട വിദ്യാർഥികളെ സസ്‌പെൻഷനിൽ നിർത്തുകയോ മറ്റ് നടപടികൾ എടുക്കുകയോ ചെയ്യുന്നതിന് പകരം നേരിട്ട് പുറത്താക്കിയ നടപടി ഏകപക്ഷീയവും ധിക്കാരപരവുമാണെന്നും വിദ്യാർഥികൾ ആരോപിച്ചു. മൂന്നുവർഷത്തെ കോഴ്‌സ് അഞ്ചുവർഷമായും തീരാതെ നിൽക്കുന്ന, 2019-ൽ തുടങ്ങിയ കോഴ്‌സിന് ഇതുവരെയായി സിലബസ് പോലും തരാതെ നീട്ടികൊണ്ടുപോകുന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് നാല് വിദ്യാർഥികളെ പുറത്താക്കാൻ ആവേശം കാണിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
പുറത്താക്കപ്പെട്ട നാല് വിദ്യാർഥികളെയും തിരിച്ചെടുക്കുക, വിദ്യാർഥികൾക്ക് പ്രാതിധിന്യം ഉറപ്പാക്കി സ്റ്റുഡന്റ്‌സ് കൗൺസിൽ രൂപീകരിക്കുക, 2019 ബാച്ചിലെ മുഴുവൻ സെമെസ്റ്റർ സിലബസും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ ഉന്നയിക്കുന്നു.

മാപ്പ് പറയണമെന്ന് ഡയറക്ടർ; എന്തിനെന്ന് വിദ്യാർഥികൾ

സെപ്റ്റംബർ 17-ന് സംസ്ഥാന സർക്കാരും കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഇൻസ്റ്റിറ്റ്യൂട്ട് തുറന്നുപ്രവർത്തിക്കാം എന്ന് ഉത്തരവിറക്കിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസുകൾ നടത്താൻ സാധിക്കില്ല പകരം വാടകക്കെട്ടിടത്തിൽ വെച്ച് പ്രാക്ടിക്കൽ ക്ലാസുകൾ നടത്തുമെന്ന് അറിയിച്ച് 18-ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 2019 ബാച്ചിലെ 31 വിദ്യാർഥികൾക്കും മെയിൽ അയച്ചു. എന്തുകൊണ്ടാണ് സ്വന്തം കെട്ടിടത്തിൽ ക്ലാസ് നടത്താനാകാത്തതെന്ന ചോദ്യത്തിന് മറുപടിയായി മൂന്ന് കാരണങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞത്. സി.എഫ്.എൽ.ടി.സി.യായി പ്രവർത്തിച്ചതുകൊണ്ട് ശുചീകരിക്കുകയും ചില സാധനങ്ങൾ മാറ്റിവാങ്ങുകയും വേണം, കാന്റീൻ ഒരുക്കണം, വിദ്യാർഥികൾക്ക് താമസസൗകര്യം ഒരുക്കണം. 2019 ബാച്ചിന്റെ ഹോസ്റ്റൽ മാത്രമാണ് സി.എഫ്.എൽ.ടി.സി.യാക്കാൻ വിട്ടു നൽകിയിരുന്നത്. കെട്ടിടത്തിന്റെ ഒരു നിലയിൽ മാത്രമായിരുന്നു ഇത്. ആ ഭാഗം മാത്രം അറ്റകുറ്റപ്പണി വേഗത്തിൽ നടത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ പ്രാക്ടിക്കൽ ക്ലാസ് നടത്തണമെന്ന നിർദേശമാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. കോവിഡിന്റെ ആദ്യ തരംഗത്തിനുശേഷം ഒരു വാടകവീട് ഹോസ്റ്റലാക്കിയിരുന്നു. അപ്പോൾ ഭക്ഷണത്തിനായി കാറ്ററിങ് യൂണിറ്റിനെയാണ് ഏൽപ്പിച്ചിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് തുറക്കുമ്പോൾ അതേ സംവിധാനം തന്നെ ഏർപ്പെടുത്താമെന്നും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. ബാക്കി അറ്റകുറ്റപ്പണി നടത്തി ഇൻസ്റ്റിറ്റ്യൂട്ട് തുറക്കാൻ ഒരു മാസം മതിയാകുമെന്ന് കോവിഡിന് മുമ്പ് ഒന്നരമാസം അവിടെയുണ്ടായിരുന്നവർ എന്ന നിലയ്ക്ക് തങ്ങൾക്ക് അറിയാമെന്നും പുറത്താക്കപ്പെട്ട വിദ്യാർഥികളിലൊരാളായ ഹരിപ്രസാദ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞ മൂന്ന് മാസത്തെ സമയം അധികമാണെന്ന് തോന്നിയതിനാലാണ് പ്രായോഗികമായ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചതെന്നും ഹരിപ്രസാദ് പറഞ്ഞു. ""അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ കൃത്യമായി അറിയിക്കാമെന്ന് വിദ്യാർഥികളുടെ ഒരു ഓൺലൈൻ മീറ്റിങ്ങിൽ ആക്റ്റിങ് ഡീൻ കവിയൂർ ശിവപ്രസാദ്, വകുപ്പ് തലവൻമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവർ ഉറപ്പുനൽകിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ളവരും പഞ്ചായത്തിന്റെ എൻജിനീയറും ഉൾപ്പെട്ട ഇൻസ്‌പെക്ഷൻ ടീം രൂപീകരിച്ച് പരിശോധന നടത്തി വിവരങ്ങൾ അറിയിക്കാമെന്ന് പറഞ്ഞ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഈ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഞങ്ങൾ നാലുപേർ പ്രാക്ടിക്കൽ ക്ലാസിൽ പോകാതിരുന്നത്. ക്ലാസ് നടക്കുന്നതിനിടയിൽ അറ്റകുറ്റപ്പണിയുടെ വിവരങ്ങൾ അറിയിക്കാമെന്ന് ഉറപ്പുനൽകിയതിനാലാണ് മറ്റുള്ളവർ പോയത്'' -ഹരിപ്രസാദ് വ്യക്തമാക്കി.

പ്രാക്ടിക്കൽ ക്ലാസിന് ആവശ്യമായ സൗകര്യങ്ങളൊന്നും ബദൽ കെട്ടിടത്തിൽ ഒരുക്കിയിരുന്നില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയും സ്റ്റുഡൻറ്​ അഡ്‌ഹോക്ക് കൗൺസിൽ അംഗവുമായ ശ്രീദേവ് സുപ്രകാശ് പറഞ്ഞു.
ജനുവരി അഞ്ചിന്​ ഇൻസ്റ്റിറ്റ്യൂട്ട് തുറക്കാൻ തീരുമാനിച്ചപ്പോൾ അതിൽ നിന്ന് നാല് വിദ്യാർഥികളെ ഒഴിവാക്കുകയാണ് ചെയ്തത്. ക്ലാസിൽ പങ്കെടുക്കാതെ മാറിനിന്ന വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്ന് കാണിച്ച് രക്ഷിതാക്കൾക്കാണ് കത്തയച്ചത്. നടപടി ഒഴിവാക്കണമെങ്കിൽ 2021 ഡിസംബർ 30-നുമുമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായി ബന്ധപ്പെടണമെന്നായിരുന്നു നിർദേശം. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ അവരുമായി നേരിട്ട് സംസാരിക്കണമെന്ന് രക്ഷിതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്ലാസ് തുടങ്ങിയ അഞ്ചാം തീയതി നാല് വിദ്യാർഥികളും ഇൻസ്റ്റിറ്റ്യൂട്ടിലെത്തി ഡയറക്ടറുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർഥികൾ മാപ്പ് പറയണമെന്ന നിലപാടിലായിരുന്നു ഡയറക്ടർ. എന്നാൽ മാപ്പ് പറയേണ്ട കാര്യമില്ലെന്നും എന്തിനാണ് പുറത്താക്കിയതെന്ന് വ്യക്തമാക്കണമെന്നുമാണ് വിദ്യാർഥികളുടെ നിലപാട്. മറ്റു വിദ്യാർഥികൾ സമരം തുടങ്ങിയതോടെ പ്രശ്‌നം മാധ്യമ ശ്രദ്ധയിലെത്തി. ഇതോടെയാണ് ഹാജർ ഇല്ലാത്തതുകൊണ്ടാണ് പുറത്താക്കിയതെന്ന അതുവരെ പറയാത്ത കാരണം ഡയറക്ടർ ശങ്കർ മോഹൻ പറഞ്ഞത്.

വിദ്യാർഥി വിരുദ്ധതയാണ് ഡയറക്ടറുടെ മുഖമദ്രയെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ഒന്നടങ്കം പറയുന്നത്. വിദ്യാർഥികളുമായി സംവദിക്കാനോ, മെയിലുകൾക്ക് മറുപടി അയക്കാനോ ഒന്നും ഡയറക്ടർ തയ്യാറല്ലെന്ന് ശ്രീദേവ് സുപ്രകാശ് പറയുന്നു: ""അഡ്മിനിസ്‌ട്രേറ്റീവ് അനാസ്ഥ കാരണം എല്ലാ കാര്യത്തിലും ഇവിടെ മെല്ലെപ്പോക്കാണ്. അപ്പോൾ കോഴ്‌സ് എങ്ങനെയെങ്കിലും മുന്നോട്ടുപോകട്ടെയെന്ന് കരുതിയാണ് പ്രാക്ടിക്കൽ ക്ലാസ് വാടകക്കെട്ടിടത്തിൽ നടത്താൻ തീരുമാനിച്ചപ്പോൾ പോയത്. എന്നാൽ അവിടെ യാതൊരുവിധ സൗകര്യവുണ്ടായിരുന്നില്ല. അനീതി ചോദ്യംചെയ്തതിന്റെ പേരിൽ നാലുപേരെ പുറത്താക്കുകയും ചെയ്യുന്നു. അതോടെയാണ് ഞങ്ങൾ സമരം തുടങ്ങിയത്.'' -ശ്രീദേവ് പറഞ്ഞു.

കോഴ്‌സ് പ്രവേശനത്തിന് 30 വയസ് പ്രായപരിധി ഏർപ്പെടുത്താനും നിലവിലെ ഡയറക്ടർ ആലോചിക്കുന്നുണ്ട്. പ്രായം കൂടുതലുള്ളവർ ക്യാമ്പസിലുണ്ടാകുന്നത് ശരിയാകില്ലെന്നും അവർ മറ്റു വിദ്യാർഥികളെ വഴിതെറ്റിക്കുമെന്നുമാണ് ഇതിന് ന്യായം പറഞ്ഞിരിക്കുന്നത്.

പ്രശ്‌നം ആദ്യ ബാച്ച് മുതൽ

2014-ലൈ ആദ്യ ബാച്ച് വിദ്യാർഥികൾ കോഴ്‌സ് പൂർത്തിയാക്കിയെങ്കിലും അംഗീകൃത സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റിൽ കോഴ്‌സിന്റെ ദൈർഘ്യം സൂചിപ്പിക്കാത്തതിനാൽ അംഗീകരിക്കാനാകില്ലെന്നാണ് ജോലിയ്ക്ക് ശ്രമിക്കുമ്പോൾ സ്ഥാപനങ്ങളിൽ നിന്ന് പറയുന്നതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. 2015 ബാച്ചിന്റെ കോഴ്‌സ് 2018-ൽ പൂർത്തിയാകേണ്ടതാണെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. പലപല കാരണങ്ങൾ കൊണ്ട് നീണ്ടുപോയ കോഴ്‌സിൽ 2020 ഫെബ്രുവരിയിലാണ് ഡിപ്ലോമ ഫിലിം നിർമാണം തുടങ്ങിയത്. ആകെ ചെയ്യേണ്ട പത്ത് ചിത്രങ്ങളിൽ നാലെണ്ണത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും കോവിഡ് ലോക്ക്ഡൗണായി ഷൂട്ടിങ് നിർത്തി. പിന്നീട് കോവിഡ് രൂക്ഷമായി തുടരുന്ന 2020 ജൂണിൽ ഡയറക്ടർ വിദ്യാർഥികളുടെ ഓൺലൈൻ മീറ്റിങ് വിളിച്ച് ഡിപ്ലോമ ഫിലിം ചെയ്യാതെ കോഴ്‌സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞു. എന്നാൽ വിദ്യാർഥികൾ അത് അംഗീകരിച്ചില്ല.

2016 ബാച്ച് വിദ്യാർഥികൾ സഹപാഠിയായ വിദ്യാർഥിനിക്ക് നേരിടേണ്ടി വന്ന ഹരാസ്‌മെന്റിലും ചിത്രാജ്ഞലിയിൽ ഡിപ്ലോമ ഫിലിം ഷൂട്ടിങ് നടത്തുന്ന രീതിയിലും പ്രതിഷേധിച്ച് അയച്ച കത്ത്
2016 ബാച്ച് വിദ്യാർഥികൾ സഹപാഠിയായ വിദ്യാർഥിനിക്ക് നേരിടേണ്ടി വന്ന ഹരാസ്‌മെന്റിലും ചിത്രാജ്ഞലിയിൽ ഡിപ്ലോമ ഫിലിം ഷൂട്ടിങ് നടത്തുന്ന രീതിയിലും പ്രതിഷേധിച്ച് അയച്ച കത്ത്

ഇൻസ്റ്റിറ്റ്യൂട്ടിന്റെ 150 കിലോമീറ്റർ പരിധിയിലാണ് ഡിപ്ലോമ ഫിലിം ഷൂട്ടിങ്ങിന് അനുമതിയുള്ളത്. പിന്നീട് തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഷൂട്ടിങ് നടത്താമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ തീരുമാനിച്ചു. കോവിഡിന് മുമ്പ് പൂർത്തിയാക്കിയ സ്‌ക്രിപ്റ്റുകൾ ഔട്ട്‌ഡോർ ഷൂട്ടിങ്ങുകളൊക്കെ ആവശ്യമുള്ളവയാണെന്നതിനാൽ ചിത്രാഞ്ജലിയിൽ മാത്രം ചിത്രീകരണമെന്നത് പ്രായോഗികമല്ലെന്ന് അറിയിച്ച്​ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കത്തയച്ചതായി ആ സമയത്തെ വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന കാർത്തികേയൻ പറഞ്ഞു. വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, യൂണിയൻ ചെയർപേഴ്‌സണായിരുന്ന വിദ്യാർഥിനിയോട് ഡയറക്ടർ വളരെ മോശമായി പെരുമാറുകയും ചെയ്തതായി കാർത്തികേയൻ പറഞ്ഞു. അതിൽ പ്രതിഷേധിച്ച് യൂണിയൻ ഭാരവാഹികൾ മുഴുവനും രാജി അറിയിച്ചു. എന്നാൽ അതിന് ഇൻസ്റ്റിറ്റ്യൂട്ട് മറുപടി നൽകിയില്ല.

2021 ഫെബ്രുവരിയിലാണ് ചിത്രാഞ്ജലിയിൽ ഡിപ്ലോമ ഫിലിം ഷൂട്ടിങ് തുടങ്ങിയത്. ദലിത്, പിന്നാക്ക വിദ്യാർഥികൾക്കുള്ള ഇ- ഗ്രാൻറ്സ്​​ ലഭിക്കാത്തതാണ് ജൂണിൽ നടത്താൻ ആലോചിച്ച ഷൂട്ടിങ് ഫെബ്രുവരി വരെ നീളാൻ കാരണം. 2014-ൽ തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ടിൽ 2021 ആയിട്ടും ഒരു വിദ്യാർഥിക്കും ഇ- ഗ്രാൻറ്​സ്​ ലഭിച്ചിരുന്നില്ല. ഡയറക്ടർക്കും സർക്കാരിനുമൊക്കെ പലതവണ പരാതി നൽകിയിരുന്നെങ്കിലും മനപൂർവം കൊടുക്കാതിരിക്കുയായിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇ-ഗ്രാന്റ്‌സ് കിട്ടാതെ ഫൈനൽ പ്രൊജക്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണ് ഒടുവിൽ ലഭ്യമാക്കാൻ തീരുമാനമായത്.
ഇ-ഗ്രാന്റ്‌സിനുവേണ്ടി പ്രതിഷേധിച്ച വിദ്യാർഥികളെ ഒഴിവാക്കി ഷൂട്ടിങ് നടത്താനാണ് 2020 ഡിസംബറിൽ ചേർന്ന വിദ്യാർഥി പ്രാതിനിധ്യമില്ലാത്ത അക്കാദമിക് കൗൺസിൽ തീരുമാനിച്ചത്. പ്രതിഷേധിച്ചവരെ പിരിച്ചുവിടാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ അക്കാദമിക് കൗൺസിലിലെ ഒരംഗം തന്നെ എതിർത്തതിനാലാണ് നടപടി ഒഴിവാക്കിയത്. ഇതേ അംഗം തന്നെ ഈ വിദ്യാർഥികളുമായി സംസാരിക്കുകയും തുടർന്ന് അവരെക്കൂടി ഉൾപ്പെടുത്തി ചിത്രാഞ്ജലിയിൽ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു.

കോഴ്‌സ് പൂർത്തിയാക്കാനാകാതെ 9 പേർ

ആ സമയത്ത് കേരളത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ഷൂട്ടിങ്ങിന് അനുമതിയുണ്ടായിരുന്നു. അതിനാൽ ചിത്രാഞ്ജലിയിൽ ഷൂട്ടിങ് നടത്തില്ലെന്ന് പറഞ്ഞ് രണ്ട് സംഘങ്ങൾ വിട്ടുനിന്നു (എട്ട് വിദ്യാർഥികൾ). പുറത്ത് ഷൂട്ടിങ് നടത്താമെന്നിരിക്കെ ചിത്രാഞ്ജലിയിൽ നടത്തുന്നത് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യലാണെന്നും സിനിമയുടെ നിലവാരം കുറയുന്നതിനിടയാക്കുമെന്നും ചൂണ്ടിക്കാട്ടി അവർ ഇൻസ്റ്റിറ്റ്യൂട്ടിന് കത്തയക്കുകയും ചെയ്തു. ചിത്രാഞ്ജലിയിൽ ഷൂട്ട് ചെയ്ത നാല് സംഘങ്ങളിൽ ഒരു സംഘത്തിലെ ഛായാഗ്രഹണ വിദ്യാർഥി ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ട് കോഴ്‌സിന്റെ പ്രധാന ഭാഗമായ ഡിപ്ലോമ ഫിലിം പ്രൊഡക്ഷൻ ഇത്തരത്തിലുള്ള തട്ടിക്കൂട്ട് പരിപാടിയായി ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഷൂട്ട് ബഹിഷ്‌കരിക്കുകയും ചെയ്തു. ദലിത് വിഭാഗത്തിൽപെട്ട ഈ വിദ്യാർഥിയ്ക്ക് ഇ-ഗ്രാന്റ്‌സും ആ സമയത്ത് കിട്ടിയിരുന്നില്ല. എന്നാൽ ഈ വിദ്യാർഥിയെ അറിയിക്കാതെ പുറത്തുനിന്നുള്ള ആളെ വെച്ച് ഷൂട്ട് നടത്തുകയാണുണ്ടായത്. ഈ ദലിത് വിദ്യാർഥിയും ഷൂട്ട് ബഹിഷ്‌കരിച്ച രണ്ട് ക്രൂവിലുള്ളവരുമടക്കം ആകെ ഒമ്പതുപേരാണ് ഇപ്പോൾ ഡിപ്ലോമ ഫിലിം ചെയ്യാതെ കോഴ്‌സ് പൂർത്തിയാക്കാൻ കഴിയാതെയിരിക്കുന്നത്. ഇവർ കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടയിൽ ജൂനിയർ ബാച്ചിന്റെ (2016 അഡ്മിഷൻ) ഡിപ്ലോമ ഫിലിം ഷൂട്ട് ചിത്രാഞ്ജലിയിലും 25 കിലോമീറ്റർ പരിധിയിലുമായി നടത്താൻ അനുവദിച്ചിട്ടുണ്ടെന്നും അവർക്കൊപ്പം ഇവർക്കും ഷൂട്ട് ചെയ്യാമെന്നും അറിയിച്ച് 2021 ജൂണിൽ ഇൻസ്റ്റിറ്റ്യൂട്ട് കത്തയച്ചു.

2016 ബാച്ചിലെ ഒരു വിദ്യാർഥിനിയോട് ഡയറക്ടർ ഡിപ്പാർട്ട്‌മെന്റ് മേധാവി മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബാച്ച് ഒന്നടങ്കം ഡിപ്ലോമ ഫിലിം നിർമാണം ബഹിഷ്‌കരിച്ചിരുന്നു. എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകേണ്ട ഇന്റേണൽ കംപ്ലൈന്റ് സെൽ, എസ്.സി.- എസ്.ടി. ഗ്രീവൻസ് സെൽ എന്നിവ ഇവിടെയില്ല. അതിനാൽ വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് പരാതി നൽകാനേ കഴിയൂ. ഈ സമിതികൾ രൂപീകരിക്കണമെന്ന് വിദ്യാർഥികൾ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു. ഐ.സി.സി. രൂപീകരിച്ച് വകുപ്പ് മേധാവിക്കെതിരെ അന്വേഷണം നടത്താമെന്ന് ഉറപ്പുലഭിച്ചതിനെ തുടർന്നാണ് 2016 ബാച്ച് പിന്നീട് ഷൂട്ടിന് തയ്യാറായത്.

"നീയൊന്നും സിനിമയെടുക്കേണ്ട...'

2016 ബാച്ചിനും അവരോടൊപ്പം 2015 ബാച്ചിലെ അവശേഷിച്ച രണ്ട് ടീമിനും ഷൂട്ട് നടത്താൻ അനുമതി നൽകിയപ്പോഴും, ചിത്രാഞ്ജലിയിലെ ഷൂട്ട് ബഹിഷ്‌കരിച്ച ഛായാഗ്രഹണ വിഭാഗത്തിലെ ദലിത് വിദ്യാർഥി അന്തപത്മനാഭനുമായി ഒരുതരത്തിലും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ബന്ധപ്പെട്ടിരുന്നില്ലെന്ന് കാർത്തികേയൻ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ ഈ വിദ്യാർഥിയും അച്ഛനും കൂടി ഡയറക്ടറെ കാണാൻ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. അവരോട് ഡയറക്​ടർ വളരെ മോശമായാണ് പെരുമാറിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം ഈ വിദ്യാർഥിയുടെ തലയിൽ കെട്ടിവെക്കുന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്. മാത്രല്ല, ഇ-ഗ്രാന്റ്‌സൊക്കെ വാങ്ങിക്കൊടുത്തില്ലേ, പിന്നെ ഇവനെന്താണ് പ്രശ്‌നമെന്നൊക്കെ ചോദിക്കുകയും ചെയ്തു. വർഷങ്ങളായി കിട്ടാതെ, സമരം ചെയ്ത് നേടിയെടുത്ത അവകാശമായ ഇ-ഗ്രാന്റ്‌സ് ഒരു ഔദാര്യമാണെന്ന രീതിയിലാണ് ഡയറക്ടർ പെരുമാറിയത്. ഏഴുവർഷം നൽകാതിരുന്ന ഇ-ഗ്രാന്റ്‌സ് വിദ്യാർഥികളുടെ സമരത്തിലൂടെ നേടിയെടുത്തതിലുള്ള ചൊരുക്കാണ് ഡയറക്ടർ തീർത്തതെന്ന് യൂണിയൻ ജനറൽ സെക്രട്ടി കാർത്തികേയൻ പറഞ്ഞു. മുന്നാക്ക സമുദായാംഗമായ തന്നോട് പെരുമാറുന്ന രീതിയിലല്ല പിന്നാക്കക്കാരായ വിദ്യാർഥികളോട് ഡയറക്ടറുടെ പെരുമാറ്റമെന്നും പട്ടികജാതിക്കാരനൊന്നും സിനിമയെടുക്കേണ്ട എന്ന നിലപാടാണ് അദ്ദേഹത്തിനെന്നും കാർത്തികേയൻ പറയുന്നു.

എന്തുകൊണ്ടാണ് എന്തെങ്കിലും നടപടിയെടുക്കുകയോ ബന്ധപ്പെടുകയോ ഇൻസ്റ്റിറ്റ്യൂട്ട് ചെയ്യാത്തതെന്ന് ദലിത് വിദ്യാർഥിയുടെ പിതാവ് ചോദിച്ചപ്പോൾ, അതിന്റെയൊന്നും ആവശ്യമില്ലെന്നായിരുന്നു ഡയറക്ടറുടെ മറുപടി. തുടർന്ന് ഈ ദലിത് വിദ്യാർഥി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിന് കത്തെഴുതി. പ്രശ്‌നങ്ങളെല്ലാം വിശദീകരിച്ച് അഞ്ച് പേജിലുള്ള കത്ത് 2021 സെപ്റ്റംബർ ഒന്നിന് മന്ത്രിയുടെ ഓഫീസിൽ നേരിട്ട് പോയി മന്ത്രിയുടെ പി.എ.യുടെ കൈയിലാണ് കൊടുത്തത്. പ്രതിഷേധിക്കുന്ന ദലിത് വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന ഡയറക്ടറുടെ സമീപനത്തെക്കുറിച്ച് കത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.

2015 ബാച്ചിലെ ദലിത് വിദ്യാർഥി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ ദലിത് വിവേചനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം
2015 ബാച്ചിലെ ദലിത് വിദ്യാർഥി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ ദലിത് വിവേചനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം

ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്‌സ് നടത്താനാവശ്യമായ സൗകര്യങ്ങളില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു സമിതി പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ അതിൽ പിന്നീട് നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് വിദ്യാർഥികൾ 2021 ജനുവരിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

തീരുമാനം ഏകപക്ഷീയമല്ല

വിദ്യാർഥികളെ പുറത്താക്കിയത് ഡയറക്ടർ ശങ്കർ മോഹന്റെ ഏകപക്ഷീയമായ തീരുമാനപ്രകാരമല്ലെന്നും എക്‌സിക്യൂട്ടീവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, അക്കാദമിക് കമ്മിറ്റി എന്നിവയുമായുള്ള ചർച്ചകൾക്കുശേഷമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. എന്നാൽ വിദ്യാർഥി- പൂർവ വിദ്യാർഥി പ്രതിനിധികൾ രണ്ടുവർഷമായി അക്കാദമിക് കൗൺസിലിലില്ല. വിദ്യാർഥികളുടെ പ്രാതിനിധ്യമില്ലാത്ത കൗൺസിലാണ് ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ, അക്കാദമിക് കൗൺസിൽ ചെയർമാൻ ഗിരീഷ് കാസറവള്ളി എന്നിവരുമായി ചർച്ച നടത്തിയശേഷമാണ് വിദ്യാർഥികളെ പുറത്താക്കിയതെന്നാണ് അധികൃതർ പറയുന്നത്.

വിദ്യാർഥികളുടെ വാദം വസ്തുതാവിരുദ്ധമാണെന്നും മൂന്നുമാസം പ്രാക്ടിക്കൽ ക്ലാസിൽ ഹാജരാകാത്തതാണ് പുറത്താക്കാൻ കാരണമെന്നും അധികൃതർ പറയുന്നു. സി.എഫ്.എൽ.ടി.സി.യാക്കിയതിനാൽ കെട്ടിടത്തിന് ആവശ്യമായിരുന്ന അറ്റകുറ്റപ്പണികൾ 24 ലക്ഷം ചെലവഴിച്ച് ഡിസംബർ 31-ന് പൂർത്തിയാക്കി. ക്ലാസുകൾ തുടങ്ങാൻ സജ്ജമായപ്പോഴാണ് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ സമരം തുടങ്ങിയതെന്നും അധികൃതർ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിൽ ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന ഒരു നില മാത്രമാണ് സി.എഫ്.എൽ.ടി.സി.യാക്കിയിരുന്നതെന്നും അവിടെ മാത്രം അറ്റകുറ്റപ്പണി നടത്താൻ എന്തിനാണ് മൂന്ന് മാസവും 24 ലക്ഷം രൂപയുമെന്ന് മനസ്സിലാകുന്നില്ലെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.

ആവശ്യത്തിന് ഫണ്ടും ഉദ്യോഗസ്ഥരുമൊക്കെയുണ്ടായിട്ടും തികഞ്ഞ അനാസ്ഥ കാരണമാണ് കേരളത്തിലെ ആദ്യത്തെ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈയവസ്ഥയിലായത്. ശങ്കർ മോഹൻ ഡയറക്ടറായി എത്തിയ ശേഷമാണ് പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. കേരളത്തിന് പുറത്ത് പ്രവർത്തിച്ച് വലിയ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്​മലയാളി വിദ്യാർഥികളോടും അവരുടെ രാഷ്ട്രീയപ്രബുദ്ധതയോടുമൊക്കെ കടുത്ത പുച്ഛമാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. വിദ്യാർഥികൾ എന്തൊക്കെ പറഞ്ഞാലും തനിക്ക് ഒന്നുമില്ലെന്ന മട്ടിലാണ് ഡയറക്​ടറുടെ നിലപാടുകൾ. നേരത്തെ കുടുംബശ്രീയായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിൽ കാൻറീൻ നടത്തിയിരുന്നത്. സ്ഥാപനത്തിന്റെ പരിസരത്തു തന്നെയുള്ള സ്ത്രീകളായിരുന്നു അവർ.

2019-ൽ ശങ്കർ മോഹൻ ഡയറക്ടറായി വന്നശേഷം പലവിധ പ്രശ്‌നങ്ങളുണ്ടാവുകയും കുടുംബശ്രീ കാന്റീൻ നിർത്തുകയുമായിരുന്നു.
2019-ൽ കോഴ്‌സ് ഫീ ഇരട്ടിയാക്കി വർധിപ്പിച്ചിരുന്നു. സാധാരണ കോളേജുകളിൽ 5000/ 10000 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിക്കുന്നത്. എന്നാൽ കെ.ടി. ജലീൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് ഡയറക്ടർ ഫീസ് ഇരട്ടിയാക്കിയത്. പിന്നീട് 2021-ൽ പുതിയ എൽ.ഡി.എഫ്. സർക്കാർ വന്നതിനുശേഷമാണ് സ്ഥാപനത്തിന് സ്വയംഭരണം ലഭിച്ചത്.


Summary: കെ.ആർ. നാരായണന്റെ പേരിൽ അദ്ദേഹത്തിന്റെ ജൻമനാട്ടിൽ തുടങ്ങിയ സ്ഥാപനം, കേരളത്തിലെ ആദ്യത്തെ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തിന് അഭിമാനമാകേണ്ടതാണ്. എന്നാൽ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഇന്ന് ദലിത് വിരുദ്ധതയുടെയും വിദ്യാർഥി വിരുദ്ധതയുടെയും വിളനിലമാണ്. വിദ്യാർഥികളുടെ അഭിപ്രായങ്ങൾക്ക് വിലയില്ലാത്ത, അടിസ്ഥാനസൗകര്യമില്ലാത്തത് ഉൾപ്പെടെ ഒന്നും ചോദ്യംചെയ്യാനാകാത്ത, സ്ത്രീ- ദലിത് വിവേചനം നിറഞ്ഞുനിൽക്കുന്ന കാമ്പസാണിതെന്ന് കഴിഞ്ഞ ഏഴ് വർഷം അവിടെ നടന്ന കാര്യങ്ങൾ വിലയിരുത്തുന്നവർക്ക് ബോധ്യമാകും.


Comments