ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ 400 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകുന്നതിനെ തുടർന്ന് തെലങ്കാന സർക്കാറിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം ശക്തി പ്രാപിക്കുന്നു. എസ്.എഫ്.ഐ, എ.എസ്.എ സംയുക്ത യൂണിയന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധിക്കുന്നത്. വിഷയത്തിൽ പ്രതിഷേധം ശക്തമാകവേ വിദ്യാർത്ഥി യൂണിയൻ നേതാക്കളെ അറസ്റ്റ് ചെയ്തും ക്യാമ്പസിനുള്ളിൽ ലാത്തിച്ചാർജ്ജ് നടത്തിയും സമരത്തെ അടിച്ചമർത്താനാണ് സർക്കാരും സർവകലാശാല അധികൃതരും ശ്രമിക്കുന്നത്. കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കർ ഭൂമിയിലെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. മൾട്ടി-ഇൻഫ്രാസ്ട്രക്ചർ, ഐടി പാർക്കുകൾ വികസിപ്പിക്കുന്നതിനായി തെലങ്കാന സർക്കാർ ഈ സ്ഥലം ലേലം ചെയ്യാൻ പോവുകയാണ്. സ്ഥലം തെലങ്കാന വ്യവസായ വികസന കോർപറേഷൻ ഏറ്റെടുക്കുന്നതിനെതിരെ വിദ്യാർഥികൾ നേരത്തെ തന്നെ സമരത്തിലായിരുന്നു. ഈ ഞായറാഴ്ച (30/03/2025) ഉച്ചയോടെ സംഭവസ്ഥലത്ത് പോലീസ് അകമ്പടിയോടെ എട്ട് മണ്ണുമാന്തിയന്ത്രങ്ങളെടുത്തുകയും പ്രദേശം വൃത്തിയാക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതറിഞ്ഞ വിദ്യാർഥികൾ മുദ്രാവാക്യം വിളികളോടെ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് തടയുകയും പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
സർവകലാശാലാ ക്യാമ്പസിലെ ഭൂമി ഏറ്റെടുത്ത് അവിടെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ക്യാമ്പസിലെ അധ്യാപക സംഘടനകളും വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത യൂണിയൻ അംഗങ്ങളെയും വിദ്യാർഥി നേതാക്കന്മാരെയും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിന്റെ പ്രധാന കവാടത്തിൽ നിലവിൽ വിദ്യാർത്ഥികൾ സമരം തുടരുകയാണ്. തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത യൂണിയൻ അംഗങ്ങളെയും വിദ്യാർഥി നേതാക്കന്മാരെയും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിന്റെ പ്രധാന കവാടത്തിൽ സമരം തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഉന്നയിക്കുന്ന ആശങ്കളെ കുറിച്ച് ട്രൂകോപ്പി തിങ്കിനോട് പറയുകയാണ് വിദ്യാർത്ഥി അസീസ് നസീമ ഷരീഫ്.

“കഴിഞ്ഞ രണ്ടാഴ്ചയായി ക്യാമ്പസിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരം നടന്നുകൊണ്ടിരിക്കുകയാണ്. 1975 മുതൽ ക്യാമ്പസിന് കൈവശാവകാശമുള്ള 2400 ഏക്കർ ഭൂമി വകമാറ്റി തെലങ്കാന സർക്കാറിന്റെ കീഴിൽ വരുന്ന ഇൻഫ്രാസ്ട്രക്ചറൽ ഡവലപ്‌മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 400 ഏക്കർ ഭൂമി ലേലം ചെയ്യുമെന്ന നോട്ടിഫിക്കേഷൻ വന്നതിനുശേഷമാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി ക്യാമ്പസിന്റെ ഭൂമി വകമാറ്റുന്നുവെന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. അവിടെ ഐ.ടി പാർക്ക് നിർമ്മിക്കുമെന്നാണ് സർക്കാർ പറയുന്നത്. എങ്ങനെയായാലും സർവകലാശാലയുടെ സ്ഥലം വിദ്യാഭ്യാസേതര കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് അനുവദിക്കാനാവുന്ന കാര്യമല്ല. അത് മാത്രമല്ല, ഈ പദ്ധതി നടപ്പിലാക്കപ്പെട്ടാൽ ക്യാമ്പസിന്റെ ജൈവസമ്പത്തിനെ കാര്യമായി ബധിക്കും. ക്യാമ്പസിനകത്ത് വലിയ വനപ്രദേശമുണ്ട്. ഹൈദരാബാദ് നഗരത്തിൽ ആകെയുള്ള വനമാണിത്. ഈ പ്രദേശം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഇവിടുത്തെ ജന്തുജാലങ്ങളുടെ നിലനിൽപ്പ് തന്നെയും ഭീഷണിയാവും. എസ്.എഫ്.ഐയും, എ.എസ്.ഐയും അടങ്ങുന്ന ഇവിടുത്തെ വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ വിഷയങ്ങളുന്നയിച്ച് സമരം നടക്കുകയാണ്. വിദ്യാർത്ഥി യൂണിയന് പുറമെ അധ്യാപകരടക്കം അംഗങ്ങളായിട്ടുള്ള ജോയിന്റ് ആക്ഷൻ കമ്മിറ്റി (JAC) സമരരംഗത്തുണ്ട്. ഈ വിഷയം തെലങ്കാന നിയമസഭയിലും ഉന്നയിക്കപ്പെട്ടിരുന്നു. ക്യാമ്പസിൽ കടുവകളും ആനകളുമല്ല, വികസന വിരുദ്ധരായ കുറുക്കന്മാരാണുള്ളതെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയമസഭയിൽ മറുപടി നൽകിയത്. ഈ പ്രസ്താവനയിൽ പ്രതിഷേധിച്ച് ക്യാമ്പസിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചിരുന്നു. ഈ പ്രധിഷേധത്തെയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ആ നീക്കം വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി ചെറുത്തു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയിൽ നിലവിൽ ഒരു പൊതുതാൽപര്യ ഹർജി നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് അഞ്ച് ബുൾഡോസർ ക്യാമ്പസിലേക്ക് വരുന്നത്. ഏറ്റെടുക്കൽ ഭൂമി ഉൾപ്പെടുന്ന ഈസ്റ്റ് ക്യാമ്പസിന്റെ പലഭാഗങ്ങളും ബ്ലോക്ക് ചെയ്യുകയും ക്യാമ്പസിൽ പൂർണമായി പൊലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു. അവിടേക്ക് പോവാൻ ശ്രമിച്ച വിദ്യാർത്ഥികളെ പോലീസ് തടയുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ക്യാമ്പസ് യൂണിയൻ ജനറൽ സെക്രട്ടറിയെയും എസ്.എഫ്.ഐയുടെ പ്രസിഡന്റിനെയും സെക്രട്ടറിയെയും പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ഈസ്റ്റ് ക്യാമ്പസിൽ വീണ്ടും പ്രതിഷേധമുണ്ടായി. ആ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തുകയാണ് തെലങ്കാന പോലീസ് ചെയ്തത്. വിദ്യാർത്ഥികളെ മർദ്ദിച്ച പോലീസ് അമ്പതോളം പേരെ അറസ്റ്റ് ചെയ്തു. നിരവധി വിദ്യാർത്ഥികൾക്ക് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കൊണ്ടുപോയെ വിദ്യാർത്ഥികളെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. അവരെ പുറത്ത് വിടണമെന്ന ആവശ്യമുന്നയിച്ച് സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ പ്രധാന കവാടം ഉപരോധിച്ചിരിക്കുകയാണ്. ഇപ്പോഴും സമരം തുടരുകയാണ്. വിദ്യാർത്ഥികളെ പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിട്ടും, പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന് വ്യക്തമായിട്ടും നിലവിലുള്ള പദ്ധതിയിൽ നിന്ന് പിൻമാറാൻ തെലങ്കാന സർക്കാർ ഇതുവരെ തയാറായിട്ടില്ല. എന്തൊക്കെ സംഭവിച്ചാലും സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് വിദ്യാർത്ഥികളുടെ തീരുമാനം.”

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി നിഹാൽ സുലൈമാൻ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ലെനിൻ, പ്രസിഡന്റ് പങ്കൽ എന്നിവർ ഉൾപ്പെടെയുള്ള മുപ്പതോളം വിദ്യാർഥികളെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. 1975-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാർലമെന്റ് ആക്ട് പ്രകാരം സ്ഥാപിക്കപ്പെട്ട സർവ്വകലാശാലക്കുവേണ്ടി 2400 ഓളം ഏക്കർ ഭൂമിയാണ് അനുവദിച്ചിരുന്നത്. പിന്നീട് പല കാലങ്ങളിലായി സർവ്വകലാശാലയുടെ ഭൂമി വകമാറ്റി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഖജനാവിൽ പണമില്ലായെന്ന വാദമുന്നയിച്ചാണ് ഭൂമി സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള നീക്കം നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനെതിരെയാണ് വിദ്യാർത്ഥികൾ ഇപ്പോൾ പ്രതിഷേധം ഉയർത്തുന്നത്. വിദ്യാർഥികളോടൊപ്പം സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെയും അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്. അതിനെതിരെ ബി.ആർ.എസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നിട്ടുണ്ട്.
“തെലങ്കാനയിലെ പോലീസിന്റെ ക്രൂരമായ അതിക്രമങ്ങൾ ആശങ്കാജനകമാണ്. മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും വിയോജിപ്പുള്ള ശബ്ദങ്ങൾ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള ഈ നഗ്നമായ അടിച്ചമർത്തൽ അംഗീകരിക്കാനാവില്ല.”- ബി.ആര്‍.എസ് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.ടി. രമ റാവു പറഞ്ഞു.