‘ഇഫ്ലു’വിലെ വിദ്യാർഥികൾ പോരാടുന്നത് സ്വാഭിമാനത്തോടെ പഠിക്കാനാണ്

‘ഇഫ്ലു’വിൽ സമരം തുടങ്ങി 17 ദിവസത്തിനകം 15 എഫ് ഐ ആറുകളാണ് വിദ്യാർത്ഥികളുടെ പേരിൽ രജിസ്റ്റർ ചെയ്തത്. നിരാഹാരമനുഷ്ഠിച്ചവർക്കെതിരെ കഴിഞ്ഞദിവസം 17 എഫ് ഐ ആറുകൾ കൂടി രജിസ്റ്റർ ചെയ്തു. മൊത്തം 32 എഫ് ഐ ആറുകൾ, കൂടാതെ എണ്ണമറ്റ ഷോ കോസ് നോട്ടീസുകളും. ഇത്തരം കടുത്ത അടിച്ചമർത്തലുകൾ നേരിട്ട് പ്രക്ഷോഭം തുടരുകയാണ്. ‘ഇഫ്ലു’വിൽ വിദ്യാർഥിയായിരുന്ന ശ്രീവ്യാസൻ കെ.എസ് എഴുതുന്നു.

നിരക്ഷരരായ ബ്രസീലിയൻ തൊഴിലാളികൾക്കിടയിലെ സാക്ഷരതാപ്രവർത്തനാനുഭവങ്ങളുടെ അടിത്തറയിൽ വിഖ്യാത വിദ്യാഭ്യാസചിന്തകൻ പൗലോ ഫ്രെയർ (Paulo Freire) പങ്കുവക്കുന്ന ചില ആശയങ്ങളുണ്ട്. മനുഷ്യരിൽ അഭിമാനബോധം ഉണ്ടാക്കാതെയുള്ള അക്ഷരം പഠിപ്പിക്കൽ പോലും ശരിയായ വിദ്യാഭ്യാസമല്ല എന്നദ്ദേഹം നിരീക്ഷിക്കുന്നു. അഭിമാനബോധത്തെ അമർച്ച ചെയ്യുന്ന, ഏകപക്ഷീയമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസാന്തരീക്ഷങ്ങൾക്കൊന്നും ഒരുകാലത്തും ജനാധിപത്യമനുഷ്യനെ ഉണ്ടാക്കാനോ, സ്വാതന്ത്ര്യവും, വിമോചനവും കൊണ്ടുവരാനോ കഴിയില്ല.

ചുരുക്കിപ്പറഞ്ഞാൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും മാർഗ്ഗവും സ്വാഭിമാനത്തെ വീണ്ടെടുക്കലാണെന്നാണ് അടിസ്ഥാനപരമായി പൗലോ ഫ്രേയർ പറഞ്ഞുവയ്ക്കുന്നത്.

വിദ്യാഭ്യാസചിന്തകൻ പൗലോ ഫ്രേയർ

ഒരു മാസമായി ഹൈദരാബാദിലെ ഇഫ്ലുവിൽ (English and Foreign Languages University ) വലിയ രീതിയിൽ വിദ്യാർത്ഥി പ്രക്ഷോഭം നടന്നു വരുന്നു. ഒറ്റവാക്യത്തിൽ അത് മുന്നേ വിശദീകരിച്ച മനുഷ്യരുടെ സ്വാഭിമാനത്തെ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടമാണ്. ഒമ്പതു ദിവസം പിന്നിട്ട നിരാഹാരം ഉൾപ്പെടെയുള്ള സമര മുറകൾക്കാണ് സർവ്വകലാശാല സാക്ഷ്യം വഹിക്കുന്നത്.

കാമ്പസിൽ വച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന വിദ്യാർത്ഥിക്ക് നീതിയുറപ്പാക്കുക എന്ന പ്രധാന ആവശ്യവുമായി ആരംഭിച്ച സമരത്തെ തികഞ്ഞ നിസ്സംഗതയോടെയും പ്രതികാരബുദ്ധിയോടെയുമാണ് അധികൃതർ നേരിട്ടു കൊണ്ടിരിക്കുന്നത്. സമരം തുടങ്ങി 17 ദിവസത്തിനകം 15 എഫ് ഐ ആറുകളാണ് വിദ്യാർത്ഥികളുടെ അഭിമാനബോധത്തെയും പോരാട്ടവീര്യത്തെയും വെല്ലുവിളിച്ച് രജിസ്റ്റർ ചെയ്തത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം നിരാഹാരമനുഷ്ഠിച്ചവർക്കെതിരെ 17 എഫ് ഐ ആറുകൾ കൂടിയും രജിസ്റ്റർ ചെയ്തു. മൊത്തം 32 എഫ് ഐ ആറുകൾ! കൂടാതെ എണ്ണമറ്റ ഷോ കോസ് നോട്ടീസുകളും.

ഒരു മാസമായി ഹൈദരാബാദിലെ ‘ഇഫ്ലു’വിൽ തുടരുന്ന വിദ്യാർഥി സമരത്തിൽനിന്ന്

സമരം ഇതുവരെ

ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി (ICC) ജനാധിപത്യപരമായി യു ജി സി ചട്ടപ്രകാരം പുനഃസ്സംഘടിപ്പിക്കണം എന്ന ആവശ്യവുമായി ഈ കഴിഞ്ഞ ഒക്ടോബർ 16 നാണ് വിദ്യാർത്ഥികൾ സമരം ആരംഭിക്കുന്നത്. സമരം ഒരു ദിവസം പിന്നിട്ടപ്പോൾ ഒരു വിദ്യാർത്ഥിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നു. ഇതിനെ തുടർന്ന് ശക്തമായ പ്രക്ഷോഭത്തെ വൻ പോലീസ് സന്നാഹങ്ങളോടെയാണ് അധികൃതർ നേരിട്ടത്. അതിനുശേഷവും തുടർന്ന സമരത്തെ അമർച്ച ചെയ്യാൻ നിരവധി എഫ് ഐ ആറുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. സമരത്തോടുള്ള അധികൃതരുടെ നിസ്സംഗത കാരണം നവംബർ 5ഓടെ  വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു. ഒട്ടനവധി ജനാധിപത്യ സംഘടനകളും, പൂർവ്വവിദ്യാർത്ഥികളും നിരാഹാരസമരത്തിന് ഒപ്പം ചേർന്നു. നിരാഹാരസമരം തുടങ്ങിയ ദിവസം വിദ്യാർത്ഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയവരും ഉൾപ്പെടെയുള്ളവർ വലിയ രീതിയിലുള്ള പോലീസ് നടപടികൾക്കാണ് വിധേയരായത്ത്. സമരക്കാരിൽ വലിയ ഒരു വിഭാഗത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രക്ഷോഭത്തിലെ ചില ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനാൽ ഒൻപതു ദിവസം പിന്നിട്ട നിരാഹാര സമരം പിൻവലിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചു. എന്നാൽ ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് നിരാഹാര സമരത്തിൽ പങ്കെടുത്തവർക്കെതിരെയും എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. തുടർന്നും പ്രക്ഷോഭവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥികൾ.

എഫ് ഐ ആറുകൾ,
ഷോ കോസ് നോട്ടീസുകൾ.

ലൈംഗികാതിക്രമത്തിലെ കുറ്റക്കാരെ കണ്ടുപിടിക്കാൻ ഇതുവരെ ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നാൽ കാമ്പസിനകത്ത് സമാധാനപരമായി സംഘടിച്ച വിദ്യാർത്ഥികൾക്കെതിരെ 28 ദിവസത്തിനുള്ളിൽ ചുമത്തപ്പെട്ടത് നിരവധി എഫ് ഐ ആറുകൾ. മതസ്പർദ്ധ വളർത്താൻ ശ്രമിക്കൽ, കുറ്റകരമായ സംഘം ചേരൽ, പൊതുസ്ഥലം നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചെല്ലാം കേസുണ്ട്. തീർച്ചയായും ഭയപ്പെടുത്താനുള്ള ശ്രമമാണ്. വേട്ടയാടലാണ്, അഭിമാനത്തെ മുറിപ്പെടുത്തലാണ്.

വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകരെ നിയമനടപടികളിൽ കുടുക്കി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്ന പ്രവണത സി.എ.എ പ്രക്ഷോഭകാലത്തിനു മുന്നേ സജീവമാണ് നമ്മുടെ രാജ്യത്ത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ ഏറ്റവുമൊടുവിലായി വ്യാപകമായി നടപടിയെടുക്കുന്നത് നരേന്ദ്ര മോദിയെ ക്കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററി റിലീസായ ഘട്ടത്തിലാണ്. ആ സമയത്ത് 10 വിദ്യാർത്ഥികളെയാണ് രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽനിന്ന് സസ്പെൻഡ് ചെയ്തത്. ദൽഹി കേന്ദ്ര സർവകലാശാല രണ്ട് വിദ്യാർത്ഥികളെ ഡീബാർ ചെയ്തു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, ജാമിയ സർവകലാശാല ഉൾപ്പെടെ പ്രധാന കേന്ദ്ര സർവകലാശാലകളിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടായി.

CAA പ്രക്ഷോഭകാലത്തെ വിദ്യാര്‍ഥി സമരം

സമാന പാറ്റേൺ ‘ഇഫ്ലു’വിലും കാണാം. പക്ഷെ സമാധാനപരമായി സംഘടിച്ച വിദ്യാർത്ഥികൾക്കെതിരെ ഇത്ര വ്യാപകമായി രീതിയിൽ ഒരു സർവകലാശാല നിയമനടപടികൾ കൈകൊള്ളുന്ന സാഹചര്യം അടുത്തിടെ ഉണ്ടായിട്ടില്ല. പല വിദ്യാർത്ഥികൾക്കെതിരെയും ഒന്നിൽ കൂടുതൽ എഫ് ഐ ആറുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. പക്ഷെ വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ആവേശത്തെ ചോർത്താൻ ഇത്തരം ശിക്ഷനടപടികൾക്കൊന്നും കഴിഞ്ഞിട്ടില്ല.

സ്വഭിമാന പോരാട്ടം.

‘ഇഫ്ലു’വിലെ ലൈംഗികാതിക്രമത്തെ അധികൃതർ ആദ്യം വിശേഷിപ്പിച്ചത് 'ചെറിയ സംഭവം' എന്നാണ്. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടക്കത്തിൽ വർഗീയമായി ചിത്രീകരിച്ച് ആക്ഷേപിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ബോധ്യങ്ങളെയും, അവകാശങ്ങളെയും അപമാനിക്കുന്ന തരത്തിൽ തികഞ്ഞ നിസ്സംഗതയോടെയും പ്രതികാരമനോഭാവത്തോടെയും സമരത്തെ അടിച്ചമർത്താനുള്ള പലവിധ ശ്രമങ്ങളും ഉണ്ടായി, ഉണ്ടായിക്കൊണ്ടിരിക്കുന്നു.

യാഥാർഥ്യത്തെ വിമർശനാത്മകമായി വിലയിരുത്തൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമല്ല മാർഗ്ഗം തന്നെയാണ് എന്നാണ് പൗലോ ഫ്രെയർ അഭിപ്രായപ്പെട്ടത്. അഭിമാനത്തെ പ്രവർത്തിയിലുൾക്കൊള്ളിച്ചും, സ്വാതന്ത്ര്യത്തെ വീണ്ടെടുത്തും മാത്രമേ വിദ്യാഭ്യാസം സാധ്യമാകുകയുള്ളൂ.

ഇഫ്ലുവിൽ സമരം ചെയ്യുന്ന വിദ്യാര്‍ഥികൾ

അഭിമാനത്തിൽ വിട്ടുവീഴ്ച്ച ചെയ്തു കൊണ്ടുള്ള ഒന്നിനും വിദ്യാഭ്യാസത്തിൽ സ്ഥാനമില്ല. അതുകൊണ്ടുതന്നെ ഇഫ്ലുവിലെ മനുഷ്യർ പോരാടുന്നത് സ്വാഭിമാനത്തോടെ പഠിക്കാനാണ്. ആ പോരാട്ടം വെറുതെയാവില്ല.

Comments